4 Nov 2015

ഞാനും എന്റെ കണ്ട്രോൾ ബട്ടണും !!

പഴകി ദ്രവിച്ചു തുടങ്ങിയ ഒരു ഗേറ്റ് കണ്ടു സംശയം തോന്നിയ ഞാൻ, പതുക്കെ ഉരുണ്ട് കൊണ്ടിരുന്ന എന്റെ വണ്ടി ഒന്ന് ചവിട്ടി. ഗേറ്റിന് ഇരുവശത്തുമായി കാവലിനെന്ന പോലെ രണ്ട് ഓട്ടോ റിക്ഷകൾ. ഒരു പരിചയവും  തോന്നിപ്പിക്കാത്ത എന്റെ മോന്തായം കണ്ട് അതിൽ നിന്നും ഒരാൾ തല പുറത്തേക്കിട്ട്....
'ഉം ...എന്താ ? എന്ന മുഖഭാവം.'

'ഇതാണോ ബൂത്ത്‌'...? ഞാൻ ചോദിച്ചു.

'മിൽമ ബൂത്താണോ...' !! അയാളുടെ മറുചോദ്യം. 

പാൽ ബൂത്തല്ലടാ പൊട്ടാ...പോളിംഗ് ബൂത്താണ്...കൊയർ സൊസൈ..... പറഞ്ഞു അവസാനിക്കുമുൻപേ, ആ പാതി തുറന്ന് കിടന്നിരുന്ന ഗേറ്റിന് പിന്നിലത്തെ കെട്ടിടത്തിന് മുകളിൽ വലതുവശം നരച്ച് തുടങ്ങിയ വെളുത്ത അക്ഷരത്തിലെഴുതിയിരിക്കുന്നത് ഞാൻ വായിച്ചു.

കൊയർ സൊസൈറ്റി, പാച്ചല്ലൂർ, തിരുവനന്തപുരം

വണ്ടി ഗേറ്റിനെ ലക്‌ഷ്യം വച്ച് തിരിക്കുന്നതിനിടയിൽ ആ ഓട്ടോ ഡ്രൈവറോട് ചോദിച്ചു:
' ആ ഗേറ്റ് ഒന്ന് തുറക്കാമോ'...? (ആ ചോദ്യം എന്നോടായിരുന്നുവെങ്കിൽ ഉടനെ മറുപടി മണി മണി പോലെ വന്നാനെ...വേണേൽ ഇറങ്ങി തുറക്കെടാ കോപ്പേ...വണ്ടിയിൽ തന്നെ 'കുണ്ടിതപ്പെട്ടിരിക്കാതെ'  നിലത്തോട്ട് ഇറങ്ങ്...) ചോദിച്ചതിന് ശേഷം തോന്നി, 'വേണ്ടിയിരുന്നില്ല'. പക്ഷെ ആ പാവം ഓട്ടോയിൽ നിന്നുമിറങ്ങി എനിക്കായി ഗേറ്റ് തുറന്ന് തന്നു. അല്പം ജാള്യതയോടെ വണ്ടിയും ഞാനും അകത്തേക്ക് കടന്നു.

വണ്ടിയും ഞാനും ഗേറ്റിനുള്ളിൽ കടന്ന നിമിഷം മറ്റൊരാൾ അകത്ത് നിന്നും ഞൊടിയിടയിൽ ചാടി ഇറങ്ങി. ചോദ്യശരങ്ങൾ ഒന്നൊന്നായി തുടങ്ങി. ആരാ...എന്താ...എന്തിനാ വണ്ടിയുമായി അകത്തേക്ക് ? (അയാളുടെ കണ്ണുകളിൽ കാണാമായിരുന്നു - ഇറങ്ങടാ പുറത്തേക്ക് എന്ന് പറയുന്നത്)

ഡോർ തുറന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. 
പോളിംഗ് ബൂത്തല്ലേ...! ഞാൻ പ്രീസൈഡിംഗ് ഓഫീസർ. ആ ചുവന്ന ചെക്ക് ഷർട്ടിനുള്ളിലെ കാക്കി കുപ്പായം തലപൊക്കുന്നത് ഞാൻ കണ്ടു. 

ഒരു ചിരിയോടെ എന്നെ വരവേറ്റ ആ പോലീസ് കോണ്‍സ്റ്റബിളിനോട് എനിക്ക് മറ്റെന്തും ചോദിക്കുന്നതിന് മുൻപേ ഒരൊറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നുവുള്ളൂ. 'അതെ, ബാത്ത്റൂം ഉണ്ടോ...വെള്ളം ഉണ്ടോ....' ? (ബാത്ത്റൂമിന് ഒരു അമർത്തൽ അറിയാതെ വന്നു പോയി)

ഉടനെ ചിരി മങ്ങിയ അദേഹത്തിന്റെ ചുണ്ടുകളിൽ നിന്നും ഉത്തരവും വന്നു. 'ഇല്ല സാർ...വെള്ളമില്ല. അടുത്തുള്ള എൽ. പി. സ്കൂളിൽ പോകേണ്ടി വരും നമുക്ക്...ഇവിടത്തെ ബാത്ത്രൂം ഉപയോഗശൂന്യമാണ്...'

ഞാൻ മനസ്സിൽ പറഞ്ഞ്..... " #$@!#&##$. (സംഭവം അപ്പോഴത്തെ ആവശ്യമല്ലെന്നും പിറ്റേന്ന് അതിരാവിലത്തെ കുത്തിയിരുപ്പ് സത്യാഗ്രഹത്തിനായിട്ടുള്ള ചോദ്യമാണെന്നും പുള്ളിക്കും മനസ്സിലായി)

കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച ഞാൻ, പ്രതീക്ഷപോലെ തന്നെയായിരുന്നത് കൊണ്ട് പ്രത്യേകിച്ചു ഞെട്ടിയില്ല. ഒരു പടുകൂറ്റൻ മേശ വാതിലിന് ഇടതു വശത്തായി പൊടിപിടിച്ചു കിടക്കുന്നു. പച്ചനിറം പൂശിയ ഭിത്തിയിൽ ചിതൽ അരിച്ച് തുടങ്ങിയിരിക്കുന്നു. പകുതി ഒഴിഞ്ഞ ഷെൽഫുകൾ. പൊടിപിടിച്ചു ഒരു മൂലയിൽ കെട്ടിയിട്ടിരിക്കുന്ന ഫയൽ കൂമ്പാരങ്ങൾ.വലതുവശത്തായി സാമാന്യം വലിപ്പമുള്ള മറ്റൊരു മേശ. പക്ഷെ അതിന് ഒരു മേശ വിരിപ്പുണ്ടായിരുന്നു. അതിൽ പലതരം വരയും കുറിയും പിന്നെ അക്കങ്ങൾ കൊണ്ട് പലതരം കണക്കുകൾ നീല ചുവപ്പ് കറുപ്പ് മഷികളിലായി കുറിച്ചിരിക്കുന്നത് ഒറ്റ നോട്ടത്തിൽ കണ്ടു. ആ രണ്ടു മേശകൾക്കുമായി കുട്ടികൾ ഉണ്ടായത് പോലെ നാലഞ്ച് കസേരകൾ, പിന്നേ ഒരു ചെറിയ മേശയും. 

മീശയും തടവി ഞാൻ അവിടമാകെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു കതക് കണ്ട ഞാൻ അതൊന്ന് തള്ളി തുറന്നു. അപ്പോൾ സതീശൻ കോണ്‍സ്റ്റബിൾ പിന്നിൽ നിന്നും പറയുന്നുണ്ടായിരുന്നു. അത് തുറക്കേണ്ട സാറേ. അതിൽ വെള്ളവുമില്ല വെളിച്ചവുമില്ല. പക്ഷെ ഞാൻ നട തുറന്നിരുന്നു. [സീൻ ഡാർക്കാണ് ഭായ് - അതൊരു ഡാർക്ക് റൂം തന്നെയായിരുന്നു]. ഞെട്ടലോടെ ഞാൻ തിരഞ്ഞു നടന്നു.വന്ന വഴി തന്നെയാണ് പുറത്തേക്കുള്ള വഴി. പക്ഷെ ആ വഴിയെ തിരിഞ്ഞു നടക്കാൻ പറ്റില്ലാലോ. ഏൽപ്പിച്ചിരിക്കുന്ന ഡ്യൂട്ടി ചെയ്തല്ലേ പറ്റു.
------------------------------------------------------------------------------------------------------------------------------------

രാത്രിയിൽ പ്രിയഭാര്യ തന്നുവിട്ട ലൈം റൈസും ചിക്കൻ ലെഗ്ഗും ശാപ്പിട്ടു. ഉറക്കം പ്രതീക്ഷിക്കാത്തത് കൊണ്ട് വലുതായി ബുദ്ധിമൂട്ടെണ്ടി വന്നില്ല. കസേരകൾ ഒരേ വരികളിലായി നിരത്തിയിട്ട് ഒരു പായും അതിൽ ഒരു ഷീറ്റും അതിന് മുകളിൽ എണ്ണ തോണിയിൽ കിടക്കുന്ന പോലെ ഞാനും. F.M റേഡിയോ കിട്ടുമായിരുന്നെങ്കില്ലും അത് ഓണ്‍ ആക്കിയിരുന്നില്ല. നല്ല അസൽ കൊതുകുകൾ മൂളിപ്പാട്ടുമായി കൂട്ടുണ്ടായിരുന്നു. ഈ അടുത്ത കാലത്തായി ലേശം മത്സ്യമാംസാദികൾ കൂട്ടിയത്തിന്റെ ഫലം കൊണ്ടുമാകാം ആ കൊതുകുകൾക്ക് എന്നെ പൊക്കി കൊണ്ട് പോകുവാൻ കഴിഞ്ഞില്ല. പാവം സതീശൻ കോണ്‍സ്റ്റബിൾ ഇതൊക്കെ ശീലമായതു കൊണ്ട് ഒരു പച്ചനിറത്തിലുള്ള കൈലി പുതച്ചു കൊണ്ട് അപ്പോഴേക്കും ഉറങ്ങി തുടങ്ങിയിരുന്നു.
------------------------------------------------------------------------------------------------------------------------------------

പുലർച്ചയ്ക്ക് മുൻപേ..അതായത് മൂന്നേമുക്കാലിനു തന്നെ ഞാൻ എഴുന്നേറ്റു. മൊബൈലിൽ ടോർച് എന്നൊരു ഐറ്റം ഉൾപ്പെടുത്തുവാൻ ബുദ്ധി തോന്നിപ്പിച്ച ആ നല്ലവനായ കണ്ടുപിടിത്തക്കാരനെ നമിച്ചു കൊണ്ട് എന്റെ പ്രഭാതം "പൊട്ടി വിരിഞ്ഞു". 
എൽ. പി സ്കൂളായത് കൊണ്ട് അരപൊക്കം മാത്രമായിരുന്നു കുളിപുരയുടെ ചുറ്റുമതിൽ. (ഹോ...ഒരു ചെറിയ 15 വാട്ട് ബൾബിന്റെ വെട്ടം പോലുമില്ലായിരുന്നുവെങ്കില്ലും നമ്പർ 2 വിന്റെ ഏരിയക്ക് മേൽക്കൂര ഉണ്ടായിരുന്നു.) എല്ലാം കഴിഞ്ഞ് അരയിൽ ഒരു തോർത്ത്‌ ഉടുത്ത് എന്റെ ബൂത്ത്‌ ലക്‌ഷ്യം വച്ച് ഞാൻ തിരിച്ചു നടന്നു തുടങ്ങി. (വലിയ ദൂരമൊന്നുമില്ല കേട്ടോ. ഒരു ഇടവഴിയ്ക്ക് അപ്പുറമായിരുന്നു സ്കൂൾ). കൈയിൽ റ്റി ഷർട്ടും നിക്കറുമായി ഞാൻ പോളിംഗ് ബൂത്തിലേക്ക് നടന്നടുക്കുമ്പോൾ അങ്ങ് ദൂരെ ഏതോ ക്ഷേത്രത്തിൽ നിന്നും 'സുപ്രഭാതം' കേൾക്കാമായിരുന്നു. അല്പം കഴിഞ്ഞ് ഒരു ബാങ്ക് വിളിയും തുടർന്നു പള്ളി മണികളും കേൾക്കാമായിരുന്നു.
----------------------------------------------------------------------------------------------------------------------------------

പോളിംഗ് കുഴപ്പം കൂടാതെ നടന്നു. അതിരാവിലെ ആവി പറക്കുന്ന ചൂട് പുട്ടും പയറും പപ്പടവും തട്ടി വിട്ടത് കൊണ്ട് രാവിലത്തെയും ഉച്ചത്തെയും ഭക്ഷണത്തിനായുള്ള സമയം ലാഭിച്ചു. റ്റൈറ്റ് പോളിംഗ് കാരണം മൂലയിൽ നിന്നും 'മൂലം' പോലും അനക്കുവാൻ പറ്റാത് കണ്ടു പാവം സതീശൻ കോണ്‍സ്റ്റബിൾ ഞങ്ങൾക്കായി ചൂട് ദോശ വൈകിട്ട് നാല് മണിക്ക് പോയി വാങ്ങി കൊണ്ട് വന്നു. ഒരു കൈ കൊണ്ട് ദോശ ചുരുട്ടി പിടിച്ച് കഴിക്കുമ്പോൾ  മനസ്സിൽ തോന്നിയത് ഇപ്രകാരം : "ഹോ...മുൻപ് എങ്ങും കഴിച്ച ദോശയ്ക്ക് ഇത്ര സ്വാദ് ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല".... അപ്പോഴും മറ്റേ കൈയിൽ കണ്ട്രോൾ യുണിറ്റിന്റെ ബാല്ലറ്റ് ബട്ടണ്‍ അമർത്തി കൊണ്ടിയിരിക്കുകയായിരുന്നു. "ബീീീപ്പ്പ്പ്..............." എന്ന ശബ്ദം ഇടവിടാതെ മുഴങ്ങി കൊണ്ടിരുന്നു  കൃത്യം 5 മണി വരെ. 
ഏൽപിച്ച 'പണി' തീർത്തു തലയിൽ നിന്നും പ്രീസൈഡിംഗ് ഓഫീസറെന്ന പദവി ഊരുമ്പോൾ രാത്രി ഏഴര മണി കഴിഞ്ഞിരുന്നു.



1 comment:

Shahid Ibrahim said...

നല്ലൊരു വായനാസുഖം തന്നു. വളരെ ലളിതമായ അവതരണം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു.

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...