21 Feb 2015

എന്റെ പ്രിയ കൂട്ടുകാരി

വർത്തമാനകാലത്തെ കുറിച്ച് അറിയണമെങ്കിൽ ചരിത്രം അറിയണം. ചരിത്രം പറയണമെങ്കിൽ ഭൂതകാലം ചികയണം. ചരിത്രത്തിലേക്ക് നടന്നാൽ മാത്രമേ ഭൂതകാലത്തിന്റെ വാതിൽ തുറക്കാനാകൂ... പാതി വഴിയെ എത്തിചേർന്ന് നിൽക്കുന്ന ഈ യാത്രയിൽ പിന്നിലേക്കുള്ള യാത്ര ദുഷ്ക്കരം. 

ഇടക്കെപ്പോഴോ ഒരു സൂര്യോദയത്തോടെ കൂടെ നടന്നു തുടങ്ങിയവൾ,  'മറവി' പെടുന്നനെ ഒരു സൂര്യാസ്തമയത്തോടെ എങ്ങോ മറഞ്ഞു പോയി. മുന്നോട്ടുള്ള യാത്രയിൽ അവൾ ഇനിയും കൂടെ കൂടിയാൽ മാത്രമേ ഭൂതകാലം നാമവശേഷമാവുള്ളൂ. നീ ഇനിയും വൈകിയാൽ വെമ്പലോടെ എന്നെ പുണരാൻ അങ്ങ് ദൂരെ മറഞ്ഞ് നിൽക്കുന്ന 'പ്രതികാര അഗ്നി' എന്നിലേക്ക് കത്തി പടരും. പ്രതികാരം എനിക്കുള്ളതല്ല.... അക്രമവാസന ഉള്ളിൽ ഉറങ്ങുന്നുവെങ്കില്ലും അവൻ ശാന്തമായി തന്നെ ഉറങ്ങുന്നു. ഉറങ്ങിക്കോട്ടെ പാവം.

വിജനമായ പാത കോടമഞ്ഞ്‌ മൂടിപ്പടർന്ന് അവ്യകത്മാകുന്നു....വ്യഗ്രതയോടെ നടന്ന് നീങ്ങുവാനാകുന്നില്ല. മഞ്ഞ് പാളികളിൽ ചവിട്ടി വഴുക്കുന്നത് പോലെ വഴുതി പോകുന്നു. വീണു പോകുമോയെന്ന് പോലും ഭയക്കുന്നു.രണ്ടര പതിറ്റാണ്ട് മുൻപ് വഴക്കുണ്ടാക്കി എന്നെ പിരിഞ്ഞ് പോയ 'ഭയം' ദൂരെ നിന്നും എന്നിലേക്ക്‌ ഓടിവരുന്നത്‌ ഞാൻ അറിയുന്നു. 

ഈ രാത്രി ഇരുട്ടി വെളുത്തോട്ടെ. മന്ദപവനന്റെ രഥത്തിലേറി അവൾ വരും...എന്റെ പ്രിയ കൂട്ടുകാരി..."മറവി". അവളുടെ ആലിംഗനത്തിൽ അവളുടെ ചുംബനത്തിൽ ഞാൻ സർവ്വവും മറക്കും. അവൾ എന്നിലേക്ക്‌ അലിഞ്ഞു ചേരും. ഭൂതകാലത്തെ വിസ്മൃതിയിലാക്കുവാൻ, പ്രതീക്ഷയോടെ അവളുടെ വരവും കാത്ത് നില്പ്പൂ ഞാൻ ഈ ധരണിയിൽ. 

.......................................................................................................................................

കാലത്തിന്റെ വരദാനം...തെരഞ്ഞെടുത്തവർക്ക് മാത്രം കാലം കനിഞ്ഞരുളി നല്കിയ മായ വിനോദം - മറവി. 
മുറിപ്പാടുകൾ ഉണക്കുവാൻ കാലത്തിന്റെ ഒറ്റമൂലി - മറവി.

22 Jan 2015

ഒരു ടെക്കി നുറുങ്ങ് കഥ.

ആശുപത്രിയിലെ ICU വിന് മുന്നിലിരുന്നു അവൾ മുഖം പൊത്തി വല്ലാതെ വിതുമ്പുന്നുണ്ടായിരുന്നു. ഇടയ്ക്കു തലയിൽ നിന്നും തെന്നിമാറുന്ന തട്ടം അവൾ പിന്നെയും വലിച്ച് തലയ്ക് മുകളിലേക്ക് ഇടുന്നുണ്ടായിരുന്നു. ഇവൾ മൻപ്രീത്. അവളുടെ അടുക്കൽ അവളെ സാന്ത്വനിപ്പിക്കാൻ ചുവന്ന വള്ളിയിൽ തൂക്കിയ 'ID കാർഡും' കഴുത്തിലിട്ട് നാലഞ്ചു പേർ. രണ്ട് സ്ത്രീ കഥാപാത്രങ്ങളും മൂന്ന് പുരുഷ രൂപങ്ങളും. ഇടയ്ക്കു അവർ തെക്ക് വടക്ക് നടക്കുന്നത് അല്ലാതെ 'ICU'വിന് മുന്നിൽ കാര്യമായി ഒന്നും തന്നെ സംഭവിക്കുന്നില്ല.

------------------------------------------(ഫ്ലാഷ് ബാക്ക്)--------------------------------------------------

ഡൽഹി IIT യിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം നേടിയതിനൊടൊപ്പം നെൽസന്റെ കൂടെ കൂടിയതായിരുന്നു പഞ്ചാബ്കാരി മൻപ്രീത്. കേരളത്തിൽ ജനിച്ച് വളർന്ന നമ്മുടെ നെൽസണ്‍ ഗോമസിന് കൈമുതലായി ഉണ്ടായിരുന്നത് ആത്മാർത്ഥത  മാത്രമായിരുന്നു.

അതുകൊണ്ടായിരുന്നു...നാല് കൊല്ലത്തോളം, IIT ക്യാമ്പസിന്റെ അടുത്തുണ്ടായിരുന്ന 'പഞ്ചാബി ധാബയിൽ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന നെൽസണ്‍ അവിടുണ്ടായിരുന്ന ഹരീന്ദർ സിംഗിന്റെ രണ്ടാമത്തെ മകൾ മൻപ്രീതുമായി മനസ്സ് ഉടക്കിയത്....അങ്ങനെ ഡൽഹി വിടുമ്പോൾ നെൽസന്റെ ഇടത് കൈ വിരലുകൾക്കിടയിൽ മൻപ്രീതിന്റെ വലത് കൈവിരലുകൾ കൂട്ടു പിണഞ്ഞു കിടപ്പുണ്ടായിരുന്നു. 

വർഷങ്ങൾ പല മെട്രോ നഗരങ്ങളും ചുറ്റി തിരിഞ്ഞു ദമ്പതികൾ ഒടുക്കം തിരുവനന്തപുരത്ത് അടിഞ്ഞു. ടെക്ക്നോ പാർക്കിൽ ഒരു IT കമ്പനിയിൽ ജോലി നേടുന്നത് നെൽസന് വെല്ലുവിളി അല്ലായിരുന്നു. പക്ഷെ മൻപ്രീത് മലയാളം പഠിച്ചേ അടങ്ങു എന്ന വാശിയിലുമായിരുന്നു. അതൊരു വെല്ലു വിളി തന്നെയായിരുന്നു.

"കുരെച്ച" "കുരേച്ച" മലയാളം പഠിച്ച് തുടങ്ങിയ നമ്മുടെ മൻപ്രീത് രാത്രികാലങ്ങളിലെ  ഓഞ്ഞ സീരിയലുകൾ കണ്ട് ആകെ മണ്ട പൊളിഞ്ഞ് തുടങ്ങിയിരുന്നു. മലയാളം പഠിക്കുന്നത് അനുസരിച്ച് നെൽസനൊടുള്ള സ്നേഹത്തെക്കാളേറെ 'സംശയം' ബലവത്തായി തുടങ്ങിയ കാലത്തായിരുന്നു ഒരു കഥാപാത്രം രംഗത്ത് കടന്നു വരുന്നത് - പരിധി പിള്ള (Paridhi Pillai). ഓഫീസിൽ പുതുതായി വന്ന റിസപ്ഷനിസ്റ്റ്. അവളൊരു മാലാഖയെ  പോലെ സുന്ദരിയായിരുന്നു.

നെൽസണ്‍ 'പരിധി പിള്ളയെ' കുറിച്ച് ഇടതടവില്ലാതെ പറയുമ്പോൾ വല്ലാതെ വാചാലനാകുന്നത് പോലെ  മൻപ്രീതിന് തോന്നി തുടങ്ങിയിരുന്നു. അങ്ങനെ മൂന്നാഴ്ച കടന്നു പോയി. അതിൽ ഒരാഴ്ച മുഴുവനും നൈറ്റ്‌ ഷിഫ്റ്റായിരുന്നു നെൽസന്. വീണ്ടും അടുത്ത മാസത്തിലെ ആദ്യാഴ്ച  നൈറ്റ്‌ ഷിഫ്റ്റ്‌ എന്ന് കേട്ടപ്പോൾ തന്നെ മൻ പ്രീതിന്റെ മന:സമാധാനം കെട്ടിരുന്നു. ഗുളിക പരുവത്തിൽ ഉരുട്ടി വിഴുങ്ങിയിരുന്ന സീരിയലുകൾ തന്നെ കാരണം.

തിങ്കളാഴ്ച രാത്രി 11 മണിയ്ക്ക് നെൽസന്റെ ഫോണിലേക്ക് മൻപ്രീത് വിളിച്ചപ്പോൾ കേട്ടത് ഇപ്രകാരമായിരുന്നു.


'നിങ്ങൾ വിളിച്ച സബ്സ്ക്രൈബർ പരിധിയ്ക്ക് പുറത്താണ്...അല്പ സമയം കഴിഞ്ഞു വിളിക്കുക'...(മലയാളം പഠിച്ചു തുടങ്ങിയത് ഒരു നേട്ടമായി എന്ന് മൻപ്രീത് അപ്പോൾ കരുതി)

പിരിവെട്ടിയ മൻപ്രീത് രാത്രി മുഴുവനും കുത്തിയിരുന്നു വിളിച്ചു കൊണ്ടേയിരുന്നു. അപ്പോഴെല്ലാം കേട്ടത് തന്നെ കേട്ട് കൊണ്ടിരുന്നു...'നിങ്ങൾ വിളിച്ച സബ്സ്ക്രൈബർ പരിധിയ്ക്ക് പുറത്താണ്...........................................'  എപ്പോഴോ ഉറങ്ങി പോയ അവൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. 

വാതിലിൽ ആരാണെന്ന് നോക്കുന്നതിന് പകരം, വാതിൽ വേഗത്തിൽ തുറന്ന്....കൈയിൽ കിട്ടിയ ഭാരമുള്ള വസ്തു (അത് എന്തുമാകാം...സീരിയലിൽ പലതുമാകമെങ്കിൽ കഥയിലും എന്തുമാകാം) എടുത്ത് മുന്നിൽ നിന്നവനെ ആഞ്ഞടിച്ചു.....

[കട്ടപുക - സീൻ] അത് നെൽസനായിരുന്നില്ല. മാസാദ്യം വാടക പിരിക്കാൻ വന്നിരുന്ന വർക്കിച്ചനെയായിരുന്നു മൻപ്രീത് താങ്ങിയത്.

-------------------------------------------------------------------------------------------------------------------

ആശുപത്രിയിലെ ICU വിന് മുന്നിൽ  തെക്ക് വടക്ക് നടന്നവരിലൊരുവൻ 'നെൽസനായിരുന്നു'. തലേന്ന് രാത്രി ടെക്ക്നോ പാർക്കിലെ ടവറുകളിൽ ഒന്ന് രണ്ടെണം പണിമുടക്കിയതായിരുന്നു മൻപ്രീതിന്റെ മനോനില ഒന്ന് തെന്നാൻ കാരണഹേതു.

നെൽസണ്‍ ഗോമസ്, ടീം ലീഡർ, ICU വിനുള്ളിലേക്ക് വീണ്ടും വീണ്ടും എത്തി നോക്കുണ്ടായിരുന്നു. ആ ഒളിഞ്ഞുള്ള നോട്ടമാകാം...ഡോക്ടറെ പുറത്ത് വരുത്തിയത്. അദ്ദേഹം പറഞ്ഞു: Nothing to Worry. He is just fine.

ഇതൊന്നും അറിയാതെ പരിധി പിള്ള പതിവുപോലെ ഓഫീസിലേക്ക് പോകുവാൻ അവളുടെ വീട്ടിൽ തയ്യാറാകുകയായിരുന്നു. വർക്കിച്ചൻ കോമ പോലെ അകത്തും പരിധി പിള്ള പരിധിക്ക് പുറത്തുമായിരുന്നു.





6 Nov 2014

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല...!!

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല...!!
'വിശദീകരിക്കൂ' - വാദ്ധ്യാർ കുട്ടികളോട് പറഞ്ഞു.

'കടുത്ത ജലദോഷം' 

'മുല്ലകളെ കീടങ്ങളിൽ നിന്നും രക്ഷിക്കുവാൻ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞത് കൊണ്ട്'

"മുറ്റം" - അതെന്തുവാ ടീച്ചർ. ഞാൻ ഫ്ലാറ്റിലാണ്...നോ മുറ്റം.

'അറ്റം പറ്റിയാണ് ഞങ്ങളുടെ ചെറ്റ കുടിൽ...പിന്നെ എവിടാ മുറ്റം'

'അതങ്ങ് വെട്ടി കളഞ്ഞേക്ക് സാറേ...വച്ചോണ്ടിരിക്കരുത്'

'സാറിന്റെ വീട്ടിലെ ജോലിക്കാരിക്ക് മണമില്ലാത്തത് ഇവിടെ വിളമ്പണോ'


-------------------------------------------------------------------------------------------------------------


കുട്ടികളുടെ വിശദീകരണങ്ങൾ ബാക്കി കേൾക്കാൻ മാഷ്‌ നിന്നില്ല. വന്ന വഴി മറക്കാൻ കഴിയാത്തത് കൊണ്ട് സ്റ്റാഫ് റൂമിൽ പോയിയിരുന്നു. ഭിത്തിയിൽ 
പല അളവുകളിൽ എഴുതിയിരുന്ന ' ...'   കൗതുകതോടെ നോക്കി. 

( 'അത്തിമുറ്റ'ത്തെ രവീന്ദ്രൻ മാഷ്‌ ഭാര്യ കാവേരിയെ മനസ്സിൽ തെറി പറഞ്ഞുകൊണ്ടേയിരുന്നു  - തമിഴത്തി 'മുല്ല'യെ വീട്ട് ജോലിയ്ക്ക് നിർത്തിയതിന് )



മലയാള ഭാഷ അന്യമാകുന്ന പുതുതലമുറയ്ക്ക് വേദനയോടെ സമർപ്പിക്കുന്നു. 

16 Oct 2014

ഭൂമിയിലെ മാലാഖമാർ...

ശ്രീദേവിയുടെ കൂടെയുള്ളവർ ആരെങ്കില്ലും ഉണ്ടോ...?
(അത് ഒരു കല്യാണ സദ്യയ്ക്കിടയിൽ ഉള്ള വിളിച്ച് ചോദിക്കലായിരുന്നില്ല)

വെള്ളനിറത്തിലുള്ള അലുംനിയം ഗ്ലാസ്സ് ഡോറിന്റെ ഒരു ഭാഗം ഇടത്തേ കാല് കൊണ്ട് പിന്നിലേക്ക്‌ ചവിട്ടി പിടിച്ചു കൈകളിൽ തൂവെള്ള ടർക്കി റ്റവല്ലിൽ ഒരു പിഞ്ചു കുഞ്ഞിനെ മാറോട് ചേർത്തടക്കി പിടിച്ചു കൊണ്ട് ഒരു സ്ത്രീ രൂപം. ആ സ്ത്രീ രൂപത്തിനു മേലാസകലം പച്ച നിറമായിരുന്നു. അതൊരു മാലാഖയായിരുന്നുവോ..പച്ച പുതച്ച മാലാഖ.നേഴ്സ് എന്നതിന്നെക്കാൾ മാലാഖ എന്ന് പറയുന്നതായിരിക്കും ഉചിതം. കാരണം ആ മുഖത്ത് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു. വീണ്ടും അവളിൽ നിന്നും ആ ചോദ്യം ഉയർന്നു. "ശ്രീദേവിയുടെ...". 

ഇത്തവണ ആ ചോദ്യം മുഴുവനാക്കും മുൻപ് തന്നെ ചടപടെന്ന് ആ മാലാഖയ്ക്ക് ചുറ്റും ഒരു പറ്റം ആളുകൾ ഓടി കൂടി.

അല്പം മുൻപ് വരെ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞും പരസ്പരം ക്ഷേമം അന്വേഷിച്ചും അങ്ങിങ്ങായി കൂടി നിന്നവരായിരുന്നു അവർ. ചിലർ കാത്തിരുന്നു മുഷിഞ്ഞ്‌ ഉറങ്ങി തുടങ്ങിയിരുന്നു. ആ മാലാഖ വാതിൽ തുറക്കുന്നതിന് മുൻപ് നകുലൻ സമയം നോക്കിയപ്പോൾ 01:20. രാത്രിയുടെ നിശബ്ദതയെ ആ കൂടി നിന്നവരുടെ അനക്കവും സംസാരവും ഇടയ്ക്കിടെ തൊട്ടുണർത്തിയിരുന്നു.

"പെണ്‍കുഞ്ഞാണ്", 
"സമയം 01:05" - മാലാഖയുടെ വാക്കുകൾ അന്ത:രീക്ഷത്തിൽ മാറ്റൊലി കൊള്ളുന്നപോലെ നകുലന് തോന്നി. കാരണം മറ്റൊന്നും കേൾക്കാമായിരുന്നില്ല അവിടെ അപ്പോൾ.

അപ്പോഴേക്കും ആ കൂട്ടത്തിൽ പ്രായം കൂടിയ ഒരു സ്ത്രീ ആ "തൂവെള്ള പൊതിക്കെട്ട്" രണ്ട് കൈകൾ നീട്ടി ഏറ്റുവാങ്ങിയിരുന്നു. ഓടി കൂടിയവർ ഫോണിൽ വിശേഷം അറിയിക്കുവാനായി അവിടെ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു.

"ഹലോ, ബാബുവല്ലേ....ശ്രീദേവി പ്രസവിച്ചു...പെണ്‍കുഞ്ഞാണ്"
(പെണ്‍കുഞ്ഞാണ് എന്ന് ഊന്നി പറഞ്ഞ പോലെ തോന്നി നകുലന്)

മറുതലക്കൽ പറഞ്ഞതിന്റെ ആദ്യാക്ഷരങ്ങൾ നകുലന്റെ ചെവികൾ മൂകസാക്ഷിയായി.

"മൂ***....ശ്ശേ"

(അവൻ ആശാരിക്ക്‌ എന്തോ പണിയാൻ ഏൽപ്പിച്ചിട്ട്, പണിഞ്ഞതിൽ എവിടെയോ പിശക് സംഭവിച്ചത് ചൂണ്ടി കാട്ടിയത് പോലെ തോന്നി നകുലന്, അങ്ങേ തലയ്ക്കലുള്ളുവൻ ഇങ്ങേ തലയ്ക്കുള്ളവനോട് ഫോണിൽ പറയുന്നത് കേട്ടപ്പോൾ...നകുലന് അവനോടുള്ള അമർഷം പതഞ്ഞു പൊങ്ങി...എങ്കില്ലും പ്രതികരിച്ചില്ല)

"ഹല്ലോ...മോളെ...ദേവി പ്രസവിച്ചു. പെണ്‍ കുഞ്ഞാണ്. സുഖമായിരിക്കുന്നു. മറ്റൊരു സ്ത്രീ ആരെയോ വിളിച്ചറിയിച്ചു."

പ്രായമായ ഒരാൾ തിരികെ വന്നു നകുലന്റെ അടുത്ത് ഒഴിഞ്ഞു കിടന്ന കസേരയിലിരുന്നു. മുകളിലേക്ക് നോക്കി നെടുവീർപ്പിടുന്നു. മുകളിൽ ഫാൻ പഴയത് പോലെ തന്നെ വളരെ വേഗം കറങ്ങികൊണ്ടിരുന്നു. ആ ആളുടെ കണ്ണുകൾ ഇമ വെട്ടാതെ തുറന്നിരിക്കുന്നു. ആ ആൾ ഒരു പക്ഷെ ശ്രീദേവിയുടെ അച്ചനായിരിക്കാം അമ്മാവനായിരിക്കാം. ഒരു പുരുഷായുസ് കൊണ്ട് യാതനകൾ സഹിച്ചു മകളെ ഇറക്കി വിട്ടതിന്റെ വേദനകളിൽ വീണ്ടും ഞെരി പിരി കൊള്ളുന്നുണ്ടായിരിക്കാം. പെട്ടന്ന് എന്തോ ഓർത്തപ്പോലെ അദ്ദേഹം രണ്ട് കൈകൾ കൊണ്ട് മുഖം തടവി അവിടന്നു എഴുന്നേറ്റു..."തൂവെള്ള പൊതി" ലക്ഷ്യമാക്കി നടന്നു. 

"അമ്മേ ! സമയം കേട്ടല്ലോ...01:05. ശ്രീദേവിയെ കുറച്ചു കഴിഞ്ഞു ഐ.സി.യു. വിലോട്ടു മാറ്റും". ആ മാലാഖ അവിടെ തന്നെ ഉണ്ടായിരുന്നു അപ്പോഴും. 

"ശരി മോളെ". ശ്രീദേവിയുടെ അമ്മ മാലാഖയോട് പറഞ്ഞു.(അതെ...അത് ശ്രീദേവിയുടെ അമ്മ തന്നെ. നകുലന് ഉറപ്പുണ്ടായിരുന്നു)

ഒന്നും അറിയാതെ ആ അമ്മയുടെ കൈകളിൽ അപ്പോഴും ശാന്തമായി ഉറങ്ങികിടക്കുകയായിരുന്നു ആ പിഞ്ച് കുഞ്ഞ്. സ്വപ്നത്തിൽ ശരിക്കുള്ള മാലാഖയെ കണ്ടത് കൊണ്ടാവാം ഇടയ്ക്കൊരു ഒരു മന്ദസ്മിതം ആ പിഞ്ചു മുഖത്ത് മിന്നിമറഞ്ഞു. വാതുക്കലിൽ നിന്ന ആ മാലാഖയും ഒപ്പം അകത്തേക്ക് മറഞ്ഞു.

കണ്ണുകൾ തുറന്ന് അമ്മയെ നോക്കി ആ പിഞ്ചു കുഞ്ഞ് അവ്യക്തമായി എന്തോ പറയുന്നത്‌ പോലെ.

'അയ്യോടാ...തക്കുടു...എന്താടാ മോളു..." ആ അമ്മ വികാര പരവശയായി. വീണ്ടും മാറോട് ചേർത്ത് പിടിച്ച് ഓമനിച്ചു കൊണ്ട് നിന്നു. 

അമ്മ എന്നും അമ്മ തന്നെ. ഒരു അമ്മയ്ക്ക് മാത്രമേ പരാതികൾ കൂടാതെ സ്നേഹിക്കാനാകു. വാത്സല്യം നൽകാൻ കഴിയു. അതാണ്‌ സ്നേഹം. സ്നേഹമാണ് അമ്മ.

OPERATION THEATRE യെന്ന് എഴുതി തൂക്കിയിട്ടിരിക്കുന്ന ബോർഡ്‌ന്റെ താഴെ നിന്ന ആ അമ്മയെയുടെയും കുഞ്ഞിന്റെയും രൂപം അവ്യക്തമായോ എന്ന് നകുലൻ സംശയിച്ചു. 

ഇല്ല...അത് അവ്യകത്മായത് അല്ല. നകുലന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു...


14 Oct 2014

മന:സമാധാനം കടം കൊടുക്കുമോ ?

ഒരു അല്പം മന:സമാധാനം കടം കൊടുക്കാൻ ഉണ്ടോ ! 

ഇതായിരുന്നു എന്റെ ചോദ്യം. ഇന്നലെ എന്റെ കുറച്ച് സുഹൃത്തുക്കളോട് ചോദിച്ച ചോദ്യം. അവരിൽ ഒരുവൾ, 'അല്പം ബാക്കി ഉണ്ട്'...തരാമെന്ന് പറഞ്ഞു. ബാക്കിയുള്ളവരിലൊരുവൻ പറഞ്ഞു. 'നിനക്ക് അല്ലല്ലോ. വേറെ ആർക്കോ വേണ്ടി ചോദിച്ചത് അല്ലേ? അതുകൊണ്ട് തരില്ല'.

സംഭവം ഇങ്ങനെ അയച്ചു കൊടുക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ !
ഒരു പക്ഷെ അയച്ചു കൊടുക്കുന്ന ഒരു കാലഘട്ടം വിദൂരമായിരിക്കില്ല...അല്ലെ ! ശാസ്ത്രലോകം വളരുകയല്ലേ...ഒരു നൂതന മാർഗ്ഗം കണ്ടെത്തുമായിരിക്കും.
ഹോ ! എന്തായിരിക്കും ആ ഒരു അവസ്ഥ. ഇപ്പോൾ സംഭവിക്കുന്ന പോലെ. അളിയാ, "ഒരു ലച്ചം" ഒന്ന് ട്രാൻസ്ഫർ ചെയ്തേക്ക്‌. അടുത്ത ആഴ്ച റോള് ചെയ്യാം. 

അങ്ങ് ഫ്ലോറിഡയിലുള്ള സുഹൃത്തിനോട്‌ വിളിച്ചു പറയാമല്ലോ...അളിയാ, ഒരു "വണ്‍ വീക്ക്‌ പീസ്‌" വേണം...നെക്സ്റ്റ് വീക്കിൽ റിട്ടേണ്‍ ചെയ്യാം. സംഭവം യാഥാർത്ഥ്യമാകുമെങ്കിൽ !!!
ചിന്തിച്ചു...ചിന്തിച്ചു തന്നെ ഫ്യൂസ് അടിച്ചു പോകും.


ഒന്ന് ഗൂഗ്ലിയപ്പോൾ കിട്ടിയതാണ്.

The thief of the past and the thief of the future, rob us of the joy of the peace of the present moment അജ്ഞാതൻ.

ഒന്ന് ഇരുത്തി ചിന്തിച്ചാൽ സത്യമാണ്. പക്ഷെ ഇരിക്കണം. അതാണ്‌ വേണ്ടത്. ഫ്രീ ആയി ഇരിക്കണം. ഫ്രീ ആകാനുള്ള കഴിവ് വേണം. അതിനുള്ള വഴി ആലോചിച്ചു കൊണ്ടേ"ഇരുന്നു".
അങ്ങനെ ബുദ്ധദേവനെ കുറിച്ച് ചിന്തിച്ചു. 

"Peace comes from within. Do not seek it without" Gautama Buddha

വായിച്ചിട്ട് ബോധിച്ചു...പക്ഷെ അന്വേഷിക്കാതെ എങ്ങനെ നേടും. പിന്നെയും ചിന്തിച്ചു പുകച്ചു. മുടികൾ മത്സരിച്ച് പൊഴിഞ്ഞു വീഴുന്നു...വീണ്ടും വീണ്ടും ഓടി. ഒരു ഭ്രാന്തനെ പോലെ ആരും സഞ്ചരിക്കാത്ത വഴികളിൽ കൂടി ഞാൻ സഞ്ചരിക്കും. (മോഹൻലാലിന് അത് പറയാം) അത് ഞാൻ പറഞ്ഞിട്ട് ഓടിയാൽ ഒന്നുകിൽ പട്ടി പിറകെ ഓടി വരും, അല്ലെങ്കിൽ സ്ഥലകാല ബോധം നക്ഷ്ടപ്പെട്ടവൻ എന്ന് ലേബൽ അടിച്ചു കിട്ടും. (നിലവിൽ ഭാര്യയുടെ അവകാശവാദമാണ്) അതോർത്തപ്പോൾ എനിക്ക് തന്നെ ചിരി പൊട്ടി.

'A smile is the beginning of peace' Mother Teresa  

ചിരി എനിക്ക് ഒരു കുറവാണ്. ഞാൻ ചിരിക്കാറില്ല എന്നാണ് പൊതുവെ ജനസംസാരം. ചിരിച്ചു തുടങ്ങാം. ഇനി വെളുക്കെ ചിരിച്ചാൽ....!!
"അവനു വട്ടായി എന്ന് തോന്നുന്നു" - എന്നാകും ജനസംസാരം.

അല്ലാ ഡോക്ടർ...ശരിക്കും എനിക്ക് കുഴപ്പം ഉണ്ടോ ?



22 Sept 2014

പഴമൊഴികളുടെ നാട്ടിൽ

നല്ല പരിചയമുള്ള കുടവണ്ടി...എങ്ങോ കണ്ട് മറന്ന പോലെ...! 
പെൻഷൻ പണം വാങ്ങാൻ ട്രെഷറിയിലേക്കുള്ള വഴി മദ്ധ്യേ ചുറ്റിതിരിയുന്ന ആളെ കണ്ട് നകുലൻ നില്പായി...( നില്പനടിയുടെ കാലചക്രം അവസാന വിനാഴിക കടക്കുന്നതിനു മുൻപുള്ള "നില്പനടിക്ക്" വേണ്ടി പണം എണ്ണിയെടുക്കുവാനായി ട്രെഷറിയിലേക്കുള്ള നടത്തമായിരുന്നു നകുലൻ)

പക്ഷെ, ആ കുടവണ്ടി യുടെ തലവഴി ഏതോ പരസ്യകമ്പനിയുടെ ഫ്ലെക്സിന്റെ കീറ കഷണം കൊണ്ട് മറച്ചിരിക്കുന്നത് കാരണം ആളെ മനസിലാകുന്നില്ല. ഒരു കാലിൽ മാത്രം  ചക്രവർത്തി-ചെരുപ്പ് അണിഞ്ഞ് നടക്കുന്നത് തെല്ല് അതിശയം തന്നെ. പാളകരയൻ ഡബിൾ മുണ്ട് മീൻ വല പോലെ തുളകൾ വീണു കിടക്കുന്നു...തോൾ വഴി താഴേക്കിട്ടിരിക്കുന്ന നേരിയത് കണ്ടിട്ട് ഏതോ ഉൾനാടൻ ചായക്കടയുടെ തേയില സഞ്ചിയെ ഓർമ്മിപ്പിക്കുന്നു.ധൃതിയിൽ നടന്നു നീങ്ങുന്ന ആളെ കണ്ടിട്ട് പെട്ടെന്ന് പിടികിട്ടിയിലെങ്കില്ലും ഒടുക്കം ആളെ ഏതാണ്ട് പിടികിട്ടിയ പോലെ. അടിമുടി വീക്ഷിച്ചപ്പോൾ മനസ്സിലായി.

യ്യോ...ഇത് നമ്മടെ മാവേലി അല്ലെ...ഇദ്ദേഹത്തിന് ഇതെന്തു പറ്റി...പ്രതാപത്തിൽ കഴിഞ്ഞ തിരുമേനിയുടെ 'തിരു' 'മേനി' ആകെ പിഴിഞ്ഞെടുത്ത പോലുണ്ടല്ലോ...ഇദ്ദേഹം ഇതേ വരെ ഇവിടുന്ന് തിരികെ പോയില്ലേ ? നകുലന്റെ മനസ്സിലേക്ക് ചോദ്യ ശരങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടേയിരുന്നു.

വളരെ വിനീതനായി ചോദിച്ച് : മാവേലി തമ്പ്രാൻ ഇതാദ്യമായിട്ടാണല്ലോ ഓണം കഴിഞ്ഞിട്ടും സ്വന്തം നാട്ടിൽ ? 

ചോദ്യം കേട്ട് മാവേലിയുടെ നടത്തത്തിന് പെട്ടന്ന് വേഗത കൂടി. നകുലൻ കൈ കൊട്ടി വിളിച്ചു..

തിരുമേനി ഒന്ന് നില്ക്കൂ...പ്ലീസ്. പോകരുതേ...ഒന്ന് പറഞ്ഞിട്ട് പോകൂ. ഒന്ന് നിക്കൂന്നെ. നകുലൻ പിന്നാലെ കൂടി.

എന്തടാ കോപ്പേ...നിനക്ക് എന്താടാ വേണ്ടത്. നീ ഒന്നും എന്നെ ജീവിക്കാൻ സമ്മതിക്കില്ലേ...? കള്ള പ****, തെ*****, നാ****** **നേ ?

നകുലന് മൂന്ന് ലാർജ് അടിച്ച എഫെക്റ്റായി പോയി,മാവേലിയുടെ നാവിൽ നിന്നും വീണത്‌ കേട്ടപ്പോൾ. 

അല്ലാ...തമ്പ്രാൻ, അങ്ങ് ഇങ്ങനെ ഒന്നും പറയാൻ പാടില്ല. അങ്ങയുടെ ഭരണ കാലം ആവോളം കേട്ടറിഞ്ഞ് പഠിച്ചു വളർന്നവരാണ് ഞങ്ങൾ. അങ്ങിൽ നിന്നും ഇങ്ങനെ ഒന്നും....നകുലന്റെ വാക്കുകൾ ഇടറി.

പിന്നെ കുന്തമാണ്...എടൊ...എന്റെ സ്വന്തം ദേശത്ത്, സ്വന്തമെന്ന് വിശ്വസിച്ച എന്റെ പ്രജകളെ കാണാൻ വന്ന എന്നെ പറയണം. നിലത്തിറങ്ങിയ അന്ന് എന്നെ തലസ്ഥാനത്തെ തെ***ൾ എല്ലാം കൂടി ചവിട്ടിയില്ല എന്നേ ഉള്ളൂ. എന്റെ ഓടിച്ച് വിട്ടു. വെള്ളപാച്ചിലിൽ കൂടി ഒലിച്ചു പോയ ചെരുപ്പ് എടുക്കാൻ കുനിഞ്ഞ എന്റെ "*****" (ബീപ്)അടിച്ചോണ്ട് പോയി. 

അത് കേട്ടപ്പോൾ നകുലൻ സ്വയം പറഞ്ഞത്... ശ്ശൊ ! "മണി" പന്ത്രണ്ട് ആയി...ട്രെഷറി നേരത്തെ പൂട്ടുമോ ആവോ ?

മാവേലിക്ക് കലി കയറി. കണ്ടില്ലേ...താൻ പോലും തന്റെ കാര്യമാണ് ഉടനെ ചിന്തിച്ചത്. നോം വെറുതെ മിണ്ടാൻ നിന്നൂവല്ലോ...!

സോറി മാവേലി...അങ്ങ് പറയൂ... ആരാണ് അങ്ങേയെ ഈ കോലത്തിലാക്കിയത് ?

ഒന്ന് പോടാപ്പാ...എന്റെ അവസ്ഥ കണ്ടിട്ട് നാളെ കഥയാക്കി നിനക്ക് ജീവിക്കാനല്ലേ ഈ വേവലാതി... ? മാവേലി പിറുപിറുത്തു കൊണ്ട് മുന്നോട്ട് നടന്നു.

നകുലന് വിഷമമായി. അടുത്ത് കണ്ട സർവ്വേ കല്ലിൽ അല്പം നേരമിരുന്നു. അപ്പോഴേക്കും മാവേലി തിരികേ നടന്നു വരുന്നത് കണ്ടു നകുലൻ എഴുന്നേറ്റു നിന്നു. മാവേലി ഇടത്തും വലത്തും എന്തോ പരതിയുള്ള വരവ്‌ പോലെ തോന്നി. 
തിരുമനസ്സേ അടിയന് വളരെ വിഷമമുണ്ട്. 'എന്റെ വാക്കുകൾ അങ്ങേ ചൊടിപ്പിച്ചെങ്കിൽ മാപ്പാക്കണം.'

നകുലന്റെ മാനസാന്തരം കണ്ട് മാവേലിയുടെ മനസ്സലിഞ്ഞു. (അല്ലേലും പണ്ടേ അങ്ങനെ തന്നെയല്ലേ...?)

അങ്ങ് എന്താണ് തിരയുന്നത്. എന്തെങ്കിലും നക്ഷ്ടപ്പെട്ടോ...വിലപിടിപ്പുള്ള എന്തെങ്കിലും ആണോ

നകുലാ...നോം ആകെ അസ്വസ്ഥനാണ്....വന്നിട്ട് ശ്ശി...ആയിരിക്കണ്. തനിക്കറിയുവോ...നോം സ്വപ്നത്തിൽ പോലും ഇങ്ങനെ നിരീച്ചില്ല. വന്ന അന്ന് മുതല്ക്കേ പലതരം 'പണികൾ' കിട്ടി. വഴിയെ പോകുന്ന എല്ലാരും കുതിര കയറിയും തെറി വിളിച്ചുമാണ് നമ്മളെ എതിരേറ്റത്...ഒടുക്കം ഈ നാട്ടുകാരിൽ ഒരുവനായി നാമും...വിഷമം സഹിക്ക വയ്യാതെ, അനന്തപുരിയിൽ നിന്നും രാത്രി ആരും കാണാതെ യാത്ര തിരിച്ച നോം ഒന്ന് അലറി വിളിക്കും മുൻപേ ഒരു പറ്റം തെരുവ് നായ്ക്കൾ കടിച്ചു കുടഞ്ഞു...അതാണ്‌ ഉടു മുണ്ട് മീൻ വല പോലെ.... എങ്ങനെയൊക്കേയോ കൊച്ചിയിലേക്ക് എത്തി"പ്പെട്ടു" പോയി.

തിരികെ പോകാനായി പാതാളത്തിലേക്കുള്ള 'വഴി' അന്വേഷിക്കലാണ് അന്ന് മുതൽക്ക്‌ ഇന്ന് വരെ.

നോം വന്ന വഴി തെ****കൾ "കള്ളടിച്ച്" പൂസായി അടച്ച് കളഞ്ഞു. സമീപകാലത്ത് ഉണ്ടായ ഒരു വിളമ്പരമാണ് നമ്മുടെ യാത്ര മുടക്കിയത്. 'മധ്യത്തിന്റെ' അവസാന ദിനത്തിന് തൊട്ട് മുന്നിലത്തെ ദിനം 'ഫുള്ളും, ഹാഫും, പൈന്റും...എല്ലാം നിസാര വിലയ്ക്ക് വിറ്റ് തീർത്തപ്പോൾ നമ്മുടെ പ്രജകൾ നന്നായി ആനന്ദ ലഹരിയിൽ അഴിഞ്ഞാടി...ദേശ സ്നേഹം ഉൾവിളിയായി. പൊതു നിരത്തിലെ കുഴികൾ അടച്ച കൂട്ടത്തിൽ നമ്മുടെ "റൂട്ടും" അടച്ചു ടാറിട്ട്...

നോം പാതിവഴിയെ....പെരുവഴിയിൽ.

ഹോ...സംഗതി എനിക്കിഷ്ടപ്പെട്ടു...അങ്ങ് ഇവിടുള്ള കാലം വീണ്ടും നമ്മുടെ കൊച്ചു കേരളം ഒന്ന് നേരെയാക്കു...കേട്ട് പതിഞ്ഞ ആ വരികൾ വീണ്ടും യാഥാർഥ്യമാകട്ടെ...നകുലൻ മാവേലിയോട് പറഞ്ഞു.

"മാവേലി നാടു വാണീടും കാലം, മാനുഷർ എല്ലാം ഒന്നും പോലെ...
കള്ളോമില്ല ചതിവുമില്ല...എള്ളോളമില്ല പൊളിവചനം..." 

(അന്നും "കള്ളി"ല്ല...ഇനി അങ്ങോട്ടും "കള്ളി"ല്ല...)

പക്ഷെ നകുലന് നില്പനടിയുടെ സമയപരിമിധി മൂലം ട്രെഷറിയിലേക്കു നടന്ന് നീങ്ങി. പാവം മാവേലി...വീണ്ടും തനിച്ചായി.



- നകുലൻ 

7 Sept 2014

എന്റെ ഓണക്കാലം എത്ര സുന്ദരമായിരുന്നു


കുണ്ടും കുഴിയും എണ്ണി ആന വണ്ടിയിൽ വന്നിറങ്ങിയപ്പോഴേക്കും ഒടുക്കത്തെ ചൂടായിരുന്നു. മേൽ മുണ്ട് കൊണ്ട് നെറ്റി തടത്തിലെ വിയർപ്പ് ഒപ്പിയെടുത്തു. ഉച്ചയ്ക്ക് ഓണം ഉണ്ണാൻ ആന വണ്ടിയേൽ തൂങ്ങി പിടിച്ചു അനന്തപുരിയിൽ എത്തിയതായിരുന്നു...പക്ഷെ വണ്ടികളുടെ കൂട്ട മത്സരവും ഉന്തും തള്ളും റോഡിലെ കുഴികളും ആഗമനം ആകെ വലച്ചു...സമയം അപ്പോൾ 2 മണി.
അസഹനീയമായ ചൂട് കാരണം സൂര്യഭഗവാനെ ഒന്ന് നോക്കിയതേ ഉള്ളൂ. സൂര്യ ഭഗവാൻ ഉൾവലിഞ്ഞു...ദേ ചന്നം പിന്നം മഴ...ഉരുണ്ട് കൂടിയ കാർമേഘങ്ങൾ അന്തരീക്ഷം ആകേ ഇരുട്ടിലാക്കി...പരക്കെ ഇരുട്ട് വിതറി മഴ തകർത്ത് പെയ്യുന്നു...ചാടി ഓടി അടുത്തുള്ള ആന വണ്ടി സ്റ്റേഷനിൽ അഭയം തേടി. തിക്കും തിരക്കിനുമിടയിൽ പതിവില്ലാത്ത ഒരു ആളെ കണ്ടപ്പോൾ ഒരു ബാലൻ അവന്റെ അമ്മയോട് ചോദിച്ച്.
'ആണ്ടെ, അമ്മേ..ഇതാരാ ഒരു തടിയൻ...' ? 
അമ്മ തിരിഞ്ഞു നോക്കിയിട്ട് പിറു പിറുത്തു...' ഓ ! ആണ്ടിൽ ഒരിക്കൽ കയറി വരും...ഒരു പണിയുമില്ല അങ്ങേർക്കു...ഒരു പ്രയോജനവുമില്ല...ആരാണ്ടോ വിളിച്ച പോലെയാണ് ഇയാളുടെ വരവ്...ഒന്ന് നീങ്ങി നിക്ക് ഊവ...മുട്ടുമല്ലോ...'
ആ അമ്മയുടെ ശകാരം കേട്ടപ്പോൾ മഴയായിട്ട് പോലും പിന്നെയുമുണ്ടായ നെറ്റിയിലെ വിയർപ്പ്‌ കണങ്ങൾ മേൽ മുണ്ടിന്റെ കീഴറ്റം കൊണ്ട് ഒപ്പിയെടുത്തു...ഉരുണ്ടു കൂടിയ വിശപ്പ്‌ നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതെയായി...കണ്ണും തള്ളി വയറും തടവി നിന്ന അദേഹത്തെ അതുവഴിയെ വന്ന വേറെ ഒന്ന് രണ്ട് കോളേജ് കുമാരികുമാരന്മാർ അടുത്ത് കൂടി കളിയാക്കി...
Hey..! Who are you fat man...? What brings you to our Gods own Country...You Country Fellow...!!
വിക്കി വിക്കി തിരികേ അദേഹം അവരോട് പറഞ്ഞു.
"I am Maveli... I come from പാതാളം...നമ്മളെ അറിയില്ല എന്നുണ്ടോ...? കേട്ടിട്ടില്ലേ...ഓണത്തിൽ എന്റെ പ്രജകളെ കാണാൻ നോം പതിവായി വരുന്നു..."
ഒന്ന് പോടാപ്പാ...അവന്റെ കോ**** പ്രജകൾ. നീ ആരാണ്ട...തുണി പോലുമില്ല...അവനാണ് പ്രജകൾ....ഒരു മേൽ മുണ്ടും...ഒരു കീരിടവും...ഒരു കുടവണ്ടിയും...അതിന്റെ താഴെ ഒരു മുക്കാൽ ഭാഗത്ത്‌ ഒരു മുണ്ടും...എവിടുന്ന് കിട്ടി ഒരു ഉണക്ക കുട...?
സ്ഥലം പന്തിയല്ലെന്ന് മനസ്സിലായ മാവേലി തലവഴിയെ മേൽ മുണ്ട് മറച്ച് കൊണ്ട് നടക്കുവാൻ ശ്രമിച്ചു. പ്ലക്ക് ! വർഷങ്ങളായി ഉപയോഗിച്ചിരുന്ന ചെരുപ്പ് പെടുന്നനെ എവിടുന്നോ കുത്തിയൊലിച്ചു വന്ന വെള്ള പൊക്കത്തിൽ ഒലിച്ചു പോകുന്നത് നോക്കി നില്ക്കുവാനേ അദേഹത്തിന് കഴിഞ്ഞുള്ളൂ. മുട്ടറ്റം വെള്ളം പൊങ്ങി...അതിനിടയ്ക്ക് കീരിടത്തിൽ കൂടി വെള്ളം ചട പടേന്ന്‌ സ്റ്റേഷനിലെ പൊളിഞ്ഞ മേൽകൂരയിൽ നിന്നും ചോർന്ന് ഒലിച്ചു വീണു തുടങ്ങി.
"ഊര് ടാ അവന്റെ മുണ്ടും കോണകവും...ഒരു മ്യാവേലി..." കോളേജ് കുമാരന്മാരിൽ ഒരുവൻ അലറിയടുത്തു.
ഞെട്ടി പോയി നമ്മുടെ മാവേലി തമ്പുരാൻ...പോയത് പോയി... മാനം എങ്കിലും ഉണ്ടല്ലോ...മനസ്സിൽ പറഞ്ഞ മാവേലി ചോർച്ചയിൽ നിന്നും രക്ഷ നേടാൻ ഓല കുട വിരിക്കാൻ ശ്രമം തുടങ്ങിയത് ഉപേക്ഷിച്ചു...കുട കക്ഷത്തിലൊതുക്കി ഇടം ശടെന്നു കാലിയാക്കി.
(പാവം മാവേലി...അദേഹം വിചാരിക്കുണ്ടാവും...അദേഹത്തെയും മറന്നുവല്ലോ ഇന്നത്തെ ജനം...)
അപ്പോൾ ഉച്ചഭാഷിണി വഴി ഒരു അറിയിപ്പ് കേൾക്കുണ്ടായിരുന്നു..."അവിചാരിതമായി ഉണ്ടായ വെള്ളപൊക്കം മൂലം കിഴക്കേ കോട്ടയിൽ നിന്നും വെള്ളമിറങ്ങുന്നത് വരെ വണ്ടികൾ ഉണ്ടായിരിക്കുന്നത് അല്ല"
പിന്നിൽ നിന്നും മറ്റൊന്ന് കൂടി കേൾക്കാമായിരുന്നു...
നാളത്തെ കേരള...നാളത്തെ കേരള...നിങ്ങളിൽ ആരായിരിക്കും ലക്ഷാതിപതി എന്ന് ആരറിഞ്ഞു...മാവേലി തമ്പുരാൻ നിങ്ങളെ തേടി വരും...
---------------------------------------------------------------------------------------------------------------------------------------------------
പ്രജകളെ കാണുവാൻ ആണ്ടിൽ ഒരിക്കൽ ജനമധ്യത്തിൽ ഇറങ്ങിയ മാവേലിയെ ശര വേഗത്തിൽ തിരിച്ചയച്ചത് ആരും ആരും അറിഞ്ഞിരുന്നില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല...ഓണം പേരിനൊരു ചടങ്ങാകുന്നത് പോലെ...തോന്നുന്നു.

രസകരവും സുന്ദരവും....വർണ്ണങ്ങളാൽ അലങ്കരിതമായിരുന്നതും നിഷ്കളങ്കവും നന്മകളും നിറഞ്ഞ ഓണക്കാലം ഓർമ്മകളിൽ മാത്രമാകുന്നതു പോലെ...തോന്നൽ മാത്രമായിരിക്കുമോ ...? 

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...