22 Sept 2014

പഴമൊഴികളുടെ നാട്ടിൽ

നല്ല പരിചയമുള്ള കുടവണ്ടി...എങ്ങോ കണ്ട് മറന്ന പോലെ...! 
പെൻഷൻ പണം വാങ്ങാൻ ട്രെഷറിയിലേക്കുള്ള വഴി മദ്ധ്യേ ചുറ്റിതിരിയുന്ന ആളെ കണ്ട് നകുലൻ നില്പായി...( നില്പനടിയുടെ കാലചക്രം അവസാന വിനാഴിക കടക്കുന്നതിനു മുൻപുള്ള "നില്പനടിക്ക്" വേണ്ടി പണം എണ്ണിയെടുക്കുവാനായി ട്രെഷറിയിലേക്കുള്ള നടത്തമായിരുന്നു നകുലൻ)

പക്ഷെ, ആ കുടവണ്ടി യുടെ തലവഴി ഏതോ പരസ്യകമ്പനിയുടെ ഫ്ലെക്സിന്റെ കീറ കഷണം കൊണ്ട് മറച്ചിരിക്കുന്നത് കാരണം ആളെ മനസിലാകുന്നില്ല. ഒരു കാലിൽ മാത്രം  ചക്രവർത്തി-ചെരുപ്പ് അണിഞ്ഞ് നടക്കുന്നത് തെല്ല് അതിശയം തന്നെ. പാളകരയൻ ഡബിൾ മുണ്ട് മീൻ വല പോലെ തുളകൾ വീണു കിടക്കുന്നു...തോൾ വഴി താഴേക്കിട്ടിരിക്കുന്ന നേരിയത് കണ്ടിട്ട് ഏതോ ഉൾനാടൻ ചായക്കടയുടെ തേയില സഞ്ചിയെ ഓർമ്മിപ്പിക്കുന്നു.ധൃതിയിൽ നടന്നു നീങ്ങുന്ന ആളെ കണ്ടിട്ട് പെട്ടെന്ന് പിടികിട്ടിയിലെങ്കില്ലും ഒടുക്കം ആളെ ഏതാണ്ട് പിടികിട്ടിയ പോലെ. അടിമുടി വീക്ഷിച്ചപ്പോൾ മനസ്സിലായി.

യ്യോ...ഇത് നമ്മടെ മാവേലി അല്ലെ...ഇദ്ദേഹത്തിന് ഇതെന്തു പറ്റി...പ്രതാപത്തിൽ കഴിഞ്ഞ തിരുമേനിയുടെ 'തിരു' 'മേനി' ആകെ പിഴിഞ്ഞെടുത്ത പോലുണ്ടല്ലോ...ഇദ്ദേഹം ഇതേ വരെ ഇവിടുന്ന് തിരികെ പോയില്ലേ ? നകുലന്റെ മനസ്സിലേക്ക് ചോദ്യ ശരങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടേയിരുന്നു.

വളരെ വിനീതനായി ചോദിച്ച് : മാവേലി തമ്പ്രാൻ ഇതാദ്യമായിട്ടാണല്ലോ ഓണം കഴിഞ്ഞിട്ടും സ്വന്തം നാട്ടിൽ ? 

ചോദ്യം കേട്ട് മാവേലിയുടെ നടത്തത്തിന് പെട്ടന്ന് വേഗത കൂടി. നകുലൻ കൈ കൊട്ടി വിളിച്ചു..

തിരുമേനി ഒന്ന് നില്ക്കൂ...പ്ലീസ്. പോകരുതേ...ഒന്ന് പറഞ്ഞിട്ട് പോകൂ. ഒന്ന് നിക്കൂന്നെ. നകുലൻ പിന്നാലെ കൂടി.

എന്തടാ കോപ്പേ...നിനക്ക് എന്താടാ വേണ്ടത്. നീ ഒന്നും എന്നെ ജീവിക്കാൻ സമ്മതിക്കില്ലേ...? കള്ള പ****, തെ*****, നാ****** **നേ ?

നകുലന് മൂന്ന് ലാർജ് അടിച്ച എഫെക്റ്റായി പോയി,മാവേലിയുടെ നാവിൽ നിന്നും വീണത്‌ കേട്ടപ്പോൾ. 

അല്ലാ...തമ്പ്രാൻ, അങ്ങ് ഇങ്ങനെ ഒന്നും പറയാൻ പാടില്ല. അങ്ങയുടെ ഭരണ കാലം ആവോളം കേട്ടറിഞ്ഞ് പഠിച്ചു വളർന്നവരാണ് ഞങ്ങൾ. അങ്ങിൽ നിന്നും ഇങ്ങനെ ഒന്നും....നകുലന്റെ വാക്കുകൾ ഇടറി.

പിന്നെ കുന്തമാണ്...എടൊ...എന്റെ സ്വന്തം ദേശത്ത്, സ്വന്തമെന്ന് വിശ്വസിച്ച എന്റെ പ്രജകളെ കാണാൻ വന്ന എന്നെ പറയണം. നിലത്തിറങ്ങിയ അന്ന് എന്നെ തലസ്ഥാനത്തെ തെ***ൾ എല്ലാം കൂടി ചവിട്ടിയില്ല എന്നേ ഉള്ളൂ. എന്റെ ഓടിച്ച് വിട്ടു. വെള്ളപാച്ചിലിൽ കൂടി ഒലിച്ചു പോയ ചെരുപ്പ് എടുക്കാൻ കുനിഞ്ഞ എന്റെ "*****" (ബീപ്)അടിച്ചോണ്ട് പോയി. 

അത് കേട്ടപ്പോൾ നകുലൻ സ്വയം പറഞ്ഞത്... ശ്ശൊ ! "മണി" പന്ത്രണ്ട് ആയി...ട്രെഷറി നേരത്തെ പൂട്ടുമോ ആവോ ?

മാവേലിക്ക് കലി കയറി. കണ്ടില്ലേ...താൻ പോലും തന്റെ കാര്യമാണ് ഉടനെ ചിന്തിച്ചത്. നോം വെറുതെ മിണ്ടാൻ നിന്നൂവല്ലോ...!

സോറി മാവേലി...അങ്ങ് പറയൂ... ആരാണ് അങ്ങേയെ ഈ കോലത്തിലാക്കിയത് ?

ഒന്ന് പോടാപ്പാ...എന്റെ അവസ്ഥ കണ്ടിട്ട് നാളെ കഥയാക്കി നിനക്ക് ജീവിക്കാനല്ലേ ഈ വേവലാതി... ? മാവേലി പിറുപിറുത്തു കൊണ്ട് മുന്നോട്ട് നടന്നു.

നകുലന് വിഷമമായി. അടുത്ത് കണ്ട സർവ്വേ കല്ലിൽ അല്പം നേരമിരുന്നു. അപ്പോഴേക്കും മാവേലി തിരികേ നടന്നു വരുന്നത് കണ്ടു നകുലൻ എഴുന്നേറ്റു നിന്നു. മാവേലി ഇടത്തും വലത്തും എന്തോ പരതിയുള്ള വരവ്‌ പോലെ തോന്നി. 
തിരുമനസ്സേ അടിയന് വളരെ വിഷമമുണ്ട്. 'എന്റെ വാക്കുകൾ അങ്ങേ ചൊടിപ്പിച്ചെങ്കിൽ മാപ്പാക്കണം.'

നകുലന്റെ മാനസാന്തരം കണ്ട് മാവേലിയുടെ മനസ്സലിഞ്ഞു. (അല്ലേലും പണ്ടേ അങ്ങനെ തന്നെയല്ലേ...?)

അങ്ങ് എന്താണ് തിരയുന്നത്. എന്തെങ്കിലും നക്ഷ്ടപ്പെട്ടോ...വിലപിടിപ്പുള്ള എന്തെങ്കിലും ആണോ

നകുലാ...നോം ആകെ അസ്വസ്ഥനാണ്....വന്നിട്ട് ശ്ശി...ആയിരിക്കണ്. തനിക്കറിയുവോ...നോം സ്വപ്നത്തിൽ പോലും ഇങ്ങനെ നിരീച്ചില്ല. വന്ന അന്ന് മുതല്ക്കേ പലതരം 'പണികൾ' കിട്ടി. വഴിയെ പോകുന്ന എല്ലാരും കുതിര കയറിയും തെറി വിളിച്ചുമാണ് നമ്മളെ എതിരേറ്റത്...ഒടുക്കം ഈ നാട്ടുകാരിൽ ഒരുവനായി നാമും...വിഷമം സഹിക്ക വയ്യാതെ, അനന്തപുരിയിൽ നിന്നും രാത്രി ആരും കാണാതെ യാത്ര തിരിച്ച നോം ഒന്ന് അലറി വിളിക്കും മുൻപേ ഒരു പറ്റം തെരുവ് നായ്ക്കൾ കടിച്ചു കുടഞ്ഞു...അതാണ്‌ ഉടു മുണ്ട് മീൻ വല പോലെ.... എങ്ങനെയൊക്കേയോ കൊച്ചിയിലേക്ക് എത്തി"പ്പെട്ടു" പോയി.

തിരികെ പോകാനായി പാതാളത്തിലേക്കുള്ള 'വഴി' അന്വേഷിക്കലാണ് അന്ന് മുതൽക്ക്‌ ഇന്ന് വരെ.

നോം വന്ന വഴി തെ****കൾ "കള്ളടിച്ച്" പൂസായി അടച്ച് കളഞ്ഞു. സമീപകാലത്ത് ഉണ്ടായ ഒരു വിളമ്പരമാണ് നമ്മുടെ യാത്ര മുടക്കിയത്. 'മധ്യത്തിന്റെ' അവസാന ദിനത്തിന് തൊട്ട് മുന്നിലത്തെ ദിനം 'ഫുള്ളും, ഹാഫും, പൈന്റും...എല്ലാം നിസാര വിലയ്ക്ക് വിറ്റ് തീർത്തപ്പോൾ നമ്മുടെ പ്രജകൾ നന്നായി ആനന്ദ ലഹരിയിൽ അഴിഞ്ഞാടി...ദേശ സ്നേഹം ഉൾവിളിയായി. പൊതു നിരത്തിലെ കുഴികൾ അടച്ച കൂട്ടത്തിൽ നമ്മുടെ "റൂട്ടും" അടച്ചു ടാറിട്ട്...

നോം പാതിവഴിയെ....പെരുവഴിയിൽ.

ഹോ...സംഗതി എനിക്കിഷ്ടപ്പെട്ടു...അങ്ങ് ഇവിടുള്ള കാലം വീണ്ടും നമ്മുടെ കൊച്ചു കേരളം ഒന്ന് നേരെയാക്കു...കേട്ട് പതിഞ്ഞ ആ വരികൾ വീണ്ടും യാഥാർഥ്യമാകട്ടെ...നകുലൻ മാവേലിയോട് പറഞ്ഞു.

"മാവേലി നാടു വാണീടും കാലം, മാനുഷർ എല്ലാം ഒന്നും പോലെ...
കള്ളോമില്ല ചതിവുമില്ല...എള്ളോളമില്ല പൊളിവചനം..." 

(അന്നും "കള്ളി"ല്ല...ഇനി അങ്ങോട്ടും "കള്ളി"ല്ല...)

പക്ഷെ നകുലന് നില്പനടിയുടെ സമയപരിമിധി മൂലം ട്രെഷറിയിലേക്കു നടന്ന് നീങ്ങി. പാവം മാവേലി...വീണ്ടും തനിച്ചായി.



- നകുലൻ 

7 Sept 2014

എന്റെ ഓണക്കാലം എത്ര സുന്ദരമായിരുന്നു


കുണ്ടും കുഴിയും എണ്ണി ആന വണ്ടിയിൽ വന്നിറങ്ങിയപ്പോഴേക്കും ഒടുക്കത്തെ ചൂടായിരുന്നു. മേൽ മുണ്ട് കൊണ്ട് നെറ്റി തടത്തിലെ വിയർപ്പ് ഒപ്പിയെടുത്തു. ഉച്ചയ്ക്ക് ഓണം ഉണ്ണാൻ ആന വണ്ടിയേൽ തൂങ്ങി പിടിച്ചു അനന്തപുരിയിൽ എത്തിയതായിരുന്നു...പക്ഷെ വണ്ടികളുടെ കൂട്ട മത്സരവും ഉന്തും തള്ളും റോഡിലെ കുഴികളും ആഗമനം ആകെ വലച്ചു...സമയം അപ്പോൾ 2 മണി.
അസഹനീയമായ ചൂട് കാരണം സൂര്യഭഗവാനെ ഒന്ന് നോക്കിയതേ ഉള്ളൂ. സൂര്യ ഭഗവാൻ ഉൾവലിഞ്ഞു...ദേ ചന്നം പിന്നം മഴ...ഉരുണ്ട് കൂടിയ കാർമേഘങ്ങൾ അന്തരീക്ഷം ആകേ ഇരുട്ടിലാക്കി...പരക്കെ ഇരുട്ട് വിതറി മഴ തകർത്ത് പെയ്യുന്നു...ചാടി ഓടി അടുത്തുള്ള ആന വണ്ടി സ്റ്റേഷനിൽ അഭയം തേടി. തിക്കും തിരക്കിനുമിടയിൽ പതിവില്ലാത്ത ഒരു ആളെ കണ്ടപ്പോൾ ഒരു ബാലൻ അവന്റെ അമ്മയോട് ചോദിച്ച്.
'ആണ്ടെ, അമ്മേ..ഇതാരാ ഒരു തടിയൻ...' ? 
അമ്മ തിരിഞ്ഞു നോക്കിയിട്ട് പിറു പിറുത്തു...' ഓ ! ആണ്ടിൽ ഒരിക്കൽ കയറി വരും...ഒരു പണിയുമില്ല അങ്ങേർക്കു...ഒരു പ്രയോജനവുമില്ല...ആരാണ്ടോ വിളിച്ച പോലെയാണ് ഇയാളുടെ വരവ്...ഒന്ന് നീങ്ങി നിക്ക് ഊവ...മുട്ടുമല്ലോ...'
ആ അമ്മയുടെ ശകാരം കേട്ടപ്പോൾ മഴയായിട്ട് പോലും പിന്നെയുമുണ്ടായ നെറ്റിയിലെ വിയർപ്പ്‌ കണങ്ങൾ മേൽ മുണ്ടിന്റെ കീഴറ്റം കൊണ്ട് ഒപ്പിയെടുത്തു...ഉരുണ്ടു കൂടിയ വിശപ്പ്‌ നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതെയായി...കണ്ണും തള്ളി വയറും തടവി നിന്ന അദേഹത്തെ അതുവഴിയെ വന്ന വേറെ ഒന്ന് രണ്ട് കോളേജ് കുമാരികുമാരന്മാർ അടുത്ത് കൂടി കളിയാക്കി...
Hey..! Who are you fat man...? What brings you to our Gods own Country...You Country Fellow...!!
വിക്കി വിക്കി തിരികേ അദേഹം അവരോട് പറഞ്ഞു.
"I am Maveli... I come from പാതാളം...നമ്മളെ അറിയില്ല എന്നുണ്ടോ...? കേട്ടിട്ടില്ലേ...ഓണത്തിൽ എന്റെ പ്രജകളെ കാണാൻ നോം പതിവായി വരുന്നു..."
ഒന്ന് പോടാപ്പാ...അവന്റെ കോ**** പ്രജകൾ. നീ ആരാണ്ട...തുണി പോലുമില്ല...അവനാണ് പ്രജകൾ....ഒരു മേൽ മുണ്ടും...ഒരു കീരിടവും...ഒരു കുടവണ്ടിയും...അതിന്റെ താഴെ ഒരു മുക്കാൽ ഭാഗത്ത്‌ ഒരു മുണ്ടും...എവിടുന്ന് കിട്ടി ഒരു ഉണക്ക കുട...?
സ്ഥലം പന്തിയല്ലെന്ന് മനസ്സിലായ മാവേലി തലവഴിയെ മേൽ മുണ്ട് മറച്ച് കൊണ്ട് നടക്കുവാൻ ശ്രമിച്ചു. പ്ലക്ക് ! വർഷങ്ങളായി ഉപയോഗിച്ചിരുന്ന ചെരുപ്പ് പെടുന്നനെ എവിടുന്നോ കുത്തിയൊലിച്ചു വന്ന വെള്ള പൊക്കത്തിൽ ഒലിച്ചു പോകുന്നത് നോക്കി നില്ക്കുവാനേ അദേഹത്തിന് കഴിഞ്ഞുള്ളൂ. മുട്ടറ്റം വെള്ളം പൊങ്ങി...അതിനിടയ്ക്ക് കീരിടത്തിൽ കൂടി വെള്ളം ചട പടേന്ന്‌ സ്റ്റേഷനിലെ പൊളിഞ്ഞ മേൽകൂരയിൽ നിന്നും ചോർന്ന് ഒലിച്ചു വീണു തുടങ്ങി.
"ഊര് ടാ അവന്റെ മുണ്ടും കോണകവും...ഒരു മ്യാവേലി..." കോളേജ് കുമാരന്മാരിൽ ഒരുവൻ അലറിയടുത്തു.
ഞെട്ടി പോയി നമ്മുടെ മാവേലി തമ്പുരാൻ...പോയത് പോയി... മാനം എങ്കിലും ഉണ്ടല്ലോ...മനസ്സിൽ പറഞ്ഞ മാവേലി ചോർച്ചയിൽ നിന്നും രക്ഷ നേടാൻ ഓല കുട വിരിക്കാൻ ശ്രമം തുടങ്ങിയത് ഉപേക്ഷിച്ചു...കുട കക്ഷത്തിലൊതുക്കി ഇടം ശടെന്നു കാലിയാക്കി.
(പാവം മാവേലി...അദേഹം വിചാരിക്കുണ്ടാവും...അദേഹത്തെയും മറന്നുവല്ലോ ഇന്നത്തെ ജനം...)
അപ്പോൾ ഉച്ചഭാഷിണി വഴി ഒരു അറിയിപ്പ് കേൾക്കുണ്ടായിരുന്നു..."അവിചാരിതമായി ഉണ്ടായ വെള്ളപൊക്കം മൂലം കിഴക്കേ കോട്ടയിൽ നിന്നും വെള്ളമിറങ്ങുന്നത് വരെ വണ്ടികൾ ഉണ്ടായിരിക്കുന്നത് അല്ല"
പിന്നിൽ നിന്നും മറ്റൊന്ന് കൂടി കേൾക്കാമായിരുന്നു...
നാളത്തെ കേരള...നാളത്തെ കേരള...നിങ്ങളിൽ ആരായിരിക്കും ലക്ഷാതിപതി എന്ന് ആരറിഞ്ഞു...മാവേലി തമ്പുരാൻ നിങ്ങളെ തേടി വരും...
---------------------------------------------------------------------------------------------------------------------------------------------------
പ്രജകളെ കാണുവാൻ ആണ്ടിൽ ഒരിക്കൽ ജനമധ്യത്തിൽ ഇറങ്ങിയ മാവേലിയെ ശര വേഗത്തിൽ തിരിച്ചയച്ചത് ആരും ആരും അറിഞ്ഞിരുന്നില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല...ഓണം പേരിനൊരു ചടങ്ങാകുന്നത് പോലെ...തോന്നുന്നു.

രസകരവും സുന്ദരവും....വർണ്ണങ്ങളാൽ അലങ്കരിതമായിരുന്നതും നിഷ്കളങ്കവും നന്മകളും നിറഞ്ഞ ഓണക്കാലം ഓർമ്മകളിൽ മാത്രമാകുന്നതു പോലെ...തോന്നൽ മാത്രമായിരിക്കുമോ ...? 

16 Jul 2014

യാത്രാമദ്ധ്യേ


ചെറുകഥ 

പേജ് 1 

എന്നോട് നീ യാത്ര പറയരുതേ...എനിക്ക് അത് ഉൾകൊള്ളാനാകില്ല. നിന്നെ എനിക്ക് പൂർണ്ണമായി അറിയുക പോലുമില്ല. എന്നിട്ടും നിന്റെ കണ്ണുകൾ എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചു. ഏകദേശം 11 മണിക്കൂർ കൊണ്ട് ഹൗറ എത്തേണ്ടിയിരുന്ന ഈ ട്രെയിൻ എവിടൊക്കെയോ നിർത്തി നിർത്തി ഒടുക്കം നിന്റെ സ്ഥലം എത്താറായി.ഇപ്പോൾ 18 മണിക്കൂർ. അതിനുള്ളിൽ നീ എന്റെ മനസ്സ് അപഹരിച്ചു. അവളുടെ മനസ്സിനുള്ളിൽ പറയുന്നത് അവളുടെ ചെവികൾ കേൾക്കുന്നുണ്ടായിരുന്നു.

'ഒരു പക്ഷെ ഈ ട്രെയിൻ ഇന്നലെ ബിലാസ്പൂറിൽ നിന്നും കൃത്യ സമയത്ത് പുറപ്പെട്ടിരുന്നെകിൽ, ഞാൻ നിന്നെയോ നീ എന്നെയോ കണ്ടുമുട്ടുമായിരുന്നില്ല.'
'ഇത് വിധിയോ, നിയോഗമോ, ഞാൻ എന്ത് പറയാനാണ്'...? 
'പ്രണയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരവുമില്ല'.
'എന്റെ വരവും കാത്ത് ബോർഡിങ്ങിൽ നില്ക്കുന്ന എന്റെ റാണി മോൾ മാത്രമായിരുന്നു എന്റെ മനസ്സിൽ..എത്രയും വേഗം അവളുടെ അടുക്കലെത്തിപ്പെടുവാൻ മാത്രം ആഗ്രഹിച്ചു യാത്ര പുറപ്പെട്ടവളാണ് ഞാൻ'. അവൾ പറഞ്ഞു കൊണ്ടേയിരുന്നു.

അവളുടെ വിതുമ്പലിൽ അവനു വാക്കുകൾ കിട്ടിയില്ല. അവൻ മൗനമായിയിരുന്നു. കണ്ണുകൾ അവളിൽ നിന്നും പറിച്ചെടുത്തു പുറത്തേക്കു നോക്കി...ദൂരെ നക്ഷത്രങ്ങൾ അവർക്ക് സാക്ഷിയായി കൂട്ട് വരുന്ന പോലെ.മാസത്തിലൊരിക്കൽ യാത്ര ചെയ്യാറുള്ള അവന് അന്ന് പതിവില്ലാതെ ആ ട്രെയിനിലെ കോച്ചിൽ അങ്ങിങ്ങായി ആറോ ഏഴോ പേർ മാത്രമുള്ളതായി തോന്നി. യാത്രശീലം അവന് ഒരു ക്ഷീണമായി തോന്നാറില്ല...പക്ഷെ അന്ന് അവൻ വല്ലാതെ മാനസികമായി തളരുന്ന പോലെ. ആ രണ്ട് പേരോടൊപ്പം യാത്ര ചെയ്യുന്ന പുറത്തെ അന്ധകാരത്തിന് ഘനം കൂടുന്ന പോലെ തോന്നി...അസ്വസ്ഥമായ മനസ്സ് അവനിൽ നിന്നും അകന്നു പോകുന്നത് അവൻ അറിയുണ്ടായിരുന്നു.

ഡെയ്സി, 'ഞാൻ നിന്നോട് സംസാരിച്ചു തുടങ്ങിയത് ഒരു സഹയാത്രികയോടുള്ള ഒരു പരിചയപ്പെടൽ' എന്ന ഒരു കൗതുകമായിരുന്നു എന്റെ ഉള്ളിൽ. അതിലുപരി ഞാൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല '
.
'എന്റെ വാക്കുകളോ, എന്റെ പെരുമാറ്റമോ..എനിക്കറിയില്ല. നമ്മൾ വളരെ വേഗം തമ്മിലടുത്തു'.
'ഒരു മുൻ ജന്മ ബന്ധം ഉണ്ടാവുമായിരിക്കാം നമ്മുടെയിടയിൽ. അതുമല്ലെങ്കിൽ അടുത്തജന്മം ഒന്നാകാൻ ഉള്ളവരായിരിക്കാം'. അയാളുടെ വരികളിലെ വാക്കുകൾ മുറിഞ്ഞു തുടങ്ങിയിരുന്നു.

'ഒരിക്കലും നിങ്ങളെ കാണുവാനേ പാടില്ലായിരുന്നു', ഡെയ്സി വിതുമ്പി. അവൾ കണ്ണുകൾ കൈകൾ കൊണ്ട് മറച്ചിരുന്നു.

'പ്രതീക്ഷകൾക്ക് വിപരീതമായി നിന്നോട് അടുക്കാൻ തോന്നിയതിന് മറ്റൊരു കാരണം, എന്റെ മനസ്സിൽ ഒരിക്കൽ കയറി കൂടുകയും എന്നന്നേക്കുമായി നക്ഷ്ടമായ ശ്രീദേവിയെ നിന്നിലെ കണ്ണുകളിൽ ഞാൻ കണ്ടത് പോലെ'. അയാൾ വികാരാതീതനനായി. അവളുടെ മുഖത്തേക്ക് നോക്കിയിരുന്ന അയാൾ കണ്ണുകൾ അവളിൽ നിന്നും പറിച്ചെടുത്ത്‌ വീണ്ടും ഇരുട്ടില്ലേക്ക് നോക്കിയിരുന്നു. ഇരുട്ടിൽ ശ്രീദേവിയുടെ മുഖം അവ്യക്തമായി കാണുന്നപോലെ അയാൾക്ക് തോന്നി.

'ഇല്ല...എനിക്ക് ഇവിടെ ഇറങ്ങിയേ പറ്റു. ഓർമ്മകൾ എന്നെ വേട്ടയാടി തുടങ്ങുന്നതിനു മുൻപേ ഞാൻ നിന്നെ പിരിയട്ടെ.' ഒരിക്കൽ മുറിഞ്ഞ മനസ്സിൽ വീണ്ടും മറ്റൊരു മുറിവ് കൂടി താങ്ങാനാകില്ല ഡെയ്സി. നമ്മൾ കാണരുതായിരുന്നു. വേണ്ടിയിരുന്നില്ല. പൊറുക്കുക ഡെയ്സി. ഐ...ആം... സോറി. അയാൾ വാക്കുകൾക്ക് വേണ്ടി പരതുന്ന പോലെ.

രവി !!!.. കണ്ണുകൾ മറച്ചിരുന്ന കൈകൾ കൊണ്ട് അവൾ അയാളുടെ വിരൽ തുമ്പിൽ പിടിച്ചു.

'പോയിക്കോള്ളൂ...ഇനി കാണാനാകുമോ എന്നറിയില്ല'. അവൾ അയാളോട് പറഞ്ഞു.

എതിർ സീറ്റിൽ നിന്നും എഴുന്നേറ്റു രവിന്ദ്രൻ ഡെയ്സിയുടെ അടുക്കലിരുന്നു.

'പിരിയും മുൻപേ ആദ്യമായും അവസാനമായും നിന്റെ കവിളിൽ ഞാൻ ചുംബിക്കുന്നു...അവസാനത്തെ ചുംബനം'. മേഘങ്ങൾക്കിടയിലേക്ക് പറന്ന് ഉയരാൻ തയ്യാറായി നിൽക്കുന്ന മാലാഖയെ പോലെ ഡെയ്സിയുടെ പിന്നിൽ ചിറക് വിരിയുന്ന പോലെ തോന്നി, അയാൾക്ക് അപ്പോൾ. 

പക്ഷെ അവളുടെ ആ കണ്ണുകളിൽ നിർവികാരത നിറഞ്ഞ നില്ക്കുന്നത് കാണാം...അവന്റെ മനസ്സിൽ വിഷാദവും.


---------------------------------------------------------------------------------------------------------------------------------------------------------------------------

" കട്ട്‌ "  ബാക്കി എഴുത്ത് പിന്നെ....എഴുത്തുകാരൻ,ഒരു ചായ കുടിക്കട്ടെ...

6 Feb 2014

അപാര ധൈര്യം തന്നെ...


അതിർത്തി നിർണയം - ഭാഗം 2
(കാല ചക്രം ഞാൻ ലേശം പിന്നിലോട്ട് ഒന്ന് കറക്കുന്നു - 1990 കാലഘട്ടം, കഥയ്ക്കു വേണ്ടി തെരഞ്ഞെടുക്കുന്നു, പശ്ചാത്തലം - ഗോവ)
------------------------------------------------------------------------------------------------------------------
പേടി എന്തെന്ന് അറിയാത്ത ഒരുവനായിരുന്നു മാർട്ടിൻ ഗോണ്‍സാൽവസ്. ഗോവയിലെ ഏതു കോണിലും എന്തിനും എവിടെയും ആരെയും കൂസാതെ ഇടിച്ചു കേറി ചെല്ലുവാൻ അപാരമായ ധൈര്യം മാർട്ടിനുണ്ടായിരുന്നു... ഈ ലോകത്തിൽ ഭൂതപ്രേതാദികൾ ഒന്നും തന്നെ ഇല്ലെന്ന് ചെറുപ്പം മുതൽക്കേ മനസ്സിൽ അയാൾ വിശ്വസിച്ചിരുന്നു. മാർട്ടിന്റെ പേരു കേട്ട ധൈര്യം നാട്ടിലെ പലരുടെയും മന:സമാധാനം തല്ലിക്കെടുത്തിയിരുന്നു...തങ്ങൾക്കൊന്നും മാർട്ടിനെ പോലെയാകുവാൻ കഴിയുന്നില്ലല്ലോ എന്ന അസൂയ കലർന്ന വിഷമമായിരുന്നു മൂലകാരണം.

വർഷങ്ങൾക്കു മുൻപ് ഗോവയിലേക്ക് കുടിയേറി പാർത്ത ഡി'സിൽവയ്ക്ക് അറിയാതെ ഇടയ്ക്കു ചിലപ്പോൾ ആ മലയാളി ചുവ നിറഞ്ഞ അസൂയ തലയ്ക്കു മുകളിൽ കൂട് കൂട്ടും. മാർട്ടിന്റെ ധൈര്യമെന്ന മാർക്കറ്റ് ഇടിച്ചു കളഞ്ഞേ ഉറക്കമുള്ളൂ എന്ന് ഡി'സിൽവ ഉഗ്ര ശപഥം എടുത്തു...

അങ്ങനെ ഇരിക്കെ മാർട്ടിനെ, ഒരു നാൾ മപുസയിലെ (Mapusa) ' ദി സെക്കന്റ്‌ വേൾഡ് ' ബാറിലെ കൗണ്ടറിൽ വച്ച്, ഡി'സിൽവയ്ക്കു തരത്തിന്നു കിട്ടി...ഡി'സിൽവ ഒരു ബിയർ ഓഫർ ചെയ്തു...ആ അരണ്ട വെളിച്ചത്തിൽ ഇരുവരും വിശേഷങ്ങൾ പങ്കിട്ടു അല്പം സമയം ചിലവഴിച്ചു.

D'silva : Mr.Gonsalves, see all these days I have been hearing glorified stories about your fearlessness...
Martin : Oh..Ya. Thank you...

But, 'Gonsalves, I need to convince myself that you can stay a night in Cemetery, all alone.'
Why Not...? Fix up a date and place.. I am in, my dear D'silva.


മാർട്ടിന്റെ ധൈര്യം പ്രകടിപ്പിക്കുവാൻ ഡി'സിൽവ തീരുമാനിച്ചിരുന്നത് കാണ്ടോലിം (Candolim) സെമിത്തേരിയായിരുന്നു. ഡച്ച് അധിനിവേശകാലത്ത് നിർമ്മിച്ച പഴയ സെമിത്തേരി ഇപ്പോൾ കാടും പടലങ്ങളും പിടിച്ചു ആകെ ഭയാനകമായ ഒരു ജീർണ്ണിതാവസ്ഥയിലായിരുന്നു...ആ ഭാഗത്ത്‌ അടുത്തെങ്ങും ആൾ പെരുമാറ്റമോ രാത്രികാലങ്ങളിൽ വെളിച്ചമോ ഉണ്ടാകാറില്ല. പൊളിഞ്ഞു വീഴാറായ പള്ളിയുടെ ബാക്കി ഭാഗങ്ങൾ 1800 കാലഘട്ടത്തിലെ തച്ചുശാസ്ത്രത്തെ ഓർമ്മപ്പെടുത്തുന്നു...കല്ലറകൾക്ക് ചുറ്റും തഴച്ചു വളർന്ന കാട്ടു ചെടികൾക്കിടയിൽ നിന്നുമുള്ള നിഴലുകൾ ആരിലും ഭീതി ഉളവാക്കും. ഇരു വശവുമുള്ള കല്ലറകൾക്ക് നടുവിലായി കിടക്കുന്ന നടപ്പാത കരിയിലകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.
ഇടയ്ക്കു രാത്രികാലങ്ങളിൽ വീശുന്ന കാറ്റിൽ, കരിയിലകൾ പാറി പറന്നു അവിടമാകെ തളം കെട്ടിയ നിശ്ശബ്ദതയെ കീറി മുറിച്ചു. ചിവീടുകൾ ഒരേ സ്വരത്തിലും താളത്തിലും അങ്ങിങ്ങായി ശബ്ദം പുറപ്പെടുവിച്ചു കൊണ്ടേയിരുന്നു. പൊടുന്നനെ ഉണ്ടാകുന്ന നിശ്ശബ്ദതയിൽ എങ്ങു നിന്നോ കേട്ട് കൊണ്ടിരുന്ന കൂമന്റെ കുറുങ്ങൽ ആരുടേയും ഭയത്തിന് ആക്കം കൂട്ടും.


ഡി'സിൽവ, മലയാളിയായത്‌ കൊണ്ടാവാം മാർട്ടിനു തിരഞ്ഞെടുത്ത അന്നേ ദിവസം കറുത്തവാവ് ആയിരുന്നു. നാല് ബൈക്കുകളിലായി അവരും സുഹൃത്തുക്കളും അന്നേ ദിവസം അവിടെ എത്തിപ്പെട്ടു. പള്ളിക്ക് 2കി.മി ദൂരെ ബൈക്കുകൾ നിർത്തി, മാർട്ടിനോട് അങ്ങോട്ടേക്ക് നടന്നു പോകുവാൻ ഡി'സിൽവ ആവശ്യപ്പെട്ടു...നടന്നു നടന്നു മാർട്ടിൻ പള്ളി മുറ്റത്തെത്തി. ചുറ്റും കൂരിരുട്ട്...എങ്ങും നിശ്ശബ്ദത...അങ്ങ് ദൂരെ എവിടെയോ ഒരു നായയുടെ ഓരിയിടൽ അടുത്ത് വരുന്ന പോലെ ...ആ അന്ധകാരത്തിൽ പതിയെ കല്ലറകൾ ലക്ഷ്യമാക്കി മാർട്ടിൻ നടന്നു...കരിയിലകൾ ഞെരിഞ്ഞമർന്നു ആ പരിസരമാകെ നിശ്ശബ്ദതയെ ഉണർത്തി...പെട്ടന്ന് കാൽ എന്തിലോ തട്ടി മാർട്ടിൻ അവിടെ നിന്ന് പോയി...ശരീരം മരവിച്ചു പോകുന്നു.

'ഞാൻ ഒന്ന് ഭയന്നോ...? മാർട്ടിൻ സ്വയം ചോദിച്ചു..എന്താണ് താഴെ എന്നറിയുവാൻ പോലും കഴിയുന്നില്ല. ആ ഇരുട്ടിൽ ഒന്നും വ്യക്തമല്ലായിരുന്നു. മാർട്ടിന്റെ സംശയം തീർക്കുവാനെന്ന പോലെ ഒരു കൊള്ളിയാൻ മിന്നി. താഴെ കാൽച്ചുവട്ടിൽ ഏതോ ഒരു കല്ലറയുടെ മേൽഭാഗം...ഇത്തവണ കൊള്ളിയാൻ മിന്നിയത് മാർട്ടിന്റെ നെഞ്ചിനകത്തായിരുന്നു...ഭയം എന്ന വികാരം ഇതായിരിക്കുമോ..മാർട്ടിൻ, സ്വയം ചോദിച്ചു.

എന്തായാലും അല്പം പിറകോട്ട് നിൽക്കാം...തന്നിരിക്കുന്ന ഒരു മണിക്കൂർ തള്ളിനീക്കിയേ പറ്റൂ... മാർട്ടിൻ കൈയും കെട്ടി രണ്ടടി പുറകോട്ടു നിന്നു..വീണ്ടും അന്ധകാരം. ചിവീടുകൾ മൂളി പാട്ട് തുടങ്ങി...പെട്ടന്ന് കരിയിലകൾ ഞെരിഞ്ഞമരുന്ന സ്വരം മാർട്ടിന്റെ അടുത്തേക്ക് വരുന്ന പോലെ തോന്നി. മാർട്ടിന്റെ ഹൃദയത്തിന്റെ താളം പെരുമ്പറ മുഴങ്ങുന്നത് പോലെ കേൾക്കാമായിരുന്നു. കരിയിലകൾ ഞെരിഞ്ഞമരുന്ന സ്വരം പെടുന്നനെ ഇല്ലാതെയായി...മാർട്ടിൻ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി.

ഒടുവിൽ ആ യാഥാർത്ഥ്യം മാർട്ടിൻ തിരിച്ചറിഞ്ഞു. കാലുകൾ നനഞ്ഞു തുടങ്ങി...കൈകൾ കൊണ്ട് സ്വയം സ്പർശിച്ചു മനസ്സിലാക്കി..അരഭാഗത്തിനു താഴെ നനവ്‌...

Oh! No...I pissed...Oh My God. ഇതാണോ പേടിച്ചു മുള്ളിപ്പോകുകയെന്ന അവസ്ഥ...?
ഭയം എന്ന വികാരം തലപൊക്കി തുടങ്ങിയ വിഷമത്തെക്കാൾ ഈ പ്രായത്തിൽ ഭയന്ന് മുള്ളിപ്പോയതിന്റെ വിഷമം മാർട്ടിന്റെ മനസ്സിന്റെ ഭാരം വല്ലാതെ വർദ്ധിപ്പിച്ചു.

---------------------------------------------------------------------------------------------------------------------

(ക്ലൈമാക്സ്)


വീണ്ടും കൊള്ളിയാൻ മിന്നി...

മാർട്ടിൻ ഗോണ്‍സാൽവസ് കൊള്ളിയാൻ വെട്ടത്തിൽ തന്റെ മുന്നിൽ കണ്ടത് ഞെട്ടലിനും അന്ധാളിപ്പിനും കാരണാമായി...ഒരു നായയ കാലും പൊക്കി നിൽക്കുന്നു...തന്റെ ട്രൗസർ നനഞ്ഞത്‌ എങ്ങനെയായിരുന്നെന്നു അപ്പോഴാണ്‌ മാർട്ടിനു സ്ഥലകാലബോധത്തോടെ വെളിവായത്...മാർട്ടിന്റെ ഹൃദയത്തിൽ ഉത്ഭവിച്ച ഭയമെല്ലാം ചോർന്നൊലിച്ചു പോയി. 

പോ പട്ടി...പുല്ലേ...Clear Out YOU stupid...മാർട്ടിൻ കൈകൾ ഓങ്ങി അലറി...

(നാട്ടിലെ സുഹൃത്ത്‌ ശൂരൻ നായയെ കാണാൻ പോയിട്ട് രണ്ടു നാൾ മുൻപ് ഗോവയിലെത്തിയ പാണ്ടൻ നായയ തന്റെ മുടങ്ങിയിരുന്ന, "നൈറ്റ്‌റൈഡ്"  (റൂട്ട് പാട്രോൾ) പുന:രാരംഭിച്ചതു അന്നേ ദിവസമായിരുന്നു...സ്ഥിരം റൂട്ടിൽ പുതുതായി സ്ഥാപിക്കപ്പെട്ട 'ഒരു പോസ്റ്റ്‌ ' എന്ന് തെറ്റിദ്ധരിച്ച പാണ്ടൻ നായ അതിർത്തി നിർണയം നടത്തിയതായിരുന്നു മാർട്ടിന്റെ കാലുകളിൽ കൂടി... ഒന്നുകൂടി പറഞ്ഞാൽ മാർട്ടിന്റെ കാലുകളിൽ പാണ്ടൻ നായ് "അതിർത്തി മുള്ളി" നിർണ്ണയിച്ചു...)

നമ്മുടെ പാണ്ടനു ഒരു പിടിയും കിട്ടിയില്ല...പാണ്ടാനാകട്ടെ ഒന്ന് മുരണ്ടു. പക്ഷെ 
അധികം സീനിൽ നിൽക്കാൻ പാണ്ടനു മനക്കട്ടിയില്ലായിരുന്നു...കാരണം കൊള്ളിയാന്റെ വെട്ടത്തിൽ തന്റെ നഗ്നത പുറത്തായതിന്റെ ചമ്മലിൽ അന്ധാകരത്തിൽ എവിടെയ്ക്കോ ഓടി മറഞ്ഞു...

© Ar. Jose D

25 Jan 2014

കേശുവിന്റെ കണക്കിലെ കളികൾ  



കാനനദേശത്തിലെ സിംഹരാജ തിരുമേനിയുടെ കൊട്ടാരത്തിലെ മന്ത്രിയായിരുന്നു പുലികോടൻ കേശു. രാജയുടെ വലം കൈയെന്നു മറ്റുള്ളവരോട് ഏതു സമയവും സ്വയം വിശേഷിപ്പിച്ചിരുന്നു കേശു. കൊട്ടാരസദസിലെ ചാണക്യ സൂത്രങ്ങൾ മെനഞ്ഞിരുന്ന കൊട്ടാരം വിദൂഷകനും രാജയുടെ പേഴ്സണൽ സെക്രട്ടറിയുമായ നരിമാൻ കുറുക്കന്റെ 'ബുദ്ധി' കേശു ഒരിക്കൽ, നരിമാൻ അറിയാതെ കടമെടുത്തു. രണ്ടു ദിവസം അളിയന് പനിയായി കിടപ്പിലായിരുന്നു.നരിമാന്റെ പനി കാരണം കൊട്ടാരം സദസ്സിനു രാജ അവധിയും കൊടുത്തു. നരിമാന്റെ അഭാവത്തിൽ വിടലത്തരങ്ങൾ അടിച്ചു സദസ്സിനു മുന്നിൽ ബ്ലേഡ് ആകേണ്ടയെന്നു രാജയ്ക്ക് നിർബന്ധമുണ്ടായിരുന്നു. 
(നരിമാന്റെ 'പനി' രാജയ്ക്ക് 'പണി' ആകരുതല്ലോ...നല്ല നാല് പണി പുള്ളിയ്ക്ക് ഇടയ്ക്കു കിട്ടിയിരുന്നു. അതിൽ പിന്നെ പ്രഭു എപ്പോഴും നരിമാന്റെ നിർദേശങ്ങൾ മുഖ വിലയ്ക്ക് എടുത്തിരുന്നു)
വലം കൈയായിരുന്ന കേശുവിനെ രാജ, എക്കാലവും കൂടെ കൂട്ടുമെന്നും 'കേശു ഇല്ലാതെ രാജ ഇല്ലെന്നും' കേശു സ്വയം കണക്ക് കൂട്ടിയിരുന്ന കാലം. തന്റെ പ്രജകളുടെ വാസത്തിനു അനുവദിച്ചിട്ടുള്ള ലോണുകളും മറ്റാധാരങ്ങളും കേശു ആയിരുന്നു നോക്കി നടത്തിയിരുന്നത്. ഒരു വിലപേശലിനു പറ്റിയ കാലാവസ്ഥ. രണ്ടു റൗണ്ട് രാജയുടെ ഗുഹയ്ക്ക് ചുറ്റും വലം വച്ച് കേശു മുഖം കാട്ടി. 
'ഉം..എന്താ കേശു.'
'രാജാവേ അടിയനു ഒരു കാര്യം പറയാൻ ഉണ്ട്'
രാവിലത്തെ കാടൻ ടൈംസ്‌ വായനയിലിരുന്ന രാജ, റീഡിംഗ് ലെൻസ്‌ മുഖത്ത് നിന്നും ഊരി ഇടത്തെ കൈയിലെടുത്തു കടിച്ചു പിടിച്ചു..
'നീ കാര്യം പറയഡാ ഊവ്വേ' രാജ ഗൗരവത്തിൽ കേശുവിനോട് പറഞ്ഞു.

'പ്രഭോ, ഞാൻ എന്റെ നാട്ടിലേക്ക് പോകുകയാണ്. ശിഷ്ട കാലം തെങ്ങിൻതോപ്പും കൃഷിയുമായി അങ്ങ് കഴിയാമെന്നു ആലോചിക്കുന്നു.

[സട കുടഞ്ഞു ഇരിപ്പിടത്തിൽ നിന്നും അളിയൻ ചാടി...നീ എന്ത് കോപ്പാണ് ഈ പറയുന്നത്. ഇവിടുത്തെ കണക്കും കാര്യങ്ങളും ആര് നോക്കും. നീ ഒരുമാതിരി മറ്റേ പണി കാണിക്കരുത് കേശു. നീ എന്റെ കാര്യം വല്ലോം ആലോചിച്ചിട്ടുണ്ടോ. നമ്മുടെ പ്രജകളുടെ കാര്യങ്ങൾ എന്താകും. നിനക്ക് എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ പോലും കഴിഞ്ഞു ? അളിയൻ തലയിൽ കൈ വച്ചിരിപ്പായി] രാജയുടെ അവസ്ഥ കേശു സ്വപ്നം കണ്ടു നില്ക്കുകയായിരുന്നു.

'നിനക്ക് അതിനുള്ള ആദായം കൃഷിയിൽ നിന്നും ഉണ്ടാകുമോ ' ? രാജ പുലിയോട് ചോദിക്കുന്നത് കേട്ടപ്പോളാണ് കേശു സ്വപ്നത്തിൽ നിന്നും ഉണർന്നത്.
രാജ ഒന്ന് നീണ്ടു നിവർന്നിരുന്നു കൈകൾ പരസ്പരം കൂട്ടികെട്ടി സമാധാനമായി കേശുവിനോട് സംസാരിച്ചു. രാജയുടെ പ്രതികരണം കണ്ടപ്പോൾ കേശു മനസ്സിൽ പറഞ്ഞു. ' മൂ*** ' പണി പാളിയെന്നു തോന്നുന്നു.

കേശു പരിഭ്രമം പുറത്തു കാട്ടാതെ പറഞ്ഞു. 'അത് ആലോചിച്ചിട്ട് കാര്യമില്ലല്ലോ പ്രഭോ...കാലം കുറെയായി ഇല്ലേ ഞാൻ അങ്ങയുടെ കൂടെ...' എന്ന് മൊഴിയിലും, കുറെ കാലമായില്ലെഡാ പുല്ലേ നിന്റെ മൂട്ടിലിരുന്നു പണി എടുക്കുന്നു...ഒരു കോപ്പും നീ എനിക്ക് തന്നിട്ട് ഇല്ലല്ലോ...പിന്നെ നീ എന്തൂട്ട് ചോദ്യമാണ് കൊശവാ  ചോദിക്കുന്നത്...എന്ന് മനസ്സിലും  ചോദിച്ചു ..

'അങ്ങനെ എങ്കിൽ അങ്ങനെ ആകട്ടെ. ചിണ്ടൻ കരടിയോട് കണക്കു 
പറഞ്ഞു ബാക്കിയുള്ളത് വാങ്ങിക്കോ.' രാജ കേശുവിനെ നോക്കി പറഞ്ഞു.

കൈകൾ പിന്നിൽ കൂട്ടി കെട്ടി കേശു മനസ്സിൽ പറഞ്ഞു. മൊത്തത്തിൽ മൂ***...കണക്കു നോക്കിയാൽ ഖജനാവിൽ കെട്ടിവയ്ക്കാനെ കാണു.  'പറ്റ്‌' ആദ്യമേ പറ്റിയില്ലായിരുന്നോ.
'പറ്റ്‌' പറ്റി പോയല്ലോ...ഹോ അത് പറ്റായി പോയല്ലോ.

സത്യാവസ്ഥ:-
പുതുതായി വന്ന ഒരു സിംഹിനിയിലായിരുന്നു രാജ കേശുവിനു പകരക്കാരിയായി കണ്ടിരുന്നത്‌. ശമ്പളം തുച്ചം ഗുണം മെച്ചം..പറയുന്നത് കേട്ടോളും..ഗർജ്ജിക്കില്ല. സിംഹം സിംഹിനിയിൽ കണ്ടിരുന്ന കുറെ ഗുണഗണങ്ങളുടെ ലിസ്റ്റിലുള്ള 'ഐറ്റംസ്' ഇടയ്ക്കു അയവു ഇറക്കുമായിരുന്നു... ഇത് എങ്ങനെ ഒന്ന് കേശുവിനെ അറിയിക്കും എന്ന് ഞെരി പിരി കൊള്ളുകയായിരുന്നു രാജ കഴിഞ്ഞ കുറെ മാസങ്ങളായി.

തിരികെ ഇരിപ്പിടത്തിൽ വന്നിരുന്ന കേശു, കിണ്ടിയും കുറുവടിയും കോലും മറ്റു കിടുപിടികളുടെ ലിസ്റ്റ്  എടുപ്പിൽ വ്യാപൃതനായി.

Photo credit to Google, Photographer.
ഞാൻ ഇപ്പോൾ ആരായി....?


------------------------------------------------------------------------------------------------------------------------------------------------
ഗുണപാഠം : 
കുറുക്കന്റെ ബുദ്ധി പുലിയ്ക്കു പണിയായി...
പുലി എന്നും പുലിയായിരിക്കണം...
ലോണ്‍ എടുക്കുന്ന പോലെ ബുദ്ധി കടം എടുക്കരുത്...
കണക്ക് കൂട്ടുമ്പോൾ ഒരു ഏറ്റ കുറച്ചിൽ കൂടി നടത്തണം...












8 Dec 2013

പ്രതിബിംബം 



ഒന്നേ നോക്കിയുള്ളൂ...പിന്നെ നോക്കാൻ മെനക്കെട്ടില്ല...ഹോ ! എന്തുവായിരുന്നു...കിടുങ്ങി വിറച്ചു പോയി...ആ കിടുങ്ങൽ ഇപ്പോഴും മാറിയിട്ടില്ല...ഓർക്കുന്തോറും ഓടി അകലുവാൻ മനസ് വെമ്പുന്നു...ജീവിതത്തിൽ നിന്നും ഓർമ്മകളിൽ നിന്നും...മറ്റുള്ളവരിൽ നിന്നും. അകലുംതോറും ആ രൂപം വേട്ടയാടുന്നു - 'അവനെയും, പിന്നെ അവനെയും' 

..........................................................................................................................................................
ചോരയൊലിക്കുന്ന രണ്ടു കണ്ണുകൾ, നീണ്ട ചെവികൾ, കുന്തംപോലെ കൂർത്ത രണ്ടു കോമ്പല്ലുകൾ, ഒട്ടിയ കവിൾ...മുടി ഉണ്ടായിരുന്നോ...? ഓർക്കുന്നില്ല...അവനു നേരെ നീട്ടിയ കൈവിരലുകളിൽ എല്ലാം നീണ്ട നഖങ്ങൾ മാത്രം. തീക്ഷ്ണമായ ആ നോട്ടം ആരെയും ദഹിപ്പിച്ചു കളയും...വാൽ കണ്ടില്ല...ഫുൾ സൈസ് മിറർ അല്ലായിരുന്നത് കൊണ്ടാകാം വാൽ കാണാഞ്ഞത്...

നല്ല മനോഹരമായി പ്രതിഫലിക്കുന്ന ഒരു പുതിയ കണ്ണാടിക്കു മുന്നിലും പിന്നിലുമായി ഒരുകാലത്ത്, ഒരു മനസ്സും രണ്ടു ശരീരവുമായി ജീവിച്ച സുഹൃത്തുക്കൾ പരസ്പരം കണ്ട പ്രതിബിംബമായിരുന്നു ആ പേടിപ്പെടുത്തുന്ന രൂപം. രണ്ടാളും കണ്ടത് ഒന്ന് തന്നെ...


അതും ഒരേ സമയം...ഒരേ മനസ്സോടെ. പക്ഷെ ഇത്തവണ ആ മനസ്സിന് ഉടമകൾ അവർ അല്ലായിരുന്നു എന്ന് മാത്രം.
(ആ മനസ്സുകളുടെ സ്പന്ദനം ഒരു കാലത്ത് ഇരുവരും ഒരേ പോലെ അറിഞ്ഞിരുന്നു. ഇന്ന് അവർക്ക് സ്വന്തം മനസ്സ് പോലും അന്യമായിരിക്കുന്നു)
............................................................................................................................................................

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടയെന്ന് ഒരു പഴമൊഴി തുടരെ കേട്ടിട്ടുള്ളവരാണ് നമ്മൾ.
ഇന്ന് ആ പഴമൊഴി അന്വർത്ഥമാക്കാൻ എത്രപേർക്ക് കഴിയും. എത്രത്തോളം ആത്മബന്ധം 
ഇന്ന് നിലനില്ക്കുന്നു...ഉണ്ടാകാം ഇല്ലെന്നു ഒരിക്കല്ലും പറയുവാൻ എനിക്കാകില്ല...

എന്നാലും.....!!!



 

6 Dec 2013

പഴയ കാല പാണ്ടൻ നായുടെ ന്യൂ ജനറേഷൻ ലൈഫ്.

അതിർത്തി നിർണയം - ഭാഗം 1 

വർഷങ്ങൾക്കു ശേഷം പട്ടണത്തിൽ സ്ഥിര താമസമാക്കിയിരുന്ന പാണ്ടൻ നായ് ഒരു നാൾ  തന്റെ ബാല്യകാല ചങ്ങാതി ശൂരനെ കാണാൻ ഗ്രാമത്തിലേക്ക് പോയി...

ശൂരൻ, പാണ്ടനെ കണ്ട മാത്രയിൽ തരിച്ചിരുന്നു പോയി...അവനെ കുറിച്ചോ അവന്റെ വരവിനെ കുറിച്ചോ ഒരു വിവരവും ശൂരന് നാളിതുവരെ ഇല്ലായിരുന്നു...

അന്ധാളിച്ചു നില്ക്കുന്ന തന്റെ ചങ്ങാതിയെ കണ്ടു പാണ്ടൻ ശൂരനോട് ചോദിച്ചു: " ശൂരാ നീ എന്റെ പോസ്റ്റ്‌ കണ്ടില്ലായിരുന്നോ..? "

ശൂരൻ പാണ്ടനോട് പറഞ്ഞു:  "അല്ലടാ ഊവേ...നിന്റെ പോസ്റ്റിൽ നീ അല്ലെ മുള്ളേണ്ടത്..ഞാൻ അല്ലല്ലോ. നിന്റെ അതിർത്തി നീ അല്ലെ നിർണയിക്കുന്നത്? "

പാണ്ടൻ അല്പം ശൌര്യത്തോടെ ശൂരനോട് :  "അത് അല്ലടാ പട്ടി (നായേ)...എന്റെ ഫേസ് ബുക്കിലെ പോസ്റ്റിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്...പൈസയും മുടക്കി സമയവും ചെലവാക്കി നിന്നെ കാണാൻ ഇത്രയും ദൂരം വന്ന എന്നെ വേണം പറയാൻ..

ശൂരനു ഒന്നും അങ്ങട് കത്തിയില്ല. (ശൂരൻ ഫേസ് ബുക്കിൽ മെമ്പർ അല്ല.)
ശൂരന്റെ ഈ ഗ്രാമത്തിൽ നെറ്റുമില്ല ഫേസ് ബുക്കുമില്ല...മുഖാ മുഖ ക്ഷേമാന്വേഷണം മാത്രം. ഒരിക്കലെങ്കില്ലും നമ്മളും ആ ഗ്രാമീണ നിഷ്കളങ്കതയുടെ നഷ്ടം അനുഭവിക്കുന്നില്ലേ...?

പാണ്ടൻ ശൂരനെ ആഷ്ളേശിച്ചു എന്നിട്ട് പറഞ്ഞു :
"എന്നാലും നീ എന്റെ ചങ്ങാതി യാണ് ...നിന്നെ മറക്കുവാൻ എനിക്കാവില്ല..."

പണ്ട് ഓടി ചാടി നടന്ന അതിർവരമ്പുകൾ കാണുവാനും ഓർമ്മ പങ്കിടുവാനുമായി അവർ രണ്ടാളും ഗ്രാമിത്തിലോട്ടു നടന്നു....




image credit google



-----------------------------------------------------------------------------------------------
അതിർത്തി നിർണയത്തിൽ "മനുഷ്യൻ" മതില് കെട്ടി ആശ്വസിക്കുന്നു...
"നായ്ക്കൾ" അതിർത്തി മുള്ളി നിർണയിക്കുന്നു...
-----------------------------------------------------------------------------------------------






© jos 

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...