2 Feb 2016

സിംഗിൾ സ്റ്റാർ (തനി നാടൻ)

ഒരു ചായ കുടിക്കാൻ വേണ്ടി അടുത്തുള്ള ഒരു സിംഗിൾ സ്റ്റാർ (തനി നാടൻ) ഹോട്ടല്ലിലോട്ട് കയറി ഇരിപ്പായി.
'അവിടെ എന്താ വേണ്ടത്...?'
'ഒരു മധുരമില്ലാത്ത ചായ'
'ശേഖരാ...ലൈനിൽ ഒരു വിത്തൌട്ട്, 
പിന്നെ തിരിഞ്ഞു എന്നോട് ചോദിച്ചു: 'കഴിക്കാൻ എന്തോ വേണം...?'
'ഒന്നും വേണ്ട.' ഇത്തിരി അമർത്തി തന്നെ പറഞ്ഞു. അവൻെറ ചോദ്യം സുഖിക്കാഞ്ഞിട്ടല്ല. ആ ചോദ്യത്തിനിടയിൽ അയാൾ കൈലിമുണ്ട് ഒന്ന് നിവർത്തി വീണ്ടും മടക്കികുത്തി ഉടുത്തു. ഒരു ചോദൃ ചിഹ്നം മനസ്സിലുടലെടുത്തു...ഇവൻ ഇനി അടുക്കളയിലോട്ട് വിളിച്ച് പറഞ്ഞത് നേരിൽ കാട്ടുവാനുളള ശ്രമം വല്ലതുമാണോ....ഈശ്വരാ.
ആശാൻ നിന്നതിൻെറ തൊട്ടടുത്തുള്ള തടി മേശ പുറത്ത് രണ്ട് ബേസിനിൽ കുറെ വടകളും പഴംപൊഴികളും ഞെരിപിരി കൊള്ളുന്ന പോലെ തോന്നി. (ഇടയ്ക്ക് പെയ്തു കൊണ്ടിരുന്ന മഴ കാരണമാകും ആ വടകൾ, പഴംപൊഴികൾ പെട്ടന്ന് ആറി തണുത്തിരുന്നു)

ചോദൃകർത്താവിൻെറ നില്പ് തുടർന്നു. ചായകടയിൽ വലിയ തിരിക്കില്ലായിരുന്നു.
അയാളുടെ മുണ്ട് മടക്കി കുത്തിയിരുന്ന പൊക്കത്തിൻെറ അളവുകോൽ ഏതവനായാലും ഒന്ന് അളന്ന് പോകും. കാരണം രോമകൂപങ്ങൾ നിറഞ്ഞ് നിന്നിരുന്ന അയാളുടെ തുടകൾക്ക് മേശ പുറത്ത് ഏറ്റവും മുകളിലായി വച്ചിരുന്ന വടകളെക്കാളും പൊക്കമുണ്ടായിരുന്നു. ആ വടകളകൾക്കും പഴംപൊഴികൾക്കും ജീവനുണ്ടായിരുന്നെൽ അവരെ ചുട്ട് എടുത്ത തിളച്ച എണ്ണയിൽ സ്വയം ചാടി ആത്മഹത്യ ചെയ്യതാനെ....ഉറപ്പ്. കാരണം ഒരു 'ബഹുമാനവുമില്ലാതെയായിരുന്നു' അയാൾ ആ വടകൾക്ക് മുന്നിൽ കൈലിമുണ്ട് പൊക്കി ഉടുത്ത് നിന്നത്.
മനസ്സിൽ അമർഷത്തോടെ ഞാൻ പറഞ്ഞു...തെണ്ടിക്ക് കൈലി താഴ്ത്തി ഉടുക്കാമായിരുന്നു.
അപ്പോഴേക്കും ചായ വന്നിരുന്നു. അത് കൊണ്ട് വന്നത് വേറെ ഒരാളായിരുന്നു.
വീണ്ടും ഞാൻ ആ പലഹാരങ്ങളെ സഹതാപത്തോടെ നോക്കിയിരുന്ന്...ചായ ഊതി കുടിച്ച് തുടങ്ങി. ഇടയ്ക്ക് സമയം നോക്കി....4:15. മഴ മേഘങ്ങൾ ഉരുണ്ട് തുടങ്ങിയത് കൊണ്ട് നേരമിരിട്ടിയത് പോലെയായി.
പെട്ടെന്ന് കൗണ്ടറിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു. "മണിയാ, നീ അവിടെ കുറ്റി അടിച്ച പോലെ നില്ക്കാതെ പോയി തേയില വാങ്ങിച്ചിട്ട് വാ....മണിയാ"
(തുടങ്ങിയതും അവസാനിച്ചതും മണിയനിൽ..... കൊള്ളാം അവന് അറിഞ്ഞിട്ട പേര് തന്നെ....)
മണിയൻ അവിടുന്നു ചലിച്ചു തുടങ്ങി. വടയും പഴംപൊരിയും എന്നെ നോക്കി കണ്ണുകൾ ചിമ്മി ചിരിക്കുന്ന പോലെ തോന്നി.

31 Jan 2016

എലി..പനി അഥവാ പണി

എലിയ്ക്ക് 'പനി' മാത്രമല്ല 'പണിയും' തരാൻ അറിയാം. കാര്യ വിവരവും കാര്യ പ്രാപ്ത്തിയുള്ള എലികൾ വിരളമല്ല എന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു.
ഒരു കലാലയത്തിന്റെ 'കാര്യാലയത്തിന്', അല്പം അകലെയായി ഒരു ചെറു കാട്ടിൽ കുറച്ച് എലികൾ പാർത്ത് പോന്നിരുന്നു. ചെറുതും വലുതുമായും...പിന്നെ ഇമ്മിണി വില്ലത്തരങ്ങളുമായി ഒരു പറ്റം കേമന്മാരും എലി വിലാസം എന്ന ചെറു ഗ്രാമത്തിൽ പൂണ്ട് വിളയാടിയിരുന്നു. അത്യാവശ്യം കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുകയും തൊട്ടടുത്ത കലാലയ കാര്യാലയത്തിലെ മനുഷ്യന്മാരുമായി യാതൊരു വിധ ഇടപ്പെടലുമുണ്ടായിരുന്നില്ല ആ മൂഷിക വംശത്തിന്. 
അങ്ങനെ ഇരിക്കെ കാര്യാലയ മേധാവിക്ക് 'എലിക്കുലം'  തോണ്ടാൻ ഒരു പൂതി. ഉത്തരവ് നടപ്പിലാക്കുന്നതിന് തീർത്തും എതിരായിയിരുന്നു അവിടുണ്ടായിരുന്ന സഹപ്രവർത്തകരായ മറ്റുള്ളവർ.എങ്കിലും ഉത്തരവ് ഇറങ്ങുന്നു....എല്ലാം ഒരു പകൽ വെളിച്ചത്തിൽ നടപ്പിലാക്കുന്നു.
ചുണ്ടെലി, നൊച്ചെലി, വെള്ളെലി, പന്നിയെലി തുടങ്ങി പെരുച്ചാഴികൾ വരെ കൈകുഞ്ഞുങ്ങള്ളുമായി തെക്ക് വടക്കുള്ള പൊത്തുകളിൽ ഓടി മറഞ്ഞു. എലിവിലാസം നിമിഷാദ്രങ്ങൾക്കുള്ളിൽ നിലംപരിശായി. 
എന്തോ നേടിയത് പോലെ മേധാവി വൈകിട്ട് പതിവ് പോലെ സ്വന്തം വാസ സ്ഥലത്തേക്ക് യാത്രയായി. ഒരു പറ്റം അല്ല ഒരു കൂട്ടം കണ്ണുകൾ അദേഹത്തെ ദയനീയമായും ക്രൂരമായും പ്രതികാരദാഹത്തോടും ഗേറ്റ് കടക്കുംവരെ പിന്തുടരുന്നുണ്ടായിരുന്നു.
---------------------------------------------------------------------------------------------------------------
അന്നേ ദിവസം രാത്രി മേധാവിയുടെ മുറിയിൽ ആൾ അനക്കമില്ലായിരുന്നുവെങ്കിലും ഒരു പത്തു പതിനഞ്ചു നിമിഷങ്ങൾ 'എലി' അനക്കമുണ്ടായിരുന്നു...(വിശ്വസിച്ചേ പറ്റു)
---------------------------------------------------------------------------------------------------------------
പിറ്റേന്ന് രാവിലെ മേധാവിയുടെ മുറിയുടെ വാതിൽ മലർക്കെ തുറക്കപ്പെട്ടു. ഇല്ല.....ഒറ്റ നോട്ടത്തിൽ ഒരു ചലനവും ഉണ്ടായിട്ടില്ല. എന്നത്തേയും പോലെ മേധാവി സ്വന്തം ഇരിപ്പിടത്തിന് അടുത്തേക്ക് നടന്നു. താലത്തിൽ പൂക്കൾ പ്രാസാദം അലങ്കരിച്ച് വച്ചിട്ടുള്ളത് പോലെ...തലേന്ന് മടക്കി വച്ചിരുന്ന ഫയൽ താളുകളുടെ പുറത്ത് പുളിങ്കുരു പോലെ എലികൾ കാട്ടം നിരത്തിയിട്ടിരിക്കുന്നു. 
(പെട്ടന്ന് നോക്കിയാൽ കിസ്മിസ് ആണോയെന്ന് പോലും തെറ്റിദ്ധരിച്ചു പോകും....ഒരുപക്ഷെ കലാലയ ക്യാമ്പസിനുള്ളിൽ പാർക്കുന്ന എലികളായത് കൊണ്ടാവും സ്വല്പം കലാപരമായി തന്നെയുണ്ട് വിരുതന്മാരുടെ പൂന്തി വിളയാട്ടം.)
18500 രൂപയുടെ ഇരിപ്പിടത്തിന് നടുവിൽ അഗാധ ഗർത്തം. അതിൽ "എന്തോ" തളം കെട്ടി കിടക്കുന്നു. കൃത്യം നടന്നിട്ട് അധിക നേരമായിലെന്ന് തോന്നി പോകും.
ടെൻഷൻ കയറി "വിഷ്ണു അണ്ണനായി" (വിഷണ്ണൻ) മേധാവി മേശയുടെ വലിപ്പ് 'കലിപ്പോടെ' വലിച്ചു തുറന്നു. Metformin, Norvasc, Paracetamol വരെ തുരന്നു കരണ്ട് എലികൾ നന്ദി രേഖപ്പെടുത്തിയിരിക്കുന്നു....ദിനം പ്രതിയുള്ള ഗുളിക സേവ ഒരു ദിവസത്തേക്ക് വേണ്ടയെന്ന് എലി സംഘം തീരുമാനിച്ചിരിക്കണം.
ആ വലിപ്പിനകത്തെ എലികളുടെ 'വലിപ്പീര്' കണ്ടു മേധാവിയുടെ കണ്ണുകൾ കലങ്ങി മറിഞ്ഞു...വലിപ്പിനുള്ളിൽ തന്റെ നെയിം ബോർഡ്‌ ഒരു വശത്തായി കിടക്കുന്നു.
Dr.Joshi Carpenter. Ph D. (പേര് സാങ്കല്പികം മാത്രം)

കണ്ണുകൾ വീണ്ടും കലങ്ങി മറിഞ്ഞു...ആ കലങ്ങി മറിച്ചലിനിടയിൽ ദൂരെ ഒരു പറ്റും കൂട്ട ചിരികൾ പ്രതിധ്വനിക്കുന്നത്‌ പോലെ...ആ ചിരികൾക്കിടയിൽ ഇങ്ങനെയും കേൾക്കുന്നത് പോലെ.....
സന്തോഷമായി "ജോഷിയേട്ടാ" ഞങ്ങൾക്ക് സന്തോഷമായി....

...........................................................................................................................................
ഒരു പക്ഷെ "Development" ന്റെ പേരിൽ ഏക്കറോളം പരന്നു കിടന്നിരുന്ന ഭൂമിയുടെ ഒരു മൂലയിൽ ഒതുങ്ങി കൂടി കഴിഞ്ഞിരുന്ന 'എലി വിലാസം' കുത്തിയിളക്കാതെ ഒഴിവാക്കിയിരുന്നെകിൽ എല്ലാം പഴയത് പോലെ തന്നെ ആയിരിക്കുമായിരുന്നു എന്ന് വിശ്വസിക്കാൻ തോന്നുന്നു.
ആന പകയോളം വരില്ലായിരിക്കാം എലി പക....അല്ലെ ?
അങ്ങനെ വീണ്ടും, എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പഴമൊഴി ഒരിക്കൽ കൂടി 'ലൈവ്" ആയിരിക്കുന്നു.

6 Dec 2015

വിമൂകത

സാറേ...സാറേ....എന്നെ ഒന്ന് തുറന്ന് വിടുമോ...? 
സാറേ... സാറേ...ഒന്ന് ...തുറന്ന് ....വിടാമോ എന്നെ...?

ദയനീയമായ ആ യാചന എവിടൊക്കെയോ കൊളുത്തി വലിക്കുന്നു. വിഷാദം വിതുമ്പുന്ന യാചനയിൽ, സ്വാതന്ത്ര്യമാണോ ആ താടി വളർന്ന ചെറുപ്പക്കാരൻ ആഗ്രഹിക്കുന്നതെന്ന് സംശയിച്ചു പോയി.  ജനാല അഴികളിൽ കൂടി പുറത്തേക്ക് രണ്ടു കൈകളും കൂപ്പി പിടിച്ച് വീണ്ടും...വീണ്ടും യാചിക്കുന്നത് പോലെ. തൊട്ടടുത്ത ജനാലയിൽ ഒരു വൃദ്ധൻ ദയനീയമായി ഞങ്ങളെ നോക്കി നിന്നു. അദ്ദേഹം ഒന്ന് മിണ്ടിയില്ല.

അവർക്ക് പിന്നിലായി  ഒന്ന് രണ്ടു ആളുകൾ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ആ നീണ്ട കെട്ടിടത്തിൽ ചിട്ടയായി ഇരുവശത്തുമായിയിട്ടിരുന്ന ഇരുമ്പ് കട്ടിലുകളിൽ മിക്കവയും ആരൊക്കെയോ ഇരിക്കുന്നു. ആ കെട്ടിടത്തിന് മുകളിൽ ഒരു ബോർഡിൽ "മുക്തി" എന്ന് അല്പം വലുതായി എഴുതിയിരുന്നു. എന്ത് കൊണ്ടോ എനിക്ക് അവിടെ നില്ക്കുവാൻ കഴിഞ്ഞില്ല. ആ യാചന കേട്ട് ഇടത്തോട്ട് തിരിഞ്ഞു നോക്കി ഞാൻ നടന്ന് കൊണ്ടേയിരുന്നു. 

(ജോലിയുടെ ഭാഗമായി ഇന്നലെ (12-06-2015) ഒരു മാനസികാരോഗ്യകേന്ദ്രത്തിനുള്ളിൽ സന്ദർശിക്കാനിടയായി. വെള്ളിത്തിരയിൽ കണ്ടിട്ടുള്ളതല്ലാതെ ആ മതിൽ ചുവരുകൾക്കുള്ളിൽ എന്താണന്ന് ഒരിക്കലും നേരിൽ അറിഞ്ഞിരുന്നില്ല. പല യാത്രാ വേളകളിലും വഴിത്താരകളിൽ , ചൂണ്ടു പലകളിലെ ഇടതു വശത്തോ വലതു വശത്തോ പലപ്പോഴും യാദൃശ്ചികമായി, "മാനസികാരോഗ്യകേന്ദ്രം" എന്ന് എഴുതിയ ബോർഡ് കണ്ടിട്ട് മാത്രമേയുള്ളൂ.)

മുക്തി, സായുജ്യം അങ്ങനെ പല ബ്ലോക്കുകളായി പലതരം അന്തേവാസികൾ. എല്ലാവരും പൂർണ്ണമായും ഒറ്റപ്പെട്ടവർ. കേരളത്തിന്റെ വടക്ക് നിന്നും തെക്ക് നിന്നും പലതരം കാരണങ്ങൾ കൊണ്ട് ഒടുവിൽ ഈ വന്മതിലുകൾക്കുള്ളിൽ അകപ്പെട്ടവർ. ആ മതിൽക്കെട്ടിനുള്ളിലേക്കുള്ള  വരവ് ചിലപ്പോൾ ഒരു വണ്‍ വേ റ്റിക്കെറ്റ് എന്ന് തോന്നി പോകും. ഞങ്ങളുടെ കൂടെ വന്നിരുന്ന ഡോക്ടർ ഒന്ന് രണ്ടു സംഭവങ്ങൾ പറഞ്ഞു തന്നു. ഇരുപ്പത്തിയേഴു വർഷങ്ങൾക്കു മുൻപ് അഡ്മിറ്റ് ചെയ്യപ്പെട്ട 'ഒരാൾ' രോഗം പൂർണ്ണമായും ഭേദപ്പെട്ടിട്ടും സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. ഒടുവിൽ വീണ്ടും പഴയ കട്ടിലിൽ അഭയം തേടേണ്ടി വന്നു. അങ്ങനെ പലരും നാട്ടിൽ നിന്നും വീട്ടിൽ നിന്നും ദേശത്തിൽ നിന്ന് പോലും ഒഴിവക്കപ്പെട്ടവർ. അവരിൽ ചിലർ നല്ല കലാകാരന്മാരാണ്.
നടന്നു പോകുന്നതിനിടയിൽ ഏതോ ഒരു ബ്ലോക്കിന്റെ ചുമരിൽ, ഇരുമ്പ് വാതിലുകൾക്ക് ഇരു വശത്തുമായി, ആരോ  ചിത്രങ്ങൾ വരച്ചിരിക്കുന്നത് കണ്ടു. ചിത്രത്തിലെ കഥകളിയുടെ വേഷവും രൂപവും, സ്ത്രീയുടെയും, പുരുഷന്റെയും മുഖവും ശ്രദ്ധിക്കപ്പെടുന്നവയാണ്. കളർ ചോക്കുകളും, ഇഷ്ടികയുടെ കഷണങ്ങളും കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ഒരിക്കൽ സഞ്ചരിച്ചിരുന്ന പാതയിൽ കണ്ടു മറന്നു പോയ പലതരം കാഴ്ചകളുടെ പ്രതിഫലനമാകാം ആ ചുവർ ചിത്രങ്ങൾ.

അങ്ങിങ്ങ് തണൽ മരങ്ങളുടെ ചുവട്ടിലെല്ലാം വെളുത്ത കുപ്പായമണിഞ്ഞു പലരും ഇരിക്കുന്നുണ്ടായിരുന്നു. അതൊരു കാത്തിരിപ്പല്ല.... ആരും വരാനില്ല. ആരെയും പ്രതീക്ഷിച്ചുള്ള ഇരിപ്പുമല്ല. അവരുടെ കണ്ണുകളിൽ ദയനീയ ഭാവം മാത്രം. ചിലർ അങ്ങോട്ടേക്ക് പതുക്കെ നടന്ന് വന്നുകൊണ്ടിരുന്നു...കാലുകളുടെ ബലക്കുറവ് കൊണ്ടായിരിക്കില്ല അവർ പതിയെ നടന്നിരുന്നത്. ഒരുപക്ഷെ, തങ്ങൾ വയ്ക്കുന്ന കാൽച്ചുവടുകൾ ഇടറാതെയിരിക്കുവാൻ ശ്രദ്ധയോടെ നടന്ന് വരുന്നതുമാകാം. അവർ ആരും കാഴ്ച വസ്തുക്കൾ അല്ല. അവരും മനുഷ്യർ. ഇടയ്ക്കു എപ്പോഴോ എന്തുകൊണ്ടോ മനസ്സിന്റെ താളപിഴകൾ മൂലം ഒറ്റപ്പെട്ടുപോയവർ.മുറിഞ്ഞ് പോയ കണ്ണികൾ വീണ്ടും വിളക്കി ചേർക്കുവാനാകുമോ എന്നറിയില്ല. ഉദയവും അസ്തമയവും അവർ അറിയുന്നുണ്ടാവാം...ദിനചര്യകൾ മുറപോലെ നടുക്കുന്നുമുണ്ടാവാം. എങ്കിലും ഇന്ന് എന്ത് ദിവസമെന്നോ ഏതു മാസമെന്നൊ ഏതു വർഷമെന്നൊ അറിയുന്നുണ്ടാവുമോ...എന്തോ എനിക്കറിയില്ല. ചിലപ്പോൾ ഞാൻ അല്പം കടന്നു ചിന്തിക്കുന്നത് കൊണ്ടാവാം ഈ തോന്നൽ.
ഹൃദയം ഉള്ളവർ ആരായാലും ഒന്ന് പിടഞ്ഞു പോകും....

------------------------------------------------------------------------------------------------------------------------------------------

ബോലെറോയുടെ (ഡിപ്പാർട്മെന്റ് വക ജീപ്പ്) മുരൾച്ച കേട്ട പലരും 'ആരെയോ' പ്രതീക്ഷിച്ച പോലെ...അവരുടെ കണ്ണുകളിൽ ഒരുപക്ഷെ പ്രതീക്ഷയുടെ തിളക്കം മിന്നി മറഞ്ഞിരിക്കാം....
ആരെങ്കിലും ഒന്ന് വന്നിരിന്നുവെങ്കിൽ !!! വരുമോ...ആരെങ്കിലും...എന്നെങ്കിലും...ഒരിക്കലെങ്കിലും...!! 
ഉള്ളിന്റെ ഉള്ളിൽ ആരോക്കെയോ വിലപിക്കുന്നത് പോലെ കേൾക്കുന്നു.

അത് കാണുവാനും കേൾക്കാനുമുള്ള കരുത്ത്, ഇല്ലാത്തത് കൊണ്ട് ജീപ്പിലിരുന്ന്, ഞാൻ ആ ടാറിട്ട റോഡിൽ വീണു കിടന്ന പാഴ്വൃഷത്തിന്റെ ഇലകൾ വെറുതെ എണ്ണിയെടുക്കുവാൻ ഒന്ന് ശ്രമിച്ചു നോക്കി. ജീപ്പ് പതിയെ ആ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങി...മനസ്സില്ലാമനസ്സോടെ വീണ്ടും പിന്നിലേക്ക്‌ ഒന്ന് നോക്കി. 

MENTAL HEALTH CENTRE,TRIVANDRUM

ജീപ്പിന്റെ വേഗത കുടി. വന്മതിലിന്റെ പിന്നിൽ ആ യാചന വീണ്ടും കേൾക്കുന്നത് പോലെ.

(അഹങ്കാരം, വിദ്വേഷം, പക എന്നിങ്ങനെയുള്ള ചില വാക്കുകൾ നാം അറിയാതെ തന്നെ, ഒരുപക്ഷെ പൂർണ്ണമായും മറന്നു പോയേക്കാം...!!! മനസ്സിന്റെ അചഞ്ചലമാകുന്ന തിരശീലയുടെ മറുപുറം മറന്നു പോകുന്ന ചില വേളകൾ. അതൊരു തുടക്കമാണോ, യാത്രയുടെ അവസാനമാണോ എന്നൊനും വ്യകതമല്ല, അല്ല അറിയില്ല എന്ന് പറയുന്നതാണ് ഉചിതം. തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ നിന്നും ഇടയ്ക്ക് ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കാം നമുക്ക്...)



4 Nov 2015

ഞാനും എന്റെ കണ്ട്രോൾ ബട്ടണും !!

പഴകി ദ്രവിച്ചു തുടങ്ങിയ ഒരു ഗേറ്റ് കണ്ടു സംശയം തോന്നിയ ഞാൻ, പതുക്കെ ഉരുണ്ട് കൊണ്ടിരുന്ന എന്റെ വണ്ടി ഒന്ന് ചവിട്ടി. ഗേറ്റിന് ഇരുവശത്തുമായി കാവലിനെന്ന പോലെ രണ്ട് ഓട്ടോ റിക്ഷകൾ. ഒരു പരിചയവും  തോന്നിപ്പിക്കാത്ത എന്റെ മോന്തായം കണ്ട് അതിൽ നിന്നും ഒരാൾ തല പുറത്തേക്കിട്ട്....
'ഉം ...എന്താ ? എന്ന മുഖഭാവം.'

'ഇതാണോ ബൂത്ത്‌'...? ഞാൻ ചോദിച്ചു.

'മിൽമ ബൂത്താണോ...' !! അയാളുടെ മറുചോദ്യം. 

പാൽ ബൂത്തല്ലടാ പൊട്ടാ...പോളിംഗ് ബൂത്താണ്...കൊയർ സൊസൈ..... പറഞ്ഞു അവസാനിക്കുമുൻപേ, ആ പാതി തുറന്ന് കിടന്നിരുന്ന ഗേറ്റിന് പിന്നിലത്തെ കെട്ടിടത്തിന് മുകളിൽ വലതുവശം നരച്ച് തുടങ്ങിയ വെളുത്ത അക്ഷരത്തിലെഴുതിയിരിക്കുന്നത് ഞാൻ വായിച്ചു.

കൊയർ സൊസൈറ്റി, പാച്ചല്ലൂർ, തിരുവനന്തപുരം

വണ്ടി ഗേറ്റിനെ ലക്‌ഷ്യം വച്ച് തിരിക്കുന്നതിനിടയിൽ ആ ഓട്ടോ ഡ്രൈവറോട് ചോദിച്ചു:
' ആ ഗേറ്റ് ഒന്ന് തുറക്കാമോ'...? (ആ ചോദ്യം എന്നോടായിരുന്നുവെങ്കിൽ ഉടനെ മറുപടി മണി മണി പോലെ വന്നാനെ...വേണേൽ ഇറങ്ങി തുറക്കെടാ കോപ്പേ...വണ്ടിയിൽ തന്നെ 'കുണ്ടിതപ്പെട്ടിരിക്കാതെ'  നിലത്തോട്ട് ഇറങ്ങ്...) ചോദിച്ചതിന് ശേഷം തോന്നി, 'വേണ്ടിയിരുന്നില്ല'. പക്ഷെ ആ പാവം ഓട്ടോയിൽ നിന്നുമിറങ്ങി എനിക്കായി ഗേറ്റ് തുറന്ന് തന്നു. അല്പം ജാള്യതയോടെ വണ്ടിയും ഞാനും അകത്തേക്ക് കടന്നു.

വണ്ടിയും ഞാനും ഗേറ്റിനുള്ളിൽ കടന്ന നിമിഷം മറ്റൊരാൾ അകത്ത് നിന്നും ഞൊടിയിടയിൽ ചാടി ഇറങ്ങി. ചോദ്യശരങ്ങൾ ഒന്നൊന്നായി തുടങ്ങി. ആരാ...എന്താ...എന്തിനാ വണ്ടിയുമായി അകത്തേക്ക് ? (അയാളുടെ കണ്ണുകളിൽ കാണാമായിരുന്നു - ഇറങ്ങടാ പുറത്തേക്ക് എന്ന് പറയുന്നത്)

ഡോർ തുറന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. 
പോളിംഗ് ബൂത്തല്ലേ...! ഞാൻ പ്രീസൈഡിംഗ് ഓഫീസർ. ആ ചുവന്ന ചെക്ക് ഷർട്ടിനുള്ളിലെ കാക്കി കുപ്പായം തലപൊക്കുന്നത് ഞാൻ കണ്ടു. 

ഒരു ചിരിയോടെ എന്നെ വരവേറ്റ ആ പോലീസ് കോണ്‍സ്റ്റബിളിനോട് എനിക്ക് മറ്റെന്തും ചോദിക്കുന്നതിന് മുൻപേ ഒരൊറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നുവുള്ളൂ. 'അതെ, ബാത്ത്റൂം ഉണ്ടോ...വെള്ളം ഉണ്ടോ....' ? (ബാത്ത്റൂമിന് ഒരു അമർത്തൽ അറിയാതെ വന്നു പോയി)

ഉടനെ ചിരി മങ്ങിയ അദേഹത്തിന്റെ ചുണ്ടുകളിൽ നിന്നും ഉത്തരവും വന്നു. 'ഇല്ല സാർ...വെള്ളമില്ല. അടുത്തുള്ള എൽ. പി. സ്കൂളിൽ പോകേണ്ടി വരും നമുക്ക്...ഇവിടത്തെ ബാത്ത്രൂം ഉപയോഗശൂന്യമാണ്...'

ഞാൻ മനസ്സിൽ പറഞ്ഞ്..... " #$@!#&##$. (സംഭവം അപ്പോഴത്തെ ആവശ്യമല്ലെന്നും പിറ്റേന്ന് അതിരാവിലത്തെ കുത്തിയിരുപ്പ് സത്യാഗ്രഹത്തിനായിട്ടുള്ള ചോദ്യമാണെന്നും പുള്ളിക്കും മനസ്സിലായി)

കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച ഞാൻ, പ്രതീക്ഷപോലെ തന്നെയായിരുന്നത് കൊണ്ട് പ്രത്യേകിച്ചു ഞെട്ടിയില്ല. ഒരു പടുകൂറ്റൻ മേശ വാതിലിന് ഇടതു വശത്തായി പൊടിപിടിച്ചു കിടക്കുന്നു. പച്ചനിറം പൂശിയ ഭിത്തിയിൽ ചിതൽ അരിച്ച് തുടങ്ങിയിരിക്കുന്നു. പകുതി ഒഴിഞ്ഞ ഷെൽഫുകൾ. പൊടിപിടിച്ചു ഒരു മൂലയിൽ കെട്ടിയിട്ടിരിക്കുന്ന ഫയൽ കൂമ്പാരങ്ങൾ.വലതുവശത്തായി സാമാന്യം വലിപ്പമുള്ള മറ്റൊരു മേശ. പക്ഷെ അതിന് ഒരു മേശ വിരിപ്പുണ്ടായിരുന്നു. അതിൽ പലതരം വരയും കുറിയും പിന്നെ അക്കങ്ങൾ കൊണ്ട് പലതരം കണക്കുകൾ നീല ചുവപ്പ് കറുപ്പ് മഷികളിലായി കുറിച്ചിരിക്കുന്നത് ഒറ്റ നോട്ടത്തിൽ കണ്ടു. ആ രണ്ടു മേശകൾക്കുമായി കുട്ടികൾ ഉണ്ടായത് പോലെ നാലഞ്ച് കസേരകൾ, പിന്നേ ഒരു ചെറിയ മേശയും. 

മീശയും തടവി ഞാൻ അവിടമാകെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു കതക് കണ്ട ഞാൻ അതൊന്ന് തള്ളി തുറന്നു. അപ്പോൾ സതീശൻ കോണ്‍സ്റ്റബിൾ പിന്നിൽ നിന്നും പറയുന്നുണ്ടായിരുന്നു. അത് തുറക്കേണ്ട സാറേ. അതിൽ വെള്ളവുമില്ല വെളിച്ചവുമില്ല. പക്ഷെ ഞാൻ നട തുറന്നിരുന്നു. [സീൻ ഡാർക്കാണ് ഭായ് - അതൊരു ഡാർക്ക് റൂം തന്നെയായിരുന്നു]. ഞെട്ടലോടെ ഞാൻ തിരഞ്ഞു നടന്നു.വന്ന വഴി തന്നെയാണ് പുറത്തേക്കുള്ള വഴി. പക്ഷെ ആ വഴിയെ തിരിഞ്ഞു നടക്കാൻ പറ്റില്ലാലോ. ഏൽപ്പിച്ചിരിക്കുന്ന ഡ്യൂട്ടി ചെയ്തല്ലേ പറ്റു.
------------------------------------------------------------------------------------------------------------------------------------

രാത്രിയിൽ പ്രിയഭാര്യ തന്നുവിട്ട ലൈം റൈസും ചിക്കൻ ലെഗ്ഗും ശാപ്പിട്ടു. ഉറക്കം പ്രതീക്ഷിക്കാത്തത് കൊണ്ട് വലുതായി ബുദ്ധിമൂട്ടെണ്ടി വന്നില്ല. കസേരകൾ ഒരേ വരികളിലായി നിരത്തിയിട്ട് ഒരു പായും അതിൽ ഒരു ഷീറ്റും അതിന് മുകളിൽ എണ്ണ തോണിയിൽ കിടക്കുന്ന പോലെ ഞാനും. F.M റേഡിയോ കിട്ടുമായിരുന്നെങ്കില്ലും അത് ഓണ്‍ ആക്കിയിരുന്നില്ല. നല്ല അസൽ കൊതുകുകൾ മൂളിപ്പാട്ടുമായി കൂട്ടുണ്ടായിരുന്നു. ഈ അടുത്ത കാലത്തായി ലേശം മത്സ്യമാംസാദികൾ കൂട്ടിയത്തിന്റെ ഫലം കൊണ്ടുമാകാം ആ കൊതുകുകൾക്ക് എന്നെ പൊക്കി കൊണ്ട് പോകുവാൻ കഴിഞ്ഞില്ല. പാവം സതീശൻ കോണ്‍സ്റ്റബിൾ ഇതൊക്കെ ശീലമായതു കൊണ്ട് ഒരു പച്ചനിറത്തിലുള്ള കൈലി പുതച്ചു കൊണ്ട് അപ്പോഴേക്കും ഉറങ്ങി തുടങ്ങിയിരുന്നു.
------------------------------------------------------------------------------------------------------------------------------------

പുലർച്ചയ്ക്ക് മുൻപേ..അതായത് മൂന്നേമുക്കാലിനു തന്നെ ഞാൻ എഴുന്നേറ്റു. മൊബൈലിൽ ടോർച് എന്നൊരു ഐറ്റം ഉൾപ്പെടുത്തുവാൻ ബുദ്ധി തോന്നിപ്പിച്ച ആ നല്ലവനായ കണ്ടുപിടിത്തക്കാരനെ നമിച്ചു കൊണ്ട് എന്റെ പ്രഭാതം "പൊട്ടി വിരിഞ്ഞു". 
എൽ. പി സ്കൂളായത് കൊണ്ട് അരപൊക്കം മാത്രമായിരുന്നു കുളിപുരയുടെ ചുറ്റുമതിൽ. (ഹോ...ഒരു ചെറിയ 15 വാട്ട് ബൾബിന്റെ വെട്ടം പോലുമില്ലായിരുന്നുവെങ്കില്ലും നമ്പർ 2 വിന്റെ ഏരിയക്ക് മേൽക്കൂര ഉണ്ടായിരുന്നു.) എല്ലാം കഴിഞ്ഞ് അരയിൽ ഒരു തോർത്ത്‌ ഉടുത്ത് എന്റെ ബൂത്ത്‌ ലക്‌ഷ്യം വച്ച് ഞാൻ തിരിച്ചു നടന്നു തുടങ്ങി. (വലിയ ദൂരമൊന്നുമില്ല കേട്ടോ. ഒരു ഇടവഴിയ്ക്ക് അപ്പുറമായിരുന്നു സ്കൂൾ). കൈയിൽ റ്റി ഷർട്ടും നിക്കറുമായി ഞാൻ പോളിംഗ് ബൂത്തിലേക്ക് നടന്നടുക്കുമ്പോൾ അങ്ങ് ദൂരെ ഏതോ ക്ഷേത്രത്തിൽ നിന്നും 'സുപ്രഭാതം' കേൾക്കാമായിരുന്നു. അല്പം കഴിഞ്ഞ് ഒരു ബാങ്ക് വിളിയും തുടർന്നു പള്ളി മണികളും കേൾക്കാമായിരുന്നു.
----------------------------------------------------------------------------------------------------------------------------------

പോളിംഗ് കുഴപ്പം കൂടാതെ നടന്നു. അതിരാവിലെ ആവി പറക്കുന്ന ചൂട് പുട്ടും പയറും പപ്പടവും തട്ടി വിട്ടത് കൊണ്ട് രാവിലത്തെയും ഉച്ചത്തെയും ഭക്ഷണത്തിനായുള്ള സമയം ലാഭിച്ചു. റ്റൈറ്റ് പോളിംഗ് കാരണം മൂലയിൽ നിന്നും 'മൂലം' പോലും അനക്കുവാൻ പറ്റാത് കണ്ടു പാവം സതീശൻ കോണ്‍സ്റ്റബിൾ ഞങ്ങൾക്കായി ചൂട് ദോശ വൈകിട്ട് നാല് മണിക്ക് പോയി വാങ്ങി കൊണ്ട് വന്നു. ഒരു കൈ കൊണ്ട് ദോശ ചുരുട്ടി പിടിച്ച് കഴിക്കുമ്പോൾ  മനസ്സിൽ തോന്നിയത് ഇപ്രകാരം : "ഹോ...മുൻപ് എങ്ങും കഴിച്ച ദോശയ്ക്ക് ഇത്ര സ്വാദ് ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല".... അപ്പോഴും മറ്റേ കൈയിൽ കണ്ട്രോൾ യുണിറ്റിന്റെ ബാല്ലറ്റ് ബട്ടണ്‍ അമർത്തി കൊണ്ടിയിരിക്കുകയായിരുന്നു. "ബീീീപ്പ്പ്പ്..............." എന്ന ശബ്ദം ഇടവിടാതെ മുഴങ്ങി കൊണ്ടിരുന്നു  കൃത്യം 5 മണി വരെ. 
ഏൽപിച്ച 'പണി' തീർത്തു തലയിൽ നിന്നും പ്രീസൈഡിംഗ് ഓഫീസറെന്ന പദവി ഊരുമ്പോൾ രാത്രി ഏഴര മണി കഴിഞ്ഞിരുന്നു.



31 May 2015

തെരുവ് നായ്ക്കൾ

രാപകൽ വ്യത്യാസമില്ലാതെ, സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പോലെ സ്വൈര്യവിഹാരം നടത്തുന്നവർ -  അവർ  ആരാകാം...? 
സോറി !!തെറ്റിദ്ധരിക്കരുത്...ഞാൻ പറഞ്ഞു വന്നത് - തെരുവ് നായ്ക്കളുടെ കാര്യമാണ്.
------------------------------------------------------------------------------------------------------------------

ഇന്ത്യയുടെ 'ക്യാപ്പിറ്റലിന്റെ' നഗരമധ്യത്തിൽ, ഏഴിലം പാല പൂക്കാറുണ്ടോയെന്ന് പരിശോധിക്കാൻ ജനുവരിയിലെ ഒരു നട്ടപാതിരായ്ക്ക് ഏഴ് പേർക്ക് നട്ടപ്രാന്തിളകി. [ചുമ്മാ ജാടയ്ക്ക് മീറ്റിംഗ് എന്ന പേരിൽ ഒരു ടൂറും ഒരു കറക്കവും മോഹിച്ച് കേരനാട്ടിൽ നിന്നും അവർ പറന്നിറങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞു. മീറ്റിംഗ് തലയ്ക്ക് പിരി മുറുക്കം കൂട്ടിയപ്പോൾ, പിരി ഇറക്കുവാൻ ആ രാത്രി ചാടി പുറപ്പെട്ടതായിരുന്നു ആ ഏഴു പേർ.] 
ഗുരുവിനെയും ശിഷ്യനെയും അനുഗമിച്ചു പിന്നിൽ അഞ്ച് പൊട്ടന്മാരും. ചങ്ക് കുത്തി തുളയ്ക്കുന്ന തണുപ്പിനെ വകവയ്ക്കാതെ നെഞ്ചും തള്ളിപിടിച്ചു ഡൽഹിയുടെ വിരിമാറുകളെ ചവിട്ടി വിറപ്പിച്ചു അവർ നടന്നു നീങ്ങി. 

(Disparity in Human Lives and Living....ഏതു നഗരത്തിലും അപരിചിതമലെങ്കില്ലും ഒരുവിധം സമ്പന്നമാണെന്ന് വെറുതെ വീമ്പിളക്കാവുന്നതാണ്‌ നമ്മുടെ ഡൽഹി,അവിടെയും ഗതി വിഭിന്നമല്ല)

ഫുട്ട്പാത്തുകളിൽ കൂടി ചവിട്ടിമെതിച്ച് അവർ ഏഴുപേരും ആർമാദിച്ച് നടന്നു നീങ്ങി. ഓരത്ത് നീല പ്ലാസ്റ്റിക്കിൽ തലങ്ങും വിലങ്ങും പൊതിഞ്ഞ് വാരി കൂട്ടിയിട്ടിരുന്ന പൊതിക്കെട്ടുകളെ വെറുതെ കൗതുകപൂർവ്വം അവർ നോക്കിനടന്നു. 14 ചവിട്ടടിയുടെ ഒരേ താളത്തിലുള്ള 'ഒച്ചപ്പാടും' 'ബഹളവും' കേട്ടപ്പോൾ ആ പൊതിക്കെട്ടുകൾക്ക് ജീവൻ വച്ചത് പോലെ. ആമതോടിന് പുറത്തേക്ക് തല വരുമ്പോലെ...പല 'തലകൾ' അവരെ എത്തിനോക്കി. അവരുടെ നടത്തത്തിന് വേഗത കുറഞ്ഞു.

ആ നീലക്കെട്ടുകളിൽ എല്ലാം മനുഷ്യജീവനുകൾ തന്നെയായിരുന്നു. തണുപ്പിൽ നിന്നും രക്ഷ നേടാൻ "നീലക്കുപ്പായത്തിൽ" സ്വയം പ്രതിരോധം സൃഷ്ട്ടിച്ച് അവർ, രാത്രിയെ തള്ളിനീക്കുവാൻ ഉറക്കത്തിനെ കൂട്ട് പിടിക്കുവാൻ കിടക്കുന്നപോലെ തോന്നി. കുറെ കൂടി മുന്നോട്ട് പോയപ്പോൾ ഒരു ചെറിയ റ്റെന്റിനു കീഴിൽ രണ്ട് പേർ ലാപ്ടോപിൽ കണ്ണും നട്ടിരിക്കുന്നു. (ലാപ്ടോപ് ചൂണ്ടിയത് അല്ലാതെയായിരിക്കട്ടെ എന്നാശിക്കാം) തൊട്ടപ്പുറത്ത് മൂന്ന് ബാല്നമാരാവം, അവർ ചുരുണ്ട് കൂടി കിടക്കുന്നു. അവരുടെ ചൂടിൽ പറ്റിച്ചേർന്നു ഒരു നായ്‌ അവരോടൊപ്പം കൂർക്കം വലിച്ചു ഉറങ്ങുന്നു.

കൊണാട്ട് പ്ലേസ് ലക്‌ഷ്യമാക്കിയുള്ള നടത്തയിൽ സൻസദ് മാർഗിന്റെ വഴിയോരങ്ങളിലെ മനുഷ്യജീവനുകൾ ഗുരുവിന്റെ കഠോര ഹൃദയമിളക്കി...
'ശിഷ്യനോട് മൊഴിഞ്ഞു...ശിഷ്യാ നീ ഇത് കാണുന്നില്ലേ...? എനിക്കിനി രണ്ടെണം അടിക്കാതെ ഉറക്കം കിട്ടില്ല.' 
(പതിവ് ക്വാട്ടാ അടിക്കാനും ഓരോ കാരണങ്ങൾ)

'അളിയാ ഗുരോ...ഞാനുണ്ട്. നമ്മടെ ലക്ഷ്യമില്ലാ യാത്രക്ക് ഒരു ലക്ഷ്യമുണ്ട്'.  ശിഷ്യൻ മൊഴിഞ്ഞു. ഉടൻ തന്നെ മൊബൈൽ ഫോണിൽ കൂട്ടുകാരനോട് അടുത്തുള്ള 'മന:സമാധാന കട'യിലോട്ടുള്ള വഴി മനസ്സിലാക്കി. അടുത്ത് കണ്ട വളവ് തിരിഞ്ഞു ഏഴ് പേരും നടന്നകന്നു.

എതിരെ ചീറിപാഞ്ഞ്‌ വന്ന ഒരു കാറിന് ജീവന് വേണ്ടിയുള്ള സൈഡ് മാറൽ ചടങ്ങിൽ വ്യാപൃതരായി ആ ഏഴു പേരും. കാറിന്റെ പോക്ക് അത്ര സുഖിക്കാഞ്ഞ് വേട്ടപട്ടികളെ വെല്ലുന്ന രണ്ടുമൂന്ന് തെരുവ് നായ്ക്കൾ ആ കാറിന് പിന്നിൽ ഓടി കൂടി. ശരവേഗത്തിൽ പാഞ്ഞു പോയ കാറിനോടുള്ള കലി അടങ്ങാഞ്ഞിട്ട്‌ ആ 'നായ്ക്കൾ' ഏഴ് പേരെ നോക്കി പല്ല് അമറി. അവരുടെ ഉള്ളൊന്നു പിടഞ്ഞ്. "ആന്തരിക അവവയങ്ങൾ" സഹിതം ശരീരമാസകലം വിറയാർന്നു. ഓടി അടുത്ത വേട്ടപട്ടികളുടെ അപരന്മാർ എന്ത് കൊണ്ടോ ആ ഏഴു പേരെ ആക്രമിച്ചില്ല. ഒരു പക്ഷെ, വർഗ്ഗഗുണമുള്ള 'വേട്നമാർ' എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം, ഇരുട്ടിന്റെ മറവിലേക്ക് ആ പട്ടികൾ ഓടി കയറി.

"വിടളിയാ...ബാറിലേക്ക്" 

MY BAR - പേര് കേട്ടാൽ ഓർമ്മ വരുന്നത് ഇങ്ങനെ - "എന്റെ കേരളം"
വണ്ടിക്ക് ലിറ്റർ കണക്ക് പോലെ അവിടെയും ലിറ്റർ കണക്ക്. ഗുരു കണക്കിൽ ലേശം പിറകിലായത് കൊണ്ട് കണക്കിന്റെ ഏണ്ണമെടുക്കാൻ മേനകെട്ടില്ല. മെനക്കെട്ടാൽ "കെട്ട്" പോകും....

01:15 AM. വിഷമം പങ്കിട്ട ആ ഏഴ് പേരും പടവുകൾ ചവിട്ടി നിലത്തിറങ്ങി. ഒരു ചെറിയ ഉത്സവത്തിനുള്ള ആൾക്കൂട്ടം പോലെ അങ്ങിങ്ങ് വണ്ടികളുമായി  ആകെ ബഹളം. ഒരു ടൊയോട്ട ഇന്നോവയുടെ വലത്തേ സീറ്റിൽ ഒരു സുന്ദരി പുലർച്ചയിൽ ഗീതാ മന്ത്രം ചൊല്ലുന്ന ശുഷ്കാന്തിയിൽ കൂപ്പ് കൈകളോട് കൂടി മൊബൈലിൽ കുത്തിചൊറിഞൊണ്ടിരിക്കുന്നു. അവൾക്ക് പിന്നിൽ തടിച്ചു കൊഴുത്ത ഒരു നായ് പുറത്തെ കാഴ്ചകൾ കണ്ടു രസിക്കുന്നു. ഡ്രൈവർ സീറ്റ്‌ കാലി. "സെവൻസ്," തന്റെ യജമാനത്തിയെ വായിനോക്കുന്നത് കണ്ടിട്ടും അവൻ ഒന്ന് കുരയ്ക്കുക പോലും ചെയ്യാതെ പുറം തിരിഞ്ഞിരുന്നു. അവിടെയും 'സെവൻസിന്' വർഗ്ഗ സ്നേഹത്തിന്റെ പ്രതിഫലനം മിന്നിമറഞ്ഞപോലെ തോന്നി. ചെറിയ ജാളിയതയോടെ ആ ഏഴ് പേർ അടുത്ത് കണ്ട ടാക്സിയിൽ ഹോട്ടലിലേക്ക് പോയി.

ഇനിയും ഒരു റിസ്ക്‌ എടുക്കുവാനുള്ള ധൈര്യം 'മദ്യ'വയസ്ക്ക ചെറുപ്പ പിള്ളാർക്ക് ഇല്ലായിരുന്നു.
------------------------------------------------------------------------------------------------------------------
നായ്ക്കൾ താഴെതട്ടില്ലും മേലെതട്ടില്ലും....പിന്നെ ഇട തട്ടില്ലും.
ആകെ നായ്മയം.
   

[സെവൻസ് ടീമിൽ ഞാനും ഒരു പ്ലയേർ അല്ലെ എന്നൊരു സംശയമില്ലാതെ ഇല്ല]

21 Feb 2015

എന്റെ പ്രിയ കൂട്ടുകാരി

വർത്തമാനകാലത്തെ കുറിച്ച് അറിയണമെങ്കിൽ ചരിത്രം അറിയണം. ചരിത്രം പറയണമെങ്കിൽ ഭൂതകാലം ചികയണം. ചരിത്രത്തിലേക്ക് നടന്നാൽ മാത്രമേ ഭൂതകാലത്തിന്റെ വാതിൽ തുറക്കാനാകൂ... പാതി വഴിയെ എത്തിചേർന്ന് നിൽക്കുന്ന ഈ യാത്രയിൽ പിന്നിലേക്കുള്ള യാത്ര ദുഷ്ക്കരം. 

ഇടക്കെപ്പോഴോ ഒരു സൂര്യോദയത്തോടെ കൂടെ നടന്നു തുടങ്ങിയവൾ,  'മറവി' പെടുന്നനെ ഒരു സൂര്യാസ്തമയത്തോടെ എങ്ങോ മറഞ്ഞു പോയി. മുന്നോട്ടുള്ള യാത്രയിൽ അവൾ ഇനിയും കൂടെ കൂടിയാൽ മാത്രമേ ഭൂതകാലം നാമവശേഷമാവുള്ളൂ. നീ ഇനിയും വൈകിയാൽ വെമ്പലോടെ എന്നെ പുണരാൻ അങ്ങ് ദൂരെ മറഞ്ഞ് നിൽക്കുന്ന 'പ്രതികാര അഗ്നി' എന്നിലേക്ക് കത്തി പടരും. പ്രതികാരം എനിക്കുള്ളതല്ല.... അക്രമവാസന ഉള്ളിൽ ഉറങ്ങുന്നുവെങ്കില്ലും അവൻ ശാന്തമായി തന്നെ ഉറങ്ങുന്നു. ഉറങ്ങിക്കോട്ടെ പാവം.

വിജനമായ പാത കോടമഞ്ഞ്‌ മൂടിപ്പടർന്ന് അവ്യകത്മാകുന്നു....വ്യഗ്രതയോടെ നടന്ന് നീങ്ങുവാനാകുന്നില്ല. മഞ്ഞ് പാളികളിൽ ചവിട്ടി വഴുക്കുന്നത് പോലെ വഴുതി പോകുന്നു. വീണു പോകുമോയെന്ന് പോലും ഭയക്കുന്നു.രണ്ടര പതിറ്റാണ്ട് മുൻപ് വഴക്കുണ്ടാക്കി എന്നെ പിരിഞ്ഞ് പോയ 'ഭയം' ദൂരെ നിന്നും എന്നിലേക്ക്‌ ഓടിവരുന്നത്‌ ഞാൻ അറിയുന്നു. 

ഈ രാത്രി ഇരുട്ടി വെളുത്തോട്ടെ. മന്ദപവനന്റെ രഥത്തിലേറി അവൾ വരും...എന്റെ പ്രിയ കൂട്ടുകാരി..."മറവി". അവളുടെ ആലിംഗനത്തിൽ അവളുടെ ചുംബനത്തിൽ ഞാൻ സർവ്വവും മറക്കും. അവൾ എന്നിലേക്ക്‌ അലിഞ്ഞു ചേരും. ഭൂതകാലത്തെ വിസ്മൃതിയിലാക്കുവാൻ, പ്രതീക്ഷയോടെ അവളുടെ വരവും കാത്ത് നില്പ്പൂ ഞാൻ ഈ ധരണിയിൽ. 

.......................................................................................................................................

കാലത്തിന്റെ വരദാനം...തെരഞ്ഞെടുത്തവർക്ക് മാത്രം കാലം കനിഞ്ഞരുളി നല്കിയ മായ വിനോദം - മറവി. 
മുറിപ്പാടുകൾ ഉണക്കുവാൻ കാലത്തിന്റെ ഒറ്റമൂലി - മറവി.

22 Jan 2015

ഒരു ടെക്കി നുറുങ്ങ് കഥ.

ആശുപത്രിയിലെ ICU വിന് മുന്നിലിരുന്നു അവൾ മുഖം പൊത്തി വല്ലാതെ വിതുമ്പുന്നുണ്ടായിരുന്നു. ഇടയ്ക്കു തലയിൽ നിന്നും തെന്നിമാറുന്ന തട്ടം അവൾ പിന്നെയും വലിച്ച് തലയ്ക് മുകളിലേക്ക് ഇടുന്നുണ്ടായിരുന്നു. ഇവൾ മൻപ്രീത്. അവളുടെ അടുക്കൽ അവളെ സാന്ത്വനിപ്പിക്കാൻ ചുവന്ന വള്ളിയിൽ തൂക്കിയ 'ID കാർഡും' കഴുത്തിലിട്ട് നാലഞ്ചു പേർ. രണ്ട് സ്ത്രീ കഥാപാത്രങ്ങളും മൂന്ന് പുരുഷ രൂപങ്ങളും. ഇടയ്ക്കു അവർ തെക്ക് വടക്ക് നടക്കുന്നത് അല്ലാതെ 'ICU'വിന് മുന്നിൽ കാര്യമായി ഒന്നും തന്നെ സംഭവിക്കുന്നില്ല.

------------------------------------------(ഫ്ലാഷ് ബാക്ക്)--------------------------------------------------

ഡൽഹി IIT യിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം നേടിയതിനൊടൊപ്പം നെൽസന്റെ കൂടെ കൂടിയതായിരുന്നു പഞ്ചാബ്കാരി മൻപ്രീത്. കേരളത്തിൽ ജനിച്ച് വളർന്ന നമ്മുടെ നെൽസണ്‍ ഗോമസിന് കൈമുതലായി ഉണ്ടായിരുന്നത് ആത്മാർത്ഥത  മാത്രമായിരുന്നു.

അതുകൊണ്ടായിരുന്നു...നാല് കൊല്ലത്തോളം, IIT ക്യാമ്പസിന്റെ അടുത്തുണ്ടായിരുന്ന 'പഞ്ചാബി ധാബയിൽ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന നെൽസണ്‍ അവിടുണ്ടായിരുന്ന ഹരീന്ദർ സിംഗിന്റെ രണ്ടാമത്തെ മകൾ മൻപ്രീതുമായി മനസ്സ് ഉടക്കിയത്....അങ്ങനെ ഡൽഹി വിടുമ്പോൾ നെൽസന്റെ ഇടത് കൈ വിരലുകൾക്കിടയിൽ മൻപ്രീതിന്റെ വലത് കൈവിരലുകൾ കൂട്ടു പിണഞ്ഞു കിടപ്പുണ്ടായിരുന്നു. 

വർഷങ്ങൾ പല മെട്രോ നഗരങ്ങളും ചുറ്റി തിരിഞ്ഞു ദമ്പതികൾ ഒടുക്കം തിരുവനന്തപുരത്ത് അടിഞ്ഞു. ടെക്ക്നോ പാർക്കിൽ ഒരു IT കമ്പനിയിൽ ജോലി നേടുന്നത് നെൽസന് വെല്ലുവിളി അല്ലായിരുന്നു. പക്ഷെ മൻപ്രീത് മലയാളം പഠിച്ചേ അടങ്ങു എന്ന വാശിയിലുമായിരുന്നു. അതൊരു വെല്ലു വിളി തന്നെയായിരുന്നു.

"കുരെച്ച" "കുരേച്ച" മലയാളം പഠിച്ച് തുടങ്ങിയ നമ്മുടെ മൻപ്രീത് രാത്രികാലങ്ങളിലെ  ഓഞ്ഞ സീരിയലുകൾ കണ്ട് ആകെ മണ്ട പൊളിഞ്ഞ് തുടങ്ങിയിരുന്നു. മലയാളം പഠിക്കുന്നത് അനുസരിച്ച് നെൽസനൊടുള്ള സ്നേഹത്തെക്കാളേറെ 'സംശയം' ബലവത്തായി തുടങ്ങിയ കാലത്തായിരുന്നു ഒരു കഥാപാത്രം രംഗത്ത് കടന്നു വരുന്നത് - പരിധി പിള്ള (Paridhi Pillai). ഓഫീസിൽ പുതുതായി വന്ന റിസപ്ഷനിസ്റ്റ്. അവളൊരു മാലാഖയെ  പോലെ സുന്ദരിയായിരുന്നു.

നെൽസണ്‍ 'പരിധി പിള്ളയെ' കുറിച്ച് ഇടതടവില്ലാതെ പറയുമ്പോൾ വല്ലാതെ വാചാലനാകുന്നത് പോലെ  മൻപ്രീതിന് തോന്നി തുടങ്ങിയിരുന്നു. അങ്ങനെ മൂന്നാഴ്ച കടന്നു പോയി. അതിൽ ഒരാഴ്ച മുഴുവനും നൈറ്റ്‌ ഷിഫ്റ്റായിരുന്നു നെൽസന്. വീണ്ടും അടുത്ത മാസത്തിലെ ആദ്യാഴ്ച  നൈറ്റ്‌ ഷിഫ്റ്റ്‌ എന്ന് കേട്ടപ്പോൾ തന്നെ മൻ പ്രീതിന്റെ മന:സമാധാനം കെട്ടിരുന്നു. ഗുളിക പരുവത്തിൽ ഉരുട്ടി വിഴുങ്ങിയിരുന്ന സീരിയലുകൾ തന്നെ കാരണം.

തിങ്കളാഴ്ച രാത്രി 11 മണിയ്ക്ക് നെൽസന്റെ ഫോണിലേക്ക് മൻപ്രീത് വിളിച്ചപ്പോൾ കേട്ടത് ഇപ്രകാരമായിരുന്നു.


'നിങ്ങൾ വിളിച്ച സബ്സ്ക്രൈബർ പരിധിയ്ക്ക് പുറത്താണ്...അല്പ സമയം കഴിഞ്ഞു വിളിക്കുക'...(മലയാളം പഠിച്ചു തുടങ്ങിയത് ഒരു നേട്ടമായി എന്ന് മൻപ്രീത് അപ്പോൾ കരുതി)

പിരിവെട്ടിയ മൻപ്രീത് രാത്രി മുഴുവനും കുത്തിയിരുന്നു വിളിച്ചു കൊണ്ടേയിരുന്നു. അപ്പോഴെല്ലാം കേട്ടത് തന്നെ കേട്ട് കൊണ്ടിരുന്നു...'നിങ്ങൾ വിളിച്ച സബ്സ്ക്രൈബർ പരിധിയ്ക്ക് പുറത്താണ്...........................................'  എപ്പോഴോ ഉറങ്ങി പോയ അവൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. 

വാതിലിൽ ആരാണെന്ന് നോക്കുന്നതിന് പകരം, വാതിൽ വേഗത്തിൽ തുറന്ന്....കൈയിൽ കിട്ടിയ ഭാരമുള്ള വസ്തു (അത് എന്തുമാകാം...സീരിയലിൽ പലതുമാകമെങ്കിൽ കഥയിലും എന്തുമാകാം) എടുത്ത് മുന്നിൽ നിന്നവനെ ആഞ്ഞടിച്ചു.....

[കട്ടപുക - സീൻ] അത് നെൽസനായിരുന്നില്ല. മാസാദ്യം വാടക പിരിക്കാൻ വന്നിരുന്ന വർക്കിച്ചനെയായിരുന്നു മൻപ്രീത് താങ്ങിയത്.

-------------------------------------------------------------------------------------------------------------------

ആശുപത്രിയിലെ ICU വിന് മുന്നിൽ  തെക്ക് വടക്ക് നടന്നവരിലൊരുവൻ 'നെൽസനായിരുന്നു'. തലേന്ന് രാത്രി ടെക്ക്നോ പാർക്കിലെ ടവറുകളിൽ ഒന്ന് രണ്ടെണം പണിമുടക്കിയതായിരുന്നു മൻപ്രീതിന്റെ മനോനില ഒന്ന് തെന്നാൻ കാരണഹേതു.

നെൽസണ്‍ ഗോമസ്, ടീം ലീഡർ, ICU വിനുള്ളിലേക്ക് വീണ്ടും വീണ്ടും എത്തി നോക്കുണ്ടായിരുന്നു. ആ ഒളിഞ്ഞുള്ള നോട്ടമാകാം...ഡോക്ടറെ പുറത്ത് വരുത്തിയത്. അദ്ദേഹം പറഞ്ഞു: Nothing to Worry. He is just fine.

ഇതൊന്നും അറിയാതെ പരിധി പിള്ള പതിവുപോലെ ഓഫീസിലേക്ക് പോകുവാൻ അവളുടെ വീട്ടിൽ തയ്യാറാകുകയായിരുന്നു. വർക്കിച്ചൻ കോമ പോലെ അകത്തും പരിധി പിള്ള പരിധിക്ക് പുറത്തുമായിരുന്നു.





"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...