15 Apr 2020

ക്ഷമയും കാത്തിരിപ്പും...!!

കയർ കൊണ്ട് മെടഞ്ഞ ആ കട്ടിലിൽ അയാൾക്ക്‌ ഉറക്കം നന്നായി കിട്ടിയിരുന്നില്ല...അത് കൊണ്ടാവാം സൈക്കിൾ മണി നാദവും താഴേന്നു പറന്ന് വന്നു വീണ പത്രത്തിൻ്റെ ശബ്ദവും കേട്ട് ഉടനെ തന്നെ അയാൾ ചാടി എഴുന്നേറ്റു.

ഹാ...! എന്നാ കോ*****ലെ ഇടവാടാ....!!
പിന്നയും പെട്ടല്ലോ....കോപ്പ് കുത്തിപ്പിടിച്ച് ഇനിയും ഇരിക്കണമല്ലോ...!!


രാവിലെ കിട്ടിയ മലയാള പത്രത്തിൻ്റെ ആദ്യത്തെ പേജ് ഒന്ന് ഓടിച്ചു വായിച്ച അയാൾ പൊട്ടിത്തെറിച്ചു....ബാക്കി പത്രം മറിച്ച് നോക്കുവാൻ പോലും നിന്നില്ല. അസ്വസ്ഥനായി കോലായിൽ നിന്നും എഴുന്നേറ്റ്. കൈയിലിരുന്ന പത്രം വലിച്ച് ദൂരെയ്ക്ക് എറിഞ്ഞു. ആരെയോ എന്തയൊക്കെയോ പറഞ്ഞു അയാൾ, അവിടുന്ന് താഴത്തേക്ക് പടിക്കെട്ടുകൾ ഇറങ്ങി നടന്ന് തുടങ്ങി.
'ടാ....ഈ കടും കാപ്പി കുടിച്ചേചും പോടാ...'
'കൊണ്ട് പോടീ....നിൻ്റെ കാപ്പി....നിൻ്റെ പാണ്ടിയ്ക്ക് കൊടുക്ക്....'

അയാൾ ഒരു ഭ്രാന്തനെ പോലെ എന്തോ പുലമ്പി താഴോട്ട് നടന്നു കൊണ്ടിരുന്നു. പാറ ചീളുകളും വെട്ടു കല്ലുകളും കൊണ്ട് നന്നായി അടുക്കി പാകിയ ആ പതിനഞ്ചോളം പടികൾ ചവിട്ടി തുള്ളി താഴേക്ക് എത്തി. കല്ലുകൾ ഒന്ന് പോലും ഇളകിയില്ല. ഒരു പക്ഷെ ഇതിലും വലിയ തുള്ളലുകൾ ആ കല്ലുകൾ താങ്ങിയിട്ടുണ്ടാകും.
'മാമാ കാലേലെ എങ്കെ പോറത്...'
'കേറി പോടീ വീട്ടിന്നകത്തേക്ക്....നിനക്ക് മലയാളം അറിയാല്ലോ ടി...എന്നാലും നീ തമിഴേ ഉണ്ടാക്കത്തൊള്ളോ....മാങ്ങാത്തൊലി...?'

രോഷത്തോടെയുള്ള അയാളുടെ ചോദ്യത്തിന് ഒരു കുസൃതി ചിരി തിരിച്ചു മറുപടിയായി നൽകി ആ പത്തു വയസുകാരി പാവാടക്കാരി അയാൾ ഇറങ്ങി വന്ന പടിക്കെട്ടുകൾ കയറി തുടങ്ങി. അവളുടെ രണ്ട് കൈകളിലുമായി രണ്ട് കുപ്പി പാലുണ്ടായിരുന്നു. അയാൾ നടന്നു കൊണ്ടേയിരുന്നു. റബ്ബർ തോട്ടത്തിനിടയിലെ ആ മൺപാത തീർത്തും വിജനമായിരുന്നു. കരിയിലകൾ ചവിട്ടി അമർത്തി കര പിര ശബ്ദത്തോട് കൂടി അയാൾ നടന്നു കൊണ്ടിരുന്നു. ഇടയ്ക്ക് അയാളുടെ ഉടു മുണ്ട് ഒന്ന് ഊരി കുടഞ്ഞു തിരിച്ചു വീണ്ടും ഉടുത്തു. അയാൾ ഊരി കുടഞ്ഞ മുണ്ട്, കാറ്റത്തു പൊങ്ങി താഴുന്ന ആ കുറച്ചു സെക്കൻഡുകൾ അയാൾ തീർത്തും നഗ്നനായിരിക്കും. അയാൾക്ക്‌ അതിൽ ഒരു കൂസലും ഇല്ലായിരുന്നു. കാരണം ആ രണ്ടേമുക്കാൽ ഏക്കർ തോട്ടത്തിൻ്റെ നടുവിൽ അപ്പോൾ അയാൾ മാത്രമേ ഉണ്ടാവുള്ളൂവെന്ന് അയാൾക്ക്‌ നല്ല ഉറപ്പുണ്ടായിരുന്നു. കാരണം, അയാളുടെ ഭാഷയിലെ പാണ്ടികൾ അവിടെ പണിക്ക് വരാൻ ഇനിയും സമയമെടുക്കും. കുറച്ചു ദൂരം അയാൾ നടന്ന് തുടങ്ങിയത് കൊണ്ടാകണം അയാളുടെ മുഖത്ത് അല്പം ശാന്തത വന്നു തുടങ്ങിയിരുന്നു.
'സുരുളി അരുവി' എന്ന് തമിഴ്‌നാട്ടുകാർ വിളിച്ചിരുന്ന വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുകി വരുന്ന ഒരു ചെറിയ അരുവി ലക്ഷ്യമാക്കിയായിരുന്നു അയാൾ നടന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി അയാളുടെ പ്രഭാത കൃത്യ നിർവഹണം എന്ന പരിപാടി ആ പരിസരങ്ങളിൽ സാധിച്ചു പോന്നിരുന്നു.വീട്ടിൽ അതിനുള്ള സൗകര്യം ഉണ്ടായിട്ടും ഒരു ചേഞ്ചിന് അയാൾ ശ്രമിച്ചു തുടങ്ങിയതായിരുന്നു.... തുടക്കമൊക്കെ വലിയ ബുദ്ധിമുട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്....മെല്ലെ പോക്ക് നയമൊക്കെ ഒരു ആഴ്ച കഴിഞ്ഞപ്പോഴേക്കും വളരെ വേഗതയിലായി തുടങ്ങി. ശീലം ഇല്ലാത്തത് പലതും അയാൾ ശീലിച്ചു തുടങ്ങിയിരുന്നു. പല്ലുതേയ്‌ക്കൽ തിരിച്ചു വീട്ടിൽ ചെന്നിട്ടെ ഉണ്ടാവാറുള്ളൂ.
തണുത്ത ആ അരുവിയിൽ ഒന്ന് മുങ്ങി കുളിച്ചപ്പോഴേക്കും അയാൾ തീർത്തും ശാന്തനായിരുന്നു. ഉടുമുണ്ട് അയാൾ അവിടെ തന്നെയായിരുന്നു കഴുകുന്നത്. അരുവിയിൽ പായൽ പിടിച്ച കിടക്കുന്ന പാറ കൂട്ടങ്ങളുടെ ഇടയിലെ സാമാന്യം വലിയൊരു പാറയിലായിരുന്നു അയാൾ ഇരിക്കാർ. ഇരുന്നാൽ അര പൊക്കത്തിൽ മാത്രമേ വെള്ളം ഉണ്ടാവാറുള്ളൂ. അപ്പുറത്തെ കുറ്റിക്കാടിനെ അഭിമുഖീകരിച്ചു അന്നും അയാളുടെ മുണ്ട് ഊരി സ്വന്തം ചന്തി ആ പാറയുടെ മേൽ സ്ഥാപിച്ചു കുറച്ചു നേരം ശാന്തമായിയിരുന്നു. ആ ഇരുപ്പിൻ്റെ സുഖം ലോകത്ത്‌ വേറെ ഒന്നിനും ഉണ്ടായതായി അയാൾക്ക് തോന്നിയില്ല. വെള്ളത്തിൻ്റെ ഒഴുക്കിൻ്റെ ദിശയിൽ കുറെ നേരം അയാൾ ആ മുണ്ട് ഒരു വല പോലെ വിരിച്ചിടും. അങ്ങനെ കുറെ നേരം അവിടിരിക്കും. ആരോടോ സ്വയം സംസാരിക്കും...
----------------------------------------------------------------------------------------------------------------------
കഴിഞ്ഞ കുറെ വർഷങ്ങളായി അയാൾ തീർത്തും ഏകനായിരുന്നു. പത്തു പതിനഞ്ച് പണിക്കാരുമൊക്കെയായി അയാളുടെ കാഞ്ഞിരപ്പള്ളിയിലെ കുടുംബ വീട്ടിൽ പകലിൻ്റെ മുഴുവൻ സമയവും ഒച്ചപ്പാടും ബഹളവുമൊക്കെ തന്നെയായിരിക്കും. എന്നാലും അയാൾ എപ്പോഴൊക്കെയോ ഏകനായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നു. അമ്പേ പരിഷ്ക്കാരിയായ  അയാൾക്ക് നഗരത്തിൽ നിന്നും അതിലും പരിഷ്ക്കാരിയായ ഒരു ഭാര്യയെ, ജോർജൂട്ടിയ്ക്ക് പിതാവ് മാത്തച്ചൻ വാങ്ങി കൊടുത്തുവെന്ന് വേണം പറയാൻ. ജോർജൂട്ടിയുടെ ഇരട്ട സഹോദരി ജെസ്സിയ്ക്ക് സ്വന്തം കൂടെ പിറപ്പിനേ ജീവനേക്കാൾ സ്നേഹമായിരുന്നു. അവനും തിരിച്ചു അങ്ങനെ തന്നെയായിരുന്നു. പരിഷ്‌ക്കാരിയുടെ പ്രവേശനം പെട്ടന്ന് തന്നെ അവിടെ അസ്വാരസ്യങ്ങൾക്ക് വഴി വച്ച് തുടങ്ങിയിരുന്നു. അങ്ങനെ ജീവിതം മുന്നോട്ട് പോകുന്നതിൻ്റെ ഇടയിൽ റബ്ബർ എടുക്കാൻ തമിഴ് നാട്ടിൽ നിന്നും പതിവായി വന്നിരുന്ന അണ്ണാച്ചിയുടെ കാഞ്ഞിരപ്പള്ളിയിലെ ജോർജൂട്ടിയുടെ കുടുംബവീട്ടിൽ നിന്നും തിരിച്ചുള്ള സ്ഥിരം ട്രിപ്പിൽ...ഒരെണം കടമെടുത്തു ജെസ്സി കൂടെ കയറി പോയി...അങ്ങ് ദൂരെ കേരളം കടന്ന തമിഴ് നാട്ടിലെ ഏതോ ഒരു കോണിൽ. മൂക സാക്ഷിയായി ജോർജൂട്ടി എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. പക്ഷെ പരിഷ്ക്കാരി ഭാര്യക്ക് പിടിച്ചില്ല. ഒരു വക്കീൽ നോട്ടീസ് അയച്ചു പരിഷ്ക്കാരി തിരിച്ചു നഗരത്തിലേക്ക് ചേക്കേറി. കെട്ടി രണ്ട് കൊല്ലം കഴിഞ്ഞിരുന്നവെങ്കിലും കുട്ടികൾ ഉണ്ടാവാത്തത് കൊണ്ട് അയാൾ അവളുടെ നോട്ടീസിനെ എതിർത്തില്ല. മാത്തച്ചൻ മൗനത്തിലായിരുന്നു.
മകൻ്റെ പ്രണയത്തെ എതിർത്ത് വാങ്ങി കൊടുത്ത പരിഷ്ക്കാരി, മകനെ 'പോടാ പുല്ലേന്ന്' പറഞ്ഞു പോയത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. മാത്തച്ചൻ്റെ പെങ്ങളും ജോർജൂട്ടിയുടെ അമ്മയും ഒരേ മനസ്സും ഇരു മെയ്യും പോലെയായിരുന്നത് കൊണ്ട് അവളുടെ നോട്ടീസു നൽകിയുള്ള പോക്ക് വല്ലാതെ വേദനിപ്പിച്ചു....

പരിഷ്ക്കാരിയുടെ 'കെട്ട്' ഊരി കൊടുത്തതിന് പ്രത്യുപകാരം എന്നോണം, അവളുടെ അപ്പൻ കറിയാച്ചൻ ജോർജൂട്ടിയ്ക്ക് കുറച്ചു പണ്ടവും ഉരുപ്പടിയും കൂടെ ഒരു സി ക്ലാസ്സ് ബെൻസും കൊടുത്തിരുന്നു. ജോർജൂട്ടിയുടെ വീക്ഷണകോണ് ഒന്ന് വേറെ തന്നെയായിരുന്നു. എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി കറിയാച്ചനുമായി ക്ലബ്ബിൽ കൂടുമായിരുന്നു....അന്ന് പോക്കും വരവും ആ ബെൻസിലായിരിക്കും. മാസത്തിലൊരിക്കലുള്ള ബെൻസ് യാത്ര. ബാക്കിയുള്ള ദിവസം സ്വന്തം ബുള്ളറ്റിൽ ആയിരുന്നു യാത്രകൾ. ശനിയാഴ്ചകളിൽ 'അടിച്ചു ഓഫായി' ക്ലബ്ബിൽ തന്നെ കിടന്നു പിറ്റേന്ന് എഴുന്നേറ്റ് പോകാറായിരുന്നു പതിവ്. കറിയാച്ചൻ ക്ലബ് അടച്ചു കൃത്യം പതിനൊന്ന് കഴിയുമ്പോൾ തിരികെ പോകും. അവർ രണ്ടു പേരും ഒരിക്കൽ പോലും "പരിഷ്ക്കാരി"യെ കുറിച്ച് മിണ്ടിയിരുന്നില്ല.
ജെസ്സിയെ കാണാനുള്ള ബെൻസ് യാത്രകളിൽ മിക്കപ്പോഴും കറിയാച്ചനും കൂടെ ഉണ്ടായിരുന്നു. ജെസ്സിയ്ക്ക് ആദ്യ കുട്ടിയാപ്പോൾ മുതൽ അവളെ കാണാൻ പോകുമായിരുന്നു ജോർജൂട്ടി. ഏതാണ്ട് ആറ് കൊല്ലം കറിയാച്ചൻ സ്വന്തം മകളെ പോലെ കണ്ടിരുന്ന ജെസ്സിയെ കാണാൻ ജോർജൂട്ടിയുടെ കൂടെ പോയിരുന്നു. കുറച്ചു കാലം വയ്യാണ്ട് കിടപ്പിലായി. അന്ന് പരിഷ്ക്കാരി അമേരിക്കയിൽ ആയതു കൊണ്ട് ഒരു ഹോം നഴ്സിനെ കറിയാച്ചനു വേണ്ടി ഏർപ്പാടാക്കിയിരുന്നു. കറിയാച്ചൻ വിടവാങ്ങിയപ്പോൾ എല്ലാ കാര്യങ്ങളും ചെയ്തത് ജോർജൂട്ടിയായിരുന്നു. അപ്പോഴും ഒരിക്കൽ പോലും കുടുംബ മഹിമയുടെ പേരിൽ മാത്തച്ചൻ ജെസ്സിയെ കാണാൻ പോയിരുന്നില്ല. മാത്തച്ചനോടുള്ള കൂറിൽ അമ്മ മറിയച്ചേടത്തിയും നാത്തൂൻ പൊന്നമ്മയും അവളെ കാണാൻ പോയിരുന്നില്ല....ആഗ്രഹമുണ്ടായിരുന്നു. പക്ഷെ മാത്തച്ചൻ എന്ന വലിയൊരു മരം ആ വഴി മുടക്കി നിന്നിരുന്നു.... ആ മരവും ഒടുവിൽ വീണു. ജെസ്സി തമിഴ്‍ നാട്ടിലേക്കു ചേക്കേറി ഏതാണ്ട് ഏഴ് കൊല്ലങ്ങൾ കഴിഞ്ഞിട്ട്.....
കാലം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അങ്ങനെയാണല്ലോ കാലം ആർക്കും വേണ്ടി കാത്തു നിൽക്കാറില്ലല്ലോ. ജെസ്സിയ്ക്കു രണ്ടാമതും കുട്ടി ഉണ്ടായിട്ട് എല്ലാരും കൂടി രണ്ടോ മൂന്നോ തവണ ഒരുമിച്ചു വന്നു പോയിട്ടുണ്ടാവും. പിന്നെ അയാൾ മാത്രമേ പോയി വരാറുള്ളൂ.
---------------------------------------------------------------------------------------------------------------------
അയാളുടെ ഓർമ്മകൾ പെട്ടന്ന് മുറിഞ്ഞു. അരുവിയിലെ മീനുകൾ അരക്കൊപ്പം വെള്ളത്തിലായിരുന്ന അയാളുടെ പല ഭാഗങ്ങളിലായി കൊത്തി തുടങ്ങിയപ്പോൾ തിടുക്കത്തിൽ ചാടി എഴുന്നേറ്റ്. മുണ്ടു പിഴിഞ്ഞ് കുടഞ്ഞെടുത്തു ഉടുത്ത് അയാൾ അരുവിയിൽ നിന്നും ഇറങ്ങി നടന്നു....

ഈ ലോകത്ത്‌ സ്വന്തമെന്ന് പറയാൻ ഇപ്പോൾ അയാളുടെ ഇരട്ട സഹോദരിയായ ജെസ്സി മാത്രമേ ഉള്ളൂ. അതു കൊണ്ടുമായിരിക്കുമല്ലോ കാഞ്ഞിരപ്പളിയിൽ നിന്നും ഇത്ര ദൂരം വന്നു പോകാറുള്ളത്. നടന്നു നടന്നു അയാൾ തിരികെ അവളുടെ ആ ചെറിയ വീട്ടിൽ എത്തി. ബാഗിൽ നിന്നും ബ്രഷ് എടുത്ത് ബാക്കിയുള്ള പല്ല് തേയ്‌ക്കൽ പ്രക്രീയ കൂടി തീർത്തു. അയയിൽ തൻ്റെ ഷർട്ടും പാൻറ്റും ബനിയനും ജട്ടിയും അയയിൽ ഉണങ്ങാൻ ഇട്ടിരിക്കുന്നത് കണ്ടു.
ഇതേ പോലെ ഓരോന്ന് കൊണ്ട് വന്ന ബാഗിൽ ഉണ്ടാകും. രണ്ടു ദിവസത്തേക്ക് വന്നു പോകാൻ പ്ലാൻ ചെയ്തു വന്നതല്ലേ. ഈസ്റ്ററിന് തിരികെ വീട്ടിലോട്ട് എത്താമെന്നുമൊക്കെ പദ്ധതി ഇട്ടിട്ട് കഴിഞ്ഞ മാസം ഇരുപതിയൊന്നാം തീയതി അവിടേയ്ക്ക് വന്നതായിരുന്നു അയാൾ. വരുന്ന വഴി ബൈപാസിൽ വച്ച് 'പരിഷ്ക്കാരി വക' വണ്ടി ഒന്ന് കേടായി. പതിനൊന്നു കൊല്ലമായി പൊന്നു പോലെ കൊണ്ട് നടക്കുന്ന ആ കാർ വർക്ക്‌ഷോപ്പിൽ കൊടുത്തിട്ട് ബസ്സിലും ടാക്സിയിലുമായി എത്തിപ്പെട്ടതായിരുന്നു അവിടെ.
രണ്ട് ദിവസം കഴിഞ്ഞു തീരെ പ്രതീക്ഷിക്കാതെ സർക്കാർ പ്രഖ്യാപിച്ച ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ക് ഡൗണിൽ അയാൾക്ക് അവിടെ തന്നെ നിൽക്കാനേ വഴിയുള്ളൂ.
വിഷു കഴിഞ്ഞു ഉടനെ തിരിച്ചു കാഞ്ഞിരപ്പള്ളിയ്ക്ക് വച്ച് പിടിക്കാമെന്ന് വളരെ പ്രതീക്ഷയോടെ അയാൾ ഇരിക്കുമ്പോഴാണ് ലോക്ക് ഡൗണ് നീട്ടിയ വിവരം പത്രത്തിലൂടെ അറിഞ്ഞത്.

അവളുടെ വീട്ടിൽ ടി വി ഉണ്ടായിരുന്നില്ല...അതിൽ അവൾക്കോ അണ്ണാച്ചിക്കോ പിള്ളാർക്കൊ പരിഭവുമില്ല. അവർക്ക് ഒരു നേരം പോലും വെറുതെ കളയാനായി ഇല്ല. പുലർച്ചെ എഴുന്നേൽക്കുന്നത് തൊട്ട് തിരക്കിലായിരിക്കും. ഒരാൾ സ്കൂളിൽ പോയാൽ പിന്നെ അവളും ചെറിയ കുട്ടിയും വീട്ടിൽ തിരക്കായിരിക്കും. അണ്ണാച്ചി അളിയൻ പറമ്പിലോട്ട് ഇറങ്ങും.... കുറച്ചു റബ്ബറും ഏലയ്ക്കയും വാനിലയും എല്ലാം നോക്കി നടന്ന് തിരികെ വരുമ്പോഴേക്കും ഒരു നേരമാകും.....
അയാൾ തീൻ മേശയിൽ വന്നിരുന്നപ്പോൾ പാത്രത്തിൽ ആവി പറക്കുന്ന പുട്ടും, രണ്ടു താറാവ് മുട്ടയും പപ്പടവും പിന്നെ കടല കറിയും. അയാളുടെ അളിയൻ രാവിലെ പറമ്പിലെ ഒരു റൌണ്ട് അടിക്കലിന് ശേഷമേ വന്നു കഴിക്കുള്ളൂ.
'അളിയാ...ചായ കുടിച്ചല്ലോ...അല്ലെ ?'
'ടാ....നീ എന്നെ പാണ്ടി എന്നല്ലേ വിളിക്കാറുള്ളൂ...അതാ ഒരു രസം...അത് മതി...' ചിരിച്ചോണ്ട് അയാൾ ഇറങ്ങി.
'അങ്ങനെ ആകട്ടെ മൈ....ഡിയർ അളിയാ'....അയാൾ പുട്ടിൽ പപ്പടം പിടിച്ചിറക്കി...ഒരു കവിൾ ചായ കുടിച്ചു.
'പിള്ളാര് എഴുന്നേറ്റില്ലേ ടി...?'
'ഓ...പഠിത്തം ഇല്ലല്ലോ....മണി ഏട്ടാകുന്നത് അല്ലെ ഉള്ളൂ....അവൾ പാൽ വാങ്ങി വന്നു പിന്നെയും കിടന്നു...അവർ കിടക്കട്ടെ...'
ഉം....അയാൾ നീട്ടി മൂളി....
പണിക്കായി വരുന്ന സ്ത്രീ പിന്നാമ്പുറത്തെ വാതിലിൽ വന്നു വിളിച്ചു.
'പിള്ളാ....എങ്കെ...ഉള്ളയാ...'
'ആമാ....നാൻ തമ്പിക്ക് ചാപ്പിടത്തക്കു കൊടുത്തിക്കിട്ടു ഇരുന്തേൻ....നീങ്ക ഏതാവത് സാപ്പിട്ടിയാ....?'

അവളുടെ ഒഴുക്കൻ തമിഴ് കേട്ടിട്ടാണോ അതോ അവളുടെ ആ സ്ത്രീയോടുള്ള ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല....അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....


10 Apr 2020

മിഡിൽ ഈസ്റ്റ്

ഇന്ന് ദുഃഖവെള്ളിയാഴ്ച....ഏപ്രിൽ 10.

ഇന്നത്തെ ദിവസം ഓർക്കുന്നതിന് ഒരു പ്രത്യേകത കൂടിയുണ്ട്. പതിനൊന്ന് വർഷങ്ങൾക്കു മുൻപ്, അതായത് 2008 ഏപ്രിൽ പത്താം തീയതി, ആദ്യമായി (എൻ്റെ കുടുംബത്തിൽ നിന്നും രണ്ടാമതും) ഞാൻ പ്രവാസിയാകാൻ വേണ്ടി പൊന്ന് വിളയിക്കുന്ന മണ്ണിലേക്ക് വിമാനം കയറി പറന്ന ദിവസം...അന്ന് അങ്ങനെ വലിയ സ്വപ്‌നങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്ന് വേണമെങ്കിൽ പറയാം....പക്ഷെ ഒരു ലക്ഷ്യബോധം ഉണ്ടായിരുന്നു...."ലോൺ അടയ്ക്കൽ".

എന്നാലും പുറംലോകം ആദ്യമായി കാണുവാനുള്ള ആക്രാന്തത്തിൽ മുൻ പിൻ നോക്കാതെ നാട്ടിൽ നിന്നും പറന്നു. ആ സ്വപ്ന പറക്കൽ യാഥാർഥ്യമാകുവാൻ കാരണം തന്നെ, എൻ്റെ സുഹൃത്ത് കൂടിയായ അനീസ് മൊയ്‌ദീൻ അജ്മാനിൽ നിന്നും വിസ അയച്ചു തന്നത് കൊണ്ട് മാത്രമായിരുന്നു. അതു പോലെ, ഒരു മുറി ഫ്‌ളാറ്റിൽ കുടുംബസമേതം താമസിച്ചിരുന്ന ഷാനവാസ് മൊയ്‌ദു എന്നോട് വിളിച്ചു പറഞ്ഞു....

"നീ കൂടുതൽ ഒന്നും ചിന്തിക്കേണ്ട.....ഇങ്ങു കയറി പോരെ....തൽക്കാലം ഇവിടുള്ള സോഫയിൽ നീ വന്നു കിടക്ക്....ബാക്കി പിന്നെയല്ലേ നോക്കേണ്ടത്...." ഒന്ന് ചുരുണ്ട് കൂടി കിടക്കാൻ ഒരു പട്ടിയ്ക്കുള്ള സ്ഥലം മതിയായിരുന്നത് കൊണ്ടും സഹപാഠിയുമായിരുന്ന അവൻ എനിക്ക് പകർന്ന ധൈര്യത്തിൻ്റെ  ബലത്തിലും അവൻ പറഞ്ഞ പോലെ....ബാക്കിയുള്ളത് പിന്നെ....എന്നുള്ള വിശ്വാസവും മുറുക്കെ പിടിച്ചു, തുണിമണി, മറ്റു കിടിപിടികൾ പെട്ടിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ആദ്യമായി വിദേശത്തേക്ക് പറന്ന ദിവസമാണ് ഇന്ന്.

ആ പറക്കൽ മറക്കാൻ പറ്റുമെന്ന് കരുതുന്നില്ല....വിമാനത്തിൽ ഒട്ടുമേ തിരക്കില്ലാത്തത് കൊണ്ട്  മൂന്ന് പേർ ഇരിക്കേണ്ട സീറ്റിൽ നടുവിലെ സീറ്റിലിരുന്നു കൈകൾ രണ്ടും ഇരുവശത്തെ ഹാൻഡ് റെസ്റ്റിൽ വച്ച് വിമാനം പൊങ്ങുന്നതിനോടപ്പം ഞാനും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചത് എന്തിനായിരുന്നുവെന്ന് അന്നുമിന്നും അറിയില്ല.....

"വെപ്രാളമാണോ അതോ ഭയമോ...?"
"ആവോ....ഇന്നും അതെ അവസ്ഥ...!"

നിറ കണ്ണുകളോടും ശ്വാസം മുട്ടിയുള്ള ഇരിക്കലും 'ടേക്ക് ഓഫ്' നിടയിൽ ഒരു 'ഫുൾ കൊന്ത' പഠിക്കലും എല്ലാം....ആയി ആകാശത്തിൻ്റെ ഉയരങ്ങളിലേക്ക് അങ്ങനെ പറന്ന് പറന്ന് കൊണ്ടേ ഇരുന്നു. നീണ്ട മൂന്നേ മുക്കാൽ മണിക്കൂറിന് ശേഷം ഷാർജയിൽ ലാൻഡ് ചെയ്തു.

ആറു കൊല്ലങ്ങൾക്ക് ശേഷം അൽ ഐനിൽ നിന്നും.....പലതും കെട്ടി പെറുക്കിയുള്ള തിരിച്ച്‌ വരവിൽ, പക്ഷെ വിലയേറിയെ എന്തോ ഒന്ന് അവിടെവിടെയോ മറന്ന് വച്ച് വന്നത് പോലെയായിരുന്നു.....വന്നത് പോലെ തിരിച്ചു വീണ്ടും പറന്ന് പോകണം എന്നൊക്കെ ഏതാണ്ട് കുറച്ചു വർഷങ്ങൾ മുൻപ് വരെയും കലശലായ ആഗ്രഹം ഉണ്ടായിരുന്നു..... നടപ്പില്ല എന്ന് തോന്നിയപ്പോൾ ആ ചിന്ത പതിയെ മാഞ്ഞു പോയി.

എല്ലാ കൊല്ലവും ഈ ഏപ്രിൽ 10 ന് ഒരു പിടച്ചിലും ആകാശത്തേക്ക് നോക്കി ഇരിക്കലും പതിവായിരുന്നു. എന്ത് കൊണ്ടോ ഈ കൊല്ലം നിർവികാരിതയോട് മാത്രമേ ജനൽ വഴി ആകാശത്തേക്ക് നോക്കി നിൽക്കുവാൻ കഴിയുന്നുള്ളൂ. മറ്റുള്ള മിക്ക രാജ്യങ്ങളിൽ എന്ന പോലെ പെട്ടന്നുള്ള മഹാമാരിയുടെ പിടിയിലകപ്പെട്ട് ആ ചെറിയ രാജ്യം - മിഡിൽ ഈസ്റ് - എല്ലാ പാവപ്പെട്ടവൻ്റെയും സ്വർണം വിളയിക്കുന്ന സ്വപ്ന മരുഭൂമിയെ ഇന്ന് ഭീതിയോടെയാണ് ഓർക്കുന്നത്. ആ കൂട്ടത്തിൽ ഞാനും....കൂട്ടിലകപ്പെട്ട കിളികൾ പോലെ ഭയചികതരായി....എത്രെയോ പ്രവാസികൾ....!തിരിച്ചു സ്വന്തം നാട്ടിലേക്ക് പറന്നിറങ്ങാൻ കൊതിക്കുണ്ടാവും....! കുടുംബം നോക്കാൻ പോയിട്ടുള്ള പലരും പട്ടിണിയും താമസിക്കാൻ ഇടവുമില്ലാതെയും ശമ്പളം പോലും കിട്ടാതെയും നാട് വിട്ട് മറ്റൊരു ദേശത്ത് നരകിക്കുന്നത് ദയനീയമാണ്.

ഇന്ന്, ഒരു സുഹൃത്ത് റാസ്-അൽ-ഖൈമയിൽ നിന്നും വിളിച്ചു സംസാരിച്ചിരുന്നു.... സാഹചര്യം ദിനംതോറും വഷളായി കൊണ്ടിരിക്കുകയാണെന്നും ഏതാണ്ട് ഒട്ടു മിക്കവാറും പ്രവാസികളും നാടണയുവാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു കേട്ടപ്പോൾ, നീണ്ട ആറ് വർഷം അജ്‌മാൻ, അൽ ഐൻ, അബുദാബി മുതലായ നഗരങ്ങളിൽ ഞാൻ പണിയെടുത്ത നാളുകളും സാമ്പത്തിക മാന്ദ്യം മൂലം, നാല് തവണയോളം ജോലി മാറി തെക്കും വടക്കുമായി എന്തിനോ  വേണ്ടി ഓടിയത് ഓർത്തു പോയി. പലരുടെയും തല വര മാറ്റിയിട്ടുള്ള ആ നാട്ടിൽ നിന്നും ഇന്ന് എല്ലാവരും എങ്ങനെയെങ്കിലും നാടെത്തി കിട്ടിയാൽ മതിയെന്ന ഒറ്റ ചിന്ത മാത്രമേയുളളൂ എന്നറിഞ്ഞപ്പോൾ "ഭഗനീയ ജീവിതം" നിമിഷ നേരം കൊണ്ട് സ്വപ്ന ഭൂമിയിൽ ഒരു മരീചികയായി മാറുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നു.

ഗൾഫിലുള്ള എൻ്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നന്മകൾ നേരുന്നു.....ഈ മഹാമാരിഎത്രെയും പെട്ടന്ന് വിട്ട് മാറട്ടെ....

ഈ കാലവും മാറും....മാറി അല്ലെ പറ്റൂ....!!
തെളിഞ്ഞ കിടക്കുന്ന ആകാശത്തിൽ അങ്ങിങ്ങു തെന്നി നടക്കുന്ന വെളുത്ത മേഘ പാളികൾ  അല്ലാതെ ഒരു വിമാനവും ഈ രണ്ടാഴ്ച കാലം കണ്ടിട്ടില്ല.

വരും....!! ഇനിയും ആ പഴേയ നാളുകൾ.....തിക്കും തിരക്കുമായി ഒന്നിനും സമയം തികയാത്ത ആ നല്ല നാളുകൾ ഇനിയും വരും....എല്ലാ മാലോകർക്കും.

മാഞ്ഞു പോയ ആ പഴയെ ആഗ്രഹവും വീണ്ടും തെളിഞ്ഞു വരുമായിരിക്കും....വരാതിരിക്കില്ല. ഇനിയും പറന്നിറങ്ങണം ആ സ്വപ്ന നാട്ടിൽ.....
മിഡിൽ ഈസ്റ്റ് - ഒരു യാത്ര ഇനിയും ബാക്കി.

4 Jul 2017

നമ്മുടെ സ്വന്തം പ്രജകൾ

'നിങ്ങളെ ആരാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തേ...?'
'നാലാളുടെ സ്ഥലം വേണം...അങ്ങോർക്ക്...!'
'അങ്ങാട്ടു...ഒന്ന് നീങ്ങി നിക്കടോ....!"
'എത്ര നാളായിട്ടു ഉള്ള കാത്തിരിപ്പാന്ന്...അറിയാവോ ഊവ്വേ തനിക്കു..?'
'ഡേയ്...ഡേയ്...എന്തോന്ന്...ഇത്..? 
പാവത്തിനെ ഇങ്ങനെ പറയരുതേ...!'


-----------------------------------------------------------------------------------------------------------------------------------
'ഹാവൂ !! ഒരാൾക്ക് എങ്കിലും നമ്മെ കുറിച്ച് അറിവുണ്ടല്ലോ...!
നമ്മെ മനസ്സിലായല്ലോ...സന്തോഷമായിരിക്കണു..!' കുമ്പയും തടവി പാവം നമ്മടെ മാവേലി ഓരത്തോട്ടു മാറി നിന്നു. 

(കഴിഞ്ഞ ഓണത്തിന് വന്നപ്പോ മാവേലി തമ്പുരാന് കിട്ടിയ സമ്മാനമാണ് ഒരു മൊബൈൽ. അത് ഉണ്ണിക്കുട്ടന്റെ വക. മുത്തശ്ശി കഥകൾ കേട്ട്, നഗരത്തിൽ തന്നെ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു അഞ്ചാം ക്ലാസ്സുകാരൻ ഉണ്ണിക്കുട്ടൻ മാവേലിക്ക് നൽകിയ സമ്മാനമാണ്...തിരുവോണത്തിന്റെ അന്ന് അത്തപൂക്കളത്തിൽ വന്നിരുന്ന പൂമ്പാറ്റകളെ കൗതുക പൂർവ്വം നോക്കിയിരിക്കുകയായിരുന്നു അവൻ. പെടുന്ന എവിടുന്നോ വന്നു നിന്ന മാവേലിയെ, ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കിയ ഉണ്ണിക്കുട്ടന്, സന്തോഷത്തിനു അതിരില്ലായിരുന്നു...കുറച്ചു നേരം അവനോടൊപ്പം ഇരുന്നു വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മാവേലി പോകാൻ നേരം....തൻ്റെ മുത്തശ്ശിക്ക്, അച്ഛൻ ഓണസമ്മാനമായി നൽകിയ പുതിയ ഫോൺ ഉണ്ണിക്കുട്ടൻ മാവേലിക്ക് കൈ മാറി. കൊടുക്കുന്നതിനു മുൻപ് മുത്തശ്ശിയോട് പറഞ്ഞപ്പോൾ മുത്തശ്ശി വെറുതെ ഒന്ന് നോക്കിയതേ ഉള്ളു. ആ നോട്ടത്തിൽ പ്രതേകിച്ചു അർത്ഥം ഒന്നുമില്ലായിരുന്നു.
'ഈ കുട്ടി ഇപ്പൊ ഇത് എങ്ങോടാ...' ഈ പ്രായത്തിൽ തനിക്കു ആ ഫോണിന്റെ ഒരു ആവശ്യവും ഇല്ലാത്തത് കൊണ്ട് മുത്തശ്ശി ഒന്നും മിണ്ടിയില്ല.)

പാതാളത്തിൽ ഇടയ്ക്കു ഇടയ്ക്കു വന്നു കൊണ്ടിരുന്ന മെസ്സേജുകളിൽ മിക്കവയും പനിയെ കുറിച്ചുള്ളതായിരുന്നു. 'പനി' ബാധിച്ചു തൻ്റെ പ്രജകൾ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കി അവരെ ഒന്ന് കാണാമെന്ന് കരുതി ഇറങ്ങിയതായിരുന്നു മാവേലി. ഓണത്തിന് ഇനിയും സമയം ഉണ്ടെങ്കിലും പ്രജകളെ നേരിൽ കണ്ടു അവരുടെ കഷ്ടപ്പാടുകളിൽ ഒന്ന് പങ്കു ചേരാമെന്ന് കരുതിയിരിക്കണം നല്ലവനായ മാവേലി തമ്പുരാൻ.
ഓല കുടയും ചൂടി മൂളിപ്പാട്ടും പാടി ചാറ്റൽ മഴയിൽ പതുക്കെ നടന്നു വരികയായിരുന്നു മാവേലി. ഞായറാഴ്ച ആയിരുന്നതിനാലും നഗരത്തിൽ തിരക്കില്ലാതിരിക്കും എന്ന് കരുതിയ മാവേലി നഗരാതിർത്തിയിലേക്ക് കാലെടുത്തു വച്ചതും ഞെട്ടി തരിച്ചു പാവം മാവേലി.

"തന്റെ വരവ് പ്രജകൾ അറിഞ്ഞിരിക്കുന്നുവല്ലോ...!'
'നോം...ആരെയും അറിയിച്ചിട്ടില്ലല്ലോ...ഉണ്ണിക്കുട്ടനോടും നോം...നമ്മടെ ആഗമനത്തെ കുറിച്ച് അറിയിച്ചിട്ടില്ലലോ...! പിന്നെ ഇത് എങ്ങനെ..?'

സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു. ചെണ്ടമേളം.വാദ്യോപകരണങ്ങളുമായി ദൂരെ നിന്നേ മാവേലി സ്വീകരിക്കാൻ നിൽക്കുന്നവരെ കണ്ടു മാവേലി രോമാഞ്ചമണിഞ്ഞു. നടത്തത്തിനു വേഗത കൂടിയ മാവേലി ചെണ്ടമേളത്തിനിടയിൽ വന്നു നിന്നു....
മറ്റൊരു ഞെട്ടൽ മാവേലിക്ക് താങ്ങാൻ പറ്റുന്നതിലും അധികാമായിരുന്നു. ആൾക്കൂട്ടത്തിനു നടുവിൽ അകപ്പെട്ട മാവേലിയെ നാട്ടുകാര് ശകാരവർഷങ്ങൾ കൊണ്ട് പൊതിഞ്ഞു...

'നിങ്ങളെ ആരാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തേ...?'
'നാലാളുടെ സ്ഥലം വേണം...അങ്ങോർക്ക്...!'
'അങ്ങാട്ടു...ഒന്ന് നീങ്ങി നിക്കടോ....!"
'എത്ര നാളായിട്ടു ഉള്ള കാത്തിരിപ്പാന്ന്...അറിയാവോ ഊവ്വേ തനിക്കു..?'
'ഡേയ്...ഡേയ്...എന്തോന്ന്...ഇത്..? 
പാവത്തിനെ ഇങ്ങനെ പറയരുതേ...!'

-----------------------------------------------------------------------------------------------------------------------------------
തലസ്ഥാന നഗരത്തിൽ പൂട്ടി കിടന്ന ബാറുകളിൽ ഏതോ ഒന്ന് തുറന്നതിന്റെ സന്തോഷം വാനോളം ആഘോഷിക്കുന്നതിന്റെ ഇടയിലോട്ടയിരുന്നു 'മാവേലി' അകപ്പെട്ടത്. കുപ്പിയും വെള്ളത്തിനും ഇടയിൽ മാവേലിക്ക് എന്ത് പ്രസക്തി...!
ഇനിയും ആൾക്കൂട്ടത്തിനിടയിൽ നിന്നാൽ സംഗതി കുഴയുമെന്നും ഉടുതുണി പോലും നക്ഷ്ടമാകുമെന്ന് മനസ്സിലായ മാവേലി തമ്പുരാൻ പതിയെ നടന്നു നീങ്ങി. ആ മനസ്സിൽ ഒരു അവ്യക്തമായ തേങ്ങൽ കേൾക്കായുമായിരിന്നു....

അല്പം ദൂരം നടന്നു നീങ്ങിയ മാവേലി ഒന്ന് തിരഞ്ഞു നോക്കി. ആഘോഷം തുടരുന്നു...പാതയോരത്ത് പോലും നിൽക്കാൻ സ്ഥലമില്ല.
മാവേലി സ്വയം പറഞ്ഞു...'എൻ്റെ ഉണ്ണിക്കുട്ടന്റെ തലമുറയെങ്കിലും ഇത് മാതൃക ആക്കാതെ ഇരിക്കട്ടെ'
(പ്രജകളെ കാണുന്നത് ഒഴിവാക്കി മാവേലി തിരിച്ചു യാത്രയായി)

-------------------------------------------------------------------------------------------------------------------------------------
Drink Responsibly...!!
Drink Socially...!!

10 May 2017

ജനാലയുടെ പിന്നിലെ ബാല്യകാലം


​ശക്തമായ കാറ്റ് ആഞ്ഞുവീശിയടിച്ചു തുടങ്ങിയപ്പോൾ തന്നെ അവൾ അയാളോട് അടുക്കളയിൽ നിന്ന് വിളിച്ചു കൂവി തുടങ്ങി.

"അതെ...! നല്ല മഴ വരുന്നുണ്ട്...നിങ്ങൾ ആ മുറ്റത്ത് ഉണക്കുവാൻ ഇട്ടിരുന്ന തുണി ഒന്ന് എടുത്തു അകത്തേക്ക് ഇട്ടേക്കണെ..'

കുന്നിൻ ചെരുവിലെ ആ ഓടിട്ട വീട്ടിലെ കിഴക്കു വശത്തുള്ള കിടപ്പുമുറിയിലെ ജനാല കമ്പിയിൽ രണ്ടു കൈയ്യും പിടിച്ചു അങ്ങ് ദൂരെ നിന്ന് ആടി പറന്നു വരുന്ന കാറ്റിനെ വരവേൽക്കാൻ അയാൾ തയ്യാറായി നിൽക്കുകയായിരുന്നു.അവൾ വിളിച്ചു പറഞ്ഞത് അയാൾ കേട്ടില്ല. ഒരു പക്ഷെ കേട്ടില്ലെന്നു നടിച്ചു. കത്തുന്ന വേനലിൽ ഇടയ്ക്കു എപ്പോഴെങ്കിലും പെയ്യുന്ന മഴയിൽ നനയാൻ അയാൾക്ക്‌ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അയാളിൽ എന്തോ ഒരു ചിന്ത വിദൂരതയിൽ തട്ടി നിന്നു. ഓർമ്മകളിലെ കുട്ടിക്കാലം ചിന്തകളുടെ കെട്ടഴിച്ചു.

മഴയിൽ നനഞ്ഞു കുളിച്ചു പാട വരമ്പത്തു കൂടി ഓടി നടന്ന ആ കുട്ടിക്കാലം. വാഴത്തോപ്പിലെ മണ്ണിൽ മണ്ണിരകൾ പുറത്തേക്ക് വരുന്നതും...അങ്ങിങ്ങു തവളകൾ മഴ തുള്ളികൾക്ക് അകമ്പടി സേവിക്കുന്നതും....കിളികൾ നനഞ്ഞു കൂടികളിലേക്ക് ചേക്കേറുവാൻ പറന്നു പോകുന്നതും എല്ലാം അയാളുടെ ഓർമ്മകളിൽ നിര നിരയായി വന്നു നിന്നു. നനയാതെ ഇരിക്കുവാൻ തലയിൽ വാഴയില ഇട്ടു കൊണ്ട് നാണുവും കൂട്ടരും പാടത്തു നിന്നും അരിവാളും പാത്രങ്ങളും കുട്ടകളുമായി നടന്നു പോകുന്നത് എല്ലാം ഇന്നലെ നടന്നത് പോലെ അയാൾക്കു തോന്നി.

അപ്പോഴേക്കും അയാളുടെ ആ ചെറിയ വീട്ട് മുറ്റത്തു മഴ പെയ്തു തുടങ്ങിയിരുന്നു....അയാൾ അത് അറിഞ്ഞിരുന്നില്ല. കാറ്റും മഴയും തമ്മിൽ മത്സരിക്കുന്നത് പോലെ ഇടയ്ക്കു എപ്പോഴോ ചിന്തകളിൽ നിന്നും ഉണർന്നപ്പോൾ അയാൾക്ക് തോന്നി. വെയിലത്തു ഉണക്കുവാൻ ഇട്ടിരുന്ന അലക്കിയ തുണികൾ നനഞ്ഞതിന്റെ ദേഷ്യത്തിൽ അവൾ അയാളോട് അടുക്കളയിൽ നിന്നും അലറി വിളിച്ചു അയാളുടെ മുറിയിലേക്ക് ഓടി കയറി. ഒരു നിമിഷം അവൾ ഞെട്ടി പോയി.

"ശ്ശോ ! നിങ്ങൾക്ക്  നാണവുമില്ലേ...? മുണ്ട് എവിടെ പോയി...മനുഷ്യാ ...? നിങ്ങളുടെ ദേഹത്ത് മാത്രം എണ്ണ തേച്ചു തോണിയിൽ ഇട്ടാൽ പോരാ...തലയിൽ നെലിക്ക തളവും വയ്ക്കണം...നാണവും മാനവും ഇല്ലാത്തവൻ...ആരേലും കണ്ടാൽ തന്നെ എന്ത് പറയും'...?

അയാൾ അതൊന്നും കേൾക്കുണ്ടായിരുന്നില്ല. അയാൾ അപ്പോഴും ജനാല കമ്പിയിൽ പിടിച്ചു തന്നെ നിന്നിരുന്നു...ഓർമ്മകളിൽ ചേക്കേറി തുടങ്ങിയ എപ്പോഴോ അയാളുടെ ഉടു തുണി ശക്തമായ കാറ്റിൽ എവിടേക്കോ പറന്നു പോയിരുന്നു...ആ കാറ്റും ഉത്താലും അയാളെ വല്ലാതെ തഴുകി ആശ്വസിപ്പിക്കുണ്ടായിരുന്നു...അയാളുടെ കണ്ണുകൾ നനഞ്ഞിരുന്നോ...? ആരും കണ്ടില്ല.

---------------------------------------------------------------------------------------------------------------------------------------------

മറവി രോഗം അയാളെ ബാധിച്ചു തുടങ്ങി എന്ന് അവകാശപ്പെട്ടിരുന്ന അവൾ, പക്ഷെ അയാളോട് ഉണങ്ങുവാൻ ഇട്ടിരുന്ന തുണികൾ എടുത്തു അകത്തേക്കിടുവാൻ പറഞ്ഞത് എന്തിനു എന്ന് എനിക്കും മനസ്സിലായില്ല. അവളോടുള്ള നീരസം മഴത്തുള്ളികൾ ഒരു പക്ഷെ ഇടിയും മിന്നലിനോടും പറഞ്ഞത് കൊണ്ടാകും....മിന്നലും ശക്തമായ ഇടിയും മഴയ്ക്ക് കൂട്ടായി വന്നു. അപ്പോഴും അയാൾ ആ ജനാല കമ്പിയിൽ പിടിച്ചു തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഓർമ്മകളിലെ മറ്റൊരു അദ്ധ്യായം അയാൾക്ക്‌ മുന്നിൽ വീണ്ടും തുറക്കപ്പെട്ടു. 

22 Apr 2017

ക്യു...എങ്ങും എവിടെയും !!

​​​​ബിവറേജസിലെ ക്യു മാറിയപ്പോഴേക്കും ദേ അടുത്ത ഉഗ്രൻ ക്യു. 

ഈ ക്യുവിന് അങ്ങനെ പ്രതേകിച്ചു അഹങ്കാരമൊന്നുമില്ല...സ്ത്രീകൾ, കൈകുഞ്ഞുങ്ങൾ, പുരുഷന്മാർ, വയോധികർ അങ്ങനെ ആർക്കും നിൽക്കാം. നിന്നല്ലേ പറ്റു. എല്ലാവരും.അവരവരുടെ ഊഴത്തിനായി കാത്തു നിൽക്കുന്നു. ഒച്ചപ്പാടോ ബഹളങ്ങളോ ഒന്നുമില്ല. ശാന്തമായ രംഗം.

സിസ്റ്റർ സിസിലി, രേവതി ആർ, ബേബി ഓഫ് ദേവി, കൌണ്ടർ നമ്പർ 5. ശാന്തമായ അന്തരീക്ഷത്തിൽ ഇടയ്ക്കു ഒരു അനൗൺസ്‌മെൻറ്.

(രംഗം : പാസ്പോര്ട്ട് ഓഫീസോ, മറ്റു സർക്കാർ കാര്യാലയമോ അല്ല...തലസ്ഥാന നഗരിയിലെ ആശുപത്രികളിലൊന്നിലെ, സ്വകാര്യ ആശുപത്രികളിൽ ഒന്നിലെ ഓ.പി ടിക്കറ്റ് എടുക്കാനുള്ള ക്യു, സീനാണ്)

ജോസ് ഡി, രമ്യ കൃഷ്ണൻ, ഷൈൻ യൂസഫ്, കൌണ്ടർ നമ്പർ  7
(വയ്യെങ്കിൽ എന്ത്... രമ്യ കൃഷ്ണന് വേണ്ടി കഷ്ട്ടപെട്ടു കണ്ണുകൾ പരതി...ഇല്ല സിനിമ നടി അല്ല...അല്ലേലും അവർ ഇവിടെ തിരോന്തോരത്ത് വന്നു ചികിത്സ എടുക്കുമോ..ചിന്തിക്കാൻ സമയം കിട്ടിയില്ല)

'ഏതു ഡോക്ടറെ ആണ് കാണേണ്ടത്' ?
'ജോസ് എന്ന് തന്നെ ആണോ പേര്' ? കൌണ്ടറിലെ ചോദ്യം.
ന്യായമായ ചോദ്യം. താടിരോമങ്ങൾ പടർന്നു പന്തലിച്ചത് കാരണം അവർക്ക് സംശയം തോന്നിയിട്ടുണ്ടാവാം. 
'വല്ല സന്യാസി മറ്റോ ആണോ'...? ഫയലും എടുത്തു പൈസയും കൊടുത്തു ഡോക്ടറെ കാണാൻ നടന്നു.

ഓ.പി ടിക്കറ്റ് എടുത്തു ഒന്നാം നിലയും വല്ലവിധത്തിലും കയറിപറ്റി (ഇതിലിപ്പോ എന്താണ് ഇത്ര കാര്യം എന്നാവും ചിന്ത...അല്ലെ.? കാലും നടുവും കലശലായ വേദനയും വച്ച് ചവിട്ടുപടി കയറി നോക്ക്...മനസിലാകും) ഡോക്ടറെ കാണാമെന്നു വച്ചാൽ അവിടെ പൂരത്തിനുള്ള തിരക്ക്. എവിടെങ്കിലും ഒന്ന് ഒതുങ്ങി കൂടി ഇരിക്കാമെന്നു വച്ചാൽ അതും പറ്റില്ല. ഇരിക്കാൻ കസേര വേണ്ടേ. ഭിത്തിയും ചാരി കുറെ നേരം നിന്ന് ഒടുക്കം ഒരു കസേര കിട്ടി. അരിച്ചാക്ക് എടുത്തിട്ട പോലെ കസേരയിൽ ഇരിക്കുന്ന ഞാൻ, ഇന്ന് സ്വന്തം മൂട് രണ്ടു അടി പൊക്കത്തിൽ നിന്ന് താഴെ ഇറക്കാൻ ലേശം പാട് പെടേണ്ടി വന്നു. ചമ്മൽ ഒട്ടുമേ ഇല്ല...സമത്വം അവിടം ഉള്ളതു പോലെ തോന്നി. എല്ലാവരും തുല്യർ.

ഒടുവിൽ ഡോക്ടറെ കാണാൻ അവസരം കിട്ടിയപ്പോൾ ഡോക്ടർക്ക് ഫോൺ നിലത്തു വയ്ക്കാൻ വയ്യാത്തവിധം കോളുകൾ. അതും പനിയെ കുറിച്ചുള്ള ചർച്ചകൾ. ഇടയ്ക്കു ആർക്കോ 'വെരിറ്റിൻ' 3 വീതം കഴിക്കാൻ പറയുന്നത് കേട്ട്. 
പ്ലിങ് !! ആഹാ നമ്മ ആൾ താൻ.  ആരാണാവോ അത്.
ശ്ശൊ !! എനിക്കും ഒരു ഫിസിഷ്യനെ അറിയുമായിരുന്നേൽ കഷ്ട്ടപെട്ടു വരേണ്ടല്ലോ. ഫോണിൽ കൂടി ചോദിച്ചു അറിഞ്ഞാൽ പോരെ. 

'ആ...എന്താ പറ്റിയെ'...ഡോക്റ്ററുടെ സൗമ്യമായ ചോദ്യം ചിന്തകളിൽ നിന്നും എന്നെ ഉണർത്തി. കാര്യം പറഞ്ഞു. ഡോക്ടർ നല്ലൊരു ചിരി തന്നിട്ട് പറഞ്ഞു 
'ഇപ്പോഴത്തെ പനി അല്ലെ...അതാ'...!

---------------------------------------------------------------------------------------------------------------------------------------------

ഇവിടെ "പനി" ആണ് വില്ലൻ. അതും പലതരം പനികൾ. പരീക്ഷ പേപ്പറിലെ പോലെ ചോയ്സ് ഒന്നുമില്ല. 'അടിച്ചു' കിട്ടിയതുമായി വന്നു ഡോക്ടറെ കണ്ടു ബോധിച്ചു കുറിപ്പടിയുമായി തിരികെ ഇഴഞ്ഞോ തുഴഞ്ഞോ പോയേ പറ്റു. (ശരിക്കും പറഞ്ഞാൽ റെയിൽവേ പോർട്ടർമാരുടെ സേവനം ഇവിടെ വേണ്ടി വരും.)

---------------------------------------------------------------------------------------------------------------------------------------------

പണ്ടൊക്കെ പനി എന്ന് പറഞ്ഞാൽ എന്ത് നിസാരം. സ്കൂളിൽ പോകേണ്ട. അതാണ് ഏറെ സന്തോഷം. അന്നൊക്കെ ഫോൺ ഇല്ലാത്തതു കൊണ്ട് ആരും അന്വേഷിക്കാറില്ല. പിറ്റേ ദിവസം സ്വന്തം കൈപ്പടയിൽ ഒരു ലീവ് ലെറ്റർ ക്ലാസ്സ് അദ്ധ്യാപകനെ ഏൽപ്പിക്കുമ്പോൾ അറിയാതെ ഇടതു കൈ ചന്തിക്ക് പുറത്തു ഒരു കവചമായി വച്ചിട്ടുണ്ടാകും. ബാക്ക് ബെഞ്ചർ ആയതു കൊണ്ട് 'പനി കത്ത്', ക്ലാസ്സ് അദ്ധ്യാപകന് ഒരു 'പണി കത്തായി' കൊടുത്തതാണോ എന്ന് അദ്ദേഹം ചിന്തിക്കുണ്ടാവുമോ എന്ന് ഓർത്തിട്ട്, ചൂരൽ കഷായത്തിൽ നിന്നും രക്ഷ നേടാനായിരുന്നു ചന്തിക്ക് ഒരു 'കൈ കവച സഹായം'. 
കാലത്തിനോപ്പം പ്രായവും, പലതും മാറി. ഫോണിന്റെ തള്ളിക്കയറ്റം മൂലം സ്വസ്ഥമായി ഒരിടത്ത് അടങ്ങി ഇരിക്കുവാനോ കിടക്കുവാനോ പോലും വയ്യ. ഓഫ് ആക്കിയാൽ അതിനു വേറെ അർത്ഥങ്ങൾ...ആവൂ. 

ഇന്നലെ വന്ന ഫോൺ കോളുകളിൽ പലരും ആദ്യമേ ചോദിച്ചത്: 
'എന്തേയ് ശബ്ദം ഇങ്ങനെ'...? (പാത്രം മോറുന്ന ശബ്ദം പോലെ തോന്നിയിട്ടുണ്ടാവും)... 
'ഉറക്കമാണോ'...? അടുത്ത ചോദ്യം 
'വയ്യേ'... ?

'ഇല്ല വയ്യാ...പനി ആണ്. കിടക്കുവാ'...!!

'യ്യോ'...! ഡെങ്കി വല്ലോം ആണോ ... ? (മറുതലക്കലെ ചോദ്യം ആത്മാർത്ഥമായ അന്വേഷണമാണോ...അതോ ആക്കിയതാണോ എന്ന് അറിയാൻ വയ്യ...)
കാരണം ചിന്തിക്കാനും വയ്യ...മേലും വയ്യ...മൊത്തത്തിൽ വയ്യ. 

ഇന്നാണ് നോം ശിരസ്സ് ഒന്ന് നേരെ ഉയർത്തിയത്....എഞ്ചിൻ മൊത്തത്തിൽ റെഡിയായിട്ടില്ല...ആൻ്റിബൈയോട്ടിക്കിന് കൂട്ടായി ഒരു വൈറ്റമിനും പിന്നെ സദ്യക്ക് അച്ചാർ നിർബന്ധം എന്ന പോലെ എല്ലാ പനിക്കും പാരസെറ്റമോൾ. ഇവിടിപ്പോ എന്തിനാ ഡോക്ടർ വൈറ്റമിൻ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, വയർ കേടാകും. 
ഒരു കണക്കിന് വൈറ്റമിൻ എഴുതിയത് നന്നായി. അല്ലേൽ കിടപ്പിന് പകരം ഫുൾ ടൈം ഇരിപ്പായാനേ...കമോഡിൽ.

ജില്ല തിരുവനന്തപുരവും ആനുകാലിക വിഷയങ്ങൾ വരൾച്ചയും, രൂക്ഷമായ ജലക്ഷാമവും പോരാത്തത്തിന് പനിയും. മൊത്തത്തിൽ കോമ്പിനേഷൻ ശരിയാകില്ല. ആൻ്റിബൈയോട്ടിക്കിന് ഒപ്പം നിർബന്ധമായും വൈറ്റമിനും കഴിക്കുക..
അല്ലേൽ കുളമാകും.

27 Dec 2016

കളേഴ്സ്

'Excuse me Madam, could you please read and tell me the manufacturing date and expiry of this cake'. അതൊരു നീണ്ട വാചകമായിരുന്നു. കണ്ണട എടുക്കാത്തത് കൊണ്ട് വേറൊന്നും ആലോചിക്കാതെയാണ് അയാൾ  തൊട്ടടുത്തത് നിന്ന സ്ത്രീയോട് കൈയിലുളള കേക്ക് നീട്ടി ആവശ്യപ്പെട്ടത്. അവർ സൗമ്യമായ ഒരു ചിരി സമ്മാനിച്ചു കൊണ്ട് കേക്കിൻെറ പായ്ക്കറ്റ് വാങ്ങി ഡെയ്റ്റ് പറഞ്ഞു തന്നു. പായ്ക്കറ്റ് തിരിച്ചു തരുമ്പോൾ അവർ വീണ്ടും അതെ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

'You look so young...still you can't see what is written'. ചെറുതായി ഒന്ന് ചമ്മിയെങ്കിലും ആ പറച്ചിൽ അങ്ങ് സുഖിച്ചു. നരച്ച് തുടങ്ങിയ താടിമീശ രോമങ്ങൾ ഒന്ന് തടവി അവൻ ടേബിളിൽ വന്നിരുന്നു.
'എന്താ നിൻെറ ചിരിയിൽ വല്ലാത്ത സന്തോഷം....ആ ആൻറിയോട് എന്തായിരുന്നു ഒരു തമാശ പറച്ചിൽ' ടേബിളിൻെറ എതിരെയുള്ള കസേരയിൽ ഇരിക്കുന്ന അവൾ അവനോട് ചോദിച്ചു.

'ഓ ! നീ അല്ലേ പറഞ്ഞത്...നി ആകെ വയസ്സായല്ലോ...!!
കണ്ടില്ലേ ബാക്കിയുള്ളവർക്ക് ഞാൻ പയ്യന്സാണ്.' 
ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് അവൻ അവളോട് പറഞ്ഞു. അപ്പോഴേക്കും അവൾ ഓർഡർ ചെയ്ത് ഏതോ ഇറ്റാലിയൻ ഡിഷ് ബേറർ ടെബിളിൽ കൊണ്ട് വച്ചു. അവൻ ആകേ ചിന്താകുലനായി.പേരും വശമില്ല...കഴിക്കേണ്ട രീതിയും അറിയില്ല. 

'എൻെറ കൊച്ചേ...നീ ഇത് എന്ത് കോപ്പാണ് കഴിക്കാൻ പറഞ്ഞത്...ഒന്നും അങ്ങോട്ട് പിടികിട്ടുന്നില്ല...കോളേജിൽ പഠിക്കുന്ന കാലത്ത് കണക്ക് പഠനം പോലുണ്ട്.' 

'ഹാ! നീ ചൂടാവാതെ...ചൂട് പോകാതെ കഴിച്ചാൽ മതി'. നീ എന്താ കഴിക്കുന്നത് എന്ന് ഞാൻ പറഞ്ഞു തന്നാൽ പോരേ...വല്ലപ്പോഴും അല്ലേ ഇങ്ങനെയൊക്കെ ഉള്ളൂ...ഇതൊക്കെ കഴിപ്പിക്കാനും നിന്നെ ഒന്ന് കാണുവാനും വേണ്ടി അല്ലേ കപ്പലും പ്ളേയിനും പിടിച്ചു ഇങ്ങ്  നിൻെറ അടുക്കൽ വരുന്നത്.' അവൾ പരിഭവം പറഞ്ഞത് കേൾക്കാൻ ശ്രമിക്കാതെ അവൻ ഇറ്റാലിയൻ ഡിഷ് പതിയെ അവൻെറ അടുത്തക്കേ് നീക്കി. 

'കഥ നിർത്ത്...എനിക്ക് വിശക്കുന്നു. നീ ഇതൊന്ന് വിളമ്പി തന്നേ.' അവൻ പറഞ്ഞു.
'നീ...ഒരു മുരടനാണ്. വെറുതെയല്ല അവൾ നിന്നെ കളഞ്ഞത്.'

അവളുടെ പരിഭവം പറച്ചിലിൻെറ ക്ളോസിംഗ് സ്റ്റേറ്റ്മെൻറ് അവന് പിടിച്ചില്ല. അവന് മാത്രമല്ല, ഒരു വിധ പെട്ട ആർക്കും ഇഷ്ടമാകില്ല. മുഷ്ടി ചുരുട്ടി ശക്തമായി അവൻ മേശപ്പുറത്ത് ആഞ്ഞിടിച്ചു. 'എടി...നീ ഡോക്ടറാണ് എന്നൊന്നും ഞാൻ നോക്കില്ല. എൻെറ സ്വഭാവം ചൂഴന്ന് നോക്കിയിട്ട് കൂട്ട് കൂടിയാൽ പോരായിരുന്നോ. എനിക്ക് ആരെയും ബോധിപ്പിക്കേണ്ടേ കാര്യമില്ല. I don't compel anybody to trust me. എൻെറ രീതികൾ...എൻെറ മാത്രം രീതികളാണ്...സൗകര്യപ്പെടാത്ത ആരും എന്നെ കൂട്ടണ്ട കാര്യമില്ല.'

അവൻെറ സ്വഭാവം (അടുത്തത് അവൻ ഭക്ഷണം കഴിക്കാതെ എണ്ണീറ്റ് പോകും) നന്നായി അറിയാവുന്ന അവൾ പതുക്കെ അവനോട് പറഞ്ഞു. 'ടാ...സോറി ഡിയർ ! ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... Don't get so angry.. ഞാനല്ലേ പറഞ്ഞത്.' അവനെ അനുനയിപ്പിക്കാൻ അവൾ ശ്രമിച്ചു.

അതിനിടയിൽ ആരോ ദൂരേ നിന്നും 'ഹായ് ഡോക്ടർ' എന്ന് പറഞ്ഞു അവരുടെ ടേബിളിനടുത്തേക്ക് വന്നു.
'ഡോക്ടർ മൃദുല നായർ...എന്താവിടെ...?' അപരിചിതൻ വളരെ പരിചയ ഭാവത്തോടേയാണ് പറഞ്ഞതെങ്കിലും...ഡോക്ടർക്ക് ആളെ പിടികിട്ടിയില്ലെന്ന് അവൻ മനസ്സിലായി. 

'താൻ എവിടുന്നാടോ ? റെസ്റ്റോറന്റിൽ ആരെങ്കിലും മുടി വെട്ടാൻ വരുമോ ടോ ?
കുറച്ചൊക്കെ സെൻസ് വേണ്ടേ...?' മൊത്തത്തിൽ ദേഷ്യത്തിലിരുന്ന അവൻ, അപരിചിതനോട് ചോദിച്ചു.

'ഹോ..! ഡോക്ടറേ...ഹസ്ബൻഡ് ചൂടനാണല്ലേ...! 

'Sorry, I couldn't place you well. മനസ്സിലായില്ല കേട്ടോ.' ഡോക്ടർ ഇടയ്ക്ക് കയറി പറഞ്ഞു.

'എൻെറ മോൾ ഡോക്ടറുടെ കുഞ്ഞു പേഷ്യൻറ് അല്ലായിരുന്നോ ! പത്ത് പന്ത്രണ്ട് കൊല്ലം മുമ്പുളള കാര്യമാണേ. അന്ന് ഡോക്ടർ ഓഹായിലോയിലായിരുന്നു. മോളുടെ...പേര് പറഞ്ഞാൽ  ഒരുപക്ഷെ ഓർക്കാൻ വഴിയുണ്ട്. എട്ട് വയസ്സുള്ളപ്പോഴാണ് ഡോക്ടറെ കാണാൻ ഞങ്ങൾ വന്നത്. പിന്നെ രണ്ടു മൂന്ന് പ്രാവശ്യം പലപ്പോഴായി വന്നിരുന്നു. ഇച്ചരെ അലർജ്ജിയുളളവളായിരുന്നേ. എന്ത് മരുന്ന് കൊടുത്താലും ആദ്യം മേലാസകലം ചുവക്കും...പിന്നെ ഒന്ന് രണ്ട് മണിക്കൂർ കഴിയുമ്പോൾ നേരേയാകും.' അപരിചിതൻ ചെറിയ ഒരു വിവരണം നൽകി.

"ഓ....റോസ്ലിൻ പീറ്റർ...ചെങ്ങന്നൂർ കാരി റോസി..!! പാലാപീറ്ററേട്ടൻെറ കുഞ്ഞിമാലാഖ...എങ്ങനെ മറക്കാനാണ്." ഇപ്പോൾ റോസി എവിടുണ്ട്...?
സോറി മിസ്റ്റർ പീറ്റർ...പെട്ടെന്ന് മനസ്സിലായില്ല കേട്ടോ"

'അവളിപ്പോ ടെക്സാസിലുണ്ട്...പഠനം തന്നെയാണ്...ഞാൻ ഇച്ചരെ പൈസാ മാറ്റാൻ വന്നതാ...കൈവശമുണ്ടായിരുന്നത് ബാങ്കിലിട്ടു. പഴയ പൈസ ഒക്കെ വെറും പാഴ് കടലായായില്ലേ...! അടുത്ത ആഴ്ച തിരികെ  USലോട്ട് പോകും..' അപ്പോഴേക്കും പീറ്ററുടെ മൊബൈലിൽ ഒരു കോൾ വന്നു. പീറ്റർ ഒാക്കെ പറഞ്ഞു നടന്നു നീങ്ങി.

'കഴിഞ്ഞോ....മിസ്റ്റർ.ഫിലിപ്പ്.വയനാട്കാരൻ മത്തായിയുടെയും ഈരാറ്റുപേട്ടകാരി അന്നാമ്മയുടെയും മുടിയനായ പുത്രാാ...കീചകാ...പീലീപ്പോസേ...കോപ്പേ...ഇരപ്പേ...! നിൻെറ ദേഷ്യം..?'

'ങാ...ദേഷ്യവും കഴിഞ്ഞു...നിൻെറ ഇറ്റാലിയൻ ഡിഷും കഴിഞ്ഞു...' 'നീ വലിയ വലിയ കാര്യങ്ങൾ  പീറ്ററോട് പറയുമ്പോൾ...ചെറിയ ചെറിയ ഉരുളകളായി ഞാൻ കഴിച്ചു...നിനക്കൊന്നും ബാക്കി വയ്ക്കാൻ പറ്റിയില്ല. നീയും ബിസി...ഞാനും ബിസി...' കൈവിരലുകൾ നക്കി തുടച്ച് അവൻ അവളോട് പറഞ്ഞു.

'എടാ അലവലാതി...വൃത്തിക്കെട്ടവനെ...'

'ആഹാ...US ലെ വലിയ ഡോക്ടറാണെങ്കിലും നിൻെറ ഭാഷാനൈപുണ്യും അടിപൊളി...കലക്കി മോളെ...ഒരു കാര്യത്തിൽ എനിക്ക് നല്ല അഹങ്കാരമുണ്ട്... ഈ ലോകത്ത് എന്നോട് മാത്രമേ നിൻെറ ഭാഷാ പ്രയോഗം നടക്കൂ...ഇല്ലേ ടി...'

'സന്തോാാഷം...ഒന്ന് മനസ്സിലാക്കിയല്ലോ...ആശ്വാസം....നീ കഴിച്ചതോ കഴിച്ചു . എന്നാൽ കഴിക്കേണ്ട രീതിയിൽ കഴിക്കേണ്ട ! നിന്നെയൊക്കെ ആരാടാ കലാവാസന പഠിപ്പിച്ചത് ...ആർട്ടിസ്റ്റാണ് പോലും ?'

സൗന്ദര്യപിണക്കങ്ങൾക്കിടയിലേക്ക് വീണ്ടും ഒരു അശരീരി കടന്നു വന്നു. അവൻ മുഖമുയർത്തി നോക്കി. നേരത്തെ കേക്കിൻെറ ഡെയ്റ്റ് വായിച്ചു തന്ന മധ്യവയസ്ക.
'You both are a wonderful pair... you both even use the same colour for your outfit'
ഒരു തമാശ പറയട്ടേ... നിങ്ങളെ കാണുമ്പോൾ സ്കൂൾ യൂണിഫോം അണിഞ്ഞ കുട്ടികൾ ക്ളാസ് കട്ട് ചെയ്തു ഒരുമിച്ചു പുറത്ത് കറങ്ങാൻ ഇറങ്ങിയ പോലുണ്ട്... Blessings... Bye'

ഫിലിപ്പും മൃദുലയും ആ മധ്യവയസ്‌ക നടന്നു നീങ്ങുന്നതും കണ്ണുകളിൽ നിന്നും മറഞ്ഞു പോകുന്നതും നോക്കിയിരുന്നു. (അവരുടെ അനുഗ്രഹം സ്വീകരിച്ചത് കൊണ്ടാകാം അവര് വെറും സുഹൃത്തുക്കൾ ആണെന്നും പറഞ്ഞു മനസിലാക്കുവാൻ വെറുതെയെങ്കിലും ഒരു ശ്രമത്തിനു മുതിർന്നില്ല...അല്ലെങ്കിൽ തന്നെ അവരോട് പറഞ്ഞു ബോധിപ്പിച്ചിട്ട് എന്ത് കാര്യം)
-----------------------------------------------------------------------------------------------------------------

രാവിലെ പതിനൊന്ന് മണിക്ക് കുടുംബകോടതിയിൽ രണ്ടാമത്തെ സിറ്റിംഗ്ന് ഫിലിപ് തയ്യാറായി നിൽക്കുമ്പോഴാണ് മൃദുലയുടെ ഫോൺ കോൾ വരുന്നത്.
അവൾ ഇന്നലെ നാട്ടിൽ വന്നുവെന്നും ഇന്ന് ഒരു സർപ്രൈസ് സമ്മാനിക്കാൻ വേണ്ടി നേരെ അവന്റെ അടുത്തേക്ക് വരുന്നെന്നും പറഞ്ഞായിരുന്നു ഫോൺ കോൾ വന്നത്.
രാവിലെ സിറ്റിംഗ് ഉണ്ടല്ലോ..!
അതോ അവളെ കാണാൻ പോകണോ ...!
ഫിലിപ്പിന്റെ സ്വന്തമായുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ സിറ്റിംഗ് മാറ്റിവയ്ക്കുവാൻ തീരുമാനിച്ചു.(അതിനുള്ള അവകാശം അവനുണ്ടാകാം, അല്ലെങ്കിൽ ഒരുപക്ഷെ ചെറിയ വാശിയുമാകാം...അത് ഫിലിപ്പിന്റെ മനസാക്ഷിക്ക് വിടുന്നു)
രണ്ട് കൊല്ലത്തിലൊരിക്കൽ മാത്രം നാട് കാണാൻ വരുന്ന അവൾ ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നത് കൊണ്ടാകാം ഫിലിപ്പ്, മൃദുലയുടെ അടുത്തേക്ക് കാർ ഓടിച്ചു പോയി. കുട്ടൂകാരിയെ പിക്ക് ചെയ്യാൻ ലേശം വൃത്തിയും വെടിപ്പുമായിക്കോട്ടേ എന്ന് കരുതി, ആർട്ടിസ്റ്റ് ഭാഷയിൽ പറഞ്ഞാൽ ഒരു അല്പം ആക്‌സെന്റ് അല്ലെങ്കിൽ തനതായ ഭാഷയിൽ പറഞ്ഞാൽ ഇടിവെട്ട് നിറമുള്ള ഓറഞ്ച് ഷർട്ടും നീല നിറമുള്ള ജീൻസുമായിരുന്നു വേഷം. എയർ പോർട്ടിലെത്തി അവളെ കണ്ടപ്പോൾ രണ്ടുപേരും ഒരേപോലെ ഞെട്ടി.അവളും അതെ കോമ്പിനേഷൻ. ഓറഞ്ച് നിറമുള്ള അയഞ്ഞ കുർത്തയും കടുംനീല ജീൻസും.

തന്റെ കൂട്ടുകാരിയെ അവകാശത്തോടെ ആശ്ലേഷണം ചെയ്തിട്ട് അവളുടെ ല്ഗഗേജ് എടുത്തു കാറിൽ കയറ്റി.

"എന്തുണ്ട് വിശേഷം കൊച്ചെ !"
"ഒന്നുമില്ല ആർട്ടിസ്റ്റേ !! എനിക്ക് വിശക്കുന്നു..."

നഗരത്തിനകത്ത് കൂടി ഒരു വലയം വച്ചിട്ട് ഫിലിപ്പ് മൃദുലയെയും കൊണ്ട് ഭക്ഷണം തേടി യാത്രയായി.

പോകുന്നവഴി അവർ രണ്ടുപേരും ഒരേ പോലെ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

"എന്നാലും നമ്മൾ രണ്ടും ഒരേ നിറമുള്ള വേഷത്തിൽ എങ്ങനെ ...?"
ഉത്തരമില്ലെന്നുള്ളത് സത്യം. പോകുന്നവഴി ഏതോ പരസ്യബോർഡിലെ വാചകം അവർ ഒരുമിച്ച് വായിച്ചു.


'Life is COLOURfull...fill it with COLOUR"


25 Sept 2016

നകുലനും മാവേലിയും

മൂന്ന് ദിവസത്തെ ഓണാഘോഷം മൂലം കടകൾ പകുതിയിലേറെയും അടഞ്ഞു തന്നെ കിടന്നു. അതിരാവിലെ നകുലൻ സഞ്ചിയും തൂക്കി പലവ്യഞനങ്ങൾ വാങ്ങാൻ കട ഏതെങ്കിലും, തുറന്നോ എന്ന് അന്വേഷിച്ചിറങ്ങി. സ്വപ്നത്തിലെ മാലാഖയുടെ (അത് കഥ പേഴ്‌സണലാണ്) രഥത്തിലേറി ഊടു വഴികളിലൂടെ കുന്നും മേടുമിറങ്ങി പെരുവഴിയിൽ എത്തിപ്പെട്ടു. പഴയകാല ഓണത്തിന്റെ ഓർമ്മകളും മനസ്സിലിട്ടായിരുന്നു യാത്ര. പട്ടം പറത്തലും, പുലിക്കളിയും, കലങ്ങി മറിഞ്ഞ കൊല്ലം തോട്ടിലെ വള്ളംകളികളും, വള്ളംകളിക്കിടയിൽ ആവേശം മൂത്തു വെള്ളത്തിലോട്ടു വീണു പോയ കാണികളും...രാത്രി ഇറങ്ങുന്ന കരടിയും, അങ്ങനെ എല്ലാം...എല്ലാം ചിന്തിച്ചു നകുലൻ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു.

റോഡിലോ ഇടവഴികളിലോ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേയുണ്ടായിരുന്നുള്ളു. ഇടയ്ക്കു വിജനമായ ഒരു പ്രദേശത്തു വഴിയരികിൽ ഒരു കല്ലിന്റെ പുറത്തു ഒട്ടും ഉത്സാഹമില്ലാതെ താടിക്ക് കൈയ്യും കൊടുത്ത്‌ ഒരാൾ ഇരിക്കുന്നു. കീരീടം പോലെന്തോ ഒന്ന് മറ്റൊരു കല്ലിന്റെ പുറത്തു വച്ചിട്ടുണ്ട്...അതെ അതൊരു കിരീടം തന്നെയായിരുന്നു. ആകെ തളർന്നു അവശനായിരിക്കുന്നു പാവം. അല്പം തളർച്ച തോന്നുന്നുണ്ടെങ്കിലും മുഖത്ത് ആ ഗാംഭീര്യത്തിന് ഒരു കുറവുമില്ല. വർഷത്തിലൊരിക്കൽ വന്നു പോകുന്ന നമ്മുടെ സ്വന്തം, നമ്മുടെ മാത്രം മാവേലി.
 
'ഹയ്‌ ! നിങ്ങള് എന്തെ ഇത്തവണ വൈകിയോ..?'

'ഒന്നും പറയേണ്ട നകുലാ, കഴിഞ്ഞ തവണ വന്നു പോയതിൽ പിന്നെ, മനസ്സിൽ എപ്പോഴും...നമ്മുടെ ആ പഴയ കാലം വല്ലാണ്ട് തങ്ങി നിൽപ്പ് തന്നെ'... ഒരു നെടുവീർപ്പോടെ മാവേലി പറഞ്ഞു. മാവേലിയുടെ മുഖത്ത് വല്ലാത്ത ഒരു വിഷമം പ്രകടമായിരുന്നു.

മാവേലി തുടർന്നു. 'നമ്മുടെ രാജ്യത്തെ വിലക്കയറ്റം, മായം കലർത്തൽ, കൃഷിയിലെ കീടനാശിനി പ്രയോഗം ഒക്കെ മനസ്സിൽ കിടക്കുന്നത് കൊണ്ട്, ഇപ്രാവശ്യം നോം, പ്രജകൾക്ക് ആവശ്യമായ നല്ലയിനം സാമഗ്രികൾ കൊണ്ടുവരല്ലോന്ന് നീരിച്ചു...നോം 'വിര ഗല്ലു' വരെ പോയിരുന്നു. അവിടുന്ന് പാണ്ടിനാട് വഴി കേരനാട്ടിലോട്ടുള്ള അതിർത്തി കടക്കാം എന്ന് അങ്ങട് ചിന്തിച്ചു'

അന്തം വിട്ടു നിന്ന നകുലനോട് മാവേലി പറഞ്ഞു. "ഹയ്യ്...! എന്തായിത്...! മനസ്സില്ലായില്ലന്നു ഉണ്ടോ...!  'വിര ഗല്ലു'  ന്ന്...വച്ചാ മ്മ്‌ടെ "ബെംഗലൂര്" തന്നെ. പണ്ടേയുള്ള നാമകരണം തനിക്ക് അറിയില്ല ല്ലെ...? 

വഷളൻ!! നവയുഗത്തിലെ പുങ്കവാ...നിന്റെ തലക്കനത്തിനു ഒട്ടും കുറവില്ലലോ. ലേശം പുരാണവും ഇതിഹാസവും ഒക്കെ അറിഞ്ഞിരിക്കണം ട്ടോ"!

ഒരു ഇളിഞ്ഞ ചിരിയുമായി നിന്ന നകുലനോട് മാവേലി തുടർന്നു...'ഒന്നാം ഓണത്തിന് തലേന്ന് രാവിലെ തന്നെ, നോം നഗരത്തിൽ പ്രവേശിച്ചു. നമ്മുടെ വേഷവിധാനം കണ്ടിട്ട് പോലും ഒരാളും നമ്മെ തിരിച്ചറിഞ്ഞില്ല...(ഒരുപക്ഷെ നാട് കർണാടകം ആയതു കൊണ്ടാവാം ല്ലേ!!) കഷ്ടം തന്നെ..! ജനങ്ങൾ ആകെ തിക്കും തിരക്കിലും. എങ്കിലും നോം, നിങ്ങൾ പറയുമ്പോലെ 'ഷോപ്പിംഗ്' ഒക്കെ കഴിഞ്ഞപ്പോഴേക്കും നേരം സായംകാലമായി.'

'പെടുന്നനെ ഒച്ചപ്പാടും ബഹളവുമൊക്കെയായി...തെരുവിൽ എമ്പാടും ജനം എവിടുന്നോ ഓടി കിതച്ചു വരുന്നു...ഭാഷ വശമില്ലാത്തത് കൊണ്ട് നോം ആകെ പരിഭ്രമിച്ചു. എഴുതി വച്ചേക്കണത് ഒന്നും അങ്ങട് മനസിലാവുണുമില്ല്യ' വാലിമേൽ തീ പിടിച്ച പോലെ ജനം നാനാ ദിക്കും ചിന്നിച്ചിതറി ഓടി...ഞൊടിയിടയിൽ തന്നെ എണ്ണമറ്റ വാഹനങ്ങൾ അഗ്നിക്കിരയാക്കി... സഹിച്ചില്ല നകുലാ...നോം ആകെ പരവേശത്തിലായി' 

'നോം പാതാളത്തിലേക്കു പോയതിൽ പിന്നെ വന്ന പഴമൊഴികൾ പതിറ്റാണ്ടുകൾക്ക് മുൻപ് ആരോ പറഞ്ഞു കേട്ടത് ഓർമ്മ വന്നു..."പട പേടിച്ചു പന്തളത്തു പോയപ്പോൾ പന്തം കൊളുത്തി പട"...എന്ന് പറഞ്ഞപ്പോലെ ആയി നകുലാ നമ്മുടെ അവസ്ഥ'.

എന്ത് ചെയ്യണമെന്നറിയാതെ ചിന്താമഗ്നനായി നിന്ന നമ്മോട്, ഓടുന്ന ജനക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
"മാവേലി ! നിങ്ങക്ക് വേറെ പണി ഒന്നുമില്ലേ...കോപ്പ്...കുടവണ്ടിയും തടവി ഇവിടെ നിക്കാൻ...' ! ഇവന്മാർ തമിഴന്മാരെ പുഴുങ്ങി എടുക്കും...കപ്പടാ മീശയും തടവി കുടവണ്ടിയും കാണിച്ചു നിന്നോ...കണ്ടാൽ ഒരു ഗൗണ്ടർ ലുക്കുള്ളത് കൊണ്ട് വേഗം സ്ഥലം വിടുന്നതാണ് പുത്തി...അവസാനം കോണകം മാത്രമേ ഉണ്ടാവുള്ളു...ഇനിയും ഇവിടെ നിന്നാ അവന്മാർ പഞ്ഞിക്കിടും. സ്ഥലം വിട്ടോ'...! (ഓട്ടത്തിനിടയിൽ അയാൾ അത് പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും അയാളുടെ പൊടി പോലും കണ്ടുപിടിക്കാൻ കഴിയാത്തവിധം ദൂരം താണ്ടിയിരുന്നു.)

'തെല്ലും ബഹുമാനമില്ലാതെ നമ്മുടെ പ്രജകളുടെ പിൻതലമുറക്കാരിൽ ആരോ ഒരാൾ നമ്മോടു അങ്ങനെ പറഞ്ഞപ്പോൾ മനസ്സ് വേദനിച്ചു...നകുലാ...'

വേദനിക്കുന്ന മാവേലിയെ ആശ്വസിപ്പിക്കുവാൻ നകുലൻ ഒരു ശ്രമം നടത്തിയത് വൃഥാവിലായി. 

'നോം പെട്ടൂന്ന് പറഞ്ഞാൽ മതിയല്ലോ...! 144 ഓ...അങ്ങനെ എന്തൊക്കെയോ പ്രഖ്യാപിച്ചു. അവിടെയും ഇവിടത്തെ പോലെ "വെള്ളം" തന്നെയാണ് വിഷയം. ഇവിടെ നിങ്ങൾ കുപ്പിയിൽ നിന്ന് "വെള്ളമടിച്ചോണ്ടു" നടന്നും വണ്ടി ഓടിച്ചും പോകുന്നു. അവിടെ നദിയിൽ നിന്നും "വെള്ളമടിച്ചോണ്ടു" പോകുന്നു എന്ന് പറഞ്ഞായിരിന്നു പുകില്. ബഹളവും കത്തിക്കലും ഒക്കെയായി നിരത്തു മൊത്തത്തിലങ്ങട് കാലിയായി. മാലോകരെല്ലാം അപ്രത്യക്ഷ്യമായിരിക്കുന്നു. നോം ആരും കാണാണ്ട് എങ്ങടോ ഒളിച്ചിരുന്നു...നോം ഇശ്ശി കഷ്ട്ടപ്പെട്ടിരിക്കുണു ! രണ്ടീസം ഏതോ വനത്തിലായിരുന്നു വാസം. ഒടുവിൽ നോം ഇവിടെ എത്തിയൊപ്പോഴേക്കും നമ്മുടെ പ്രജകൾ എല്ലാരും  കെങ്കേമമായി  ഓണമൊക്കെ ആഘോഷിച്ചു അടുത്ത കാര്യപരിപാടികളിലേക്ക് കടന്നിരിക്കുന്നു.' 

'മാവേലി വന്നോന്നോ...ഓണം അങ്ങട് ഉഷാറാക്കണമെന്നോ...നമ്മെ ഓർക്കണമെന്നോ ഒന്നും ആരും ചിന്തിച്ചിട്ടില്ല" എല്ലാവരും ഈ പറഞ്ഞ പോലെ ഷോപ്പിംഗ് മാമാങ്കം തന്നെ....വല്ലാണ്ട് അങ്ങട് മാറിയിരിക്കുന്നു നമ്മുടെ പ്രജകൾ. വളരെ വ്യസനത്തോടെ നോം തിരികെ പോകുകയാണ്. മടുത്തിരിക്കു'ണു...വയ്യാണ്ടായി

ഒടുവിലെന്തായി...ഇന്നലെ ഒരു വിരുതൻ നമ്മെ പറ്റിച്ചിരിക്കുണു. നോം ആരാണെന്നോ...എന്താണെന്നോ...അറിയാതെ നമ്മോടു എന്തൊക്കെയോ പറഞ്ഞു. ഒരു പിടിയും കിട്ടിയില്ല നകുലാ.

"ആറുമുഖൻ ഇരുമുഖനോ' ടൊപ്പം...ഒരു മുത്തശ്ശി ഗദ കാണുവാൻ വേണ്ടി ജനത ഗാരേജ് വരേക്കും പോയിരിക്കുണു. അടുത്ത ഊഴം കൊച്ചാവോ പൗലോ  കൊയലോ'യ്ക്കാണ്". അത് കഴിഞ്ഞു മാവേലിക്കാണ് എന്ന് പറഞ്ഞു നമ്മെ ഇവിടങ്ങിരുത്തി...(എല്ലാം തിരക്കും കഴിഞ്ഞു മാത്രം...നമ്മെ...മതി...ല്ലേ ..!!)    :(  
വല്ലാത്ത പണിയായി പോയി നകുലാ. ആരും വന്നില്ല. ഒന്നും നടന്നില്ല. ഞാൻ അങ്ങടുമിങ്ങാടും തെക്കുവടക്ക് ഓടിയത് മിച്ചം. രാത്രികാല തെരുവ് നായ്‌ക്കൾ നമ്മെ നിലം തൊടിയിച്ചിട്ടില്ല.ആകെ ക്ഷീണിച്ചു അവശനായിരിക്കുണു. എന്തായാലും നകുലൻ നമ്മെ കണ്ടൂല്ലോ ...ആശ്വാസം !!.....നോം യാത്രയാവുകയാണ്.

മാവേലി നടന്നു നീങ്ങി അപ്രത്യക്ഷമായപ്പോൾ...നകുലന്റെ രഥത്തിന്റെ ചക്രങ്ങൾ പതിയെ ചലിച്ചു തുടങ്ങി...(മറ്റൊരു ഓണവും വന്നു പോയി...മാവേലിയെ എല്ലാരും മറക്കുന്നത് പോലെ തോന്നുന്നു) മാവേലി നടന്നു പോയ വഴി വീണ്ടും തിരിഞ്ഞു നോക്കുവാൻ നകുലന്റെ മനസ്സ് അനുവദിച്ചില്ല...എന്തോ ഒരു വിങ്ങൽ പോലെ.

 

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...