ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരം ഒന്നുലുത്തുവാൻ മോഹം
---------------- ----------- ------------- --------------- ----------- ---------- ----------- ------------ --------- -------------
വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം....
ഭാഗം - 2
സ്കൂൾ വിദ്യാ'അഭ്യാസം' കഴിഞ്ഞു, കാലെടുത്തു വയ്ക്കുന്നതിനു രണ്ടു കൊല്ലം മുൻപു മുതൽ ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരുന്ന എന്റെ Fatima Mata National College. തീർത്തും ആദ്യ കലാലയം ഒരു വിസ്മയ ലോകം തന്നെയായിരുന്നു.
സ്കൂളിൽ ഉണ്ടായിരുന്ന കർശന നിയമങ്ങളും സമയ പാലന ക്രമങ്ങളും എല്ലാം കാറ്റിൽ പറത്തി ശരിക്കും ഒരു ഉത്സവപൂർണമായ ആഘോഷം തന്നെയായിരുന്നു എന്റെ "പ്രീ ഡിഗ്രി" . ഒരു വിധപ്പെട്ട എല്ലാ ടീച്ചർമാരുടെയും കണ്ണിലുണ്ണിയായത് കൊണ്ട് മിക്കപോഴും ക്ലാസ്സിനു പുറത്തായിരിക്കും പഠനം. കൊച്ചു ത്രേസിയ, ബറിൽ, സ്റ്റെല്ല അങ്ങനെ എല്ലാ ടീച്ചർമാർക്കും എന്നെ വലിയ മതിപ്പായിരുന്നു...
ഇന്നത്തെ കൊല്ലം ബിഷപ്പ് റൈറ്റ്. റെവ. സ്റ്റാൻലി റോമനായിരുന്നു അന്നത്തെ കോളേജ് പ്രിൻസിപ്പൾ, വൈസ് പ്രിൻസിപ്പൾ ശ്രി. ആൻസോ കാബോട്ട്. ഈ രണ്ടു പേരോടും ഭയഭക്തി ബഹുമാനമായിരുന്നു എനിക്ക്. കോളേജിലായിരുന്നപ്പോൾ സെർറ്റിഫിക്കറ്റുകൾ ഒപ്പിടാനും സാക്ഷ്യപ്പെടുത്താനുമല്ലാതെ ഒരിക്കലും ഇവർക്ക് മുന്നിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല.
പുറത്താക്കൽ ദിവസങ്ങളിൽ വീട്ടിൽ നേരുത്തേ എത്തിയാൽ, 'കാരണം' പറയേണ്ടി വരുമെന്നതിനാൽ റൂട്ട് മാറ്റി പിടിച്ചിരുന്നു....ഇവിടുന്നായിരുന്നു സിനിമ കാണൽ കമ്പം തുടങ്ങിയത്. അപ്പനും അമ്മയും മിക്ക ദിവസങ്ങളിലും ഉച്ചക്കുള്ള ഭക്ഷണത്തിന് വേണ്ടി തരുന്ന 10 രൂപയിൽ, കോളേജിലെ അച്ചായന്റെ കാന്റീനിൽ നിന്നും 2.50p യ്ക്കു രണ്ടു ചൂട് പൊറോട്ടയും ഉരുളകിഴങ്ങു കറിയും അല്ലെങ്കിൽ കർബല ജംഗ്ഷനിലെ ബേക്കറിയിൽ നിന്നും രണ്ടു ക്രീം ബണ്ണും (ഇവിടുത്തെ ക്രീം ബണ്ണിന്റെ സ്വാദ് എനിക്ക് മറ്റൊരിടത്തും ഇതുവരെ അനുഭവിച്ചറിയുവാൻ കഴിഞ്ഞിട്ടില്ല) അകത്താക്കി മാറ്റിനിക്കു വച്ച് പിടിക്കും. ഇടയ്ക്കു സുഹൃത്ത്ക്കളുടെ ഊണ് പൊതിയിൽ നിന്നും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും. ശ്രീകുമാർ, രാജേഷ്, ഫിലിപ്പ്, റോണി ഇവാരായിരിക്കും മിക്കപോഴും എന്നെ ക്ഷണിക്കുക. ആദ്യം പറഞ്ഞ മൂന്നുപേരും ഇന്ന് എവിടാണയെന്നു പോലും അറിയില്ല. എന്നെ ഓർക്കുന്നുണ്ടാവുമോ ആവോ... അറിയില്ല. എവിടയായാലും അവർ നന്നായിയിരിക്കട്ടെ. റോണിയെ ഇടയ്ക്ക് ബാങ്ക്ലൂരിലേക്ക് വിളിച്ചു സ്വകാര്യമായി തെറി പറയാറുണ്ട്... അവൻ സുഖം സ്വസ്ഥം. രണ്ടു കുട്ടികളുടെ അച്ഛൻ.
കഷ്ട്ടപെട്ടു വൈകുന്നേരം (2 മണി) വരെ കോളേജിലിരുന്നു വീട്ടിൽ പോകുന്ന പലദിവസങ്ങളിൽ ഒരുദിവസം -
സീൻ - 1
ലൊക്കേഷൻ - റെയിൽവേ ട്രാക്ക്, കർബല ജംഗ്ഷലിലുള്ള ഫുട് ഓവർബ്രിഡ്ജ്.
കഥാപാത്രങ്ങൾ - കുണ്ടറ ജോണി (സിനിമ നടൻ), സ്റ്റെല്ല ടീച്ചർ (എന്റെ ഹിന്ദി ടീച്ചർ)
ഞാനും എന്റെ സഹപാഠി ജോണ്‍സൻ കെ. ജി യും ചിന്നക്കടയിലേക്ക് പോകാൻ റെയിൽവേയുടെ വകയുള്ള ട്രാക്കിനടുത്തു കൂടിയായിരുന്നു പോയിരുന്നത്. (ഇതൊക്കെ വായിക്കുമ്പോൾ നിങ്ങൾ കരുതും എന്തോ വലിയ ഒരു വിപത്ത് നടന്നെന്ന് - ഏയ് അങ്ങനെ ഒന്നുമില്ല)
അന്നേ ദിവസം ഞങ്ങൾക്ക് വളരെ പിന്നിലായി ടീച്ചറുമുണ്ടായിരുന്നു - പിന്നിടാണ് കണ്ടത്.
ഞാനും അവനും തമാശകൾ പറഞ്ഞും...പാളത്തിലൂടെ അടിവച്ച് 'അടി'യും വച്ച് നടന്നും...കല്ലുകൾ തട്ടി തെറിപ്പിച്ചും...അങ്ങിങ്ങായി ഷണ്ടിങ്ങിനു വേണ്ടി നീങ്ങുന്ന ഗുഡ്സ് ട്രെയിനും മറ്റു ചില കാലി ബോഗ്ഗിഗളെയും നോക്കി നിന്നും, ഇടയ്ക്കു ട്രാക്കിന് സമാന്തരമായിയിട്ടുള്ള ചെമ്മാന്മുക്ക് ചിന്നക്കട റോഡിലൂടെ പോകുന്ന ബസ്സിനെയും, നടന്നു പോകുന്ന പെണ്‍ കുട്ടികളെ നോക്കിയും, നന്നേ രസിച്ചു തന്നെയായിരുന്നു ഞങ്ങൾ നടന്നു പോയത്.
അങ്ങ് ദൂരെ മദ്രാസ് മെയിൽ രണ്ടാം നമ്പർ പ്ലാട്ഫോം വിട്ടു പതുക്കെ നീങ്ങി തുടങ്ങിയിരുന്നു.
ഡീസൽ എഞ്ചിനിൽ നിന്നും പുറപ്പെടുമ്പോൾ വമിക്കുന്ന കടു കട്ട കറുത്ത പുക ഊതി തള്ളി ട്രെയിൻ ഫുട് ഓവർബ്രിഡ്ജിനു അടുത്തേക്ക് എത്തിതുടങ്ങിയിരുന്നു.... ശക്തമായ വെയിൽ തട്ടി എഞ്ചിനു ചുറ്റും ആവി തിളച്ചു മറിയുന്നത് നല്ലതുപോലെ കാണാമായിരുന്നു.
പതുക്കെ പതുക്കെ വേഗത കൈവരിച്ച് മുന്നോട്ടു കുതിച്ച ട്രെയിൻ ഓവർബ്രിഡ്ജ് കഴിഞ്ഞു കുറച്ചപ്പുറത്തേക്ക് നീങ്ങി നിർത്തി. ഒന്നും മനസ്സിലാകാതെ ഞാനും അവനും പരസ്പരം നോക്കി... ഞങ്ങൾക്ക് മുന്നില് ഒരു A/C കോച്ചായിരുന്നു വന്നു നിന്നത്. എന്താണ് സംഭവിച്ചതെന്നറിയാൻ ഞങ്ങൾ ചുറ്റുപാടും നോക്കി.
സംഭവം, ഞങ്ങളുടെ സ്റ്റെല്ല ടീച്ചറിന് വേണ്ടി ഡ്രൈവർ ട്രെയിൻ നിർത്തി കൊടുത്താണ്...
ആശ്ച്ചര്യതോടെ അന്ധാളിപ്പോടെ നോക്കി നിന്ന ഞങ്ങളുടെ അമ്പ്പരപ്പിനു ആക്കം കൂട്ടാനായി ട്രെയിനിന്റെ വാതിൽ തുറന്നു ഒരാൾ പുറത്തേക്കു നോക്കി. ശ്രി കുണ്ടറ ജോണിയായിരുന്നു അത്.
അദ്ദേഹം ഞങ്ങളോടായി പറഞ്ഞു : 'വലിയ സൗകര്യതിലാണല്ലോ'. ഒരിക്കലും അദ്ദേഹത്തിന് വ്യക്തമല്ലായിരുന്നു ആ കയറുന്നത് ആരായിരുന്നു എന്നുള്ളത്. കാരണം A/C കോച്ച് വളരെ പിറകിലായിരുന്നു. ടീച്ചർ കയറിയത് ജനറൽ കോച്ചിലും...അത് ദൂരെ എഞ്ചിനു തൊട്ടു പിന്നിലായും.
ഒന്നും പറയാൻ കഴിഞ്ഞില്ല ഞങ്ങൾ രണ്ടാൾക്കും - വായും പൊളിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. കാരണം ഒന്ന്, ഞങ്ങളുടെ ടീച്ചർ, രണ്ടു, സിനിമ നടൻ ഞങ്ങളോട് സംസാരിച്ചു-വലിയ സംഭവമല്ലേ.
ട്രെയിൻ പിന്നെയും നീങ്ങി...അദ്ദേഹം അകത്തേക്കും പോയി....
അത് ഒരു ജീവിതയാത്രയുടെ തുടക്കമായിരുന്നു - ഒരു പക്ഷെ കാലത്തിന്റെ ഫോർപ്ലേ ആകാം. വർഷങ്ങൾക്ക് ശേഷം ഞാൻ എപ്പോഴോ ആരിൽ നിന്നോ അറിഞ്ഞു. ശ്രി. കുണ്ടറ ജോണി ഞങ്ങളുടെ സ്റ്റെല്ല ടീച്ചറിനെ വിവാഹം കഴിച്ചു. ഒരു പക്ഷെ ഈ ഒരു സംഭവം അവർക്കും അറിയില്ലായിരിക്കാം...ചിലപ്പോൾ അറിയുമായിരിക്കാം. പക്ഷെ എനിക്കറിയില്ല ഇത് അവർക്കറിയുമൊ എന്നുള്ളത്...
മൂക സാക്ഷിയായി ഞാനും എന്റെ സുഹൃത്തും...അന്ന് 24 വർഷങ്ങൾക്ക് മുൻപ് ചരിത്രത്തിന്റെ ഏടുകളിലിലെവിടയോ.....
ഇനി ഇത് അവനു ഓർമ്മ കാണുമോ... അതുമറിയില്ല... ?
സീൻ - 2
ലൊക്കേഷൻ - റെയിൽവേ പ്ലാട്ഫോം No 1, കൊല്ലം റെയിൽവേ സ്റ്റേഷൻ.
കഥാപാത്രങ്ങൾ - ഞാൻ, ജോണ്‍സൻ കെ ജി.
മറ്റൊരു ദിവസം - അന്നൊരു ചൊവ്വാഴ്ചയായിരുന്നു. വൈകിട്ട്
3:30 മണി
ഞാനും അവനും വേറെ മൂന്നുപേരും കൂടി നടന്നു പ്ലാട്ഫോമിലെത്തിയ സമയം തന്നെ തിരുവന്തപുരത്തേക്ക് പോകുന്ന രാജ്കോട്ട് എക്സ്പ്രസ്സ് വന്നു നിന്നു... കൃത്യം ഒന്നാം നമ്പർ പ്ലാട്ഫോമിൽ. പ്രതേകിച്ചു പറയേണ്ടതില്ലലോ... 'ഉഗ്രൻ പണി'... എനിക്കും അവനും കിട്ടി. ഗുജറാത്തിൽ നിന്നും ടിക്കെറ്റ് ഇല്ലാതെ വന്ന രണ്ട് 'മാർവടികൾ' ആണ് ഞങ്ങൾ എന്ന് TTE. (ഞങ്ങളെ കണ്ടാല്ലും പറയുമായിരുന്നു...എനിക്ക് 46 കിലോയും അവനും 45ഉം. മെലിഞ്ഞുണങ്ങി സോഡാ കുപ്പി കവിളും കരിവീട്ടിയുടെ നിറവുമുള്ള എന്നെ കണ്ടിട്ടാണ് ആ വർണ്ണന. പക്ഷെ അവനു നല്ല നിറം ഉണ്ടായിരുന്നു)
അപ്പൊ ശരിക്കുള്ള മാർവാടികളെ കണ്ടാൽ എങ്ങനെയിരിക്കും എന്നായി ചിന്ത... ഓർത്തു ഓർത്തു മനസ്സും മുഖവും വാടിയതല്ലാതെ 'മാർവാടി'യാകാൻ ഒരുതരത്തിലും പറ്റിയില്ല... ഗുജറാത്തിൽ നിന്നും കൊല്ലം വരെയുള്ള മുഴുവൻ പൈസയും ഫൈനും അടച്ചാലല്ലാതെ പോകാൻ പറ്റില്ലയെന്നു TTEഉം. പലതും പറഞ്ഞു നോക്കിയിട്ടും രക്ഷയില്ലെന്ന് മനസ്സിലായി. സമയം 6:00.
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ മറ്റൊരു ക്ലാസ്മേയ്റ്റ് ബിനോയ് അവന്റെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ അപ്പനെയും കൂട്ടി വന്നു. സത്യാവസ്ഥ പറഞ്ഞു ബോധിപ്പിച്ചു സാക്ഷിപ്പെടുത്തി കോളേജ് ഐ. ഡി. യും കാട്ടി ഞങ്ങളെ ജാമ്യത്തിൽ എടുത്തു....
(എങ്ങനെ അദ്ദേഹം അവിടെയെത്തിപ്പെട്ടു എന്ന് പിന്നെ മനസ്സിലായി. ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മറ്റു മൂന്ന് സഹപാഠികളായിരുന്നു ബിനോയ് 'യെ വിവരം അറിയിച്ചതുമെല്ലാം. മൊബൈൽ ഫോണ്‍ ഒന്നുമില്ലാത്ത ആ കാലഘട്ടം.....അന്നും വിവരങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നു...)
എല്ലാം കഴിഞ്ഞു ഞാൻ വീട്ടിലെത്തിയപ്പോഴേക്കും 7:30 മണിയായി.
എന്നും 4:00 മണിയ്ക്ക് വീട്ടിൽ വന്നിരുന്ന ഞാൻ അന്ന് നേരമത്രേയുമായിട്ടും കാണാത്തതിന്റെ ആധിയും വെപ്രാളവും അപ്പനും അമ്മയും നന്നായി അനുഭവിച്ചു. ചേട്ടനും അയൽക്കാരും സൈക്കിളെടുത്ത് നാലു പാടും പോയി കാണാഞ്ഞു കുഴഞ്ഞു മറിഞ്ഞു തിരികെ വന്നു. എന്നെ കണ്ടപ്പോൾ കെട്ടിപിടിച്ച് കരയുമെന്നാണ് ഞാൻ കരുതിയത്..., പക്ഷെ ഓടി വന്നു കുനിച്ചു നിർത്തി 'ഡമ, ഡമ', നാലിടി മുതുകത്ത്.... (സ്നേഹം പങ്കിട്ടതാണ്-പക്ഷെ രീതിയിൽ അല്പം ശ്രുതി താളവും കൂടി ഉണ്ടായി എന്ന് മാത്രം)
വെറുതെ ഈ 'ഇടികൾ' എന്നറിയുമ്പോഴും
വെറുതെ 'കൊള്ളുവാൻ ' യോഗം....
(സതേണ്‍ റെയിൽവേ എനിക്കായി കോളേജിലെ ആദ്യ ദിവസം കൊട്ടിയ ചെണ്ടമേളം ദൂരെ വീണ്ടും കേൾക്കാമായിരുന്നു... )
യാദൃശ്ചികം എന്നും പറയാം - ജോണ്‍സൻ കെ. ജി അവൻ ഇന്ന് രാജ്കോട്ടിലാണ് എന്ന് കേട്ടറിഞ്ഞു. കോളേജിൽ നിന്നും ഇറങ്ങി ഒരിക്കൽ പോലും അവനെ പിന്നെ കണ്ടിട്ടില്ല.
തീർത്തും നക്ഷ്ടമായ ഒരിക്കലും ഇനി തിരിച്ചു വരാത്ത ആ കൗമാര കാലം, എന്റെ പ്രീഡിഗ്രി കാലം മനസ്സിൽ ഇന്നും പൂവണിഞ്ഞു നിൽക്കുന്നു - അത് ചെമ്പരത്തി പൂവ് ആവാത്തിടത്തോളം കാലം അത് മനസ്സിൽ കുളിർ മഴ പെയ്യിക്കും...
FATIMA MATA NATIONAL COLLEGE - PER MATREM PRO PATRIA
(THROUGH MOTHER FOR COUNTRY)
എന്റെ സ്വന്തം കലാലയം

No comments:
Post a Comment