ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരം ഒന്നുലുത്തുവാൻ മോഹം
---------------- ----------- ------------- --------------- ----------- ---------- ----------- ------------ --------- -----------
വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം....
ഭാഗം - 1
മഹാകവി ശ്രി ഓ. എൻ . വി യുടെ വളരെ പ്രസിദ്ധമായ ഒരു കവിതയല്ലേ അത്. ഹൃദയവിശാലതയുള്ള, സ്വപ്നങ്ങൾക്ക് ചാരുതയേകുവാൻ, ഓർമ്മകൾ ജനിപ്പിക്കുന്ന...ഓർമ്മകളിൽ ജീവിക്കുന്ന...ഏതൊരാൾക്കും ഈ കവിത അന്യമല്ല.
ഈ കവിത കേൾക്കുമ്പോൾ 24 വർഷമെങ്കിലും എനിക്ക് പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും. ഞാൻ ഒരു അല്പം പിറകിലേക്ക് നടക്കുകയാണ്....1988/89 - 90 വരെ പോകണം. (ഇത്തിരി നീട്ടി പരത്തി എഴുതി പോയി, സദയം ക്ഷമിക്കുക - ഇത് ഒരു അനുഭവകുറിപ്പോ വർണ്ണനയോയായി കാണാൻ എനിക്കാകില്ല - ഇത് ഒരു ഓർമ്മയാണ് - ജീവനുള്ള ഒരു ഓർമ്മ)
ഇന്നത്തെ തലമുറയ്ക്ക് അന്യവും പഴയ തലമുറയുടെ ജീവനാഡിയുമായ 'പ്രീ-ഡിഗ്രി' കാലം... മറക്കുവാനാകുമോ ജീവനുള്ളടത്തോളം കാലം ആ രണ്ടു വർഷങ്ങൾ .... ?
1989ൽ ലോഹിതദാസ് എഴുതി, ജോണ്സൻ ഈണമിട്ട്, സിബി മലയിൽ സംവിധാനം ചെയ്ത 'കിരീടം' മെന്ന ചിത്രത്തിലെ 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി....' എന്ന ഗാനം, കോളേജ് ആർട്സ് ഫെസ്റ്റിവലിൽ ഓഡിറ്റോറിയം മുഴുവൻ അലയടിച്ചിരുന്ന കാലം. അതിൽ മതിമറന്നു സ്വയം ലയിച്ചു ആസ്വദിച്ചിരുന്ന മധുര പതിനേഴുകാരികളുടെ ഒരു ലോകം. (മന:പൂർവ്വമാണ് കൗമാര കോമളന്മാരെ കുറിച്ച് പറയാത്തത്) എന്റെ കണ്ണുകളിൽ എല്ലാ പെണ്കൊടികളേയും 17ൽ മാത്രമേ കാണുവാനായുള്ളൂ. ഡിഗ്രിയ്ക്ക് പഠിക്കുന്ന ചേച്ചിമാരും 17നു മുകളിലോട്ടില്ല.
സ്കൂൾ വിദ്യാ'അഭ്യാസം' കഴിഞ്ഞു, കാലെടുത്തു വയ്ക്കുന്നതിനു രണ്ടു കൊല്ലം മുൻപു മുതൽ ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരുന്ന എന്റെ Fatima Mata National College. തീർത്തും ആദ്യ കലാലയം ഒരു വിസ്മയ ലോകം തന്നെയായിരുന്നു.
നെഞ്ചിടിപ്പോടെയാണ് കോളേജിൽ ഇന്റർവ്യൂവിനു വന്നത്. കാരണം അഞ്ചു മുതൽ പത്ത് വരെ പഠിച്ചത്, ആണ് കുട്ടികൾ മാത്രമുള്ള സ്കൂളിലായിരുന്നു... ഫസ്റ്റ് ഗ്രൂപ്പിന് പ്രവേശനം ലഭിച്ചത് ഫോർത്ത് ഗ്രൂപ്പിൽ ചേർന്ന് നാല് ദിവസം കഴിയുമ്പോൾ മാത്രമാണ്. പുതുതായി പെണ്കൊടികളെ കാണുന്നതിന്റെ ചമ്മലും, നാണവും, ആക്രാന്തവും വേറെ...പ്രവേശനം നേടി ആദ്യ ദിവസം ക്യാമ്പസിലേക്ക് കടന്നപ്പോഴുണ്ടായ എന്റെ ചങ്കിടിപ്പ് - സതേണ് റെയിൽവേയുടെ വക, പറഞ്ഞു വച്ച ചെണ്ടമേളം പോലെ, കോളേജിന്റെ മുന്നിലൂടെയുള്ള റോഡിനരികിലൂടെ സമാന്തരമായി കടന്നുപോകുന്ന റെയിൽപാതയിൽ കൂടി ഏതോ ഒരു ചരക്കുവണ്ടി അതിവേഗം കടന്നു പോയ ചടുല താളത്തിൽ അലിഞ്ഞില്ലാതെയായി.
-------------------------- -------------------------കോളേജ് ക്യാമ്പസ്സിൽ വളരെ കാല്പനികത തുളുമ്പി നിന്നിരുന്ന ഒന്ന് രണ്ടു സ്ഥല പേരുകൾ പരാമർശിക്കേണ്ടിയിരിക്കുന്നു. ക്വാഡ്രാൻഗിൾ, പഞ്ചാര കല്ല്, എരുമ കുളം...... ഇത് കേൾക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾക്ക് ചോദിച്ചേക്കാം 'എരുമ കുളത്തിന്' എന്ത് കാല്പനികതയെന്ന്. അത് പറഞ്ഞറിയിക്കാൻ എനിക്ക് അറിയില്ല. ഓരോന്നിനും അതിന്റേതായ 'കാല്പനികത' ഇന്നും നിലനില്ക്കുന്നുണ്ടാവും - എന്റെ കോളേജിൽ പഠിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഇത് ഒരുപക്ഷെ നന്നായി മനസിലാവും.
ക്വാഡ്രാൻഗിൾ - എന്റെ 17 ലെ പെണ്കൊടികൾ വിളയാടിരുന്ന ഒരു 'എക്സ്ക്ലൂസിവ് പ്രൈവറ്റ് ഓപ്പണ് എയർ സ്പേസ്' അല്ലെങ്കിൽ പെണ്കൊടികൾക്ക് മാത്രം പ്രവേശനാനുമതി ഉണ്ടായിരുന്ന ഒരു വിശ്രമസ്ഥലം. കോളേജിന്റെ നടു മുറ്റം-അങ്ങനെയും പറയാം. എനിക്ക് ഈ 'നടുമുറ്റത്തെ' ഉപമിക്കാൻ തോന്നുന്നത് -- പലതരം റോസാ പൂക്കളും, ജമന്തിയും, മുല്ലമൊട്ടും, പിച്ചിയും, എന്ന് വേണ്ട - ഏതോക്കെ പൂക്കളുണ്ടോ...അതൊക്കെ വെള്ളം നിറച്ച ഒരു ഓട്ട് ഉരളിയിൽ എങ്ങനെ വിതറിയാലും.... അങ്ങനെ ഒഴുകി നടുക്കുന്നത് കാണുന്നത് തന്നെ ഒരു ശേലാണ്... മനസ്സിന് ഒരു കുളിരാണ്, സംതൃപ്തിയാണ്. അതാണ് ഞങ്ങൾക്ക് പ്രവേശനാനുമതി നിഷിദ്ധമായ ആ ക്വാഡ്രാൻഗിൾ.
ഒന്നാം നിലയിലെ എന്റെ ക്ലാസ്സ് മുറിയിൽ നിന്നുമാണ് സീൻ പിടിത്തം. ചുമപ്പു, പച്ച, നീല, മഞ്ഞ - പലതരം വർണ്ണങ്ങൾ, പലതരം കലപില ശബ്ദങ്ങൾ, പലതരം വേഷങ്ങൾ, പലതരം കൂട്ടങ്ങൾ. ചിലർ മൂന്നോ നാലോ പേർ അടങ്ങുന്ന സംഘം, ചിലർ രണ്ടു പേർ മാത്രം. അങ്ങനെ ഒഴുകി നടക്കുന്നു.... മധ്യത്തിൽ സ്ഥിതി ചെയ്തിരുന്ന തണൽ മരമായ അരയാലിൽ (മരം No.1) കൂടി അരിച്ചിറങ്ങുന്ന വെയിലിൽ ചിലരുടെ വളകളും, മാലകളും, അവർ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും മിന്നി തിളങ്ങുന്നു....
(ഹ....കഴിയുന്നില്ല ! ഒരിക്കൽ കൂടി ...) ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരം ഒന്നുലത്തുവാൻ മോഹം...
പഞ്ചാര കല്ല് - ഒരു പക്ഷെ കലാലയ ചരിത്രം എഴുതാൻ ഒരു അവസരം കിട്ടിയാൽ ഈ വിശ്വപ്രസിദ്ധമായ 'പഞ്ചാര കല്ല' നെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ പോരാതെ വരും. കുട്ടികൾ, മുതിർന്നവർ, ലെക്ചർമാർ, കോളേജിലെക്ക് വരുന്നവരും, പോകുന്നവരും ഒരേ സ്വരത്തിൽ പക്ഷെ വിഭിന്നമായ വികാരത്തോടെ വർണ്ണിക്കുകയും ചെയുന്ന കാത്തിരിപ്പ് കല്ലുകളാണ് ഈ 'പഞ്ചാര കല്ലുകൾ'.
25p ST നു കൊടുത്ത് രാവിലെ ചിന്നക്കടയിൽ നിന്നും കോളേജിന്റെ മുന്നിലോ കർബല ജംഗ്ഷനിലോ ബസ്സിന്റെ കമ്പിയിൽ തൂങ്ങിയാടി വന്നിറങ്ങി, 15 മിനിറ്റെങ്കിലും 'ശുദ്ധ വായു' ശ്വസിച്ചും 'വായ്' നോക്കിയും 'പഞ്ചാര കല്ലിൽ' ആസനസ്ഥനായിരുന്നതിനു ശേഷമേ ക്ലാസ്സിൽ പോയിരുന്നുള്ള്...
ഇന്നും ആ കല്ലുകൾ ആ പടർന്നു പന്തലിച്ചു കിടക്കുന്ന ആലിനു (മരം No.2) താഴെ വരി വരിയായി നിരന്നിരിക്കുന്നു... (ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു). എത്ര പ്രണയ കഥകൾക്ക് സാക്ഷ്യം വഹിചിട്ടുണ്ടാകും കാല്പനികതയിലും കാല പഴക്കത്താലുള്ള പൊട്ടലും പായൽ പിടിച്ചിരിക്കുന്നതുമായ ആ 'പഞ്ചാര കല്ലുകൾ' ... ആ കാലങ്ങൾ ഇനി ഓർമ്മകളിൽ മാത്രം....
വെറുതെ ഈ 'ഓർമ്മകൾ' എന്നറിയുമ്പോഴും
വെറുതെ 'ഓർമ്മിക്കുവാൻ' മോഹം....
എരുമ കുളം - ഈ എരുമകുളം എന്റെ പഠനവിഷയവുമായി യാതൊരു വിധ ബന്ധവുമില്ല. കോളേജ് ക്യാമ്പസിൽ നിന്നും ദൂരെയാണെങ്കിലും ഒരിക്കലും 'ഒഴിച്ച്' 'കൂട്ടാനാവാത്ത' ഒരു അവിഭാജ്യ'ഘടകം' മെന്ന "തടാകം" തന്നെയാണ്...ആ എരുമകുളം. കോളേജിൽ നിന്നു മാറി പടിഞ്ഞാറ് കർബല ജംഗ്ഷനിനോട് അടുത്തും, റെയിൽ പാതയ്ക്കും, കോളേജിനും ഇടയിലെ ചിന്നക്കട ചെമ്മാന്മുക്ക് റോഡിന് സമാന്തരമായി അളന്നെടുക്കാൻ കഴിയാത്തവിധം കാട് പിടിച്ച് കിടക്കുന്ന ഒരു ഭൂമി...അതിൽ പച്ച പായൽ നിറത്തിൽ ഒരു കുളം.കുളത്തിനരുകിലായി അപ്പുറവും ഇപ്പുറവും രണ്ടു വൻ ആൽമരങ്ങൾ (മരം No.3 & 4). ആ മരങ്ങൾ ക്യാമ്പസിലെക്കും റോഡിലെക്കുമായി തണൽ നല്കിയും ഇലകൾ കൊഴിച്ചും തണുത്ത കാറ്റ് വീശിയും ദശബ്ധങ്ങൾ കടന്നു പോകുന്നതിനു മൂക സാക്ഷിയായി നില്ക്കുന്നു. കുളത്തിന് ചുറ്റുമുള്ള കാട്ട്പുല്ല് പ്രകൃതിരമണീയതയ്ക്കു സ്വാഭാവികത കൈ വന്നപോലെ.
കുളത്തിലെ 'പച്ച വെള്ളത്തിൽ' സദാ സമയവും എരുമകൾ...
അവയ്ക്ക് കൂട്ടായി കുറെ കാക്കകളും. അങ്ങിങ്ങ് കുറെ വെള്ളുത്ത കൊറ്റികളും. ഈ എരുമകൾ എവിടുന്നു വരുന്നുവോ...എപ്പോൾ തിരികെ പോകുന്നു...എങ്ങനെ പോകുന്നു...എന്നൊന്നുമറിയില്ല...അന്വേഷിച്ചുമില്ല.
ക്ലാസ്സ് കഴിഞ്ഞു വൈകിട്ട് ക്യാമ്പസിനകത്തു കൂടി കർബല ജംഗ്ഷനിലേക്ക് 'ചുവപ്പും, പച്ചയും, നീലയും, മഞ്ഞയും വർണ്ണങ്ങൾക്കൊപ്പം നടന്നു നീങ്ങുമ്പോൾ ഒരിക്കലും ഈ കുളമോ പരിസരമോ കാണാറില്ല...(ഭയങ്കര തിരക്കിലല്ലേ-ഇഷ്ട ദേവതകൾ പ്രീതിപ്പെട്ടാലോ എന്നാ വ്യാമോഹവുമായി ലക്ഷ്യമില്ലാതെ ഉള്ള യാത്രയല്ലേ)
ഒരു വട്ടം കൂടി ''എൻ വർണ്ണങ്ങൾ'' മേയുന്ന തിരുമുറ്റത്തു കൂടി നടക്കുവാൻ മോഹം
തിരുമുറ്റതോരു കോണിൽ ............
----------------------------------------------------------------------------------------------------------------------------------
[തുടരുന്നു - രണ്ടാം ഭാഗത്തിലേക്ക്]

1 comment:
ജീവിതം നാളെയെ പുണരാൻ മുൻപോട്ടു ഒഴുകുമ്പോൾ പിറകിൽ പിന്നിട്ട വഴികളുടെ ഒരു മനോഹരമായ വർണ്ണനം..
Post a Comment