11 Dec 2012

അല്പം തമാശ....ചളമായിലെ കൊള്ളാം....!

ഇംഗ്ലീഷില്‍ അത്ര പ്രഗല്‍ഭര്‍ അല്ലാത്ത മൂന്ന് പേര്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒരു പാക്കറ്റ് ഈന്തപഴം [dates] കൈയ്യില്‍ പിടിച്ചാണ് തര്‍ക്കം...

ഒന്നാമന്‍, : പനീര്‍ ഡേറ്റ്സ് [അവന്‍ ഇന്ത്യയില്‍ ലേശം വടക്ക് നിന്നാ]
രണ്ടാമന്‍:, : പൊട്ടന്‍...,..പനീര്‍ അല്ല...പനി നീര്‍ ഡേറ്റ്സ് ആണ്. [ഇവന്‍ മലയാളി]
മൂന്നാമന്‍, : വെടല പസ്സങ്ങളാ..പാക്കേറ്റെ പാത്തു വാസി ഡാ...പണ്ണിയാര്‍ ഡേറ്റ്സ് [ഇവന്‍ തമിഴന്‍], ]

ആര്‍ക്കെങ്കില്ലും ഊഹിക്കാമോ എന്താണ് സംഭവമെന്ന്....?

അച്ചടി പിശകായിരിക്കുമോ....അതോ ജില്ലാടിസ്ഥാനത്തില്‍ സൗകര്യം പോലെ വായിക്കാമോ...?
ഞാന്‍ പാക്കറ്റ് എടുത്തു നോക്കി...ഇങ്ങനെ എഴുതി ഇരിക്കുന്നു...

PIONEER DATES
Premium Quality





 jose 








9 Dec 2012

'പണി' വരുന്ന ഓരോ വഴിയെ....!!


ഓര്‍ക്കാപ്പുറത്ത് അല്ലെങ്കില്‍ സമയം തെറ്റി വന്ന മഴെയും വെള്ളപൊക്കം കാരണം തമ്പാനൂരിലെ ട്രാഫിക് ജാമിനെയും മനസ്സില്‍ പഴിച്ച് കൊണ്ട്  പ്ലാറ്റ്ഫോമില്‍ പാഞ്ഞു എത്തിയപ്പോഴേക്കും കണ്ണൂര്‍ എക്സ്പ്രസ്സ്‌ നീങ്ങി തുടങ്ങിയിരുന്നു...

'കോച്ച് നോക്കാന്‍ സമയമില്ല...ചാടി കേറിയേ പറ്റു....'
'പണ്ടാരമടങ്ങാന്‍...,...അല്ലെങ്കില്‍ കുന്തം ഒരിക്കലും സമയം പാലിക്കാറില്ല ...നമ്മള്‍ എന്നേലും വൈകിയോ...അന്ന് പണിയും കിട്ടും... ' പിറുപിറുത്തു കൊണ്ട് ചാടി വീണു....കോച്ചില്‍

അകത്തേക്ക് കയറിയതും....കേട്ടത് ഇതാണ് 

''ഡേയ് ...ഇത് എന്തോന്ന്....ഇത്തോളം മുട്ടീയിട്ട് എന്തെര് മറിക്കാന്‍ പൊവോണു...''

ഒരു സ്ത്രീ സ്വരം...(അലറല്‍ എന്ന് പറയുന്നതാവും ഉചിതം)...അതെ..പറഞ്ഞത് എന്നോട് തന്നെ...അരിച്ചു കയറിയ കലി പുറത്തേക്കു വന്നിട്ട് തിരിച്ചു നല്ലതുപോലെ പറയാനായി തന്നെ വായ്‌ തുറന്നതാണ്...പക്ഷെ ഒന്നും പറയാനായില്ല...പറയാനായി നുരഞ്ഞു പൊങ്ങിയത് എല്ലാം വിഴുങ്ങി...( 'രാവിലെ തൊട്ടേ പണി തന്നെ ആണല്ലോ ഈശ്വരാ..' ) കിളി നാദങ്ങളുടെ ലോകം...'' ലേഡീസ് കമ്പാര്‍ട്ട്മെന്റ് '' പോരാത്തതിനു അലറി പറഞ്ഞത് രണ്ടു വനിതാ പോലീസ്സിലെ ഒരു വനിതാ....
ചമ്മല്‍ മറച്ചു വച്ചു...ചുറ്റും ഒന്ന് വേഗത്തില്‍ ഞാന്‍ കണ്ണ് ഓടിച്ചിട്ട്‌ വാതുക്കല്‍ തന്നെ നിന്നു.''പേട്ട'' ആവുമ്പോഴേക്കും മാറി കയറാം.അല്ലാതെ വേറെ വഴിയില്ല എന്റെ ചങ്ങായി.....[കാരണം വായ്‌ നോക്കാന്‍ പറ്റിയ തരുണിമണികള്‍  ഒന്നും കണ്ണ്  എത്തുന്ന ദൂരത്തില്ലായിരുന്നു, അതും അല്ല...മീശക്കു പകരം പുരികം പിരിച്ചു വച്ചിരിക്കുന്ന രണ്ടു ഇടി വണ്ടികള്‍ ...പുറത്തു ഇരുട്ടാണേങ്കില്ലും വാനത്തോട്ടു നോക്കി നില്‍ക്കുന്നതാ തല്‍ക്കാലം ബുദ്ധി.]

കൈയ്യിലുണ്ടായിരുന്ന ലഗ്ഗേജ് ബാഗ്ഗും പൊതിക്കെട്ടും ഒതുക്കി വച്ച് ഞാന്‍ പേഴ്സ്സില്‍ നിന്നും ടിക്കറ്റ്തപ്പിയെടുത്തു..കോച്ച് ഏതാണ്ന്നു ഒരിക്കല്‍ കൂടി നോക്കി ഉറപ്പിച്ചു...
A3 UB 3...[അവന്മാരൊക്കെ എവിടാണോ ആവോ...? അപ്പോഴേക്കും വന്നു വിളി..]

[ഞങ്ങള്‍ എല്ലാവരും ഒരു യാത്ര പോകുകയാണ്. സംഭവം ഒഫീഷ്യല്‍ ആണ് ...''പുരാവസ്തു ഗവേഷണവും അനന്ത സാദ്ധ്യതകളും'' കോഴിക്കോടാണ് സ്ഥലം...എന്തായി തീരുമോ ആവോ ?]

''ടെ വല്ലോം നടക്കാന്‍ ആണോ..? ഇയാള്‍ എവിടാടെ...?"
ടിക്കെറ്റ് എവിടെ കൊണ്ടാടെ വച്ചേക്കുന്നെ...? ഇയാള്‍ വന്നില്ലെലും വേണ്ടില്ല...'' 

ഒന്നും പറയേണ്ട ടെ...ഞാന്‍ ഉണ്ട് വണ്ടിയില്‍ ....പക്ഷെ ഇപ്പൊ പെട്ടിരിക്കുവാ..രാവിലെ തൊട്ടെ തുടര്‍ പണിയാ...കാണാം ഭായ്...വരാം...ഒരു പത്തു മിനിട്ട് കടം തരു...

ഫോണ്‍ വിളി കഴിഞ്ഞു, ഇന്ന് കിട്ടിയ പണികള്ളില്‍ ഒരെണ്ണം വെറുതെ ഒന്ന് ഓര്‍ത്ത്..
------
രാവിലെ സീന മേശപുറത്ത്‌ വച്ചിരുന്ന കുപ്പിയില്‍ ജീരകവെള്ളമെന്നു കരുതി ആര്‍ത്തിയോടെ തൊള്ളക്ക് ഒഴിച്ചതിനു ശേഷമാണ് മനസ്സിലായത്‌ സൂര്യകാന്തി എണ്ണയായിരുന്നു എന്ന്...എണ്ണ പാഴായത്തിന്റെ തെറി വിളി...സീനയുടെ വക...വേറെ. ഞാനോ....അകത്തേക്ക് പോയത് എങ്ങനെ പുറത്തു കളയുമെന്ന ആശങ്കയില്ലും മുറവിളി കൂട്ടല്ലിലും ഉള്ള ഓട്ടത്തില്‍ നിലത്തു വീണു പൊട്ടിയ un-breakble crystal glassന്റെ എണ്ണം എടുക്കാന്‍ വിട്ടു പോയി....കൈയ്യില്‍ കിട്ടിയത് എല്ലാം ഇട്ടു തുടച്ചെടുത്തു..''എന്റെ വായ്‌.'' ...പച്ച എണ്ണയുടെ ആ ചവര്‍പ്പ്....ഹോ..ആ കോരിത്തരിപ്പ് ഒരു തരിപ്പ് തന്നെയായിരുന്നു ...?  
------
'' അപ്പി ഒന്ന് മാറണേ..'നാന് ഒന്ന് ഇറങ്ങട്ടെ...'' പിന്നില്‍ നിന്നും ഏതോ ഒരു സ്ത്രി പറയുന്ന കേട്ടപ്പോഴാണ്  'പേട്ട' എത്തിയെന്ന് മനസ്സിലായതും ചിന്തയില്‍ നിന്ന് ഉണര്‍ന്നതും...
പെട്ടന്ന് തന്നെ വഴി മാറി കൊടുത്തു. ബാഗും കവറും എടുത്ത് ഞാനും ചാടി ഇറങ്ങി വീണ്ടും ഓടി...A3 ലക്ഷ്യമാക്കി.

പുറത്തെ തണുപ്പില്‍ നിന്നും ഓടി കയറിയ കമ്പാര്‍ട്ട്മെന്റനികത്ത് എത്തിയപ്പോള്‍ ...അതിനു അകത്തെ തന്നുപ്പും കൂടി... അറിയാതെ ഒന്ന് കിടുങ്ങി...അകത്തേക്ക് കയറുന്ന വ്യഗ്രതയില്‍ ആരോ പിറകില്‍  നിന്നും തോളത്ത് തട്ടി...

''അതെ...ഞാന്‍ തൃശ്ശൂര്‍ ഇറങ്ങും''...['നീ ഇറങ്ങടാ കോപ്പേ..അതിനു എനിക്ക് എന്താ..'അങ്ങനെ പറയാനാ തിരിഞ്ഞത്, പക്ഷെ പറഞ്ഞില്ല]
''മൊത്തോം തീര്‍ത്തു കളയരുത്..ഞാന്‍ എന്റെ ഈ പണി ഒന്ന് തീര്‍ത്തെച്ചും വരാം. ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്യണം കേട്ടാ ...''

നെറ്റി ചുളിച്ചു അയാളെ അടി മുടി ഒന്ന് നോക്കി...അപ്പോഴാണ് TTE ആണെന്ന് കത്തിയത്..പക്ഷെ എനിക്ക് ആള്‍ പറഞ്ഞത് മനസ്സിലായില്ല....എന്റെ ബാഗും കവറും കണ്ടിട്ട് അങ്ങേരു 'കുപ്പി' ആണ് ഉദേശിച്ചതെങ്കില്‍ പിന്നെയും പണിയാവുമല്ലോ...? ഇല്ലാത്ത കുപ്പി ഞാന്‍ എവിടുന്നു എടുക്കും.?
ഇതൊക്കെ പോട്ടെ...ഈ കോപ്പന് എങ്ങനെ മനസ്സിലായി ഞാന്‍ അടിക്കും എന്ന്...?
[അപരിചിതര്‍ എന്നെ 'ഇക്കാ' എന്നേ വിളിക്കാര്‍ ഉള്ളു ....കാരണം...ഞാറിന് തടം എടുത്ത പോലെ വരമ്പും അരുവും വെട്ടിയെടുത്തതാ എന്റെ താടി...] ആ എന്നോടാണ് ഈ മച്ചാന്‍ ഇങ്ങനെ പറഞ്ഞത്...തെല്ലു നേരം ഞാന്‍ പരിസരം മറന്നു ചിന്തയിലാണ്ട് പോയി...

ഡേയ്...നടന്നു വാടെ...എന്തോന്നാ ആലോചിച്ചോണ്ട്‌ നില്‍ക്കുന്നെ...?

തൊട്ടടുത്ത സീറ്റില്‍ നിന്നും കാല്പനികതക്ക് എപ്പോഴും ചിറകു മുളപ്പിക്കുന്ന... ചിരിച്ചു കൊണ്ട് മാത്രം വര്‍ത്തമാനം പറയുന്ന "കളത്തില്‍ ബൈജു ". [കളത്തില്‍ എന്നുള്ളത് വീട്ട് പേരല്ല...നമ്മള്‍ അങ്ങോട്ട്‌ എന്ത് പറഞ്ഞാലും...തിരിച്ചു നമ്മളോട് വല്ലതും പുള്ളി പറഞ്ഞാലും കളങ്ങള്‍ വരച്ചും അക്കങ്ങള്ളില്‍ കൂട്ടിയും മാത്രമേ പറയാര്‍ ഉള്ളു...അത് കാരണം പുള്ളിക്ക് ഞാന്‍ തന്നെ ഇട്ട പേരാണ്...]

''ടെ മൊത്തത്തി കുഴപ്പമാ...എന്നെ കണ്ടാല്‍ എന്തെല്ലും തോന്നുമോ ...?''ഞാന്‍ ചോദിച്ചു.

സംശയമെന്ത്...വഴിയെ പോകുന്ന ഏതവനും ഒരെണ്ണം ചെകിട്ടത് തരാന്‍ തോന്നും....പിന്നെ വെള്ളത്തില്‍ വീണ പൂച്ച, നഞ്ഞ കോഴി അങ്ങനെ പലതും പറയാന്‍ ആര്‍ക്കും ഒന്ന് ചിന്തികേണ്ട കാര്യം പോലുമില്ല...പറഞ്ഞിട്ട് ഒടുക്കം സ്വന്തം തന്നെ നീട്ടി ചിരിച്ചു...ഗണേഷ്,. സ്വന്തമായി പൊക്കി പറയാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന എന്റെ മറ്റൊരു സഹപ്രവര്‍ത്തകന്‍... (ഗണേഷ് ആയതു കൊണ്ട് ഞാന്‍ മുഖവിലയ്ക്ക് എടുത്തില്ല)

അത് അല്ലടെ...ഒരു ക്ണാപ്പന്‍ TTE എന്റെ കവറും കിടിപിടിയും കണ്ടിട്ട്..മൊത്തം തീര്‍ക്കല്ലേ എന്നും ദാ വരുന്നുന്ന് പറഞ്ഞിട്ട് പോയി...നമ്മുടെ കൈയ്യില്‍ മരുന്ന് വല്ലതും ഉണ്ടോ...? ഇപ്പൊ എന്ത് ചെയ്യും..? നമ്മള്‍ വേണ്ട എന്ന് വച്ചത് അല്ലെ...? പക്ഷെ ട്രെയിനില്‍ മദ്യപാനം പാടില്ല എന്നും..പുതിയ നിയമം ഇല്ലേ ? എന്തേലും ചെയ്യതെ പറ്റു...ഞാന്‍ വെപ്രാളത്തോടെ പറഞ്ഞു.
രാവിലെത്തെ എണ്ണയുടെ ചവര്‍പ്പും ഒന്ന് മാറി കിട്ടുമല്ലോ...മനസ്സില്‍ കൂട്ടി ചേര്‍ത്ത്...സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ബാഗ് അപ്പര്‍ ബെര്‍ത്തില്‍ തള്ളികയറ്റി. കവര്‍ വിന്‍ഡോ ഗ്ലാസ്സിനു മുകളിലത്തെ ഹൂക്കില്‍ തൂകി ഇട്ടു.

'വഴി ഉണ്ടാക്കാം...കൊല്ലത്ത് നിന്നും രമേശന്‍ കേറുമല്ലോ...വിളിക്ക് അളിയാ..അളിയനെ'
കൈയ്യില്‍ ഉണ്ടായിരുന്ന പേന എടുത്തു സ്വന്തം തലയില്‍ കളം വരച്ചു ബൈജു അനക്കം വച്ച് തുടങ്ങി...

മൊബൈലില്‍ രമേശനെ വിളിച്ചു...
'രമേശാ കഷായം എടുത്തായിരുന്നോ.?'

'എന്തൊരു ചോദ്യം ആണ് ടെ...നിനക്ക് എന്നെ ഇതേ വരെ മനസ്സിലായില്ലേ...നമ്മള്‍ ' ഫുള്‍ ' സെറ്റപ്പ് അല്ലെ.?' ഞാന്‍ നേരത്തെ സ്റ്റേഷനില്‍ വന്നല്ലോ..നമ്മടെ റെയില്‍വേ സ്റ്റേഷനു മുന്നിലല്ലേ എന്റെ അണ്ണാ...വിശാലമായ ഷോറൂം...ഒരു 2 ' ഫുള്‍ ' ബാഗിലാക്കി...കഴിക്കാന്‍ വലതും വാങ്ങിയോ....?
രമേശന്‍ ഒരു യാത്ര മൂഡില്‍ തന്നെ ആണ്...തിരിച്ചുള്ള ഉത്തരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.

ഞാന്‍ തുടര്‍ന്നു...'നമ്മടെ കളത്തില്‍ ബൈജു' ജയിലില്‍ നിന്നും  വരുന്ന വഴി (പൂജപ്പുര വഴിയാണ് വീട്ടില്‍ നിന്നും വരുന്നത്..തെറ്റിദ്ധരിക്കരുത്...പുതുതായി ജയിലില്‍ തുടങ്ങിയ ചപ്പാത്തി പരിപാടിയുടെ ഭാഗമാകാനും ആകണം, ' 36 ചപ്പാത്തി' പുള്ളി അവിടുന്ന് വാങ്ങി) കൊണ്ട് വന്ന ചപ്പാത്തിയും.' സീനടെ വക ചിക്കെനും ഉണ്ട് ടെ...പുറത്തു നിന്നും ഒരു കോടാലിയും ഉണ്ടാവും...അതാ ചോദിച്ചത്...

അത് ആരടെ...?രമേശന്റെ സംശയം..

അതൊക്കെ നമ്മുക്ക് വഴിയെ കാണാം...ഇതിപ്പോ എല്ലാം തികയുമോന്നൊരു സംശയം...അതുമല്ല എറണാകുളത്ത് നിന്നും കേറുന്ന വെള്ളം തൊടാത്ത മഹാന്റെ കാര്യം അറിയാമല്ലോ...കുപ്പി പോകുന്ന വഴി കാണില്ല..എന്തായാല്ലും നേരില്‍ കാണാം...

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു...

കഷായം ഉണ്ട്...ട്ടോ...അളിയന്‍ എടുത്തിട്ട് ഉണ്ട്...അവരോടു ഞാന്‍ പറഞ്ഞു.
അല്ല...നമ്മള്‍ മാത്രമേ ഉള്ളോ...വേറെ ആരും ഇല്ലേ (കളര്‍ഫുള്‍ ഐറ്റംസ് കണ്ടില്ലല്ലോ എന്നാ ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചത് )....? തെല്ലു നിരാശയോടെയായിരുന്നു എന്റെ അടുത്ത ചോദ്യം...

സാറിനു,... ആരെ ആണ് വേണ്ടത്...? അല്പം നീട്ടി ആണ് ബൈജുവിന്റെ മറുചോദ്യം. അദ്ദേഹം പക്ഷെ ഈ തവണ പേനക്ക് പകരം സ്വന്തം കണ്ണാടിയുടെ കാലാണ് തലയ്ക്കു വരയ്ക്കാന്‍ ഉപയോഗിച്ചത്.

അല്ല..എന്തെല്ലും മിണ്ടിയും പറഞ്ഞും പോകാമല്ലോ...പിള്ളാര് വലതും ഉണ്ടായിരുന്നേല്‍ ഒരു ഉഷാര്‍ ഉണ്ടാവുമായിരുന്നു...അല്ലെ..? ഗണേഷ് പിന്‍'താങ്ങി'.

ഞാന്‍ ഒന്ന് സീനയെ വിളിക്കട്ടെ...
...............................
കൊല്ലത്ത് നിന്നും രമേശന്‍ കയറി.

ഓ...എന്റെ അണ്ണാ, ആദ്യമായിട്ടാണ് നിങ്ങളെ ഇങ്ങനെ ഈ വേഷത്തില്‍ കാന്നുന്നത്..
[എനിക്ക് എന്തോ വേറെ ആരോയയിട്ടാണ് തോന്നിയത്, കാരണം കണ്ടു മുട്ടിയ അന്ന് മുതല്‍ എന്നും വളരെ ' ഫോര്‍മല്‍ ' വേഷം മാത്രമേ പുള്ളി ഇട്ട് കണ്ടിട്ടുള്ളു...എപ്പോഴും ഷര്‍ട്ട്‌ ടക് ഇന്‍ ചെയ്തു...'woodlands'ന്റെയും 'adidas'ന്റെയും ഷൂസും 'allensolley'ടെയും', 'van heusen'ന്റെയും', 'aarow'ടെയും' അങ്ങനെ വേണ്ടുന്ന എല്ലാ ബ്രാണ്ടുകളും മാറി മാറി ഉപയോഗിക്കുന്ന ഏക വ്യക്തിയാണ് ഞങ്ങളുടെ ഇടയിലെ രമേശന്‍], പക്ഷെ ഇന്ന് ഒരു ചുവന്ന ടി ഷര്‍ട്ടും അര കുറ നിക്കറും ഒരു ചെരുപ്പും....ഒപ്പും രണ്ടു എയര്‍ ബാഗുകളും]

പറഞ്ഞു വച്ച പോലെ TTE യും എത്തി...ടിക്കറ്റ്‌ പരിശോധിച്ച് ഒരു വാക്ക് പോലും ഉച്ചരിക്കാതെ അയാള്‍ അടുത്ത കോച്ചിലേക്ക് പോയി...എനിക്ക് വിശ്വസിക്കാന്‍ ആയില്ല...ഇയാള്‍ തന്നെയാണോ അല്പം മുന്‍പ് എന്റെ തോളത് തട്ടി സംസാരിച്ചത്...?

ഇദേഹം തന്നെ ആണോ അദ്ദേഹം...? ബൈജുവിന്റെ വക ചോദ്യം.
എവിടെ ടെ കോടാലി...? രമേശന്‍ തിടുക്കം കൂട്ടി...

എനിക്ക് തെറ്റി പോയിന്നാ തോന്നുന്നെ....ചിലപ്പോ വേറെ ആരെങ്കില്ലും ആവും ബൈജുവെ..
ടെ ഇതായിരുന്നു ഞാന്‍ പറഞ്ഞ കോടാലി രമേഷേ...രണ്ടുപേരോടുമായി പറഞ്ഞു മുഴുപ്പിക്കും മുന്‍പേ 'ആ കോടാലി' ഒരു പെട്ടിയുമായി എത്തി...ഒരു വ്യത്യാസം മാത്രം..കോട്ട് ഊരി കൈയ്യില്‍  പിടിച്ചിരിക്കുന്നു...

'' തുടങ്ങാം....പേര് പരഞ്ഞുള്ള പരിചയപെടല്‍ ഒന്നും വേണ്ടാ...കാരണം നമ്മള്‍ ഇനിയും കാണുമോന്നു അറിയില്ല..so no need...lets start."

തെല്ലു അന്ധാളിപ്പോടെ അതിലുമേറെ ആശ്ചര്യത്തോടെ ഓപ്പണിംഗ് റൌണ്ട്' തുടങ്ങി...
.........................ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ രണ്ടു റൌണ്ട് കഴിഞ്ഞപ്പോ മാറി കിട്ടി. പരസ്പരം പരിച്ചയപെടലും എല്ലാമായി അങ്ങനെ കോട്ടയം കഴിഞ്ഞു. ഒരു 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍സ് നമ്മടെ TTEയെ അന്വേഷിച്ചു വന്നു... TTE സ്വയം പരിച്ചയപെടുതിയത്തിനു ശേഷം പയ്യന്‍സ് കൈയ്യിലെ ടിക്കറ്റ്‌ നീട്ടി പുള്ളിയോടായി പറഞ്ഞു

'സാര്‍ എനക്ക് ഒരു ചാന്‍സ് (chance) തരണം'...
എന്തോന്ന് ...? TTE ഒരു ഞെട്ടലോടെ അവനോടു ചോദിച്ചു.
അല്ല സാര്‍ എനക്ക്  വേറ്റിംഗ് പറ്റില്ല ...ഒരു ചാന്‍സ് തരണം ....അവന്‍ പിന്നെയും പറഞ്ഞു.

ഞാന്‍ എന്തോടോ സിനിമ സംവിധായകനോ...ചാന്‍സ്തരാന്‍......?  അതുമല്ല അവനു വേറ്റിംഗ് പറ്റിലാന്നു......പിന്നെ....!!   TTE പരിഹാസത്തോടെ അവനെ ആക്രമിച്ചു...

സാറെ അവന് സീറ്റ് വേണം എന്നാ ഉദേശിച്ചത്‌... എന്ന് തോന്നുന്നു...ഞാന്‍ TTE ഒരു ബോധവല്കരണം നടത്താന്‍ വിഫലശ്രമം നടത്തി...

നീ ആര്...? അവന്റെ PRO ആണോ...? TTE ടെ റിലേ കട്ടായി തുടങ്ങിയെന്നു എനിക്ക് മനസ്സിലായി.

ഞങ്ങടെ കുപ്പിയും കാലിയാക്കി നിന്റെ  വായീന്നു.... നിന്‍റെ ഊളതരം...ഞങ്ങള്‍  കേള്‍ക്കണോ....കോപ്പേ ...എന്ന് പറഞ്ഞായിരുന്നു തുടക്കം...?

രമേശന്‍ എഴുന്നേറ്റു TTE യുടെ പെട്ടിയും പ്രമാണവും കോട്ടും എടുത്തു നിലത്തു ഒരു ഏറു...എന്തോ തോന്നി പെട്ടന്ന് തന്നെ താഴെ എറിഞ്ഞ അയാളുടെ കോട്ട് എടുത്തു സ്വന്തം അണിയുകയും ചെയ്തു....(അത് ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു....ചുവന്ന ടി ഷര്‍ട്ടും ക്രീം കളര്‍ നിക്കറും...ഓവര്‍കോട്ടും ...ഇത്തിരി ഓവര്‍ അല്ലെ എന്നൊരു സംശയം...എനിക്ക്)....ശരിക്കും ഇത്തിരി അല്ല....മൊത്തത്തില്‍ ഓവറായിരുന്നു.....രമേശന്‍

TTE യെ വലിച്ചു സീറ്റില്‍ നിന്നും എഴുന്നെല്ല്പിച്ചു ...'ഇറങ്ങി  പോടാ പുല്ലേ''...എന്ന് ആക്രോശിക്കുകയും ചെയ്തു...[എപ്പോഴും  ഇങ്ങനെ കൂടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിച്ചും ചിരിപ്പിച്ചും സമയം  തള്ളി നീക്കുന്നത് രമേശന്‍ തന്നെ ആണ്...പക്ഷെ ഇന്ന് ഇത്ര പ്രതീക്ഷിച്ചില്ല]

(ഇതിന്റെ ഇടയില്‍ ചാന്‍സ് തേടി വന്ന ആ പയ്യന്‍സ്ന് വന്ന വഴിയെ തിരിച്ചു ഓടി കാണും... പൊടി പോല്ലും കണ്ടില്ല....സീനില്‍ നിന്നും പെട്ടന്ന് മാഞ്ഞു പോയി...)

പിന്നെ അവിടെ നടന്നത് ഇവിടെ പറയുന്നില്ല... സീന്‍ എഡിറ്റ്‌ ചെയുന്നു....കഥ അവസാനിപ്പിക്കുന്നു....

[ പക്ഷെ രണ്ടു ആഴ്ച രമേശന് പാന്റിനു പകരം മുണ്ട് ഉടുത്തോണ്ട് നടക്കേണ്ടി വന്നു, ഡോക്ടറിന്റെ നിര്‍ദേശപ്രകാരം.... ബൈജു പുതിയ കണ്ണട വാങ്ങി...ഗണേഷ് രണ്ടാമത്തെ പെഗ് അടിച്ചപ്പോ തന്നെ ഔട്ടായി അപ്പര്‍ ബെര്‍ത്തില്‍ ഇടം തേടി...ഒന്നും അറിഞ്ഞില്ല...ഞാന്‍ ഇടനിലക്കരനായത്  കൊണ്ട് കുറെ കരം ഇടപാട് നടന്നു...കടം ഒന്നും വച്ചില്ല ]

കരം ഇടപാട് കൂടാന്‍ കാരണമുണ്ട്....OK.. TTE, OK... TTE.....ലാസ്റ്റ് സീനില്‍ പ്രതീക്ഷികാതെ പറഞ്ഞു പോയതാണ്....രണ്ടു മൂന്ന് തവണ.....പക്ഷെ അതും പുള്ളിക്ക് (TTE) പിടിച്ചില്ല....കാരണം TTEയുടെ പേര്‍ Omana Kuttan എന്ന് ആയിരുന്നു. പുള്ളിയെ ഞാന്‍ അങ്ങ് ചെറുതാക്കി കളഞ്ഞു എന്ന് പറഞ്ഞായിരുന്നു പ്രകടനങ്ങളില്‍ മറ്റൊരു കാരണം.

*******************************************************************************************************************
പിറ്റെ ദിവസം രാവിലെ 730നു രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോളാണ് 'KJ' യ്ക്ക് തന്‍റെ സ്വാധീനം ഉപയോഗിച്ച് ഇന്നലെ രാത്രി പെട്ടുപോയെക്കാവുന്ന നൂലാമാലകള്ളില്‍ നിന്നും രക്ഷപെട്ടതും എല്ലാം ശരിക്കും ഓര്‍ക്കാന്‍ കഴിഞ്ഞത്....ഒരു യാത്രയുടെ പരിയവസാനം ''പുരാവസ്തു ഗവേഷണവും അനന്ത സാദ്ധ്യതകളും'' 
അവിടുന്നു തുടങ്ങി....എന്റെ സഹപ്രവര്‍ത്തകരും 'KJ' യും.

*******************************************************************************************************************

ഇതിലെ "ഞാന്‍"'' ഞാനല്ല ....എന്‍റെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ ''KJ'' ആണ്. ഈ അടുത്ത കാലത്ത് അവനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പോയ ഒരു യാത്രയാണ് ഞാന്‍ എന്‍റെ രീതിയിലാക്കിയെടുത്തത് ... അവരുടെ യാത്രയിലെ രണ്ടു ഡയലോഗ് മാത്രം കടം എടുത്തു... TTE യുടെത്....



26 Nov 2012

ന്യൂ  ജനറേഷന്‍ ടെക്നിക്ക്സ് 

[അല്പം ഫ്ലാഷ് ബാക്ക് ]

എന്റെ സ്കൂള്‍ പഠന കാലങ്ങളില്‍ ...''പരീക്ഷയെ'' പരീക്ഷണങ്ങളായി കണ്ടിരുന്ന അസാധാരണ തലമുറയിലെ ഒരു സാധാരണ കുട്ടിയായി ആണ് ഞാനും വളര്‍ന്നു വന്നിരുന്നത്...[നക്ഷ്ടപ്പെട്ടു പോയ ബാല്യം 80കള്‍ ]

എന്റെ മിഡില്‍ സ്കൂളില്‍ , സമര്‍ത്ഥര്‍ , ഉഴപ്പാളികള്‍ , തിരുമണ്ടന്മാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 'ഞങ്ങള്‍ പൈതങ്ങളെ' വേര്‍ തിരിച്ചിരുന്നു...ഈ മൂന്ന് വിഭാഗങ്ങളിലും ഞാന്‍ മാറി മാറി നില കൊണ്ടിരുന്നെങ്കിലും മിക്കപോഴും നടു ഗണത്തില്‍ തന്നെയായിരുന്നു മുദ്ര കുത്തപ്പെട്ടിരുന്നത്...തമിഴില്‍ മേല്‍ പ്രതിപാദിച്ച നടു ഗണം ' എല്ല് മുറിയെ പണി എടുത്തു ജീവിക്കുന്നവന്‍ ' എന്നായിരുന്നു...ദേശം മാറുമ്പോള്‍  വാക്കുകള്‍ കടം എടുക്കപ്പെട്ടാലും അര്‍തഥങ്ങള്‍ മാറുന്ന കാര്യം നാം മറന്നു പോകുന്നു...[എന്തെങ്കിലും ആകട്ടെ]

ഒരു തുണി സഞ്ചിയില്‍ കുറെ പുസ്തകങ്ങളും, ' പൂമ്പാറ്റയില്‍ ' നിന്നും വെട്ടി എടുത്ത ഒരു ടൈംടേബിള്‍ കാര്‍ഡും [ഡ്രില്‍ ക്ലാസും, ഡ്രോയിംഗ് ക്ലാസും നല്ലതുപോലെ മന:പാഠം,എന്നാലും ഒരു സമാധാനത്തിനു വേണ്ടി മാത്രം], പിന്നെ 'അമ്മ' രാവിലെ തന്നെ, ഉച്ചക്ക് കഴിക്കാനായി തന്നു വിടുന്ന ചൂട് വിട്ടു മാറാത്ത ചോറും ചമ്മന്തിയും മുട്ട പൊരിച്ചതും [മിക്കപോഴും] എന്നെക്കാളും വലുപ്പമുള്ള സ്റ്റീല്‍ പാത്രത്തില്‍ നിറച്ചു വച്ച്  [ഓര്‍ക്കുമ്പോള്‍ ആ രുചി മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു..ആ മണവും],തോളത്ത് തൂക്കിയിട്ട് 3 കിലോമീറ്ററോളം നടന്നു ഓടി കിതചെത്തിപ്പെട്ടിരുന്നു, 'പഠിക്കാനായി' മാത്രം...എന്നിട്ടാ ഞാന്‍ ആ നടു ഗണത്തില്‍ അകപപ്പെട്ട് പോയത്...

വാദ്ധ്യന്മാര്‍ 'അടിച്ചു' 'പൊളിച്ചു' പ്രഘോഷണം നടത്തുമ്പോഴും കണ്ണുകള്‍ അവരില്‍ തന്നെയായിരിക്കും...പക്ഷെ മനസ്സ് പാറി പറന്നു നടക്കുന്നുണ്ടാവും എവിടെക്കെങ്കില്ലും...
' അടുത്ത വര്‍ഷം എന്തൊക്കെയായിരിക്കും പഠിക്കാനുള്ളത് '
ഹോ !...ഒരു വയസ്സ് കൂടി മൂത്തത് ആവുമല്ലോ...
[ഇപ്പൊള്‍ വയസ്സ് പിന്നോലോട്ടാക്കാന്‍ പണി 18 ഉം നോക്കി - രക്ഷ ഇല്ല]..അങ്ങനെ അങ്ങനെ പോകും ചിന്തകള്‍ ....

ഓണ പരീക്ഷ...ക്രിസ്മസ് പരീക്ഷ...വാര്‍ഷിക പരീക്ഷ...അങ്ങനെ മാത്രം ചിട്ടപെടുത്തിയായിരുന്നു എന്റെ സ്കൂള്‍ കാലഘട്ടം...പരീക്ഷാ സമയങ്ങളില്‍ ഇപ്പോഴത്തെ മറവി പണ്ടേ ഉള്ളത് കൊണ്ട് റഫറന്‍സ് കടലാസ്സും എടുത്തും പരസ്പരം ചര്‍ച്ചകള്‍ ചെയ്തും ആശയങ്ങള്‍ കൈ മാറിയും....(എങ്ങനെ...എങ്ങനെ...പിന്നെന്ന..............!!) ????
[അങ്ങനെ ഒക്കെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു ആ നാളുകളില്‍ ...]

പക്ഷെ, ആ പരീക്ഷാ നാളുകളില്‍ മേല്പ്പോട്ടും കീഴോട്ടും പരീക്ഷ ഹാളിന്റെ ജനലില്‍ കൂടി പുറത്തേക്കു...നീലാകാശത്തിലെ വെളുത്ത മേഘപാളികളെ നോക്കിയും, കിളികളുടെ കലപില ബഹളങ്ങള്‍ കേട്ടും, പൊട്ടി പൊളിഞ്ഞ സൈക്കിള്‍ ഷെഡ്‌ഡിന് താഴെ സുഖനിദ്രയില്‍ ആണ്ടു കിടക്കുന്ന നായെ നോക്കിയും, തെങ്ങിലേക്കു തേങ്ങ ഇടാന്‍ കയറുന്ന ആളിന്റെ വെട്ടുകത്തി ആളുടെ അരയില്‍ തൂങ്ങി ആടുന്നത് വിസ്മയത്തോടെ കണ്ടും, സ്കൂളിന്റെ പിറകിലെ പൊട്ടി പൊളിഞ്ഞ ടാര്‍ വഴിയില്‍ കൂടി മീനക്കാരന്‍ കൂക്ക വിളിച്ചു കൊണ്ട് പോകുന്നതിനോടൊപ്പം തന്റെ സൈക്ലില്ലിലെ മണിയോച്ച മുഴക്കുന്നത് കണ്ടും കേട്ടും നന്നായി ആസ്വദിച്ചായിരുന്നു ഞാന്‍ പരീക്ഷ ഹാളില്‍ വെള്ള പേപ്പറുകളുടെ എണ്ണം കൂട്ടി ഇരുന്നത്...[അത് കൊണ്ട് പേപ്പറിന്റെ തൂക്കം വളരെ കുറവേ ഉണ്ടാകാര്‍ ഉള്ളു ]
.................................................................................................
ഒടുക്കം പക്ഷെ 'വാദ്ധ്യാന്മാരെ' ഒന്നടങ്കം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് പ്രൊഫഷണല്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി സ്വന്തം വഴി [ദൈവാനുഗ്രഹം] എനിക്ക് തെരഞ്ഞെടുക്കാനായി...[അത് വേറെ കഥ, അത് വിടു...]

തല്ക്കാലം ഫ്ലാഷ് ബാക്ക് ഇവിടെ നിര്‍ത്തുന്നു....


ഞാന്‍ പറയാന്‍ ഉദേശിച്ചത്‌...,...ഇന്നത്തെ ചെറു തലമുറയെ ഞെക്കി പിഴിഞ്ഞ് ഞവുടി ചാര്‍ എടുത്തു എങ്ങോട്ട് ആണ് നമ്മള്‍ [ഞാനും ഉണ്ടേ] ഓടുന്നത്...അവരും അറിയേണ്ടെ ശരിക്കുള്ള ലോകം എന്താണ് എന്ന്...?
സ്വപ്നത്തില്‍ പോലും ചിന്തിക്കനാകാത്ത വിപ്ലവകരമായ മാറ്റങ്ങളിലൂടെ പിറന്ന 'ഡിജിറ്റല്‍ യുഗം' നമ്മുടെ ചിന്ത ശക്തിയെ പോലും മരപിവിപ്പിച്ചു കഴിഞ്ഞു...

അവര്‍ ഉണരുന്നത് തന്നെ കൈയ്യില്‍ ഉള്ള ' കോപ്പുകള്‍ ' കളുടെ പരിപ്പ് എങ്ങനെ ഇളക്കാം എന്ന് ചിന്തിച്ചു കൊണ്ടായിരിക്കും...എന്തായിരിക്കും ഇന്ന് പുതുതായി കടകളില്‍ ഇറങ്ങിയിട്ട് ഉണ്ടാവുക...അങ്ങനെ മാത്രമേ ചിന്തിക്കാന്‍ ആകു...[ഒരു പക്ഷെ പ്രവാസ ലോകത്തില്‍ മാത്രം ആയിരിക്കാം...നാട്ടില്‍ അങ്ങനെ അല്ലെങ്കില്‍ സദയം ക്ഷമിക്കുക, എന്റെ അജ്ഞതയാവും...]

[അയല്‍ക്കാരന്റെ പശുവിനു പുല്ലു പറിച്ചു അതിന്റെ വായില്‍ വച്ച് കൊടുത്തും...മാങ്ങ എറിഞ്ഞു വീഴ്ത്തിയും (മിക്കപോഴും അടുത്ത വീടിലെ ഓടു പൊട്ടുന്ന ഒച്ച കേള്‍ക്കുമ്പോഴേക്കും ഞാന്‍ മൈലുകള്‍ ദൂരെ എത്തിയിട്ടുണ്ടാവും)...പട്ടം പറത്തിയും...കായലോരത്ത് ചൂണ്ട ഇടുന്ന മഹാന്മാരെ നോക്കി നിന്നും കടന്നു പോയാ ആ ബാല്യം...ഇന്ന് ആരൊക്കെ അറിഞ്ഞിട്ടുണ്ടാവും...]

ഈ പറയുന്ന ഞാനും, എന്റേതായ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി (മുഴുവനായി അങ്ങനെ പറയാനാകില്ല) മറ്റൊരു ദേശത്ത് പറിച്ചു നട്ടപ്പെട്ടപോള്‍ എന്റെ മകനും, ഈ ഗൃഹാതുര ചിന്തകൾ അന്യമായി...ഞാന്‍ തന്നെ കാരണം..ഒരു കുറ്റബോധം എന്റെ ഉള്ളിലും ഉണ്ട്...ഇതെല്ലാം പറയാനും ചിന്തിക്കാനും കാരണം വളരെ പ്രസിദ്ധമായ ഒരു ദ്വൈവാരികയില്‍ അടുത്തിടെ വന്ന ഒരു ലേഖനത്തില്‍ അക്കങ്ങളിട്ട് പരമാര്‍ശിക്കപെട്ട ഒരു ഭാഗം തമാശ ആയി തോന്നി...ഞാന്‍ അതില്‍ ഒരെണ്ണത്തില്‍ അടി വരയിട്ടിരിക്കുന്നത് ഒന്ന് ഓടിച്ചു വായിച്ചു നോക്കിയാല്‍ മാത്രം മതി മനസ്സിലാവും...[മുകളില്‍ കൊടുത്തിരിക്കുന്നു]

എന്തിനാണ് ഇങ്ങനത്തെ ഒറ്റമൂലികള്‍ നമ്മുക്ക്...?
ഒരു പക്ഷെ നക്ഷ്ടമായി എന്ന് കരുതുന്ന അല്ലെങ്കില്‍ അന്യം നില്‍ക്കുകയോ മറന്നു പോയതോ ആയ ഗൃഹാതുര ചിന്തകൾക്ക് പകരമായ പാഠ്യ പദ്ധതികള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്ന ഇന്നത്തെ കാലഘട്ടതിന്നു പുറത്ത് നിന്നും ഒരു ബലത്തിന് വേണ്ടിയോ...?
അങ്ങനെ അച്ചടിച്ച്‌ കിട്ടുന്ന മാര്‍ഗ നിര്‍ദേശങ്ങള്ളില്‍ കൂടി കിട്ടുന്ന അറിവാണോ നാം നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?
അങ്ങനെ അക്കങ്ങളിട്ടു നിരത്തി വര്‍ണ്ണിച്ചാല്‍ നമ്മള്‍ എല്ലാവരും അത് പോലെ തന്നെ പ്രവര്‍ത്തിക്കുമോ ? എന്തിനാണ് ചോദ്യ പേപ്പര്‍ ഇത്ര പ്രാധാന്യത്തോടെ...വര്‍ണ്ണിക്കുന്നത് ?
ഓര്‍മശക്തി കൂട്ടാനുള്ള ഒറ്റമൂലിയോ ?
അത് വായിച്ചു നോക്കിയാല്‍ ടെന്‍ഷന്‍ ഇല്ലാത്തവനും ടെന്‍ഷന്‍ അടിച്ചു പോകും...ഇത്തരം നിര്‍ദേശങ്ങള്‍ ഇന്നത്തെ തലമുറയെ സഹായിക്കുമോ...?
അവരത് അനുസരിച്ച് സഹിച്ചു പ്രവര്‍ത്തിക്കുമോ...?
ഒരു പിടി ചോദ്യങ്ങള്‍ മാത്രം ആണ് എന്റെ മറുപടി...

ആവോ....എനിക്ക് എന്തോ..അത് അങ്ങോട്ട്‌ പിടിച്ചില്ല...ഞാന്‍ വായിച്ചപ്പോ എനിക്ക് തോന്നിയത് ഇങ്ങനെ ആണ്...
[1] ഒന്നോടിച്ച് - സൈക്കിളോ, കാറോ, ബൈക്കോ..എന്തുമാകാം 
[2] ആഹ്ലാദിക്കുക - കൈ അടിച്ചും അവനവന്റെ സൗകര്യംപോലെ 
[3] തലകുത്തി വീഴാതെ - അത്രയ്ക്ക് ബലം ഇല്ലാതെ ആവുമോ...?
[4] സമയം വിഭജിക്കുക - കാല്‍ക്കുലെട്ടര്‍ കണിശമായും വേണം 
[5] 5 മുതല്‍ 10 മിനിട്ട് വരെ - എല്ലാം മറന്നു ക്ലോക്ക് നോക്കിയിരിക്കണം 
[6] പഠിച്ചതെല്ലാം മറന്നു - പുസ്തകം മുഴുവനും അപ്പോള്‍ ഓര്‍ക്കണം

അങ്ങനെ....വ്യഖ്യാനിക്കാനാണ് എനിക്ക് തോന്നുന്നത്...എന്റെ കാഴ്ചപാടുകള്‍ പൂര്‍ണമായും ശരിയാണ് എന്ന് ഞാന്‍ അവകാശപെടുന്നില്ല...ബലപെടുത്തിയോ ഇത്തരം ലേഖനങ്ങള്ളില്‍ കൂടിയോ നമ്മുക്ക് അവരെ മാറ്റുവാന്‍ ആകുമോ..?
നമ്മള്‍ കടന്നു വന്ന വഴികളില്‍ [എന്റെ വഴികള്‍ അല്ല] കൂടി അല്ലെങ്കില്ലും അവരും മനസ്സ് തുറന്നു സന്തോഷിച്ചു വളരട്ടെ...ഇത് പൂര്‍ണമായും എന്റെ കാഴ്ചപാട് മാത്രം ആണ്...

ഞാന്‍, എന്റെ മകനോട്‌ ഒന്ന് മാത്രമേ പറയാറുള്ളൂ...എപ്പോഴും.

"മുഴുവനായും പഠിച്ചില്ലെങ്കില്ലും പഠിച്ചതില്‍ അശ്രദ്ധ കൊണ്ട് തെറ്റ് വരുത്തരുത്..."
'ഓക്കേ അപ്പാ'...അവന്‍ തിരിച്ചു എനിക്ക് തരുന്ന വാക്ക്...അത് മതി എനിക്ക്...

അത് അല്ലെ ശരി...അങ്ങനെ അല്ലെ വേണ്ടത്....?
[എന്റെ ശരി നിങ്ങളുടെ ശരി ആകണം എന്നും ഇല്ല..അല്ലെ?]



19 Nov 2012



ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ 'ടിജോ'....


''കോണ്‍ഫിടെന്‍സ്'' അല്ലെങ്കില്‍ ''ദൃഢ നിശ്ചയം'' എന്നാ വാക്കിന്‍റെ അര്‍ഥം ഞാന്‍ ശരിക്കും മനസ്സിലാക്കിയതും കണ്ടതും എന്‍റെ വിരലില്‍ എണ്ണാവുന്ന  വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആയ 'ടിജോ'യില്‍ നിന്ന് ആണ്.

ഒരു പക്ഷെ സൂര്യന്‍ പടിഞ്ഞാര്‍ ഉദിച്ചാല്ലും...കാലാവസ്ഥ വ്യതിയാനങ്ങള്‍
മാറി വന്നാല്ലും പരിണാമപ്രക്രീയകള്‍ക്ക്‌ മാറ്റം വന്നാല്ലും അചന്ജലമായ  മനസ്സിന് ഉറവിടം ആണ് അവന്‍......,...

എഞ്ചിനീയറിംഗ് പഠന കാലഘട്ടത്തില്‍, അപക്വമായ മനസ്സ് പാകപ്പെട്ടു വന്നിരുന്ന നാളുകളില്‍, തീരുമാനങ്ങള്ളിലും അഭിപ്രായങ്ങള്ളിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുവാന്‍ ഞാന്‍ അടങ്ങുന്ന 9 പേരോടും [(ആണുങ്ങളോട് മാത്രം) പെണ്‍ക്കുട്ടികള്‍ അടക്കം മൊത്തം 18 പേര്‍, 10 ആണുങ്ങളളില്‍ ഒരാള്‍ ആര്‍ക്കി പഠനം മതി ആക്കി വേറെ ഒരു എഞ്ചിനീയറിംഗ് മേഘലയില്‍ കടന്നു കൂടി...]  ആക്ഞാപിച്ചും  ആക്രോശിച്ചും പ്രകോപനപരമായ വാക്കുകള്ളില്‍ കൂടിയും ആവശ്യം എങ്കില്‍ തലയ്ക്കു പിന്നില്‍ കൊട്ട് തന്നും പിടലിക്ക് കുത്ത് തരാന്‍ മടിക്കാത്ത വിവേകത്തോട്‌ ഉള്ള പെരുമാറ്റവും...ചൂണ്ടു വിരല്ലില്‍ നിര്‍ത്തി ഞങ്ങള്ളില്‍ പലരുടെയും തല വിധി തന്നെ മാറ്റുവാന്‍ ധൈര്യം കാണിച്ച ഹിപ്പോക്രാറ്റ് എന്നും ഹിറ്റ്ലര്‍ എന്നും അപരനാമങ്ങള്ളില്‍ [പെണ്‍കുട്ടികളുടെ ഇടയില്‍ ] അറിയപ്പെട്ടിരുന്ന സത്യത്തില്‍ കളങ്ക പെടാത്ത ഒരു ഹൃദയത്തിന്നു ഉടമ ആണ് വൈക്കത്ത് നിന്നും വന്ന ടി.വി പുരത്ത്ക്കാരന്‍ 'ടിജോ '...

ഇന്നും...വര്‍ഷങ്ങള്‍ പലതും കടന്നു പോയെങ്കിലും അവന്‍...., യാതൊരു മാറ്റങ്ങളും വന്നിട്ട് ഉണ്ടാകില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു...[ഞങ്ങളുടെ ഇടയില്‍ , ഞാന്‍ അടക്കം ബാക്കി എല്ലാവരും പാഴായി എന്ന് ഉദ്ദേശിച്ചിട്ടു ഇല്ല...കളങ്കം എന്നാ വാക്കിന് ഒരു അര്‍ഥം മാത്രം കാണരുത്...അഹങ്കാരം, ആക്രാന്തം, കാമം, അസൂയ, വിദ്വേഷം, കുതന്ത്രം...അങ്ങനെ പല അര്‍ത്ഥങ്ങള്‍ ആ വാക്കുമായി സാമ്യപ്പെടുത്താം ബന്ധപെടുത്താം ...ഇതില്‍ ഏതെങ്കിലും ഒന്നില്‍ ഞാനും ബാക്കി സുഹൃത്തുക്കളും അടിമകള്‍ ആയിട്ട് ഉണ്ടാവാം..ആയിരിക്കാം (ഉറപ്പില്ല)...]

പക്ഷെ ഹിറ്റ്ലര്‍  (ഞാന്‍ ഒത്തിരി ഇഷ്ട്ടപെടുന്നു, അവനെ അങ്ങനെ വിളിക്കാന്‍)),..) അല്ലെങ്കില്‍ 'ടിജോയെ' നിസംശയം ഞാന്‍ മേല്‍  സൂചിപ്പിച്ച ഗണങ്ങളില്‍ നിന്നും ആദ്യ വിധിയില്‍ തന്നെ ഒഴിവാക്കും...ശക്തമായ അസൂയ എനിക്ക് അവനോടു ഉണ്ട് തന്നെ കൂട്ടിക്കോളു...

...........................................
''ആര്‍ക്കി പഠന വിഷയം'' ഒരു വിഷയമായി എടുത്തു...തലകുത്തി നിന്ന് രാത്രികളെ പകലുകളാക്കിയത് മറക്കാന്‍ ആകില്ല...കടലാസ്സുകള്‍ക്കു വരകള്‍ കൊണ്ട് ജീവനും അര്‍ത്ഥവും ഉണ്ടാക്കി എടുക്കുവാന്‍ വിധിക്കപ്പെടുന്ന രാത്രികള്ളില്‍ വീട്ടില്‍ നിന്നും അത്താഴവും കഴിഞ്ഞു 1:80p മുടക്കി സര്‍ക്കാരിന്‍റെ ഓര്‍ഡിനറി ബസ്സില്‍ ഞാന്‍ കരിക്കോട്, വന്നിറങ്ങി ഒന്നാം നിലയിലെ ഹോസ്റ്റെല്‍ മുറിയില്‍ 9:30നോ  10നോ  പ്രവേശിക്കുമ്പോ പുതപ്പിന് അടിയില്‍ സുഖ നിദ്രയിലായിരിക്കും അവന്‍......,...ഒരു മണിക്കൂറോളം നിര്‍ത്താതെ ഉള്ള എന്‍റെ  അസഹനീയമായ 'ചൊറിച്ചില്ലിനു' ഒടുവില്‍... പുതപ്പിന് അടിയില്‍ തല പുറത്തേക്കു ഇട്ടു വളരെ ദയനീയമായി...ചുമന്ന കണ്ണുകള്‍ തിരുമ്മി തുറന്നു കട്ടിലിന്‍റെ വശത്തുള്ള മതില്ലില്‍ ചാരി ഇരുന്നു കഷ്ടപ്പെട്ട് എന്നോടോയി പറയും...

'ഡാ ചക്കരെ ഒരു അര മണിക്കൂര്‍'....പ്ളീസ്...! നമ്മുക്ക് വരക്കാം...നീ ഒരു കട്ടന്‍ അടിച്ചിട്ട് വാ...
[കട്ടന്‍ അടിക്കാന്‍ മൂഡ്‌ ഇലെങ്കില്ലും ഞാന്‍ റൂമില്‍ ഉണര്‍ന്ന് ഇരിക്കുന്ന മറ്റു രണ്ടു എണ്ണത്തിനെയും പൊക്കി അര്‍ദ്ധരാത്രി ഹോസ്റ്റല്‍ ഗേറ്റ് ചാടി കടന്നു കരിക്കോട് തട്ട് കടയിലെ ബെഞ്ചിലും തിണ്ണയിലും ഇരുന്നു മേപ്പോട്ടു വാനതോട്ടു നോക്കി ഇരിക്കുന്നത് എല്ലാം ഇന്നും ഓര്‍മ്മകളില്‍ ഇന്നലെ നടന്ന പോലെ...]
............................................

പലകുറി തോല്‍വിയുടെ രുചി ഞാന്‍ അറിഞ്ഞിട്ടു ഉണ്ടെങ്കില്ലും അവന്‍  ആ രുചി അറിഞ്ഞിട്ടു ഇല്ല...[വീണ്ടും അസൂയ...]

കോളേജ് പഠനം കഴിഞ്ഞു ആര്‍ക്കിടെക്ചര്‍ ബിരുദം എടുത്ത്...ട്രാക്ക് മാറി സാമ്പത്തിക ശാസ്ത്രത്തിലൂടെ അവന്‍ മറ്റൊരു ലോകത്തേക്ക് സ്വയം പറിച്ചു നടപെടുകായിരുന്നു...[എന്‍റെ അസൂയക്ക്‌ പരിധി ഇല്ലല്ലോ ...]

സ്വന്തം പ്രയത്നം...അത്..ഒന്ന് കൊണ്ട് മാത്രം, ലോകത്തിന്‍റെ പരമോന്നത പീഠം സ്ഥാപിതമായ രാജ്യത്ത്, അവന്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്നത്...അവിടം വരെ എത്തി എന്ന് വച്ച് നാടും വീടും മറന്നു വേഷ വിധാനങ്ങള്‍ മാറി എന്ന് ഒരിക്കലും കരുതരുത്... ഒരു അവധിക്കു വന്നാല്‍ പാശ്ചാത്യ ജാടകള്‍ ലവലേശം പോലും കാട്ടാതെ ഒരു സാധാരണ മനുഷ്യനായി നടന്നു വരുന്നത് കണ്ടാല്‍ ആരും  ഒന്ന് സംശയിച്ചു പോകും...
'ഇവന്‍ അമേരിക്കകാരന്‍ തന്നെ ആണോ'...'ഇത് എന്ത് മനുഷ്യന്‍...'...? [അതിനും വേണമെ ഒരു മനസ്സ്...!]
[ഞാന്‍ ഇല്ലാത്ത ജാടയും പുറം മോഡിയും കാട്ടി...വാടകയ്ക്ക് വണ്ടി എടുത്താ  നടക്കാര്‍....,....  (ഗള്‍ഫില്‍ നിന്നും എന്‍റെ ആദ്യത്തെ വരവിനു 2008യില്‍ മാത്രമേ അങ്ങനെ ഉണ്ടായിരുന്നുള്ളു...പിന്നെ ആ കൃമി കടി കുറഞ്ഞു... ) കാരണം ഗള്‍ഫിലെ ജോലി പല കുറി തെറിച്ചു പോയെ...വിനയം (അതിന്‍റെ  അര്‍ഥം എന്‍റെ നിഘണ്ടുവില്‍ ഇല്ലാന്നാ എന്നെ അറിയുന്നവര്‍ പറയുന്നത്) വളരെ കൂടുതലായതു കൊണ്ടാണേ...           ഇവിടാണ്‌ എനിക്ക് 'ടിജോ'യോട് ഒടുക്കത്തെ അസൂയ...ഏതു  അളവുകോല്‍ കൊണ്ട് അളവ് എടുത്താല്ലും പിന്നെയും ബാക്കി ആവും "വിനയം"]
.......................................................
ആ ചെറിയ മനസ്സിന്‍റെ ഉടമയാണ് ഒരിക്കല്‍ ..എന്‍റെ ജീവിതത്തിന്‍റെ നിര്‍ണായ ഘട്ടത്തില്‍ ദിശാസൂചി തിരിക്കാന്‍ സഹായമായതും...കൂടെ നിന്നതും...ഇന്നും ആര്‍ക്കും അറിയാത്ത പരസ്യമായ രഹസ്യം... [ഇപ്പോള്‍ പരസ്യമായി, പക്ഷെ വിഷയം പ്രതിപാദിക്കുന്നില്ല, അതിനു അല്പസ്വല്പം സ്വകാര്യത ഇല്ലെങ്കില്‍ എന്ത് ജീവിതം...അല്ലെ? പക്ഷെ ഒന്ന് എനിക്ക് ഉറപ്പാണ്‌...,...ദൈവ നിശ്ചയ പ്രകാരം ആണ് ഞാന്‍ 'ടിജോ'യുടെ സുഹൃത്ത്‌ ആയതും...അത് നിയോഗം തന്നെ ആണ്...]
......................................................
പല കടമ്പകള്‍ കടന്നാണ് ലക്ഷ്യ സ്ഥാനത് ശരിയായി എത്തിച്ചേരുവാന്‍ അവന്‍ സാധ്യമായതും ...ലക്ഷ്യ ബോധം..സര്‍വോപരി... ''ദൃഢ നിശ്ചയം''...അത് കൊണ്ട് മാത്രം ആണ് അത് സാധ്യം ആയതു എന്ന് ഞാന്‍ വിശ്വസിക്കുന്നു....

ഒന്ന് രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ് എന്‍റെ സെര്‍ട്ടിഫിക്കറ്റുകള്‍  തപ്പി എടുക്കുന്നതിനു ഇടയില്‍ 'ടിജോയുടെ' സെര്‍ട്ടിഫിക്കറ്റുകള്‍  എന്‍റെ ഫയലുകള്‍ക്ക് അടിയില്‍ നിന്നും തല പൊക്കി മെല്ലെ എന്നെ നോക്കി....
ആ സെര്‍ട്ടിഫിക്കറ്റ് എന്നോടായി പറയുന്ന പോലെ...

'ടാ ..നീ മറന്നോ'..?

ശരിക്കും ഞാന്‍ മറന്നു...കേരള യൂണിവെഴ്സിറ്റിയില്‍ നിന്നും 'ഐറ്റം'  കൈപറ്റി വണ്ടിയേല്‍ കയറുന്നതിനു മുന്‍പ് അവന്‍ എന്നെ ഏല്‍പ്പിച്ച ആ സാധനം ഭദ്രമായി എന്‍റെ കൈകളില്‍....,....ആ നരച്ചു വെളുത്ത ആധാരത്തില്‍   "യൂണിവേര്സിറ്റി ഓഫ് കേരള" എന്ന് അച്ചടിച്ച വരികള്‍ക്ക് അടിയില്‍ കുറെ താഴെ ആയി കറുത്ത മഷിയില്‍ മനോഹരമായ കൈപടയില്‍ ...ആരോ അവന്‍റെ പേര് എഴുതി വച്ചിരിക്കുന്നു ........................................."George Jose"


എനിക്ക് 100% ഉറപ്പ്  ആണ്...ഇന്നെ ദിവസം അവന്‍റെ  ചിന്തയില്‍ പോലും കാണില്ല...[മറവി എന്നെ പോലെ ഇത്തിരി അവനും ഉണ്ടുന്നെ...മറവിയിലെങ്കില്ലും സമാസമം ഞാന്‍ അവന്‍റെ കൂടെ നില്ല്ക്കട്ടെ....]

ഇന്ന് നവംബര്‍ 19 നു എന്‍റെ ആശംസകള്‍ തന്നെ ആകട്ടെ ആദ്യം അവനില്ലേക്ക് എത്തി ചേരുന്നതും.....ഞാനും ആയി ഏകദേശം 12 മണിക്കൂര്‍ വ്യത്യാസത്തിന്‍റെ  പിറകില്‍ ഭൂഗോളത്തിന്‍റെ  മറ്റേ തലക്കല്‍ ആണ് അവന്‍....,....ഇന്ന്.

എന്നും നന്മകള്‍ ഉണ്ടാകട്ടെ അവനും അവന്‍റെ കുടുംബത്തിനും....



15 Nov 2012

കൂട്ടുകാരന്‍  ...




21 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെയും എന്‍റെ സുഹൃത്തുക്കള്‍ക്കും ഇടയിലേക്ക് അദ്ധ്യാന വര്‍ഷത്തിന്‍റെ പാതി വഴിയെ കടന്നു വന്ന സുന്ദരനും സുമുഖനുമായ ഒരു 18 ക്കാരന്‍ ... തെല്ലു ഒരു ശങ്കയോടും അല്പം ഭയത്തോടും, അതിലും ഏറെ ആദരവോടും കൂടിയും വിടര്‍ന്ന ചിരിയുംമായി ഞങ്ങളിലേക്ക് കടന്നു വന്ന അവന്‍ വളരെ പെട്ടന്ന് തന്നെ ഞങ്ങളില്‍ ഒരുവന്‍ ആയി മാറി ...എല്ലാവരും അവനെ സ്വീകരിക്കും എന്ന തികഞ്ഞ ആത്മവിശ്വാസം തന്നെ ആയിരുന്നു മൂലടിസ്ഥാനം...


എല്ലവര്‍ക്കും ഒടുവില്‍ വന്നുവെങ്കില്ലും എല്ലാവര്‍ക്കും മുന്നില്‍ ആയി അവന്‍ നിലകൊണ്ടു...വരകളുടെ കഴിവിലും, ചിന്ത ശക്തിയിലും, മറ്റുള്ളവരുടെ പ്രീതി നേടുന്നതിലും, എല്ലാവരെ സ്നേഹിക്കുന്നതിലും , പെട്ടന്ന് പിണങ്ങുന്നതിലും, അതെ പോലെ ഇണങ്ങുന്നതില്ലും അവന്‍ എന്നും മുന്നില്‍ ആയിരുന്നു...

എന്‍റെ ജന്മ നാടായ കൊല്ലത്ത് കൂടി എന്നെയും വഹിച്ചു അവന്‍റെ "Hero Puch" യില്‍ താണ്ടിയ ദൂരം അളന്നു എടുക്കണം എങ്കില്‍ ഒരു പുരുഷായ്സു തന്നെ വേണ്ടി വരും.എന്തിനും ഏതിനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു "അവന്‍... ''

കലാലയ ദിനങ്ങള്‍ കടന്നു പോയി...ഉത്തരവാധിദ്ധ്യങ്ങളും, പ്രാരാബ്ധങ്ങളും, ജീവിത്തിലെ മാറ്റങ്ങളും, ജീവിത മോഹങ്ങളും, 
ഞങ്ങളിലേക്ക് വന്നപ്പോള്‍ ഞങ്ങളും ബാക്കി എല്ലാവരെയും പോലെ വഴി പിരിഞ്ഞു...ഓരോ ദിക്കുക്കളിലേക്ക് ചേക്കേറി...കത്തുകളിലൂടെയും ഫോണിലൂടെയും ഞങ്ങള്‍ ബന്ധങ്ങള്‍ മുറിപെടതെ ഇരിക്കുവാന്‍ ശ്രദ്ധിച്ചിരുന്നു...നാള്‍ ഇന്ന് വരെ.

വര്‍ഷങ്ങള്‍ യുഗങ്ങളായി കടന്നു പോകുന്നു.... മാറുന്ന ദിനച്ചര്യകളും, മാറ്റപെടുന്ന ജീവിത രീതികളും, മാറി വരുന്ന സങ്കല്പങ്ങളില്‍, അകപെട്ടെങ്കില്ലും ഞാന്‍ ഇന്നെ ദിവസത്തിന്‍റെ പ്രത്യേകത മറന്നില്ല....മറക്കാന്‍ ആകുകയില്ല...
പഠിച്ചിരുന്ന കാലത്ത് ഓരോ വര്‍ഷങ്ങളുടെ എണ്ണം കൂടുമ്പോഴും ഒരു തൊഴിയുടെ എണ്ണം കൂടുമായിരുന്ന...ഓമനപേരില്‍ അറിയപെട്ടിരുന്ന "Birthday Bumps"...വര്‍ധിച്ച ആവേശത്തോടെ ഞങ്ങള്‍ ഓരോരുത്തരും അവനെ "പൊക്കി എടുത്തു" കാലു മടക്കി തൊഴിച്ചു നല്‍കിയിരുന്ന ആ സ്നേഹ സമ്മാനം ഇന്ന് വിദൂരതയില്‍ ആയ എനിക്ക് നല്കാന്‍ ആകിലല്ലോ എന്ന് ഓര്‍ക്കുമ്പോ ചിരിയില്‍ പൊതിഞ്ഞ ഒരു വേദന...
23-09-2012 ഇന്ന് ഞങ്ങളുടെ പ്രിയ സൃഹുത്ത്‌...,....നിരഞ്ജന്‍ ദാസ് ശര്‍മ്മ,
അവന്‍റെ ജന്മ ദിനം....
പിറന്നാള്‍ ആശംസകള്‍ പ്രിയ കൂട്ടുക്കാരാ...

[Wrote on 23rd September 2012]
IFTAR @ Dubai


നല്ല ഒരു ഇഫ്താര്‍ കഴിഞ്ഞു, അല്പം നേരം Dubai Mall ലൂടെ തെണ്ടി തിരിഞ്ഞു ...സുഹൃത്തിനെയും കുടുംബത്തെയും വീട്ടില്‍ ഇറക്കി, എന്‍റെ താമസ സ്ഥലം എത്തിയപോഴേക്കും സമയം 02:00am. എപ്പോഴത്തെയും പോലെ താമസ സ്ഥലിന്‍റെ തൊട്ടു മുന്നില്‍ പാര്‍ക്ക്‌ ചെയുന്ന "പട്ടാനിയെ" മനസ്സില്‍ സ്നേഹ വാത്സല്യത്തോടെ ഓര്‍ത്ത്, കഷ്ട്ടപെട്ടു ഒരു വിധം ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു വീട്ടിലേക്കു കയറി....

പാട്ട് കേള്‍ക്കുവാന്‍ എടുത്ത ഫ്ലാഷ് ഡ്രൈവ് ...അതി രാവിലത്തെ വെയില്‍ അടിച്ചാല്‍ ഉള്ള ഗതി ഓര്‍ത്തപ്പോ. [അതും 32GB alle]..മറന്നെങ്കില്ലും വീണ്ടും പുറത്തു ഇറങ്ങി കാറില്‍ നിന്നും എടുത്തു...
തിരികെ അകത്തേക്ക്...വീട്ടിനുള്ളിലേക്ക്...
വാതില്‍ അടച്ച ശബ്ദത്തോട് ഒപ്പം തന്നെ...ഒരു വന്‍ അലര്‍ച്ചയോടെ...അരി ചാക്ക് എടുത്തു ഇടുന്ന ഒച്ചപാടും ബഹളത്തോടും കൂടി ഞാനും എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ഫ്ലാഷ് ഡ്രൈവും താക്കോല്‍ കൂട്ടവും തെക്ക് വടക്കായി...പല വഴി ചിന്നി ചിതറി....

എവിടെ ഒക്കെയോ ഇടിക്കുന്ന ശബ്ദം കേട്ടെങ്കില്ലും കയ്യിലൂടെ തറച്ചു കയറുന്ന പെരുപ്പും വേദനയും കാരണം ഒരു ഏത്തും പിടിയും കിട്ടിയില്ല...
എന്‍റെ വൃത്തികെട്ട അലര്‍ച്ചയും ശബ്ദവും കേട്ട് അടുത്ത മുറിയില്‍ നിന്നും പാഞ്ഞു വന്ന മകനും ഭാര്യയും ഒരേ സ്വരത്തില്‍  "എന്താ"....എന്ന് ചോദിച്ചു.

വേദന കടിച്ചു അമര്‍ത്തി....ഞാന്‍ തിരികെ പറഞ്ഞു....'എന്നെ എന്തോ കടിച്ചു'
വന്ന അതെ സ്പീഡില്‍ മകന്‍ തിരികെ റൂമിലേക്ക്‌ പാഞ്ഞു..., സ്നേഹ സമ്പന്നയ ആയ ഭാര്യ വളരെ വേഗത്തില്‍ ചുറ്റും കണ്ണുകള്‍ ഓടിച്ചു....പറഞ്ഞു...

'ഒരു കടന്നല്‍'...

ഞാന്‍ പകുതി അടച്ച കണ്ണുകളുമായി അവള്‍ പറഞ്ഞ അതെ ദിശയിലേക്കു ബുദ്ധിമൂട്ടി ഒന്ന് നോക്കി...

[അല്പം മുന്‍പ് വീടിനു ഉള്ളിലേക്ക് ഞാന്‍ കടന്ന അതെ നിമിഷം..തൊട്ടു അടുത്ത വീട്ടിലെ തുളസി ചെടികള്‍ എന്ന് അയല്‍ക്കാര്‍ അവകാശപെടുന്നതും.... 'ഈ കാട് എന്ന് വെട്ടി തളിക്കും" എന്ന് ഇടയ്ക്കു, സ്വയം പറയ്യാര്‍ ഉള്ളതുമായ കാട്ടില്‍ നിന്നും ശര വേഗത്തില്‍...വീട്ടിനുള്ളിലെ വെട്ടം കണ്ടു പാഞ്ഞു വന്നതും ആവാം ആ കടന്നല്‍...ആശാരി പണിക്കു ഇടയില്‍ ഉളി മൂര്‍ച്ച ഇടുന്ന പോലെ...അവനും ആ ചീള് 'കടന്നല്‍' തന്‍റെ കൊമ്പുകള്‍ ഉരസി അര്‍മാദിക്കുന്നു...]

"പ്ടെ"...കണ്ണ് അടച്ചു തുറക്കും മുന്‍പെ എല്ലാം കഴിഞ്ഞു....തിളക്കമാര്‍ന്ന ചിറകുകളും...കൊമ്പുകളും എല്ലാം അവളുടെ ചെരിപ്പിന് അടിയേറ്റു "പടമായി"...ചെരുപ്പ് ശക്തമായി താഴേക്ക്‌ വലിച്ചു എറിഞ്ഞിട്ട് നടന്നു നീങ്ങുന്നതിന്‍റെ ഇടയില്‍ അവള്‍ പറഞ്ഞു....
"ഇങ്ങനെ... ഉണ്ടോ ഒരു സാധനം...?

[പ്രായത്തിനു ഉതകാത്ത....എന്‍റെ അലര്‍ച്ചയോ...അതോ....കുത്താന്‍ അറിയാത്ത കടന്നലിനെ..പഴിച്ചതോ.....ഒരു പിടിയും കിട്ടിയില്ല....]

പത്തു ഇരുപത്തി അഞ്ചു വര്‍ഷം മുന്‍പ് എപ്പോഴോ അറിഞ്ഞിട്ടുള്ള ആ കടച്ചലും...മരവിപ്പും...വേദനയും ഒരിക്കല്‍ കൂടി അറിയുകയും സഹിക്കുകയും ചെയ്യുന്നതിനോടൊപ്പം ഓര്‍മ്മകള്‍ പാളയം ചന്തയിലെ...ഉരുള കിഴങ്ങ് വില്പനക്കാരനെ അനുസ്മരിപിക്കും വിധം ഞാന്‍ നിലത്തു കുറെ ഏറെ നേരം....തളളി നീക്കി..."എന്നെ തന്നെ"...
 
 
[Wrote on 10th August 2012]
 

56 Minutes 03 Seconds

സമയം വൈകുന്നേരം 5 മണി ആയെങ്കില്ലും കാറിലേക്ക് കയറുമ്പോള്‍ മരുഭൂമിയിലെ ചൂടിനു ഒട്ടും ശമനം ഉണ്ടായിരുന്നില്ല. ചുട്ടു പഴുത്ത കാറും, പുറം ശക്തമായ വെയില്ലിലെ ചൂടില്‍ കൂടി കാറോടിച്ചു വീട്ടില്‍ നിന്നും ഓഫീസിന്‍റെ താഴെ നിര്‍ത്തിയപോഴേക്കും കുളിച്ച പ്രതീതി ആയി...ശീതികരിച്ച ഓഫീസ് മുറിയിലേക്ക് പടവുകളിലൂടെ ഓടി കയറിയപ്പോ തെല്ലൊരു ആശ്വാസം തോന്നി....മുഖം കഴുകിയതിനു ശേഷം സ്വന്തം ഇരിപിടത്തില്‍...‍ ഇരുന്നു അല്പം ഒന്ന് വിശ്രമിക്കാം എന്ന് തീരുമാനിച്ചു....
 
[മുഴുവന്‍ സമയവും വിശ്രമം ആണ് എന്ന് തെറ്റിധരിക്കരുത്....3 ആളുടെ പണി എടുക്കുന്നു ഉണ്ടെങ്കിലും...മാസാവസാനം ബാങ്കിന്‍റെ ATM യില്‍ നിന്നും പിന്‍ വലിക്കുന്ന നോട്ടുകളുടെ എണ്ണം ഒരാളുടേത്‌ മാത്രം എന്ന് ഉള്ള അമര്‍ഷം മനസ്സില്‍ കിടക്കുന്നത് കൊണ്ട് ആവാം...ഇടയ്ക്കു ഒരു സോഷ്യലിസ്റ്റ്‌ ചിന്താഗതി മനസില്‍ പിടി മുറുകുന്നത്...]

ബംഗാളിന്‍റെ സീമന്ത പുത്രന്‍ എന്ന് സ്വയം വിശേഷിപിക്കുന്നവന്‍റെ  ചൂട് സുലൈമാനിയും തണുത്ത വെള്ളവും മാറി മാറി കുടിക്കുന്നതിനു ഇടയില്‍ ചാര് കസരയിലേക്ക് ഒന്ന് കൂടി ഞാന്‍ ചാഞ്ഞു കിടന്നു...
മനസ്സിലേക്ക് അറിയാതെ ഓടി കയറിയ കുറെ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയില്ല. പക്ഷെ ഒരു ചോദ്യം മാത്രം ശക്തമായി പിന്നെയും പിന്നെയും മനസിലേക്ക് അല അടിച്ചു കൊണ്ടേ ഇരുന്നു...

 'എന്തിനാണ് ..ഇവിടെ ഇങ്ങനെ ജീവിക്കുന്നത്...?' എന്ത് നേടി...?
നാട്ടില്‍ ആയിരുന്നപ്പോള്‍  പണം മാത്രം ആയിരുന്നു ഒരു പ്രശ്നം...മനസമാധാനം ഉണ്ടായിരുന്നു...ഇവിടെ വന്നതിനു ശേഷം രണ്ടു ഇല്ലാതെ ആയി...നാട്ടിലെ ഒഴിവു വേളകളില്‍ കൂട്ടുകാരും ഒത്തു ചേരുമ്പോള്‍ കിട്ടുന്ന സന്തോഷം മനസിലേക്ക് പറന്നു ഇറങ്ങി...

രണ്ടാമത് ചിന്തിച്ചില്ല...ചിന്തിക്കേണ്ടി വന്നില്ല...

മൊബൈല്‍ എടുത്തു ഏറ്റവും അടുത്ത് സുഹൃത്തും [ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ എന്‍റെ കോളേജ് സീനിയര്‍, എന്നിലെ ചെറു ചലനം പോലും മനസ്സില്ലാക്കിയപോഴേക്കും ഉത്തമ സുഹൃത്തായി പരിണമിച്ചു കഴിഞ്ഞിരുന്നു] സഹപ്രവര്‍ത്തകനുമായ 'KJ'യെ വിളിച്ചു...

അളിയന്‍ Winsor Castle യില്‍..

സര്‍വ നിയന്ത്രണവും വിട്ടു...കൂടെ 2 സുഹൃത്തുക്കളും...ഫോണിലൂടെ മറ്റു രണ്ടു പേരും ആയി രസം പങ്കിട്ടു തുടങ്ങിയപ്പോഴേക്കും...ഞാന്‍ മാനസികമായി...അവരില്‍ ഒരാള്‍ ആയി കഴിഞ്ഞിരുന്നു'

 ..............................................................................
നാല് പേര്‍ക്കുള്ള  ടേബിളില്‍ ഒരു കസേര ഒഴിവു...എനിക്ക് പറഞ്ഞു വച്ച പോലെ തോന്നി...ഏകദേശം ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ഞാന്‍ അവരുമായി സംസാരിച്ചു തുടങ്ങുന്നതും അവരില്‍ ഒരാള്‍ ആവുന്നതും......
4 'ഫുള്‍' SMIRNOFF കാലി കുപ്പികളില്‍, രണ്ടു എണ്ണം ഒഴിവുള്ള കസേരയില്‍ കിടക്കുന്നു...
ഇരുന്നു മടുത്തിട്ട് ആവാം..'KJ' എഴുന്നേറ്റു  ബാര്‍ സ്ടൂളില്‍ ഇരിപ്പായി....കൌണ്ടര്‍ലില്‍ നില്പന്‍ അടിച്ചു ശീലം ഇല്ലാത്ത 'KJ'...അവിടെ ഇരുന്നു രണ്ടു എണ്ണം ശടെന്നു വിട്ടു...ഇതിനു ഇടയില്‍ എപ്പോഴോ കാറും ആയി വന്ന സുഹൃത്ത്‌ കാര്‍ എവിടെ ഇട്ടു എന്നാ ഓര്‍മ്മ പാട ഇല്ലാതെ ആയതു വിളിച്ചു പറയുന്നത് കേട്ടു...

Dont Worry... I will arrange, I am there, no..? Why you Worry..? ഇംഗ്ലീഷ് ഭാഷ അല്പം ഭംഗി ആയി കൈ കാര്യം ചെയ്യുന്ന മൂന്നാമത്തെ സുഹൃത്ത്‌ അടുത്ത കസേരയില്‍ പിടിച്ചു എഴുന്നേറ്റു....പക്ഷെ എഴുന്നെല്കുന്നതിനു ഒപ്പം അദ്ദേഹത്തിന് ഒരു സൈഡ് ഇടിവ് അനുഭവ പെട്ട്....ആയതിനാല്‍ ആവണം...ഗ്ലാസ്‌, സൈഡിലെ ടേബിളില്‍ തട്ടി താഴെ വീണു നനഞ്ഞ ചില്ലു കഷണങ്ങള്‍ ആയി... [Glass 1]

ബാര്‍ അറ്റെന്ടെര്‍ ഓടി വന്നു അദേഹത്തെ വീണ്ടും പഴേ കസേരയില്‍ തന്നെ പ്രതിഷ്ട്ടിച്ചു...കാര്യം ആരാഞ്ഞതിനു ശേഷം അയാള്‍ ടാക്സി വിളിക്കാന്‍ പോയി...

ആതിഥ്യ മര്യാദയില്‍  കില്ലാടികള്‍  അല്ലെ എന്‍റെ സുഹൃത്തുക്കള്‍.........
വന്ന ടാക്സി ഡ്രൈവര്‍ക്ക് ഒരു എണ്ണം കൊടുത്തു....രണ്ടു എണ്ണം....പിന്നെ ഒന്ന് കൂടി...[മൂന്ന് എണ്ണം] മൂന്നാമതെത് തീര്ന്നപോഴേക്കും ഗ്ലാസ്സിനോടു ഒപ്പം അദ്ദേഹം വടി ആയി...[Glass 2]

ഈ സമയം അത്രയും  'KJ' ബാര്‍ കൌണ്ടറില്‍ അള്ളി പിടിച്ചു ഇരിക്കുക ആയിരുന്നു...വീഴാതെ ഇരിക്കാന്‍.....ബാര്‍ അറ്റെന്ടെര്‍ വീണ്ടും വന്നു.... പൊട്ടിയ ഗ്ലാസ്സിന്‍റെ  എണ്ണം എടുക്കുന്നതിനു ഒപ്പം ആദ്യ ബില്‍ കൊടുത്തു... 'KJ' യെയും , ടാക്സി വിളിക്കാന്‍ ആഞ്ഞ മൂന്നാമത്തെ സുഹൃത്തിനെയും ബില്‍ കൊടുക്കുവാന്‍ അനുവദിക്കാതെ തള്ളി  മാറ്റി നിര്‍ത്തി രണ്ടാമത്തെ സുഹൃത്ത്‌ പണം നല്‍കി...

 ............................................................................................................................
ഒടുവിലത്തെ റൌണ്ടും കഴിഞ്ഞ്  അടുത്ത ബില്ലും ഒപ്പം ഒരു ടാക്സി ഡ്രൈവറും എത്തി...ഈ തവണ നമ്മുടെ 'KJ' ആതിഥ്യ മര്യാദ വേണ്ടാന്ന് വച്ചു...വീട്ടില്‍ എത്തി പെടെണ്ടെ...?
പിന്നിട് വന്ന ടാക്സി ഡ്രൈവര്‍, താഴെ വീണു കിടക്കുന്ന തന്‍റെ  ചങ്ങാതിയെ...വലിച്ച് ഇഴച്ചു...ഒരു മൂലയ്ക്ക് ഇരുത്തി....ഒരു കസേരെ താങ്ങായിയും വച്ചു.

 ............................................................................................................................
രണ്ടാമത്തെ ബില്ലിന്‍റെ പൈസ കൊടുക്കുവാന്‍ 'KJ'...എഴുന്നേറ്റപ്പോള്‍...ആദ്യം പൈസ കൊടുത്ത കാര്യം എന്‍റെ രണ്ടാമത്തെ സുഹൃത്ത്‌ മറന്നു പോയി.മറന്നതോ...അതോ...ഫിറ്റോ...?

എന്തായാലും....പൈസ കൊടുത്തില്ല എന്നായി..എന്‍റെ രണ്ടാമത്തെ സുഹൃത്ത്‌...
'സാര്‍ പൈസ ആദ്യം തന്നു' എന്ന് ബാര്‍ അറ്റെന്ടെര്‍ പറഞ്ഞു. ഇത് കണ്ട 'KJ' യും മൂന്നാമത്തെ സുഹൃത്തും...[ഒരു വിധത്തില്‍] രണ്ടാമത്തെ സുഹൃത്തിനെ ഒരു  കണക്കിന് 'കണക്കു' ബോധിപ്പിച്ചു...

"നമ്മല്‍ കാശു കൊടുതൂന്നെ...."
മൂന്ന് പേരും വളരെ കഷ്ട്ടപെട്ടു അരണ്ട വെളിച്ചത്തിലൂടെ രണ്ടാമത്തെ ടാക്സി ഡ്രൈവര്‍ക്ക് ഒപ്പം പുറത്തേക്കു നടന്നു നീങ്ങി തുടങ്ങി...

Receptionil എഎത്തിയപ്പോഴേക്കും...'KJ' ക്ക് പക്ഷെ ഒരു സംശയം...Receptionist...കൂടെ പഠിച്ചത് അല്ലെ....
സംശയം ദൂരികരിക്കാന്‍ പോകുന്ന വെഗ്രതയില്‍...എന്നോടായി...'KJ' പറഞ്ഞു...

"അളിയാ പിന്നെ കാണാം..."

[ഫോണ്‍ കോളിന് ശേഷം ഞാന്‍ മൊബൈയിലിലേക്ക് നോക്കിയപോ കണ്ട സമയ പരിതി 56:03]

ഒരു നെടു വീര്‍പോടെ ...അല്‍പ്പം സന്തോഷത്തോടെ, വീണ്ടും എന്‍റെ വരകളുടെ ലോകത്തേക്കു ഞാന്‍ മടങ്ങി...
 
 
[Wrote on 25th August 2012]

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...