15 Apr 2013


ടക് ടക് - മെട്രോ 

അനേക ലക്ഷം ജനങ്ങളുടെ ഉല്ലാസ യാത്രയ്ക്കും ദൈനംദിനം തോറുമുള്ള ജീവിത യാത്രക്കും സഹായ ഹസ്തം നീട്ടി തിരക്കേറിയ നഗരത്തെ പല രീതികളിൽ ബന്ധിപ്പിക്കുന്ന ഒരു വിസ്മയ കണ്ണി...വളർച്ചയുടെ പാതയിൽ ടെക്നോളോജിയുടെ അവസാനവാക്കിന് മുന്നോടി. ദുബൈയുടെ നാഡി ഞരമ്പുകളിൽ ഒന്ന്...ഞൊടിയിടയിൽ ഭൂമിക്ക് അടിയിലൂടെയും മുകളിലൂടെയും വിജയകരമായി പടുത്തുയർത്തിയ ഒരു വിസ്മയ ലോകം 'മെട്രോ'

'മെട്രോ' - ഒരുപക്ഷെ ഈ വാക്ക് പലതവണ കേട്ടത് കൊണ്ടാവും, ഒരു സ്വപ്ന ലോകത്തിലകപ്പെട്ട  ഒരു കഥാപാത്രമായി ഞാനും അല്പനേരം 'അവളുടെ' മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവൾ എന്നെ കണ്ടിരുന്നില്ല. എന്റെ ഇഷ്ടമുഖം, എന്റെ പ്രിയ കൂട്ടുകാരിയെ നോക്കി നിന്നുപോയി എന്ന് പറയുന്നതാവാം കൂടുതൽ ഉചിതം...അവളെ ഞാൻ നന്നായി കണ്ടു.

പതിവിനു വിപരീതമായി വെള്ളിയാഴ്ചയായിരുന്നിട്ടും തിരക്ക് അധികം അനുഭവപ്പെട്ടിരുന്നില്ല അന്നേ ദിവസം. കരാമയിലെ 'മെട്രോ'യുടെ വൃത്താകൃതിയിലുള്ള സ്റ്റീൽ നിർമ്മിതമായ വാതിലും ഫ്രേമുകളും ഗ്ലാസ് പാളികളും അസ്തമയ സൂര്യന്റെ വെയിലേറ്റ് നല്ലത് പോലെ പ്രതിഫലിക്കുന്നു. 

പത്തടിയോളം വീതിയിലുള്ള ഓട്ടോമാറ്റിക് ഗ്ലാസ്‌ ഡോറിന് തൊട്ടു മുൻപ്, കുറച്ചു വലത്തോട്ട്  മാറി 'അവൾ' ആരെയോ കാത്ത് നില്ക്കുന്നു. കൈകൾ പരസ്പരം കൂടി കെട്ടി നെഞ്ചോടു ചേർത്ത് നില്ക്കുന്ന അവളുടെ മുഖം വെയിലിൽ നല്ലത് പോലെ തിളങ്ങുന്നുണ്ടായിരുന്നു. അല്പം ക്ഷീണിച്ച ആ മുഖം പക്ഷെ, അസ്തമയ സൂര്യൻ 'തേജസ്' അവളിലിലെപ്പിചുവോ എന്ന് ഞാൻ സംശയിച്ചുപോയി. സ്വർണ്ണ നിറമുള്ള അവളുടെ തലമുടി കാറ്റത്ത്‌ അലസമായി പാറി പറക്കുന്നു. എന്നെ കീഴ്മേൽ മറിച്ച 'എന്തോ മറന്ന' പാതി അടഞ്ഞ ആ കണ്ണുകൾ നന്നായി തിളങ്ങുന്നു. ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്ന ഇളംനീല ടോപ്‌,അങ്ങിങ്ങായി കുറെ പ്രിന്റെഡ്‌ ഡിസൈനും, ഒരു ബ്ലാക്ക്‌ മിഡിയും - മുട്ടോളം വരെ, നീളൻ വള്ളികളിൽ വലത്തേ തോളിൽ നിന്നും താഴെ കാറ്റിനൊപ്പം തൂങ്ങിയാടുന്ന ബ്ലാക്ക്‌ വാനിറ്റി ബാഗ്. ഹാഫ് ബ്ലാക്ക്‌ ഷൂവിനു മുകളിൽ പകുതി നഗ്നമായ പാദങ്ങൾ പുറത്തു കാണാമായിരുന്നു. എന്റെ കൂട്ടുകാരിയെ ഈ 'സായം സന്ധ്യ' കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു. 

എന്നെ ആയിരിക്കുമോ 'അവൾ' പ്രതീക്ഷയോടെ കാത്തു നില്ക്കുന്നത്....? 
മനസ്സിൽ തിരമാലകളുടെ വേലിയേറ്റം. 'ടക്, ടക്... 'ഹൃദയത്തിന്റെ താളമിടിപ്പ് എന്റെ കാതുകളിൽ മുഴങ്ങി...മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു....അങ്ങനെയായിരുന്നെങ്കിലോ... ഇല്ല സ്വപ്നം എപ്പോഴും യാഥാർത്ഥ്യം ആകണമെന്നില്ലലോ... ! ഒരിക്കലും എന്നെ കാത്ത് നില്ക്കുകയായിരിക്കില്ലെന്ന് അറിയാമെങ്കിലും മനസ്സിലെ ആഗ്രഹങ്ങളും വികാരങ്ങളും കടിഞ്ഞാണിടാൻ എനിക്കാവുന്നില്ല. കടിഞ്ഞാണിടാൻ എനിക്കായാലും, ഞാനിടില്ല... അഴിച്ചു വിട്ട മനസ്സ് പാറി പറക്കട്ടെ... 

ടാ, നീ എന്തോ ആലോചിച്ച് കൊണ്ടിരിക്കുവാ...? വണ്ടി എടുക്കടാ - കരമ മെട്രോയുടെ മുന്നിൽ ഒരു ചെറിയ ട്രാഫിക്‌ ബ്ലോക്കിൽ അകപ്പെട്ടു പോയ ഞാൻ, പെട്ടന്നുള്ള സുഹൃത്തിന്റെ വിളിയും ശാസനയും സ്വപ്നത്തിൽ നിന്നും എന്നെ ഉണർത്തി. ഞാൻ കാർ മുന്നോട്ട് എടുത്തു. റിയർ വ്യൂ മിററിലൂടെയും സൈഡ് വ്യൂ മിററിലൂടെയും ഞാൻ പിന്നെയും നോക്കി....ഇല്ല 'അവൾ' അവിടെ ഇല്ല...പിന്നെയും ഒരാവർത്തി കൂടി പിന്നിൽ നോക്കി ഉറപ്പിച്ചു...ഇല്ല 'അവൾ' അവിടെ ഇല്ല...

ടക്, ടക്... ഹൃദയത്തിന്റെ താളമിടിപ്പ് മുഴക്കം കൂടിയോ...എനിക്ക് സംശയമായി... 


തുലച്ചു...നീ എവിടെ നോക്കിയാണ് ടാ വണ്ടി എടുക്കുന്നെ...

അവന്റെ മൂട്ടിൽ കൊണ്ടിടിച്ചപ്പോ സമാധാനം ആയാലോ... ?

തൊട്ടു മുന്നിലെത്തെ സ്വർണ്ണ നിറത്തിൽ വെയിലേറ്റു തിളങ്ങി നീങ്ങിയ ലാൻഡ് ക്രൂയിസറിന്റെ പിറകിൽ ഞാൻ നൽകിയ ചുബനമായിരുന്നു ടക്, ടക്...ആയി പരിണമിച്ചത്‌....,...വേഗത കുറവായത് കൊണ്ടും മുന്നിലത്തെ വണ്ടിയ്ക്കു വലിപ്പമുള്ളത് കൊണ്ടും തകരാർ രണ്ടു വണ്ടിക്കും സംഭവിച്ചില്ല...പരസ്പരം കൈകൊടുത്തു പിരിഞ്ഞു.


അവൾക്കായി വച്ചിരുന്ന ചുംബനം മറ്റൊരാൾക്ക് നല്കേണ്ടി വന്ന വിഷമം ബാക്കിയായി...

തിരക്കിനിടയിലെ അല്പ നിമിഷിങ്ങളിൽ അവളെ ആവാഹിച്ചു എന്റെ മുന്നിലെത്തിച്ചതിനെ കുറിച്ച് ഓർത്തു പിന്നെയും ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു...എത്ര നേരം 'അവൾ' അവിടെ ഉണ്ടായിരുന്നു എന്നും എനിക്കറിയില്ല. പക്ഷെ ഞാൻ അവളെ കണ്ടു...നന്നായി കണ്ടു.

മുന്നോട്ടു പോകുമ്പോഴും കാറിൽ എന്തൊക്കെയോ അവർ സംസാരിക്കുണ്ടായിരുന്നു...ഒന്നും ഞാൻ കേട്ടിരുന്നില്ല ഒരു ചെറു പുഞ്ചിരി എന്റെ ചുണ്ടുകളിൽ അനുഭവപ്പെട്ടു...സൈഡ് വ്യൂ മിററിലൂടെയും പിന്നെയും ഞാൻ നോക്കി...കരാമ സ്റ്റേഷനിലെ മെട്രോയിൽ 'അവൾ' നില്ക്കുന്നുണ്ടോ...?
ഇല്ല, അവൾ ഇല്ല...പക്ഷെ എന്റെ മനസ്സിലുണ്ട്...കാർ മുന്നോട്ട് പാഞ്ഞു പോയി...
എന്റെ മനസ്സിൽ പിന്നെയും അവളുടെ മുഖം - മുൻപ് എപ്പോഴോ നക്ഷ്ടപ്പെട്ടു പോയ ആ സുന്ദര മുഖം... 

ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ മറ്റൊരു മെട്രോ പാഞ്ഞു പോകുന്നത് പതിഞ്ഞ സ്വരത്തിൽ കേൾക്കാമായിരുന്നു - ടക്..ടക്. 




5 Apr 2013

ഒരു വട്ടം കൂടി - ഭാഗം 2


ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം

തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരം ഒന്നുലുത്തുവാൻ മോഹം

---------------- ----------- ------------- --------------- ----------- ---------- ----------- ------------ --------- -------------

വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം.... 


ഭാഗം - 2 


സ്കൂൾ വിദ്യാ'അഭ്യാസം' കഴിഞ്ഞു, കാലെടുത്തു വയ്ക്കുന്നതിനു രണ്ടു കൊല്ലം മുൻപു മുതൽ ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരുന്ന എന്റെ Fatima Mata National College. തീർത്തും ആദ്യ കലാലയം ഒരു വിസ്മയ ലോകം തന്നെയായിരുന്നു. 

----------------------------------------------------------------------------------------------------------------------------------
സ്കൂളിൽ ഉണ്ടായിരുന്ന കർശന നിയമങ്ങളും സമയ പാലന ക്രമങ്ങളും എല്ലാം കാറ്റിൽ പറത്തി ശരിക്കും ഒരു ഉത്സവപൂർണമായ ആഘോഷം തന്നെയായിരുന്നു എന്റെ "പ്രീ ഡിഗ്രി" . ഒരു വിധപ്പെട്ട എല്ലാ ടീച്ചർമാരുടെയും കണ്ണിലുണ്ണിയായത്‌ കൊണ്ട് മിക്കപോഴും ക്ലാസ്സിനു പുറത്തായിരിക്കും പഠനം. കൊച്ചു ത്രേസിയ, ബറിൽ, സ്റ്റെല്ല അങ്ങനെ എല്ലാ ടീച്ചർമാർക്കും എന്നെ വലിയ മതിപ്പായിരുന്നു...

ഇന്നത്തെ കൊല്ലം ബിഷപ്പ് റൈറ്റ്. റെവ. സ്റ്റാൻലി റോമനായിരുന്നു അന്നത്തെ കോളേജ് പ്രിൻസിപ്പൾ, വൈസ് പ്രിൻസിപ്പൾ ശ്രി. ആൻസോ കാബോട്ട്. ഈ രണ്ടു പേരോടും ഭയഭക്തി ബഹുമാനമായിരുന്നു എനിക്ക്. കോളേജിലായിരുന്നപ്പോൾ സെർറ്റിഫിക്കറ്റുകൾ ഒപ്പിടാനും സാക്ഷ്യപ്പെടുത്താനുമല്ലാതെ ഒരിക്കലും ഇവർക്ക് മുന്നിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല.

പുറത്താക്കൽ ദിവസങ്ങളിൽ വീട്ടിൽ നേരുത്തേ എത്തിയാൽ, 'കാരണം' പറയേണ്ടി വരുമെന്നതിനാൽ റൂട്ട് മാറ്റി പിടിച്ചിരുന്നു....ഇവിടുന്നായിരുന്നു സിനിമ കാണൽ കമ്പം തുടങ്ങിയത്. അപ്പനും അമ്മയും മിക്ക ദിവസങ്ങളിലും  ഉച്ചക്കുള്ള ഭക്ഷണത്തിന് വേണ്ടി തരുന്ന 10 രൂപയിൽ, കോളേജിലെ അച്ചായന്റെ കാന്റീനിൽ നിന്നും 2.50p യ്ക്കു രണ്ടു ചൂട് പൊറോട്ടയും ഉരുളകിഴങ്ങു കറിയും അല്ലെങ്കിൽ കർബല ജംഗ്ഷനിലെ ബേക്കറിയിൽ നിന്നും രണ്ടു ക്രീം ബണ്ണും (ഇവിടുത്തെ ക്രീം ബണ്ണിന്റെ സ്വാദ് എനിക്ക് മറ്റൊരിടത്തും ഇതുവരെ അനുഭവിച്ചറിയുവാൻ കഴിഞ്ഞിട്ടില്ല) അകത്താക്കി മാറ്റിനിക്കു വച്ച് പിടിക്കും. ഇടയ്ക്കു സുഹൃത്ത്ക്കളുടെ ഊണ് പൊതിയിൽ നിന്നും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും. ശ്രീകുമാർ, രാജേഷ്, ഫിലിപ്പ്, റോണി ഇവാരായിരിക്കും മിക്കപോഴും എന്നെ ക്ഷണിക്കുക. ആദ്യം പറഞ്ഞ മൂന്നുപേരും ഇന്ന് എവിടാണയെന്നു പോലും അറിയില്ല. എന്നെ ഓർക്കുന്നുണ്ടാവുമോ ആവോ... അറിയില്ല. എവിടയായാലും അവർ നന്നായിയിരിക്കട്ടെ. റോണിയെ ഇടയ്ക്ക് ബാങ്ക്ലൂരിലേക്ക് വിളിച്ചു സ്വകാര്യമായി തെറി പറയാറുണ്ട്‌... അവൻ സുഖം സ്വസ്ഥം. രണ്ടു കുട്ടികളുടെ അച്ഛൻ.

കഷ്ട്ടപെട്ടു വൈകുന്നേരം (2 മണി) വരെ കോളേജിലിരുന്നു വീട്ടിൽ പോകുന്ന പലദിവസങ്ങളിൽ ഒരുദിവസം -

സീൻ - 1 


ലൊക്കേഷൻ - റെയിൽവേ ട്രാക്ക്, കർബല ജംഗ്ഷലിലുള്ള ഫുട് ഓവർബ്രിഡ്ജ്.
കഥാപാത്രങ്ങൾ -  കുണ്ടറ ജോണി (സിനിമ നടൻ), സ്റ്റെല്ല ടീച്ചർ (എന്റെ ഹിന്ദി ടീച്ചർ)

ഞാനും എന്റെ സഹപാഠി ജോണ്‍സൻ കെ. ജി യും ചിന്നക്കടയിലേക്ക് പോകാൻ റെയിൽവേയുടെ വകയുള്ള ട്രാക്കിനടുത്തു കൂടിയായിരുന്നു പോയിരുന്നത്. (ഇതൊക്കെ വായിക്കുമ്പോൾ നിങ്ങൾ കരുതും എന്തോ വലിയ ഒരു വിപത്ത് നടന്നെന്ന് - ഏയ്‌ അങ്ങനെ ഒന്നുമില്ല)
അന്നേ ദിവസം ഞങ്ങൾക്ക് വളരെ പിന്നിലായി ടീച്ചറുമുണ്ടായിരുന്നു - പിന്നിടാണ് കണ്ടത്.
ഞാനും അവനും തമാശകൾ പറഞ്ഞും...പാളത്തിലൂടെ അടിവച്ച് 'അടി'യും വച്ച് നടന്നും...കല്ലുകൾ തട്ടി തെറിപ്പിച്ചും...അങ്ങിങ്ങായി ഷണ്ടിങ്ങിനു വേണ്ടി നീങ്ങുന്ന ഗുഡ്സ് ട്രെയിനും മറ്റു ചില കാലി ബോഗ്ഗിഗളെയും നോക്കി നിന്നും, ഇടയ്ക്കു ട്രാക്കിന് സമാന്തരമായിയിട്ടുള്ള ചെമ്മാന്മുക്ക് ചിന്നക്കട റോഡിലൂടെ പോകുന്ന ബസ്സിനെയും, നടന്നു പോകുന്ന പെണ്‍ കുട്ടികളെ നോക്കിയും, നന്നേ രസിച്ചു തന്നെയായിരുന്നു ഞങ്ങൾ നടന്നു പോയത്.
അങ്ങ് ദൂരെ മദ്രാസ് മെയിൽ രണ്ടാം നമ്പർ പ്ലാട്ഫോം വിട്ടു പതുക്കെ നീങ്ങി തുടങ്ങിയിരുന്നു.
ഡീസൽ എഞ്ചിനിൽ നിന്നും പുറപ്പെടുമ്പോൾ വമിക്കുന്ന കടു കട്ട കറുത്ത പുക ഊതി തള്ളി ട്രെയിൻ ഫുട് ഓവർബ്രിഡ്ജിനു അടുത്തേക്ക് എത്തിതുടങ്ങിയിരുന്നു.... ശക്തമായ വെയിൽ തട്ടി എഞ്ചിനു ചുറ്റും ആവി തിളച്ചു മറിയുന്നത് നല്ലതുപോലെ കാണാമായിരുന്നു.

പതുക്കെ പതുക്കെ വേഗത കൈവരിച്ച് മുന്നോട്ടു കുതിച്ച ട്രെയിൻ ഓവർബ്രിഡ്ജ് കഴിഞ്ഞു കുറച്ചപ്പുറത്തേക്ക്  നീങ്ങി നിർത്തി. ഒന്നും മനസ്സിലാകാതെ ഞാനും അവനും പരസ്പരം നോക്കി... ഞങ്ങൾക്ക് മുന്നില് ഒരു A/C കോച്ചായിരുന്നു വന്നു നിന്നത്. എന്താണ് സംഭവിച്ചതെന്നറിയാൻ ഞങ്ങൾ ചുറ്റുപാടും നോക്കി.
സംഭവം, ഞങ്ങളുടെ സ്റ്റെല്ല ടീച്ചറിന് വേണ്ടി ഡ്രൈവർ ട്രെയിൻ നിർത്തി കൊടുത്താണ്...
ആശ്ച്ചര്യതോടെ അന്ധാളിപ്പോടെ നോക്കി നിന്ന ഞങ്ങളുടെ അമ്പ്പരപ്പിനു ആക്കം കൂട്ടാനായി ട്രെയിനിന്റെ വാതിൽ തുറന്നു ഒരാൾ പുറത്തേക്കു നോക്കി. ശ്രി കുണ്ടറ ജോണിയായിരുന്നു അത്.
അദ്ദേഹം ഞങ്ങളോടായി പറഞ്ഞു : 'വലിയ സൗകര്യതിലാണല്ലോ'. ഒരിക്കലും അദ്ദേഹത്തിന് വ്യക്തമല്ലായിരുന്നു ആ കയറുന്നത് ആരായിരുന്നു എന്നുള്ളത്. കാരണം A/C കോച്ച് വളരെ പിറകിലായിരുന്നു. ടീച്ചർ കയറിയത് ജനറൽ കോച്ചിലും...അത് ദൂരെ എഞ്ചിനു തൊട്ടു പിന്നിലായും.

ഒന്നും പറയാൻ കഴിഞ്ഞില്ല ഞങ്ങൾ രണ്ടാൾക്കും - വായും പൊളിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. കാരണം ഒന്ന്, ഞങ്ങളുടെ ടീച്ചർ, രണ്ടു, സിനിമ നടൻ ഞങ്ങളോട് സംസാരിച്ചു-വലിയ സംഭവമല്ലേ.
ട്രെയിൻ  പിന്നെയും നീങ്ങി...അദ്ദേഹം അകത്തേക്കും പോയി....

അത് ഒരു ജീവിതയാത്രയുടെ തുടക്കമായിരുന്നു - ഒരു പക്ഷെ കാലത്തിന്റെ ഫോർപ്ലേ ആകാം. വർഷങ്ങൾക്ക് ശേഷം ഞാൻ എപ്പോഴോ ആരിൽ നിന്നോ അറിഞ്ഞു. ശ്രി. കുണ്ടറ ജോണി ഞങ്ങളുടെ സ്റ്റെല്ല ടീച്ചറിനെ വിവാഹം കഴിച്ചു. ഒരു പക്ഷെ ഈ ഒരു സംഭവം അവർക്കും അറിയില്ലായിരിക്കാം...ചിലപ്പോൾ അറിയുമായിരിക്കാം. പക്ഷെ എനിക്കറിയില്ല ഇത് അവർക്കറിയുമൊ എന്നുള്ളത്...
മൂക സാക്ഷിയായി ഞാനും എന്റെ സുഹൃത്തും...അന്ന് 24 വർഷങ്ങൾക്ക് മുൻപ് ചരിത്രത്തിന്റെ ഏടുകളിലിലെവിടയോ.....
ഇനി ഇത് അവനു ഓർമ്മ കാണുമോ... അതുമറിയില്ല... ?

സീൻ - 2 


ലൊക്കേഷൻ - റെയിൽവേ പ്ലാട്ഫോം No 1, കൊല്ലം റെയിൽവേ സ്റ്റേഷൻ. 
കഥാപാത്രങ്ങൾ -  ഞാൻ, ജോണ്‍സൻ കെ ജി. 

മറ്റൊരു ദിവസം - അന്നൊരു ചൊവ്വാഴ്ചയായിരുന്നു. വൈകിട്ട് 
3:30 മണി

ഞാനും അവനും വേറെ മൂന്നുപേരും കൂടി നടന്നു പ്ലാട്ഫോമിലെത്തിയ സമയം തന്നെ തിരുവന്തപുരത്തേക്ക് പോകുന്ന രാജ്കോട്ട് എക്സ്പ്രസ്സ്‌ വന്നു നിന്നു... കൃത്യം ഒന്നാം നമ്പർ പ്ലാട്ഫോമിൽ. പ്രതേകിച്ചു പറയേണ്ടതില്ലലോ... 'ഉഗ്രൻ പണി'... എനിക്കും അവനും കിട്ടി. ഗുജറാത്തിൽ നിന്നും ടിക്കെറ്റ് ഇല്ലാതെ വന്ന രണ്ട് 'മാർവടികൾ' ആണ് ഞങ്ങൾ എന്ന് TTE. (ഞങ്ങളെ കണ്ടാല്ലും പറയുമായിരുന്നു...എനിക്ക് 46 കിലോയും അവനും 45ഉം. മെലിഞ്ഞുണങ്ങി സോഡാ കുപ്പി കവിളും കരിവീട്ടിയുടെ നിറവുമുള്ള  എന്നെ കണ്ടിട്ടാണ് ആ വർണ്ണന. പക്ഷെ അവനു നല്ല നിറം ഉണ്ടായിരുന്നു)

അപ്പൊ ശരിക്കുള്ള മാർവാടികളെ കണ്ടാൽ എങ്ങനെയിരിക്കും എന്നായി ചിന്ത... ഓർത്തു ഓർത്തു മനസ്സും മുഖവും വാടിയതല്ലാതെ 'മാർവാടി'യാകാൻ ഒരുതരത്തിലും പറ്റിയില്ല... ഗുജറാത്തിൽ നിന്നും കൊല്ലം വരെയുള്ള മുഴുവൻ പൈസയും ഫൈനും അടച്ചാലല്ലാതെ പോകാൻ പറ്റില്ലയെന്നു TTEഉം. പലതും പറഞ്ഞു നോക്കിയിട്ടും രക്ഷയില്ലെന്ന് മനസ്സിലായി. സമയം 6:00.
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ മറ്റൊരു ക്ലാസ്മേയ്റ്റ് ബിനോയ്‌ അവന്റെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ അപ്പനെയും കൂട്ടി വന്നു. സത്യാവസ്ഥ പറഞ്ഞു ബോധിപ്പിച്ചു സാക്ഷിപ്പെടുത്തി കോളേജ് ഐ. ഡി. യും കാട്ടി ഞങ്ങളെ ജാമ്യത്തിൽ എടുത്തു....

(എങ്ങനെ അദ്ദേഹം അവിടെയെത്തിപ്പെട്ടു എന്ന് പിന്നെ മനസ്സിലായി. ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മറ്റു മൂന്ന് സഹപാഠികളായിരുന്നു ബിനോയ് 'യെ   വിവരം അറിയിച്ചതുമെല്ലാം. മൊബൈൽ ഫോണ്‍ ഒന്നുമില്ലാത്ത ആ കാലഘട്ടം.....അന്നും വിവരങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നു...)

എല്ലാം കഴിഞ്ഞു ഞാൻ വീട്ടിലെത്തിയപ്പോഴേക്കും 7:30 മണിയായി.

എന്നും 4:00 മണിയ്ക്ക് വീട്ടിൽ വന്നിരുന്ന ഞാൻ അന്ന് നേരമത്രേയുമായിട്ടും കാണാത്തതിന്റെ ആധിയും വെപ്രാളവും അപ്പനും അമ്മയും നന്നായി അനുഭവിച്ചു. ചേട്ടനും അയൽക്കാരും സൈക്കിളെടുത്ത് നാലു പാടും പോയി കാണാഞ്ഞു കുഴഞ്ഞു മറിഞ്ഞു തിരികെ വന്നു. എന്നെ കണ്ടപ്പോൾ കെട്ടിപിടിച്ച് കരയുമെന്നാണ് ഞാൻ കരുതിയത്‌..., പക്ഷെ ഓടി വന്നു കുനിച്ചു നിർത്തി 'ഡമ,  ഡമ', നാലിടി മുതുകത്ത്.... (സ്നേഹം പങ്കിട്ടതാണ്-പക്ഷെ രീതിയിൽ അല്പം ശ്രുതി താളവും കൂടി ഉണ്ടായി എന്ന് മാത്രം)

വെറുതെ ഈ 'ഇടികൾ' എന്നറിയുമ്പോഴും 
വെറുതെ 'കൊള്ളുവാൻ ' യോഗം.... 

(സതേണ്‍ റെയിൽവേ എനിക്കായി കോളേജിലെ ആദ്യ ദിവസം കൊട്ടിയ ചെണ്ടമേളം ദൂരെ വീണ്ടും കേൾക്കാമായിരുന്നു... )

യാദൃശ്ചികം എന്നും പറയാം - ജോണ്‍സൻ കെ. ജി അവൻ ഇന്ന് രാജ്കോട്ടിലാണ് എന്ന് കേട്ടറിഞ്ഞു. കോളേജിൽ നിന്നും ഇറങ്ങി ഒരിക്കൽ പോലും അവനെ പിന്നെ കണ്ടിട്ടില്ല. 

തീർത്തും നക്ഷ്ടമായ ഒരിക്കലും ഇനി തിരിച്ചു വരാത്ത ആ കൗമാര കാലം, എന്റെ പ്രീഡിഗ്രി കാലം മനസ്സിൽ ഇന്നും പൂവണിഞ്ഞു നിൽക്കുന്നു - അത് ചെമ്പരത്തി പൂവ് ആവാത്തിടത്തോളം കാലം അത് മനസ്സിൽ കുളിർ മഴ പെയ്യിക്കും... 







FATIMA MATA NATIONAL COLLEGE -   PER MATREM PRO PATRIA
(THROUGH MOTHER FOR COUNTRY)
എന്റെ സ്വന്തം കലാലയം 




4 Apr 2013

ഒരു വട്ടം കൂടി - ഭാഗം 1

ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം

തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരം ഒന്നുലുത്തുവാൻ മോഹം

---------------- ----------- ------------- --------------- ----------- ---------- ----------- ------------ --------- -----------

വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം.... 

ഭാഗം - 1 


മഹാകവി ശ്രി ഓ. എൻ . വി യുടെ വളരെ പ്രസിദ്ധമായ ഒരു കവിതയല്ലേ  അത്. ഹൃദയവിശാലതയുള്ള, സ്വപ്നങ്ങൾക്ക് ചാരുതയേകുവാൻ, ഓർമ്മകൾ ജനിപ്പിക്കുന്ന...ഓർമ്മകളിൽ ജീവിക്കുന്ന...ഏതൊരാൾക്കും ഈ കവിത അന്യമല്ല.

ഈ കവിത കേൾക്കുമ്പോൾ 24 വർഷമെങ്കിലും എനിക്ക് പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും. ഞാൻ ഒരു അല്പം പിറകിലേക്ക് നടക്കുകയാണ്....1988/89 - 90  വരെ പോകണം. (ഇത്തിരി നീട്ടി പരത്തി എഴുതി പോയി, സദയം ക്ഷമിക്കുക - ഇത് ഒരു അനുഭവകുറിപ്പോ വർണ്ണനയോയായി കാണാൻ എനിക്കാകില്ല - ഇത് ഒരു ഓർമ്മയാണ് - ജീവനുള്ള ഒരു ഓർമ്മ)
ഇന്നത്തെ തലമുറയ്ക്ക് അന്യവും പഴയ തലമുറയുടെ ജീവനാഡിയുമായ 'പ്രീ-ഡിഗ്രി' കാലം... മറക്കുവാനാകുമോ ജീവനുള്ളടത്തോളം കാലം ആ രണ്ടു വർഷങ്ങൾ .... ?

1989ൽ ലോഹിതദാസ് എഴുതി, ജോണ്‍സൻ ഈണമിട്ട്, സിബി മലയിൽ സംവിധാനം ചെയ്ത 'കിരീടം' മെന്ന ചിത്രത്തിലെ 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി....' എന്ന ഗാനം, കോളേജ് ആർട്സ് ഫെസ്റ്റിവലിൽ ഓഡിറ്റോറിയം മുഴുവൻ അലയടിച്ചിരുന്ന കാലം. അതിൽ മതിമറന്നു സ്വയം ലയിച്ചു ആസ്വദിച്ചിരുന്ന മധുര പതിനേഴുകാരികളുടെ ഒരു ലോകം. (മന:പൂർവ്വമാണ് കൗമാര കോമളന്മാരെ കുറിച്ച് പറയാത്തത്) എന്റെ കണ്ണുകളിൽ എല്ലാ പെണ്‍കൊടികളേയും 17ൽ മാത്രമേ കാണുവാനായുള്ളൂ. ഡിഗ്രിയ്ക്ക് പഠിക്കുന്ന ചേച്ചിമാരും 17നു മുകളിലോട്ടില്ല.

സ്കൂൾ വിദ്യാ'അഭ്യാസം' കഴിഞ്ഞു, കാലെടുത്തു വയ്ക്കുന്നതിനു രണ്ടു കൊല്ലം മുൻപു മുതൽ ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരുന്ന എന്റെ Fatima Mata National College. തീർത്തും ആദ്യ കലാലയം ഒരു വിസ്മയ ലോകം തന്നെയായിരുന്നു. 




നെഞ്ചിടിപ്പോടെയാണ് കോളേജിൽ ഇന്റർവ്യൂവിനു  വന്നത്. കാരണം അഞ്ചു മുതൽ പത്ത് വരെ പഠിച്ചത്, ആണ്‍ കുട്ടികൾ മാത്രമുള്ള സ്കൂളിലായിരുന്നു... ഫസ്റ്റ് ഗ്രൂപ്പിന് പ്രവേശനം ലഭിച്ചത് ഫോർത്ത് ഗ്രൂപ്പിൽ ചേർന്ന് നാല് ദിവസം കഴിയുമ്പോൾ മാത്രമാണ്. പുതുതായി പെണ്‍കൊടികളെ കാണുന്നതിന്റെ ചമ്മലും, നാണവും, ആക്രാന്തവും വേറെ...പ്രവേശനം നേടി ആദ്യ ദിവസം ക്യാമ്പസിലേക്ക് കടന്നപ്പോഴുണ്ടായ എന്റെ ചങ്കിടിപ്പ് - സതേണ്‍ റെയിൽവേയുടെ വക, പറഞ്ഞു വച്ച ചെണ്ടമേളം പോലെ, കോളേജിന്റെ മുന്നിലൂടെയുള്ള  റോഡിനരികിലൂടെ സമാന്തരമായി കടന്നുപോകുന്ന റെയിൽപാതയിൽ കൂടി ഏതോ ഒരു ചരക്കുവണ്ടി അതിവേഗം കടന്നു പോയ ചടുല താളത്തിൽ അലിഞ്ഞില്ലാതെയായി.
--------------------------                                                                                                      -------------------------
കോളേജ് ക്യാമ്പസ്സിൽ വളരെ കാല്പനികത തുളുമ്പി നിന്നിരുന്ന ഒന്ന് രണ്ടു സ്ഥല പേരുകൾ പരാമർശിക്കേണ്ടിയിരിക്കുന്നു. ക്വാഡ്രാൻഗിൾ, പഞ്ചാര കല്ല്‌, എരുമ കുളം...... ഇത് കേൾക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾക്ക് ചോദിച്ചേക്കാം  'എരുമ കുളത്തിന്' എന്ത് കാല്പനികതയെന്ന്. അത് പറഞ്ഞറിയിക്കാൻ എനിക്ക് അറിയില്ല. ഓരോന്നിനും അതിന്റേതായ 'കാല്പനികത' ഇന്നും നിലനില്ക്കുന്നുണ്ടാവും - എന്റെ കോളേജിൽ പഠിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഇത് ഒരുപക്ഷെ നന്നായി മനസിലാവും.

ക്വാഡ്രാൻഗിൾ - എന്റെ 17 ലെ പെണ്‍കൊടികൾ വിളയാടിരുന്ന ഒരു 'എക്സ്ക്ലൂസിവ്  പ്രൈവറ്റ് ഓപ്പണ്‍ എയർ സ്പേസ്' അല്ലെങ്കിൽ പെണ്‍കൊടികൾക്ക് മാത്രം പ്രവേശനാനുമതി ഉണ്ടായിരുന്ന ഒരു വിശ്രമസ്ഥലം. കോളേജിന്റെ നടു മുറ്റം-അങ്ങനെയും പറയാം. എനിക്ക് ഈ 'നടുമുറ്റത്തെ' ഉപമിക്കാൻ തോന്നുന്നത്‌ --  പലതരം റോസാ പൂക്കളും, ജമന്തിയും, മുല്ലമൊട്ടും, പിച്ചിയും, എന്ന് വേണ്ട - ഏതോക്കെ പൂക്കളുണ്ടോ...അതൊക്കെ വെള്ളം നിറച്ച ഒരു ഓട്ട് ഉരളിയിൽ എങ്ങനെ വിതറിയാലും.... അങ്ങനെ ഒഴുകി നടുക്കുന്നത് കാണുന്നത് തന്നെ ഒരു ശേലാണ്... മനസ്സിന് ഒരു കുളിരാണ്, സംതൃപ്തിയാണ്. അതാണ് ഞങ്ങൾക്ക് പ്രവേശനാനുമതി നിഷിദ്ധമായ ആ ക്വാഡ്രാൻഗിൾ.

ഒന്നാം നിലയിലെ എന്റെ ക്ലാസ്സ്‌ മുറിയിൽ നിന്നുമാണ് സീൻ പിടിത്തം. ചുമപ്പു, പച്ച, നീല, മഞ്ഞ - പലതരം വർണ്ണങ്ങൾ, പലതരം കലപില ശബ്ദങ്ങൾ, പലതരം വേഷങ്ങൾ, പലതരം കൂട്ടങ്ങൾ. ചിലർ മൂന്നോ നാലോ പേർ അടങ്ങുന്ന സംഘം, ചിലർ രണ്ടു പേർ മാത്രം. അങ്ങനെ ഒഴുകി നടക്കുന്നു.... മധ്യത്തിൽ സ്ഥിതി ചെയ്തിരുന്ന തണൽ മരമായ അരയാലിൽ (മരം No.1) കൂടി അരിച്ചിറങ്ങുന്ന  വെയിലിൽ ചിലരുടെ വളകളും, മാലകളും, അവർ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും മിന്നി തിളങ്ങുന്നു....
(ഹ....കഴിയുന്നില്ല ! ഒരിക്കൽ കൂടി ...) ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരം ഒന്നുലത്തുവാൻ മോഹം...

പഞ്ചാര കല്ല്‌ - ഒരു പക്ഷെ കലാലയ ചരിത്രം എഴുതാൻ ഒരു അവസരം കിട്ടിയാൽ ഈ വിശ്വപ്രസിദ്ധമായ 'പഞ്ചാര കല്ല' നെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ പോരാതെ വരും. കുട്ടികൾ, മുതിർന്നവർ, ലെക്ചർമാർ, കോളേജിലെക്ക് വരുന്നവരും, പോകുന്നവരും ഒരേ സ്വരത്തിൽ പക്ഷെ വിഭിന്നമായ വികാരത്തോടെ വർണ്ണിക്കുകയും ചെയുന്ന കാത്തിരിപ്പ്‌ കല്ലുകളാണ് ഈ 'പഞ്ചാര കല്ലുകൾ'.

25p ST നു കൊടുത്ത് രാവിലെ ചിന്നക്കടയിൽ നിന്നും കോളേജിന്റെ മുന്നിലോ കർബല ജംഗ്ഷനിലോ ബസ്സിന്റെ കമ്പിയിൽ തൂങ്ങിയാടി വന്നിറങ്ങി, 15 മിനിറ്റെങ്കിലും  'ശുദ്ധ വായു' ശ്വസിച്ചും 'വായ്‌' നോക്കിയും 'പഞ്ചാര കല്ലിൽ' ആസനസ്ഥനായിരുന്നതിനു ശേഷമേ ക്ലാസ്സിൽ പോയിരുന്നുള്ള്...
ഇന്നും ആ കല്ലുകൾ ആ പടർന്നു പന്തലിച്ചു കിടക്കുന്ന ആലിനു (മരം No.2) താഴെ വരി വരിയായി നിരന്നിരിക്കുന്നു... (ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു). എത്ര പ്രണയ കഥകൾക്ക് സാക്ഷ്യം വഹിചിട്ടുണ്ടാകും കാല്പനികതയിലും കാല പഴക്കത്താലുള്ള പൊട്ടലും പായൽ പിടിച്ചിരിക്കുന്നതുമായ ആ 'പഞ്ചാര കല്ലുകൾ' ... ആ കാലങ്ങൾ ഇനി ഓർമ്മകളിൽ മാത്രം....
വെറുതെ ഈ 'ഓർമ്മകൾ' എന്നറിയുമ്പോഴും 
വെറുതെ 'ഓർമ്മിക്കുവാൻ' മോഹം.... 

എരുമ കുളം - ഈ എരുമകുളം എന്റെ പഠനവിഷയവുമായി യാതൊരു വിധ ബന്ധവുമില്ല. കോളേജ് ക്യാമ്പസിൽ നിന്നും ദൂരെയാണെങ്കിലും ഒരിക്കലും 'ഒഴിച്ച്' 'കൂട്ടാനാവാത്ത' ഒരു അവിഭാജ്യ'ഘടകം' മെന്ന "തടാകം" തന്നെയാണ്...ആ എരുമകുളം.  കോളേജിൽ നിന്നു മാറി പടിഞ്ഞാറ് കർബല ജംഗ്ഷനിനോട് അടുത്തും, റെയിൽ പാതയ്ക്കും, കോളേജിനും ഇടയിലെ ചിന്നക്കട ചെമ്മാന്മുക്ക് റോഡിന് സമാന്തരമായി അളന്നെടുക്കാൻ കഴിയാത്തവിധം കാട് പിടിച്ച് കിടക്കുന്ന ഒരു ഭൂമി...അതിൽ പച്ച പായൽ നിറത്തിൽ ഒരു കുളം.കുളത്തിനരുകിലായി അപ്പുറവും ഇപ്പുറവും രണ്ടു വൻ ആൽമരങ്ങൾ (മരം No.3 & 4). ആ മരങ്ങൾ ക്യാമ്പസിലെക്കും റോഡിലെക്കുമായി തണൽ നല്കിയും ഇലകൾ കൊഴിച്ചും തണുത്ത കാറ്റ് വീശിയും ദശബ്ധങ്ങൾ കടന്നു പോകുന്നതിനു മൂക സാക്ഷിയായി നില്ക്കുന്നു. കുളത്തിന് ചുറ്റുമുള്ള കാട്ട്പുല്ല് പ്രകൃതിരമണീയതയ്ക്കു സ്വാഭാവികത കൈ വന്നപോലെ.

കുളത്തിലെ 'പച്ച വെള്ളത്തിൽ' സദാ സമയവും എരുമകൾ...
അവയ്ക്ക് കൂട്ടായി കുറെ കാക്കകളും. അങ്ങിങ്ങ് കുറെ വെള്ളുത്ത കൊറ്റികളും. ഈ എരുമകൾ എവിടുന്നു വരുന്നുവോ...എപ്പോൾ തിരികെ പോകുന്നു...എങ്ങനെ പോകുന്നു...എന്നൊന്നുമറിയില്ല...അന്വേഷിച്ചുമില്ല.
ക്ലാസ്സ്‌ കഴിഞ്ഞു വൈകിട്ട് ക്യാമ്പസിനകത്തു കൂടി കർബല ജംഗ്ഷനിലേക്ക്‌ 'ചുവപ്പും, പച്ചയും, നീലയും, മഞ്ഞയും വർണ്ണങ്ങൾക്കൊപ്പം നടന്നു നീങ്ങുമ്പോൾ ഒരിക്കലും ഈ കുളമോ പരിസരമോ കാണാറില്ല...(ഭയങ്കര തിരക്കിലല്ലേ-ഇഷ്ട ദേവതകൾ പ്രീതിപ്പെട്ടാലോ എന്നാ വ്യാമോഹവുമായി  ലക്ഷ്യമില്ലാതെ ഉള്ള യാത്രയല്ലേ)
ഒരു വട്ടം കൂടി ''എൻ വർണ്ണങ്ങൾ'' മേയുന്ന തിരുമുറ്റത്തു കൂടി നടക്കുവാൻ മോഹം
തിരുമുറ്റതോരു കോണിൽ ............

----------------------------------------------------------------------------------------------------------------------------------

[തുടരുന്നു  - രണ്ടാം ഭാഗത്തിലേക്ക്] 

1 Apr 2013

April 1st

ഇന്ന് ഒന്ന് ....
ലോക വിഡ്ഢി ദിനം - April 1st, ഞാനടങ്ങുന്ന സമാനചിന്താഗതിക്കാർക്കായി സമർപ്പിക്കുന്നു.

ഇന്ന് രാവിലെ എന്റെ പ്രിയപ്പെട്ട ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞു- 'ഇന്ന് നിന്റെ ദിവസമല്ലേ..... ആഘോഷിക്കു...നല്ലത് പോലെ '
അഖിലലോകം മുഴുവനും ഈ ദിവസത്തിന് തമാശ രൂപേണ പ്രാധാന്യം നല്കുന്നെങ്കിലും ഒരു രാജ്യവും അവധി ദിവസമായി പ്രഖ്യാപിച്ചിട്ടില്ല.... ആയിരുന്നേൽ ഒരു ആചാര വെടി പൊട്ടിച്ചു ആഘോഷിക്കാമായിരുന്നു, ഈ 'ഒന്ന്'.

ഏപ്രിൽ ഒന്ന്, ആരോരുമറിയാതെ അടുത്ത ചില അയൽവാസി സുഹൃത്തുക്കളുമായി മാർച്ച്‌ 31രാത്രി
ഗംഭീരമാക്കി അണിയിചൊരുക്കുമായിരുന്നു, വർഷങ്ങൾക്കു മുൻപ്...അന്നത്തെ ഏപ്രിൽ 'ഒന്ന്'കൾ

(1) പല പ്രമുഖ ഡോക്ടർമാരുടെ 'നെയിം ബോർഡ്‌' വീട് മാറ്റി സ്ഥാപിക്കൽ ചടങ്ങിൽ തുടക്കം...
(2) ചില നോട്ടപുള്ളികളുടെ വീടിന്റെ ഗയിറ്റിനു മുന്നിൽ റോഡരികിൽ കിടന്നിരുന്ന കല്ലുകളും ഇഷ്ടികയും അടുക്കി വച്ച് മാർഗ്ഗ തടസ്സമുണ്ടാക്കൽ ...
(3) മറ്റു ചില വീടിന്റെ പടി വാതുക്കൽ 'പട്ടിയുണ്ട് കടിക്കും' എന്നെഴുതിയത് മാറ്റി...പട്ടി 'ഉണ്ട്', ഇപ്പൊ കുളിക്കുന്നു ... എന്ന് വ്യക്തമാക്കൽ
(4) 'സരസ്വതി വിലാസം' - 'ലീലാ വിലാസം' എന്ന് തിരുത്തി എഴുതുക,
(5) മിക്ക വീടുകളുടെയും പഴേ പ്രതാപമായിരുന്ന മെർകുറി ബൾബ്‌ ഊരിമാറ്റി 15W 'സീറോ' ബൾബ്‌ ഇട്ടു കൊടുക്കൽ
(6) കിണറ്റിൽ നിന്നും വെള്ളം കോരാനുള്ള കപ്പിയും കയറും തൊട്ടിയും അടുത്ത വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിക്കൽ
(7) എഴുത്ത് പെട്ടി അടുത്തുള്ള ടെലിഫോണ്‍ പോസ്റ്റിൽ 'പരാതി പെട്ടി'യായി മാറ്റിവച്ച് ഒരു ചെറിയ കൈ സഹായിക്കുക...

നീരസമുളവക്കുന്നവയായിരുന്നെങ്കിലും ഒരു സന്തോഷവും തമാശയും ഉണ്ടായിരുന്നു അന്നത്തെ 'ഒന്ന്' കളിൽ.  പലവിധത്തിലും ആഘോഷമാക്കിയിരുരുന്ന ആ പോയ കാലം ശരവേഗത്തിൽ മിന്നി മറഞ്ഞു പോയി. മേൽ പ്രതിപാദിച്ച മിക്ക സംഗതികളും മതിൽ ചാടി കടന്നിട്ടായിരുന്നു ചെയ്തിരുന്നത്. 'നിക്കർ' കാലമായതിനാൽ ചാടികടക്കുന്നതിന്റെയും ഇറങ്ങുന്നതിന്റെയും തിരക്കിൽ മിക്കപോഴും അവിടിവിടെ പെയിന്റ് പോകുമായിരുന്നു..  (ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉരഞ്ഞു മുറിഞ്ഞിരുന്നു)

വിഡ്ഢികൾ മറ്റുള്ളവരെ 'വിഡ്ഢി'യാക്കിരുന്ന ആ വിഡ്ഢി ദിനം ഇന്ന് ഓർമ്മകളിൽ മാത്രം. ഒരുവിധം ഹൈ ടെക് പാര വയ്പ്പുകളും തമാശകളും മാത്രമേ ഇന്നത്തെ തലമുറയിൽ കണ്ടു വരുന്നുള്ളൂ. എന്റെ അഭിപ്രായത്തിൽ ഈ 'ഒന്ന്' വളരെ കാര്യമായി കൊണ്ടാടപെടെണ്ട ഒരു ദിനമാക്കി മാറ്റണമെന്നാണ്. 'നാട് ഓടുമ്പോൾ നടുവേ ഓടണമെന്ന്' - ഉള്ള പഴമൊഴി എല്ലാവരും ഉള്ളാൽ സ്വീകരിച്ചുള്ള മുന്നോട്ടു പോക്കാണോ എന്നുമറിയില്ല. ആരും ഈ രസകരമായ ദിനത്തെ ഉത്സവപൂർണമാക്കാനുള്ള വ്യഗ്രത കാട്ടുന്നില്ല. മറന്നപോലെയാണ് ഈ 'ഒന്ന്'.

ഒരുപക്ഷെ ഇന്ന് പണ്ടേ പോലുള്ള അടുപ്പം എല്ലാവരില്ലും ഇല്ലാത്ത് ഒരു കാരണമാകാം. പഴേപോലെ എല്ലാവരും തമാശകൾ അതിന്റേതായ രീതിയിൽ എടുക്കാർ ഇല്ലയെന്ന് തന്നെ പറയാം. പറയുന്ന രീതികളിൽ നിന്നും വ്യത്യസ്ഥമായി മനസ്സിൽ ചിന്തിക്കാത്ത തരത്തിലാകും ചിലപ്പോൾ പലരും പ്രതികരിക്കുക. കാലം മാറി വരുന്നത് കൊണ്ടാണോ അതോ തമ്മിൽ മനസ്സിലാക്കുന്നതിലുള്ള അന്തരമോ...?

ഇന്ന് ഈ പറഞ്ഞപോലെ എന്തെങ്കിലും ചെയ്യാൻ ആലോചിച്ചാൽ തന്നെ ഇടി നടക്കും. പിന്നെ പ്രവൃത്തിയിലാക്കിയാൽ കൂട്ട ഇടിയും ഓട്ടവും അവസാനം കൂട്ട മണി അടിയും... കൂട്ട മണിയടി രണ്ടു രീതിയിൽ കണക്ക് കൂട്ടാം... ഒന്ന് പള്ളിയിൽ 'കൂട്ടമണിയടി', രണ്ടു കേരള ഫയർ ഫോർസിന്റെ വരവ് അറിയിച്ചുള്ള 'കൂട്ടമണിയടി'. രണ്ടായാലും 'അടി' ഉറപ്പാണ്‌...
ഇന്ന് പല മാറ്റങ്ങളും വന്നിട്ടുണ്ട് .... ഡോക്ടർമാർ തൂക്കിയിട്ടുള്ള നെയിം ബോർഡിന് പകരം വെള്ളാരം കല്ലിൽ 'നെയിം' കൊത്തി വച്ച് സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
റോഡുകളിൽ കല്ലുകളും ഇഷ്ടികകളും കാണാനേ ഇല്ല. തീ വിലയായത്‌ കാരണം സർവ്വേ കല്ല്‌ വരെ പലരുടെയും അതിർത്തികളുടെ കല്ലുകളിൽ ഒന്നായി മാറി.
പട്ടി ഉണ്ടെന്ന ബോർഡ്‌ ഒന്നും ഇപ്പൊളില്ല. അകത്തു ചാടിയാൽ 'പണി മൊത്തത്തിൽ കിട്ടും' ലോകത്ത് ഒന്നും കാണാത്ത മുന്തിയ ഇനം സങ്കര വർഗങ്ങൾയായിരിക്കും മിക്ക വീടുകളിലും.
'വിലസാങ്ങൾ' മാറിയത് കാരണം 'ലീല വിലാസങ്ങൾ' നടപ്പില്ല. കിണറുകൾ പലതും കുഴൽ കിണർ ആയി രൂപന്തരപെട്ടു. എഴുത്ത് പെട്ടി പോയിട്ട് തപാൽക്കാരൻ തന്നെ ഒരു അപൂർവ ജീവിയായിരിക്കും നഗരങ്ങളിൽ. ടെലിഫോണ്‍ പോസ്റ്റും ഇല്ല....എല്ലാം എല്ലാം ഓർമ്മകളിൽ മാത്രം ഒതുങ്ങുന്നു.

പൊയി പോയ കാലത്തേക്ക് 'ഒന്ന്' എത്തിനോക്കുവാൻ കാരണക്കാരിയായ എന്റെ കൂട്ടുകാരിക്ക് ഒരു പിടി ആശംസകൾ. നാട്ടിലായിരുന്നെങ്കിലും പ്രായം ഒരു പത്തെങ്കില്ലും പിറകിലായിരുന്നെങ്കിൽ തീർച്ചയും ഞാൻ, അവൾക്കും ഒരു ഓർമ്മ ദിനം സമ്മാനിക്കുമായിരുന്നു.









14 Mar 2013

You've just been Erased !!

പതിനേഴു വര്‍ഷങ്ങള്‍ക് മുന്‍പ് 'DTS' റ്റെക്നോളോജിയില്‍ ആദ്യമായി കൊല്ലത്ത്‌ അവതരിപ്പിക്കപ്പെട്ട Arnold Schwarzenegger അഭിനയിച്ച ഒരു ഹോളിവുഡ് സിനിമയായിരുന്നു  'Eraser'. തന്റെ സഹപ്രവര്‍ത്തകരുടെ ആയുധ ഇടപാടില്‍ സംശയം തോന്നി ആ സംഘത്തെ
' റെയില്‍  ഗണ്‍ ' ' ഗൌസ് റൈഫിള്‍സ് ' ' ടൈമര്‍ കൊളിഷിഇയന്‍ ബോംബ്‌ ' മുതലായ
ഹൈ-റ്റെക്  വെപണ്‍സ് ഉപയോഗിച്ച് ഒന്നടങ്കം ഇല്ലാതെയാക്കുന്ന ഒരു സിനിമയായിരുന്നു അത്.
സിനിമയുടെ അവസാന സീനിനു തൊട്ട് മുന്നത്തെ സീനില്‍ മൊബൈല്‍ ഫോണ്‍യെടുത്ത്
'You've just been erased' എന്ന് പറഞ്ഞു എറിഞ്ഞിട്ടു ' ജോണ്‍ കുര്‍ഗര്‍ ' (അര്‍നോള്‍ട്) നടന്നു പോകുന്ന അതിമനോഹരമായ ഒരു രംഗം ഉണ്ട്.

ഡാര്‍ക്ക് ഗ്ലാസ്‌ വച്ച് സ്ലോ മോഷനില്‍ പോകുന്ന ആ രംഗം മനോഹരം, അതിമനോഹരം തന്നെയായിരുന്നു
............................. ..........................  ..........................  ......................... .........................

സിനിമ ജീവിതവുമായി താരതമ്യപെടുത്തുവാന്‍ പാടുള്ളതല്ല....എങ്കിലും  !

കാര്‍ ഓടിച്ചു ഓഫീസിലേക്ക് പോകുന്നയിടയില്‍ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് വന്ന കോള്‍ എടുത്തപ്പോൾ  'ക്യാശ് ലോണ്‍ ' ' പേര്‍സണല്‍ ലോണ്‍ ' മുതലായവ ആദായ വില്പനയ്ക്ക് എന്ന പോലെ അവള്‍ തുടങ്ങി. ഞാന്‍ അവളോട്‌ 15 മിനിറ്റ് കഴിഞ്ഞു വിളിക്കാന്‍ പറഞ്ഞു. കൃത്യം 15 മിനിറ്റ് കഴിഞ്ഞു അവള്‍ പിന്നെയും വിളിച്ചു.
ലോണ്‍ എടുക്കുവാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് കുറെ കണക്കുകളും അവള്‍ അറിയാത്ത പലിശ കണക്കുകളും പറഞ്ഞു അവളുടെ തല പുകച്ചു. നല്ല രോഷത്തോടെ (എനിക്ക് നല്ലത് പോലെ മനസ്സിലാക്കാമായിരുന്നു )
അവള്‍ പറഞ്ഞു - Sir I can give it to you for 1.2% p/m.
ഞാന്‍  - No need, I don't want to take unnecessary headache. Thank you.
ഓക്കേ പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു പാവം.

ഹെഡ് ഫോണ്‍ താഴെ വച്ച് സ്ക്രീന്‍ അണ്‍ലോക്ക് ചെയുവാന്‍ ഒന്ന് സ്വൈപ്പ് ചെയ്തു....
(-#^-0&%#^)
your Android phone has ended up with an unexceptional error...
പിന്നെ കുറെ വള്ളിയും കുത്തും...വെളുത്ത സ്ക്രീനും.
പഴേ പടിയെല്ലാം തിരികെ കണ്ടപ്പോള്‍ ഒരു ആശ്വാസം ഉണ്ടായിരുന്നത് ഒരു നിമിഷ നേരത്തേക്ക് മാത്രമായിരുന്നു. കഴിഞ്ഞ 5വര്‍ഷം മുതല്‍ ഓരോ തവണ 'സിം'മും  ഫോണും മാറ്റുമ്പോഴെല്ലാം കട്ട്‌ ചെയ്തു 4 മാസം മുന്‍പ് വാങ്ങിയ ഫോണില്‍ മാത്രം സൂക്ഷിച്ചു വച്ച എന്റെ പോയ ബുദ്ധിയെ കുറിച്ച് ഓര്‍ത്തു ഇരിക്കേണ്ടി വന്നു....
തൃശൂര്‍ക്കാര്‍ പറയും പോലെ 'കമ്പ്ലീറ്റാ ഗ്യാസാ പോയി'. ഉണ്ടായിരുന്ന എല്ലാ നമ്പരുകളും ബാങ്ക് പാസ്സ്‌വേര്‍ഡ്‌ , ATM പിന്‍ എല്ലാം പോയി. സര്‍വത്ര ഡാറ്റാസും വായുവില്‍ എവിടോ തത്തി കളിക്കുന്ന പോലെ തോന്നി....സ്ക്രീനില്‍ നല്ല വെളിച്ചമുണ്ടായിരുന്നെങ്കിലും കണ്ണുകളില്‍ ഇരുട്ട് കയറും പോലെ.....

അല്പം മുന്‍പ് വിളിച്ച ആ സ്ത്രീ സ്വരം പിന്നെയും ചെവിയില്‍ മൂളുന്ന പോലെ തോന്നി....
'You've just been Erased Mr.##$%@$%$%(തെറി യായിരിക്കും).

ജോണ്‍ കുര്‍ഗര്‍ സിനിമയില്‍ നടന്നു പോയി..... 
ഞാന്‍ 'ഇരുന്നു' പോയി..... 

--------------------- --------------------- --------------------- ------------------- ------------------ ------------------ ------------------
കാലങ്ങള്‍ക്കിപ്പുറം കലാലയ ജീവിതത്തിരക്കില്‍ മൊബൈല്‍ ഫോണുകള്‍ പ്രചാരമല്ലാത്ത നാളുകളില്‍ ഡല്‍ഹി മുതല്‍ താഴെ തെക്കേ ഇന്ത്യയുടെ വാലറ്റം വരെ ഉള്ള സഹപാഠികളുടെ അഡ്രസ്സും നമ്പരുകളും ഓര്‍ത്തിരുന്ന ഒരു എക്സ്ചേഞ്ച് ആയിരുന്നു എന്റെ മനസ്സ്.... പലരും അവധികാലങ്ങളില്‍ അവരവരുടെ നാട്ടില്‍ നിന്നും എന്നോട് മറ്റുള്ളവരുടെ നമ്പര്‍ വിളിച്ചു ചോദിക്കുമായിരുന്നു.... എഴുതി വച്ചിട്ടുള്ള ഡയറി പോലുംനോക്കാതെ ഞാന്‍ അവര്‍ക്ക് നമ്പര്‍ പറഞ്ഞു കൊടുക്കുമായിരുന്നു...
ഇന്ന് ഈ വഴിതാരയില്‍ മനസ്സിലേക്ക് കയറ്റി വച്ചിരിക്കുന്ന എടുത്താ പൊങ്ങാത്ത ജീവിത ശൈലിയോ പ്രായത്തിന്റെ അതിക്രമമോ...തൊട്ടു മുന്നത്തെ നിമിഷം ഓര്‍ത്തിരിക്കേണ്ടേ വിഷയങ്ങള്‍ പോലും മറന്നു പോകുന്നു....
ATM നു മുന്നില്‍ ചെന്ന് പിന്‍ നമ്പര്‍ മറക്കുന്ന ഞാന്‍ ഇനി ഓരോ ബാങ്കുകള്‍ കയറി ഇറങ്ങേണ്ടി വരും പുതിയ പിനുകള്‍ക്ക് വേണ്ടി.

നഷട്ടപ്പെട്ട എന്റെ ഫോണ്‍ നമ്പരുകള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കേണ്ടി വരും....
എന്റെ ഫോണില്‍ ജീവിച്ചു ഇരുന്നവരുടെ വിളികള്‍ക്കായി....
വിലാപങ്ങള്‍ ആകാം, നൊമ്പരങ്ങള്‍ പങ്കു വയ്ക്കലാകാം, തെറി വിളികളാകാം, കുശലാന്വേഷണങ്ങളാകാം ....

--------------------- --------------------- --------------------- ------------------- ------------------ ------------------ ------------------
കാലങ്ങള്‍ക്കപ്പുറം ഫോണില്‍ സംഭവിച്ച പോലെ മനസ്സില്‍ നിന്നും ഇങ്ങനെ സംഭവിച്ചാല്‍ ..... ??
ഒരു ചോദ്യ ചിഹ്നം മാത്രമാണ് ഇന്ന് എനിക്ക് ആ ഉത്തരം..... 
--------------------- --------------------- --------------------- ------------------- ------------------ ------------------ ------------------











23 Feb 2013

ദോ ലവന്‍,... ആണ് കക്ഷി...

രാവിലെ പ്രത്യേകിച്ച് വലിയ പണി ഒന്നും ഇല്ലാത്തതു കൊണ്ടായിരിക്കും അയാള്‍ ഓഫീസിലിരുന്നു ഓണ്‍ലൈന്‍ പത്രം വായിക്കുകായിരുന്നു.തുടരെ ശബ്ദിച്ചു കൊണ്ടിരുന്ന മൊബൈലിന്റെ മനോഹര നാദത്തിനു വിരാമമിട്ടുകൊണ്ട് അയാള്‍ ഫോണ്‍ അറ്റെണ്ട്‌ ചെയ്തു. അങ്ങേതലക്കേല്‍ ഒരു സ്ത്രീ സ്വരം...അയാള്‍ കസേരയില്‍ ഒന്ന് അമര്‍ന്നിരുന്നു.
Hello, I am calling from XYZ123 Bank...Gud morning Sir. Do you have any credit card. Would you like to apply for a credit card. Its free for life.
ബണ്ട് പൊട്ടിയമാതിരിയുള്ള ആംഗലേയ ഭാഷയുടെ കുത്തിഒഴുക്കില്‍ അയാള്‍ ഒന്ന് പകച്ചുപോയി. 
എങ്കില്ലും അയാള്‍ ബലം പിടിച്ചു വിനീതനായി മൊഴിഞ്ഞു. 
May I know THIS WHO...? What Credit Card you talking about. I am NOT NEED IN credit card.
മലയാളം ഇംഗ്ലിഷിലെക്കുള്ള  തര്‍ജ്ജിമ കേട്ട് കൊണ്ടാവണം 'കിളി' ചുവടു മാറി പിടിച്ചു... 
'സാറിനു സാലറി എത്ര ആണ് .... ?'

ഇജ്ജെന്തീ പറയിണ്... അന്നോട്‌ ഞമ്മട സംബള കണക്കു പറയാന്‍, ജ്ജ് ഞമ്മട കെട്ടിയോള് ഒന്നും അല്ലാല്ലോ - അയാള്‍  ചോദിച്ചു. 
അന്നോട്‌.......,... അന്റെ ബയസ്സു ശോയിച്ചാ പറയോ...അനക്ക് ബെവരോം വിദ്യാബസോം ഒന്നീം ഇല്ലെനി...? അയാളുടെ ചോദ്യങ്ങള്‍ തുടര്‍ന്ന്. 

സാറിനു ഞങ്ങളുടെ ബാങ്ക്  ഫ്രീ ആയിട്ടാണ്  കാര്‍ഡ്‌ തരുന്നേ... സാറിന്റെ സാലറി അനുസരിച്ചായിരിക്കും എന്നുമാത്രം... സ്ത്രീ സ്വരം  ഇരെയേ പിടിക്കാന്‍ ഒരോ പ്രലോഭനങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. (പക്ഷെ ആ പാവം സ്ത്രീ അറിഞ്ഞിട്ടുണ്ടാവില്ല കടുവക്കൂട്ടില്‍ ഉറങ്ങുന്ന ചെന്നായുടെ അടുത്താണ് ഫോണിലൂടെ എത്തിപ്പെട്ടിരിക്കുന്നതെന്നു)

ജ്ജ് ഒരു കാര്യം ശെയ്യ്... 2 .. 3 ദിവസോം കഴിഞ്ഞു വിളിചോളീന്‍...,... നമ്മക്ക് ആലോശിക്കാം ന്ന്... 
അയാള്‍ അവളെ സമാധാനിപ്പിചു... 

ഫോണ്‍ വച്ചതും അയാളുടെ സുഹൃത്ത്‌ നസീര്‍ രാവിലത്തെ ചായകുടിക്കല്‍ ചടങ്ങിനായി അയാളുടെ റൂമിലേക്ക്‌ വന്നു. 'ഡേയ്  ചായകുടിക്കെണ്ടേ...എന്തോന്നുടെ ഫോണില്‍ ....' ?
ഒന്നും പറയണ്ട എന്റെ അളിയാ... രാവിലെ ഒരു ഐറ്റം ക്രെഡിറ്റ്‌ കാര്‍ഡിന് വിളിച്ചതാ - അയാള്‍ നസീര്‍നോട് പറഞ്ഞു.
ഹോ കഷ്ടം... അവളുടെ കാര്യം പോക്കാ,...ജീവിചു പോട്ടളിയാ. നിനക്ക് കോട്ടയം അച്ചായത്തിമാര്‍ പോരെടെ - നസീര്‍ അയാളോടായി പറഞ്ഞു. 
അഹ്.... ജീവിക്കട്ടെ...ഞാന്‍ അങ്ങോട്ട്‌ ഇടിച്ചു കേറിയതല്ലല്ലോ... ഇങ്ങോട്ട് വന്നതല്ലേ...?

'എന്തുവാ നസീര്‍ സാറും പോള്‍ സാറും കൂടി രാവിലെ ഒരു ചര്‍ച്ച....' അറ്റെന്‍ടെന്‍സ് രജിസ്റ്റര്‍ എടുക്കാന്‍ വന്ന തിരുവനന്തപുരംക്കാരന്‍ പ്യൂണ്‍ സുരേഷ് അവരോടായി ചോദിച്ചു

പോള്‍ സാറിന്റെ കുമിളി യാണ് സ്ഥലം അല്ലെ... സാരെ...? നസീര്‍ സാറിന്റെ സ്ഥലം അഞ്ചലും  അല്ലെ...? രണ്ടും നല്ല സ്ഥലങ്ങളാ അല്ലെ...? രണ്ടുപേരെയും സുഖിപ്പിക്കാനായിരിക്കണം സുരേഷ് അങ്ങനെ പറഞ്ഞത്. [കോട്ടയംകാരന്‍ പോളിന്റെ മലപ്പുറം ഭാഷയാണ്‌ ആ ബാങ്കിലെ സ്ത്രീ കേട്ടത്]

പിന്നെ അടി പൊളി അല്ലെ.... ആ കോട്ടയം മൊത്തത്തില്‍ ഞങ്ങടെ ഏരിയാ അല്ലെ...സുരേഷേ ഒരു ദിവസം അങ്ങ് പോരെ... നമ്മുക്ക് ഒരു കലക്ക് അങ്ങ് കലക്കാം...അടുത്ത രണ്ടാം ശനിയാഴ്ച അങ്ങോട്ട്‌ പോന്നേരെ... ടൌണില്‍ വന്നു റബ്ബറ് തൊമ്മിയുടെ വീടിലോട്ടു പോകണം എന്ന് പറഞ്ഞ മതി.... അയാള്‍  പറഞ്ഞു...
ബാക്കി നാട്ടുകാര് നോക്കിക്കോളും സുരേഷേ - നസീര്‍ കൂട്ടത്തില്‍ കേറി പറഞ്ഞു

സുരേഷ് അറിയാതെ ചിരിച്ചു പോയി... ധൃതിയില്‍ തിരിച്ചിറങ്ങാനായി വാതിലേക്ക് തിരിഞ്ഞതും.. പുറത്തു നിന്നും ആരോ അകത്തേക്ക് കയറുവാനായി ശക്തമായി വാതില്‍ തള്ളിത്തുറന്നതും ഒപ്പമായിരുന്നു. സുരേഷിന്റെ നെറ്റിയാണോ മിനുസമാര്‍ന്ന തലമുടി കൊഴിഞ്ഞ തലയാണോ ഇടിച്ചതെന്നു  അറിയില്ല...'പട്ക്കെ' എന്നൊരു ഇടിയൊച്ചയും 'അയ്യോ' എന്നൊരു മറുവൊച്ചയും...
അയാള്‍ക്കും നസീര്‍നും ചിരി അടക്കാനായില്ല.എങ്കിലും ഒരുവിധം അവര്‍ ചിരി അടക്കി സുരേഷിന്റെ അടുത്തേക്ക് ഓടിച്ചെന്നു. ഇടിയൊച്ചയും മുറവിളിയും കേട്ടാവണം വാതില്‍ തുറന്ന ആള്‍ തിരികെ പോയി. കുറച്ചു കഴിഞ്ഞു തലയും തടവി സുരേഷ് പുറത്തേക്കു നടന്നു പോയി ജോലിയില്‍ വ്യാപൃതനായി.

---------------------------
ആഴ്ച ഒന്ന് കഴിഞ്ഞു
---------------------------
ഉച്ചയൂണും കഴിഞ്ഞു വിശ്രമിച്ചിരുന്ന നസീര്‍നെയും വലിച്ചിഴച്ച് അയാളുടെ കാറില്‍ അവര്‍ രണ്ടുപേരും അല്പം ദൂരം പോയി. കാര്‍ പാര്‍ക്ക് ചെയ്തു XYZ123 ബാങ്കിലോട്ടു കയറി പോയി. പോകുന്നവഴി അയാള്‍ നസീറിനോടായി പറഞ്ഞു : അളിയാ ഒറ്റ അക്ഷരം മിണ്ടരുത്.... ചുമ്മാ മൂളി മൂളി നിന്നോണം. ഒന്നും പിടി കിട്ടാതെ നസീര്‍ അയാളെ അനുഗമിച്ചു.

അയാള്‍ കൌണ്ടറില്‍ പോയി എന്തോ പറഞ്ഞു തിരികെ നസീര്‍ന്റെ അടുത്ത് വന്നിരുന്നു.
ടെ എന്തുവാ സംഭവം - നസീര്‍ അയാളോടായി ചോദിച്ചു. അയാള്‍ ഒന്നും മിണ്ടിയില്ല. വെറുതെ ചിരിക്ക മാത്രം ചെയ്തു .

അപ്പോഴേക്കും ഒരു യുവതി അവരുടെ അടുത്തേക്ക് ഇടതു വശത്തെ ഗ്ലാസ്സും സ്റ്റീലും ചേര്‍ന്ന്  വൃത്താകൃതിയില്‍ ചെയ്തിട്ടുള്ള പടികളിലൂടെ മുകളിലത്തെ നിലയില്‍ നിന്നും ഇറങ്ങി വന്നു. സുന്ദരി..വലിയ കറുത്ത പൊട്ട് നെറ്റിയില്‍  പുരികങ്ങള്‍ക്ക് ഒത്ത നടുവിലായി ചാര്‍ത്തിയിരിക്കുന്നു.. മനോഹരങ്ങളായ കണ്ണുകള്‍ , കൂര്‍ത്ത മൂക്ക്... ഏകദേശം 5'  6" പൊക്കം. ഇളം മഞ്ഞ നിറത്തില്‍ ഇട്ടിരിക്കുന്ന ചുരിദാര്‍ അവള്‍ക്കു നല്ലത് പോലെ ഇണങ്ങുന്നതായി തോന്നി. നല്ലത് പോലെ പിന്നിയിട്ടിരിക്കുന്ന മുടിയായിരുന്നെങ്കിലും ഇരു വശത്ത് നിന്നും കണ്ണുകളിലേക്കു അലസമായി വീണു കിടക്കുന്ന കുറച്ച് മുടി അവള്‍ക്കു സൗന്ദര്യം കൂടുതല്‍ നല്‍കുന്നത് പോലെ തോന്നി....അവള്‍ പൂശിയിരിക്കുന്ന സുഗന്ധം അവിടെയെങ്ങും പരന്നു [ഇതൊക്കെ തോന്നിയത് അയാള്‍ക്കായിരുന്നു]

നസീര്‍നു ഒരു പിടിയും കിട്ടാതെ അയാളെയും അവളെയും മാറി മാറി നോക്കി. പെട്ടെന്ന് നസീര്‍ന്റെ മനസ്സില്‍ കഴിഞ്ഞ ആഴ്ച അയാള്‍ പറഞ്ഞത് ഓര്‍മ്മ വന്നു. 'ക്രെഡിറ്റ്‌ കാര്‍ഡ്'. . .
ഹോ !  ഇവന്‍ എന്ത്  മറിമായമാണ് കാണിച്ചത് - നസീര്‍ മനസ്സില്‍ ദീര്‍ഖനിശ്വാസം വിട്ടു.

വന്ന യുവതി സ്വയം പരിചയപെടുത്തി. ഞാന്‍ നീലിമ...ഒരു ചെറുചിരിയോടെ അവള്‍ ചോദിച്ചു :  പോളിന്റെ ഫ്രെണ്ട്സ് ആണ് അല്ലെ...
നസീര്‍ന്റെ കണ്ണുകള്‍ പുറത്തേക്കു വന്നു അവളുടെ ചോദ്യം കേട്ടപ്പോള്‍  ,. നസീര്‍ വളരെ ബുദ്ധിമൂട്ടുന്നത് കണ്ടു അയാള്‍ നീലിമയോടായി പറഞ്ഞു....
പോള്‍ന് നിലീമയെ കാണാന്‍ ഒരു ചമ്മല്‍ , അതാണ് ഞങ്ങളെ പറഞ്ഞു വിട്ടത്.

അവളുടെ കണ്ണുകള്‍ നിറയുന്നത് നസീര്‍ ശ്രദ്ധിച്ചു... ഒരു ഫോണ്‍ കോള്‍ വന്നു അയാള്‍ എഴുന്നേറ്റ് കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു. നസീര്‍ ഒരു ലോല ഹൃദയനായത് കൊണ്ടോ അതോ അവനു പണി കൊടുത്തതാണോയെന്നു അറിയില്ല.
നസീര്‍ നിലീമയോട് പറഞ്ഞ് - ദോ ലവന്‍ ആണ് കക്ഷി. പേര് പോള്‍ മാത്യു. സര്‍വേ ഡിപ്പാര്‌ട്ട്മെന്റ്റിലെ സീനിയര്‍ ലാന്‍ഡ്‌ സര്‍വേയര്‍ ,... കോട്ടയത്ത്‌ നിന്നും കുറ്റിയും പറിച്ചോണ്ട് പോന്നിരിക്കുവാ അവന്‍., ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ഞാന്‍ അവന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌.., ഞാന്‍ കല്യാണം കഴിച്ചിട്ട് ഇല്ല. പേര് ഇബ്രാഹിം നസീര്‍ ...
കിട്ടിയ അവസരത്തില്‍ നസീര്‍ ഗ്യാപ്പില്‍ ഇടിച്ചു കയറാന്‍ ഒരു വിഫല ശ്രമം നടത്തി. അപ്പോഴും അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടേയിരുന്നു. നിലീമയുടെ കണ്ണുകള്‍ ജ്വലിക്കുന്നത് നസീര്‍നു കാണാമായിരുന്നു.
----------------------------------------------------------------------------------------------------------------------------------------
കഥ ഇവിടെ അവസാനിക്കുന്നില്ല.....അത് തുടരന്നു... ഭൂമി ഉരുണ്ടതല്ലേ....കഥയും ഉരുളട്ടെ. 

[സുഹൃത്തുക്കള്‍ ആയാല്‍ ഇങ്ങനെ വേണം - ഇത് ഒരു നടന്ന കഥയാണ്...... ]







20 Feb 2013

" വിശ്വാസം അത് അല്ലെ എല്ലാം "

" വിശ്വാസം അത് അല്ലെ എല്ലാം " - വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനഹൃദയങ്ങളിലേക്ക് ആഴത്തില്‍ പതിഞ്ഞ ഒരു പരസ്യവാചകം....

എന്നാല്‍ ശരിക്കും എന്താണിത്  (പരസ്യത്തെ കുറിച്ചല്ല - എന്‍റെ ചോദ്യം 'വിശ്വാസംയെന്ന  സത്യത്തെ' കുറിച്ചാണ്.) ...അതിന്‍റെ ശരിയായ അര്‍ത്ഥം എന്താണെന്ന് പോലും ചിന്തിക്കാന്‍ കഴിയാതെ വെറും യാന്ത്രികമായിപ്പോയോ ഇന്നത്തെ സമൂഹം...(അതിന്‍റെ അര്‍ത്ഥങ്ങള്‍ തിരിച്ചറിയുന്നവരുമാകാം കൂടുതല്‍ ) എന്തുകൊണ്ടോ കണ്ടുമുട്ടുന്ന പലരും പൂര്‍ണതയില്‍ എത്തുന്നതിനു മുന്‍പ് തന്നെ പാതി വഴിയില്‍ എന്നില്‍ നിന്നും യാത്ര അവസാനിപ്പിക്കുന്നു...ഒരു പക്ഷെ തോന്നലാവാം...തെറ്റിദ്ധാരണയുമാവാം...അതുമല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയ രീതികളിലെ പാകപിഴയുമാകാം.

"വിശ്വാസം" അത് ഒരു അവസ്ഥയായി കാണുന്നതാണ് ശരിയെന്നു എനിക്ക് തോന്നാറുണ്ട്...വ്യക്തി ബന്ധങ്ങള്‍ കൂട്ടി ഉറപ്പിക്കാന്‍ വേണ്ടുന്ന വികാരം, അല്ലെങ്കില്‍ വേറിട്ട്‌ ചിന്തിച്ചാല്‍  വൈകാരികത നിറഞ്ഞ തലങ്ങളിലേക്ക് മാറാന്‍ വേണ്ടി വരുന്ന മനസ്സിന്‍റെ സമയക്രമത്തിന്‍റെ അവസ്ഥയുമാകാം "വിശ്വാസം". കാലികമായ മാറ്റങ്ങള്‍ക്കു അടിമപ്പെട്ട മനുഷ്യസമൂഹം ബന്ധങ്ങളുടെ വിലയും ആഴവും ഒരു മന:ശാസ്ത്ര അളവ് കോലില്ലും അളന്നുയെടുക്കാനാകത്ത വിധം മാറ്റിയെഴുതപ്പെട്ടു കഴിഞ്ഞു... ചിലപ്പോള്‍ മാറിവരുന്ന സാഹചര്യ സമ്മര്‍ദ്ധങ്ങള്‍ ഒരു കാരണവുമാകാം...മറ്റു ചില ബന്ധങ്ങള്‍ ഒരിക്കലും മുറിച്ചുമാറ്റുവാനാകാത്ത  വിധം ഇഴുകിചേര്‍ന്നിരിക്കുന്നു. അത് വിശ്വാസത്തിനു അടിസ്ഥാനമാക്കിയാണോ അതോ പരസ്പരം "മനസ്സ്" വായിക്കാന്‍ കഴിവുള്ളത് കൊണ്ടോ...?

കാമുകനു കാമുകിയോടുള്ള വിശ്വാസം, ഭര്‍ത്താവിനു ഭാര്യയോടുള്ള വിശ്വാസം, കൂട്ടുകാരിക്ക് കൂട്ടുകാരനോടുള്ള വിശ്വാസം, മാതാപിതാക്കള്‍ക്ക്‌ മക്കളോടുള്ള വിശ്വാസം - ഇതിന്‍റെയെല്ലാം  മൂലാടിസ്ഥാനം വിശ്വാസമെന്ന അവസ്ഥയില്‍ പടുത്തുയര്‍ത്തപെട്ടതാണെങ്കിലും ബന്ധങ്ങള്‍ക്ക്  അനുസൃതമായി അല്ലെങ്കില്‍ സാഹചര്യത്തിന് അനുസൃതമായി മാറുന്നു...മാറ്റപ്പെടുന്നു.

മേല്‍ സൂചിപ്പിച്ച ബന്ധങ്ങള്‍ എല്ലാംതന്നെയും അതിന്‍റെതായ പവിത്രതയില്‍  സംയോജിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ചിലത് താല്‍കാലികം...ചിലത് ശാശ്വതം. സങ്കീര്‍ണമായ മനുഷ്യമനസ്സില്‍ എന്താണ് സംഭവിക്കുന്നതയെന്നു പ്രവചിക്കുക തന്നെ അസാധ്യം. ചില ബന്ധങ്ങള്‍ വ്യക്തികളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട പോലെയാണ്...തന്‍റെ പങ്കാളിയുടെ വികാരങ്ങളിലെ വ്യതിയാനങ്ങള്‍ ചിന്തിച്ചു തീരുന്നതിനു മുന്‍പേ മനസ്സിലാക്കാന്‍ അസാമാന്യ കഴിവ് ഉള്ളവരാണ് അവര്‍.
മറ്റുചിലരാകട്ടെ എത്ര കാലം അടുത്ത് കഴിഞ്ഞാലും തമ്മില്‍ മനസ്സിലാക്കാന്‍ പറ്റാതെ ശ്വാസം മുട്ടിയ പോലെയായിരിക്കും വിചാരങ്ങളും പ്രവര്‍ത്തികളും.
 ................................... ........................................ .......................................
പറഞ്ഞു വരുന്നത് എന്താണയെന്നു ഞാന്‍ മറന്നു പോയി... അധികം ഒന്നും ആരോടും അടുക്കാത്ത ഞാന്‍ അടുക്കുന്നവരോട് ഒരുവിധം ആത്മാര്‍ഥതയോടെ മാത്രമേ...... നിന്നിട്ടുള്ളൂ.[വെറുതെ....ചുമ്മാ]
(ഇത് ഞാന്‍അല്ലെ പറഞ്ഞത് )... പക്ഷെ അവര്‍ പറയുന്നത് അങ്ങനെ അല്ല...

'നിന്നെ എങ്ങനെയാണ് വിശ്വസിക്കുക... '  ?
'നീ പറയുന്നത് ഒന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല... '
'നീ ആത്മാര്‍ഥമായിട്ട് ആണോ കൂടെ നില്‍ക്കുന്നത്...' ?
.......................... ........................ .......................... .......................... .....................

വിശ്വാസം - അത് അല്ലെ എല്ലാം....? ഇത് കേള്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ക്കും ....

എന്താണ് ഈ "വിശ്വാസം" ?
എന്താണ് ഈ "ആത്മാര്‍ഥത " ?

എന്‍റെ  തെറ്റോ... ഞാന്‍ ചിന്തിക്കുന്നതോ തെറ്റ്...?
എനിക്ക് ഇതേ വരെ മനസ്സിലായിട്ടില്ല...












"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...