26 Nov 2012

ന്യൂ  ജനറേഷന്‍ ടെക്നിക്ക്സ് 

[അല്പം ഫ്ലാഷ് ബാക്ക് ]

എന്റെ സ്കൂള്‍ പഠന കാലങ്ങളില്‍ ...''പരീക്ഷയെ'' പരീക്ഷണങ്ങളായി കണ്ടിരുന്ന അസാധാരണ തലമുറയിലെ ഒരു സാധാരണ കുട്ടിയായി ആണ് ഞാനും വളര്‍ന്നു വന്നിരുന്നത്...[നക്ഷ്ടപ്പെട്ടു പോയ ബാല്യം 80കള്‍ ]

എന്റെ മിഡില്‍ സ്കൂളില്‍ , സമര്‍ത്ഥര്‍ , ഉഴപ്പാളികള്‍ , തിരുമണ്ടന്മാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 'ഞങ്ങള്‍ പൈതങ്ങളെ' വേര്‍ തിരിച്ചിരുന്നു...ഈ മൂന്ന് വിഭാഗങ്ങളിലും ഞാന്‍ മാറി മാറി നില കൊണ്ടിരുന്നെങ്കിലും മിക്കപോഴും നടു ഗണത്തില്‍ തന്നെയായിരുന്നു മുദ്ര കുത്തപ്പെട്ടിരുന്നത്...തമിഴില്‍ മേല്‍ പ്രതിപാദിച്ച നടു ഗണം ' എല്ല് മുറിയെ പണി എടുത്തു ജീവിക്കുന്നവന്‍ ' എന്നായിരുന്നു...ദേശം മാറുമ്പോള്‍  വാക്കുകള്‍ കടം എടുക്കപ്പെട്ടാലും അര്‍തഥങ്ങള്‍ മാറുന്ന കാര്യം നാം മറന്നു പോകുന്നു...[എന്തെങ്കിലും ആകട്ടെ]

ഒരു തുണി സഞ്ചിയില്‍ കുറെ പുസ്തകങ്ങളും, ' പൂമ്പാറ്റയില്‍ ' നിന്നും വെട്ടി എടുത്ത ഒരു ടൈംടേബിള്‍ കാര്‍ഡും [ഡ്രില്‍ ക്ലാസും, ഡ്രോയിംഗ് ക്ലാസും നല്ലതുപോലെ മന:പാഠം,എന്നാലും ഒരു സമാധാനത്തിനു വേണ്ടി മാത്രം], പിന്നെ 'അമ്മ' രാവിലെ തന്നെ, ഉച്ചക്ക് കഴിക്കാനായി തന്നു വിടുന്ന ചൂട് വിട്ടു മാറാത്ത ചോറും ചമ്മന്തിയും മുട്ട പൊരിച്ചതും [മിക്കപോഴും] എന്നെക്കാളും വലുപ്പമുള്ള സ്റ്റീല്‍ പാത്രത്തില്‍ നിറച്ചു വച്ച്  [ഓര്‍ക്കുമ്പോള്‍ ആ രുചി മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു..ആ മണവും],തോളത്ത് തൂക്കിയിട്ട് 3 കിലോമീറ്ററോളം നടന്നു ഓടി കിതചെത്തിപ്പെട്ടിരുന്നു, 'പഠിക്കാനായി' മാത്രം...എന്നിട്ടാ ഞാന്‍ ആ നടു ഗണത്തില്‍ അകപപ്പെട്ട് പോയത്...

വാദ്ധ്യന്മാര്‍ 'അടിച്ചു' 'പൊളിച്ചു' പ്രഘോഷണം നടത്തുമ്പോഴും കണ്ണുകള്‍ അവരില്‍ തന്നെയായിരിക്കും...പക്ഷെ മനസ്സ് പാറി പറന്നു നടക്കുന്നുണ്ടാവും എവിടെക്കെങ്കില്ലും...
' അടുത്ത വര്‍ഷം എന്തൊക്കെയായിരിക്കും പഠിക്കാനുള്ളത് '
ഹോ !...ഒരു വയസ്സ് കൂടി മൂത്തത് ആവുമല്ലോ...
[ഇപ്പൊള്‍ വയസ്സ് പിന്നോലോട്ടാക്കാന്‍ പണി 18 ഉം നോക്കി - രക്ഷ ഇല്ല]..അങ്ങനെ അങ്ങനെ പോകും ചിന്തകള്‍ ....

ഓണ പരീക്ഷ...ക്രിസ്മസ് പരീക്ഷ...വാര്‍ഷിക പരീക്ഷ...അങ്ങനെ മാത്രം ചിട്ടപെടുത്തിയായിരുന്നു എന്റെ സ്കൂള്‍ കാലഘട്ടം...പരീക്ഷാ സമയങ്ങളില്‍ ഇപ്പോഴത്തെ മറവി പണ്ടേ ഉള്ളത് കൊണ്ട് റഫറന്‍സ് കടലാസ്സും എടുത്തും പരസ്പരം ചര്‍ച്ചകള്‍ ചെയ്തും ആശയങ്ങള്‍ കൈ മാറിയും....(എങ്ങനെ...എങ്ങനെ...പിന്നെന്ന..............!!) ????
[അങ്ങനെ ഒക്കെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു ആ നാളുകളില്‍ ...]

പക്ഷെ, ആ പരീക്ഷാ നാളുകളില്‍ മേല്പ്പോട്ടും കീഴോട്ടും പരീക്ഷ ഹാളിന്റെ ജനലില്‍ കൂടി പുറത്തേക്കു...നീലാകാശത്തിലെ വെളുത്ത മേഘപാളികളെ നോക്കിയും, കിളികളുടെ കലപില ബഹളങ്ങള്‍ കേട്ടും, പൊട്ടി പൊളിഞ്ഞ സൈക്കിള്‍ ഷെഡ്‌ഡിന് താഴെ സുഖനിദ്രയില്‍ ആണ്ടു കിടക്കുന്ന നായെ നോക്കിയും, തെങ്ങിലേക്കു തേങ്ങ ഇടാന്‍ കയറുന്ന ആളിന്റെ വെട്ടുകത്തി ആളുടെ അരയില്‍ തൂങ്ങി ആടുന്നത് വിസ്മയത്തോടെ കണ്ടും, സ്കൂളിന്റെ പിറകിലെ പൊട്ടി പൊളിഞ്ഞ ടാര്‍ വഴിയില്‍ കൂടി മീനക്കാരന്‍ കൂക്ക വിളിച്ചു കൊണ്ട് പോകുന്നതിനോടൊപ്പം തന്റെ സൈക്ലില്ലിലെ മണിയോച്ച മുഴക്കുന്നത് കണ്ടും കേട്ടും നന്നായി ആസ്വദിച്ചായിരുന്നു ഞാന്‍ പരീക്ഷ ഹാളില്‍ വെള്ള പേപ്പറുകളുടെ എണ്ണം കൂട്ടി ഇരുന്നത്...[അത് കൊണ്ട് പേപ്പറിന്റെ തൂക്കം വളരെ കുറവേ ഉണ്ടാകാര്‍ ഉള്ളു ]
.................................................................................................
ഒടുക്കം പക്ഷെ 'വാദ്ധ്യാന്മാരെ' ഒന്നടങ്കം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് പ്രൊഫഷണല്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി സ്വന്തം വഴി [ദൈവാനുഗ്രഹം] എനിക്ക് തെരഞ്ഞെടുക്കാനായി...[അത് വേറെ കഥ, അത് വിടു...]

തല്ക്കാലം ഫ്ലാഷ് ബാക്ക് ഇവിടെ നിര്‍ത്തുന്നു....


ഞാന്‍ പറയാന്‍ ഉദേശിച്ചത്‌...,...ഇന്നത്തെ ചെറു തലമുറയെ ഞെക്കി പിഴിഞ്ഞ് ഞവുടി ചാര്‍ എടുത്തു എങ്ങോട്ട് ആണ് നമ്മള്‍ [ഞാനും ഉണ്ടേ] ഓടുന്നത്...അവരും അറിയേണ്ടെ ശരിക്കുള്ള ലോകം എന്താണ് എന്ന്...?
സ്വപ്നത്തില്‍ പോലും ചിന്തിക്കനാകാത്ത വിപ്ലവകരമായ മാറ്റങ്ങളിലൂടെ പിറന്ന 'ഡിജിറ്റല്‍ യുഗം' നമ്മുടെ ചിന്ത ശക്തിയെ പോലും മരപിവിപ്പിച്ചു കഴിഞ്ഞു...

അവര്‍ ഉണരുന്നത് തന്നെ കൈയ്യില്‍ ഉള്ള ' കോപ്പുകള്‍ ' കളുടെ പരിപ്പ് എങ്ങനെ ഇളക്കാം എന്ന് ചിന്തിച്ചു കൊണ്ടായിരിക്കും...എന്തായിരിക്കും ഇന്ന് പുതുതായി കടകളില്‍ ഇറങ്ങിയിട്ട് ഉണ്ടാവുക...അങ്ങനെ മാത്രമേ ചിന്തിക്കാന്‍ ആകു...[ഒരു പക്ഷെ പ്രവാസ ലോകത്തില്‍ മാത്രം ആയിരിക്കാം...നാട്ടില്‍ അങ്ങനെ അല്ലെങ്കില്‍ സദയം ക്ഷമിക്കുക, എന്റെ അജ്ഞതയാവും...]

[അയല്‍ക്കാരന്റെ പശുവിനു പുല്ലു പറിച്ചു അതിന്റെ വായില്‍ വച്ച് കൊടുത്തും...മാങ്ങ എറിഞ്ഞു വീഴ്ത്തിയും (മിക്കപോഴും അടുത്ത വീടിലെ ഓടു പൊട്ടുന്ന ഒച്ച കേള്‍ക്കുമ്പോഴേക്കും ഞാന്‍ മൈലുകള്‍ ദൂരെ എത്തിയിട്ടുണ്ടാവും)...പട്ടം പറത്തിയും...കായലോരത്ത് ചൂണ്ട ഇടുന്ന മഹാന്മാരെ നോക്കി നിന്നും കടന്നു പോയാ ആ ബാല്യം...ഇന്ന് ആരൊക്കെ അറിഞ്ഞിട്ടുണ്ടാവും...]

ഈ പറയുന്ന ഞാനും, എന്റേതായ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി (മുഴുവനായി അങ്ങനെ പറയാനാകില്ല) മറ്റൊരു ദേശത്ത് പറിച്ചു നട്ടപ്പെട്ടപോള്‍ എന്റെ മകനും, ഈ ഗൃഹാതുര ചിന്തകൾ അന്യമായി...ഞാന്‍ തന്നെ കാരണം..ഒരു കുറ്റബോധം എന്റെ ഉള്ളിലും ഉണ്ട്...ഇതെല്ലാം പറയാനും ചിന്തിക്കാനും കാരണം വളരെ പ്രസിദ്ധമായ ഒരു ദ്വൈവാരികയില്‍ അടുത്തിടെ വന്ന ഒരു ലേഖനത്തില്‍ അക്കങ്ങളിട്ട് പരമാര്‍ശിക്കപെട്ട ഒരു ഭാഗം തമാശ ആയി തോന്നി...ഞാന്‍ അതില്‍ ഒരെണ്ണത്തില്‍ അടി വരയിട്ടിരിക്കുന്നത് ഒന്ന് ഓടിച്ചു വായിച്ചു നോക്കിയാല്‍ മാത്രം മതി മനസ്സിലാവും...[മുകളില്‍ കൊടുത്തിരിക്കുന്നു]

എന്തിനാണ് ഇങ്ങനത്തെ ഒറ്റമൂലികള്‍ നമ്മുക്ക്...?
ഒരു പക്ഷെ നക്ഷ്ടമായി എന്ന് കരുതുന്ന അല്ലെങ്കില്‍ അന്യം നില്‍ക്കുകയോ മറന്നു പോയതോ ആയ ഗൃഹാതുര ചിന്തകൾക്ക് പകരമായ പാഠ്യ പദ്ധതികള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്ന ഇന്നത്തെ കാലഘട്ടതിന്നു പുറത്ത് നിന്നും ഒരു ബലത്തിന് വേണ്ടിയോ...?
അങ്ങനെ അച്ചടിച്ച്‌ കിട്ടുന്ന മാര്‍ഗ നിര്‍ദേശങ്ങള്ളില്‍ കൂടി കിട്ടുന്ന അറിവാണോ നാം നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ?
അങ്ങനെ അക്കങ്ങളിട്ടു നിരത്തി വര്‍ണ്ണിച്ചാല്‍ നമ്മള്‍ എല്ലാവരും അത് പോലെ തന്നെ പ്രവര്‍ത്തിക്കുമോ ? എന്തിനാണ് ചോദ്യ പേപ്പര്‍ ഇത്ര പ്രാധാന്യത്തോടെ...വര്‍ണ്ണിക്കുന്നത് ?
ഓര്‍മശക്തി കൂട്ടാനുള്ള ഒറ്റമൂലിയോ ?
അത് വായിച്ചു നോക്കിയാല്‍ ടെന്‍ഷന്‍ ഇല്ലാത്തവനും ടെന്‍ഷന്‍ അടിച്ചു പോകും...ഇത്തരം നിര്‍ദേശങ്ങള്‍ ഇന്നത്തെ തലമുറയെ സഹായിക്കുമോ...?
അവരത് അനുസരിച്ച് സഹിച്ചു പ്രവര്‍ത്തിക്കുമോ...?
ഒരു പിടി ചോദ്യങ്ങള്‍ മാത്രം ആണ് എന്റെ മറുപടി...

ആവോ....എനിക്ക് എന്തോ..അത് അങ്ങോട്ട്‌ പിടിച്ചില്ല...ഞാന്‍ വായിച്ചപ്പോ എനിക്ക് തോന്നിയത് ഇങ്ങനെ ആണ്...
[1] ഒന്നോടിച്ച് - സൈക്കിളോ, കാറോ, ബൈക്കോ..എന്തുമാകാം 
[2] ആഹ്ലാദിക്കുക - കൈ അടിച്ചും അവനവന്റെ സൗകര്യംപോലെ 
[3] തലകുത്തി വീഴാതെ - അത്രയ്ക്ക് ബലം ഇല്ലാതെ ആവുമോ...?
[4] സമയം വിഭജിക്കുക - കാല്‍ക്കുലെട്ടര്‍ കണിശമായും വേണം 
[5] 5 മുതല്‍ 10 മിനിട്ട് വരെ - എല്ലാം മറന്നു ക്ലോക്ക് നോക്കിയിരിക്കണം 
[6] പഠിച്ചതെല്ലാം മറന്നു - പുസ്തകം മുഴുവനും അപ്പോള്‍ ഓര്‍ക്കണം

അങ്ങനെ....വ്യഖ്യാനിക്കാനാണ് എനിക്ക് തോന്നുന്നത്...എന്റെ കാഴ്ചപാടുകള്‍ പൂര്‍ണമായും ശരിയാണ് എന്ന് ഞാന്‍ അവകാശപെടുന്നില്ല...ബലപെടുത്തിയോ ഇത്തരം ലേഖനങ്ങള്ളില്‍ കൂടിയോ നമ്മുക്ക് അവരെ മാറ്റുവാന്‍ ആകുമോ..?
നമ്മള്‍ കടന്നു വന്ന വഴികളില്‍ [എന്റെ വഴികള്‍ അല്ല] കൂടി അല്ലെങ്കില്ലും അവരും മനസ്സ് തുറന്നു സന്തോഷിച്ചു വളരട്ടെ...ഇത് പൂര്‍ണമായും എന്റെ കാഴ്ചപാട് മാത്രം ആണ്...

ഞാന്‍, എന്റെ മകനോട്‌ ഒന്ന് മാത്രമേ പറയാറുള്ളൂ...എപ്പോഴും.

"മുഴുവനായും പഠിച്ചില്ലെങ്കില്ലും പഠിച്ചതില്‍ അശ്രദ്ധ കൊണ്ട് തെറ്റ് വരുത്തരുത്..."
'ഓക്കേ അപ്പാ'...അവന്‍ തിരിച്ചു എനിക്ക് തരുന്ന വാക്ക്...അത് മതി എനിക്ക്...

അത് അല്ലെ ശരി...അങ്ങനെ അല്ലെ വേണ്ടത്....?
[എന്റെ ശരി നിങ്ങളുടെ ശരി ആകണം എന്നും ഇല്ല..അല്ലെ?]



19 Nov 2012



ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ 'ടിജോ'....


''കോണ്‍ഫിടെന്‍സ്'' അല്ലെങ്കില്‍ ''ദൃഢ നിശ്ചയം'' എന്നാ വാക്കിന്‍റെ അര്‍ഥം ഞാന്‍ ശരിക്കും മനസ്സിലാക്കിയതും കണ്ടതും എന്‍റെ വിരലില്‍ എണ്ണാവുന്ന  വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആയ 'ടിജോ'യില്‍ നിന്ന് ആണ്.

ഒരു പക്ഷെ സൂര്യന്‍ പടിഞ്ഞാര്‍ ഉദിച്ചാല്ലും...കാലാവസ്ഥ വ്യതിയാനങ്ങള്‍
മാറി വന്നാല്ലും പരിണാമപ്രക്രീയകള്‍ക്ക്‌ മാറ്റം വന്നാല്ലും അചന്ജലമായ  മനസ്സിന് ഉറവിടം ആണ് അവന്‍......,...

എഞ്ചിനീയറിംഗ് പഠന കാലഘട്ടത്തില്‍, അപക്വമായ മനസ്സ് പാകപ്പെട്ടു വന്നിരുന്ന നാളുകളില്‍, തീരുമാനങ്ങള്ളിലും അഭിപ്രായങ്ങള്ളിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുവാന്‍ ഞാന്‍ അടങ്ങുന്ന 9 പേരോടും [(ആണുങ്ങളോട് മാത്രം) പെണ്‍ക്കുട്ടികള്‍ അടക്കം മൊത്തം 18 പേര്‍, 10 ആണുങ്ങളളില്‍ ഒരാള്‍ ആര്‍ക്കി പഠനം മതി ആക്കി വേറെ ഒരു എഞ്ചിനീയറിംഗ് മേഘലയില്‍ കടന്നു കൂടി...]  ആക്ഞാപിച്ചും  ആക്രോശിച്ചും പ്രകോപനപരമായ വാക്കുകള്ളില്‍ കൂടിയും ആവശ്യം എങ്കില്‍ തലയ്ക്കു പിന്നില്‍ കൊട്ട് തന്നും പിടലിക്ക് കുത്ത് തരാന്‍ മടിക്കാത്ത വിവേകത്തോട്‌ ഉള്ള പെരുമാറ്റവും...ചൂണ്ടു വിരല്ലില്‍ നിര്‍ത്തി ഞങ്ങള്ളില്‍ പലരുടെയും തല വിധി തന്നെ മാറ്റുവാന്‍ ധൈര്യം കാണിച്ച ഹിപ്പോക്രാറ്റ് എന്നും ഹിറ്റ്ലര്‍ എന്നും അപരനാമങ്ങള്ളില്‍ [പെണ്‍കുട്ടികളുടെ ഇടയില്‍ ] അറിയപ്പെട്ടിരുന്ന സത്യത്തില്‍ കളങ്ക പെടാത്ത ഒരു ഹൃദയത്തിന്നു ഉടമ ആണ് വൈക്കത്ത് നിന്നും വന്ന ടി.വി പുരത്ത്ക്കാരന്‍ 'ടിജോ '...

ഇന്നും...വര്‍ഷങ്ങള്‍ പലതും കടന്നു പോയെങ്കിലും അവന്‍...., യാതൊരു മാറ്റങ്ങളും വന്നിട്ട് ഉണ്ടാകില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു...[ഞങ്ങളുടെ ഇടയില്‍ , ഞാന്‍ അടക്കം ബാക്കി എല്ലാവരും പാഴായി എന്ന് ഉദ്ദേശിച്ചിട്ടു ഇല്ല...കളങ്കം എന്നാ വാക്കിന് ഒരു അര്‍ഥം മാത്രം കാണരുത്...അഹങ്കാരം, ആക്രാന്തം, കാമം, അസൂയ, വിദ്വേഷം, കുതന്ത്രം...അങ്ങനെ പല അര്‍ത്ഥങ്ങള്‍ ആ വാക്കുമായി സാമ്യപ്പെടുത്താം ബന്ധപെടുത്താം ...ഇതില്‍ ഏതെങ്കിലും ഒന്നില്‍ ഞാനും ബാക്കി സുഹൃത്തുക്കളും അടിമകള്‍ ആയിട്ട് ഉണ്ടാവാം..ആയിരിക്കാം (ഉറപ്പില്ല)...]

പക്ഷെ ഹിറ്റ്ലര്‍  (ഞാന്‍ ഒത്തിരി ഇഷ്ട്ടപെടുന്നു, അവനെ അങ്ങനെ വിളിക്കാന്‍)),..) അല്ലെങ്കില്‍ 'ടിജോയെ' നിസംശയം ഞാന്‍ മേല്‍  സൂചിപ്പിച്ച ഗണങ്ങളില്‍ നിന്നും ആദ്യ വിധിയില്‍ തന്നെ ഒഴിവാക്കും...ശക്തമായ അസൂയ എനിക്ക് അവനോടു ഉണ്ട് തന്നെ കൂട്ടിക്കോളു...

...........................................
''ആര്‍ക്കി പഠന വിഷയം'' ഒരു വിഷയമായി എടുത്തു...തലകുത്തി നിന്ന് രാത്രികളെ പകലുകളാക്കിയത് മറക്കാന്‍ ആകില്ല...കടലാസ്സുകള്‍ക്കു വരകള്‍ കൊണ്ട് ജീവനും അര്‍ത്ഥവും ഉണ്ടാക്കി എടുക്കുവാന്‍ വിധിക്കപ്പെടുന്ന രാത്രികള്ളില്‍ വീട്ടില്‍ നിന്നും അത്താഴവും കഴിഞ്ഞു 1:80p മുടക്കി സര്‍ക്കാരിന്‍റെ ഓര്‍ഡിനറി ബസ്സില്‍ ഞാന്‍ കരിക്കോട്, വന്നിറങ്ങി ഒന്നാം നിലയിലെ ഹോസ്റ്റെല്‍ മുറിയില്‍ 9:30നോ  10നോ  പ്രവേശിക്കുമ്പോ പുതപ്പിന് അടിയില്‍ സുഖ നിദ്രയിലായിരിക്കും അവന്‍......,...ഒരു മണിക്കൂറോളം നിര്‍ത്താതെ ഉള്ള എന്‍റെ  അസഹനീയമായ 'ചൊറിച്ചില്ലിനു' ഒടുവില്‍... പുതപ്പിന് അടിയില്‍ തല പുറത്തേക്കു ഇട്ടു വളരെ ദയനീയമായി...ചുമന്ന കണ്ണുകള്‍ തിരുമ്മി തുറന്നു കട്ടിലിന്‍റെ വശത്തുള്ള മതില്ലില്‍ ചാരി ഇരുന്നു കഷ്ടപ്പെട്ട് എന്നോടോയി പറയും...

'ഡാ ചക്കരെ ഒരു അര മണിക്കൂര്‍'....പ്ളീസ്...! നമ്മുക്ക് വരക്കാം...നീ ഒരു കട്ടന്‍ അടിച്ചിട്ട് വാ...
[കട്ടന്‍ അടിക്കാന്‍ മൂഡ്‌ ഇലെങ്കില്ലും ഞാന്‍ റൂമില്‍ ഉണര്‍ന്ന് ഇരിക്കുന്ന മറ്റു രണ്ടു എണ്ണത്തിനെയും പൊക്കി അര്‍ദ്ധരാത്രി ഹോസ്റ്റല്‍ ഗേറ്റ് ചാടി കടന്നു കരിക്കോട് തട്ട് കടയിലെ ബെഞ്ചിലും തിണ്ണയിലും ഇരുന്നു മേപ്പോട്ടു വാനതോട്ടു നോക്കി ഇരിക്കുന്നത് എല്ലാം ഇന്നും ഓര്‍മ്മകളില്‍ ഇന്നലെ നടന്ന പോലെ...]
............................................

പലകുറി തോല്‍വിയുടെ രുചി ഞാന്‍ അറിഞ്ഞിട്ടു ഉണ്ടെങ്കില്ലും അവന്‍  ആ രുചി അറിഞ്ഞിട്ടു ഇല്ല...[വീണ്ടും അസൂയ...]

കോളേജ് പഠനം കഴിഞ്ഞു ആര്‍ക്കിടെക്ചര്‍ ബിരുദം എടുത്ത്...ട്രാക്ക് മാറി സാമ്പത്തിക ശാസ്ത്രത്തിലൂടെ അവന്‍ മറ്റൊരു ലോകത്തേക്ക് സ്വയം പറിച്ചു നടപെടുകായിരുന്നു...[എന്‍റെ അസൂയക്ക്‌ പരിധി ഇല്ലല്ലോ ...]

സ്വന്തം പ്രയത്നം...അത്..ഒന്ന് കൊണ്ട് മാത്രം, ലോകത്തിന്‍റെ പരമോന്നത പീഠം സ്ഥാപിതമായ രാജ്യത്ത്, അവന്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്നത്...അവിടം വരെ എത്തി എന്ന് വച്ച് നാടും വീടും മറന്നു വേഷ വിധാനങ്ങള്‍ മാറി എന്ന് ഒരിക്കലും കരുതരുത്... ഒരു അവധിക്കു വന്നാല്‍ പാശ്ചാത്യ ജാടകള്‍ ലവലേശം പോലും കാട്ടാതെ ഒരു സാധാരണ മനുഷ്യനായി നടന്നു വരുന്നത് കണ്ടാല്‍ ആരും  ഒന്ന് സംശയിച്ചു പോകും...
'ഇവന്‍ അമേരിക്കകാരന്‍ തന്നെ ആണോ'...'ഇത് എന്ത് മനുഷ്യന്‍...'...? [അതിനും വേണമെ ഒരു മനസ്സ്...!]
[ഞാന്‍ ഇല്ലാത്ത ജാടയും പുറം മോഡിയും കാട്ടി...വാടകയ്ക്ക് വണ്ടി എടുത്താ  നടക്കാര്‍....,....  (ഗള്‍ഫില്‍ നിന്നും എന്‍റെ ആദ്യത്തെ വരവിനു 2008യില്‍ മാത്രമേ അങ്ങനെ ഉണ്ടായിരുന്നുള്ളു...പിന്നെ ആ കൃമി കടി കുറഞ്ഞു... ) കാരണം ഗള്‍ഫിലെ ജോലി പല കുറി തെറിച്ചു പോയെ...വിനയം (അതിന്‍റെ  അര്‍ഥം എന്‍റെ നിഘണ്ടുവില്‍ ഇല്ലാന്നാ എന്നെ അറിയുന്നവര്‍ പറയുന്നത്) വളരെ കൂടുതലായതു കൊണ്ടാണേ...           ഇവിടാണ്‌ എനിക്ക് 'ടിജോ'യോട് ഒടുക്കത്തെ അസൂയ...ഏതു  അളവുകോല്‍ കൊണ്ട് അളവ് എടുത്താല്ലും പിന്നെയും ബാക്കി ആവും "വിനയം"]
.......................................................
ആ ചെറിയ മനസ്സിന്‍റെ ഉടമയാണ് ഒരിക്കല്‍ ..എന്‍റെ ജീവിതത്തിന്‍റെ നിര്‍ണായ ഘട്ടത്തില്‍ ദിശാസൂചി തിരിക്കാന്‍ സഹായമായതും...കൂടെ നിന്നതും...ഇന്നും ആര്‍ക്കും അറിയാത്ത പരസ്യമായ രഹസ്യം... [ഇപ്പോള്‍ പരസ്യമായി, പക്ഷെ വിഷയം പ്രതിപാദിക്കുന്നില്ല, അതിനു അല്പസ്വല്പം സ്വകാര്യത ഇല്ലെങ്കില്‍ എന്ത് ജീവിതം...അല്ലെ? പക്ഷെ ഒന്ന് എനിക്ക് ഉറപ്പാണ്‌...,...ദൈവ നിശ്ചയ പ്രകാരം ആണ് ഞാന്‍ 'ടിജോ'യുടെ സുഹൃത്ത്‌ ആയതും...അത് നിയോഗം തന്നെ ആണ്...]
......................................................
പല കടമ്പകള്‍ കടന്നാണ് ലക്ഷ്യ സ്ഥാനത് ശരിയായി എത്തിച്ചേരുവാന്‍ അവന്‍ സാധ്യമായതും ...ലക്ഷ്യ ബോധം..സര്‍വോപരി... ''ദൃഢ നിശ്ചയം''...അത് കൊണ്ട് മാത്രം ആണ് അത് സാധ്യം ആയതു എന്ന് ഞാന്‍ വിശ്വസിക്കുന്നു....

ഒന്ന് രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ് എന്‍റെ സെര്‍ട്ടിഫിക്കറ്റുകള്‍  തപ്പി എടുക്കുന്നതിനു ഇടയില്‍ 'ടിജോയുടെ' സെര്‍ട്ടിഫിക്കറ്റുകള്‍  എന്‍റെ ഫയലുകള്‍ക്ക് അടിയില്‍ നിന്നും തല പൊക്കി മെല്ലെ എന്നെ നോക്കി....
ആ സെര്‍ട്ടിഫിക്കറ്റ് എന്നോടായി പറയുന്ന പോലെ...

'ടാ ..നീ മറന്നോ'..?

ശരിക്കും ഞാന്‍ മറന്നു...കേരള യൂണിവെഴ്സിറ്റിയില്‍ നിന്നും 'ഐറ്റം'  കൈപറ്റി വണ്ടിയേല്‍ കയറുന്നതിനു മുന്‍പ് അവന്‍ എന്നെ ഏല്‍പ്പിച്ച ആ സാധനം ഭദ്രമായി എന്‍റെ കൈകളില്‍....,....ആ നരച്ചു വെളുത്ത ആധാരത്തില്‍   "യൂണിവേര്സിറ്റി ഓഫ് കേരള" എന്ന് അച്ചടിച്ച വരികള്‍ക്ക് അടിയില്‍ കുറെ താഴെ ആയി കറുത്ത മഷിയില്‍ മനോഹരമായ കൈപടയില്‍ ...ആരോ അവന്‍റെ പേര് എഴുതി വച്ചിരിക്കുന്നു ........................................."George Jose"


എനിക്ക് 100% ഉറപ്പ്  ആണ്...ഇന്നെ ദിവസം അവന്‍റെ  ചിന്തയില്‍ പോലും കാണില്ല...[മറവി എന്നെ പോലെ ഇത്തിരി അവനും ഉണ്ടുന്നെ...മറവിയിലെങ്കില്ലും സമാസമം ഞാന്‍ അവന്‍റെ കൂടെ നില്ല്ക്കട്ടെ....]

ഇന്ന് നവംബര്‍ 19 നു എന്‍റെ ആശംസകള്‍ തന്നെ ആകട്ടെ ആദ്യം അവനില്ലേക്ക് എത്തി ചേരുന്നതും.....ഞാനും ആയി ഏകദേശം 12 മണിക്കൂര്‍ വ്യത്യാസത്തിന്‍റെ  പിറകില്‍ ഭൂഗോളത്തിന്‍റെ  മറ്റേ തലക്കല്‍ ആണ് അവന്‍....,....ഇന്ന്.

എന്നും നന്മകള്‍ ഉണ്ടാകട്ടെ അവനും അവന്‍റെ കുടുംബത്തിനും....



15 Nov 2012

കൂട്ടുകാരന്‍  ...




21 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെയും എന്‍റെ സുഹൃത്തുക്കള്‍ക്കും ഇടയിലേക്ക് അദ്ധ്യാന വര്‍ഷത്തിന്‍റെ പാതി വഴിയെ കടന്നു വന്ന സുന്ദരനും സുമുഖനുമായ ഒരു 18 ക്കാരന്‍ ... തെല്ലു ഒരു ശങ്കയോടും അല്പം ഭയത്തോടും, അതിലും ഏറെ ആദരവോടും കൂടിയും വിടര്‍ന്ന ചിരിയുംമായി ഞങ്ങളിലേക്ക് കടന്നു വന്ന അവന്‍ വളരെ പെട്ടന്ന് തന്നെ ഞങ്ങളില്‍ ഒരുവന്‍ ആയി മാറി ...എല്ലാവരും അവനെ സ്വീകരിക്കും എന്ന തികഞ്ഞ ആത്മവിശ്വാസം തന്നെ ആയിരുന്നു മൂലടിസ്ഥാനം...


എല്ലവര്‍ക്കും ഒടുവില്‍ വന്നുവെങ്കില്ലും എല്ലാവര്‍ക്കും മുന്നില്‍ ആയി അവന്‍ നിലകൊണ്ടു...വരകളുടെ കഴിവിലും, ചിന്ത ശക്തിയിലും, മറ്റുള്ളവരുടെ പ്രീതി നേടുന്നതിലും, എല്ലാവരെ സ്നേഹിക്കുന്നതിലും , പെട്ടന്ന് പിണങ്ങുന്നതിലും, അതെ പോലെ ഇണങ്ങുന്നതില്ലും അവന്‍ എന്നും മുന്നില്‍ ആയിരുന്നു...

എന്‍റെ ജന്മ നാടായ കൊല്ലത്ത് കൂടി എന്നെയും വഹിച്ചു അവന്‍റെ "Hero Puch" യില്‍ താണ്ടിയ ദൂരം അളന്നു എടുക്കണം എങ്കില്‍ ഒരു പുരുഷായ്സു തന്നെ വേണ്ടി വരും.എന്തിനും ഏതിനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു "അവന്‍... ''

കലാലയ ദിനങ്ങള്‍ കടന്നു പോയി...ഉത്തരവാധിദ്ധ്യങ്ങളും, പ്രാരാബ്ധങ്ങളും, ജീവിത്തിലെ മാറ്റങ്ങളും, ജീവിത മോഹങ്ങളും, 
ഞങ്ങളിലേക്ക് വന്നപ്പോള്‍ ഞങ്ങളും ബാക്കി എല്ലാവരെയും പോലെ വഴി പിരിഞ്ഞു...ഓരോ ദിക്കുക്കളിലേക്ക് ചേക്കേറി...കത്തുകളിലൂടെയും ഫോണിലൂടെയും ഞങ്ങള്‍ ബന്ധങ്ങള്‍ മുറിപെടതെ ഇരിക്കുവാന്‍ ശ്രദ്ധിച്ചിരുന്നു...നാള്‍ ഇന്ന് വരെ.

വര്‍ഷങ്ങള്‍ യുഗങ്ങളായി കടന്നു പോകുന്നു.... മാറുന്ന ദിനച്ചര്യകളും, മാറ്റപെടുന്ന ജീവിത രീതികളും, മാറി വരുന്ന സങ്കല്പങ്ങളില്‍, അകപെട്ടെങ്കില്ലും ഞാന്‍ ഇന്നെ ദിവസത്തിന്‍റെ പ്രത്യേകത മറന്നില്ല....മറക്കാന്‍ ആകുകയില്ല...
പഠിച്ചിരുന്ന കാലത്ത് ഓരോ വര്‍ഷങ്ങളുടെ എണ്ണം കൂടുമ്പോഴും ഒരു തൊഴിയുടെ എണ്ണം കൂടുമായിരുന്ന...ഓമനപേരില്‍ അറിയപെട്ടിരുന്ന "Birthday Bumps"...വര്‍ധിച്ച ആവേശത്തോടെ ഞങ്ങള്‍ ഓരോരുത്തരും അവനെ "പൊക്കി എടുത്തു" കാലു മടക്കി തൊഴിച്ചു നല്‍കിയിരുന്ന ആ സ്നേഹ സമ്മാനം ഇന്ന് വിദൂരതയില്‍ ആയ എനിക്ക് നല്കാന്‍ ആകിലല്ലോ എന്ന് ഓര്‍ക്കുമ്പോ ചിരിയില്‍ പൊതിഞ്ഞ ഒരു വേദന...
23-09-2012 ഇന്ന് ഞങ്ങളുടെ പ്രിയ സൃഹുത്ത്‌...,....നിരഞ്ജന്‍ ദാസ് ശര്‍മ്മ,
അവന്‍റെ ജന്മ ദിനം....
പിറന്നാള്‍ ആശംസകള്‍ പ്രിയ കൂട്ടുക്കാരാ...

[Wrote on 23rd September 2012]
IFTAR @ Dubai


നല്ല ഒരു ഇഫ്താര്‍ കഴിഞ്ഞു, അല്പം നേരം Dubai Mall ലൂടെ തെണ്ടി തിരിഞ്ഞു ...സുഹൃത്തിനെയും കുടുംബത്തെയും വീട്ടില്‍ ഇറക്കി, എന്‍റെ താമസ സ്ഥലം എത്തിയപോഴേക്കും സമയം 02:00am. എപ്പോഴത്തെയും പോലെ താമസ സ്ഥലിന്‍റെ തൊട്ടു മുന്നില്‍ പാര്‍ക്ക്‌ ചെയുന്ന "പട്ടാനിയെ" മനസ്സില്‍ സ്നേഹ വാത്സല്യത്തോടെ ഓര്‍ത്ത്, കഷ്ട്ടപെട്ടു ഒരു വിധം ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു വീട്ടിലേക്കു കയറി....

പാട്ട് കേള്‍ക്കുവാന്‍ എടുത്ത ഫ്ലാഷ് ഡ്രൈവ് ...അതി രാവിലത്തെ വെയില്‍ അടിച്ചാല്‍ ഉള്ള ഗതി ഓര്‍ത്തപ്പോ. [അതും 32GB alle]..മറന്നെങ്കില്ലും വീണ്ടും പുറത്തു ഇറങ്ങി കാറില്‍ നിന്നും എടുത്തു...
തിരികെ അകത്തേക്ക്...വീട്ടിനുള്ളിലേക്ക്...
വാതില്‍ അടച്ച ശബ്ദത്തോട് ഒപ്പം തന്നെ...ഒരു വന്‍ അലര്‍ച്ചയോടെ...അരി ചാക്ക് എടുത്തു ഇടുന്ന ഒച്ചപാടും ബഹളത്തോടും കൂടി ഞാനും എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ഫ്ലാഷ് ഡ്രൈവും താക്കോല്‍ കൂട്ടവും തെക്ക് വടക്കായി...പല വഴി ചിന്നി ചിതറി....

എവിടെ ഒക്കെയോ ഇടിക്കുന്ന ശബ്ദം കേട്ടെങ്കില്ലും കയ്യിലൂടെ തറച്ചു കയറുന്ന പെരുപ്പും വേദനയും കാരണം ഒരു ഏത്തും പിടിയും കിട്ടിയില്ല...
എന്‍റെ വൃത്തികെട്ട അലര്‍ച്ചയും ശബ്ദവും കേട്ട് അടുത്ത മുറിയില്‍ നിന്നും പാഞ്ഞു വന്ന മകനും ഭാര്യയും ഒരേ സ്വരത്തില്‍  "എന്താ"....എന്ന് ചോദിച്ചു.

വേദന കടിച്ചു അമര്‍ത്തി....ഞാന്‍ തിരികെ പറഞ്ഞു....'എന്നെ എന്തോ കടിച്ചു'
വന്ന അതെ സ്പീഡില്‍ മകന്‍ തിരികെ റൂമിലേക്ക്‌ പാഞ്ഞു..., സ്നേഹ സമ്പന്നയ ആയ ഭാര്യ വളരെ വേഗത്തില്‍ ചുറ്റും കണ്ണുകള്‍ ഓടിച്ചു....പറഞ്ഞു...

'ഒരു കടന്നല്‍'...

ഞാന്‍ പകുതി അടച്ച കണ്ണുകളുമായി അവള്‍ പറഞ്ഞ അതെ ദിശയിലേക്കു ബുദ്ധിമൂട്ടി ഒന്ന് നോക്കി...

[അല്പം മുന്‍പ് വീടിനു ഉള്ളിലേക്ക് ഞാന്‍ കടന്ന അതെ നിമിഷം..തൊട്ടു അടുത്ത വീട്ടിലെ തുളസി ചെടികള്‍ എന്ന് അയല്‍ക്കാര്‍ അവകാശപെടുന്നതും.... 'ഈ കാട് എന്ന് വെട്ടി തളിക്കും" എന്ന് ഇടയ്ക്കു, സ്വയം പറയ്യാര്‍ ഉള്ളതുമായ കാട്ടില്‍ നിന്നും ശര വേഗത്തില്‍...വീട്ടിനുള്ളിലെ വെട്ടം കണ്ടു പാഞ്ഞു വന്നതും ആവാം ആ കടന്നല്‍...ആശാരി പണിക്കു ഇടയില്‍ ഉളി മൂര്‍ച്ച ഇടുന്ന പോലെ...അവനും ആ ചീള് 'കടന്നല്‍' തന്‍റെ കൊമ്പുകള്‍ ഉരസി അര്‍മാദിക്കുന്നു...]

"പ്ടെ"...കണ്ണ് അടച്ചു തുറക്കും മുന്‍പെ എല്ലാം കഴിഞ്ഞു....തിളക്കമാര്‍ന്ന ചിറകുകളും...കൊമ്പുകളും എല്ലാം അവളുടെ ചെരിപ്പിന് അടിയേറ്റു "പടമായി"...ചെരുപ്പ് ശക്തമായി താഴേക്ക്‌ വലിച്ചു എറിഞ്ഞിട്ട് നടന്നു നീങ്ങുന്നതിന്‍റെ ഇടയില്‍ അവള്‍ പറഞ്ഞു....
"ഇങ്ങനെ... ഉണ്ടോ ഒരു സാധനം...?

[പ്രായത്തിനു ഉതകാത്ത....എന്‍റെ അലര്‍ച്ചയോ...അതോ....കുത്താന്‍ അറിയാത്ത കടന്നലിനെ..പഴിച്ചതോ.....ഒരു പിടിയും കിട്ടിയില്ല....]

പത്തു ഇരുപത്തി അഞ്ചു വര്‍ഷം മുന്‍പ് എപ്പോഴോ അറിഞ്ഞിട്ടുള്ള ആ കടച്ചലും...മരവിപ്പും...വേദനയും ഒരിക്കല്‍ കൂടി അറിയുകയും സഹിക്കുകയും ചെയ്യുന്നതിനോടൊപ്പം ഓര്‍മ്മകള്‍ പാളയം ചന്തയിലെ...ഉരുള കിഴങ്ങ് വില്പനക്കാരനെ അനുസ്മരിപിക്കും വിധം ഞാന്‍ നിലത്തു കുറെ ഏറെ നേരം....തളളി നീക്കി..."എന്നെ തന്നെ"...
 
 
[Wrote on 10th August 2012]
 

56 Minutes 03 Seconds

സമയം വൈകുന്നേരം 5 മണി ആയെങ്കില്ലും കാറിലേക്ക് കയറുമ്പോള്‍ മരുഭൂമിയിലെ ചൂടിനു ഒട്ടും ശമനം ഉണ്ടായിരുന്നില്ല. ചുട്ടു പഴുത്ത കാറും, പുറം ശക്തമായ വെയില്ലിലെ ചൂടില്‍ കൂടി കാറോടിച്ചു വീട്ടില്‍ നിന്നും ഓഫീസിന്‍റെ താഴെ നിര്‍ത്തിയപോഴേക്കും കുളിച്ച പ്രതീതി ആയി...ശീതികരിച്ച ഓഫീസ് മുറിയിലേക്ക് പടവുകളിലൂടെ ഓടി കയറിയപ്പോ തെല്ലൊരു ആശ്വാസം തോന്നി....മുഖം കഴുകിയതിനു ശേഷം സ്വന്തം ഇരിപിടത്തില്‍...‍ ഇരുന്നു അല്പം ഒന്ന് വിശ്രമിക്കാം എന്ന് തീരുമാനിച്ചു....
 
[മുഴുവന്‍ സമയവും വിശ്രമം ആണ് എന്ന് തെറ്റിധരിക്കരുത്....3 ആളുടെ പണി എടുക്കുന്നു ഉണ്ടെങ്കിലും...മാസാവസാനം ബാങ്കിന്‍റെ ATM യില്‍ നിന്നും പിന്‍ വലിക്കുന്ന നോട്ടുകളുടെ എണ്ണം ഒരാളുടേത്‌ മാത്രം എന്ന് ഉള്ള അമര്‍ഷം മനസ്സില്‍ കിടക്കുന്നത് കൊണ്ട് ആവാം...ഇടയ്ക്കു ഒരു സോഷ്യലിസ്റ്റ്‌ ചിന്താഗതി മനസില്‍ പിടി മുറുകുന്നത്...]

ബംഗാളിന്‍റെ സീമന്ത പുത്രന്‍ എന്ന് സ്വയം വിശേഷിപിക്കുന്നവന്‍റെ  ചൂട് സുലൈമാനിയും തണുത്ത വെള്ളവും മാറി മാറി കുടിക്കുന്നതിനു ഇടയില്‍ ചാര് കസരയിലേക്ക് ഒന്ന് കൂടി ഞാന്‍ ചാഞ്ഞു കിടന്നു...
മനസ്സിലേക്ക് അറിയാതെ ഓടി കയറിയ കുറെ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയില്ല. പക്ഷെ ഒരു ചോദ്യം മാത്രം ശക്തമായി പിന്നെയും പിന്നെയും മനസിലേക്ക് അല അടിച്ചു കൊണ്ടേ ഇരുന്നു...

 'എന്തിനാണ് ..ഇവിടെ ഇങ്ങനെ ജീവിക്കുന്നത്...?' എന്ത് നേടി...?
നാട്ടില്‍ ആയിരുന്നപ്പോള്‍  പണം മാത്രം ആയിരുന്നു ഒരു പ്രശ്നം...മനസമാധാനം ഉണ്ടായിരുന്നു...ഇവിടെ വന്നതിനു ശേഷം രണ്ടു ഇല്ലാതെ ആയി...നാട്ടിലെ ഒഴിവു വേളകളില്‍ കൂട്ടുകാരും ഒത്തു ചേരുമ്പോള്‍ കിട്ടുന്ന സന്തോഷം മനസിലേക്ക് പറന്നു ഇറങ്ങി...

രണ്ടാമത് ചിന്തിച്ചില്ല...ചിന്തിക്കേണ്ടി വന്നില്ല...

മൊബൈല്‍ എടുത്തു ഏറ്റവും അടുത്ത് സുഹൃത്തും [ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ എന്‍റെ കോളേജ് സീനിയര്‍, എന്നിലെ ചെറു ചലനം പോലും മനസ്സില്ലാക്കിയപോഴേക്കും ഉത്തമ സുഹൃത്തായി പരിണമിച്ചു കഴിഞ്ഞിരുന്നു] സഹപ്രവര്‍ത്തകനുമായ 'KJ'യെ വിളിച്ചു...

അളിയന്‍ Winsor Castle യില്‍..

സര്‍വ നിയന്ത്രണവും വിട്ടു...കൂടെ 2 സുഹൃത്തുക്കളും...ഫോണിലൂടെ മറ്റു രണ്ടു പേരും ആയി രസം പങ്കിട്ടു തുടങ്ങിയപ്പോഴേക്കും...ഞാന്‍ മാനസികമായി...അവരില്‍ ഒരാള്‍ ആയി കഴിഞ്ഞിരുന്നു'

 ..............................................................................
നാല് പേര്‍ക്കുള്ള  ടേബിളില്‍ ഒരു കസേര ഒഴിവു...എനിക്ക് പറഞ്ഞു വച്ച പോലെ തോന്നി...ഏകദേശം ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ഞാന്‍ അവരുമായി സംസാരിച്ചു തുടങ്ങുന്നതും അവരില്‍ ഒരാള്‍ ആവുന്നതും......
4 'ഫുള്‍' SMIRNOFF കാലി കുപ്പികളില്‍, രണ്ടു എണ്ണം ഒഴിവുള്ള കസേരയില്‍ കിടക്കുന്നു...
ഇരുന്നു മടുത്തിട്ട് ആവാം..'KJ' എഴുന്നേറ്റു  ബാര്‍ സ്ടൂളില്‍ ഇരിപ്പായി....കൌണ്ടര്‍ലില്‍ നില്പന്‍ അടിച്ചു ശീലം ഇല്ലാത്ത 'KJ'...അവിടെ ഇരുന്നു രണ്ടു എണ്ണം ശടെന്നു വിട്ടു...ഇതിനു ഇടയില്‍ എപ്പോഴോ കാറും ആയി വന്ന സുഹൃത്ത്‌ കാര്‍ എവിടെ ഇട്ടു എന്നാ ഓര്‍മ്മ പാട ഇല്ലാതെ ആയതു വിളിച്ചു പറയുന്നത് കേട്ടു...

Dont Worry... I will arrange, I am there, no..? Why you Worry..? ഇംഗ്ലീഷ് ഭാഷ അല്പം ഭംഗി ആയി കൈ കാര്യം ചെയ്യുന്ന മൂന്നാമത്തെ സുഹൃത്ത്‌ അടുത്ത കസേരയില്‍ പിടിച്ചു എഴുന്നേറ്റു....പക്ഷെ എഴുന്നെല്കുന്നതിനു ഒപ്പം അദ്ദേഹത്തിന് ഒരു സൈഡ് ഇടിവ് അനുഭവ പെട്ട്....ആയതിനാല്‍ ആവണം...ഗ്ലാസ്‌, സൈഡിലെ ടേബിളില്‍ തട്ടി താഴെ വീണു നനഞ്ഞ ചില്ലു കഷണങ്ങള്‍ ആയി... [Glass 1]

ബാര്‍ അറ്റെന്ടെര്‍ ഓടി വന്നു അദേഹത്തെ വീണ്ടും പഴേ കസേരയില്‍ തന്നെ പ്രതിഷ്ട്ടിച്ചു...കാര്യം ആരാഞ്ഞതിനു ശേഷം അയാള്‍ ടാക്സി വിളിക്കാന്‍ പോയി...

ആതിഥ്യ മര്യാദയില്‍  കില്ലാടികള്‍  അല്ലെ എന്‍റെ സുഹൃത്തുക്കള്‍.........
വന്ന ടാക്സി ഡ്രൈവര്‍ക്ക് ഒരു എണ്ണം കൊടുത്തു....രണ്ടു എണ്ണം....പിന്നെ ഒന്ന് കൂടി...[മൂന്ന് എണ്ണം] മൂന്നാമതെത് തീര്ന്നപോഴേക്കും ഗ്ലാസ്സിനോടു ഒപ്പം അദ്ദേഹം വടി ആയി...[Glass 2]

ഈ സമയം അത്രയും  'KJ' ബാര്‍ കൌണ്ടറില്‍ അള്ളി പിടിച്ചു ഇരിക്കുക ആയിരുന്നു...വീഴാതെ ഇരിക്കാന്‍.....ബാര്‍ അറ്റെന്ടെര്‍ വീണ്ടും വന്നു.... പൊട്ടിയ ഗ്ലാസ്സിന്‍റെ  എണ്ണം എടുക്കുന്നതിനു ഒപ്പം ആദ്യ ബില്‍ കൊടുത്തു... 'KJ' യെയും , ടാക്സി വിളിക്കാന്‍ ആഞ്ഞ മൂന്നാമത്തെ സുഹൃത്തിനെയും ബില്‍ കൊടുക്കുവാന്‍ അനുവദിക്കാതെ തള്ളി  മാറ്റി നിര്‍ത്തി രണ്ടാമത്തെ സുഹൃത്ത്‌ പണം നല്‍കി...

 ............................................................................................................................
ഒടുവിലത്തെ റൌണ്ടും കഴിഞ്ഞ്  അടുത്ത ബില്ലും ഒപ്പം ഒരു ടാക്സി ഡ്രൈവറും എത്തി...ഈ തവണ നമ്മുടെ 'KJ' ആതിഥ്യ മര്യാദ വേണ്ടാന്ന് വച്ചു...വീട്ടില്‍ എത്തി പെടെണ്ടെ...?
പിന്നിട് വന്ന ടാക്സി ഡ്രൈവര്‍, താഴെ വീണു കിടക്കുന്ന തന്‍റെ  ചങ്ങാതിയെ...വലിച്ച് ഇഴച്ചു...ഒരു മൂലയ്ക്ക് ഇരുത്തി....ഒരു കസേരെ താങ്ങായിയും വച്ചു.

 ............................................................................................................................
രണ്ടാമത്തെ ബില്ലിന്‍റെ പൈസ കൊടുക്കുവാന്‍ 'KJ'...എഴുന്നേറ്റപ്പോള്‍...ആദ്യം പൈസ കൊടുത്ത കാര്യം എന്‍റെ രണ്ടാമത്തെ സുഹൃത്ത്‌ മറന്നു പോയി.മറന്നതോ...അതോ...ഫിറ്റോ...?

എന്തായാലും....പൈസ കൊടുത്തില്ല എന്നായി..എന്‍റെ രണ്ടാമത്തെ സുഹൃത്ത്‌...
'സാര്‍ പൈസ ആദ്യം തന്നു' എന്ന് ബാര്‍ അറ്റെന്ടെര്‍ പറഞ്ഞു. ഇത് കണ്ട 'KJ' യും മൂന്നാമത്തെ സുഹൃത്തും...[ഒരു വിധത്തില്‍] രണ്ടാമത്തെ സുഹൃത്തിനെ ഒരു  കണക്കിന് 'കണക്കു' ബോധിപ്പിച്ചു...

"നമ്മല്‍ കാശു കൊടുതൂന്നെ...."
മൂന്ന് പേരും വളരെ കഷ്ട്ടപെട്ടു അരണ്ട വെളിച്ചത്തിലൂടെ രണ്ടാമത്തെ ടാക്സി ഡ്രൈവര്‍ക്ക് ഒപ്പം പുറത്തേക്കു നടന്നു നീങ്ങി തുടങ്ങി...

Receptionil എഎത്തിയപ്പോഴേക്കും...'KJ' ക്ക് പക്ഷെ ഒരു സംശയം...Receptionist...കൂടെ പഠിച്ചത് അല്ലെ....
സംശയം ദൂരികരിക്കാന്‍ പോകുന്ന വെഗ്രതയില്‍...എന്നോടായി...'KJ' പറഞ്ഞു...

"അളിയാ പിന്നെ കാണാം..."

[ഫോണ്‍ കോളിന് ശേഷം ഞാന്‍ മൊബൈയിലിലേക്ക് നോക്കിയപോ കണ്ട സമയ പരിതി 56:03]

ഒരു നെടു വീര്‍പോടെ ...അല്‍പ്പം സന്തോഷത്തോടെ, വീണ്ടും എന്‍റെ വരകളുടെ ലോകത്തേക്കു ഞാന്‍ മടങ്ങി...
 
 
[Wrote on 25th August 2012]
Black Out

  


ഈ തവണത്തെ ആഗമനോദേശം, "അവളുടെ"  വരവിനു മുന്‍പേ തന്നെ ചില  അസ്വാരസ്യ പൊരുത്തകേടുകളില്‍ കൂടിയും ദിനചരിയകളിലെ ചെറിയ വ്യതിയാനങ്ങളില്‍ കൂടിയും ഒരു മുന്‍ അറിയിപ്പ് തന്നിരുന്നു...പക്ഷെ ഞാന്‍ കാര്യമാക്കിയില്ല...

[കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളോളം ക്ഷണിക്കാര്‍ ഇല്ലെങ്കില്ലും വര്‍ഷത്തില്‍ ഒരിക്കല്‍ പതിവ് തെറ്റിക്കാതെ വരാര്‍ ഉള്ള "അവള്‍"'' ഈ തവണയും വന്നു...അല്പം വൈകി ആണെങ്കില്ലും...]

..............................................
ആര്‍ക്കും ഉപകാരമാകാത്ത ...ഒന്നും ചെയ്യാനാകാത്ത രണ്ടു നാളുകള്‍...,..ആവാഹിച്ചു അടക്കിയ പോലെ...ഞാന്‍ അറിയാതെ എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എന്നിലെക്കു അവള്‍ അലിഞ്ഞു ഇറങ്ങി...മനസ്സും ശരീരവും മരവിച്ചു പോകുന്ന അവസ്ഥ...പ്രതികരണ ശേഷി നക്ഷ്ടപെടുന്ന പോലെ...ഓട്ടത്തിന്‍റെ  വേഗതയില്‍ കിതപ്പിന്‍റെ എണ്ണം കൂടുമ്പോള്‍ ഉണ്ടാകുന്ന ശ്വാസതടസ്സം പോലെ...ശ്വാസം നിന്ന് പോകുന്ന അവസ്ഥ...തിരിച്ചു അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാന്‍ അവള്‍ക്ക് കീഴ്പെട്ടു കഴിഞ്ഞിരുന്നു...

നാള്‍ ഇതുവരെ തോന്നാത്ത തളര്‍ച്ച...എന്നിലൂടി പോയി പോയ വര്‍ഷങ്ങളുടെ കണക്കു എടുപ്പ് പെടുന്നനെ എന്‍റെ അപബോധമനസ്സില്‍ കൂടി മിന്നി മറഞ്ഞു പോയി ..
ഇംഗ്ലീഷ് പഴമൊഴിയില്‍ പറയും പോലെ 'Life Begins at Forty' എന്ന് അല്ലെ..? അതോ 'Forty' ആയാലേ ആ പഴ മൊഴിയില്‍ പറയും പോലെ ആകാന്‍ പറ്റുക ഉള്ളോ?
പക്ഷെ, എന്ത് കൊണ്ട് എനിക്ക് പ്രതികരിക്കാന്‍ ആകുന്നില്ല...?
മനസ്സ് എത്തുന്ന ഇടത്ത് കൈകള്‍ എത്തുന്നില്ല...കണ്ണുകള്‍ ഇറുക്കി അടച്ചു...ശ്വാസത്തിന്‍റെ ഗതിഭാവം തിരിച്ചു വിടാന്‍ ആകാത്തത് കൊണ്ട് ശ്വാസം സാവധാനം ആക്കാന്‍ വെറുതെ ശ്രമിച്ചു കൊണ്ട് ഇരുന്നു...ജീവ വായുവിന്‍റെ വില അറിയുന്ന സമയo....
 .............................................

ഞാന്‍ കിടക്കുന്ന കിടപ്പ് മുറിയുടെ ക്ലോക്കിലെ സമയ സൂചിക നില്ക്കുന്ന പോലെ തോന്നി...നാലു ചുവരുകള്‍ക്ക് നടുവിലെ കട്ടിലില്‍ മലര്‍ക്കെ മുകളിലോട്ടു കണ്ണ് തുറന്നു വെറുതെ കിടന്നു...മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങിയ എപ്പോഴോ ഉറക്കത്തിലേക്കു ഞാന്‍ വഴുതി വീണു....

മൂന്നാം ദിവസം കഴിഞ്ഞു മാത്രമാണ് ശരിക്ക് ഒന്ന് തല ഉയര്‍ത്തി ചുറ്റും നോക്കുവാനായതും..ഒന്ന് നിവര്‍ന്നു നില്ക്കാന്‍ കഴിഞ്ഞതും...
"'അവളുടെ'' സംഹരാതാണ്ടവം കഴിഞ്ഞു പോയതിന്‍റെ ക്ഷീണവും വേദനയും ശിരസ്സില്‍ നിന്നും ഭൂമിയിലേക്ക്‌ പതിയെ ഇറങ്ങി പോകുന്നത് എനിക്ക് നന്നായി  അനുഭവപെടാമായിരുന്നു ...
 ..............................................................................

[നിങ്ങള്‍ തെറ്റിദ്ധരിക്കരുത് ...ഞാന്‍ പറഞ്ഞു വരുന്നത് Allergic Rhinitis...പനിയുടെ ഒരു മൂര്‍ധന്യാവസ്ഥ ...]
 ...............................................................................

പനിയുടെ ആരംഭ ദിശയില്‍ തന്നെ ചികിത്സ തുടങ്ങിയത് അനുഗ്രഹമായി...സ്ഥല കാല ബോധം [സ്വയ ബോധം പണ്ടേ ഇല്ല] തീര്‍ത്തും നക്ഷ്ടപ്പെട്ട  മണിക്കൂറുകള്‍...
മദ്യപിക്കും എങ്കില്ലും ഒരിക്കല്‍ പോലും ബോധം മറഞ്ഞു പോയിട്ട് ഇല്ല...പക്ഷെ ചികിത്സയുടെ ഭാഗമായ ഈ ഗുളികകളും മരുന്ന് കൂട്ടുകളും എന്‍റെ ബോധം മറക്കാന്‍ ശേഷി ഉണ്ടെങ്കില്‍... ഏതിനാണ്‌ വീര്യം.?

ഇപ്പോള്‍ ഒരു പുനര്‍ ചിന്ത...ഇനി സുഹൃത്തുക്കളും ഒത്തു കൂടുമ്പോള്‍  പാസ്പോര്‍ട്ടും, J&D യും, ബ്ലൂ ലെബെല്ലും, ഷീവാസ്‌ റീഗലും ഒഴിവാക്കി...ഒമ്നിസിഫും, ലഗാടിനും ഒക്കെ ഒന്ന് പരീക്ഷിച്ചാലോ ....?
 ................................................................................
തീര്‍ത്തും നക്ഷ്ടമായ എന്‍റെ രണ്ടു ദിവസങ്ങള്‍..,..
[അല്ലെങ്കില്‍ അങ്ങു മല മറിച്ചാനെ  എന്ന് സ്വയം ചിന്തിച്ചു പോയി മൂന്നാം ദിവസം തല പൊക്കിയപോള്‍ ]
[Not Well - Wrote on 9th November 2012]

Maafi Masbooth.. [Not Ok]

ഏകദേശം ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും സൈറ്റിലേക്ക് [മറ്റൊരുവന്‍ അവധിക്കു പോയതിനു പകരമായി] നിയോഗിക്കപെട്ടത്തിന്റെ അമര്‍ഷവും നീരസവും ഉള്ളില്‍ ഒതുക്കി അതി രാവിലെ തന്നെ ഓഫീസിലേക്ക് പതിവ് പോലെ കുടി ഇരുത്ത പെട്ടു...
കൃത്യം 8:00 മണിക്ക് തന്നെ അര്‍ബാബ് [ഉടയോന്‍ അറബി] പ്രത്യക്ഷപെട്ടു...
പതിവ് സംബോധനകളും വിശേഷങ്ങളും പരസ്പരം ചോദിച്ചു അറിഞ്ഞു...മനസ്സില്ലാ  മനസ്സോടെ...അദേഹത്തെ അനുഗമിച്ചു താഴേക്ക് പടവുകള്‍ ഇറങ്ങി...താഴെ എത്തിയതും ഞാന്‍ വെറുതെ മൊഴിഞ്ഞു...


'വേയിന്‍ ഇന്ത സിയറ' [അങ്ങയുടെ കാര്‍ എവിടെ]
ഫി...ഹാഥ അബയിത്...[ആ വെളുത്ത കാര്‍ ആണ്]

നീണ്ടു നിവര്‍ന്ന് ഒരു പുതു പുത്തന്‍ ടൊയോട്ട ആവലോന്‍ അല്പം അകലെ രാവിലത്തെ വെയിലില്‍ ഗമയോടെ കിടക്കുന്നത് കണ്ടപ്പോ...മനസ്സില്‍ പറഞ്ഞു...'അങ്ങനെ ആവലോനും ലിസ്റ്റില്‍ ആയി'...[ മിക്ക ആഡംബര കാറുകളില്‍ കയറുമ്പോഴും ഒന്ന് മനസ്സില്‍ കുറിച്ചിടുക പതിവാണ്...കാരണം ആ വക മുന്തിയ ഇനം കാറുകള്‍ ഒന്നും ഒരിക്കലും സ്വന്തം ആക്കാന്‍ വഴി ഇല്ല,.... പോരാത്തതിനു ഒരു വിധ പെട്ട എല്ലാ വണ്ടികളും കാണാ പാഠം ആയ മകനോട്‌ ഒന്ന് വീമ്പു ഇളക്കാനും ഒരു അവസരം ആയല്ലോ ]...

അദേഹത്തിന്‍റെ  കൂടെ മുന്‍ സീറ്റില്‍ ഇരുന്ന് കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു നീങ്ങി തുടങ്ങിയപ്പോള്‍ ധൃതിയില്‍ സീറ്റ്‌ ബെല്‍റ്റ്‌ ഇടാന്‍ ഞാന്‍ വെപ്രാളപെടുന്നത് കണ്ടപ്പോ അദേഹം എന്നോട് ആയി പറഞ്ഞു...

''ലാ ലാ മാ ഇരീദ്'' [വേണ്ട വേണ്ട അതിന്റെ ആവശ്യം ഇല്ല]
'കലക്കി'..എന്ന് ഞാന്‍ മനസ്സിലും...''സയന്‍"'' [ഫൈന്‍] എന്ന് ഞാന്‍ തിരികെ പറയുകയും ചെയ്തു...[സീറ്റ്‌ ബെല്‍റ്റ്‌ ഇല്ലാതെ ഈ കാലം അത്രെയും യാത്ര ചെയ്യാന്‍ പറ്റിയിട്ടു ഇല്ല]...ആ വിഷമം മാറി കിട്ടി...

വിശാലമായ ആ സീറ്റില്‍ നന്നായി അമര്‍ന്നു ഇരുന്നു...എന്നിട്ടും സ്ഥലം ബാക്കി...'കൊള്ളാമല്ലോ വണ്ടി'...എന്ന് മനസ്സില്‍ പറഞ്ഞു വെറുതെ ഒന്ന് അദേഹത്തെ നോക്കി...പറഞ്ഞത് പെട്ടന്ന് തന്നെ തിരിച്ചു എടുക്കേണ്ടി വന്നു...സീറ്റ്‌ എന്ന ഒരു സാധനമേ കാണ്മാനില്ല... പാവം വളരെ ബുദ്ധിമൂട്ടി ഇരിക്കുന്നത് കണ്ടപ്പോ ഇത്ര വില കൊടുത്ത് എന്തിനാണാവോ ഈ വണ്ടി എന്ന് ചിന്തിച്ചു പോയി...

വണ്ടി അനങ്ങി തുടങ്ങിയത് മുതല്‍ മൊബൈല്‍ ഫോണ്‍ ഇടതടവില്ലാതെ ശബ്ദിച്ചു കൊണ്ടേ ഇരുന്നു...ഒരു കണക്കിന് അത് നന്നായി...അല്ലെങ്കില്‍ അറബി പെട്ടന്ന്  മലയാളം പഠിച്ചാനെ...!

അങ്ങനെ സൈറ്റില്‍ എത്തിപ്പെട്ടു...അവിടെ കോണ്ട്രാക്ടര്‍ വേഷം അണിഞ്ഞ ഒരു ചെറിയ 'വലിയ' അഫ്ഗാനി മനുഷ്യന്‍...!!,!! അയാളുടെ ഒരു ചൂണ്ടു വിരല്‍ എന്നെ പോലെ... [ശരാശരി എന്ന് സ്വയം വിശ്വസിക്കുന്നു... :) ]ഉള്ള ആളിന്‍റെ  മൂന്ന് വിരല്‍ ചേര്‍ത്ത് വച്ചാലേ വലുപ്പം തികയു...അയാളുടെ കൈയില്‍ ഒരു കൊച്ചു മൊബൈല്‍ വല്ലാതെ ശ്വാസം മുട്ടുന്ന പോലെ തോന്നി...അയാളുടെ കൂടുതല്‍ 'ഫ്രെയിം വര്‍ക്ക്‌' നോക്കി നില്ക്കാന്‍ മെനക്കെടാതെ...വന്ന പണി തീര്‍ക്കാം എന്ന് കരുതി...ഏന്തി വലിഞ്ഞു മേലേക്ക് കയറി...പേരിനു ഒരു ചെക്കിംഗ്...[സംഭവത്തിനു ഉത്തരവാദി ഞാന്‍ അല്ലാലോ...ഞാന്‍ വെറും ഒരു പകരക്കാരന്‍......, എന്ന് ഞാന്‍ ഇടയ്ക്കു സ്വയം പറഞ്ഞുകൊണ്ടേ ഇരുന്നു...]

സത്യസന്ധമായി പണി [ചുമ്മാ ജാഡ]...എടുക്കുന്നു എന്നാ വ്യാജേന ഓരോ മുറികളിലായി [സൈറ്റ് ഒരു വില്ല ആണ്] കയറി ഇറങ്ങുക ആയിരുന്നു..ഒരു കിടപ്പ് മുറിയുടെ ചുമരില്‍ രണ്ടു അടി നീളത്തില്‍ കുത്തി ഇറക്കി ഇരിക്കുന്ന വാര്‍ക്ക കമ്പിയില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍ തൂക്കി ഇട്ടിരിക്കുന്നത് എന്നില്‍ ഒരു ചോദ്യ ചിഹ്നം ഉയര്‍ത്തി...ചെന്ന് നോക്കിയപ്പോള്‍ ഞാന്‍ കുറച്ചു നേരം അവിടെ തന്നെ നിന്ന് പോയി...രാവിലെ ഏതോ പണിക്കാരന്‍ കഴിച്ചിട്ട് ബാക്കി വന്നു പകുതി കുബൂസ് ഭംഗി ആയി പൊതിഞ്ഞു വച്ചിരിക്കുന്നു...പിന്നീടു കഴിക്കുവാന്‍ വേണ്ടി...ഞാന്‍ അടുങ്ങുന്ന എത്രയോ പേര്‍ ഭക്ഷണം പുല്ലു പോലെ വലിച്ചു എറിയുന്നു...നിര്‍വികാരതയോടെ നോക്കി നില്‍ക്കാനെ ആയുള്ളൂ...

മോഹന്ദീസ്..താല്‍ ഫോക്ക് ഷോയി...[എഞ്ചിനീയര്‍, ദയവായി മുകളിലേക്ക് വരൂ]...ഉടയോന്‍ ബഹുമാനത്തോടെ ആണ് മുകളില്‍ നിന്നും പറഞ്ഞത് എങ്കിലും...എനിക്ക് എന്തോ കേറി വാടാ പുല്ലെ മുകളിലേക്ക്..ചുമ്മാ വായി നോക്കി നില്‍ക്കാതെ...എന്ന് പറഞ്ഞ പോലെ തോന്നി...!!

ഒരു വിധം എല്ലാ തിടുക്കത്തില്‍ നോക്കി തീര്‍ത്തു മുകളിലേക്ക് കയറി...[വന്നത് പാരപെറ്റിന്‍റെ  വാര്പിനു ആയിരുന്നു]
പഠിക്കുന്ന കാലത്ത് നല്ലവണ്ണം വീണ്ടും വീണ്ടും പഠിച്ചു ഉറപ്പിച്ചു 'ഐറ്റം' ആണ് ഞാന്‍ ചെക്കിംഗ് എന്ന് പറഞ്ഞു എത്തി പെട്ട് ഇരിക്കുന്നത്...[Structural Checking]
............................
''ഓക്കേ'' പറഞ്ഞു വാര്പിനു അനുമതി നല്‍കി...
തനി ആര്‍ട്ട്‌ ഫിലിം പോലെ ഒരു ഒരു ട്രക്കും [കോണ്‍ക്രീറ്റ് പമ്പും] അതിനെ അനുഗമിച്ചു കോണ്‍ക്രീറ്റ് നിറച്ചു മറ്റൊരു ട്രക്കും...പതുക്കെ വന്നു നിന്ന്...ഓരോരുതാരായി ഇറങ്ങി...

സത്യം, എ'ന്‍റെ  പിടി വിട്ടു...മണി 10 ആയി...പെട്ടന് തീര്‍ത്തു വരം എന്ന് കരുതി കഴിക്കാതെ വച്ച രാവിലത്തെ ദോശ ആഫീസില്‍ ഇരിക്കുക അല്ലെ....അതിന്‍റെ  അവസ്ഥ എന്തായ്യോ എന്തോ...

അര മണിക്കൂര്‍ കൊണ്ട് പണി തുടങ്ങി...കോണ്‍ക്രീറ്റ് ഒഴുകി തുടങ്ങിയ ശബ്ദം കേട്ടപ്പോ അകത്തു സ്ടയര്‍ റൂമില്‍ ഇരുന്ന ഞാന്‍ പുറത്തേക്കു വന്നു...ശരിക്കും ഞെട്ടി...കുറെ മുന്‍പ് താഴെ വച്ച് കണ്ട ആ ആജാന ബാഹു അഫ്ഗാനി...നഗ്ന പാദങ്ങളില്‍ പാരപെറ്റിനു മുകളിലൂടെ ഓരോ ഇഞ്ച് വലുപ്പം ഉള്ള രണ്ടു പ്ലയിവൂഡില്‍ (റൂഫ് നിരപ്പില്‍ നിന്നും നാലര അടി പൊക്കത്തില്‍ ഇരു വശമായി അടിച്ചു തീര്‍ത്ത ചട്ടകൂട്ടില്‍ കൂടി) ആനയുടെ തുമ്പികൈയില്‍ തൂങ്ങി ആടുന്ന പോലെ പമ്പിന്‍റെ അറ്റത് പിടിച്ചു കോണ്‍ക്രീറ്റ് ഒഴിച്ച് നീങ്ങുന്നു...തട്ടില്‍ അങ്ങ് ഇങ്ങായി പൊങ്ങി നില്‍ക്കുന്ന ആണി...തറ നിരപ്പില്‍ മുപ്പതു അടിയോളും പൊക്കത്തില്‍ യാതൊരു സുരക്ഷ കവചങ്ങളും മുന്‍കരുതലും ഇല്ലാതെ അയാളുടെ പണിയോടു ഉള്ള ആത്മാര്‍ഥതയും അര്‍പണ മനോഭാവവും കണ്ടപ്പോള്‍ വല്ലാത്ത കുറ്റബോധവും കലിയും തോന്നി....[എനിക്ക് എന്നോട് അല്ല...ഉടയോന്‍ അറബിയോട്...ജീവന്മരണ പോരാട്ടം പോലെ അവന്‍ പണി എടുത്തിട്ട് അവനു എന്ത് പ്രയോജനമായിരിക്കും കിട്ടുക...അരയ്ക്കു ചുറ്റും ഒരു വടം എങ്കിലും കെട്ടുവാന്‍ അറബിക്ക് അവനോടു ആയി പറയാം എന്ന് എനിക്ക് തോന്നി...] ശ്രദ്ധയില്‍ പെടുതിയപോ...അവനു അത് ശീലമാണ് എന്നാ പോലെ ഒരു നോട്ടം തന്നു...[അതോ....നീ നിന്‍റെ പണി നോക്കി പോടാ ചെക്കാ എന്നോ....അറിയില്ല...] മനക്കട്ടി കൂടുതല്‍ ആയതു കൊണ്ട് ഞാന്‍ പതുകെ അകത്തു തന്നെ നിന്നു ....

...................................
പണിക്കു ഇടയില്‍ ഉടയോന്‍ എങ്ങോ പോയി [എന്നോട് പറഞ്ഞിട്ടാണ് പോയത്] മാറി വന്ന കന്തൂറയും [അറബികളുടെ കുപ്പായം] വെടിപ്പായ മുഖവും ആയി വന്നു എന്നോട് പോകാം എന്ന് പറഞ്ഞു....അപ്പോഴേക്കും മണി 11:30 ആയി... അഫ്ഗാനിയുടെ അര്‍പണ മനോഭാവത്തിനു മുന്നില്‍ [മനസ്സില്‍ നിന്നും അത് മായുന്നില്ല]..എന്റെ വിശപ്പിന്‍റെ ആന്തോളനം തന്നെ ഇല്ലാതെ ആയി...
...................................

തിരിച്ചു വന്നു കാറില്‍ കയറിയപോഴും അദേഹത്തിന്‍റെ ചെവിയില്‍ മൊബൈല്‍ ഫോണ്‍ ഒട്ടിച്ചു വച്ച പോലെ ആയിരുന്നു....അനായാസം ഒരു വിരലില്‍ സ്ടീയറിംഗ് തിരച്ചു ഫോണിന്‍റെ അങ്ങേ തലക്കല്‍ നില്‍ക്കുന്ന ആള്‍ കേള്‍ക്കുന്ന വിധം സംസാരിച്ചു കൊണ്ട് വണ്ടി ഓടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി ഇരിക്കുക ആയിരുന്നു....

അനുവദനീയമായ രണ്ടു അക്ക വേഗ പരുധിയില്‍ [ ടൌണില്‍ ] നിന്നും മൂന്ന് അക്കത്തിലേക്ക് കാറിന്‍റെ സൂചിക നീങ്ങുന്നത്‌ കണ്ടു ഞാന്‍ അങ്ങനെ ഇരുന്നു...ഇടയ്ക്കു ഫോണിനു ഒരു ഒഴിവു വന്നപോ...ഞാന്‍ അദേഹതോട് ചോദിച്ചു....

''സൈയര ജദീത്'' ? [പുതിയ കാര്‍ ആണോ..?] വളരെ ബലം പിടിച്ചു അല്പം ഗമയോട് കൂടി അദേഹം
"ഹൈന്‍ ജദീത്" [അതെ പുതിയത് ആണ്]

മസ്ബൂദ് ? [നല്ലത് ആണോ...കൊള്ളാമോ...അങ്ങനെ സന്ദര്ഭോചിതമായി പല അര്‍ഥങ്ങള്‍ ഉള്ള വാക്ക്]
''ഹൈന്‍ മസ്ബൂദ്''...
ഞാന്‍ ചുറ്റും ഒന്ന് കൂടി നോക്കി..പുറമേ നിന്നും ഒട്ടും അകം കാണാത്ത സണ്‍ ഫിലിം ഒട്ടിച്ച ഗ്ലാസും ഡാഷ് ബോര്‍ഡും എല്ലാം എല്ലാം...നോക്കി രസിക്കുക ആയിരുന്നു...അപ്പോള്‍ മാത്രം ആണ് മുന്‍ വശത്തെ ഗ്ലാസ്‌ ശ്രദ്ധിച്ചത്...പകുതിയില്‍ കൂടുതല്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് ചിന്തിക്കാന്‍ പോലും നമ്മള്‍ വരുത്തര്‍ക്ക് ആവില്ല...

ഒരു നെടുവീര്‍പോടെ ഞാന്‍ പുറത്തു നോക്കി ഇരുന്നു...നാട്ടില്ലേ നമ്മുടെ ഊട് വഴികള്‍ ഇങ്ങനെ മൂന്ന് അക്കങ്ങളില്‍ കാറിന്‍റെ വേഗതയ്ക്ക് സാധിക്കുമോ.? ചിന്തകള്‍ നീളുന്നതിനു മുന്‍പെ..തന്നെ ഒരു തിരശീല വീണു പെട്ടന്ന്  തന്നെ...വേഗതയുടെ കണക്കു കൂട്ടല്‍ പാളിയത് കാരണം വണ്ടി മിന്നല്‍ വേഗത്തില്‍ ചവിട്ടി നിര്‍ത്തേണ്ടി വന്നു...ഞാന്‍ വണ്ടിക്കു മുന്നേ പായും പോലെ...അല്പം മുന്‍പ് ഭംഗി അസൂയയോടെ നോക്കി കണ്ട ഫ്രന്റ്‌ ഗ്ലാസ്സിന്‍റെ ബലം പരിശോധിക്കേണ്ടി വന്നു....
[ഓ...വെറുതെയാ ...ചുമ്മാത... മുന്തിയ ആഡംബര കാര്‍ എന്ന് ഒക്കെ പറയുന്നത്....ഗ്ലാസ്സ് റബ്ബര്‍ ബീടിങ്ങില്‍ നിന്നും ഒരു വശത്തു കൂടി പുറത്തേക്കു തെന്നി മാറി...ഞാന്‍ ആ ഗ്ലാസും അറബിയെയും മാറി മാറി നോക്കി....]

ആ വലിയ മുഖത്തിലെ രണ്ടു ചെറിയ കണ്ണുകളില്‍ തെളിയുന്നത് നന്നായി വായിക്കാമായിരുന്നു..

''എന്ത് പണി ആണ് ഡാ പൊട്ടാ നീ ഈ കാണിച്ചെ..?''

നിസഹായനായി തലയ്ക്കു കൈയും താങ്ങി ഉള്ള ഇരുപ്പു കണ്ടു എനിക്ക് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല...

ഗുണപാഠം:
[1] ട്രാഫിക്‌ നിയമം കഴിവതും പാലിക്കാന്‍ ശ്രമിക്കുക..[ബ്ലെറ്റ് ഇടാന്‍ ശ്രമിച്ചവനെ വേണ്ട എന്ന് പറഞ്ഞ നിമിഷത്തെ ഓര്‍ത്തു ആ പാവം വേദനിക്കുന്നു ഉണ്ടാവും]
[2] എന്തെങ്കിലും ഇഷ്ട്ടപെട്ടാല്‍ മിണ്ടാതെ ഇരിക്കുക

ശേഷം ഭാഗം നിങ്ങളുടെ യുക്തിക്ക് വിടുന്നു...
സിഗ്നലില്‍ നിന്നും നടന്നു പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു ഓഫീസിലേക്ക്....

[Wrote on 4th November 2012]

14 Nov 2012

November 14 [Children's Day - Though No Relation with the Following]

ഇന്ന് ശിശു ദിനം ആണ് എങ്കില്ലും...എനിക്ക് എന്റെ മീശ മുളച്ചു തുടങ്ങുന്ന പ്രായം ആയ കോളേജ് ക്യാമ്പസ്‌ മാത്രം ആണ് ഓര്‍മ്മകളില്ലേക്ക് വരുന്നത്....ശിശു ദിനം ആയി യാതൊരു വിധ ബന്ധം ഇല്ലന്നും അറിയാം.പക്ഷെ എന്ത് കൊണ്ട്...തനി ശിശുക്കള്‍ എന്ന് തോന്നിപിച്ചിരുന്ന കാലഘട്ടം ആയിരുന്നു അത്....[കഥയില്‍ ചോദ്യം പാടില്ല]

1996 യില്‍ ആര്‍ക്കിടെക്ചര്‍ യുദ്ധത്തിലെ അവസാന ബാണവും തൊടുത്തു വിട്ടതിനു ശേഷം ആഹോരാത്രങ്ങളിലെ കഠിന പ്രയത്നങ്ങളും താഴെ ഇറക്കി വച്ച് [ഞാന്‍ തട്ടിന് പുറത്തും വച്ച്...കാരണം എന്‍റെ  പ്രബന്ധം കേരള ഊണിവെഴ്സിറ്റി അവധിക്കു വച്ച്...മുന്‍പ് ഒരിക്കല്‍ സൂചിപിച്ച പോലെ ഞാന്‍ ആഴത്തില്‍ പഠിച്ചു ഉറപ്പിച്ച 'Structural Mechanics' ഒരു തര്‍ക്ക വിഷയമായി ബാക്കി കിടക്കുക ആയിരുന്നു].. ഞങ്ങള്‍ 10 ആണുങ്ങള്‍ മാത്രം ഒരുമിച്ചു ഒരു യാത്ര പുറപെട്ടു...[ആദ്യത്തെയും അവസാനത്തെയും ആയിരിക്കാം...അതിനു ശേഷം ഇങ്ങു 16 വര്‍ഷം  കഴിഞ്ഞിട്ടും ഞങ്ങള്‍ ഒരുമിച്ചു ഒത്തു കൂടുവാന്‍ പോലും ആയിട്ട് ഇല്ല. ഒരു പക്ഷെ അങ്ങനെ ഒരു സമാഗമം ഉണ്ടാവില്ലയിരിക്കാം...ഉണ്ടായി കൂടാന്നും ഇല്ല,'' പ്രതീക്ഷകള്‍ '' അത് അല്ലെ എല്ലാം]


മൂന്ന് ബൈക്കുകളില്ലും ഒരു അംബസഡര്‍  കാറിലും ആയി യാത്രക്ക് ഉള്ള തയ്യാറെടുപ്പ് തുടങ്ങി...

എന്റെ സാരഥി കോയികോട്ടു അങ്ങാടി മൂപന്‍ കോയാക്ക [ഷാനവാസ്]...കാരണം 'കവാസാക്കി' എന്ന അവന്‍റെ സഖി എപ്പോഴും എന്‍റെ കൈകളില്‍ ആയിരിക്കും...അവന്‍റെ  ലൈസെന്‍സ് ഉള്ളത് കൊണ്ട്  ടെന്‍ഷനും ഇല്ലായിരുന്നു...സാമൂരായില്‍ തൃശ്ശിവപേരൂരിന്റെ പൊന്നോമന പുത്രന്‍ ഈനാശുവും കൊല്ലങ്കോടിനെ  കിടു കിട വിറപ്പിച്ച [രാത്രി മാത്രം] ഗോകുല പാലന്‍..,..
ഷോഗണ്ണില്‍ ഫോര്‍ട്ട്‌ കൊച്ചിയുടെ രോമാഞ്ഞകഞ്ഞുകവും കുളിരുമായ ആറ് അടി വീരന്‍ അജിത്തും, വിനയം മാത്രം മുഖത്ത് എപ്പോഴും പ്രതിഫലിക്കാറുള്ള [പക്ഷെ ഉറങ്ങണം] ആലുവ സ്വദേശിയുമായ കെ കെ. യും.

കാറില്‍ ചിരിക്കാന്‍ മാത്രം അറിയാവുന്ന [പുള്ളി ദേഷ്യപെട്ടാലും ചിരി വരും, അവനും, ചീത്ത വിളി കേള്‍ക്കുന്നവനും, അത് കണ്ടു നില്‍ക്കുന്നവര്‍ക്കും,...കാരണം 1991യില്‍ ഞങ്ങള്‍ പയറ്റു തുടങ്ങുമ്പോ പുള്ളി എന്നോടും ഹോസ്റ്റലിലെ മറ്റുള്ളവരോടും ചോദിച്ചു അറിഞ്ഞു  'തെറി' എഴുതി പഠിച്ചു മനസ്സിലാക്കിയ ഒരു വ്യക്തി ആണ്] 'അവന്‍' ചൂട് ആവുന്നത് തന്നെ ഇടുപ്പില്‍ രണ്ടു കൈകളും കുത്തി നിര്‍ത്തി പ്രസംഗിക്കുന്നത് പോലെ ആണ്, അപ്പോള്‍ ഊഹിക്കാമല്ലോ..." സൈമണ്‍ '' എങ്ങനെ ഉണ്ടാകും എന്ന്. വെറും ഒരു പാവം.

ബാക്കി വന്ന മൂന്ന് പേരും [വൈക്കം ജോര്‍ജും, കളമശ്ശെരി സുകുവും, കൊല്ലം നിരന്ജനും] തുണി മണി ചപ്പു ചവറുകളും അവന്റെ കാറില്‍ കുത്തി നിറച്ചു യാത്ര തുടങ്ങി...കോളേജ് കാമ്പസ്സില്‍ നിന്നും വൈകിട്ട് 5:30യ്ക്ക് ...രാവിലെ തുടങ്ങിയതാ കാര്യ പരിപാടി എല്ലാം ഒത്തു കിട്ടിയപ്പോ സോല്പം വൈകി പോയി...കാര്യം എന്തും ആകട്ടെ...വെടി നിര്‍ത്തല്‍  കരാര്‍ വൈക്കത്തെ ജോര്‍ജിന്റെ വീട്ടില്‍ വച്ച് ആകാം എന്ന് പറഞ്ഞു ഞങ്ങള്‍ വഴി പിരിഞ്ഞു...

ലക്‌ഷ്യം വൈക്കം വഴി മൂന്നാര്‍ ചിന്നാര്‍ ..,..ഇന്നെ പോലെ ഇടയ്ക്കു ഇടക്കെ "എവിടാ എത്തി ഡാ" എന്ന് വിളിച്ചു ചോദിക്കുവാന്‍ മൊബൈലോ ഒന്നും ഇല്ല. [അന്ന് അത് താങ്ങുവാന്‍ ഞങ്ങള്‍ക്ക്  ആകും ആയിരുന്നില്ല] ഏക ദേശ സമയ ധാരണകളും ഗണിച്ചു ആണ് യാത്ര...
..................................................
കൊല്ലമായപ്പോ വീട്ടിലേക്കു ഒന്ന് കേറിയെച്ചും പോകാം എന്നും പറഞ്ഞു വീട്ടിലോട്ടു വിട്ടു. അത് പണ്ട് തൊട്ടെ അങ്ങനെ ആണ്, കൊല്ലത് കൂടി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയുമ്പോ വീട്ടില്‍ ' തല കാണിക്കല്‍ ' ചടങ്ങ് പതിവാണ്...അപ്പനോടും അമ്മയോടും അനിയനോടും യാത്ര പറഞ്ഞു..ചേട്ടച്ചാര്‍ അന്ന് ഗള്‍ഫ്‌ പര്യടനം ആയിരുന്നു...[ജോലിക്ക് ആയി പോയി ഒരു കൊല്ലം ആകുന്നതിനു മുന്‍പേ പിന്നീടു തിരിച്ചു വന്നു...]

''ബൈക്കില്‍ ആണോ ഡാ പോകുന്നെ'' എന്ന് അപ്പനും അമ്മയും ഒരേ സ്വരത്തില്‍ ചോദിച്ചു.
''അല്ല സൈമന്റെ കാറില്‍ ആണ്'' ബൈക്ക് ദൂരെ മാറ്റി നിര്‍ത്തി വച്ചിട്ടാണ് വീട്ടില്‍ കയറിയത്. [അപ്പോഴേക്കും സൈമന്റെ കാര്‍ ശക്തികുളങ്ങര കടന്നു പോയിട്ട് ഉണ്ടാവും]
എന്നെ പോലെ ഒരു പോത്തന്നെ വളര്‍ത്തി വലുതാക്കിയ എന്‍റെ  മാതാപിതാക്കളോട് ഉള്ള കടപാട് എങ്ങനെ തിരിച്ചു അവരോടു കാണിക്കും എന്ന് എനിക്ക് അറിയില്ല...ഒത്തിരി കഷ്ട്ടപെട്ടാണ് ഞങ്ങള്‍ മൂന്ന് പേരയും വളര്‍ത്തിയത്‌......
വളരെയേറെ പ്രതീക്ഷകള്‍ എന്നില്‍ നിക്ഷിപ്തം ആയിരുന്നെങ്കിലും കുറച്ചു എനിക്ക് നിറവേറ്റാനായി എന്ന് തന്നെ ആണ് എന്‍റെ  വിശ്വാസം....
...................................................

അങ്ങനെ യാത്ര തുടര്‍ന്ന്...ആലപ്പുഴക്ക് മുന്‍പ് തിരിഞ്ഞു തണ്ണീര്‍മുക്കം വഴി ആണ് വൈക്കതോട്ടു പോകേണ്ടത്....വഴി തെറ്റാതെ സാരഥി റോഡ്‌ മാറി കടന്നു. അവന്‍റെ  ഊഴം അവസാനിച്ചു...അപ്പോഴേക്കും മണി 9:00 ആയി കാണും...
എന്‍റെ കൈകളിലേക്ക് അവള്‍ വന്നപോഴേക്കും അവള്‍ക്കു ഒരു കുളിര് കോരിയ പോലെ ..ഉടമസ്ഥന്‍ പിന്നില്‍ ഇരുപ്പു ഉറച്ചു..യാത്ര തുടങ്ങി...N.H കടന്നത്‌ കൊണ്ട് ഇടയ്ക്കു ഇടയ്ക്കു മാത്രമേ സര്‍ക്കാരിന്റെ വക 100 വാട്ട്സിന്റെ ബള്‍ബില്‍ നിന്നും 15 വാട്ട്സിന്റെ അരണ്ട മഞ്ഞ വെളിച്ചം പ്രകാശിക്കുന്നുള്ളൂ...അത് കാരണം കണ്ണുകള്‍ വിടര്‍ത്തി ആണ് യാത്ര...ഇരുട്ടിന്റെ മറവില്‍ നിന്നും പാഞ്ഞു കണ്ണുകളിലേക്കു ഇടിച്ചു കയറുന്ന പരട്ടന്‍  ഈച്ചകള്‍ കാരണം ഇടയ്ക്കു വണ്ടി നിര്‍ത്തി അവറ്റകളെ  അടര്‍ത്തി മാറ്റി...എരി  പൊരി സഞ്ചാരം യാത്ര തുടര്‍ന്ന് കൊണ്ടേ ഇരുന്നു...

കിട്ടിയ അവസരം പാഴാക്കാന്‍ തോന്നിയില്ല.റോഡ്‌ കാലി ...വിജനമായ വഴിവക്കുകള്‍ ,... സ്പീഡ് കൂട്ടുമ്പോഴും കോയക്കാന്‍  നിശബ്ദനായി പിന്നില്‍ ഇരുന്നു...അങ്ങ് ദൂരെ പെട്ടന്ന്  നിലാവ് കണ്ടപ്പോ അല്പം അത്ഭുതം തോന്നി...പക്ഷെ ചിന്തകള്‍ക്ക് മീതെ വേഗത്തില്‍ പാഞ്ഞ എത്തിയ ബൈക്കിന്‍റെ  നേര്‍ത്ത വെളിച്ചത്തില്‍ അത് ഒരു വെള്ള പൂശിയ മതിലായിരുന്നു എന്നും റോഡ്‌ വലത്തോട്ട് തിരിയണം എന്നും തിരിച്ചു അറിഞ്ഞത് അല്പം വൈകി ആയിരുന്നു...എങ്ങനെയോ വെട്ടി വളച്ചു മതില്‍ ഒഴിവാക്കി.പക്ഷെ റോഡിന്‍റെ ശോല്‍ഡര്‍ ,..കിടങ്ങ് പോലുത്ത ഗട്ടറിലൂടെ  വീണു കുറെ ദൂരം ഞാനും ബൈക്കും തെന്നി നീങ്ങി... അയ്യോ...എന്നാ തുടര്‍ച്ചായി ഉള്ള നിലവിളയും ബൈക്കിന്‍റെ വീഴ്ചയ്യും എല്ലാം കേട്ട് അടുത്ത വീട്ടില്‍ നിന്നും കുറെ ആളുകള്‍ ഓടി വന്നു...അവിടെ പിറ്റേ ദിവസം ഒരു കല്യാണം നടക്കാനുള്ള തിരക്കിലായത് കാരണം ആളുകള്‍ ഉണ്ടായിരുന്നു.

ആരൊക്കെയോ വണ്ടിയും എന്നെയും പൊക്കി താങ്ങി എടുത്തു...കണ്ണിലെ ഈച്ചയുടെ ഇടിയുടെ വിളയാട്ടത്തിന്‍റെ നീറ്റലും ശരീരത്തില്‍  അങ്ങ് ഇങ്ങു ചോര പൊടിയുന്നതിന്റെ വേദനയും മണവും എല്ലാം പതുക്കെ അറിഞ്ഞു തുടങ്ങി...അപ്പോള്‍ മാത്രം ആണ് നിവര്‍ന്നു നില്‍ക്കുവാന്‍ അല്പം പ്രയാസം പോലെ അനുഭവപെട്ടത്‌. .,.മനസ്സിലായി, വലത്തെ കാല്‍ മടക്കുവാന്‍ വയ്യ.വണ്ടി കാലിനു മുകളില്‍ ആയിരുന്നലോ കിടന്നത്..ദൈവാനുഗ്രഹതല്‍  റോഡിലെ ഗട്ടറിന്‍റെ  ഇടയില്‍ ആയിരുന്നു ഞാന്‍.., അതിനു മുകളില്‍ ബൈക്കും. അത് കാരണം വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നു...
സ്ഥല കാല ബോധം തിരിച്ചു അറിഞ്ഞു തുടങ്ങിയപ്പോള്‍  ആണ് ഷാനവാസിനെ കുറിച്ച് ഓര്‍മ്മ വന്നത്..വെളുക്ക ചിരിച്ചു കൊണ്ട് [അരണ്ട വെളിച്ചത്തില്‍ കണ്ടു] ഒരു കുഴപ്പം ഇല്ലാതെ അവന്‍ നടന്നു വരുന്നു...പണി പാളും എന്ന് മനസ്സിലായപോഴേ അവന്‍ എനിക്ക് മുന്‍പെ തെറിച്ചു പോയിരുന്നു....
സ്നേഹസമ്പന്നരായ നാട്ടുകാരുടെ ഉപദേശം കേട്ട് വെള്ളം കൊണ്ട് മുഖവും കൈ കാല്ലുകള്‍ കഴുകല്ലും കഴിഞ്ഞു...വീണ്ടും അവന്‍റെ പിന്നില്‍ ആയി ബാക്കി യാത്ര. 

വൈക്കത്തെ ജോര്‍ജിന്‍റെ വീട്ടില്‍ എത്തിയപോഴേക്കും ബാക്കി ഉള്ള മഹാന്മാര്‍ പല വഴികളില്ലൂടെ ഞങ്ങള്‍ക്ക് മുന്‍പേ എത്തിയിരുന്നു.
അര്‍ദ്ധ രാത്രി വളഞ്ഞു കൂടി സൈഡ് വലിഞ്ഞു വാതില്ലില്‍ നില്‍ക്കുന്ന എന്നെ കണ്ടപ്പോ വളരെ ദയനീയതയോടെ റീത്ത ആന്‍റി [ജോര്‍ജിന്‍റെ അമ്മ] അവനോടു ചോദിച്ചു. 
'' എടാ ടിജോയെ, നീ എന്നതാടാ ഒരു വികലംഗന്‍ നിങ്ങളുടെ ഇടയില്‍ ഉള്ളത് പറയാത്തത് '' [ആദ്യമായി ആണ് ആന്‍റി  എന്നെ കാന്നുന്നത് ]
കൂട്ട ചിരി മാത്രം ആയിരുന്നു അവിടെ കേട്ടത്.
ആ കൂട്ട ചിരികള്‍ക്ക് ഇടയ്യില്‍ എന്‍റെ വേദന അല്പം അലിഞ്ഞു തുടങ്ങിയ പോലെ ...

പിറ്റെ ദിവസം വിനോദയാത്ര റദ്ദ് ആക്കിയാലോ എന്ന് വരെ ചിന്തിച്ചതായിരുന്നു...പക്ഷെ എന്‍റെ സുഹൃത്തുക്കളുടെ പിന്‍ബലം ഒരുമിച്ചുള്ള യാത്ര എല്ലാം കൂടി അത് തുടരുവാന്‍ തന്നെ തീരുമാനിച്ചു.

മൂന്നാര്‍, ചിന്നാര്‍, സൈലന്റ് വാലി, മാട്ടുപെട്ടി തുടങ്ങി പല സ്ഥലങ്ങളും ചുറ്റി അടിച്ചു ഒടുക്കം ഞങ്ങള്‍ വഴി പിരിയുമ്പോള്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ട് ഉണ്ടാവില്ല...ഞങ്ങള്‍ 10 പേരും ഞങ്ങളുടെ ജീവിത യാത്ര അവിടം മുതല്‍ തുടങ്ങുക ആണ് എന്ന്...പിന്നിട് കാണാം എന്ന് പ്രതീക്ഷയോടെ പറഞ്ഞ് പോയതു ആണെങ്കിലും നാള്‍ ഇത് വരെ ആയിട്ട് ഇല്ല....ഇനി ഒരു കൂടി ചേരല്‍ അതും  ഞങ്ങള്‍ എല്ലാവരും കൂടി...ഒരു പക്ഷെ അസാധ്യം....പ്രായം കടന്നു പോകുന്നു...ജീവിത തിരക്കില്‍ പലരും ശ്വാസം വിടാന്‍ പോലും മറക്കുന്നു...

ആകുമോ ഞങ്ങള്‍ക്ക് ഇനിയും ഒരു കൂടി ചേരല്‍ ....മനസ്സ് ഒത്തിരി ആഗ്രഹിക്കുന്നു ഉണ്ട്...പക്ഷെ അറിയില്ല...

വിദൂരമായ പാതയില്‍ പാതി വഴിയെ എത്തി നില്‍ക്കുക ആണ് ഞാനും എന്‍റെ സുഹൃത്തുക്കളും....കാതങ്ങള്‍ താണ്ടുവാന്‍ ഏറെ ഉണ്ട് താനും...
ആകുമോ ഈ യാത്രയിലോ ഒരു സന്ധിപ്പ് ...ഇനിയും...?
ഞാനും എന്‍റെ സഹപാഠികളും....?
................................
ആ യാത്രയുടെ ഓര്‍മ്മ കുറിപ്പ് എന്നോണ്ണം എന്‍റെ വലത്തേ കാലിന്റെ മുട്ടിന്‍റെ  ലിഗ്മെന്റ്റ് ഫ്രാക്ചര്‍ ഇന്നും ചില നേരങ്ങള്ളില്‍ എന്നെ പിന്നിലേക്ക്‌ കൊണ്ട് പോകുന്നു
................................
ആ പത്തു പേര്‍ ഇവര്‍ ആയിരുന്നു
[1] അജിത്‌ ആര്‍ മേനോന്‍  - എറണാകുളം, ഫോര്‍ട്ട്‌ കൊച്ചി
[2] സുനില്‍ ഇനാശു - തൃശ്ശൂര്‍, പൂത് ഹോള്‍
[3] ജോര്‍ജ് ജോസ് - വൈക്കം, ടി.വി പുരം
[4] ഗോക്കുല്‍ രാജ് - പാലക്കാട്‌, കൊല്ലങ്കോട്‌
[5] നിരഞ്ജന്‍ ദാസ്‌ ശര്‍മ്മ - കൊല്ലം, പള്ളിമുക്ക്
[6] സൈമണ്‍ ജോസഫ്‌ - കോട്ടയം, ഏറ്റുമാനൂര്‍
[7] സുകു വൈ ദാസ് - എറണാകുളം, കളമശ്ശേരി
[8] ഷാനവാസ് മൊയിദു - കോഴിക്കോട്, ഇരഞ്ഞി പാലം
[9] കൃഷ്ണ കുമാര്‍ - ആലുവ, ടൌണ്‍

പിന്നെ ഞാനും ജോസ് ഡി - കൊല്ലം,ടൌണ്‍ 


x
................................

x

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...