15 Apr 2013


ടക് ടക് - മെട്രോ 

അനേക ലക്ഷം ജനങ്ങളുടെ ഉല്ലാസ യാത്രയ്ക്കും ദൈനംദിനം തോറുമുള്ള ജീവിത യാത്രക്കും സഹായ ഹസ്തം നീട്ടി തിരക്കേറിയ നഗരത്തെ പല രീതികളിൽ ബന്ധിപ്പിക്കുന്ന ഒരു വിസ്മയ കണ്ണി...വളർച്ചയുടെ പാതയിൽ ടെക്നോളോജിയുടെ അവസാനവാക്കിന് മുന്നോടി. ദുബൈയുടെ നാഡി ഞരമ്പുകളിൽ ഒന്ന്...ഞൊടിയിടയിൽ ഭൂമിക്ക് അടിയിലൂടെയും മുകളിലൂടെയും വിജയകരമായി പടുത്തുയർത്തിയ ഒരു വിസ്മയ ലോകം 'മെട്രോ'

'മെട്രോ' - ഒരുപക്ഷെ ഈ വാക്ക് പലതവണ കേട്ടത് കൊണ്ടാവും, ഒരു സ്വപ്ന ലോകത്തിലകപ്പെട്ട  ഒരു കഥാപാത്രമായി ഞാനും അല്പനേരം 'അവളുടെ' മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവൾ എന്നെ കണ്ടിരുന്നില്ല. എന്റെ ഇഷ്ടമുഖം, എന്റെ പ്രിയ കൂട്ടുകാരിയെ നോക്കി നിന്നുപോയി എന്ന് പറയുന്നതാവാം കൂടുതൽ ഉചിതം...അവളെ ഞാൻ നന്നായി കണ്ടു.

പതിവിനു വിപരീതമായി വെള്ളിയാഴ്ചയായിരുന്നിട്ടും തിരക്ക് അധികം അനുഭവപ്പെട്ടിരുന്നില്ല അന്നേ ദിവസം. കരാമയിലെ 'മെട്രോ'യുടെ വൃത്താകൃതിയിലുള്ള സ്റ്റീൽ നിർമ്മിതമായ വാതിലും ഫ്രേമുകളും ഗ്ലാസ് പാളികളും അസ്തമയ സൂര്യന്റെ വെയിലേറ്റ് നല്ലത് പോലെ പ്രതിഫലിക്കുന്നു. 

പത്തടിയോളം വീതിയിലുള്ള ഓട്ടോമാറ്റിക് ഗ്ലാസ്‌ ഡോറിന് തൊട്ടു മുൻപ്, കുറച്ചു വലത്തോട്ട്  മാറി 'അവൾ' ആരെയോ കാത്ത് നില്ക്കുന്നു. കൈകൾ പരസ്പരം കൂടി കെട്ടി നെഞ്ചോടു ചേർത്ത് നില്ക്കുന്ന അവളുടെ മുഖം വെയിലിൽ നല്ലത് പോലെ തിളങ്ങുന്നുണ്ടായിരുന്നു. അല്പം ക്ഷീണിച്ച ആ മുഖം പക്ഷെ, അസ്തമയ സൂര്യൻ 'തേജസ്' അവളിലിലെപ്പിചുവോ എന്ന് ഞാൻ സംശയിച്ചുപോയി. സ്വർണ്ണ നിറമുള്ള അവളുടെ തലമുടി കാറ്റത്ത്‌ അലസമായി പാറി പറക്കുന്നു. എന്നെ കീഴ്മേൽ മറിച്ച 'എന്തോ മറന്ന' പാതി അടഞ്ഞ ആ കണ്ണുകൾ നന്നായി തിളങ്ങുന്നു. ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്ന ഇളംനീല ടോപ്‌,അങ്ങിങ്ങായി കുറെ പ്രിന്റെഡ്‌ ഡിസൈനും, ഒരു ബ്ലാക്ക്‌ മിഡിയും - മുട്ടോളം വരെ, നീളൻ വള്ളികളിൽ വലത്തേ തോളിൽ നിന്നും താഴെ കാറ്റിനൊപ്പം തൂങ്ങിയാടുന്ന ബ്ലാക്ക്‌ വാനിറ്റി ബാഗ്. ഹാഫ് ബ്ലാക്ക്‌ ഷൂവിനു മുകളിൽ പകുതി നഗ്നമായ പാദങ്ങൾ പുറത്തു കാണാമായിരുന്നു. എന്റെ കൂട്ടുകാരിയെ ഈ 'സായം സന്ധ്യ' കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു. 

എന്നെ ആയിരിക്കുമോ 'അവൾ' പ്രതീക്ഷയോടെ കാത്തു നില്ക്കുന്നത്....? 
മനസ്സിൽ തിരമാലകളുടെ വേലിയേറ്റം. 'ടക്, ടക്... 'ഹൃദയത്തിന്റെ താളമിടിപ്പ് എന്റെ കാതുകളിൽ മുഴങ്ങി...മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു....അങ്ങനെയായിരുന്നെങ്കിലോ... ഇല്ല സ്വപ്നം എപ്പോഴും യാഥാർത്ഥ്യം ആകണമെന്നില്ലലോ... ! ഒരിക്കലും എന്നെ കാത്ത് നില്ക്കുകയായിരിക്കില്ലെന്ന് അറിയാമെങ്കിലും മനസ്സിലെ ആഗ്രഹങ്ങളും വികാരങ്ങളും കടിഞ്ഞാണിടാൻ എനിക്കാവുന്നില്ല. കടിഞ്ഞാണിടാൻ എനിക്കായാലും, ഞാനിടില്ല... അഴിച്ചു വിട്ട മനസ്സ് പാറി പറക്കട്ടെ... 

ടാ, നീ എന്തോ ആലോചിച്ച് കൊണ്ടിരിക്കുവാ...? വണ്ടി എടുക്കടാ - കരമ മെട്രോയുടെ മുന്നിൽ ഒരു ചെറിയ ട്രാഫിക്‌ ബ്ലോക്കിൽ അകപ്പെട്ടു പോയ ഞാൻ, പെട്ടന്നുള്ള സുഹൃത്തിന്റെ വിളിയും ശാസനയും സ്വപ്നത്തിൽ നിന്നും എന്നെ ഉണർത്തി. ഞാൻ കാർ മുന്നോട്ട് എടുത്തു. റിയർ വ്യൂ മിററിലൂടെയും സൈഡ് വ്യൂ മിററിലൂടെയും ഞാൻ പിന്നെയും നോക്കി....ഇല്ല 'അവൾ' അവിടെ ഇല്ല...പിന്നെയും ഒരാവർത്തി കൂടി പിന്നിൽ നോക്കി ഉറപ്പിച്ചു...ഇല്ല 'അവൾ' അവിടെ ഇല്ല...

ടക്, ടക്... ഹൃദയത്തിന്റെ താളമിടിപ്പ് മുഴക്കം കൂടിയോ...എനിക്ക് സംശയമായി... 


തുലച്ചു...നീ എവിടെ നോക്കിയാണ് ടാ വണ്ടി എടുക്കുന്നെ...

അവന്റെ മൂട്ടിൽ കൊണ്ടിടിച്ചപ്പോ സമാധാനം ആയാലോ... ?

തൊട്ടു മുന്നിലെത്തെ സ്വർണ്ണ നിറത്തിൽ വെയിലേറ്റു തിളങ്ങി നീങ്ങിയ ലാൻഡ് ക്രൂയിസറിന്റെ പിറകിൽ ഞാൻ നൽകിയ ചുബനമായിരുന്നു ടക്, ടക്...ആയി പരിണമിച്ചത്‌....,...വേഗത കുറവായത് കൊണ്ടും മുന്നിലത്തെ വണ്ടിയ്ക്കു വലിപ്പമുള്ളത് കൊണ്ടും തകരാർ രണ്ടു വണ്ടിക്കും സംഭവിച്ചില്ല...പരസ്പരം കൈകൊടുത്തു പിരിഞ്ഞു.


അവൾക്കായി വച്ചിരുന്ന ചുംബനം മറ്റൊരാൾക്ക് നല്കേണ്ടി വന്ന വിഷമം ബാക്കിയായി...

തിരക്കിനിടയിലെ അല്പ നിമിഷിങ്ങളിൽ അവളെ ആവാഹിച്ചു എന്റെ മുന്നിലെത്തിച്ചതിനെ കുറിച്ച് ഓർത്തു പിന്നെയും ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു...എത്ര നേരം 'അവൾ' അവിടെ ഉണ്ടായിരുന്നു എന്നും എനിക്കറിയില്ല. പക്ഷെ ഞാൻ അവളെ കണ്ടു...നന്നായി കണ്ടു.

മുന്നോട്ടു പോകുമ്പോഴും കാറിൽ എന്തൊക്കെയോ അവർ സംസാരിക്കുണ്ടായിരുന്നു...ഒന്നും ഞാൻ കേട്ടിരുന്നില്ല ഒരു ചെറു പുഞ്ചിരി എന്റെ ചുണ്ടുകളിൽ അനുഭവപ്പെട്ടു...സൈഡ് വ്യൂ മിററിലൂടെയും പിന്നെയും ഞാൻ നോക്കി...കരാമ സ്റ്റേഷനിലെ മെട്രോയിൽ 'അവൾ' നില്ക്കുന്നുണ്ടോ...?
ഇല്ല, അവൾ ഇല്ല...പക്ഷെ എന്റെ മനസ്സിലുണ്ട്...കാർ മുന്നോട്ട് പാഞ്ഞു പോയി...
എന്റെ മനസ്സിൽ പിന്നെയും അവളുടെ മുഖം - മുൻപ് എപ്പോഴോ നക്ഷ്ടപ്പെട്ടു പോയ ആ സുന്ദര മുഖം... 

ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ മറ്റൊരു മെട്രോ പാഞ്ഞു പോകുന്നത് പതിഞ്ഞ സ്വരത്തിൽ കേൾക്കാമായിരുന്നു - ടക്..ടക്. 




5 Apr 2013

ഒരു വട്ടം കൂടി - ഭാഗം 2


ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം

തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരം ഒന്നുലുത്തുവാൻ മോഹം

---------------- ----------- ------------- --------------- ----------- ---------- ----------- ------------ --------- -------------

വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം.... 


ഭാഗം - 2 


സ്കൂൾ വിദ്യാ'അഭ്യാസം' കഴിഞ്ഞു, കാലെടുത്തു വയ്ക്കുന്നതിനു രണ്ടു കൊല്ലം മുൻപു മുതൽ ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരുന്ന എന്റെ Fatima Mata National College. തീർത്തും ആദ്യ കലാലയം ഒരു വിസ്മയ ലോകം തന്നെയായിരുന്നു. 

----------------------------------------------------------------------------------------------------------------------------------
സ്കൂളിൽ ഉണ്ടായിരുന്ന കർശന നിയമങ്ങളും സമയ പാലന ക്രമങ്ങളും എല്ലാം കാറ്റിൽ പറത്തി ശരിക്കും ഒരു ഉത്സവപൂർണമായ ആഘോഷം തന്നെയായിരുന്നു എന്റെ "പ്രീ ഡിഗ്രി" . ഒരു വിധപ്പെട്ട എല്ലാ ടീച്ചർമാരുടെയും കണ്ണിലുണ്ണിയായത്‌ കൊണ്ട് മിക്കപോഴും ക്ലാസ്സിനു പുറത്തായിരിക്കും പഠനം. കൊച്ചു ത്രേസിയ, ബറിൽ, സ്റ്റെല്ല അങ്ങനെ എല്ലാ ടീച്ചർമാർക്കും എന്നെ വലിയ മതിപ്പായിരുന്നു...

ഇന്നത്തെ കൊല്ലം ബിഷപ്പ് റൈറ്റ്. റെവ. സ്റ്റാൻലി റോമനായിരുന്നു അന്നത്തെ കോളേജ് പ്രിൻസിപ്പൾ, വൈസ് പ്രിൻസിപ്പൾ ശ്രി. ആൻസോ കാബോട്ട്. ഈ രണ്ടു പേരോടും ഭയഭക്തി ബഹുമാനമായിരുന്നു എനിക്ക്. കോളേജിലായിരുന്നപ്പോൾ സെർറ്റിഫിക്കറ്റുകൾ ഒപ്പിടാനും സാക്ഷ്യപ്പെടുത്താനുമല്ലാതെ ഒരിക്കലും ഇവർക്ക് മുന്നിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല.

പുറത്താക്കൽ ദിവസങ്ങളിൽ വീട്ടിൽ നേരുത്തേ എത്തിയാൽ, 'കാരണം' പറയേണ്ടി വരുമെന്നതിനാൽ റൂട്ട് മാറ്റി പിടിച്ചിരുന്നു....ഇവിടുന്നായിരുന്നു സിനിമ കാണൽ കമ്പം തുടങ്ങിയത്. അപ്പനും അമ്മയും മിക്ക ദിവസങ്ങളിലും  ഉച്ചക്കുള്ള ഭക്ഷണത്തിന് വേണ്ടി തരുന്ന 10 രൂപയിൽ, കോളേജിലെ അച്ചായന്റെ കാന്റീനിൽ നിന്നും 2.50p യ്ക്കു രണ്ടു ചൂട് പൊറോട്ടയും ഉരുളകിഴങ്ങു കറിയും അല്ലെങ്കിൽ കർബല ജംഗ്ഷനിലെ ബേക്കറിയിൽ നിന്നും രണ്ടു ക്രീം ബണ്ണും (ഇവിടുത്തെ ക്രീം ബണ്ണിന്റെ സ്വാദ് എനിക്ക് മറ്റൊരിടത്തും ഇതുവരെ അനുഭവിച്ചറിയുവാൻ കഴിഞ്ഞിട്ടില്ല) അകത്താക്കി മാറ്റിനിക്കു വച്ച് പിടിക്കും. ഇടയ്ക്കു സുഹൃത്ത്ക്കളുടെ ഊണ് പൊതിയിൽ നിന്നും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും. ശ്രീകുമാർ, രാജേഷ്, ഫിലിപ്പ്, റോണി ഇവാരായിരിക്കും മിക്കപോഴും എന്നെ ക്ഷണിക്കുക. ആദ്യം പറഞ്ഞ മൂന്നുപേരും ഇന്ന് എവിടാണയെന്നു പോലും അറിയില്ല. എന്നെ ഓർക്കുന്നുണ്ടാവുമോ ആവോ... അറിയില്ല. എവിടയായാലും അവർ നന്നായിയിരിക്കട്ടെ. റോണിയെ ഇടയ്ക്ക് ബാങ്ക്ലൂരിലേക്ക് വിളിച്ചു സ്വകാര്യമായി തെറി പറയാറുണ്ട്‌... അവൻ സുഖം സ്വസ്ഥം. രണ്ടു കുട്ടികളുടെ അച്ഛൻ.

കഷ്ട്ടപെട്ടു വൈകുന്നേരം (2 മണി) വരെ കോളേജിലിരുന്നു വീട്ടിൽ പോകുന്ന പലദിവസങ്ങളിൽ ഒരുദിവസം -

സീൻ - 1 


ലൊക്കേഷൻ - റെയിൽവേ ട്രാക്ക്, കർബല ജംഗ്ഷലിലുള്ള ഫുട് ഓവർബ്രിഡ്ജ്.
കഥാപാത്രങ്ങൾ -  കുണ്ടറ ജോണി (സിനിമ നടൻ), സ്റ്റെല്ല ടീച്ചർ (എന്റെ ഹിന്ദി ടീച്ചർ)

ഞാനും എന്റെ സഹപാഠി ജോണ്‍സൻ കെ. ജി യും ചിന്നക്കടയിലേക്ക് പോകാൻ റെയിൽവേയുടെ വകയുള്ള ട്രാക്കിനടുത്തു കൂടിയായിരുന്നു പോയിരുന്നത്. (ഇതൊക്കെ വായിക്കുമ്പോൾ നിങ്ങൾ കരുതും എന്തോ വലിയ ഒരു വിപത്ത് നടന്നെന്ന് - ഏയ്‌ അങ്ങനെ ഒന്നുമില്ല)
അന്നേ ദിവസം ഞങ്ങൾക്ക് വളരെ പിന്നിലായി ടീച്ചറുമുണ്ടായിരുന്നു - പിന്നിടാണ് കണ്ടത്.
ഞാനും അവനും തമാശകൾ പറഞ്ഞും...പാളത്തിലൂടെ അടിവച്ച് 'അടി'യും വച്ച് നടന്നും...കല്ലുകൾ തട്ടി തെറിപ്പിച്ചും...അങ്ങിങ്ങായി ഷണ്ടിങ്ങിനു വേണ്ടി നീങ്ങുന്ന ഗുഡ്സ് ട്രെയിനും മറ്റു ചില കാലി ബോഗ്ഗിഗളെയും നോക്കി നിന്നും, ഇടയ്ക്കു ട്രാക്കിന് സമാന്തരമായിയിട്ടുള്ള ചെമ്മാന്മുക്ക് ചിന്നക്കട റോഡിലൂടെ പോകുന്ന ബസ്സിനെയും, നടന്നു പോകുന്ന പെണ്‍ കുട്ടികളെ നോക്കിയും, നന്നേ രസിച്ചു തന്നെയായിരുന്നു ഞങ്ങൾ നടന്നു പോയത്.
അങ്ങ് ദൂരെ മദ്രാസ് മെയിൽ രണ്ടാം നമ്പർ പ്ലാട്ഫോം വിട്ടു പതുക്കെ നീങ്ങി തുടങ്ങിയിരുന്നു.
ഡീസൽ എഞ്ചിനിൽ നിന്നും പുറപ്പെടുമ്പോൾ വമിക്കുന്ന കടു കട്ട കറുത്ത പുക ഊതി തള്ളി ട്രെയിൻ ഫുട് ഓവർബ്രിഡ്ജിനു അടുത്തേക്ക് എത്തിതുടങ്ങിയിരുന്നു.... ശക്തമായ വെയിൽ തട്ടി എഞ്ചിനു ചുറ്റും ആവി തിളച്ചു മറിയുന്നത് നല്ലതുപോലെ കാണാമായിരുന്നു.

പതുക്കെ പതുക്കെ വേഗത കൈവരിച്ച് മുന്നോട്ടു കുതിച്ച ട്രെയിൻ ഓവർബ്രിഡ്ജ് കഴിഞ്ഞു കുറച്ചപ്പുറത്തേക്ക്  നീങ്ങി നിർത്തി. ഒന്നും മനസ്സിലാകാതെ ഞാനും അവനും പരസ്പരം നോക്കി... ഞങ്ങൾക്ക് മുന്നില് ഒരു A/C കോച്ചായിരുന്നു വന്നു നിന്നത്. എന്താണ് സംഭവിച്ചതെന്നറിയാൻ ഞങ്ങൾ ചുറ്റുപാടും നോക്കി.
സംഭവം, ഞങ്ങളുടെ സ്റ്റെല്ല ടീച്ചറിന് വേണ്ടി ഡ്രൈവർ ട്രെയിൻ നിർത്തി കൊടുത്താണ്...
ആശ്ച്ചര്യതോടെ അന്ധാളിപ്പോടെ നോക്കി നിന്ന ഞങ്ങളുടെ അമ്പ്പരപ്പിനു ആക്കം കൂട്ടാനായി ട്രെയിനിന്റെ വാതിൽ തുറന്നു ഒരാൾ പുറത്തേക്കു നോക്കി. ശ്രി കുണ്ടറ ജോണിയായിരുന്നു അത്.
അദ്ദേഹം ഞങ്ങളോടായി പറഞ്ഞു : 'വലിയ സൗകര്യതിലാണല്ലോ'. ഒരിക്കലും അദ്ദേഹത്തിന് വ്യക്തമല്ലായിരുന്നു ആ കയറുന്നത് ആരായിരുന്നു എന്നുള്ളത്. കാരണം A/C കോച്ച് വളരെ പിറകിലായിരുന്നു. ടീച്ചർ കയറിയത് ജനറൽ കോച്ചിലും...അത് ദൂരെ എഞ്ചിനു തൊട്ടു പിന്നിലായും.

ഒന്നും പറയാൻ കഴിഞ്ഞില്ല ഞങ്ങൾ രണ്ടാൾക്കും - വായും പൊളിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. കാരണം ഒന്ന്, ഞങ്ങളുടെ ടീച്ചർ, രണ്ടു, സിനിമ നടൻ ഞങ്ങളോട് സംസാരിച്ചു-വലിയ സംഭവമല്ലേ.
ട്രെയിൻ  പിന്നെയും നീങ്ങി...അദ്ദേഹം അകത്തേക്കും പോയി....

അത് ഒരു ജീവിതയാത്രയുടെ തുടക്കമായിരുന്നു - ഒരു പക്ഷെ കാലത്തിന്റെ ഫോർപ്ലേ ആകാം. വർഷങ്ങൾക്ക് ശേഷം ഞാൻ എപ്പോഴോ ആരിൽ നിന്നോ അറിഞ്ഞു. ശ്രി. കുണ്ടറ ജോണി ഞങ്ങളുടെ സ്റ്റെല്ല ടീച്ചറിനെ വിവാഹം കഴിച്ചു. ഒരു പക്ഷെ ഈ ഒരു സംഭവം അവർക്കും അറിയില്ലായിരിക്കാം...ചിലപ്പോൾ അറിയുമായിരിക്കാം. പക്ഷെ എനിക്കറിയില്ല ഇത് അവർക്കറിയുമൊ എന്നുള്ളത്...
മൂക സാക്ഷിയായി ഞാനും എന്റെ സുഹൃത്തും...അന്ന് 24 വർഷങ്ങൾക്ക് മുൻപ് ചരിത്രത്തിന്റെ ഏടുകളിലിലെവിടയോ.....
ഇനി ഇത് അവനു ഓർമ്മ കാണുമോ... അതുമറിയില്ല... ?

സീൻ - 2 


ലൊക്കേഷൻ - റെയിൽവേ പ്ലാട്ഫോം No 1, കൊല്ലം റെയിൽവേ സ്റ്റേഷൻ. 
കഥാപാത്രങ്ങൾ -  ഞാൻ, ജോണ്‍സൻ കെ ജി. 

മറ്റൊരു ദിവസം - അന്നൊരു ചൊവ്വാഴ്ചയായിരുന്നു. വൈകിട്ട് 
3:30 മണി

ഞാനും അവനും വേറെ മൂന്നുപേരും കൂടി നടന്നു പ്ലാട്ഫോമിലെത്തിയ സമയം തന്നെ തിരുവന്തപുരത്തേക്ക് പോകുന്ന രാജ്കോട്ട് എക്സ്പ്രസ്സ്‌ വന്നു നിന്നു... കൃത്യം ഒന്നാം നമ്പർ പ്ലാട്ഫോമിൽ. പ്രതേകിച്ചു പറയേണ്ടതില്ലലോ... 'ഉഗ്രൻ പണി'... എനിക്കും അവനും കിട്ടി. ഗുജറാത്തിൽ നിന്നും ടിക്കെറ്റ് ഇല്ലാതെ വന്ന രണ്ട് 'മാർവടികൾ' ആണ് ഞങ്ങൾ എന്ന് TTE. (ഞങ്ങളെ കണ്ടാല്ലും പറയുമായിരുന്നു...എനിക്ക് 46 കിലോയും അവനും 45ഉം. മെലിഞ്ഞുണങ്ങി സോഡാ കുപ്പി കവിളും കരിവീട്ടിയുടെ നിറവുമുള്ള  എന്നെ കണ്ടിട്ടാണ് ആ വർണ്ണന. പക്ഷെ അവനു നല്ല നിറം ഉണ്ടായിരുന്നു)

അപ്പൊ ശരിക്കുള്ള മാർവാടികളെ കണ്ടാൽ എങ്ങനെയിരിക്കും എന്നായി ചിന്ത... ഓർത്തു ഓർത്തു മനസ്സും മുഖവും വാടിയതല്ലാതെ 'മാർവാടി'യാകാൻ ഒരുതരത്തിലും പറ്റിയില്ല... ഗുജറാത്തിൽ നിന്നും കൊല്ലം വരെയുള്ള മുഴുവൻ പൈസയും ഫൈനും അടച്ചാലല്ലാതെ പോകാൻ പറ്റില്ലയെന്നു TTEഉം. പലതും പറഞ്ഞു നോക്കിയിട്ടും രക്ഷയില്ലെന്ന് മനസ്സിലായി. സമയം 6:00.
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ മറ്റൊരു ക്ലാസ്മേയ്റ്റ് ബിനോയ്‌ അവന്റെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ അപ്പനെയും കൂട്ടി വന്നു. സത്യാവസ്ഥ പറഞ്ഞു ബോധിപ്പിച്ചു സാക്ഷിപ്പെടുത്തി കോളേജ് ഐ. ഡി. യും കാട്ടി ഞങ്ങളെ ജാമ്യത്തിൽ എടുത്തു....

(എങ്ങനെ അദ്ദേഹം അവിടെയെത്തിപ്പെട്ടു എന്ന് പിന്നെ മനസ്സിലായി. ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മറ്റു മൂന്ന് സഹപാഠികളായിരുന്നു ബിനോയ് 'യെ   വിവരം അറിയിച്ചതുമെല്ലാം. മൊബൈൽ ഫോണ്‍ ഒന്നുമില്ലാത്ത ആ കാലഘട്ടം.....അന്നും വിവരങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നു...)

എല്ലാം കഴിഞ്ഞു ഞാൻ വീട്ടിലെത്തിയപ്പോഴേക്കും 7:30 മണിയായി.

എന്നും 4:00 മണിയ്ക്ക് വീട്ടിൽ വന്നിരുന്ന ഞാൻ അന്ന് നേരമത്രേയുമായിട്ടും കാണാത്തതിന്റെ ആധിയും വെപ്രാളവും അപ്പനും അമ്മയും നന്നായി അനുഭവിച്ചു. ചേട്ടനും അയൽക്കാരും സൈക്കിളെടുത്ത് നാലു പാടും പോയി കാണാഞ്ഞു കുഴഞ്ഞു മറിഞ്ഞു തിരികെ വന്നു. എന്നെ കണ്ടപ്പോൾ കെട്ടിപിടിച്ച് കരയുമെന്നാണ് ഞാൻ കരുതിയത്‌..., പക്ഷെ ഓടി വന്നു കുനിച്ചു നിർത്തി 'ഡമ,  ഡമ', നാലിടി മുതുകത്ത്.... (സ്നേഹം പങ്കിട്ടതാണ്-പക്ഷെ രീതിയിൽ അല്പം ശ്രുതി താളവും കൂടി ഉണ്ടായി എന്ന് മാത്രം)

വെറുതെ ഈ 'ഇടികൾ' എന്നറിയുമ്പോഴും 
വെറുതെ 'കൊള്ളുവാൻ ' യോഗം.... 

(സതേണ്‍ റെയിൽവേ എനിക്കായി കോളേജിലെ ആദ്യ ദിവസം കൊട്ടിയ ചെണ്ടമേളം ദൂരെ വീണ്ടും കേൾക്കാമായിരുന്നു... )

യാദൃശ്ചികം എന്നും പറയാം - ജോണ്‍സൻ കെ. ജി അവൻ ഇന്ന് രാജ്കോട്ടിലാണ് എന്ന് കേട്ടറിഞ്ഞു. കോളേജിൽ നിന്നും ഇറങ്ങി ഒരിക്കൽ പോലും അവനെ പിന്നെ കണ്ടിട്ടില്ല. 

തീർത്തും നക്ഷ്ടമായ ഒരിക്കലും ഇനി തിരിച്ചു വരാത്ത ആ കൗമാര കാലം, എന്റെ പ്രീഡിഗ്രി കാലം മനസ്സിൽ ഇന്നും പൂവണിഞ്ഞു നിൽക്കുന്നു - അത് ചെമ്പരത്തി പൂവ് ആവാത്തിടത്തോളം കാലം അത് മനസ്സിൽ കുളിർ മഴ പെയ്യിക്കും... 







FATIMA MATA NATIONAL COLLEGE -   PER MATREM PRO PATRIA
(THROUGH MOTHER FOR COUNTRY)
എന്റെ സ്വന്തം കലാലയം 




4 Apr 2013

ഒരു വട്ടം കൂടി - ഭാഗം 1

ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം

തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരം ഒന്നുലുത്തുവാൻ മോഹം

---------------- ----------- ------------- --------------- ----------- ---------- ----------- ------------ --------- -----------

വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം.... 

ഭാഗം - 1 


മഹാകവി ശ്രി ഓ. എൻ . വി യുടെ വളരെ പ്രസിദ്ധമായ ഒരു കവിതയല്ലേ  അത്. ഹൃദയവിശാലതയുള്ള, സ്വപ്നങ്ങൾക്ക് ചാരുതയേകുവാൻ, ഓർമ്മകൾ ജനിപ്പിക്കുന്ന...ഓർമ്മകളിൽ ജീവിക്കുന്ന...ഏതൊരാൾക്കും ഈ കവിത അന്യമല്ല.

ഈ കവിത കേൾക്കുമ്പോൾ 24 വർഷമെങ്കിലും എനിക്ക് പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും. ഞാൻ ഒരു അല്പം പിറകിലേക്ക് നടക്കുകയാണ്....1988/89 - 90  വരെ പോകണം. (ഇത്തിരി നീട്ടി പരത്തി എഴുതി പോയി, സദയം ക്ഷമിക്കുക - ഇത് ഒരു അനുഭവകുറിപ്പോ വർണ്ണനയോയായി കാണാൻ എനിക്കാകില്ല - ഇത് ഒരു ഓർമ്മയാണ് - ജീവനുള്ള ഒരു ഓർമ്മ)
ഇന്നത്തെ തലമുറയ്ക്ക് അന്യവും പഴയ തലമുറയുടെ ജീവനാഡിയുമായ 'പ്രീ-ഡിഗ്രി' കാലം... മറക്കുവാനാകുമോ ജീവനുള്ളടത്തോളം കാലം ആ രണ്ടു വർഷങ്ങൾ .... ?

1989ൽ ലോഹിതദാസ് എഴുതി, ജോണ്‍സൻ ഈണമിട്ട്, സിബി മലയിൽ സംവിധാനം ചെയ്ത 'കിരീടം' മെന്ന ചിത്രത്തിലെ 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി....' എന്ന ഗാനം, കോളേജ് ആർട്സ് ഫെസ്റ്റിവലിൽ ഓഡിറ്റോറിയം മുഴുവൻ അലയടിച്ചിരുന്ന കാലം. അതിൽ മതിമറന്നു സ്വയം ലയിച്ചു ആസ്വദിച്ചിരുന്ന മധുര പതിനേഴുകാരികളുടെ ഒരു ലോകം. (മന:പൂർവ്വമാണ് കൗമാര കോമളന്മാരെ കുറിച്ച് പറയാത്തത്) എന്റെ കണ്ണുകളിൽ എല്ലാ പെണ്‍കൊടികളേയും 17ൽ മാത്രമേ കാണുവാനായുള്ളൂ. ഡിഗ്രിയ്ക്ക് പഠിക്കുന്ന ചേച്ചിമാരും 17നു മുകളിലോട്ടില്ല.

സ്കൂൾ വിദ്യാ'അഭ്യാസം' കഴിഞ്ഞു, കാലെടുത്തു വയ്ക്കുന്നതിനു രണ്ടു കൊല്ലം മുൻപു മുതൽ ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരുന്ന എന്റെ Fatima Mata National College. തീർത്തും ആദ്യ കലാലയം ഒരു വിസ്മയ ലോകം തന്നെയായിരുന്നു. 




നെഞ്ചിടിപ്പോടെയാണ് കോളേജിൽ ഇന്റർവ്യൂവിനു  വന്നത്. കാരണം അഞ്ചു മുതൽ പത്ത് വരെ പഠിച്ചത്, ആണ്‍ കുട്ടികൾ മാത്രമുള്ള സ്കൂളിലായിരുന്നു... ഫസ്റ്റ് ഗ്രൂപ്പിന് പ്രവേശനം ലഭിച്ചത് ഫോർത്ത് ഗ്രൂപ്പിൽ ചേർന്ന് നാല് ദിവസം കഴിയുമ്പോൾ മാത്രമാണ്. പുതുതായി പെണ്‍കൊടികളെ കാണുന്നതിന്റെ ചമ്മലും, നാണവും, ആക്രാന്തവും വേറെ...പ്രവേശനം നേടി ആദ്യ ദിവസം ക്യാമ്പസിലേക്ക് കടന്നപ്പോഴുണ്ടായ എന്റെ ചങ്കിടിപ്പ് - സതേണ്‍ റെയിൽവേയുടെ വക, പറഞ്ഞു വച്ച ചെണ്ടമേളം പോലെ, കോളേജിന്റെ മുന്നിലൂടെയുള്ള  റോഡിനരികിലൂടെ സമാന്തരമായി കടന്നുപോകുന്ന റെയിൽപാതയിൽ കൂടി ഏതോ ഒരു ചരക്കുവണ്ടി അതിവേഗം കടന്നു പോയ ചടുല താളത്തിൽ അലിഞ്ഞില്ലാതെയായി.
--------------------------                                                                                                      -------------------------
കോളേജ് ക്യാമ്പസ്സിൽ വളരെ കാല്പനികത തുളുമ്പി നിന്നിരുന്ന ഒന്ന് രണ്ടു സ്ഥല പേരുകൾ പരാമർശിക്കേണ്ടിയിരിക്കുന്നു. ക്വാഡ്രാൻഗിൾ, പഞ്ചാര കല്ല്‌, എരുമ കുളം...... ഇത് കേൾക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾക്ക് ചോദിച്ചേക്കാം  'എരുമ കുളത്തിന്' എന്ത് കാല്പനികതയെന്ന്. അത് പറഞ്ഞറിയിക്കാൻ എനിക്ക് അറിയില്ല. ഓരോന്നിനും അതിന്റേതായ 'കാല്പനികത' ഇന്നും നിലനില്ക്കുന്നുണ്ടാവും - എന്റെ കോളേജിൽ പഠിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഇത് ഒരുപക്ഷെ നന്നായി മനസിലാവും.

ക്വാഡ്രാൻഗിൾ - എന്റെ 17 ലെ പെണ്‍കൊടികൾ വിളയാടിരുന്ന ഒരു 'എക്സ്ക്ലൂസിവ്  പ്രൈവറ്റ് ഓപ്പണ്‍ എയർ സ്പേസ്' അല്ലെങ്കിൽ പെണ്‍കൊടികൾക്ക് മാത്രം പ്രവേശനാനുമതി ഉണ്ടായിരുന്ന ഒരു വിശ്രമസ്ഥലം. കോളേജിന്റെ നടു മുറ്റം-അങ്ങനെയും പറയാം. എനിക്ക് ഈ 'നടുമുറ്റത്തെ' ഉപമിക്കാൻ തോന്നുന്നത്‌ --  പലതരം റോസാ പൂക്കളും, ജമന്തിയും, മുല്ലമൊട്ടും, പിച്ചിയും, എന്ന് വേണ്ട - ഏതോക്കെ പൂക്കളുണ്ടോ...അതൊക്കെ വെള്ളം നിറച്ച ഒരു ഓട്ട് ഉരളിയിൽ എങ്ങനെ വിതറിയാലും.... അങ്ങനെ ഒഴുകി നടുക്കുന്നത് കാണുന്നത് തന്നെ ഒരു ശേലാണ്... മനസ്സിന് ഒരു കുളിരാണ്, സംതൃപ്തിയാണ്. അതാണ് ഞങ്ങൾക്ക് പ്രവേശനാനുമതി നിഷിദ്ധമായ ആ ക്വാഡ്രാൻഗിൾ.

ഒന്നാം നിലയിലെ എന്റെ ക്ലാസ്സ്‌ മുറിയിൽ നിന്നുമാണ് സീൻ പിടിത്തം. ചുമപ്പു, പച്ച, നീല, മഞ്ഞ - പലതരം വർണ്ണങ്ങൾ, പലതരം കലപില ശബ്ദങ്ങൾ, പലതരം വേഷങ്ങൾ, പലതരം കൂട്ടങ്ങൾ. ചിലർ മൂന്നോ നാലോ പേർ അടങ്ങുന്ന സംഘം, ചിലർ രണ്ടു പേർ മാത്രം. അങ്ങനെ ഒഴുകി നടക്കുന്നു.... മധ്യത്തിൽ സ്ഥിതി ചെയ്തിരുന്ന തണൽ മരമായ അരയാലിൽ (മരം No.1) കൂടി അരിച്ചിറങ്ങുന്ന  വെയിലിൽ ചിലരുടെ വളകളും, മാലകളും, അവർ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും മിന്നി തിളങ്ങുന്നു....
(ഹ....കഴിയുന്നില്ല ! ഒരിക്കൽ കൂടി ...) ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊരാ നെല്ലി മരം ഒന്നുലത്തുവാൻ മോഹം...

പഞ്ചാര കല്ല്‌ - ഒരു പക്ഷെ കലാലയ ചരിത്രം എഴുതാൻ ഒരു അവസരം കിട്ടിയാൽ ഈ വിശ്വപ്രസിദ്ധമായ 'പഞ്ചാര കല്ല' നെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ പോരാതെ വരും. കുട്ടികൾ, മുതിർന്നവർ, ലെക്ചർമാർ, കോളേജിലെക്ക് വരുന്നവരും, പോകുന്നവരും ഒരേ സ്വരത്തിൽ പക്ഷെ വിഭിന്നമായ വികാരത്തോടെ വർണ്ണിക്കുകയും ചെയുന്ന കാത്തിരിപ്പ്‌ കല്ലുകളാണ് ഈ 'പഞ്ചാര കല്ലുകൾ'.

25p ST നു കൊടുത്ത് രാവിലെ ചിന്നക്കടയിൽ നിന്നും കോളേജിന്റെ മുന്നിലോ കർബല ജംഗ്ഷനിലോ ബസ്സിന്റെ കമ്പിയിൽ തൂങ്ങിയാടി വന്നിറങ്ങി, 15 മിനിറ്റെങ്കിലും  'ശുദ്ധ വായു' ശ്വസിച്ചും 'വായ്‌' നോക്കിയും 'പഞ്ചാര കല്ലിൽ' ആസനസ്ഥനായിരുന്നതിനു ശേഷമേ ക്ലാസ്സിൽ പോയിരുന്നുള്ള്...
ഇന്നും ആ കല്ലുകൾ ആ പടർന്നു പന്തലിച്ചു കിടക്കുന്ന ആലിനു (മരം No.2) താഴെ വരി വരിയായി നിരന്നിരിക്കുന്നു... (ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു). എത്ര പ്രണയ കഥകൾക്ക് സാക്ഷ്യം വഹിചിട്ടുണ്ടാകും കാല്പനികതയിലും കാല പഴക്കത്താലുള്ള പൊട്ടലും പായൽ പിടിച്ചിരിക്കുന്നതുമായ ആ 'പഞ്ചാര കല്ലുകൾ' ... ആ കാലങ്ങൾ ഇനി ഓർമ്മകളിൽ മാത്രം....
വെറുതെ ഈ 'ഓർമ്മകൾ' എന്നറിയുമ്പോഴും 
വെറുതെ 'ഓർമ്മിക്കുവാൻ' മോഹം.... 

എരുമ കുളം - ഈ എരുമകുളം എന്റെ പഠനവിഷയവുമായി യാതൊരു വിധ ബന്ധവുമില്ല. കോളേജ് ക്യാമ്പസിൽ നിന്നും ദൂരെയാണെങ്കിലും ഒരിക്കലും 'ഒഴിച്ച്' 'കൂട്ടാനാവാത്ത' ഒരു അവിഭാജ്യ'ഘടകം' മെന്ന "തടാകം" തന്നെയാണ്...ആ എരുമകുളം.  കോളേജിൽ നിന്നു മാറി പടിഞ്ഞാറ് കർബല ജംഗ്ഷനിനോട് അടുത്തും, റെയിൽ പാതയ്ക്കും, കോളേജിനും ഇടയിലെ ചിന്നക്കട ചെമ്മാന്മുക്ക് റോഡിന് സമാന്തരമായി അളന്നെടുക്കാൻ കഴിയാത്തവിധം കാട് പിടിച്ച് കിടക്കുന്ന ഒരു ഭൂമി...അതിൽ പച്ച പായൽ നിറത്തിൽ ഒരു കുളം.കുളത്തിനരുകിലായി അപ്പുറവും ഇപ്പുറവും രണ്ടു വൻ ആൽമരങ്ങൾ (മരം No.3 & 4). ആ മരങ്ങൾ ക്യാമ്പസിലെക്കും റോഡിലെക്കുമായി തണൽ നല്കിയും ഇലകൾ കൊഴിച്ചും തണുത്ത കാറ്റ് വീശിയും ദശബ്ധങ്ങൾ കടന്നു പോകുന്നതിനു മൂക സാക്ഷിയായി നില്ക്കുന്നു. കുളത്തിന് ചുറ്റുമുള്ള കാട്ട്പുല്ല് പ്രകൃതിരമണീയതയ്ക്കു സ്വാഭാവികത കൈ വന്നപോലെ.

കുളത്തിലെ 'പച്ച വെള്ളത്തിൽ' സദാ സമയവും എരുമകൾ...
അവയ്ക്ക് കൂട്ടായി കുറെ കാക്കകളും. അങ്ങിങ്ങ് കുറെ വെള്ളുത്ത കൊറ്റികളും. ഈ എരുമകൾ എവിടുന്നു വരുന്നുവോ...എപ്പോൾ തിരികെ പോകുന്നു...എങ്ങനെ പോകുന്നു...എന്നൊന്നുമറിയില്ല...അന്വേഷിച്ചുമില്ല.
ക്ലാസ്സ്‌ കഴിഞ്ഞു വൈകിട്ട് ക്യാമ്പസിനകത്തു കൂടി കർബല ജംഗ്ഷനിലേക്ക്‌ 'ചുവപ്പും, പച്ചയും, നീലയും, മഞ്ഞയും വർണ്ണങ്ങൾക്കൊപ്പം നടന്നു നീങ്ങുമ്പോൾ ഒരിക്കലും ഈ കുളമോ പരിസരമോ കാണാറില്ല...(ഭയങ്കര തിരക്കിലല്ലേ-ഇഷ്ട ദേവതകൾ പ്രീതിപ്പെട്ടാലോ എന്നാ വ്യാമോഹവുമായി  ലക്ഷ്യമില്ലാതെ ഉള്ള യാത്രയല്ലേ)
ഒരു വട്ടം കൂടി ''എൻ വർണ്ണങ്ങൾ'' മേയുന്ന തിരുമുറ്റത്തു കൂടി നടക്കുവാൻ മോഹം
തിരുമുറ്റതോരു കോണിൽ ............

----------------------------------------------------------------------------------------------------------------------------------

[തുടരുന്നു  - രണ്ടാം ഭാഗത്തിലേക്ക്] 

1 Apr 2013

April 1st

ഇന്ന് ഒന്ന് ....
ലോക വിഡ്ഢി ദിനം - April 1st, ഞാനടങ്ങുന്ന സമാനചിന്താഗതിക്കാർക്കായി സമർപ്പിക്കുന്നു.

ഇന്ന് രാവിലെ എന്റെ പ്രിയപ്പെട്ട ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞു- 'ഇന്ന് നിന്റെ ദിവസമല്ലേ..... ആഘോഷിക്കു...നല്ലത് പോലെ '
അഖിലലോകം മുഴുവനും ഈ ദിവസത്തിന് തമാശ രൂപേണ പ്രാധാന്യം നല്കുന്നെങ്കിലും ഒരു രാജ്യവും അവധി ദിവസമായി പ്രഖ്യാപിച്ചിട്ടില്ല.... ആയിരുന്നേൽ ഒരു ആചാര വെടി പൊട്ടിച്ചു ആഘോഷിക്കാമായിരുന്നു, ഈ 'ഒന്ന്'.

ഏപ്രിൽ ഒന്ന്, ആരോരുമറിയാതെ അടുത്ത ചില അയൽവാസി സുഹൃത്തുക്കളുമായി മാർച്ച്‌ 31രാത്രി
ഗംഭീരമാക്കി അണിയിചൊരുക്കുമായിരുന്നു, വർഷങ്ങൾക്കു മുൻപ്...അന്നത്തെ ഏപ്രിൽ 'ഒന്ന്'കൾ

(1) പല പ്രമുഖ ഡോക്ടർമാരുടെ 'നെയിം ബോർഡ്‌' വീട് മാറ്റി സ്ഥാപിക്കൽ ചടങ്ങിൽ തുടക്കം...
(2) ചില നോട്ടപുള്ളികളുടെ വീടിന്റെ ഗയിറ്റിനു മുന്നിൽ റോഡരികിൽ കിടന്നിരുന്ന കല്ലുകളും ഇഷ്ടികയും അടുക്കി വച്ച് മാർഗ്ഗ തടസ്സമുണ്ടാക്കൽ ...
(3) മറ്റു ചില വീടിന്റെ പടി വാതുക്കൽ 'പട്ടിയുണ്ട് കടിക്കും' എന്നെഴുതിയത് മാറ്റി...പട്ടി 'ഉണ്ട്', ഇപ്പൊ കുളിക്കുന്നു ... എന്ന് വ്യക്തമാക്കൽ
(4) 'സരസ്വതി വിലാസം' - 'ലീലാ വിലാസം' എന്ന് തിരുത്തി എഴുതുക,
(5) മിക്ക വീടുകളുടെയും പഴേ പ്രതാപമായിരുന്ന മെർകുറി ബൾബ്‌ ഊരിമാറ്റി 15W 'സീറോ' ബൾബ്‌ ഇട്ടു കൊടുക്കൽ
(6) കിണറ്റിൽ നിന്നും വെള്ളം കോരാനുള്ള കപ്പിയും കയറും തൊട്ടിയും അടുത്ത വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിക്കൽ
(7) എഴുത്ത് പെട്ടി അടുത്തുള്ള ടെലിഫോണ്‍ പോസ്റ്റിൽ 'പരാതി പെട്ടി'യായി മാറ്റിവച്ച് ഒരു ചെറിയ കൈ സഹായിക്കുക...

നീരസമുളവക്കുന്നവയായിരുന്നെങ്കിലും ഒരു സന്തോഷവും തമാശയും ഉണ്ടായിരുന്നു അന്നത്തെ 'ഒന്ന്' കളിൽ.  പലവിധത്തിലും ആഘോഷമാക്കിയിരുരുന്ന ആ പോയ കാലം ശരവേഗത്തിൽ മിന്നി മറഞ്ഞു പോയി. മേൽ പ്രതിപാദിച്ച മിക്ക സംഗതികളും മതിൽ ചാടി കടന്നിട്ടായിരുന്നു ചെയ്തിരുന്നത്. 'നിക്കർ' കാലമായതിനാൽ ചാടികടക്കുന്നതിന്റെയും ഇറങ്ങുന്നതിന്റെയും തിരക്കിൽ മിക്കപോഴും അവിടിവിടെ പെയിന്റ് പോകുമായിരുന്നു..  (ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉരഞ്ഞു മുറിഞ്ഞിരുന്നു)

വിഡ്ഢികൾ മറ്റുള്ളവരെ 'വിഡ്ഢി'യാക്കിരുന്ന ആ വിഡ്ഢി ദിനം ഇന്ന് ഓർമ്മകളിൽ മാത്രം. ഒരുവിധം ഹൈ ടെക് പാര വയ്പ്പുകളും തമാശകളും മാത്രമേ ഇന്നത്തെ തലമുറയിൽ കണ്ടു വരുന്നുള്ളൂ. എന്റെ അഭിപ്രായത്തിൽ ഈ 'ഒന്ന്' വളരെ കാര്യമായി കൊണ്ടാടപെടെണ്ട ഒരു ദിനമാക്കി മാറ്റണമെന്നാണ്. 'നാട് ഓടുമ്പോൾ നടുവേ ഓടണമെന്ന്' - ഉള്ള പഴമൊഴി എല്ലാവരും ഉള്ളാൽ സ്വീകരിച്ചുള്ള മുന്നോട്ടു പോക്കാണോ എന്നുമറിയില്ല. ആരും ഈ രസകരമായ ദിനത്തെ ഉത്സവപൂർണമാക്കാനുള്ള വ്യഗ്രത കാട്ടുന്നില്ല. മറന്നപോലെയാണ് ഈ 'ഒന്ന്'.

ഒരുപക്ഷെ ഇന്ന് പണ്ടേ പോലുള്ള അടുപ്പം എല്ലാവരില്ലും ഇല്ലാത്ത് ഒരു കാരണമാകാം. പഴേപോലെ എല്ലാവരും തമാശകൾ അതിന്റേതായ രീതിയിൽ എടുക്കാർ ഇല്ലയെന്ന് തന്നെ പറയാം. പറയുന്ന രീതികളിൽ നിന്നും വ്യത്യസ്ഥമായി മനസ്സിൽ ചിന്തിക്കാത്ത തരത്തിലാകും ചിലപ്പോൾ പലരും പ്രതികരിക്കുക. കാലം മാറി വരുന്നത് കൊണ്ടാണോ അതോ തമ്മിൽ മനസ്സിലാക്കുന്നതിലുള്ള അന്തരമോ...?

ഇന്ന് ഈ പറഞ്ഞപോലെ എന്തെങ്കിലും ചെയ്യാൻ ആലോചിച്ചാൽ തന്നെ ഇടി നടക്കും. പിന്നെ പ്രവൃത്തിയിലാക്കിയാൽ കൂട്ട ഇടിയും ഓട്ടവും അവസാനം കൂട്ട മണി അടിയും... കൂട്ട മണിയടി രണ്ടു രീതിയിൽ കണക്ക് കൂട്ടാം... ഒന്ന് പള്ളിയിൽ 'കൂട്ടമണിയടി', രണ്ടു കേരള ഫയർ ഫോർസിന്റെ വരവ് അറിയിച്ചുള്ള 'കൂട്ടമണിയടി'. രണ്ടായാലും 'അടി' ഉറപ്പാണ്‌...
ഇന്ന് പല മാറ്റങ്ങളും വന്നിട്ടുണ്ട് .... ഡോക്ടർമാർ തൂക്കിയിട്ടുള്ള നെയിം ബോർഡിന് പകരം വെള്ളാരം കല്ലിൽ 'നെയിം' കൊത്തി വച്ച് സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
റോഡുകളിൽ കല്ലുകളും ഇഷ്ടികകളും കാണാനേ ഇല്ല. തീ വിലയായത്‌ കാരണം സർവ്വേ കല്ല്‌ വരെ പലരുടെയും അതിർത്തികളുടെ കല്ലുകളിൽ ഒന്നായി മാറി.
പട്ടി ഉണ്ടെന്ന ബോർഡ്‌ ഒന്നും ഇപ്പൊളില്ല. അകത്തു ചാടിയാൽ 'പണി മൊത്തത്തിൽ കിട്ടും' ലോകത്ത് ഒന്നും കാണാത്ത മുന്തിയ ഇനം സങ്കര വർഗങ്ങൾയായിരിക്കും മിക്ക വീടുകളിലും.
'വിലസാങ്ങൾ' മാറിയത് കാരണം 'ലീല വിലാസങ്ങൾ' നടപ്പില്ല. കിണറുകൾ പലതും കുഴൽ കിണർ ആയി രൂപന്തരപെട്ടു. എഴുത്ത് പെട്ടി പോയിട്ട് തപാൽക്കാരൻ തന്നെ ഒരു അപൂർവ ജീവിയായിരിക്കും നഗരങ്ങളിൽ. ടെലിഫോണ്‍ പോസ്റ്റും ഇല്ല....എല്ലാം എല്ലാം ഓർമ്മകളിൽ മാത്രം ഒതുങ്ങുന്നു.

പൊയി പോയ കാലത്തേക്ക് 'ഒന്ന്' എത്തിനോക്കുവാൻ കാരണക്കാരിയായ എന്റെ കൂട്ടുകാരിക്ക് ഒരു പിടി ആശംസകൾ. നാട്ടിലായിരുന്നെങ്കിലും പ്രായം ഒരു പത്തെങ്കില്ലും പിറകിലായിരുന്നെങ്കിൽ തീർച്ചയും ഞാൻ, അവൾക്കും ഒരു ഓർമ്മ ദിനം സമ്മാനിക്കുമായിരുന്നു.









"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...