21 Oct 2013

അവനുള്ളത് ' എനിക്ക് ' തന്നെ...


അന്ന് വൈകുന്നേരത്തെ ബിസിനസ്‌ മീറ്റിംഗ് കഴിഞ്ഞ് എല്ലാവർക്കും കൈ കൊടുത്തു പിരിഞ്ഞപ്പോൾ മണി എട്ടായി. ആ മീറ്റിംഗ് കഴിഞ്ഞു ഒരു സെക്കന്റ്‌ ഷോ വട്ടമേശ സമ്മേളനത്തിന് നേരത്തെ തന്നെ പരിപാടിയിട്ടിരുന്നു. തലമൂത്തവരും ഇളയതലമുറയിലെ മൂന്നാല് തമ്പ്രാക്കളുമായി വൈറ്റ് ഫോർട്ടിൽ കാണാമെന്നു പറഞ്ഞു അവരവരുടെ കാറുകളിൽ സ്ഥലം കാലിയാക്കി തുടങ്ങി. അവന്റെ കോപ്പിലെ ആരാധകരുമൊത്തൊരു കുശലാന്വേഷണം കാരണം, ഞാനും അവനും പിന്നെയും അവിടെ തന്നെ കുറ്റിയടിക്കപ്പെട്ടു. (സൊല്പം അസൂയ ഇല്ലാതില്ല). ഈ അടുത്ത കാലത്ത് ഒരു നാടകത്തിൽ കൂടി അഭിനയിച്ചതോട് കൂടി അവന്റെ ഗ്രാഫ് അങ്ങ് പൊങ്ങി.സ്കൂളിൽ പഠിക്കുന്ന കാലത്ത് പോലും അവൻ ഈമാതിരി ഗ്രാഫ് വരച്ച് ആസ്വദിച്ചിട്ടുണ്ടാകില്ല. പാട്ട് പാടുന്നവനും കൂടിയല്ലേ. പിന്നെ പറയുകയും വേണ്ട. ഒരിക്കൽ എനിക്ക് സ്വയം തോന്നി, അവനു പാടാമെങ്കിൽ എനിക്കും പാടി കൂടെ. അങ്ങനെ ഒരു ദിവസം ഒരു ചെറിയ ഫംന്ഷനിൽ (കുപ്പി കൂട്ടായ്മ) ഞാനും പാടി...പക്ഷെ ലൈൻ ഓഫ് കണ്ട്രോൾ മാറ്റി നിർണയിക്കപ്പെട്ടു.ഗതകാല സ്മരണകളിൽ കൂടി ഒരു ഓട്ടപ്രദിക്ഷണം നടത്തുന്നതിനിടയിൽ...

'അളിയാ, പോം' അവൻ ഇടിച്ചു കയറി.
'എന്തുവാടെ, സമയം എത്ര പോയി എന്നറിയാവോ. അവന്മാർ അവിടെ എത്തി'. ഞാൻ തിടുക്കത്തിൽ നടക്കുന്നത്തിനിടയിൽ  അവനോടു പറഞ്ഞു.

സരോവരത്തിലെ പാർക്കിംഗ് ലോട്ടിൽ നിന്നും അവന്റെ കറുത്ത 'സ്കോഡ റാപിഡ്' വൈറ്റ് ഫോർട്ട്‌ ലക്ഷ്യംവച്ച് പാഞ്ഞു. പുറത്ത് ഒരു മുന്നറിയിപ്പില്ലാതെ ചാറ്റൽ മഴ പെയ്തു കൊണ്ടിരുന്നു. മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്ന ചില്ലിൽ കൂടി മിന്നായം പോലെ വഴി വിളക്കുകളെയും എതിരെ ചീറി പായുന്ന മോട്ടോർ വാഹനങ്ങളെയും നോക്കി ഞാനിരുന്നു. കുറെ ദൂരം മുന്നോട്ടു പോയപ്പോഴേക്കും ചാറ്റൽ മഴ അവസാനിച്ചിരുന്നു.
ഇടയ്ക്കു ഒന്നുരണ്ടു സിഗ്നലിൽ പച്ച വെളിച്ചം കാത്തു നിന്ന വേളയിൽ, ഇതൊന്നും ഞങ്ങൾക്ക് ഉള്ളതല്ലെന്ന പോലെ ബൈക്കുകൾ സിഗ്നൽ വകവയ്ക്കാതെ മിന്നൽ വേഗത്തിൽ തലങ്ങും വിലങ്ങും പോകുന്നുണ്ടായിരുന്നു. റാപിഡിലെ മ്യൂസിക്‌ സിസ്റ്റത്തിൽ നിന്നും കേട്ടുകൊണ്ടിരുന്ന കുന്നകുടി വൈദ്യനാഥന്റെ വയലിൻ സംഗീതം കാതുകളിൽ വല്ലാത്ത ഒരു അനുഭൂതി പകർന്നു. 'ഹൈ' 'ലോ' പിട്ചിനോടൊപ്പം കൈകൾ ഞാനറിയാതെ താളം കൊട്ടി കൊണ്ടിരുന്നു. 

'ഡേയ്, എനിക്കവളെ ഓർമ്മ വരുന്നു...പാതിവഴിയെ എന്നെ തനിച്ചാക്കി നടന്നു പോയി അവൾ...' ഞാൻ അറിയാതെ എന്റെ ഓർമ്മകൾ എന്റെ നാവിൽ കൂടി പുറത്തേക്കു വന്നു തുടങ്ങി.
'ടാ കോപ്പേ, തൽക്കാലം നീ ഓർമ്മകൾ ഇപ്പൊൾ പുറത്തേക്കു  തള്ളണ്ട...സ്ഥലം എത്തി' അവൻ അതും പറഞ്ഞു കാർ പാർക്ക്‌ ചെയ്തു. എഞ്ചിൻ ഓഫാക്കി.സംഗീതം പെടുന്ന നിലച്ചു. എന്റെ ഓർമ്മകളും. സ്പീഡോ മീറ്റരിലെ സമയം നീല നിറത്തിൽ തെളിഞ്ഞു നില്ക്കുന്നു. 21:24.
*  *  *
502 ന്റെ വാതിൽ തുറന്നു അകത്തു കയറി. കാർണവന്മാരുടെയും ഇളമുറ തമ്പ്രാക്കളുടെയിടയിലുമായി കേണൽ റാങ്കിൽ "മൂന്ന് മിലട്ടറി" രണ്ടു റൗണ്ട് കഴിഞ്ഞു മേശയുടെ മുകളിലിരിക്കുന്നു. ബാക്കി ഒന്നും നോക്കാൻ മെനക്കെട്ടില്ല. വിശാലമായ മുറിയിലൂടെ ഞാൻ നടന്നു എതിർവശത്തെ അതിവിശാലമായ ജനാലയുടെ കർട്ടൻ മാറ്റി ഗ്ലാസ്സ്പാളികൾ തള്ളി നീക്കി. പുറത്തെ തണുത്ത കാറ്റ് അകത്തേക്ക് ഇരച്ചു കയറി..

ഹോ...ഇവിടെ കൊറേ ദൂരെ ഒരു കടലുണ്ടായിരുന്നെങ്കിലോ ! എന്ന് ഞാൻ ബാക്കിയുള്ളവരോടായി പറഞ്ഞു.
'ഹും...കടല്...കോപ്പ് , വിശന്നിട്ടു കുടലു കരിയുന്നു...നീ ഇങ്ങു വാടാപ്പനെ...രണ്ടെണ്ണം ഓൾ റെഡി കഴിഞ്ഞു. എനിക്ക് വീട്ടില് പോകാനുള്ളതാ.., അല്ലെ പണി പാളും....കാരണവർ സ്ഥാനത്ത് ഞാൻ കണ്ട മാത്യൂസ്‌, വൈകി വന്ന എന്നോടും സുധിയോടുമായി പറഞ്ഞു...
'കാര്യപരിപാടി കുറെയേറെ മുന്നോട്ടു പോയി അല്ലെ ....ആ പോട്ട് സാരമില്ല', അവൻ അതും പറഞ്ഞു ഒരു നിറ ഗ്ലാസ്‌ എടുത്ത് എന്റെ നേരെ നീട്ടി.
"ചീയർസ്"
*  *  *
എല്ലാവരും പോയതിനു ശേഷം, റൂം ബോയ്‌ ബാക്കിയെല്ലാം ക്ലിയറാക്കി ലെവെലാക്കിയപ്പോഴെക്കും മണി ഒന്ന് കഴിഞ്ഞിരുന്നു. ടി വി യിൽ വെറുതെ വാർത്ത വായിച്ചു കൊണ്ടിരുന്ന നികേഷ് കുമാറിനും അവധി കൊടുത്തു. മറ്റെല്ലാം നിശ്ശബ്ദമായി... ചെവിയിൽ മൂളി പാട്ട് കേൾക്കുന്നു. ഓ കൊച്ചി പട്ടണമല്ലേ. കൊതുക് പടയുടെ ആരവം തുറന്നിട്ട ജനാലയിൽ നിന്നും കാറ്റിനൊപ്പം അകത്തേക്ക് പറന്നു വരുന്നു. മെല്ലെ എഴുന്നേറ്റു ജനാല പൂട്ടി ഭദ്രമാക്കി.
 
'അളിയാ ഞാൻ ഭക്ഷണമൊന്നും അധികം കഴിച്ചില്ല കേട്ടോ...നാളെ 'ഇല്ലവന്റെ' കല്യാണമല്ലേ'. കുളിച്ചു ഒരു കളസവും ടി ഷർട്ടുമിട്ടു തല തുടച്ചു കൊണ്ട് ബാത്ത്റൂമിൽ നിന്നു ഇറങ്ങി വരുന്ന വഴി അവൻ എന്നോട് പറഞ്ഞു.
 
ആരുടെ കല്യാണം? ആകാംഷയോടെ ഞാൻ ചോദിച്ചു.
'ഹാ...കഴിഞ്ഞ ഇലക്ഷന് ഒക്കെ നിന്നില്ലേ. അഡ്വക്കേറ്റ് കൃഷ്ണദാസന്റെ',  അവൻ മറുപടി പറഞ്ഞു .
ഹോ... ഞാനും വരട്ടെ..എത്ര കാലമായി ഒരു സദ്യ കഴിച്ചിട്ട്. ഗൾഫിൽ പോയതിനു ശേഷം കല്യാണം, ഓണസദ്യ മുതലായവയെല്ലാം കേട്ടുകേൾവി മാത്രമാണ്. അവനെ  പരിചയമില്ല. എന്നാലും ഞാനും കൂടെ ഉണ്ട്. നാളെ രാത്രിയിലല്ലേ ഫ്ലൈറ്റ്. സമയം ആവശ്യം പോലെ ഉണ്ട്. ഞാൻ നാളത്തെ സദ്യയെ കുറിച്ചോർത്തു.
                                                                       *  *  *      
രാവിലെ കുളിച്ചു റെഡിയായി ബ്രേക്ക്ഫാസ്റ്റ് ഞാൻ വിളിച്ചു പറയാൻ ഒരുങ്ങിയപ്പോൾ അവൻ വിലക്കി.
'എനിക്ക് വേണ്ട നീ എന്തുവാണ് വച്ച പറഞ്ഞോ. കടുപ്പത്തിൽ ഒരു ചായ മാത്രം എനിക്ക് വേണ്ടി പറ'

അളിയോ ഇത്രോക്കെ ആക്രാന്തം വേണോ...സദ്യ ഉച്ചക്കല്ലേ. അതിനു ഇപ്പോഴേ കഴിക്കാതെ ഇരിക്കണോ...? ഞാൻ ചോദിച്ചു.
നിനക്ക് എന്തറിയാം...നീ ശിശു അല്ലെ...വയർ ഫുൾ കാലിയായി കിടന്നാലേ ഒരു പിടി പിടിക്കാൻ പറ്റു മോനെ. ഞാൻ റെഡിയാവട്ടെ. നീ ചായ വിളിച്ചു പറ.
ആവി പറക്കുന്ന മൂന്ന് ഇഡ്ഡലിയും ചമ്മന്തിയും കഴിച്ചു കൂടെ ഒരു ചായയും കുടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഞാനൊന്നു ഞെട്ടി. ഫുൾ വൈറ്റ് ആൻഡ്‌ വൈറ്റ്. 
'അളിയാ ഇതിനാണോ വൈറ്റ് ഫോർട്ടിൽ തന്നെ റൂം എടുത്തേ'...? ചോദിക്കാതിരിക്കാൻ പറ്റിയില്ല.
പാള കരയൻ മുണ്ടും വൈറ്റ് ലിനെൻ ഷർട്ടും. പോക്കെറ്റിൽ ഒരു 1000നോട്ടും. തനി രാഷ്ട്രീയക്കാരൻ. കൈയുള്ള ബനിയൻ വ്യക്തമായി ഷർട്ടിനുള്ളിൽ കൂടി കാണാം. തിടുക്കത്തിൽ ചായും കുടിച്ചു ഞാൻ അവനോടൊപ്പം ലിഫ്റ്റിലൊട്ടു നടന്നു.

T D M ഹാള്ളിൽ എത്തിയപ്പോഴേക്കും നല്ല തിരക്കായിരുന്നു. മുഹൂർത്തത്തിനു തൊട്ട് മുന്നേ തന്നെ എത്താൻ കഴിഞ്ഞത് ഭാഗ്യം. വെള്ള പാറ്റയെ കണ്ടപ്പോൾ അവിടുന്നും ഇവിടുന്നും ഓരോരുത്തർ വന്നു പരിചയപെടുന്നുണ്ടായിരുന്നു. അവൻ ആൾ കൂട്ടത്തിൽ പതിയെ അലിഞ്ഞു പോയി. ഞാൻ ഓഡിറ്റോറിയത്തിനുള്ളിൽ ഒഴിഞ്ഞ കസരെ നോക്കി നടന്നു.
പെട്ടെന്ന് പിന്നിൽ നിന്നൊരുടിയും ഒരു ചോദ്യവും.
'ടാ എങ്ങോട്ടാടാ ഇത്ര തിടുക്കത്തിൽ നടന്നു പോകുന്നെ...?'
തിരിഞ്ഞു നോക്കിയപ്പോൾ അധികം തല പുകക്കേണ്ടി വന്നില്ല.
'നീതു മേനോൻ' - തിരുവനന്തപുരത്ത് MBBSനു ഒരുമിച്ചു പഠിച്ചതിനു ശേഷം കാണുന്നത് ഇപ്പോഴാണ്.(എന്ത്കൊണ്ടാണ് എന്നറിയില്ല. കൂടെ പഠിച്ച പെമ്പിള്ളാരുടെ പേര് ഇനിഷിയൽ സഹിതം അവരെ കണ്ടാൽ എനിക്ക് പറയാനാകും.)

നീ എങ്ങനെ ഇവിടെ...?(ശരിക്കും ആ ചോദ്യം അവളായിരുന്നു എന്നോട് ചോദിക്കേണ്ടിയിരുന്നത്) നീ തനിച്ചാണോ...എന്തിയെ നിന്റെ കെട്ടിയോൻ കൊണാപ്പൻ ഡോക്ടർ ഹരിപ്രസാദ്...? 

ഞാൻ ഇപ്പോളിവിടെയാണ്. പീടിയാട്രിക് കഴിഞ്ഞ് സ്വന്തമായി ഒരു ക്ലിനിക്ക് ഇട്ടു.ഹരി 'ലേക്ക് ഷോറിലാണ്'. ഒരു എമർജൻസി കോൾ വന്നു തിരികെ പോയി. കൃഷ്ണദാസ് ഹരിയുടെ കുഞ്ഞമ്മയുടെ ഇളയ മകനാണ്. നീ എങ്ങനാടാ ഇവിടെ? നീ ഗൾഫില്ലായിരുന്നോ..? എന്തിയെ നിന്റെ പ്രണയിനി..?

'ഇപ്പോഴും അവിടെ തന്നെയാണ്. ഒന്ന് രണ്ടു ആവശ്യത്തിനായി രണ്ടു ദിവസം മുൻപ് വന്നു...ഇന്ന് രാത്രി തിരികെ പോകും. ദേ ആ വെളുത്ത ഷർട്ട്‌ ഇട്ടവന്റെ കൂടെ വന്നതാ...ഈ കല്യാണം കൂടാൻ. അവൻ അവിടെ ആൾ കൂട്ടത്തിൽ അകപ്പെട്ടു...പ്രണയിനിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു.

ഏകദേശം അര മണിക്കൂറോളം അവളോടൊത്ത് വിശേഷങ്ങൾ പങ്കിട്ടിരുന്നു. ആരോ ഒരാൾ വന്നു കഴിക്കാൻ വിളിച്ചു. സുധിയെ മൊബൈലിൽ വിളിച്ചു ചോദിച്ചു...'അളിയാ വലോം നടക്കാനാണോ, എനിക്ക് വിശക്കുന്നു...മൂന്ന് പന്തി കഴിഞ്ഞു എന്ന് പറഞ്ഞു കേട്ട്'
'ടാ, നീ കഴിച്ചോളൂ, ഞാൻ താമസിക്കും'
ഒരുമാതിരി മറ്റേ പണിയായി പോയി...ഞാൻ എന്തോന്ന് വച്ചാ പോയി കഴിക്കുന്നെ..എനിക്ക് ചൊറിഞ്ഞു വന്നു. ശരി എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.
'നീ വാ..നമ്മുക്ക് പോയി കഴിക്കാം.'..നീതു തോളിൽ തട്ടി വിളിച്ചു.
'അത് വേണോ ടാ' ?
'നീ വാ സൈക്യാട്രി' എന്ന് പറഞ്ഞു എന്റെ കൈയും വലിച്ചു നടന്നു.
പണ്ടേ ഇങ്ങനെയാണ്. ഒത്തിരി അടുപ്പമുള്ളവരോട് നല്ല സ്വാതന്ത്ര്യയമെടുക്കും അവൾ.


 
കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീഡിയോക്കാരൻ, നേരെ ഞങ്ങൾക്ക് മുന്നിൽ, ക്യാമറ കുറെ നേരം പിടിച്ചു നിന്നു. അവന്റെ ക്യാമറ എടുത്തു ഞങ്ങളുടെ ഇടതു വശത്ത് സാംബാർ വിളമ്പി നിന്നവന്റെ തൊട്ടിയിലേക്ക് മുക്കാൻ തോന്നി. രണ്ടുണ്ട് കാരണങ്ങൾ. ഒന്ന്, വലിയ പരിചയമില്ലാത്തവന്റെ കല്യാണം കൂടൽ, രണ്ടു, സുന്ദരിയായ ഒരു സ്ത്രീയുമായി ഒരുമിച്ചിരുന്നു സദ്യ കഴിക്കുന്നു. ഇത് എങ്ങാനം അവൾ കണ്ടാൽ ചോറിന്റെ കൂടെ ഒഴിച്ചിരിക്കുന്ന പരിപ്പിന്റെ ഗതിയാവും എന്റെ കാര്യം.

നീ എന്താടാ ഇത്ര വീയർക്കുന്നെ...? ഭാര്യേ പേടിയാണോ...? നീതു ഒന്ന് ആക്കി ചോദിച്ചു.
ഏയ്‌...നല്ല ചൂടെ...അതാ.
രണ്ടു പായസവും കൂടി കഴിച്ചു പുറത്തേക്കു വന്നപ്പോഴും നാടകക്കാരൻ ആരാധകർക്ക് നടുവിൽ തന്നെയാണ്. ആരാധകർ മാറിയെന്നെയുള്ളൂ...നടൻ അവൻ തന്നെ. അവൾ എന്നെയും കൂട്ടി കൃഷ്ണദാസിനെയും ഭാര്യയും പരിചയപ്പെടുത്തി പുറത്തേക്കു നടന്നു. അപ്പോൾ മണി 2:30 യായി.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നടൻ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷനായി.
നീതു, ഇത് സുധി, എന്റെ അടുത്ത സുഹൃത്ത്‌. ബിസിനസ്‌ മാഗ്നെറ്റ്. ഒരു എളിയ കലാകാരൻ. നന്നായി പാടും. 
അളിയാ, ഇത് ഡോക്ടർ നീതു. എന്റെ ക്ലാസ്സ്‌ മേറ്റ്. ഇപ്പോൾ ഇവിടെയാണ്. ഞാൻ അവരെ പരസ്പരം പരിചയപെടുത്തി.

പരിചയപ്പെടലിൽ വലിയ താല്പര്യമില്ലാതെ ഇളഭ്യനായി അവൻ നിന്നു.

എന്ത് പറ്റി ? ഞാൻ അവനെ മാറ്റി നിർത്തി ചോദിച്ചു. ആദ്യം ഒന്നും പറഞ്ഞില്ല. പിന്നെയും നിർബന്ധിച്ചപ്പോൾ ലേശം ചമ്മലോടെ പതുക്കെ പറഞ്ഞു. 'ചോറ് തീർന്നു പോയി ടാ...പ്രതീക്ഷിച്ചതിലും കൂടുതൽ ആൾ വന്നെന്നു പറയുന്നു. വിശന്നിട്ടു പ്രാന്താവുന്നു. അടുത്ത ഹോട്ടലിൽ പോകാം. 

അത് അവളും കേട്ടു. ചിരി നിയന്ത്രിക്കാനായില്ല...എനിക്കും അവൾക്കും. കുറച്ചു നേരം ആത്മാർത്ഥമായി ചിരിച്ചതിനു ശേഷം നീതു പറഞ്ഞു. ഹോട്ടലിലോട്ടു പോകേണ്ട, വീട് അടുത്താണ്. മെയിഡ് ഉണ്ട്...എന്തെങ്കിലും വഴി ഉണ്ടാക്കാം...അങ്ങോട്ട്‌ പോകാം.
                                                                       *  *  *      
അവളുടെ മനോഹരമായ വീട്ടിൽ ലിവിംഗ് റൂമിലിരുന്നു ഞാൻ ചായ കുടിക്കുമ്പോൾ, നമ്മുടെ 'നടൻ', ശാരദ ചേച്ചി പെട്ടെന്ന് ഉണ്ടാക്കിയ ദോശയും ഉച്ചയ്ക്കലത്തെ മീൻ കറിയും കൂട്ടി ഡൈനിങ്ങ്‌ റൂമിലെ തീൻമേശയിൽ ഭയങ്കര തിരക്കിലായിരുന്നു...ഒരു വിധത്തിലുള്ള ഒച്ചയും അനക്കവും കേൾക്കാനില്ല.

താങ്ക്സ് പറഞ്ഞ് യാത്ര പുറപ്പെടാൻ സിറ്റ് ഔട്ടിൽ വന്നപ്പോഴേക്കും ഡോക്ടർ ഹരി പ്രസാദ്‌.
വോട്ട് എ സർപ്രൈസ്...? ഹൌ ആരെ യു  ഡോക്ടർ അലക്സാണ്ടർ. നിന്റെ വട്ട് എങ്ങനെ പോകുന്നു ...? (Psychiatrist)
ഒരു സീനിയറിന്റെ ജാഡ ലെവലലേഷമില്ലാതെ എന്നെ ആശ്ലേഷിച്ചു...

ഇരിക്ക് ടാ..വിശേഷങ്ങൾ പറ..ഇദ്ദേഹത്തെ അങ്ങോട്ട്‌ പിടി കിട്ടിയില്ല..പക്ഷെ നല്ല മുഖ പരിചയം. ഡോക്ടർ ആശ്ചര്യത്തോടെ ചോദിച്ചു.
അറിയില്ലേ!!! ഇവനല്ലേ അവൻ..ഇത് സുധി, നമ്മടെ അടുത്ത സുഹൃത്താണ്. കൃഷ്ണദാസിന്റെ ഫ്രണ്ടും കൂടിയാണ്. ഒരു കലകാരനാണ്...അവനെ പരിചയപ്പെടുതിയിട്ടു ഞാൻ എണീറ്റു.
                                                                       *  *  *  
സമയം തീരെ കുറവായത് കാരണം പെട്ടെന്ന് തന്നെ നീതുവിനോടും ഹരിയോടും യാത്ര പറഞ്ഞിറങ്ങി. അവന്റെ കാറിൽ കയറി പുറത്തേക്ക് ഇറങ്ങുമ്പോൾ റോഡിലേക്ക് അവരുടെ വീടിന്റെ മതിൽക്കെട്ടിനു പുറത്തേക്ക് തൂക്കിയിട്ടിരിക്കുന്ന നെയിം ബോർഡ്‌ കണ്ടു.

Dr.Hari Prasad                             Dr.Neethu Menon
Cardiologist                                   Pediatrician 
 
TD റോഡിൽ നിന്നും ക്ലബ്‌ റോഡിലേക്ക് തിരിയുന്നതിന് മുൻപായി കുറെ പരസ്യങ്ങളുടെ ഇടയിൽ ഒരു വരി ഞാൻ കണ്ടു. ഞാൻ അവനോട് പറഞ്ഞു..'ടാ സുധിയേ..., നീ പറഞ്ഞ പോലെ ഞാൻ ശിശുയായിരിക്കാം...അതാവാം ക്ഷണിക്കാത്ത കല്യാണത്തിന് ഞാൻ പങ്കെടുക്കാനിടയായതും. അങ്ങോട്ട്‌ നോക്ക്. ആ എഴുതിയേക്കുന്നത് ഒന്ന് വായിക്കു'.

"നിനക്കുള്ള ധാന്യ മണിയിൽ നിന്റെ നാമം രേഖപ്പെടുതിയിരിക്കുന്നു"

അത് വായിച്ചിട്ട് മൗനമായി അവൻ ചിരിച്ചു. ഞങ്ങൾ ക്ലബ്‌ റോഡിലോട്ടു കയറി. കൊച്ചിയുടെ തിരക്കിലേക്ക് അന്യരായി ഞാനും അവനും...

©ar.jose d
 



 

3 Oct 2013


സ്പേശലി മേട് ഫോർ സീനിയർ സിറ്റിസൻ ഒണ്‍ലി...





ഒരു മാസികയിൽ കണ്ടതാണ്. വായിച്ചപ്പോൾ അല്പം കൗതുകം തോന്നി. ഇതിൽ പ്രതിപാതിച്ചിരിക്കുന്നത് മുതിർന്ന പൗരന്മാർ ആയതിനു ശേഷം പാലിക്കപ്പെട്ടാൽ മതിയെന്നല്ലേ...? സസ്യാഹാരം, നിത്യേന ഉള്ള കുളി, കാരുണ്യ പ്രവർത്തനം, ഈശ്വരവിശ്വാസം മുതലായവ എല്ലാം ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞതിനു ശേഷം മതിയെന്നാകും ഈ 10 കല്പനകൾ അനുശാസിക്കുന്നത്. നമ്മൾ മലയാളികൾ അനുദിനവും മോഡേണ്‍ ആയികൊണ്ടിരിക്കുകയാണ്...ഹോ ഭയങ്കരം തന്നെ...!ശീലിച്ചാലേ പാലിക്കപ്പെടാൻ ആവുള്ളു എന്നല്ലേ പ്രമാണം. (അല്ല, ശീലമാക്കിയാൽ മാത്രമല്ലെ പാലിക്കപ്പെടാൻ 'ആൾ' ആവതയോടെ ഉണ്ടാകുള്ളൂ...?)

ബാല്യവും, കൗമാരവും കഴിഞ്ഞു 'യൗവ്വനകാലത്ത്' സകലമാന ഊളത്തരങ്ങളും പോക്രിത്തരങ്ങളും പരമാവധി ചെയ്ത് കൂട്ടി, വാർദ്ധക്യ കാലത്ത് മാത്രം ഓർത്താൽ പോലും മതിയാകും ഈ "കല്പനകൾ".  'മദ്ധ്യവയസ്കർക്കു' ഇനിയും സമയം ബാക്കി ഉണ്ട്. വിട്ടു പോയ എല്ലാ കലാപരിപാടികളും ഒഴിവാക്കിയ എല്ലാവിധ ദു:ശീലങ്ങളും ഒരിക്കല്ലെങ്കിലും 'ശീലമാക്കിയതിനു' ശേഷം ചിന്തിച്ചാൽ മതി. അല്ലാ, മാനസാന്തര പെടുന്നത് പോലും ലേശം വൈകി മതി...ഒരു ലൈഫ് [ഫുൾ] കമ്പ്ലീറ്റായി ആസ്വദിച്ചിട്ടു വടിയും കുത്തിപിടിച്ചിരിക്കുന്ന ടൈമിൽ മധുര സ്മരണകൾ പല്ലില്ലെങ്കിലും അയവിറക്കാം...ടൈംസ്‌ ആണ് മോനെ ടൈംസ്‌....

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, കളർഫുൾ, പീസ്ഫുൾ...അങ്ങനെ പല രീതിയിൽ നിർവചിക്കാം. പക്ഷെ എല്ലാം ഒന്ന് ഒത്തുവരണമെങ്കിൽ ഒരു റൗണ്ട് ഉലകം ചുറ്റിയെ മതിയാകു എന്ന പോലെയായിപോയി, കല്പനകൾ.

എന്തായാലും ഞാൻ, ഒന്ന് പൂന്തി വിളയാടിയാലോ എന്നൊരു ആലോചന ഇല്ലാതില്ല...വീട്ടിൽ ചിരവതടി, ഉലക്ക, വെട്ടുകത്തി, കൂടം, മണ്‍വെട്ടി, പാര മുതലായവ ഇല്ലാത്തത് നന്നായി. ബുദ്ധിപൂർവ്വം അല്ലായോ ഞാൻ ഫ്ലാറ്റിൽ താമസമാക്കിയത്. ഫ്ലാറ്റിന്റെ മുകളിൽ എന്ത് മണ്‍വെട്ടി, എന്ത് ഉലക്ക....ഞാനാരാ മോൻ..? ഹോ എന്നെ സമ്മതിക്കണം. എന്റെ സമപ്രായക്കാരായ സുഹൃത്തുക്കളും ഈ പത്തു കല്പനകൾ ജീവിതത്തിൽ ഒന്ന് പകർത്താൻ ശ്രമിച്ചാൽ മൊത്തത്തിൽ ഉഷാറായി. 

പത്രമാധ്യാമങ്ങൾ ഇപ്പൊൾ ഒരു വഴി കാട്ടി അല്ലെ...!!അനുസരിച്ചില്ലെങ്കിലും ഒന്ന് മാറ്റി ചിന്തിക്കാമല്ലൊ അല്ലെ...!! കാട്ടിയ വഴിയിലൂടെ സഞ്ചരിക്കെണ്ടേ...? തെളിച്ച വഴിയെ ഓടിയില്ലെങ്കിൽ, ഓടിയ വഴി(യെ) തെളിക്കേണ്ടേ...(വെളിവ് ഉണ്ടെങ്കിൽ)...? 




image credit to google and to the author/creator 





"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...