15 Apr 2020

ക്ഷമയും കാത്തിരിപ്പും...!!

കയർ കൊണ്ട് മെടഞ്ഞ ആ കട്ടിലിൽ അയാൾക്ക്‌ ഉറക്കം നന്നായി കിട്ടിയിരുന്നില്ല...അത് കൊണ്ടാവാം സൈക്കിൾ മണി നാദവും താഴേന്നു പറന്ന് വന്നു വീണ പത്രത്തിൻ്റെ ശബ്ദവും കേട്ട് ഉടനെ തന്നെ അയാൾ ചാടി എഴുന്നേറ്റു.

ഹാ...! എന്നാ കോ*****ലെ ഇടവാടാ....!!
പിന്നയും പെട്ടല്ലോ....കോപ്പ് കുത്തിപ്പിടിച്ച് ഇനിയും ഇരിക്കണമല്ലോ...!!


രാവിലെ കിട്ടിയ മലയാള പത്രത്തിൻ്റെ ആദ്യത്തെ പേജ് ഒന്ന് ഓടിച്ചു വായിച്ച അയാൾ പൊട്ടിത്തെറിച്ചു....ബാക്കി പത്രം മറിച്ച് നോക്കുവാൻ പോലും നിന്നില്ല. അസ്വസ്ഥനായി കോലായിൽ നിന്നും എഴുന്നേറ്റ്. കൈയിലിരുന്ന പത്രം വലിച്ച് ദൂരെയ്ക്ക് എറിഞ്ഞു. ആരെയോ എന്തയൊക്കെയോ പറഞ്ഞു അയാൾ, അവിടുന്ന് താഴത്തേക്ക് പടിക്കെട്ടുകൾ ഇറങ്ങി നടന്ന് തുടങ്ങി.
'ടാ....ഈ കടും കാപ്പി കുടിച്ചേചും പോടാ...'
'കൊണ്ട് പോടീ....നിൻ്റെ കാപ്പി....നിൻ്റെ പാണ്ടിയ്ക്ക് കൊടുക്ക്....'

അയാൾ ഒരു ഭ്രാന്തനെ പോലെ എന്തോ പുലമ്പി താഴോട്ട് നടന്നു കൊണ്ടിരുന്നു. പാറ ചീളുകളും വെട്ടു കല്ലുകളും കൊണ്ട് നന്നായി അടുക്കി പാകിയ ആ പതിനഞ്ചോളം പടികൾ ചവിട്ടി തുള്ളി താഴേക്ക് എത്തി. കല്ലുകൾ ഒന്ന് പോലും ഇളകിയില്ല. ഒരു പക്ഷെ ഇതിലും വലിയ തുള്ളലുകൾ ആ കല്ലുകൾ താങ്ങിയിട്ടുണ്ടാകും.
'മാമാ കാലേലെ എങ്കെ പോറത്...'
'കേറി പോടീ വീട്ടിന്നകത്തേക്ക്....നിനക്ക് മലയാളം അറിയാല്ലോ ടി...എന്നാലും നീ തമിഴേ ഉണ്ടാക്കത്തൊള്ളോ....മാങ്ങാത്തൊലി...?'

രോഷത്തോടെയുള്ള അയാളുടെ ചോദ്യത്തിന് ഒരു കുസൃതി ചിരി തിരിച്ചു മറുപടിയായി നൽകി ആ പത്തു വയസുകാരി പാവാടക്കാരി അയാൾ ഇറങ്ങി വന്ന പടിക്കെട്ടുകൾ കയറി തുടങ്ങി. അവളുടെ രണ്ട് കൈകളിലുമായി രണ്ട് കുപ്പി പാലുണ്ടായിരുന്നു. അയാൾ നടന്നു കൊണ്ടേയിരുന്നു. റബ്ബർ തോട്ടത്തിനിടയിലെ ആ മൺപാത തീർത്തും വിജനമായിരുന്നു. കരിയിലകൾ ചവിട്ടി അമർത്തി കര പിര ശബ്ദത്തോട് കൂടി അയാൾ നടന്നു കൊണ്ടിരുന്നു. ഇടയ്ക്ക് അയാളുടെ ഉടു മുണ്ട് ഒന്ന് ഊരി കുടഞ്ഞു തിരിച്ചു വീണ്ടും ഉടുത്തു. അയാൾ ഊരി കുടഞ്ഞ മുണ്ട്, കാറ്റത്തു പൊങ്ങി താഴുന്ന ആ കുറച്ചു സെക്കൻഡുകൾ അയാൾ തീർത്തും നഗ്നനായിരിക്കും. അയാൾക്ക്‌ അതിൽ ഒരു കൂസലും ഇല്ലായിരുന്നു. കാരണം ആ രണ്ടേമുക്കാൽ ഏക്കർ തോട്ടത്തിൻ്റെ നടുവിൽ അപ്പോൾ അയാൾ മാത്രമേ ഉണ്ടാവുള്ളൂവെന്ന് അയാൾക്ക്‌ നല്ല ഉറപ്പുണ്ടായിരുന്നു. കാരണം, അയാളുടെ ഭാഷയിലെ പാണ്ടികൾ അവിടെ പണിക്ക് വരാൻ ഇനിയും സമയമെടുക്കും. കുറച്ചു ദൂരം അയാൾ നടന്ന് തുടങ്ങിയത് കൊണ്ടാകണം അയാളുടെ മുഖത്ത് അല്പം ശാന്തത വന്നു തുടങ്ങിയിരുന്നു.
'സുരുളി അരുവി' എന്ന് തമിഴ്‌നാട്ടുകാർ വിളിച്ചിരുന്ന വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുകി വരുന്ന ഒരു ചെറിയ അരുവി ലക്ഷ്യമാക്കിയായിരുന്നു അയാൾ നടന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി അയാളുടെ പ്രഭാത കൃത്യ നിർവഹണം എന്ന പരിപാടി ആ പരിസരങ്ങളിൽ സാധിച്ചു പോന്നിരുന്നു.വീട്ടിൽ അതിനുള്ള സൗകര്യം ഉണ്ടായിട്ടും ഒരു ചേഞ്ചിന് അയാൾ ശ്രമിച്ചു തുടങ്ങിയതായിരുന്നു.... തുടക്കമൊക്കെ വലിയ ബുദ്ധിമുട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്....മെല്ലെ പോക്ക് നയമൊക്കെ ഒരു ആഴ്ച കഴിഞ്ഞപ്പോഴേക്കും വളരെ വേഗതയിലായി തുടങ്ങി. ശീലം ഇല്ലാത്തത് പലതും അയാൾ ശീലിച്ചു തുടങ്ങിയിരുന്നു. പല്ലുതേയ്‌ക്കൽ തിരിച്ചു വീട്ടിൽ ചെന്നിട്ടെ ഉണ്ടാവാറുള്ളൂ.
തണുത്ത ആ അരുവിയിൽ ഒന്ന് മുങ്ങി കുളിച്ചപ്പോഴേക്കും അയാൾ തീർത്തും ശാന്തനായിരുന്നു. ഉടുമുണ്ട് അയാൾ അവിടെ തന്നെയായിരുന്നു കഴുകുന്നത്. അരുവിയിൽ പായൽ പിടിച്ച കിടക്കുന്ന പാറ കൂട്ടങ്ങളുടെ ഇടയിലെ സാമാന്യം വലിയൊരു പാറയിലായിരുന്നു അയാൾ ഇരിക്കാർ. ഇരുന്നാൽ അര പൊക്കത്തിൽ മാത്രമേ വെള്ളം ഉണ്ടാവാറുള്ളൂ. അപ്പുറത്തെ കുറ്റിക്കാടിനെ അഭിമുഖീകരിച്ചു അന്നും അയാളുടെ മുണ്ട് ഊരി സ്വന്തം ചന്തി ആ പാറയുടെ മേൽ സ്ഥാപിച്ചു കുറച്ചു നേരം ശാന്തമായിയിരുന്നു. ആ ഇരുപ്പിൻ്റെ സുഖം ലോകത്ത്‌ വേറെ ഒന്നിനും ഉണ്ടായതായി അയാൾക്ക് തോന്നിയില്ല. വെള്ളത്തിൻ്റെ ഒഴുക്കിൻ്റെ ദിശയിൽ കുറെ നേരം അയാൾ ആ മുണ്ട് ഒരു വല പോലെ വിരിച്ചിടും. അങ്ങനെ കുറെ നേരം അവിടിരിക്കും. ആരോടോ സ്വയം സംസാരിക്കും...
----------------------------------------------------------------------------------------------------------------------
കഴിഞ്ഞ കുറെ വർഷങ്ങളായി അയാൾ തീർത്തും ഏകനായിരുന്നു. പത്തു പതിനഞ്ച് പണിക്കാരുമൊക്കെയായി അയാളുടെ കാഞ്ഞിരപ്പള്ളിയിലെ കുടുംബ വീട്ടിൽ പകലിൻ്റെ മുഴുവൻ സമയവും ഒച്ചപ്പാടും ബഹളവുമൊക്കെ തന്നെയായിരിക്കും. എന്നാലും അയാൾ എപ്പോഴൊക്കെയോ ഏകനായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നു. അമ്പേ പരിഷ്ക്കാരിയായ  അയാൾക്ക് നഗരത്തിൽ നിന്നും അതിലും പരിഷ്ക്കാരിയായ ഒരു ഭാര്യയെ, ജോർജൂട്ടിയ്ക്ക് പിതാവ് മാത്തച്ചൻ വാങ്ങി കൊടുത്തുവെന്ന് വേണം പറയാൻ. ജോർജൂട്ടിയുടെ ഇരട്ട സഹോദരി ജെസ്സിയ്ക്ക് സ്വന്തം കൂടെ പിറപ്പിനേ ജീവനേക്കാൾ സ്നേഹമായിരുന്നു. അവനും തിരിച്ചു അങ്ങനെ തന്നെയായിരുന്നു. പരിഷ്‌ക്കാരിയുടെ പ്രവേശനം പെട്ടന്ന് തന്നെ അവിടെ അസ്വാരസ്യങ്ങൾക്ക് വഴി വച്ച് തുടങ്ങിയിരുന്നു. അങ്ങനെ ജീവിതം മുന്നോട്ട് പോകുന്നതിൻ്റെ ഇടയിൽ റബ്ബർ എടുക്കാൻ തമിഴ് നാട്ടിൽ നിന്നും പതിവായി വന്നിരുന്ന അണ്ണാച്ചിയുടെ കാഞ്ഞിരപ്പള്ളിയിലെ ജോർജൂട്ടിയുടെ കുടുംബവീട്ടിൽ നിന്നും തിരിച്ചുള്ള സ്ഥിരം ട്രിപ്പിൽ...ഒരെണം കടമെടുത്തു ജെസ്സി കൂടെ കയറി പോയി...അങ്ങ് ദൂരെ കേരളം കടന്ന തമിഴ് നാട്ടിലെ ഏതോ ഒരു കോണിൽ. മൂക സാക്ഷിയായി ജോർജൂട്ടി എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. പക്ഷെ പരിഷ്ക്കാരി ഭാര്യക്ക് പിടിച്ചില്ല. ഒരു വക്കീൽ നോട്ടീസ് അയച്ചു പരിഷ്ക്കാരി തിരിച്ചു നഗരത്തിലേക്ക് ചേക്കേറി. കെട്ടി രണ്ട് കൊല്ലം കഴിഞ്ഞിരുന്നവെങ്കിലും കുട്ടികൾ ഉണ്ടാവാത്തത് കൊണ്ട് അയാൾ അവളുടെ നോട്ടീസിനെ എതിർത്തില്ല. മാത്തച്ചൻ മൗനത്തിലായിരുന്നു.
മകൻ്റെ പ്രണയത്തെ എതിർത്ത് വാങ്ങി കൊടുത്ത പരിഷ്ക്കാരി, മകനെ 'പോടാ പുല്ലേന്ന്' പറഞ്ഞു പോയത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. മാത്തച്ചൻ്റെ പെങ്ങളും ജോർജൂട്ടിയുടെ അമ്മയും ഒരേ മനസ്സും ഇരു മെയ്യും പോലെയായിരുന്നത് കൊണ്ട് അവളുടെ നോട്ടീസു നൽകിയുള്ള പോക്ക് വല്ലാതെ വേദനിപ്പിച്ചു....

പരിഷ്ക്കാരിയുടെ 'കെട്ട്' ഊരി കൊടുത്തതിന് പ്രത്യുപകാരം എന്നോണം, അവളുടെ അപ്പൻ കറിയാച്ചൻ ജോർജൂട്ടിയ്ക്ക് കുറച്ചു പണ്ടവും ഉരുപ്പടിയും കൂടെ ഒരു സി ക്ലാസ്സ് ബെൻസും കൊടുത്തിരുന്നു. ജോർജൂട്ടിയുടെ വീക്ഷണകോണ് ഒന്ന് വേറെ തന്നെയായിരുന്നു. എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി കറിയാച്ചനുമായി ക്ലബ്ബിൽ കൂടുമായിരുന്നു....അന്ന് പോക്കും വരവും ആ ബെൻസിലായിരിക്കും. മാസത്തിലൊരിക്കലുള്ള ബെൻസ് യാത്ര. ബാക്കിയുള്ള ദിവസം സ്വന്തം ബുള്ളറ്റിൽ ആയിരുന്നു യാത്രകൾ. ശനിയാഴ്ചകളിൽ 'അടിച്ചു ഓഫായി' ക്ലബ്ബിൽ തന്നെ കിടന്നു പിറ്റേന്ന് എഴുന്നേറ്റ് പോകാറായിരുന്നു പതിവ്. കറിയാച്ചൻ ക്ലബ് അടച്ചു കൃത്യം പതിനൊന്ന് കഴിയുമ്പോൾ തിരികെ പോകും. അവർ രണ്ടു പേരും ഒരിക്കൽ പോലും "പരിഷ്ക്കാരി"യെ കുറിച്ച് മിണ്ടിയിരുന്നില്ല.
ജെസ്സിയെ കാണാനുള്ള ബെൻസ് യാത്രകളിൽ മിക്കപ്പോഴും കറിയാച്ചനും കൂടെ ഉണ്ടായിരുന്നു. ജെസ്സിയ്ക്ക് ആദ്യ കുട്ടിയാപ്പോൾ മുതൽ അവളെ കാണാൻ പോകുമായിരുന്നു ജോർജൂട്ടി. ഏതാണ്ട് ആറ് കൊല്ലം കറിയാച്ചൻ സ്വന്തം മകളെ പോലെ കണ്ടിരുന്ന ജെസ്സിയെ കാണാൻ ജോർജൂട്ടിയുടെ കൂടെ പോയിരുന്നു. കുറച്ചു കാലം വയ്യാണ്ട് കിടപ്പിലായി. അന്ന് പരിഷ്ക്കാരി അമേരിക്കയിൽ ആയതു കൊണ്ട് ഒരു ഹോം നഴ്സിനെ കറിയാച്ചനു വേണ്ടി ഏർപ്പാടാക്കിയിരുന്നു. കറിയാച്ചൻ വിടവാങ്ങിയപ്പോൾ എല്ലാ കാര്യങ്ങളും ചെയ്തത് ജോർജൂട്ടിയായിരുന്നു. അപ്പോഴും ഒരിക്കൽ പോലും കുടുംബ മഹിമയുടെ പേരിൽ മാത്തച്ചൻ ജെസ്സിയെ കാണാൻ പോയിരുന്നില്ല. മാത്തച്ചനോടുള്ള കൂറിൽ അമ്മ മറിയച്ചേടത്തിയും നാത്തൂൻ പൊന്നമ്മയും അവളെ കാണാൻ പോയിരുന്നില്ല....ആഗ്രഹമുണ്ടായിരുന്നു. പക്ഷെ മാത്തച്ചൻ എന്ന വലിയൊരു മരം ആ വഴി മുടക്കി നിന്നിരുന്നു.... ആ മരവും ഒടുവിൽ വീണു. ജെസ്സി തമിഴ്‍ നാട്ടിലേക്കു ചേക്കേറി ഏതാണ്ട് ഏഴ് കൊല്ലങ്ങൾ കഴിഞ്ഞിട്ട്.....
കാലം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അങ്ങനെയാണല്ലോ കാലം ആർക്കും വേണ്ടി കാത്തു നിൽക്കാറില്ലല്ലോ. ജെസ്സിയ്ക്കു രണ്ടാമതും കുട്ടി ഉണ്ടായിട്ട് എല്ലാരും കൂടി രണ്ടോ മൂന്നോ തവണ ഒരുമിച്ചു വന്നു പോയിട്ടുണ്ടാവും. പിന്നെ അയാൾ മാത്രമേ പോയി വരാറുള്ളൂ.
---------------------------------------------------------------------------------------------------------------------
അയാളുടെ ഓർമ്മകൾ പെട്ടന്ന് മുറിഞ്ഞു. അരുവിയിലെ മീനുകൾ അരക്കൊപ്പം വെള്ളത്തിലായിരുന്ന അയാളുടെ പല ഭാഗങ്ങളിലായി കൊത്തി തുടങ്ങിയപ്പോൾ തിടുക്കത്തിൽ ചാടി എഴുന്നേറ്റ്. മുണ്ടു പിഴിഞ്ഞ് കുടഞ്ഞെടുത്തു ഉടുത്ത് അയാൾ അരുവിയിൽ നിന്നും ഇറങ്ങി നടന്നു....

ഈ ലോകത്ത്‌ സ്വന്തമെന്ന് പറയാൻ ഇപ്പോൾ അയാളുടെ ഇരട്ട സഹോദരിയായ ജെസ്സി മാത്രമേ ഉള്ളൂ. അതു കൊണ്ടുമായിരിക്കുമല്ലോ കാഞ്ഞിരപ്പളിയിൽ നിന്നും ഇത്ര ദൂരം വന്നു പോകാറുള്ളത്. നടന്നു നടന്നു അയാൾ തിരികെ അവളുടെ ആ ചെറിയ വീട്ടിൽ എത്തി. ബാഗിൽ നിന്നും ബ്രഷ് എടുത്ത് ബാക്കിയുള്ള പല്ല് തേയ്‌ക്കൽ പ്രക്രീയ കൂടി തീർത്തു. അയയിൽ തൻ്റെ ഷർട്ടും പാൻറ്റും ബനിയനും ജട്ടിയും അയയിൽ ഉണങ്ങാൻ ഇട്ടിരിക്കുന്നത് കണ്ടു.
ഇതേ പോലെ ഓരോന്ന് കൊണ്ട് വന്ന ബാഗിൽ ഉണ്ടാകും. രണ്ടു ദിവസത്തേക്ക് വന്നു പോകാൻ പ്ലാൻ ചെയ്തു വന്നതല്ലേ. ഈസ്റ്ററിന് തിരികെ വീട്ടിലോട്ട് എത്താമെന്നുമൊക്കെ പദ്ധതി ഇട്ടിട്ട് കഴിഞ്ഞ മാസം ഇരുപതിയൊന്നാം തീയതി അവിടേയ്ക്ക് വന്നതായിരുന്നു അയാൾ. വരുന്ന വഴി ബൈപാസിൽ വച്ച് 'പരിഷ്ക്കാരി വക' വണ്ടി ഒന്ന് കേടായി. പതിനൊന്നു കൊല്ലമായി പൊന്നു പോലെ കൊണ്ട് നടക്കുന്ന ആ കാർ വർക്ക്‌ഷോപ്പിൽ കൊടുത്തിട്ട് ബസ്സിലും ടാക്സിയിലുമായി എത്തിപ്പെട്ടതായിരുന്നു അവിടെ.
രണ്ട് ദിവസം കഴിഞ്ഞു തീരെ പ്രതീക്ഷിക്കാതെ സർക്കാർ പ്രഖ്യാപിച്ച ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ക് ഡൗണിൽ അയാൾക്ക് അവിടെ തന്നെ നിൽക്കാനേ വഴിയുള്ളൂ.
വിഷു കഴിഞ്ഞു ഉടനെ തിരിച്ചു കാഞ്ഞിരപ്പള്ളിയ്ക്ക് വച്ച് പിടിക്കാമെന്ന് വളരെ പ്രതീക്ഷയോടെ അയാൾ ഇരിക്കുമ്പോഴാണ് ലോക്ക് ഡൗണ് നീട്ടിയ വിവരം പത്രത്തിലൂടെ അറിഞ്ഞത്.

അവളുടെ വീട്ടിൽ ടി വി ഉണ്ടായിരുന്നില്ല...അതിൽ അവൾക്കോ അണ്ണാച്ചിക്കോ പിള്ളാർക്കൊ പരിഭവുമില്ല. അവർക്ക് ഒരു നേരം പോലും വെറുതെ കളയാനായി ഇല്ല. പുലർച്ചെ എഴുന്നേൽക്കുന്നത് തൊട്ട് തിരക്കിലായിരിക്കും. ഒരാൾ സ്കൂളിൽ പോയാൽ പിന്നെ അവളും ചെറിയ കുട്ടിയും വീട്ടിൽ തിരക്കായിരിക്കും. അണ്ണാച്ചി അളിയൻ പറമ്പിലോട്ട് ഇറങ്ങും.... കുറച്ചു റബ്ബറും ഏലയ്ക്കയും വാനിലയും എല്ലാം നോക്കി നടന്ന് തിരികെ വരുമ്പോഴേക്കും ഒരു നേരമാകും.....
അയാൾ തീൻ മേശയിൽ വന്നിരുന്നപ്പോൾ പാത്രത്തിൽ ആവി പറക്കുന്ന പുട്ടും, രണ്ടു താറാവ് മുട്ടയും പപ്പടവും പിന്നെ കടല കറിയും. അയാളുടെ അളിയൻ രാവിലെ പറമ്പിലെ ഒരു റൌണ്ട് അടിക്കലിന് ശേഷമേ വന്നു കഴിക്കുള്ളൂ.
'അളിയാ...ചായ കുടിച്ചല്ലോ...അല്ലെ ?'
'ടാ....നീ എന്നെ പാണ്ടി എന്നല്ലേ വിളിക്കാറുള്ളൂ...അതാ ഒരു രസം...അത് മതി...' ചിരിച്ചോണ്ട് അയാൾ ഇറങ്ങി.
'അങ്ങനെ ആകട്ടെ മൈ....ഡിയർ അളിയാ'....അയാൾ പുട്ടിൽ പപ്പടം പിടിച്ചിറക്കി...ഒരു കവിൾ ചായ കുടിച്ചു.
'പിള്ളാര് എഴുന്നേറ്റില്ലേ ടി...?'
'ഓ...പഠിത്തം ഇല്ലല്ലോ....മണി ഏട്ടാകുന്നത് അല്ലെ ഉള്ളൂ....അവൾ പാൽ വാങ്ങി വന്നു പിന്നെയും കിടന്നു...അവർ കിടക്കട്ടെ...'
ഉം....അയാൾ നീട്ടി മൂളി....
പണിക്കായി വരുന്ന സ്ത്രീ പിന്നാമ്പുറത്തെ വാതിലിൽ വന്നു വിളിച്ചു.
'പിള്ളാ....എങ്കെ...ഉള്ളയാ...'
'ആമാ....നാൻ തമ്പിക്ക് ചാപ്പിടത്തക്കു കൊടുത്തിക്കിട്ടു ഇരുന്തേൻ....നീങ്ക ഏതാവത് സാപ്പിട്ടിയാ....?'

അവളുടെ ഒഴുക്കൻ തമിഴ് കേട്ടിട്ടാണോ അതോ അവളുടെ ആ സ്ത്രീയോടുള്ള ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല....അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....


10 Apr 2020

മിഡിൽ ഈസ്റ്റ്

ഇന്ന് ദുഃഖവെള്ളിയാഴ്ച....ഏപ്രിൽ 10.

ഇന്നത്തെ ദിവസം ഓർക്കുന്നതിന് ഒരു പ്രത്യേകത കൂടിയുണ്ട്. പതിനൊന്ന് വർഷങ്ങൾക്കു മുൻപ്, അതായത് 2008 ഏപ്രിൽ പത്താം തീയതി, ആദ്യമായി (എൻ്റെ കുടുംബത്തിൽ നിന്നും രണ്ടാമതും) ഞാൻ പ്രവാസിയാകാൻ വേണ്ടി പൊന്ന് വിളയിക്കുന്ന മണ്ണിലേക്ക് വിമാനം കയറി പറന്ന ദിവസം...അന്ന് അങ്ങനെ വലിയ സ്വപ്‌നങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്ന് വേണമെങ്കിൽ പറയാം....പക്ഷെ ഒരു ലക്ഷ്യബോധം ഉണ്ടായിരുന്നു...."ലോൺ അടയ്ക്കൽ".

എന്നാലും പുറംലോകം ആദ്യമായി കാണുവാനുള്ള ആക്രാന്തത്തിൽ മുൻ പിൻ നോക്കാതെ നാട്ടിൽ നിന്നും പറന്നു. ആ സ്വപ്ന പറക്കൽ യാഥാർഥ്യമാകുവാൻ കാരണം തന്നെ, എൻ്റെ സുഹൃത്ത് കൂടിയായ അനീസ് മൊയ്‌ദീൻ അജ്മാനിൽ നിന്നും വിസ അയച്ചു തന്നത് കൊണ്ട് മാത്രമായിരുന്നു. അതു പോലെ, ഒരു മുറി ഫ്‌ളാറ്റിൽ കുടുംബസമേതം താമസിച്ചിരുന്ന ഷാനവാസ് മൊയ്‌ദു എന്നോട് വിളിച്ചു പറഞ്ഞു....

"നീ കൂടുതൽ ഒന്നും ചിന്തിക്കേണ്ട.....ഇങ്ങു കയറി പോരെ....തൽക്കാലം ഇവിടുള്ള സോഫയിൽ നീ വന്നു കിടക്ക്....ബാക്കി പിന്നെയല്ലേ നോക്കേണ്ടത്...." ഒന്ന് ചുരുണ്ട് കൂടി കിടക്കാൻ ഒരു പട്ടിയ്ക്കുള്ള സ്ഥലം മതിയായിരുന്നത് കൊണ്ടും സഹപാഠിയുമായിരുന്ന അവൻ എനിക്ക് പകർന്ന ധൈര്യത്തിൻ്റെ  ബലത്തിലും അവൻ പറഞ്ഞ പോലെ....ബാക്കിയുള്ളത് പിന്നെ....എന്നുള്ള വിശ്വാസവും മുറുക്കെ പിടിച്ചു, തുണിമണി, മറ്റു കിടിപിടികൾ പെട്ടിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ആദ്യമായി വിദേശത്തേക്ക് പറന്ന ദിവസമാണ് ഇന്ന്.

ആ പറക്കൽ മറക്കാൻ പറ്റുമെന്ന് കരുതുന്നില്ല....വിമാനത്തിൽ ഒട്ടുമേ തിരക്കില്ലാത്തത് കൊണ്ട്  മൂന്ന് പേർ ഇരിക്കേണ്ട സീറ്റിൽ നടുവിലെ സീറ്റിലിരുന്നു കൈകൾ രണ്ടും ഇരുവശത്തെ ഹാൻഡ് റെസ്റ്റിൽ വച്ച് വിമാനം പൊങ്ങുന്നതിനോടപ്പം ഞാനും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചത് എന്തിനായിരുന്നുവെന്ന് അന്നുമിന്നും അറിയില്ല.....

"വെപ്രാളമാണോ അതോ ഭയമോ...?"
"ആവോ....ഇന്നും അതെ അവസ്ഥ...!"

നിറ കണ്ണുകളോടും ശ്വാസം മുട്ടിയുള്ള ഇരിക്കലും 'ടേക്ക് ഓഫ്' നിടയിൽ ഒരു 'ഫുൾ കൊന്ത' പഠിക്കലും എല്ലാം....ആയി ആകാശത്തിൻ്റെ ഉയരങ്ങളിലേക്ക് അങ്ങനെ പറന്ന് പറന്ന് കൊണ്ടേ ഇരുന്നു. നീണ്ട മൂന്നേ മുക്കാൽ മണിക്കൂറിന് ശേഷം ഷാർജയിൽ ലാൻഡ് ചെയ്തു.

ആറു കൊല്ലങ്ങൾക്ക് ശേഷം അൽ ഐനിൽ നിന്നും.....പലതും കെട്ടി പെറുക്കിയുള്ള തിരിച്ച്‌ വരവിൽ, പക്ഷെ വിലയേറിയെ എന്തോ ഒന്ന് അവിടെവിടെയോ മറന്ന് വച്ച് വന്നത് പോലെയായിരുന്നു.....വന്നത് പോലെ തിരിച്ചു വീണ്ടും പറന്ന് പോകണം എന്നൊക്കെ ഏതാണ്ട് കുറച്ചു വർഷങ്ങൾ മുൻപ് വരെയും കലശലായ ആഗ്രഹം ഉണ്ടായിരുന്നു..... നടപ്പില്ല എന്ന് തോന്നിയപ്പോൾ ആ ചിന്ത പതിയെ മാഞ്ഞു പോയി.

എല്ലാ കൊല്ലവും ഈ ഏപ്രിൽ 10 ന് ഒരു പിടച്ചിലും ആകാശത്തേക്ക് നോക്കി ഇരിക്കലും പതിവായിരുന്നു. എന്ത് കൊണ്ടോ ഈ കൊല്ലം നിർവികാരിതയോട് മാത്രമേ ജനൽ വഴി ആകാശത്തേക്ക് നോക്കി നിൽക്കുവാൻ കഴിയുന്നുള്ളൂ. മറ്റുള്ള മിക്ക രാജ്യങ്ങളിൽ എന്ന പോലെ പെട്ടന്നുള്ള മഹാമാരിയുടെ പിടിയിലകപ്പെട്ട് ആ ചെറിയ രാജ്യം - മിഡിൽ ഈസ്റ് - എല്ലാ പാവപ്പെട്ടവൻ്റെയും സ്വർണം വിളയിക്കുന്ന സ്വപ്ന മരുഭൂമിയെ ഇന്ന് ഭീതിയോടെയാണ് ഓർക്കുന്നത്. ആ കൂട്ടത്തിൽ ഞാനും....കൂട്ടിലകപ്പെട്ട കിളികൾ പോലെ ഭയചികതരായി....എത്രെയോ പ്രവാസികൾ....!തിരിച്ചു സ്വന്തം നാട്ടിലേക്ക് പറന്നിറങ്ങാൻ കൊതിക്കുണ്ടാവും....! കുടുംബം നോക്കാൻ പോയിട്ടുള്ള പലരും പട്ടിണിയും താമസിക്കാൻ ഇടവുമില്ലാതെയും ശമ്പളം പോലും കിട്ടാതെയും നാട് വിട്ട് മറ്റൊരു ദേശത്ത് നരകിക്കുന്നത് ദയനീയമാണ്.

ഇന്ന്, ഒരു സുഹൃത്ത് റാസ്-അൽ-ഖൈമയിൽ നിന്നും വിളിച്ചു സംസാരിച്ചിരുന്നു.... സാഹചര്യം ദിനംതോറും വഷളായി കൊണ്ടിരിക്കുകയാണെന്നും ഏതാണ്ട് ഒട്ടു മിക്കവാറും പ്രവാസികളും നാടണയുവാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു കേട്ടപ്പോൾ, നീണ്ട ആറ് വർഷം അജ്‌മാൻ, അൽ ഐൻ, അബുദാബി മുതലായ നഗരങ്ങളിൽ ഞാൻ പണിയെടുത്ത നാളുകളും സാമ്പത്തിക മാന്ദ്യം മൂലം, നാല് തവണയോളം ജോലി മാറി തെക്കും വടക്കുമായി എന്തിനോ  വേണ്ടി ഓടിയത് ഓർത്തു പോയി. പലരുടെയും തല വര മാറ്റിയിട്ടുള്ള ആ നാട്ടിൽ നിന്നും ഇന്ന് എല്ലാവരും എങ്ങനെയെങ്കിലും നാടെത്തി കിട്ടിയാൽ മതിയെന്ന ഒറ്റ ചിന്ത മാത്രമേയുളളൂ എന്നറിഞ്ഞപ്പോൾ "ഭഗനീയ ജീവിതം" നിമിഷ നേരം കൊണ്ട് സ്വപ്ന ഭൂമിയിൽ ഒരു മരീചികയായി മാറുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നു.

ഗൾഫിലുള്ള എൻ്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നന്മകൾ നേരുന്നു.....ഈ മഹാമാരിഎത്രെയും പെട്ടന്ന് വിട്ട് മാറട്ടെ....

ഈ കാലവും മാറും....മാറി അല്ലെ പറ്റൂ....!!
തെളിഞ്ഞ കിടക്കുന്ന ആകാശത്തിൽ അങ്ങിങ്ങു തെന്നി നടക്കുന്ന വെളുത്ത മേഘ പാളികൾ  അല്ലാതെ ഒരു വിമാനവും ഈ രണ്ടാഴ്ച കാലം കണ്ടിട്ടില്ല.

വരും....!! ഇനിയും ആ പഴേയ നാളുകൾ.....തിക്കും തിരക്കുമായി ഒന്നിനും സമയം തികയാത്ത ആ നല്ല നാളുകൾ ഇനിയും വരും....എല്ലാ മാലോകർക്കും.

മാഞ്ഞു പോയ ആ പഴയെ ആഗ്രഹവും വീണ്ടും തെളിഞ്ഞു വരുമായിരിക്കും....വരാതിരിക്കില്ല. ഇനിയും പറന്നിറങ്ങണം ആ സ്വപ്ന നാട്ടിൽ.....
മിഡിൽ ഈസ്റ്റ് - ഒരു യാത്ര ഇനിയും ബാക്കി.

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...