25 Sept 2016

നകുലനും മാവേലിയും

മൂന്ന് ദിവസത്തെ ഓണാഘോഷം മൂലം കടകൾ പകുതിയിലേറെയും അടഞ്ഞു തന്നെ കിടന്നു. അതിരാവിലെ നകുലൻ സഞ്ചിയും തൂക്കി പലവ്യഞനങ്ങൾ വാങ്ങാൻ കട ഏതെങ്കിലും, തുറന്നോ എന്ന് അന്വേഷിച്ചിറങ്ങി. സ്വപ്നത്തിലെ മാലാഖയുടെ (അത് കഥ പേഴ്‌സണലാണ്) രഥത്തിലേറി ഊടു വഴികളിലൂടെ കുന്നും മേടുമിറങ്ങി പെരുവഴിയിൽ എത്തിപ്പെട്ടു. പഴയകാല ഓണത്തിന്റെ ഓർമ്മകളും മനസ്സിലിട്ടായിരുന്നു യാത്ര. പട്ടം പറത്തലും, പുലിക്കളിയും, കലങ്ങി മറിഞ്ഞ കൊല്ലം തോട്ടിലെ വള്ളംകളികളും, വള്ളംകളിക്കിടയിൽ ആവേശം മൂത്തു വെള്ളത്തിലോട്ടു വീണു പോയ കാണികളും...രാത്രി ഇറങ്ങുന്ന കരടിയും, അങ്ങനെ എല്ലാം...എല്ലാം ചിന്തിച്ചു നകുലൻ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു.

റോഡിലോ ഇടവഴികളിലോ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേയുണ്ടായിരുന്നുള്ളു. ഇടയ്ക്കു വിജനമായ ഒരു പ്രദേശത്തു വഴിയരികിൽ ഒരു കല്ലിന്റെ പുറത്തു ഒട്ടും ഉത്സാഹമില്ലാതെ താടിക്ക് കൈയ്യും കൊടുത്ത്‌ ഒരാൾ ഇരിക്കുന്നു. കീരീടം പോലെന്തോ ഒന്ന് മറ്റൊരു കല്ലിന്റെ പുറത്തു വച്ചിട്ടുണ്ട്...അതെ അതൊരു കിരീടം തന്നെയായിരുന്നു. ആകെ തളർന്നു അവശനായിരിക്കുന്നു പാവം. അല്പം തളർച്ച തോന്നുന്നുണ്ടെങ്കിലും മുഖത്ത് ആ ഗാംഭീര്യത്തിന് ഒരു കുറവുമില്ല. വർഷത്തിലൊരിക്കൽ വന്നു പോകുന്ന നമ്മുടെ സ്വന്തം, നമ്മുടെ മാത്രം മാവേലി.
 
'ഹയ്‌ ! നിങ്ങള് എന്തെ ഇത്തവണ വൈകിയോ..?'

'ഒന്നും പറയേണ്ട നകുലാ, കഴിഞ്ഞ തവണ വന്നു പോയതിൽ പിന്നെ, മനസ്സിൽ എപ്പോഴും...നമ്മുടെ ആ പഴയ കാലം വല്ലാണ്ട് തങ്ങി നിൽപ്പ് തന്നെ'... ഒരു നെടുവീർപ്പോടെ മാവേലി പറഞ്ഞു. മാവേലിയുടെ മുഖത്ത് വല്ലാത്ത ഒരു വിഷമം പ്രകടമായിരുന്നു.

മാവേലി തുടർന്നു. 'നമ്മുടെ രാജ്യത്തെ വിലക്കയറ്റം, മായം കലർത്തൽ, കൃഷിയിലെ കീടനാശിനി പ്രയോഗം ഒക്കെ മനസ്സിൽ കിടക്കുന്നത് കൊണ്ട്, ഇപ്രാവശ്യം നോം, പ്രജകൾക്ക് ആവശ്യമായ നല്ലയിനം സാമഗ്രികൾ കൊണ്ടുവരല്ലോന്ന് നീരിച്ചു...നോം 'വിര ഗല്ലു' വരെ പോയിരുന്നു. അവിടുന്ന് പാണ്ടിനാട് വഴി കേരനാട്ടിലോട്ടുള്ള അതിർത്തി കടക്കാം എന്ന് അങ്ങട് ചിന്തിച്ചു'

അന്തം വിട്ടു നിന്ന നകുലനോട് മാവേലി പറഞ്ഞു. "ഹയ്യ്...! എന്തായിത്...! മനസ്സില്ലായില്ലന്നു ഉണ്ടോ...!  'വിര ഗല്ലു'  ന്ന്...വച്ചാ മ്മ്‌ടെ "ബെംഗലൂര്" തന്നെ. പണ്ടേയുള്ള നാമകരണം തനിക്ക് അറിയില്ല ല്ലെ...? 

വഷളൻ!! നവയുഗത്തിലെ പുങ്കവാ...നിന്റെ തലക്കനത്തിനു ഒട്ടും കുറവില്ലലോ. ലേശം പുരാണവും ഇതിഹാസവും ഒക്കെ അറിഞ്ഞിരിക്കണം ട്ടോ"!

ഒരു ഇളിഞ്ഞ ചിരിയുമായി നിന്ന നകുലനോട് മാവേലി തുടർന്നു...'ഒന്നാം ഓണത്തിന് തലേന്ന് രാവിലെ തന്നെ, നോം നഗരത്തിൽ പ്രവേശിച്ചു. നമ്മുടെ വേഷവിധാനം കണ്ടിട്ട് പോലും ഒരാളും നമ്മെ തിരിച്ചറിഞ്ഞില്ല...(ഒരുപക്ഷെ നാട് കർണാടകം ആയതു കൊണ്ടാവാം ല്ലേ!!) കഷ്ടം തന്നെ..! ജനങ്ങൾ ആകെ തിക്കും തിരക്കിലും. എങ്കിലും നോം, നിങ്ങൾ പറയുമ്പോലെ 'ഷോപ്പിംഗ്' ഒക്കെ കഴിഞ്ഞപ്പോഴേക്കും നേരം സായംകാലമായി.'

'പെടുന്നനെ ഒച്ചപ്പാടും ബഹളവുമൊക്കെയായി...തെരുവിൽ എമ്പാടും ജനം എവിടുന്നോ ഓടി കിതച്ചു വരുന്നു...ഭാഷ വശമില്ലാത്തത് കൊണ്ട് നോം ആകെ പരിഭ്രമിച്ചു. എഴുതി വച്ചേക്കണത് ഒന്നും അങ്ങട് മനസിലാവുണുമില്ല്യ' വാലിമേൽ തീ പിടിച്ച പോലെ ജനം നാനാ ദിക്കും ചിന്നിച്ചിതറി ഓടി...ഞൊടിയിടയിൽ തന്നെ എണ്ണമറ്റ വാഹനങ്ങൾ അഗ്നിക്കിരയാക്കി... സഹിച്ചില്ല നകുലാ...നോം ആകെ പരവേശത്തിലായി' 

'നോം പാതാളത്തിലേക്കു പോയതിൽ പിന്നെ വന്ന പഴമൊഴികൾ പതിറ്റാണ്ടുകൾക്ക് മുൻപ് ആരോ പറഞ്ഞു കേട്ടത് ഓർമ്മ വന്നു..."പട പേടിച്ചു പന്തളത്തു പോയപ്പോൾ പന്തം കൊളുത്തി പട"...എന്ന് പറഞ്ഞപ്പോലെ ആയി നകുലാ നമ്മുടെ അവസ്ഥ'.

എന്ത് ചെയ്യണമെന്നറിയാതെ ചിന്താമഗ്നനായി നിന്ന നമ്മോട്, ഓടുന്ന ജനക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
"മാവേലി ! നിങ്ങക്ക് വേറെ പണി ഒന്നുമില്ലേ...കോപ്പ്...കുടവണ്ടിയും തടവി ഇവിടെ നിക്കാൻ...' ! ഇവന്മാർ തമിഴന്മാരെ പുഴുങ്ങി എടുക്കും...കപ്പടാ മീശയും തടവി കുടവണ്ടിയും കാണിച്ചു നിന്നോ...കണ്ടാൽ ഒരു ഗൗണ്ടർ ലുക്കുള്ളത് കൊണ്ട് വേഗം സ്ഥലം വിടുന്നതാണ് പുത്തി...അവസാനം കോണകം മാത്രമേ ഉണ്ടാവുള്ളു...ഇനിയും ഇവിടെ നിന്നാ അവന്മാർ പഞ്ഞിക്കിടും. സ്ഥലം വിട്ടോ'...! (ഓട്ടത്തിനിടയിൽ അയാൾ അത് പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും അയാളുടെ പൊടി പോലും കണ്ടുപിടിക്കാൻ കഴിയാത്തവിധം ദൂരം താണ്ടിയിരുന്നു.)

'തെല്ലും ബഹുമാനമില്ലാതെ നമ്മുടെ പ്രജകളുടെ പിൻതലമുറക്കാരിൽ ആരോ ഒരാൾ നമ്മോടു അങ്ങനെ പറഞ്ഞപ്പോൾ മനസ്സ് വേദനിച്ചു...നകുലാ...'

വേദനിക്കുന്ന മാവേലിയെ ആശ്വസിപ്പിക്കുവാൻ നകുലൻ ഒരു ശ്രമം നടത്തിയത് വൃഥാവിലായി. 

'നോം പെട്ടൂന്ന് പറഞ്ഞാൽ മതിയല്ലോ...! 144 ഓ...അങ്ങനെ എന്തൊക്കെയോ പ്രഖ്യാപിച്ചു. അവിടെയും ഇവിടത്തെ പോലെ "വെള്ളം" തന്നെയാണ് വിഷയം. ഇവിടെ നിങ്ങൾ കുപ്പിയിൽ നിന്ന് "വെള്ളമടിച്ചോണ്ടു" നടന്നും വണ്ടി ഓടിച്ചും പോകുന്നു. അവിടെ നദിയിൽ നിന്നും "വെള്ളമടിച്ചോണ്ടു" പോകുന്നു എന്ന് പറഞ്ഞായിരിന്നു പുകില്. ബഹളവും കത്തിക്കലും ഒക്കെയായി നിരത്തു മൊത്തത്തിലങ്ങട് കാലിയായി. മാലോകരെല്ലാം അപ്രത്യക്ഷ്യമായിരിക്കുന്നു. നോം ആരും കാണാണ്ട് എങ്ങടോ ഒളിച്ചിരുന്നു...നോം ഇശ്ശി കഷ്ട്ടപ്പെട്ടിരിക്കുണു ! രണ്ടീസം ഏതോ വനത്തിലായിരുന്നു വാസം. ഒടുവിൽ നോം ഇവിടെ എത്തിയൊപ്പോഴേക്കും നമ്മുടെ പ്രജകൾ എല്ലാരും  കെങ്കേമമായി  ഓണമൊക്കെ ആഘോഷിച്ചു അടുത്ത കാര്യപരിപാടികളിലേക്ക് കടന്നിരിക്കുന്നു.' 

'മാവേലി വന്നോന്നോ...ഓണം അങ്ങട് ഉഷാറാക്കണമെന്നോ...നമ്മെ ഓർക്കണമെന്നോ ഒന്നും ആരും ചിന്തിച്ചിട്ടില്ല" എല്ലാവരും ഈ പറഞ്ഞ പോലെ ഷോപ്പിംഗ് മാമാങ്കം തന്നെ....വല്ലാണ്ട് അങ്ങട് മാറിയിരിക്കുന്നു നമ്മുടെ പ്രജകൾ. വളരെ വ്യസനത്തോടെ നോം തിരികെ പോകുകയാണ്. മടുത്തിരിക്കു'ണു...വയ്യാണ്ടായി

ഒടുവിലെന്തായി...ഇന്നലെ ഒരു വിരുതൻ നമ്മെ പറ്റിച്ചിരിക്കുണു. നോം ആരാണെന്നോ...എന്താണെന്നോ...അറിയാതെ നമ്മോടു എന്തൊക്കെയോ പറഞ്ഞു. ഒരു പിടിയും കിട്ടിയില്ല നകുലാ.

"ആറുമുഖൻ ഇരുമുഖനോ' ടൊപ്പം...ഒരു മുത്തശ്ശി ഗദ കാണുവാൻ വേണ്ടി ജനത ഗാരേജ് വരേക്കും പോയിരിക്കുണു. അടുത്ത ഊഴം കൊച്ചാവോ പൗലോ  കൊയലോ'യ്ക്കാണ്". അത് കഴിഞ്ഞു മാവേലിക്കാണ് എന്ന് പറഞ്ഞു നമ്മെ ഇവിടങ്ങിരുത്തി...(എല്ലാം തിരക്കും കഴിഞ്ഞു മാത്രം...നമ്മെ...മതി...ല്ലേ ..!!)    :(  
വല്ലാത്ത പണിയായി പോയി നകുലാ. ആരും വന്നില്ല. ഒന്നും നടന്നില്ല. ഞാൻ അങ്ങടുമിങ്ങാടും തെക്കുവടക്ക് ഓടിയത് മിച്ചം. രാത്രികാല തെരുവ് നായ്‌ക്കൾ നമ്മെ നിലം തൊടിയിച്ചിട്ടില്ല.ആകെ ക്ഷീണിച്ചു അവശനായിരിക്കുണു. എന്തായാലും നകുലൻ നമ്മെ കണ്ടൂല്ലോ ...ആശ്വാസം !!.....നോം യാത്രയാവുകയാണ്.

മാവേലി നടന്നു നീങ്ങി അപ്രത്യക്ഷമായപ്പോൾ...നകുലന്റെ രഥത്തിന്റെ ചക്രങ്ങൾ പതിയെ ചലിച്ചു തുടങ്ങി...(മറ്റൊരു ഓണവും വന്നു പോയി...മാവേലിയെ എല്ലാരും മറക്കുന്നത് പോലെ തോന്നുന്നു) മാവേലി നടന്നു പോയ വഴി വീണ്ടും തിരിഞ്ഞു നോക്കുവാൻ നകുലന്റെ മനസ്സ് അനുവദിച്ചില്ല...എന്തോ ഒരു വിങ്ങൽ പോലെ.

 

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...