22 Jan 2015

ഒരു ടെക്കി നുറുങ്ങ് കഥ.

ആശുപത്രിയിലെ ICU വിന് മുന്നിലിരുന്നു അവൾ മുഖം പൊത്തി വല്ലാതെ വിതുമ്പുന്നുണ്ടായിരുന്നു. ഇടയ്ക്കു തലയിൽ നിന്നും തെന്നിമാറുന്ന തട്ടം അവൾ പിന്നെയും വലിച്ച് തലയ്ക് മുകളിലേക്ക് ഇടുന്നുണ്ടായിരുന്നു. ഇവൾ മൻപ്രീത്. അവളുടെ അടുക്കൽ അവളെ സാന്ത്വനിപ്പിക്കാൻ ചുവന്ന വള്ളിയിൽ തൂക്കിയ 'ID കാർഡും' കഴുത്തിലിട്ട് നാലഞ്ചു പേർ. രണ്ട് സ്ത്രീ കഥാപാത്രങ്ങളും മൂന്ന് പുരുഷ രൂപങ്ങളും. ഇടയ്ക്കു അവർ തെക്ക് വടക്ക് നടക്കുന്നത് അല്ലാതെ 'ICU'വിന് മുന്നിൽ കാര്യമായി ഒന്നും തന്നെ സംഭവിക്കുന്നില്ല.

------------------------------------------(ഫ്ലാഷ് ബാക്ക്)--------------------------------------------------

ഡൽഹി IIT യിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം നേടിയതിനൊടൊപ്പം നെൽസന്റെ കൂടെ കൂടിയതായിരുന്നു പഞ്ചാബ്കാരി മൻപ്രീത്. കേരളത്തിൽ ജനിച്ച് വളർന്ന നമ്മുടെ നെൽസണ്‍ ഗോമസിന് കൈമുതലായി ഉണ്ടായിരുന്നത് ആത്മാർത്ഥത  മാത്രമായിരുന്നു.

അതുകൊണ്ടായിരുന്നു...നാല് കൊല്ലത്തോളം, IIT ക്യാമ്പസിന്റെ അടുത്തുണ്ടായിരുന്ന 'പഞ്ചാബി ധാബയിൽ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന നെൽസണ്‍ അവിടുണ്ടായിരുന്ന ഹരീന്ദർ സിംഗിന്റെ രണ്ടാമത്തെ മകൾ മൻപ്രീതുമായി മനസ്സ് ഉടക്കിയത്....അങ്ങനെ ഡൽഹി വിടുമ്പോൾ നെൽസന്റെ ഇടത് കൈ വിരലുകൾക്കിടയിൽ മൻപ്രീതിന്റെ വലത് കൈവിരലുകൾ കൂട്ടു പിണഞ്ഞു കിടപ്പുണ്ടായിരുന്നു. 

വർഷങ്ങൾ പല മെട്രോ നഗരങ്ങളും ചുറ്റി തിരിഞ്ഞു ദമ്പതികൾ ഒടുക്കം തിരുവനന്തപുരത്ത് അടിഞ്ഞു. ടെക്ക്നോ പാർക്കിൽ ഒരു IT കമ്പനിയിൽ ജോലി നേടുന്നത് നെൽസന് വെല്ലുവിളി അല്ലായിരുന്നു. പക്ഷെ മൻപ്രീത് മലയാളം പഠിച്ചേ അടങ്ങു എന്ന വാശിയിലുമായിരുന്നു. അതൊരു വെല്ലു വിളി തന്നെയായിരുന്നു.

"കുരെച്ച" "കുരേച്ച" മലയാളം പഠിച്ച് തുടങ്ങിയ നമ്മുടെ മൻപ്രീത് രാത്രികാലങ്ങളിലെ  ഓഞ്ഞ സീരിയലുകൾ കണ്ട് ആകെ മണ്ട പൊളിഞ്ഞ് തുടങ്ങിയിരുന്നു. മലയാളം പഠിക്കുന്നത് അനുസരിച്ച് നെൽസനൊടുള്ള സ്നേഹത്തെക്കാളേറെ 'സംശയം' ബലവത്തായി തുടങ്ങിയ കാലത്തായിരുന്നു ഒരു കഥാപാത്രം രംഗത്ത് കടന്നു വരുന്നത് - പരിധി പിള്ള (Paridhi Pillai). ഓഫീസിൽ പുതുതായി വന്ന റിസപ്ഷനിസ്റ്റ്. അവളൊരു മാലാഖയെ  പോലെ സുന്ദരിയായിരുന്നു.

നെൽസണ്‍ 'പരിധി പിള്ളയെ' കുറിച്ച് ഇടതടവില്ലാതെ പറയുമ്പോൾ വല്ലാതെ വാചാലനാകുന്നത് പോലെ  മൻപ്രീതിന് തോന്നി തുടങ്ങിയിരുന്നു. അങ്ങനെ മൂന്നാഴ്ച കടന്നു പോയി. അതിൽ ഒരാഴ്ച മുഴുവനും നൈറ്റ്‌ ഷിഫ്റ്റായിരുന്നു നെൽസന്. വീണ്ടും അടുത്ത മാസത്തിലെ ആദ്യാഴ്ച  നൈറ്റ്‌ ഷിഫ്റ്റ്‌ എന്ന് കേട്ടപ്പോൾ തന്നെ മൻ പ്രീതിന്റെ മന:സമാധാനം കെട്ടിരുന്നു. ഗുളിക പരുവത്തിൽ ഉരുട്ടി വിഴുങ്ങിയിരുന്ന സീരിയലുകൾ തന്നെ കാരണം.

തിങ്കളാഴ്ച രാത്രി 11 മണിയ്ക്ക് നെൽസന്റെ ഫോണിലേക്ക് മൻപ്രീത് വിളിച്ചപ്പോൾ കേട്ടത് ഇപ്രകാരമായിരുന്നു.


'നിങ്ങൾ വിളിച്ച സബ്സ്ക്രൈബർ പരിധിയ്ക്ക് പുറത്താണ്...അല്പ സമയം കഴിഞ്ഞു വിളിക്കുക'...(മലയാളം പഠിച്ചു തുടങ്ങിയത് ഒരു നേട്ടമായി എന്ന് മൻപ്രീത് അപ്പോൾ കരുതി)

പിരിവെട്ടിയ മൻപ്രീത് രാത്രി മുഴുവനും കുത്തിയിരുന്നു വിളിച്ചു കൊണ്ടേയിരുന്നു. അപ്പോഴെല്ലാം കേട്ടത് തന്നെ കേട്ട് കൊണ്ടിരുന്നു...'നിങ്ങൾ വിളിച്ച സബ്സ്ക്രൈബർ പരിധിയ്ക്ക് പുറത്താണ്...........................................'  എപ്പോഴോ ഉറങ്ങി പോയ അവൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. 

വാതിലിൽ ആരാണെന്ന് നോക്കുന്നതിന് പകരം, വാതിൽ വേഗത്തിൽ തുറന്ന്....കൈയിൽ കിട്ടിയ ഭാരമുള്ള വസ്തു (അത് എന്തുമാകാം...സീരിയലിൽ പലതുമാകമെങ്കിൽ കഥയിലും എന്തുമാകാം) എടുത്ത് മുന്നിൽ നിന്നവനെ ആഞ്ഞടിച്ചു.....

[കട്ടപുക - സീൻ] അത് നെൽസനായിരുന്നില്ല. മാസാദ്യം വാടക പിരിക്കാൻ വന്നിരുന്ന വർക്കിച്ചനെയായിരുന്നു മൻപ്രീത് താങ്ങിയത്.

-------------------------------------------------------------------------------------------------------------------

ആശുപത്രിയിലെ ICU വിന് മുന്നിൽ  തെക്ക് വടക്ക് നടന്നവരിലൊരുവൻ 'നെൽസനായിരുന്നു'. തലേന്ന് രാത്രി ടെക്ക്നോ പാർക്കിലെ ടവറുകളിൽ ഒന്ന് രണ്ടെണം പണിമുടക്കിയതായിരുന്നു മൻപ്രീതിന്റെ മനോനില ഒന്ന് തെന്നാൻ കാരണഹേതു.

നെൽസണ്‍ ഗോമസ്, ടീം ലീഡർ, ICU വിനുള്ളിലേക്ക് വീണ്ടും വീണ്ടും എത്തി നോക്കുണ്ടായിരുന്നു. ആ ഒളിഞ്ഞുള്ള നോട്ടമാകാം...ഡോക്ടറെ പുറത്ത് വരുത്തിയത്. അദ്ദേഹം പറഞ്ഞു: Nothing to Worry. He is just fine.

ഇതൊന്നും അറിയാതെ പരിധി പിള്ള പതിവുപോലെ ഓഫീസിലേക്ക് പോകുവാൻ അവളുടെ വീട്ടിൽ തയ്യാറാകുകയായിരുന്നു. വർക്കിച്ചൻ കോമ പോലെ അകത്തും പരിധി പിള്ള പരിധിക്ക് പുറത്തുമായിരുന്നു.





"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...