1 Jul 2013

മൊബൈലും "ഒരിക്കൽ, കത്തും"


വളരെ നാളുകൾക്കു മുൻപേ ഈ ഭൂഗോളത്തിന്റെ നാനാ ദിക്കുകളിലേക്ക്, നമ്മുടെ സ്വന്തം കേരനാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും മറ്റുമായി ഒരു പിടി 'സുഖദു:ഖങ്ങൾ', കര, കടൽ ആകാശ മാർഗ്ഗമായും അല്ലാതെയും ദിവസങ്ങളോളം സഞ്ചരിച്ചു ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിപ്പെട്ടിരുന്ന "പലതരം അക്ഷര കൂട്ടങ്ങൾ". കറുപ്പിലും നീലയിലുമായി എഴുതിയ അക്ഷരങ്ങളിൽ ചിലത് വായിക്കുമ്പോൾ കണ്ണീർ കണങ്ങളായി പൊഴിഞ്ഞിറങ്ങിയും, മറ്റ് ചിലപ്പോൾ മനസ്സിന്റെ അടിതട്ടിൽ നിന്നും ആഹ്ളാദത്തിൽ പൊതിഞ്ഞ ചിരിയായും പരിണമിച്ചിരുന്ന കുറെ വെളുത്ത കടലാസ്സു കഷണങ്ങൾ...കത്തുകളിലൂടെ മാത്രം ജീവിച്ചിരുന്ന ഒരു കാലഘട്ടം.

പ്രാചീന കാലം മുതലേ വിവരങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന ഒരു 'മാർഗ്ഗം' - "കത്ത് അഥവാ എഴുത്ത് "

70-80 കളുടെ തുടക്കത്തിൽ പോസ്റ്റ്‌ കാർഡ്‌ - 15p, ഇൻലൻഡ് - 35p, പോസ്റ്റ്‌ കവർ - 75p,എയർമെയിൽ 6.00...എന്നിങ്ങനെ പല രീതിയിൽ നാം ഉപയോഗിച്ചിരുന്ന 'എഴുത്ത് '....കാലം മുന്നോട്ടു കുതിച്ചു കൊണ്ടേയിരുന്നു...90കളുടെ അവസാനം വരെ വിലയിൽ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും നമ്മൾ അറിഞ്ഞ് സ്നേഹിച്ചു ഉപയോഗിച്ചിരുന്ന ഒരു 'മാർഗ്ഗം'"കത്ത് അഥവാ എഴുത്ത് "

2000ത്തിന്റെ തുടക്കത്തിൽ ഓർമ്മകളിലേക്ക് ചേക്കേറി തുടങ്ങിയ ഒരു ആശയ വിനിമയ 'മാർഗ്ഗം'.

ഇന്ന് അത് തീർത്തും അന്യമായി തുടങ്ങിയത് പോലെ....ഏകദേശം മൂന്ന് പതിറ്റാണ്ട് മുൻപ് വരെയും മറ്റൊരു ദേശത്തേക്ക് പറന്നു പോകാൻ വിധിക്കപ്പെട്ട പ്രവാസികൾ  പ്രാധാനമായും ആശ്രയിച്ചിരുന്നത് 'കത്ത് ' മാത്രമായിരുന്നു...ഉറ്റവരെയും ഉടയവരെയും ഉപകേഷിച്ചു സ്വന്തബന്ധങ്ങളുടെ വില എന്നും നില നിർത്തുവാൻ സ്വന്തം മണ്ണ് വിട്ടകലുവാൻ വിധിക്കപ്പെട്ട അനേകലക്ഷം പ്രവാസി സമൂഹത്തിനു ജീവശ്വാസം പോലെ വിലയേറിയതായിരുന്നു - "കത്ത് അഥവാ എഴുത്ത് ". പലർക്കും വെറുമൊരു എഴുത്തായിരിക്കാം...പക്ഷെ അക്ഷരങ്ങൾ കത്തുകളിലൂടെ പലതരം വികാരങ്ങളായി ജീവിച്ചിരുന്ന ഒരു കാലഘട്ടം ഇന്ന് ഓർമ്മയിൽ മാത്രം ഒതുങ്ങി പോകുന്നു...ഒരുകാലത്ത് പറന്നു നീങ്ങിയ "കത്ത് "എന്ന ആശയ വിനിമയ മാർഗ്ഗം ഓർമ്മയിലേക്ക് നീങ്ങി തുടങ്ങിയിരിക്കുന്നു..

ഒരു മനുഷ്യായുസിന്റെ അവസാന കാലഘട്ടത്തിൽ തുടങ്ങുന്ന രണ്ടാം ശൈശവം പോലെ...'കത്തുകൾ'...പതിയെ പതിയെ പിന്നിലേക്ക്‌ നടന്നു തുടങ്ങുന്നു...ഒരു നാൾ "കത്ത് അഥവാ എഴുത്ത് " പൂർണ്ണമായും നാമാവശേഷമായേക്കാം..(പണി 18 ഉം നോക്കുന്നുണ്ട് നമ്മുടെ സർക്കാർ, ഈ ഒരു ആശയ വിനിമയ മാർഗ്ഗം നിലനിർത്തുവാൻ...നടന്നു കിട്ടിയാൽ നന്ന്). പഴയെ കാല തലമുറയിലെ സിരകളിൽ ജീവിച്ചിരിക്കുകയും ഒഴിച്ച് കൂടാനാവാത്തതും കാല്പനികതയ്ക്ക് നിറങ്ങൾ ചാർത്തിയിരുന്നതുമായ ആ ആശയ വിനിമയമാർഗ്ഗം എന്നും നിലനില്ക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

പ്രവാസി പുതുമണവാളനു, പുതുമണവാട്ടി വിശേഷങ്ങളും സന്തോഷങ്ങളും അല്പം ഇക്കളി കൂട്ടിയും പിന്നെ സങ്കടങ്ങളുമായി എഴുതിത്തള്ളിയ കടലാസ് കഷണങ്ങൾ പതിയെ സ്വന്തം സ്വരം പാടിയും പറഞ്ഞും പതിപ്പിച്ച കാന്തിക വള്ളികളിലേക്ക് വഴി മാറി കൊടുത്തത് 80കളുടെ തുടക്കത്തിൽ...അതിനും ഒരു കാല്പനികത ഉണ്ടായിരുന്നു എന്ന് തന്നെ പറയണം...ഇന്ന് അതും പോയി...കൈയെത്തും ദൂരത്ത്‌ എപ്പോൾ വിളിച്ചാലും സ്വരത്തിലൂടെ കിട്ടാവുന്ന അകലത്തിലായി ബന്ധുബലം..സ്നേഹബലം...മൊബൈലും ഫോണും വിപണിയിൽ മാത്രമല്ല, ശരാശരി മനുഷ്യന്റെ സ്വകാര്യതയില്ലെക്കും തള്ളി കയറിയിരിക്കുന്നു...ദിനചര്യകളുടെ തുടക്കം തന്നെ ഒരു 'ഹലോ'യിൽ തുടങ്ങുന്നു...

പ്രണയലേഖനങ്ങൾ...നോട്ട് ബുക്കിലൂടെ കൈമാറിയിരുന്ന തലമുറയിലെ പിൻതുടർച്ചക്കാർ...ഇന്ന് ഈമെയിലൂടെയും, ചാറ്റിലൂടെയും തീവ്രമായ യാതൊരുവിധ വികാരങ്ങൾക്കും അടിമകളാകാതെ...ആശയവിനിമയം നടത്തി വരുന്നു...നാളെ എന്താകുമോ എന്തോ...?
................................................................................................................................................................
എന്ത് തന്നെയായാലും, എങ്ങനെയായാലും...എത്ര മാറ്റങ്ങൾ മാറി മറിഞ്ഞു വന്നാലും ഒരു അമ്മ സ്വന്തം മകന് അല്ലെങ്കിൽ മകൾക്ക് എഴുതിയിരുന്ന കത്തിനോളം വരില്ല ഒന്നും...അതിലൊരു ലോകം തന്നെ ഉണ്ടാകും...ഒരു താളം തന്നെ ഉണ്ടാകും...തുടിക്കുന്ന ജീവന്റെ താളം - സ്നേഹത്തിന്റെ താളം....അതും അക്ഷരങ്ങളിലൂടെ മാത്രമായിരുന്നു...(കേരളത്തിന്റെ ഒരു തെക്കൻ ജില്ലയിലെ ഉൾപ്രദേശത്തിൽ നിന്നും ആയിക്കോട്ടെ ആ കത്ത്)...
................................................................................................................................................................


മോനെ,

നിനക്ക് സുഖമാണോ...? നീ സമയാസമയങ്ങളിൽ കഴിക്കാർ ഉണ്ടോ മോനെ...?
നീ പോയിയിട്ടു ഇന്നേക്ക് ഏഴു മാസത്തോളമായി. എന്നാ മോനെ, വീണ്ടും നിന്നെ ഒന്ന് കാണുക...?
നീ അയച്ചു തന്ന പൈസയിൽ കിഴക്കേതിലെ തോമസുകുട്ടിടെ പീടികയിലെ കടം കുറച്ചു വീട്ടി. ബാക്കി പിന്നെ തരാമെന്ന് പറഞ്ഞു. പാപ്പിയുടെ ചിട്ടി രണ്ടു മാസത്തെ മുടക്കം തീർത്തു.
പിന്നെ മേടയിൽ വീട്ടിലെ ചിത്ര മോൾടെ കെട്ടുറപ്പിച്ചു. അവള്ക്ക് കൊടുക്കാനായി  കുറച്ചു പൈസ മാറ്റി വച്ചിട്ടുണ്ട്.
ടൌണിൽ നിന്നും ആണ് ചെക്കൻ. ബി . എ പഠിച്ചിരിക്കുന്നു അവൻ. നന്നായി നോക്കിയാൽ മതിയായിരുന്നു അവളെ.

ദേ നിന്റെ അനിയത്തികുട്ടി നിനക്ക് ഒരു ഉമ്മ തരാൻ പറഞ്ഞിട്ട് ഓടി പോയി. അവൾ വളർന്നു തുടങ്ങി മോനെ. ചിത്രടെ ഒക്കത്തിരുന്നു പാടത്ത് കളിക്കാൻ പോയതും 'പൈ'യുടെ വാലിൽ തൂങ്ങിയാടിയതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. അവള്ടെ കാര്യം ഓർക്കുമ്പോൾ ഒരു ആന്തലുണ്ട്. സാരമില്ല മോനെ, വിശേഷങ്ങൾ ചോദിക്കാതെ വിഷമങ്ങൾ  മാത്രം നിരത്തി, ഞാൻ മോന്റെ സമാധാനം കളയുന്നില്ല.

അച്ചായാൻ ഇപ്പൊ ജംങ്ഷനിലെ ഇന്ദിര ബുക്സിൽ കണക്കെഴുത്തിനു പോകുന്നുണ്ട്.
ഒരു സംഖ്യ കാനറ ബാങ്കിൽ ഇടാൻ പറ്റുന്നുണ്ട്. നിന്നെ കുറിച്ച് എന്നും പറയാനേ നേരമുള്ളൂ. പോസ്റ്റ്‌ മാൻ ഹംസ, കാക്കി എപ്പോ ഇട്ട് സൈക്കിൾലിൽ വരമ്പത്ത് കൂടെ പോയാലും ഒന്നേ ചോദിക്കാനുള്ളു...ജോണികുട്ടിയുടെ കത്ത് വല്ലോം ഉണ്ടോ...?

ഒത്തിരി എഴുതാൻ ഒന്നും വയ്യടാ കുട്ടാ. കൈയ്ക്ക് ഇടയ്ക്ക് ഒരു വേദന വരും.
അപ്പൊ ആലിസ് മോൾ ആ കുഴമ്പ് ഇട്ടു തരും. കഴിഞ്ഞ മാസം നീ കൃഷ്ണൻകുട്ടിയുടെ പക്കൽ കൊടുത്തു വിട്ടില്ലേ, അത്. അവൾക്ക് കൊടുത്തുവിട്ട ആ വെളുത്ത ഉടുപ്പ് നന്നായി ഇണങ്ങുന്നുണ്ട്. കഴിഞ്ഞാഴ്ച പള്ളിയിൽ പോയപ്പോൾ അതാണ്‌ ഇട്ടിരുന്നത്.

നിർത്തുന്നു മോനെ ജോണികുട്ടാ, നിന്നെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. എത്രെയും പെട്ടന്ന് സന്തോഷത്തോടെ വരാൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ. പട്ണി കിടക്കല്ലേ മോനെ. എന്നും പ്രാർതഥിക്കണം. ആരുമായും വഴക്ക് കൂടാതെ സ്നേഹത്തോടെ കഴിയണം...

സ്നേഹത്തോടെ മോന്റെ അമ്മ.

----------------------------------------------------------------------------------------------------------------------------
കാലികമായ മാറ്റങ്ങൾ നമ്മെ സ്വാധിനിച്ചാലും വരും തലമുറ ഈ ഒരു മാർഗ്ഗം ഒരിക്കലും മറക്കുവാൻ നാം മൂലമാകരുത്...പക്ഷെ ചോദ്യം ഇപ്പോഴും ബാക്കി....''എങ്ങനെ ??''





"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...