14 Oct 2020

പെടുന്നനെ ആഞ്ഞു വീശിയടിച്ച കാറ്റ് കേട്ടിട്ടാവണം അയാളുടെ ഉറക്കത്തിന് തടസ്സം നേരിട്ടത്. കിടക്കയിൽ നിന്നും എഴുന്നേൽക്കാതെ കണ്ണുകൾ തുറന്നു ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടന്നു. കാറ്റ് അതിൻ്റെ രൗദ്ര ഭാവത്തിലായിരുന്നു. ഒപ്പം ശക്തമായ മഴയും. മറു വശത്തു അടഞ്ഞു കിടന്ന അലുമിനിയം ജനാലകൾ ഒന്നൊന്നായി ആ കൊടുങ്കാറ്റിൻ്റെ ശക്തിയിൽ പ്രകമ്പനം കൊണ്ട് കൊണ്ടിരിക്കുന്നു. നാലാം നിലയിലായത് കൊണ്ടാവാം തൊട്ടടുത്തുള്ള ആഞ്ഞിലി മരത്തിൻ്റെ ചില്ല കാറ്റിനൊപ്പം ജനാലയുടെ അടുത്തേക്ക് തൊട്ടു തൊട്ടില്ലയെന്ന മട്ടിൽ വീശിയാടുന്നു. ഭയജനകമായ മഴയും കാറ്റും അയാളെ അലോസരപ്പെടുത്തി. കട്ടിലിൻ്റെ അടിയിൽ വച്ചിരുന്ന മൊബൈൽ ഞെക്കി സമയം നോക്കി.

02:21

ഇനിയൊന്ന് ഉറങ്ങി കിട്ടുകയെന്നതിനേക്കാൾ വീശിയാടുന്ന ആഞ്ഞിലി മരം രണ്ട് മൂന്നു തവണ കയറി ഇറങ്ങുക എന്നതാകും അതിലും എളുപ്പമെന്നൊക്കെ ചിന്തിച്ചു കണ്ണുകളടച്ചു തകർത്തു പെയ്യുന്ന മഴയുടെ ശബ്ദം കേട്ട് അയാൾ  കിടന്നു. പെട്ടന്ന് ജനാലയുടെ താഴെ എ.സിയുടെ പുറത്തെ പെട്ടിയിൽ എന്തോ വന്നടിക്കുന്ന ശബ്ദം കേട്ട അയാൾ ചാടി എഴുന്നേറ്റു. (എന്നും രാവിലെ എവിടുന്നോ പറന്ന്, എ.സിയുടെ മുകളിൽ വന്നിരുന്നു കുറുകുന്ന പ്രാവിനെ ഓടിച്ചു വിടുകയെന്നുള്ളത് അയാളുടെ ദിനചര്യയുടെ ഒരു ഭാഗമായി മാറിയിരുന്നു. അവറ്റകളെ അടിച്ചു വിടാൻ ഒരു മുള വടി മുറിക്കുള്ളിൽ വച്ചിരുന്നു. പ്രാവുകൾ കയറാതെയിരിക്കുവാൻ ആ ജനൽ കവാടം മുഴുവനുമായും നെറ്റ് കൊണ്ട് മൂടിയിരുന്നു. എന്നാലും പ്രാവുകൾ നെറ്റിലൂടെ കുത്തികയറി അയാളെ ശല്യപ്പെടുത്തി കൊണ്ടേയിരുന്നു...)
അരണ്ട വെളിച്ചത്തിൽ അവിടെ ഒന്നും അയാൾ കണ്ടില്ല. വീണ്ടും ആ ശബ്ദം തുടർന്നു കേട്ടപ്പോൾ മൊബൈലിൻ്റെ ഫ്ലാഷ് ലൈറ്റ് വെട്ടത്തിൽ  എ.സി പെട്ടിയുടെ ഇടയിലായി ഒരു തത്ത നനഞു കുതിർന്ന് ഇരിക്കുന്നു. വെളിച്ചം വന്ന ഭാഗത്തേക്കായി അത് ദയയോടെ നോക്കി. 
ഇല്ല....അതിന് പറക്കുവാനുള്ള ശേഷി ഇല്ലായെന്നത് ഉറപ്പ്. മറ്റൊന്നും അയാൾ ആലോചിച്ചില്ല. ജനാലയുടെ ട്രാപ് ഡോർ തുറന്ന് അയാൾ പുറത്തിറങ്ങി....കാറ്റും മഴയും സമാസമം ശക്തമായി തന്നെ തുടർന്ന് കൊണ്ടിരിക്കുന്നു. നെറ്റിലെ തുള അടയ്ക്കുവാൻ പകൽ വെട്ടത്തിൽ പത്തു തവണ ആലോചിച്ചു ദിവസങ്ങളോളം ബാക്കിയായി വച്ചിരുന്ന തുളയിലൂടെയാവണം അത് അകത്തേക്ക് വന്നിട്ടുണ്ടാവുക. രണ്ട് കൈകൾ കൊണ്ട് വാരിയെടുത്ത ആ തത്തയെ വളരെ ശ്രദ്ധാപൂർവ്വം അയാൾ അകത്തേക്ക് കൊണ്ട് പോയി. കൈയിൽ കിട്ടിയ  പഴന്തുണി  കൊണ്ട് അതിൻ്റെ നനവ് ഒപ്പിയെടുത്തു. അയാളുടെ കൈകൾക്ക് മറ്റുള്ളവരെക്കാൾ അല്പം ബലം കൂടുതലായിരുന്നതു കൊണ്ട് അയാൾ അതിനെ ഉള്ളം കൈയിൽ ഇരുത്തി പരിചരിച്ചു. തീൻ മേശയിൽ ഇരുന്ന പഴക്കൂടയിലെ പഴങ്ങൾ എടുത്തു മേശയിൽ വച്ചു. ആ കൂട എടുത്തു അതിൽ കുറച്ചു പഴന്തുണി വിരിച്ചു അതിൽ ഇരുത്തി. മറിയാതെ ഇരിക്കുവാൻ, അവിടിരുന്ന മൂന്നുനാല് തടിയൻ പുസ്തകങ്ങൾ എടുത്തു വച്ചിട്ടായിരുന്നു അയാൾ ആ കൂട വച്ചിരുന്നത്. ( വാവട്ടം വീശി വലുതായ പഴേ രണ്ടു മൂന്ന് സോക്‌സും കീറിയ ബനിയനുകളും പിന്നെ ഇട്ടു തുള വീണ ഒന്ന് രണ്ട് നിത്യോപക സാമഗ്രമികളുമായിരുന്നു  പഴന്തുണിയായി കൂടയിൽ വച്ചതു....)
ആ തത്തയെ കൂടയിൽ ഇരുത്തിയിട്ടു അയാൾ അടുക്കളയിലേക്ക് നടന്നു. പാൽപ്പൊടി എടുത്തു വെള്ളത്തിൽ കലക്കി തിരികെ വന്നു ചെറിയ സ്പൂണിലായി ആ തത്തയ്‌ക്ക്‌ കൊടുത്തു. അല്പം വിമുഖത കാട്ടിയെങ്കിലും കുറച്ചു കുടിച്ചു. കുറച്ചു നേരം അതിനോടപ്പം ഇരുന്ന അയാളെ ആ തത്ത ചരിഞ്ഞു നോക്കി....ചോദിക്കുന്നപോലെ.
ഉറക്കം.....വേണ്ടാ വച്ചോ....??
ഇനി...ഉറക്കമാവാം....
അപ്പോഴേക്കും സമയം 03:05 ആയിരുന്നു, പകൽ വെട്ടം വീഴാൻ ഇനിയും രണ്ട് വിനാഴിക ബാക്കി, ശരി ബാക്കി വച്ച ഉറക്കം കിട്ടുമോ എന്ന് ശ്രമിക്കാം. തിരികെ വന്ന് കട്ടിലിൽ കിടന്നു. എപ്പോഴോ ഉറങ്ങി പോയി.....

എഴുന്നേറ്റപ്പോൾ സമയം ആറേകാൽ കഴിഞ്ഞിരുന്നു. തകർത്തു പെയ്ത മഴയുടെ യാതൊരു ലക്ഷണവും കണ്ടില്ല. കൂമ്പ്  വാടിയ വാഴ പോലെ ആഞ്ഞിലി മരം തല കുമ്പിട്ട് നിൽക്കുന്നു...ഇന്നലത്തെ കാറ്റിൻ്റെ ബാക്കി. പെട്ടന്നാണ് അല്പം മുന്നത്തെ കലാപരിപാടികളെ കുറിച്ച് ഓർത്തത്....തിടുക്കത്തിൽ ഓടി ചെന്ന് നോക്കിയപ്പോൾ തീൻമേശയിലെ കോണിൽ ഒഴിഞ്ഞ പഴ കൂടയും പഴന്തുണിയും മാത്രം....ഫ്‌ളാറ്റിനുള്ളിൽ മുഴവനും അയാൾ നടന്ന് നോക്കി....
ഇല്ല എവിടെയും ഇല്ല....
അടുക്കളയിലെ സ്ളാബിൽ പാൽ പൊടിയെടുത്തത് കുറച്ചു അവിടെ വീണത് ചിതറി കിടക്കുന്നു....
എ സിപെട്ടിയുടെ ജനാലയുടെ ട്രാപ് ഡോർ അടഞ്ഞു തന്നെ കിടക്കുന്നു......

അയാൾക്ക്‌ ഒന്നും മനസ്സിലായില്ല....
സ്വപ്നമോ....അതോ നടന്നതോ....!!!

അപ്പോഴേക്കും പ്രാവിൻ്റെ പട പറന്നിറങ്ങി പതിവ് പോലെ കുറുകി തുടങ്ങിയിരുന്നു....

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...