7 Aug 2016

കോല് ബാലൻ


ഔപചാരികമായ ഒരു ചടങ്ങിൽ പങ്കെടുത്തതിന് ശേഷം എല്ലാവരും ദേശീയ ഗാനത്തിനായി എഴുന്നേറ്റു...ദേശീയഗാനത്തിനൊടുവിൽ യാന്ത്രികമായി കാലുകൾ ചലിച്ചു തുടങ്ങി. പടവുകൾ ഇറങ്ങി മെല്ലെ പുറത്തിറങ്ങി. മനസ്സിലെവിടെയോ ഉടക്കി കിടന്ന ഓർമ്മകൾ ചുരുളഴിഞ്ഞ് മുന്നിൽ തെളിഞ്ഞു നിവരുന്നു. തൊട്ട് മുൻപിൽ നടന്നവരെല്ലാം അപ്രത്യക്ഷരാകുന്നു...കോല്  ബാലൻ 

----------------------------------------------------------------------------------------------------------------------------------------




ST. ALOYSIOUS HIGH SCHOOLൻെറ പ്രധാന ഗെയിറ്റിന് തൊട്ടടത്തുളള വിക്കറ്റ് ഗെയിറ്റിൽ കൂടി ശര വേഗതയിൽ, മെലിഞ്ഞ് ഈർക്കിലി പരുവത്തിൽ ഒരു 'ബാലൻ' പറന്നു നീങ്ങുന്നു...ഗെയിറ്റിന് തൊട്ട് പിന്നിലുളള സൈപ്രസ് മരം കടന്ന് ഒരു പത്തു അടി പറന്ന് തുടങ്ങിയിട്ടുണ്ടാവും.(പഠിക്കുന്ന കാലം തൊട്ട് പണ്ടേ കേട്ട് ശീലിച്ചതാണ്...'സൈപ്രസ് മരം' എന്നത് ...അതുകൊണ്ട് ശരിയാണോ അല്ലേയോയെന്ന് അറിയില്ല )

കീ കൊടുത്ത വിട്ട പാവയുടെ 'കീ ശക്തി' ( കുതിര ശക്തി ) തീരുമ്പോൾ ടക് എന്ന് നിൽക്കുന്ന പോലെ...ആ ബാലൻ പ്രതിമ പ്രതിഷ്ഠിച്ചു പോലെ സ്ക്കൂളിൻെറ ഗ്രൗണ്ടിൽ നില്പായി. ഓടിട്ട ഇരുനില കെട്ടിടത്തിന്റെ മച്ചിലെവിടെയോ സ്ഥാപിച്ചിട്ടുളള കോളാമ്പിയിൽ നിന്നും ദേശീയഗാനം ആലപിച്ചു തുടങ്ങി. താഴെ വരാന്തയിൽ ഓഫീസിന് മുന്നിൽ ഹെഡ്മാസ്റ്റർ,ബാസ്റ്റിൻ സാർ നില്ക്കുന്നു. ചുറ്റ് വട്ടത്ത് എനിക്ക് കൂട്ടിന് മറ്റു ബാലന്മാരുമില്ല. ഈ കോലനൊഴികെ മറ്റെല്ലാവരും കൃത്യസമയം പാലിക്കുന്നു. അവരെല്ലാം ക്ളാസിൽ.

തുണി സഞ്ചിയും തൂക്കി കൈകൾ ചുരുട്ടി ഇത്തിരി വിറച്ച് തന്നെയാണ് നിന്നിരുന്നത്. ആ നില്പിൽ സ്റ്റീൽ പാത്രത്തിൽ നിന്നുളള ചൂട് തുടയിലേക്ക് വ്യാപിക്കും. അമ്മ ഉണ്ടാക്കിയ ചോറും ഓംപ്ളേറ്റും പാത്രത്തിനുളളിലിരുന്നുളള ചൂട് ഓട്ടത്തിനിടയിൽ അറിയാറില്ല. എന്നാലും ചോറ് കുഴഞ്ഞു മറിഞ്ഞിരുന്നില്ല. കാരണം നല്ലത് പോലെ പാത്രത്തിൽ മുഴുവനായും അമ്മ ചോറ് നിറച്ച് വച്ചിരിക്കും. ചമന്തി പോലും ഈ ഓട്ടത്തിനിടയിൽ കീഴടങ്ങിയിരുന്നില്ല. വല്ലപ്പോഴും ബോണസായി കിട്ടുന്ന പുളുശ്ശേരി ഇടയ്ക്ക് ഒന്ന് പുറത്തേക്ക് തുളുമ്പിയിലായി...(അറിയാതെ നാവിൽ വെളളം നിറഞ്ഞു...)

ദേശീയഗാനം കഴിയുന്ന നിമിഷം തന്നെ ബാലൻ പ്രയാണം ആരംഭിക്കുകയായി. ഈ ഒരു വൈകിവരൽ ചടങ്ങ് ഒട്ടുമിക്ക ദിവസങ്ങളിലും പതിവായിരുന്നു. വളളി ചെരുപ്പുമിട്ട് ഓടുന്നതിനിടയിൽ ഒളി കണ്ണിട്ട് സാറിനെ നോക്കും. 

'സാറ് എന്നെ നോക്കുന്നുണ്ടോ'...?അതെ ! അദ്ദേഹം നോക്കുന്നുണ്ട്, എന്നെ തന്നെ..! 

ഒരു നോട്ടത്തിന് അപ്പുറം അദ്ദേഹം ബാലനെ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ ആ നോട്ടത്തിൽ ഒരു ശാസന നല്ലതതുപോലെ പ്രകടമായിരുന്നു. വൈകിവരൽ വേളയിൽ വല്ലപ്പോഴും കൂട്ട് കിട്ടാറുണ്ട്. അങ്ങിങ്ങു ബാലന്മാർ ചിന്നി ചിതറി നില്ക്കുംമ്പോൾ, അപ്പോൾ ബാലന് ഒരു ആശ്വാസമൊക്കെ തോന്നാറുമുണ്ട്.

കടൽ കടന്ന് ഒരു മാത്തുക്കുട്ടി (ഒരു ശൈലിയ്ക്ക് വേണ്ടി പറഞ്ഞതാ...കാര്യമാക്കേണ്ട) പോലെ, ഗ്രൗണ്ട് പറന്ന് ഒരു ജോസുട്ടി, ക്ളാസ് മുറിയിലോട്ട് നടന്നു കയറും. ഹിന്ദി പഠിപ്പിക്കുന്ന വർഗീസ് സാറായിരുന്നു...'കോല് ബാലനെ', ജോ..ജോ...ജോസൂട്ടി, ജോച്ചുകുട്ടി എന്ന് നാമകരണം ചെയ്യതത്.

സഞ്ചിയും തൂക്കി വീട്ടിൽ നിന്നും വൈകി ഇറങ്ങിയിരുന്നത് കൊണ്ട് മിക്ക ദിവസങ്ങളിലും ഓട്ടം തന്നെയായിരുന്നു. കാളവണ്ടിയും കൈവണ്ടിയും നിരത്തുകൾ കൈയടക്കിയിരുന്ന കാലം. ഓട്ടത്തിനിടയിൽ ക്ഷീണം മാറ്റാൻ നടത്തവും ! അതായിരുന്നു കോമ്പിനേഷൻ. മിഡിൽ സ്കൂൾ പഠന കാലം തൊട്ടേ ഒരു സൈക്കിൾന് വേണ്ടി മോഹിച്ചിരുന്നു. അന്നൊക്കെ സൈക്കിൾ വാടകക്ക് കിട്ടിയിരുന്നു. 50 പൈസയായിരുന്നു മണിക്കൂറിന് വാടക. കാൽ വണ്ടി, അര വണ്ടി, മുക്കാൽ വണ്ടി, ലോഡ് വണ്ടി. അഞ്ചാം ക്ലാസിലായ നാൾ മുതൽ അര വണ്ടിയിലായിരുന്നു കണ്ണ്. പക്ഷെ വാടകക്ക് എടുത്തും, കൂട്ടുകാരിൽ നിന്നും വല്ലപ്പോഴും BSA സൈക്കിൾ ചവിട്ടി നടന്നതല്ലാതെ സ്വന്തമായി ഒരു സൈക്കിൾ സ്വപ്നം, ബാക്കി തന്നെയായി നില നിന്നു. (ഇന്നത്തെ BMW പോലെ ആയിരിക്കണം ആ ബാലന് അന്ന് BSA സൈക്കിൾ). പ്രീഡിഗ്രി തുടങ്ങി കാലത്തായിരുന്നു ചേട്ടൻ ഒരു സെക്കൻഡ് ഹാൻഡ് സൈക്കിൾ 75 രൂപ കൊടുത്തു വാങ്ങി വീട്ടിൽ കൊണ്ട് വന്നത്. അതിൽ കുറച്ച് കാലം പൂന്തി വിളയാട്ടമായിരുന്നു... പരിപ്പ് എടുത്തില്ലന്നെയുളളൂ. ( ഹോ..! ഫ്ളാഷ് ബാക്കിൽ നിന്നും കുറച്ച് മുന്നോട്ട് പോയി )

ജോസൂട്ടിയ്ക്ക്....ഹെഡ്മാസ്റ്ററിൽ നിന്നും കിട്ടാതിരുന്നത് ഇടയ്ക്ക് ക്ളാസ് ടീച്ചറുടെ കൈയിൽ നിന്നും മറ്റു പല സാറന്മാരിൽ നിന്നും മുറയ്ക്ക് വാങ്ങിയിരുന്നു. പല കാരണങ്ങളുണ്ടായിരുന്നു. വൈകി വരൽ, ചോദ്യത്തിന് ഉത്തരം പറയാഞ്ഞതും, മതിൽ ചാടി ഓടുന്നതിനും, ക്ളാസിൽ അടുത്തിരിക്കുന്നവരെ ശല്യപ്പെടുത്തുന്നതുമൊക്കെയായി അങ്ങനെ ഓരോ കാരണങ്ങളായിരുന്നു. ഷർട്ട് പൊക്കി അര നിക്കറിന് മുകളിൽ ചന്തിയ്ക്കായിരുന്നു ചൂരലിൽ കിട്ടിയിരുന്നത്. അഞ്ചാം ക്ലാസ്സിൽ ഇത്തിരി ബുദ്ധിമുട്ടി....ആറാം ക്ലാസ് മുതൽ അടിയുടെ ആഘാതത്തിന് ഒരു തട കൂടി വന്നു. കാരണം ആറാം ക്ലാസ്സിൽ കയറിയതിൽ പിന്നെയായിരുന്നു 'ബാലൻ' ജട്ടിയിട്ട് തുടങ്ങിയത്. അത് വരെ 'ബാലൻ' സ്വതന്ത്രനായിരുന്നു. 
~~~~~~~~~~~~~~~~~~~~~~~~~~~~~~


ഓർമ്മകളിൽ ഒരു ബ്രേക്കിട്ടു... മൊബൈലിൽ ഒരു കോൾ വന്നു. 


ഇന്നും സംശയം ബാക്കി...അന്നത്തെ സ്കൂൾ കാലം...ദേശീയഗാനം ആലപിക്കുന്ന നേരം അറ്റൻഷനായി നിന്നിരുന്നത്...സാറന്മാരെ പേടിച്ചിട്ടായിരുന്നോ... അതോ എൻെറ ദേശ ഭക്തി കണ്ട് സാറന്മാർ അഭിമാന പുളകിതരാകുമെന്ന് ഓർത്തിട്ടോ...? 

---------------------------------------------------------------------------------------------------------------------------------------

ഇന്ന് സർക്കാർ ഉടമസ്ഥതയിലുള്ള കൈരളി ശ്രീ തീയേറ്ററുകളിൽ ചലച്ചിത്രം തുടങ്ങുന്നതിന് മുൻപ് ദേശീയഗാനവും ഒപ്പം വിഷ്വവലസും കാണുമ്പോൾ ശരിക്കും ഒരു അഭിമാനം തോന്നും...ഒപ്പം രോമാഞ്ചവും.

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...