6 Feb 2014

അപാര ധൈര്യം തന്നെ...


അതിർത്തി നിർണയം - ഭാഗം 2
(കാല ചക്രം ഞാൻ ലേശം പിന്നിലോട്ട് ഒന്ന് കറക്കുന്നു - 1990 കാലഘട്ടം, കഥയ്ക്കു വേണ്ടി തെരഞ്ഞെടുക്കുന്നു, പശ്ചാത്തലം - ഗോവ)
------------------------------------------------------------------------------------------------------------------
പേടി എന്തെന്ന് അറിയാത്ത ഒരുവനായിരുന്നു മാർട്ടിൻ ഗോണ്‍സാൽവസ്. ഗോവയിലെ ഏതു കോണിലും എന്തിനും എവിടെയും ആരെയും കൂസാതെ ഇടിച്ചു കേറി ചെല്ലുവാൻ അപാരമായ ധൈര്യം മാർട്ടിനുണ്ടായിരുന്നു... ഈ ലോകത്തിൽ ഭൂതപ്രേതാദികൾ ഒന്നും തന്നെ ഇല്ലെന്ന് ചെറുപ്പം മുതൽക്കേ മനസ്സിൽ അയാൾ വിശ്വസിച്ചിരുന്നു. മാർട്ടിന്റെ പേരു കേട്ട ധൈര്യം നാട്ടിലെ പലരുടെയും മന:സമാധാനം തല്ലിക്കെടുത്തിയിരുന്നു...തങ്ങൾക്കൊന്നും മാർട്ടിനെ പോലെയാകുവാൻ കഴിയുന്നില്ലല്ലോ എന്ന അസൂയ കലർന്ന വിഷമമായിരുന്നു മൂലകാരണം.

വർഷങ്ങൾക്കു മുൻപ് ഗോവയിലേക്ക് കുടിയേറി പാർത്ത ഡി'സിൽവയ്ക്ക് അറിയാതെ ഇടയ്ക്കു ചിലപ്പോൾ ആ മലയാളി ചുവ നിറഞ്ഞ അസൂയ തലയ്ക്കു മുകളിൽ കൂട് കൂട്ടും. മാർട്ടിന്റെ ധൈര്യമെന്ന മാർക്കറ്റ് ഇടിച്ചു കളഞ്ഞേ ഉറക്കമുള്ളൂ എന്ന് ഡി'സിൽവ ഉഗ്ര ശപഥം എടുത്തു...

അങ്ങനെ ഇരിക്കെ മാർട്ടിനെ, ഒരു നാൾ മപുസയിലെ (Mapusa) ' ദി സെക്കന്റ്‌ വേൾഡ് ' ബാറിലെ കൗണ്ടറിൽ വച്ച്, ഡി'സിൽവയ്ക്കു തരത്തിന്നു കിട്ടി...ഡി'സിൽവ ഒരു ബിയർ ഓഫർ ചെയ്തു...ആ അരണ്ട വെളിച്ചത്തിൽ ഇരുവരും വിശേഷങ്ങൾ പങ്കിട്ടു അല്പം സമയം ചിലവഴിച്ചു.

D'silva : Mr.Gonsalves, see all these days I have been hearing glorified stories about your fearlessness...
Martin : Oh..Ya. Thank you...

But, 'Gonsalves, I need to convince myself that you can stay a night in Cemetery, all alone.'
Why Not...? Fix up a date and place.. I am in, my dear D'silva.


മാർട്ടിന്റെ ധൈര്യം പ്രകടിപ്പിക്കുവാൻ ഡി'സിൽവ തീരുമാനിച്ചിരുന്നത് കാണ്ടോലിം (Candolim) സെമിത്തേരിയായിരുന്നു. ഡച്ച് അധിനിവേശകാലത്ത് നിർമ്മിച്ച പഴയ സെമിത്തേരി ഇപ്പോൾ കാടും പടലങ്ങളും പിടിച്ചു ആകെ ഭയാനകമായ ഒരു ജീർണ്ണിതാവസ്ഥയിലായിരുന്നു...ആ ഭാഗത്ത്‌ അടുത്തെങ്ങും ആൾ പെരുമാറ്റമോ രാത്രികാലങ്ങളിൽ വെളിച്ചമോ ഉണ്ടാകാറില്ല. പൊളിഞ്ഞു വീഴാറായ പള്ളിയുടെ ബാക്കി ഭാഗങ്ങൾ 1800 കാലഘട്ടത്തിലെ തച്ചുശാസ്ത്രത്തെ ഓർമ്മപ്പെടുത്തുന്നു...കല്ലറകൾക്ക് ചുറ്റും തഴച്ചു വളർന്ന കാട്ടു ചെടികൾക്കിടയിൽ നിന്നുമുള്ള നിഴലുകൾ ആരിലും ഭീതി ഉളവാക്കും. ഇരു വശവുമുള്ള കല്ലറകൾക്ക് നടുവിലായി കിടക്കുന്ന നടപ്പാത കരിയിലകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.
ഇടയ്ക്കു രാത്രികാലങ്ങളിൽ വീശുന്ന കാറ്റിൽ, കരിയിലകൾ പാറി പറന്നു അവിടമാകെ തളം കെട്ടിയ നിശ്ശബ്ദതയെ കീറി മുറിച്ചു. ചിവീടുകൾ ഒരേ സ്വരത്തിലും താളത്തിലും അങ്ങിങ്ങായി ശബ്ദം പുറപ്പെടുവിച്ചു കൊണ്ടേയിരുന്നു. പൊടുന്നനെ ഉണ്ടാകുന്ന നിശ്ശബ്ദതയിൽ എങ്ങു നിന്നോ കേട്ട് കൊണ്ടിരുന്ന കൂമന്റെ കുറുങ്ങൽ ആരുടേയും ഭയത്തിന് ആക്കം കൂട്ടും.


ഡി'സിൽവ, മലയാളിയായത്‌ കൊണ്ടാവാം മാർട്ടിനു തിരഞ്ഞെടുത്ത അന്നേ ദിവസം കറുത്തവാവ് ആയിരുന്നു. നാല് ബൈക്കുകളിലായി അവരും സുഹൃത്തുക്കളും അന്നേ ദിവസം അവിടെ എത്തിപ്പെട്ടു. പള്ളിക്ക് 2കി.മി ദൂരെ ബൈക്കുകൾ നിർത്തി, മാർട്ടിനോട് അങ്ങോട്ടേക്ക് നടന്നു പോകുവാൻ ഡി'സിൽവ ആവശ്യപ്പെട്ടു...നടന്നു നടന്നു മാർട്ടിൻ പള്ളി മുറ്റത്തെത്തി. ചുറ്റും കൂരിരുട്ട്...എങ്ങും നിശ്ശബ്ദത...അങ്ങ് ദൂരെ എവിടെയോ ഒരു നായയുടെ ഓരിയിടൽ അടുത്ത് വരുന്ന പോലെ ...ആ അന്ധകാരത്തിൽ പതിയെ കല്ലറകൾ ലക്ഷ്യമാക്കി മാർട്ടിൻ നടന്നു...കരിയിലകൾ ഞെരിഞ്ഞമർന്നു ആ പരിസരമാകെ നിശ്ശബ്ദതയെ ഉണർത്തി...പെട്ടന്ന് കാൽ എന്തിലോ തട്ടി മാർട്ടിൻ അവിടെ നിന്ന് പോയി...ശരീരം മരവിച്ചു പോകുന്നു.

'ഞാൻ ഒന്ന് ഭയന്നോ...? മാർട്ടിൻ സ്വയം ചോദിച്ചു..എന്താണ് താഴെ എന്നറിയുവാൻ പോലും കഴിയുന്നില്ല. ആ ഇരുട്ടിൽ ഒന്നും വ്യക്തമല്ലായിരുന്നു. മാർട്ടിന്റെ സംശയം തീർക്കുവാനെന്ന പോലെ ഒരു കൊള്ളിയാൻ മിന്നി. താഴെ കാൽച്ചുവട്ടിൽ ഏതോ ഒരു കല്ലറയുടെ മേൽഭാഗം...ഇത്തവണ കൊള്ളിയാൻ മിന്നിയത് മാർട്ടിന്റെ നെഞ്ചിനകത്തായിരുന്നു...ഭയം എന്ന വികാരം ഇതായിരിക്കുമോ..മാർട്ടിൻ, സ്വയം ചോദിച്ചു.

എന്തായാലും അല്പം പിറകോട്ട് നിൽക്കാം...തന്നിരിക്കുന്ന ഒരു മണിക്കൂർ തള്ളിനീക്കിയേ പറ്റൂ... മാർട്ടിൻ കൈയും കെട്ടി രണ്ടടി പുറകോട്ടു നിന്നു..വീണ്ടും അന്ധകാരം. ചിവീടുകൾ മൂളി പാട്ട് തുടങ്ങി...പെട്ടന്ന് കരിയിലകൾ ഞെരിഞ്ഞമരുന്ന സ്വരം മാർട്ടിന്റെ അടുത്തേക്ക് വരുന്ന പോലെ തോന്നി. മാർട്ടിന്റെ ഹൃദയത്തിന്റെ താളം പെരുമ്പറ മുഴങ്ങുന്നത് പോലെ കേൾക്കാമായിരുന്നു. കരിയിലകൾ ഞെരിഞ്ഞമരുന്ന സ്വരം പെടുന്നനെ ഇല്ലാതെയായി...മാർട്ടിൻ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി.

ഒടുവിൽ ആ യാഥാർത്ഥ്യം മാർട്ടിൻ തിരിച്ചറിഞ്ഞു. കാലുകൾ നനഞ്ഞു തുടങ്ങി...കൈകൾ കൊണ്ട് സ്വയം സ്പർശിച്ചു മനസ്സിലാക്കി..അരഭാഗത്തിനു താഴെ നനവ്‌...

Oh! No...I pissed...Oh My God. ഇതാണോ പേടിച്ചു മുള്ളിപ്പോകുകയെന്ന അവസ്ഥ...?
ഭയം എന്ന വികാരം തലപൊക്കി തുടങ്ങിയ വിഷമത്തെക്കാൾ ഈ പ്രായത്തിൽ ഭയന്ന് മുള്ളിപ്പോയതിന്റെ വിഷമം മാർട്ടിന്റെ മനസ്സിന്റെ ഭാരം വല്ലാതെ വർദ്ധിപ്പിച്ചു.

---------------------------------------------------------------------------------------------------------------------

(ക്ലൈമാക്സ്)


വീണ്ടും കൊള്ളിയാൻ മിന്നി...

മാർട്ടിൻ ഗോണ്‍സാൽവസ് കൊള്ളിയാൻ വെട്ടത്തിൽ തന്റെ മുന്നിൽ കണ്ടത് ഞെട്ടലിനും അന്ധാളിപ്പിനും കാരണാമായി...ഒരു നായയ കാലും പൊക്കി നിൽക്കുന്നു...തന്റെ ട്രൗസർ നനഞ്ഞത്‌ എങ്ങനെയായിരുന്നെന്നു അപ്പോഴാണ്‌ മാർട്ടിനു സ്ഥലകാലബോധത്തോടെ വെളിവായത്...മാർട്ടിന്റെ ഹൃദയത്തിൽ ഉത്ഭവിച്ച ഭയമെല്ലാം ചോർന്നൊലിച്ചു പോയി. 

പോ പട്ടി...പുല്ലേ...Clear Out YOU stupid...മാർട്ടിൻ കൈകൾ ഓങ്ങി അലറി...

(നാട്ടിലെ സുഹൃത്ത്‌ ശൂരൻ നായയെ കാണാൻ പോയിട്ട് രണ്ടു നാൾ മുൻപ് ഗോവയിലെത്തിയ പാണ്ടൻ നായയ തന്റെ മുടങ്ങിയിരുന്ന, "നൈറ്റ്‌റൈഡ്"  (റൂട്ട് പാട്രോൾ) പുന:രാരംഭിച്ചതു അന്നേ ദിവസമായിരുന്നു...സ്ഥിരം റൂട്ടിൽ പുതുതായി സ്ഥാപിക്കപ്പെട്ട 'ഒരു പോസ്റ്റ്‌ ' എന്ന് തെറ്റിദ്ധരിച്ച പാണ്ടൻ നായ അതിർത്തി നിർണയം നടത്തിയതായിരുന്നു മാർട്ടിന്റെ കാലുകളിൽ കൂടി... ഒന്നുകൂടി പറഞ്ഞാൽ മാർട്ടിന്റെ കാലുകളിൽ പാണ്ടൻ നായ് "അതിർത്തി മുള്ളി" നിർണ്ണയിച്ചു...)

നമ്മുടെ പാണ്ടനു ഒരു പിടിയും കിട്ടിയില്ല...പാണ്ടാനാകട്ടെ ഒന്ന് മുരണ്ടു. പക്ഷെ 
അധികം സീനിൽ നിൽക്കാൻ പാണ്ടനു മനക്കട്ടിയില്ലായിരുന്നു...കാരണം കൊള്ളിയാന്റെ വെട്ടത്തിൽ തന്റെ നഗ്നത പുറത്തായതിന്റെ ചമ്മലിൽ അന്ധാകരത്തിൽ എവിടെയ്ക്കോ ഓടി മറഞ്ഞു...

© Ar. Jose D

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...