23 Feb 2013

ദോ ലവന്‍,... ആണ് കക്ഷി...

രാവിലെ പ്രത്യേകിച്ച് വലിയ പണി ഒന്നും ഇല്ലാത്തതു കൊണ്ടായിരിക്കും അയാള്‍ ഓഫീസിലിരുന്നു ഓണ്‍ലൈന്‍ പത്രം വായിക്കുകായിരുന്നു.തുടരെ ശബ്ദിച്ചു കൊണ്ടിരുന്ന മൊബൈലിന്റെ മനോഹര നാദത്തിനു വിരാമമിട്ടുകൊണ്ട് അയാള്‍ ഫോണ്‍ അറ്റെണ്ട്‌ ചെയ്തു. അങ്ങേതലക്കേല്‍ ഒരു സ്ത്രീ സ്വരം...അയാള്‍ കസേരയില്‍ ഒന്ന് അമര്‍ന്നിരുന്നു.
Hello, I am calling from XYZ123 Bank...Gud morning Sir. Do you have any credit card. Would you like to apply for a credit card. Its free for life.
ബണ്ട് പൊട്ടിയമാതിരിയുള്ള ആംഗലേയ ഭാഷയുടെ കുത്തിഒഴുക്കില്‍ അയാള്‍ ഒന്ന് പകച്ചുപോയി. 
എങ്കില്ലും അയാള്‍ ബലം പിടിച്ചു വിനീതനായി മൊഴിഞ്ഞു. 
May I know THIS WHO...? What Credit Card you talking about. I am NOT NEED IN credit card.
മലയാളം ഇംഗ്ലിഷിലെക്കുള്ള  തര്‍ജ്ജിമ കേട്ട് കൊണ്ടാവണം 'കിളി' ചുവടു മാറി പിടിച്ചു... 
'സാറിനു സാലറി എത്ര ആണ് .... ?'

ഇജ്ജെന്തീ പറയിണ്... അന്നോട്‌ ഞമ്മട സംബള കണക്കു പറയാന്‍, ജ്ജ് ഞമ്മട കെട്ടിയോള് ഒന്നും അല്ലാല്ലോ - അയാള്‍  ചോദിച്ചു. 
അന്നോട്‌.......,... അന്റെ ബയസ്സു ശോയിച്ചാ പറയോ...അനക്ക് ബെവരോം വിദ്യാബസോം ഒന്നീം ഇല്ലെനി...? അയാളുടെ ചോദ്യങ്ങള്‍ തുടര്‍ന്ന്. 

സാറിനു ഞങ്ങളുടെ ബാങ്ക്  ഫ്രീ ആയിട്ടാണ്  കാര്‍ഡ്‌ തരുന്നേ... സാറിന്റെ സാലറി അനുസരിച്ചായിരിക്കും എന്നുമാത്രം... സ്ത്രീ സ്വരം  ഇരെയേ പിടിക്കാന്‍ ഒരോ പ്രലോഭനങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. (പക്ഷെ ആ പാവം സ്ത്രീ അറിഞ്ഞിട്ടുണ്ടാവില്ല കടുവക്കൂട്ടില്‍ ഉറങ്ങുന്ന ചെന്നായുടെ അടുത്താണ് ഫോണിലൂടെ എത്തിപ്പെട്ടിരിക്കുന്നതെന്നു)

ജ്ജ് ഒരു കാര്യം ശെയ്യ്... 2 .. 3 ദിവസോം കഴിഞ്ഞു വിളിചോളീന്‍...,... നമ്മക്ക് ആലോശിക്കാം ന്ന്... 
അയാള്‍ അവളെ സമാധാനിപ്പിചു... 

ഫോണ്‍ വച്ചതും അയാളുടെ സുഹൃത്ത്‌ നസീര്‍ രാവിലത്തെ ചായകുടിക്കല്‍ ചടങ്ങിനായി അയാളുടെ റൂമിലേക്ക്‌ വന്നു. 'ഡേയ്  ചായകുടിക്കെണ്ടേ...എന്തോന്നുടെ ഫോണില്‍ ....' ?
ഒന്നും പറയണ്ട എന്റെ അളിയാ... രാവിലെ ഒരു ഐറ്റം ക്രെഡിറ്റ്‌ കാര്‍ഡിന് വിളിച്ചതാ - അയാള്‍ നസീര്‍നോട് പറഞ്ഞു.
ഹോ കഷ്ടം... അവളുടെ കാര്യം പോക്കാ,...ജീവിചു പോട്ടളിയാ. നിനക്ക് കോട്ടയം അച്ചായത്തിമാര്‍ പോരെടെ - നസീര്‍ അയാളോടായി പറഞ്ഞു. 
അഹ്.... ജീവിക്കട്ടെ...ഞാന്‍ അങ്ങോട്ട്‌ ഇടിച്ചു കേറിയതല്ലല്ലോ... ഇങ്ങോട്ട് വന്നതല്ലേ...?

'എന്തുവാ നസീര്‍ സാറും പോള്‍ സാറും കൂടി രാവിലെ ഒരു ചര്‍ച്ച....' അറ്റെന്‍ടെന്‍സ് രജിസ്റ്റര്‍ എടുക്കാന്‍ വന്ന തിരുവനന്തപുരംക്കാരന്‍ പ്യൂണ്‍ സുരേഷ് അവരോടായി ചോദിച്ചു

പോള്‍ സാറിന്റെ കുമിളി യാണ് സ്ഥലം അല്ലെ... സാരെ...? നസീര്‍ സാറിന്റെ സ്ഥലം അഞ്ചലും  അല്ലെ...? രണ്ടും നല്ല സ്ഥലങ്ങളാ അല്ലെ...? രണ്ടുപേരെയും സുഖിപ്പിക്കാനായിരിക്കണം സുരേഷ് അങ്ങനെ പറഞ്ഞത്. [കോട്ടയംകാരന്‍ പോളിന്റെ മലപ്പുറം ഭാഷയാണ്‌ ആ ബാങ്കിലെ സ്ത്രീ കേട്ടത്]

പിന്നെ അടി പൊളി അല്ലെ.... ആ കോട്ടയം മൊത്തത്തില്‍ ഞങ്ങടെ ഏരിയാ അല്ലെ...സുരേഷേ ഒരു ദിവസം അങ്ങ് പോരെ... നമ്മുക്ക് ഒരു കലക്ക് അങ്ങ് കലക്കാം...അടുത്ത രണ്ടാം ശനിയാഴ്ച അങ്ങോട്ട്‌ പോന്നേരെ... ടൌണില്‍ വന്നു റബ്ബറ് തൊമ്മിയുടെ വീടിലോട്ടു പോകണം എന്ന് പറഞ്ഞ മതി.... അയാള്‍  പറഞ്ഞു...
ബാക്കി നാട്ടുകാര് നോക്കിക്കോളും സുരേഷേ - നസീര്‍ കൂട്ടത്തില്‍ കേറി പറഞ്ഞു

സുരേഷ് അറിയാതെ ചിരിച്ചു പോയി... ധൃതിയില്‍ തിരിച്ചിറങ്ങാനായി വാതിലേക്ക് തിരിഞ്ഞതും.. പുറത്തു നിന്നും ആരോ അകത്തേക്ക് കയറുവാനായി ശക്തമായി വാതില്‍ തള്ളിത്തുറന്നതും ഒപ്പമായിരുന്നു. സുരേഷിന്റെ നെറ്റിയാണോ മിനുസമാര്‍ന്ന തലമുടി കൊഴിഞ്ഞ തലയാണോ ഇടിച്ചതെന്നു  അറിയില്ല...'പട്ക്കെ' എന്നൊരു ഇടിയൊച്ചയും 'അയ്യോ' എന്നൊരു മറുവൊച്ചയും...
അയാള്‍ക്കും നസീര്‍നും ചിരി അടക്കാനായില്ല.എങ്കിലും ഒരുവിധം അവര്‍ ചിരി അടക്കി സുരേഷിന്റെ അടുത്തേക്ക് ഓടിച്ചെന്നു. ഇടിയൊച്ചയും മുറവിളിയും കേട്ടാവണം വാതില്‍ തുറന്ന ആള്‍ തിരികെ പോയി. കുറച്ചു കഴിഞ്ഞു തലയും തടവി സുരേഷ് പുറത്തേക്കു നടന്നു പോയി ജോലിയില്‍ വ്യാപൃതനായി.

---------------------------
ആഴ്ച ഒന്ന് കഴിഞ്ഞു
---------------------------
ഉച്ചയൂണും കഴിഞ്ഞു വിശ്രമിച്ചിരുന്ന നസീര്‍നെയും വലിച്ചിഴച്ച് അയാളുടെ കാറില്‍ അവര്‍ രണ്ടുപേരും അല്പം ദൂരം പോയി. കാര്‍ പാര്‍ക്ക് ചെയ്തു XYZ123 ബാങ്കിലോട്ടു കയറി പോയി. പോകുന്നവഴി അയാള്‍ നസീറിനോടായി പറഞ്ഞു : അളിയാ ഒറ്റ അക്ഷരം മിണ്ടരുത്.... ചുമ്മാ മൂളി മൂളി നിന്നോണം. ഒന്നും പിടി കിട്ടാതെ നസീര്‍ അയാളെ അനുഗമിച്ചു.

അയാള്‍ കൌണ്ടറില്‍ പോയി എന്തോ പറഞ്ഞു തിരികെ നസീര്‍ന്റെ അടുത്ത് വന്നിരുന്നു.
ടെ എന്തുവാ സംഭവം - നസീര്‍ അയാളോടായി ചോദിച്ചു. അയാള്‍ ഒന്നും മിണ്ടിയില്ല. വെറുതെ ചിരിക്ക മാത്രം ചെയ്തു .

അപ്പോഴേക്കും ഒരു യുവതി അവരുടെ അടുത്തേക്ക് ഇടതു വശത്തെ ഗ്ലാസ്സും സ്റ്റീലും ചേര്‍ന്ന്  വൃത്താകൃതിയില്‍ ചെയ്തിട്ടുള്ള പടികളിലൂടെ മുകളിലത്തെ നിലയില്‍ നിന്നും ഇറങ്ങി വന്നു. സുന്ദരി..വലിയ കറുത്ത പൊട്ട് നെറ്റിയില്‍  പുരികങ്ങള്‍ക്ക് ഒത്ത നടുവിലായി ചാര്‍ത്തിയിരിക്കുന്നു.. മനോഹരങ്ങളായ കണ്ണുകള്‍ , കൂര്‍ത്ത മൂക്ക്... ഏകദേശം 5'  6" പൊക്കം. ഇളം മഞ്ഞ നിറത്തില്‍ ഇട്ടിരിക്കുന്ന ചുരിദാര്‍ അവള്‍ക്കു നല്ലത് പോലെ ഇണങ്ങുന്നതായി തോന്നി. നല്ലത് പോലെ പിന്നിയിട്ടിരിക്കുന്ന മുടിയായിരുന്നെങ്കിലും ഇരു വശത്ത് നിന്നും കണ്ണുകളിലേക്കു അലസമായി വീണു കിടക്കുന്ന കുറച്ച് മുടി അവള്‍ക്കു സൗന്ദര്യം കൂടുതല്‍ നല്‍കുന്നത് പോലെ തോന്നി....അവള്‍ പൂശിയിരിക്കുന്ന സുഗന്ധം അവിടെയെങ്ങും പരന്നു [ഇതൊക്കെ തോന്നിയത് അയാള്‍ക്കായിരുന്നു]

നസീര്‍നു ഒരു പിടിയും കിട്ടാതെ അയാളെയും അവളെയും മാറി മാറി നോക്കി. പെട്ടെന്ന് നസീര്‍ന്റെ മനസ്സില്‍ കഴിഞ്ഞ ആഴ്ച അയാള്‍ പറഞ്ഞത് ഓര്‍മ്മ വന്നു. 'ക്രെഡിറ്റ്‌ കാര്‍ഡ്'. . .
ഹോ !  ഇവന്‍ എന്ത്  മറിമായമാണ് കാണിച്ചത് - നസീര്‍ മനസ്സില്‍ ദീര്‍ഖനിശ്വാസം വിട്ടു.

വന്ന യുവതി സ്വയം പരിചയപെടുത്തി. ഞാന്‍ നീലിമ...ഒരു ചെറുചിരിയോടെ അവള്‍ ചോദിച്ചു :  പോളിന്റെ ഫ്രെണ്ട്സ് ആണ് അല്ലെ...
നസീര്‍ന്റെ കണ്ണുകള്‍ പുറത്തേക്കു വന്നു അവളുടെ ചോദ്യം കേട്ടപ്പോള്‍  ,. നസീര്‍ വളരെ ബുദ്ധിമൂട്ടുന്നത് കണ്ടു അയാള്‍ നീലിമയോടായി പറഞ്ഞു....
പോള്‍ന് നിലീമയെ കാണാന്‍ ഒരു ചമ്മല്‍ , അതാണ് ഞങ്ങളെ പറഞ്ഞു വിട്ടത്.

അവളുടെ കണ്ണുകള്‍ നിറയുന്നത് നസീര്‍ ശ്രദ്ധിച്ചു... ഒരു ഫോണ്‍ കോള്‍ വന്നു അയാള്‍ എഴുന്നേറ്റ് കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു. നസീര്‍ ഒരു ലോല ഹൃദയനായത് കൊണ്ടോ അതോ അവനു പണി കൊടുത്തതാണോയെന്നു അറിയില്ല.
നസീര്‍ നിലീമയോട് പറഞ്ഞ് - ദോ ലവന്‍ ആണ് കക്ഷി. പേര് പോള്‍ മാത്യു. സര്‍വേ ഡിപ്പാര്‌ട്ട്മെന്റ്റിലെ സീനിയര്‍ ലാന്‍ഡ്‌ സര്‍വേയര്‍ ,... കോട്ടയത്ത്‌ നിന്നും കുറ്റിയും പറിച്ചോണ്ട് പോന്നിരിക്കുവാ അവന്‍., ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ഞാന്‍ അവന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌.., ഞാന്‍ കല്യാണം കഴിച്ചിട്ട് ഇല്ല. പേര് ഇബ്രാഹിം നസീര്‍ ...
കിട്ടിയ അവസരത്തില്‍ നസീര്‍ ഗ്യാപ്പില്‍ ഇടിച്ചു കയറാന്‍ ഒരു വിഫല ശ്രമം നടത്തി. അപ്പോഴും അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടേയിരുന്നു. നിലീമയുടെ കണ്ണുകള്‍ ജ്വലിക്കുന്നത് നസീര്‍നു കാണാമായിരുന്നു.
----------------------------------------------------------------------------------------------------------------------------------------
കഥ ഇവിടെ അവസാനിക്കുന്നില്ല.....അത് തുടരന്നു... ഭൂമി ഉരുണ്ടതല്ലേ....കഥയും ഉരുളട്ടെ. 

[സുഹൃത്തുക്കള്‍ ആയാല്‍ ഇങ്ങനെ വേണം - ഇത് ഒരു നടന്ന കഥയാണ്...... ]







No comments:

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...