21 Jan 2013

സദാചാര ബോധമോ സഹതാപമോ ?

ശരീരത്തിന്  അകത്തേക്ക് തുളച്ചു കയറുന്ന അതിരാവിലത്തെ 10deg തണുപ്പിനെ കീറിമുറിച്ചു എന്‍റെ  കാര്‍ ഓഫീസിനു മുന്നിലത്തെ പാര്‍ക്കിംഗ് ലോട്ടില്‍ ഓടിച്ചു കയറ്റുന്നതിനിടയില്‍ ഇന്നും അവളെ കണ്ടു.(7:30നു മുന്‍പ് ഞാന്‍ വരുന്ന ദിവസങ്ങളില്‍ മാത്രമേ അവളെ കണ്ടിരുന്നുള്ളൂ )



കൈകുഞ്ഞിനെ മാറോട് അടക്കിപ്പിടിച്ച് അവള്‍ എന്‍റെ മുന്നിലൂടെ നടന്നു അവളുടെ കാറിനു അടുത്തേക്ക് പോയി. കാര്‍ പാര്‍ക്ക് ചെയ്യ്തു ഞാന്‍ പുറത്തേക്കിറങ്ങി  തിരിഞ്ഞു നോക്കി. അപ്പോഴേക്കും എതിര്‍വശം പാര്‍ക്ക് ചെയ്തിരുന്ന  ബ്ലാക്ക്‌ കളര്‍ ഫോര്‍ഡ് ഫോകസ്സിന്‍റെ ഡോര്‍ തുറന്നു കുഞ്ഞിനെ ബേബി സീറ്ററില്‍ അവള്‍ ഭദ്രമാക്കിയിരുന്നു. ഞാന്‍ കാണുമ്പോഴോക്കെ ആ കൈകുഞ്ഞു  പാതി മയക്കത്തിലായിരിയ്ക്കും. തണുപ്പ് ഒട്ടും തട്ടാതെയിരിക്കാന്‍ അവള്‍ നല്ലത് പോലെ ആ കുഞ്ഞിനെ സ്വെറ്റര്‍ കൊണ്ട് പുതച്ചിരുന്നു. ഡോര്‍ അടച്ചു  അവള്‍ മുന്നിലേക്ക്‌ കാര്‍ സ്ടാര്ട്ട് ചെയ്യുവാനായി നടന്നു നീങ്ങി... അവള്‍ ഇന്ന് ഒരു അല്പം തടിച്ച പോലെ തോന്നി...ഒരു പക്ഷെ ആ കറുത്ത ഫുള്‍ സ്ലീവ് സ്വെറ്റരില്‍ എനിക്ക് തോന്നിയതായിരിക്കാം...വട്ടത്തിലുള്ള ആ മുഖം അല്പം  ഉയര്‍ത്തി ഇല്ലാത്ത ഘനം വച്ച് അവള്‍ കാറിനുള്ളിലെക്ക് കയറി...

ഭൂഗോളത്തിലെ നാനാ ദിക്കില്‍ നിന്നുള്ള എല്ലാ മനുഷ്യജീവികളും വന്നടിയുന്ന മിഡില്‍ ഈസ്റ്റിലെ ഒരു കൊച്ചു രാജ്യമല്ലേ ഈ UAE. വന്നിട്ട് അഞ്ചു വര്‍ഷം  ആകാറായി. ഒരുവിധ പെട്ട പരദേശികളെ തിരിച്ചറിയാന്‍  എനിക്ക് ഇപ്പോള്‍ ആകുന്നുണ്ട്...അല്ലെങ്കിലും  മലയാളികളെ  തിരിച്ചറിയാന്‍  പ്രത്യകിച്ചു കഴിവുകള്‍ ഒന്നും വേണ്ടല്ലോ...നെറ്റിയില്‍ വ്യക്തമായിയെഴുതി വച്ചിട്ടുണ്ടാകുമല്ലോ...

"എന്നെ മലനാട്ടിലെ സദാചാരബോധത്തിനു പേര് കേട്ട കേരനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളത്‌ ഉള്ളതാകുന്നു..ഞാന്‍ ഇവിടെ അന്ന്യനാകുന്നു..."

സ്വയം അഹങ്കരിക്കാനും ബാക്കി ഉള്ളവര്‍ക്ക് മുന്നില്‍ ഒരു പടിയെങ്കിലും  ഉയര്‍ന്നു നില്‍ക്കണമെന്ന് ഞാനടക്കം ആഗ്രഹിക്കുന്ന മനുഷ്യ സമൂഹം. [ആരെയും ഒഴിവാക്കാനാകില്ല....ഉള്ളിന്‍റെ ഉള്ളില്‍ വേരിറങ്ങിയ ആ ചിന്ത ഒരിക്കലും നമ്മളെ വിട്ടു മാറില്ല - നാളെ കുറിച്ച് അത്ര അങ്ങോട്ട്‌ എനിക്ക് ഉറപ്പിച്ചു പറയാന്‍ ആകില്ല]

മലയാളിയായത്‌ കൊണ്ട് ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു...നാളുകളേറെയായി തമ്മില്‍ കാണാറുണ്ടെങ്കിലും  ഒരിക്കല്‍ പോലും ഒന്ന് ചിരിക്കുവാന്‍ ഞാനോ അവളോ ശ്രമിച്ചിരുന്നില്ല...ഒരു പക്ഷെ ചെക്ക് ഇന്‍ / ചെക്ക്‌ ഔട്ട്‌ ടൈമിനു വളരെ പ്രാധാന്യം നല്‍കുന്ന ഓഫീസിലേക്ക് എത്തിപ്പെടാനുള്ള വ്യഗ്രതയുമാവാം എന്നെ നോക്കാതെ  വളരെ വേഗം എനിക്ക് മുന്നിലൂടെയായി അവളുടെ താമസ സ്ഥലത്ത് നിന്നും അപ്രത്യക്ഷമായിരുന്നത്...എപ്പോഴും.
[അതെ, അത് തന്നെയാകും കാരണം....അല്ലാതെ എന്നെ അങ്ങനെ ഒഴിവാക്കാന്‍ പറ്റുമോ ?]

എനിക്ക് അല്പം ഉയരം കുറവാണെങ്കിലും അത് വശങ്ങളിലോട്ടു വീതികൂട്ടി 97കിലോയില്‍ കൂട്ടാതെയും കുറയ്ക്കതെയും അഡ്ജസ്റ്റ് ചെയ്ത്  കാലം കുറെയായി അത് അങ്ങനെ തന്നെ കൊണ്ട് പോകുന്നു...നല്ല വെളുത്തിട്ടാണ്...എന്നും ഭംഗിയായി ക്ലീന്‍ ഷേവ്  ചെയ്തതിനു ശേഷം മാത്രമേ പുറത്തേക്കു പോലും ഇറങ്ങാറുള്ളൂ ...ബ്യൂട്ടി പാര്‍ലറുകളെ  ബാക്കിയുള്ളവര്‍ക്ക് മുന്നില്‍ നിശിതമായി വിമര്‍ശിക്കാറുണ്ടെങ്കിലും എല്ലാ ആഴ്ച്ചകളിലും  സൂപ്പര്‍മാര്‍ക്കറ്റ്‌ലെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പുതുതായി  ഇറങ്ങുന്നത്  വായിച്ചു പഠിക്കുക ഒരു ശീലം ആണ്...ഒരു നെടു വീര്‍പ്പ് ഇട്ടു സ്വയം ആശ്വസിച്ചു .

കത്തിയ പെട്രോളിന്‍റെ ഗന്ധവും അല്പം പുകയും പുറത്തേക്കു വമിച്ചുകൊണ്ട്  അവളുടെ കാര്‍ പാഞ്ഞു പോയി...ഞാന്‍ എന്‍റെ ഓഫീസിന്‍റെ പടവുകള്‍ കയറിത്തുടങ്ങി ...മനസ്സില്‍ അവളെ കുറിച്ചായായിരുന്നു ചിന്ത.
അവള്‍ എവിടെയായിരിക്കും വര്‍ക്ക്‌ ചെയ്യുന്നത് . ?
എങ്ങോട്ടേക്കായിരിയ്ക്കും  പോകുന്നത് ?
ആ കുഞ്ഞിനെ എവിടെ കൊണ്ട് പോകും?
ഡേ കെയര്‍ലേക്ക് ആകുമോ ? 
അവളുടെ ഭര്‍ത്താവു എവിടെയായിരിക്കും, എന്ത് കൊണ്ട് അയാള്‍ കുഞ്ഞിനെ കൊണ്ടാക്കുന്നില്ല  ?
എത്ര കുട്ടികള്‍ ഉണ്ടാകും ശാലിനിയ്ക്ക്  ? [ങേ, പേര് എവിടുന്നു വന്നു....അറിയാതെ മനസ്സിലേക്ക് ഓടി വന്ന പേരാണ്...ആരും പേര്‍ ഇല്ലാതെ ഉണ്ടാകില്ലല്ലോ, കിടക്കട്ടെ... സ്വയം പറഞ്ഞു]
എപ്പോഴായിരിക്കാം അവള്‍ തിരിച്ചു വരിക?
ചോദ്യശരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടേ ഇരുന്നു..ഉത്തരം കിട്ടില്ലല്ലോ.

തൊട്ടടുത്ത നിമിഷം എന്നിലെ വിമര്‍ശകന്‍ തല പൊക്കി...
അല്ല..അവള്‍ എന്തിനാ ഈ കൈ കുഞ്ഞിനേയും കളഞ്ഞിട്ടു ജോലിക്ക് പോകുന്നത്...?
അതിന്‍റെ ആവശ്യം വല്ലതും ഉണ്ടോ...? വളരുന്ന പ്രായത്തില്‍ അമ്മയുടെ ചൂടും സ്നേഹവും അറിഞ്ഞു വളരേണ്ട സമയത്ത് കുഞ്ഞിനെ എവിടെയെങ്കിലും  ആക്കി പോയാല്‍ മതിയോ ?

പാവമല്ലേ ആ പിഞ്ചു കുഞ്ഞു ! അല്ല...അവളോട്‌ ചോദിച്ചേ പറ്റു... അടുത്ത ദിവസം ചോദിച്ചറിഞ്ഞേ ഉള്ളു കാര്യം.

അസലാമു അലൈക്കും ! കേഫ് അല്‍ ഹാല്‍ ? [ചിന്തകള്‍ മുറിഞ്ഞു പോയി] ഓഫീസ് വാതുക്കലില്‍  ആരെയോ കാത്തു നിന്ന അറബി എന്നോടായി പറഞ്ഞു.

വ..അലൈക്കും സലാം..സയിന്‍... ..   ....അല്‍ ഹംദു ലില്ലാഹ് ...!
ഞാന്‍ തിരിച്ചു പറഞ്ഞു കൂടെ ഒരു ചിരി സമ്മാനിച്ച്‌ ഹസ്തദാനം നല്‍കി ഞാന്‍ എന്‍റെ കാബിനിലേക്ക്‌ നടന്നു നീങ്ങി...

ലാപ്ടോപ്പിലെ ഓണ്‍ ബട്ടണില്‍ വിരല്‍ അമര്‍ത്തി...മേശ പുറത്തുണ്ടായിരുന്ന പേപ്പറുകള്‍ അടുക്കി പെറുക്കി വച്ചു, കൈകള്‍ കൂട്ടി കെട്ടി ഞാന്‍ സ്ക്രീനില്‍ നോക്കി ഇരുന്നു...എന്തോ പതിവില്ലാത്ത താമസം അനുഭവപെട്ടു - ലാപ്ടോപ്പ് ഓണ്‍ ആയി വരാന്‍.

മുറിഞ്ഞ ചിന്തകള്‍ പിന്നെയും ഓടിയെത്തി...പാതി ഉറക്കത്തിലെ ആ പിഞ്ചു കുഞ്ഞിന്‍റെരൂപം, ( മുഖം കണ്ടിട്ടില്ലെങ്കിലും ) തെളിഞ്ഞു നില്‍ക്കുന്നു. എല്ലാ അമ്മമാരും അങ്ങനെയല്ലല്ലോ.എത്രയോപ്പേര്‍ തന്‍റെ പിഞ്ചോമനയ്ക്കു  കൂട്ടായി ജോലിയും കളഞ്ഞു നില്‍ക്കുന്നു. അവരും നമ്മുടെ നാട്ടില്‍ നിന്നുള്ളവര്‍ തന്നെ അല്ലെ ? അറിവിന്‍റെ ആദ്യാക്ഷരങ്ങളും  സ്നേഹതലോടലുകളുടെയും ആദ്യ സ്പര്‍ശനങ്ങളും അമ്മയില്‍ നിന്ന് തന്നെയല്ലേ  വരേണ്ടത്.

അമ്മക്ക് സമം ആകുമോ പോറ്റമ്മ...?



അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധത്തെയും വാത്സല്യത്തെയും ചിത്രങ്ങളില്‍ വര്‍ണ്ണിച്ച രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ കണ്ടും, നീലാംബരി രാഗത്തില്‍ ഇരയിമ്മന്‍ തമ്പി ചിട്ടപ്പെടുത്തിയ "ഓമന തിങ്കള്‍ കിടാവോ.." എന്ന താരാട്ട് പാട്ട് കേട്ടും വളര്‍ന്നു വന്ന ഒരു തലമുറയിലെ കണ്ണികള്‍ ആണ് നാം...മറക്കുവാനാകുമോ ?... പാടില്ല. 

പാശ്ചാത്യ സംസ്ക്കാരത്തിന്നു അടിമപെട്ട് കടംമെടുത്ത ' ഡേ കെയര്‍ ' രീതിയില്‍ വളര്‍ന്നു വന്നാല്‍ മതിയോ ആ പിഞ്ചോമന ? എനിക്ക് വല്ലാത്ത ഒരു അമര്‍ഷം തോന്നി.

അറിയാതെ തന്നെ മനസ്സ് അപ്പോഴേക്കും വേറിട്ട്‌ ചിന്തിച്ചു തുടങ്ങി...എന്ത് കൊണ്ട് ജീവിക്കാന്‍ വേണ്ടിയുള്ള ശാലിനിയുടെ  ഓട്ട പ്രദക്ഷിണമായി കൂടാ...? അതും ഒരു കാരണം ആവരുതോ..? ആവാം...ആ അമ്മയും കുഞ്ഞും മാത്രമായി ഒരു കുടുംബം ആയിരിക്കില്ലലോ അവള്‍ക്...അവളെ ആശ്രയിച്ചു എത്രയോ ജീവിതങ്ങള്‍ ഉണ്ടാകാം. എന്തെങ്കില്ലും സ്വരുക്കൂട്ടി വയ്ക്കുവാന്‍ അവളും അവളുടെ നാഥനും എന്നും മനസ്സില്ലാമനസ്സോടെ ചെയുന്നതും ആയി കൂടെ...? പ്രാരാഭ്ധങ്ങളുടെയും ഉത്തരവാധിത്വങ്ങളുടെയും നടുവില്‍ അകപ്പെട്ട  അനേക ലക്ഷം പ്രവാസികളില്‍ ഒരുവള്‍ മാത്രമായിരിക്കില്ലേ അവളും...അവള്‍ക്കും  ഉണ്ടാകില്ലേ ആശകളും...മോഹങ്ങളും !

പച്ച പുതച്ചു നില്‍ക്കുന്ന സ്വന്തം നാടും വീടും വിട്ടു മണല്‍ക്കാറ്റും ചൂടും അതിശൈത്യവും ഏല്‍ക്കാന്‍ മനസ്സിനെയും ശരീരത്തെയും പാകപെടുത്തി സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കാന്‍ പറന്നിറങ്ങിയ പ്രാവാസി സമൂഹത്തില്‍ ഒരുവന്‍ അല്ലെ ഞാനും...മരുഭൂമിയിലേക്ക് മനസ്സിനെ പറിച്ചു നട്ട ഞാനും പലതും കേള്‍ക്കുന്നില്ല..കാണുന്നില്ല...അഭിനന്ദിചില്ലെങ്കിലും കുറ്റപ്പെടുത്താതെ  എങ്കില്ലുമിരുന്നു കൂടെ...? ചിന്തകള്‍ പെടുന്നനെ കുറ്റബോധത്തില്‍ നിറഞ്ഞു.

പ്രാരാഭ്ധച്ചുഴിയില്‍ പെട്ട് ഉഴലുന്ന അനേകം പ്രവാസി സമൂഹത്തില്‍ കേവലം ഒരു മര്‍ത്ത്യനായി ഞാനും ബാക്കി...നില്‍ക്കുന്നു...അവളോട്‌ ഒപ്പം.

കാലം മാറുന്നതിനോടൊപ്പം ചരിത്രവും വിസ്മ്രിതിയില്‍ ആകട്ടെ...!

ശാലിനീ  !! നിന്നെ ഇനി കാണാതെ ഇരിക്കട്ടെ...വേദനിക്കുന്ന മനസ്സുമായി സ്വന്തം കൈകുഞ്ഞിനെ മറ്റൊരാളില്‍ ഏല്പിച്ചു പോകുന്ന വേദന ഞാന്‍ മനസ്സിലാക്കുന്നു...

5 Jan 2013

കാക്കി ഇട്ട ന്യൂ ഇയര്‍ സുപ്രഭാതം

S.I : അത് ആരാ സാറേ..?  
ഞാന്‍ : ലെന 
S.I : ലൈനോ...സാര്‍ ആള്‍ കൊള്ളാവല്ലോ !
ഞാന്‍ : ലൈന്‍ അല്ല സാറേ..'ലെന'..'ലെന'... L E N A.  [ഈ പന്നന്റെ  കാര്യം - S.I ഏമാനേ, നിന്നോട് മനസ്സില്‍ പറയാനേ പറ്റു.അതോ ഇനി സംസാരത്തില്‍ എന്റെ നാവു കുഴഞ്ഞോ...? ഓ..അല്ലല്ലോ ..ഇങ്ങേരു തൃശൂര്‍ക്കാരന്‍ അല്ലെ. എന്ത് പണ്ടാരെങ്കിലും ആവട്ടെ...]

വക്കീലുമായി നിന്നോട് (ലെനയോട് ) വരാന്‍ പറഞ്ഞിട്ട് മണിക്കൂര്‍ രണ്ടു ആയി...അല്പം നീരസത്തോടെ  വാച്ചില്‍ നോക്കിയിട്ട് ഞാന്‍ അവളോട്‌ ചോദിച്ചു..നീ എന്താടി വരാന്‍  വൈകിയേ...?
അപ്പോഴേക്കും മണി 02:45am ആയിരുന്നു .

പിന്നെ...... ന്യൂ ഇയര്‍ന്റെ രാത്രി വക്കീലുമാരെ ഉണക്കാന്‍ വരി വരിയായി മതിലില്‍ ചാരി നിര്‍ത്തി വച്ചേക്കുവല്ലേ...! നീ  പറയുമ്പോ പൊക്കി എടുത്തോണ്ട് വരാന്‍...,....ഒന്ന് പോടാ ചെക്കാ...ഒരെണ്ണത്തിനെ കിട്ടിയത് തന്നെ ഭാഗ്യം... നിന്നോട് ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ  സാഹസം വേണ്ട...അത് എങ്ങനാ...അഹങ്കാരത്തിന് കൈയും കാലും വച്ചവന്‍ അല്ലേ ... അവന് തോന്നും, നമ്മള് കേട്ടോണം...ചെയ്തോണം....നീ ആരാടാ  കോപ്പേ...എന്തൊന്നാ  നിന്റെ വിചാരം....?എന്തിയെ നിന്റെ മറ്റവന്‍....,...ജനിച്ചപ്പോ  തൊട്ടു ഒട്ടി ചേര്‍ന്ന് ഇരിക്കുവല്ലേ...! അവനെ തല്ലണം...ജീവിതമാര്‍ഗ്ഗം തേടി അവന്‍ ദൂഫായിക്ക് പോയതാ...! മാസത്തില്‍ 20 ദിവസവും നാട്ടിലാ...അവന്‍ എന്ത് പണി ആണോ..ആവോ...? അതും പറഞ്ഞു ലെന, എന്റെ കൂടുകാരി ചുറ്റുപാടും കണ്ണ് ഓടിച്ചു..

ബണ്ട് പൊട്ടിയ മാതിരി അവളുടെ സ്നേഹത്തില്‍ പൊതിഞ്ഞ പരിഭവം പറച്ചില്‍ കണ്ടു S.I ഏമാന്‍ ഞെട്ടി...

സാറേ ഇത് നിങ്ങളുടെ wife ആണോ...? S.I യുടെ ചോദ്യം കേട്ട് ഞാന്‍ പറഞ്ഞു....
Wife' ആണ്, പക്ഷെ എന്റെ അല്ല..
ഒന്നുകൂടി ഞെട്ടിയെങ്കിലും  ഇതൊന്നും പുത്തരി അല്ല എന്ന ഭാവത്തില്‍ നെറ്റി ചുളിച്ചു എന്നോട് S.I പറഞ്ഞു ....ങ..ആ.. writer യോട് എഴുതിയൊപ്പിട്ട്  കൊടുത്തിട്ട്  പൊയ്ക്കോ...
പിന്നെ ഒരു ഉപദേശവും...സാറിനെ പോലെ മാതൃകയാവേണ്ടവര്‍ ഇങ്ങനെയായാല്‍ പൊതു ജനം എങ്ങനെ നന്നാകും....? [ഇതൊന്നും  ആയിരിക്കില്ല ഏമാന്റെ ഞെട്ടല്ലിന്നു കാരണം. നേരം കെട്ട നേരത്ത് വൈകി ഒരു സ്ത്രീ കഥാപാത്രം, വക്കീലുമായി വരിക...അതുമല്ല അവളുടെ കെട്ടിയോനും അല്ല 'ഞാന്‍' ...പിന്നെ അരങ്ങത്ത് അടിച്ച്  തകര്‍ത്ത  കിടിലന്‍ ഡയലോഗും....എന്തോ അറിയില്ല, പുള്ളി ഒന്നും പുറത്തു കാട്ടിയില്ല...എന്നോടുള്ള ആ ഉപദേശത്തില്‍ നിന്നും...ഭാവ വ്യത്യാസങ്ങളില്‍  നിന്നും ഞാന്‍ പുള്ളിയുടെ മനസ്സ് വായിച്ചെടുത്തു  ]

ഒരു ഇടിഞ്ഞ ചിരിയും മുഖത്ത് ഫിറ്റു ചെയ്തു  ഞാന്‍ പടിയിറങ്ങി...പേട്ട പോലീസ് ആപ്പീസില്‍ നിന്നും...പുറത്തു എന്നെ കാത്തു നിന്ന അവള്‍ പിന്നെയും ചോദിച്ചു...എവിടാ ഡാ ആ വാനരന്‍..., ....?

ഞാന്‍ : അവന്‍ വല്ലപ്പോഴും അല്ലെ വരുന്നത്...എപ്പോഴും കേറി ഇറങ്ങാനും പരിചയപ്പെടാനും പറ്റില്ലാലോ..എല്ലാ ഏമാന്‍മാരും കൂടി നിന്ന് ഫോട്ടോയെടുപ്പും പരിചയപെടലും  ഒക്കെയാണ് അവന്‍..,. നീ ഒന്നും പറയല്ലേ...നിന്നെ ഞാന്‍ വിളിച്ചപ്പോഴേ അവന്‍ പറഞ്ഞു...ഇനി ചെവി തല കേള്‍ക്കില്ലാ എന്ന്...നിന്നെ  വലിയ മതിപ്പാണ് അവനു...കേട്ടോ.

കോപ്പാണ്...ലെന വളരെ പതുക്കെ..പക്ഷെ ചെവി പൊട്ടും വിധം എന്നോട് മാത്രമായി അലറി.
അവളുടെ തിളച്ചു മറിഞ്ഞുള്ള നില്‍പ്പ് കണ്ടാല്‍ അറിയാം. അവള്‍ അവനെയും കൊണ്ടേ പോകൂ ...

അളിയോ...നമ്പി അളിയോ...മൊത്തത്തില്‍ ന്യൂ ഇയര്‍ "ഹാപ്പി" ആയില്ലേ...
അഹ്...ലെന ചേച്ചി...Happy New Year...ഉണ്ട്ട്ടോ.. ദൂരെ  നിന്ന്  ഉറക്കെ പറഞ്ഞു അവന്‍ എന്റെയും ലെനെയുടെയും അരികിലേക്ക്, സാര്മാരോട് യാത്ര പറഞ്ഞു നടന്നു എത്തി...
ഞാന്‍ അവനോടു കണ്ണ് ഇറുക്കി കാണിച്ചു ..പക്ഷെ കണ്ട മട്ടു ഇല്ല.

എന്തുവാ അളിയാ...സീന്‍ കലിപ്പ് ആണോ...? ആഹ..ഇതൊക്കെ അല്ലെ ഒരു എക്സ്പീരിയന്‍സ്...! എന്തായാല്ലും കുറെ അളിയന്മാരെ പരിചയപ്പെട്ടു.നമ്പറും കിട്ടി.എന്തെല്ലും ആവശ്യത്തിനു വിളിക്കാവല്ലോ..അതും പറഞ്ഞു അവന്‍ മൊബൈലില്‍ നോക്കി ചിരിച്ചു.

അവന്റെ സന്തോഷം കണ്ടിട്ടാവണം ലെന ഒന്നും മിണ്ടാതെ കാറില്‍ കയറി തിരികെ പോയി.
[ആശ്വാസം, അല്ലേല്‍ മൊത്തത്തില്‍ നേരം വെളുത്തേനെ ...പാവം. എന്നെക്കാളും നാല് ഓണം ഉണ്ടിട്ടുണ്ട് അവള്‍.,..എന്നിട്ടും ഞാന്‍ എങ്ങനെയൊക്കെയാണ് വിളിക്കുന്നത്...എന്തൊക്കെയാണ് വിളിക്കുന്നത്....എന്തുകൊണ്ടോ അവള്‍ മറ്റാര്‍ക്കും നല്‍കാത്ത  ഒത്തിരി സ്വാതന്ത്ര്യം എനിക്ക് തരാറുണ്ട് ...ഭാര്യയോടു കയര്‍ക്കുന്നതിനെക്കാള്‍ ഞാന്‍ അവളോട്‌ ദേഷ്യപെടാറുണ്ട് ...ഇതേ ശൈലി ഭാര്യയോടു കാട്ടിയാല്‍ പാഞ്ഞു വരുന്ന ഐറ്റംസ് എന്താണ് എന്ന് പോലും പറയാന്‍ പറ്റില്ല...ബോബനും മോളിയുമില്‍ വിറകു കൊള്ളിയുമായി ചേടത്തി ഓടുന്നത് കണ്ടിട്ടുണ്ട് ...പക്ഷെ, ഇവിടെ ജര്‍മന്‍ കത്തിയും Johnie Walker ന്റെ കുപ്പിയുമൊക്കെയാണ് ബദല്‍ പീസുകള്‍ ...അതുകൊണ്ട് അധികം റിസ്ക്‌ എടുക്കാറില്ല ...]

അളിയാ എന്താ ലെന മിണ്ടാതെ പോയത്...[ഇത്തവണ ചേച്ചി വിളി ഇല്ലായിരുന്നു]. അവന്റെ ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി ചിരിച്ചതേയുള്ളു.

എന്തോന്നാ ടെ....accountantum, architectum കൂടി നമ്മളെ ഒരു വിലയില്ലേ ടെ..ഞാനും ഒരു ആര്‍ക്കിറ്റെക്ക്റ്റ് അല്ലെ ഡാ...ഇത് ഇപ്പൊ ഞാന്‍ നാട്ടില്‍ ഇല്ലാത്തതു കൊണ്ട് ആര് വിളിച്ചാലും ഈ പാതിരായ്ക്ക് വരില്ല...നീ വിളിച്ചു..നിന്റെ കൂട്ടുകാരി  accountant വന്നു. അതിനു ഇത്രെയും പവര്‍ വേണോ...അവള്‍ക്കു...?

ഡാ കോപ്പേ..നീ വണ്ടിയിലോട്ടു കയറു..ഞാന്‍ അവനോടു കയറാന്‍ പറഞ്ഞു.
ഇപ്പൊ...മദ്യപാനം ബാധകമല്ലേ...? നമ്മളെ പൊക്കിയത് മദ്യപിച്ചു  വണ്ടി ഓടിച്ചതിന് ആണല്ലോ...അല്ലെ...?
അവന്റെ ചോദ്യത്തിന് എന്റെ മറുപടി..നീ വരുന്നുണ്ടോടാ  പുല്ലേ..?

വണ്ടിയും ഓടിച്ചു കണ്ണന്മൂല പാലമായപ്പോ ഒന്ന് നിര്‍ത്തി പുറത്ത്തിറങ്ങി . പാലത്തിനു സൈടിലോട്ടു  നോക്കി ഞാന്‍ പറഞ്ഞു, 'അളിയാ അത് അവിടെ തന്നെ ഉണ്ട്.'

ഒരു സൈക്കിള്‍ ആയിരുന്നു അത്..
.................................................................................................................................................................................
മുട്ടടയില്‍ ഉള്ള എന്‍റെ ഫ്ലാറ്റില്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ അവനും എന്റെ രണ്ടു അയല്‍ക്കാരും ഒത്തു കൂടിയതായായിരുന്നു  ഫ്ലാറ്റിന്റെ  ' റൂഫ് ടോപ്പില്‍ ''.അടിയുടെ  ആഘാതം കൂടിയപ്പോ തോന്നിയ വെളിവില്ലയ്മായിരുന്നു ശംഖ്മുഖം  ബീച്ച് കാണാനുള്ള  പൂതി... അപ്പൊ തന്നെ ഇറങ്ങി പുറപ്പെട്ടു ..അകത്തു ഉള്ളത് പോരാഞ്ഞിട്ടാണ് പിന്നെയും ഒരു Full J&D യും മൂന്ന് കുപ്പി വെള്ളവും എടുത്ത് വണ്ടിയില്‍ ഇട്ടു..
ഇറങ്ങാന്‍ തുടങ്ങിയപ്പോ തന്നെ ലെനയുടെ പുതുവത്സര ആശംസകള്‍ അറിയിക്കാന്‍ അല്പം വൈകിയെങ്കിലും , വിളി വന്നു...എന്‍റെ യാത്ര കേട്ടപ്പോള്‍ തന്നെ തെറി വിളി തുടങ്ങി...
ആഹാ..പുതുവത്സരം തുടക്കം കുറിച്ചു  ... ഒരെ ഒരു കൂട്ടുകാരിയുടെ  തെറി വിളിയോടെ ...എന്നിട്ടും  യാത്ര മാറ്റി വച്ചില്ല. അവള്‍ ഫോണും കട്ട്‌ ചെയ്തു ഉറങ്ങാന്‍ പോയി.
ഭാര്യയും പിള്ളാരും അളിയന്‍ പിള്ളയുടെ രണ്ടു ആഴ്ച്ച കഴിഞ്ഞുള്ള കല്യാണ ഒരുക്കങ്ങള്‍ക്ക് വേണ്ടി ആലുവായ്ക്കു പോയത് കൊണ്ട് ആകാം എന്റെ ഈ അഹമ്മതി.

കൂടെയുണ്ടായിരുന്ന രണ്ടെണ്ണത്തിന്‌  ബോധം ഉള്ളത് കൊണ്ട് അവന്മാര്‍ ഇറങ്ങിയില്ല...ഗള്‍ഫില്‍ കിടക്കുന്നവന്റെ ആഗ്രഹമല്ലേ...? അങ്ങനെ ഇറങ്ങി പുറപ്പെട്ടതായിരുന്നു അവനോടുപ്പം..

മെഡിക്കല്‍ കോളേജ് വഴി കണ്ണന്മൂലയെത്തിയപ്പോള്‍ പാലത്തിനു നടുവിലായി ഒരു സൈക്കിള്‍ വിലങ്ങനെ വച്ചിരിക്കുന്നു...കുറചപ്പുറം ഒരാള്‍ സിഗരറ്റും വലിച്ച് [വിശ്രമമാണ് എന്ന് തോന്നുന്നു...]ഒരു മൈല്‍കുറ്റിപ്പുറത്ത്  ഇരിക്കുന്നു...
ഇവനൊന്നും  ഒരു ബോധവും ഇല്ലെ...നല്ല ബോധം ഉണ്ട് എന്ന വിശ്വാസത്തില്‍ ഞാന്‍ സ്വയം പറഞ്ഞു...ഇത് കേള്‍ക്കേണ്ട  താമസം  എടുത്തടിച്ച പോലെ എന്റെ കൂടെ ഇടത്തെ വശമിരുന്ന അവന്‍ വണ്ടിയുടെ ഡോര്‍ തുറന്നു വിളിച്ചു കൂവി...

'വണ്ടി എടുത്തു മാറ്റ് ഡാ ****മോനെ'...
''യും ''യും '' യും ചേര്‍ത്ത് സമാസമം മൈല്‍ കുറ്റിയുടെ മുകളില്‍ നിന്നും..തിരിച്ചു വന്നു തെറി വിളി...തനി തിരോന്തരം ഭാഷ...ഞാന്‍ ഒന്ന് പതറി.

[എല്ലാ മേളകളും ഇവന്‍ തുടങ്ങി വയ്ക്കും ...ഫിനിഷിംഗ് പോയിന്റ്‌ ഞാനെ കാണാറുള്ളൂ  ..]
പക്ഷെ അവന്റെ ഉത്സാഹവും  കണ്ടപ്പോള്‍ ഞാനും അറിയാതെ ഒന്ന് " ഓണ്‍ " ആയി...

''മൂവര്‍ സംഗമം'' വാക്കുകള്‍ കൊണ്ട് അലക്ക് തുടങ്ങി...മലയാള ഭാഷയ്ക്ക്‌ ഇത്ര കടുപ്പം ഉണ്ടെന്നു  ഇടയ്ക്കിടയ്ക്ക്  ഞാന്‍ തിരിച്ചു അറിഞ്ഞു...പല പുതിയ വാക്കുകളും പുത് വര്‍ഷ പുലരിയില്‍ കേട്ട്...തലയുടെ പെരുപ്പ്‌ കേറിയിട്ടാവും ...വിലങ്ങനെ വച്ചിരുന്ന സൈക്കിള്‍ എന്റെ കൂടെ ഉള്ള 'അവന്‍' പൊക്കി എടുത്തു പാലത്തിനു താഴെ എറിഞ്ഞു...ചട പടെ ശബ്ദവും എല്ലാമായി രംഗം മൂര്ചിച്ചു നിന്ന നിമിഷങ്ങള്‍ക് വിരാമമിട്ട്  കൊണ്ട് പള്ളി മുക്ക് ഭാഗത്ത്‌ നിന്നും ഒരു പോലീസ് ജീപ്പ് പാഞ്ഞെത്തി ...ജീപ്പിന്റെ ശബ്ദം നല്ല പരിചയമുള്ളത് കൊകൊണ്ടാവാം ഇരുട്ടിന്റെ ആത്മാവ് അടുത്തുള്ളയെതോ മാവ് വഴി സ്ഥലം കാലിയാക്കി.
................................................................................................................................................................................
അതിന്റെ തുടര്‍ച്ചയാണ് ...'പേട്ട  പോലീസ് സ്റ്റേഷന്‍' സന്ദര്‍ശനം...

ആ സൈക്ലിന്റെ കിടപ്പ് കണ്ടപ്പോള്‍ ഞാന്‍ ആ ഇരുട്ടിന്റെ ആത്മാവിനെ കുറിച്ച് വീണ്ടും ഓര്‍ത്തു...
ഒരു പക്ഷെ ഒരു കള്ളനായത് ആയിരിക്കാം ...ഇത്ര കൃത്യമായി ജീപ്പിന്റെ സ്വരം കേട്ട് അവന്‍ കടന്നു കളഞ്ഞത്....

ഇറങ്ങിയത്‌ അല്ലെ...!! രണ്ടു സിഗരിറ്റ്നു തിരി കൊളുത്തി 'ഞാനും' 'അവനും' കുറച്ചു നേരം അവിടെ തന്നെ നിന്ന്...ധനു മാസത്തിലെ തന്നുപ്പ് കാറ്റ് മെല്ലെ വീശുന്നുണ്ടായിരുന്നു...അതിരാവിലത്തെ പത്ര വിതരണത്തിന് വേണ്ടി പത്രകെട്ടുമായി ആരോ ഒരാള്‍ ബൈക്കില്‍ പള്ളിമുക്കിലെ one way യിലോട്ട് ചീറി പാഞ്ഞു പോയി...ദൂരെ എവിടേയോ ഒരു സൈക്കിള്‍ ബെല്ലും കേള്‍ക്കാമായിരുന്നു...
എന്റെ കാറിന്റെ ഹെഡ് ലൈറ്റിന്റെ വെട്ടത്തില്‍ ഒരു [പാണ്ടന്‍],] നായ എങ്ങു നിന്നോ പതുക്കെ ഓടി വരുന്നത് ഞാന്‍ നോക്കി നിന്ന്...
സമയം 04:15am. മൊബൈലില്‍ ഞാന്‍ സമയം നോക്കി.

അളിയാ...ആദ്യമായി ആണ് പുതു വത്സരം പോലീസ് ഏമാന്മാരുടെ കൂടെ...പണി പാളുവോ...അവന്റെ ചോദ്യം.

ഓ...അത് സാരമില്ല. ഇങ്ങനെ ഒക്കെ അല്ലെ ശീലമാവുന്നത്‌., ഞാന്‍ തിരിച്ചു അവനെ സമാധാനിപ്പിച്ചു...

കാറിലോട്ടു തിരികെ കയറാന്‍ തയ്യാറായപ്പോഴേക്കും 'വീണ്ടും ലിസ' [വീണ്ടും ലെന] ഫോണില്‍

എന്തായി...ഫ്ലാറ്റില്‍ എത്തിയോ...അവനെ കൊണ്ട് ആക്കിയോ...?പിന്നെ..നാളെ നീ സൈറ്റിലോട്ടു പോകണേ...സ്ഥിരം സ്വഭാവം എടുക്കരുത്...ഫസ്റ്റ് ഫ്ലോറിന്റെ സ്ലാബ് ഒന്ന് നോക്കിയേക്കണേ...
ഡാ ഒരു മിനിട്ടേ...ഒന്ന് ഹോള്‍ഡ്‌ ചെയ്യ്...

ഹലോ!..കേട്ട് കഥ...എനിക്ക് ഒരു എമര്‍ജന്‍സി കോള്‍ അറ്റന്‍ഡ് ചെയ്യാനുണ്ടായിരുന്നു..അത് കൊണ്ട് ഹോസ്പിറ്റലില്‍ പോകേണ്ടി വന്നു...എന്തായാല്ലും പുതു വര്‍ഷം നന്നായി സെലിബ്രേറ്റ് ചെയ്തല്ലോ...congratulations!

ക്ലോസിംഗ് ഡയലോഗില്‍ സ്കോര്‍ അടിച്ചു Dr.എബ്രഹാം...ലെനയുടെ ഭര്‍ത്താവ്.

നിഷ്കളങ്കമായ ഒരു ചിരിയോടു കൂടി അവള്‍ വീണ്ടും ഫോണ്‍ എടുത്തു എന്നോടായി
ഓക്കേ, ഗുഡ് നൈറ്റ്‌..., എന്തോന്ന്  ഗുഡ് നൈറ്റ്‌...  ?
ഗുഡ് മോര്‍ണിംഗ്.... പറഞ്ഞു കട്ട്‌ ചെയ്തു...

ഞാന്‍ ആകെ പറഞ്ഞത്..."ഓക്കേ". വെറുതെ ഒരു ചിരിയും ഡോക്ടര്‍ക്ക്‌ ഫോണില്‍ കൂടി കൊടുത്തു...അത്ര തന്നെ.

ലെനയും അബ്രാഹാമിനെയും കണ്ടു മുട്ടിയിട്ടു ഏകദേശം അഞ്ചു മാസം...എന്ത് പെട്ടന്നായിരുന്നു മറ്റൊരു Client നോടും തോന്നാത്ത അടുപ്പം ഇവരോട്....

കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തപ്പോഴേക്കും അവന്‍ സുഖ ഉറക്കം...
ഡാ...എഴുന്നേല്‍ക്ക്  ഡാ...എല്ലാം തുടങ്ങി വച്ചിട്ട് കിടന്നു ഉറങ്ങിക്കോണം...
എവിടുന്നു...ഒരു ബോധവും ഇല്ല...അവന്..[ഉറങ്ങട്ടെ രാത്രി എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ ഉള്ളത് അല്ലെ..വീണ്ടും ദുബൈയിക്ക്...മാറ്റൊരു അവധികാലത്തിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടേ...]

ഞാന്‍ പാതി വഴിക്ക് മുടങ്ങിയ ബീച് യാത്ര വണ്ടി തിരിച്ചു വന്ന വഴിയെ പുനരംഭിച്ചു...ഉറങ്ങി കിടക്കുന്ന 'അവനോട്' ഒപ്പം.
.................................................................................................................................................................................


കഥാപാത്രങ്ങളെ നിങ്ങളുടെ സൗകര്യാര്‍ത്ഥം മാറ്റാം...ചിന്തിക്കാം...സാങ്കല്പിക കഥാപാത്രങ്ങള്‍ ആവാം അല്ലായിരിക്കാം...എന്തായാല്ലും കഥയിലെ 'അവന്‍' ഞാനും, 'ഞാന്‍' അവനും ആണെങ്കില്ലോ...?


-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------













"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...