21 Jan 2013

സദാചാര ബോധമോ സഹതാപമോ ?

ശരീരത്തിന്  അകത്തേക്ക് തുളച്ചു കയറുന്ന അതിരാവിലത്തെ 10deg തണുപ്പിനെ കീറിമുറിച്ചു എന്‍റെ  കാര്‍ ഓഫീസിനു മുന്നിലത്തെ പാര്‍ക്കിംഗ് ലോട്ടില്‍ ഓടിച്ചു കയറ്റുന്നതിനിടയില്‍ ഇന്നും അവളെ കണ്ടു.(7:30നു മുന്‍പ് ഞാന്‍ വരുന്ന ദിവസങ്ങളില്‍ മാത്രമേ അവളെ കണ്ടിരുന്നുള്ളൂ )



കൈകുഞ്ഞിനെ മാറോട് അടക്കിപ്പിടിച്ച് അവള്‍ എന്‍റെ മുന്നിലൂടെ നടന്നു അവളുടെ കാറിനു അടുത്തേക്ക് പോയി. കാര്‍ പാര്‍ക്ക് ചെയ്യ്തു ഞാന്‍ പുറത്തേക്കിറങ്ങി  തിരിഞ്ഞു നോക്കി. അപ്പോഴേക്കും എതിര്‍വശം പാര്‍ക്ക് ചെയ്തിരുന്ന  ബ്ലാക്ക്‌ കളര്‍ ഫോര്‍ഡ് ഫോകസ്സിന്‍റെ ഡോര്‍ തുറന്നു കുഞ്ഞിനെ ബേബി സീറ്ററില്‍ അവള്‍ ഭദ്രമാക്കിയിരുന്നു. ഞാന്‍ കാണുമ്പോഴോക്കെ ആ കൈകുഞ്ഞു  പാതി മയക്കത്തിലായിരിയ്ക്കും. തണുപ്പ് ഒട്ടും തട്ടാതെയിരിക്കാന്‍ അവള്‍ നല്ലത് പോലെ ആ കുഞ്ഞിനെ സ്വെറ്റര്‍ കൊണ്ട് പുതച്ചിരുന്നു. ഡോര്‍ അടച്ചു  അവള്‍ മുന്നിലേക്ക്‌ കാര്‍ സ്ടാര്ട്ട് ചെയ്യുവാനായി നടന്നു നീങ്ങി... അവള്‍ ഇന്ന് ഒരു അല്പം തടിച്ച പോലെ തോന്നി...ഒരു പക്ഷെ ആ കറുത്ത ഫുള്‍ സ്ലീവ് സ്വെറ്റരില്‍ എനിക്ക് തോന്നിയതായിരിക്കാം...വട്ടത്തിലുള്ള ആ മുഖം അല്പം  ഉയര്‍ത്തി ഇല്ലാത്ത ഘനം വച്ച് അവള്‍ കാറിനുള്ളിലെക്ക് കയറി...

ഭൂഗോളത്തിലെ നാനാ ദിക്കില്‍ നിന്നുള്ള എല്ലാ മനുഷ്യജീവികളും വന്നടിയുന്ന മിഡില്‍ ഈസ്റ്റിലെ ഒരു കൊച്ചു രാജ്യമല്ലേ ഈ UAE. വന്നിട്ട് അഞ്ചു വര്‍ഷം  ആകാറായി. ഒരുവിധ പെട്ട പരദേശികളെ തിരിച്ചറിയാന്‍  എനിക്ക് ഇപ്പോള്‍ ആകുന്നുണ്ട്...അല്ലെങ്കിലും  മലയാളികളെ  തിരിച്ചറിയാന്‍  പ്രത്യകിച്ചു കഴിവുകള്‍ ഒന്നും വേണ്ടല്ലോ...നെറ്റിയില്‍ വ്യക്തമായിയെഴുതി വച്ചിട്ടുണ്ടാകുമല്ലോ...

"എന്നെ മലനാട്ടിലെ സദാചാരബോധത്തിനു പേര് കേട്ട കേരനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളത്‌ ഉള്ളതാകുന്നു..ഞാന്‍ ഇവിടെ അന്ന്യനാകുന്നു..."

സ്വയം അഹങ്കരിക്കാനും ബാക്കി ഉള്ളവര്‍ക്ക് മുന്നില്‍ ഒരു പടിയെങ്കിലും  ഉയര്‍ന്നു നില്‍ക്കണമെന്ന് ഞാനടക്കം ആഗ്രഹിക്കുന്ന മനുഷ്യ സമൂഹം. [ആരെയും ഒഴിവാക്കാനാകില്ല....ഉള്ളിന്‍റെ ഉള്ളില്‍ വേരിറങ്ങിയ ആ ചിന്ത ഒരിക്കലും നമ്മളെ വിട്ടു മാറില്ല - നാളെ കുറിച്ച് അത്ര അങ്ങോട്ട്‌ എനിക്ക് ഉറപ്പിച്ചു പറയാന്‍ ആകില്ല]

മലയാളിയായത്‌ കൊണ്ട് ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു...നാളുകളേറെയായി തമ്മില്‍ കാണാറുണ്ടെങ്കിലും  ഒരിക്കല്‍ പോലും ഒന്ന് ചിരിക്കുവാന്‍ ഞാനോ അവളോ ശ്രമിച്ചിരുന്നില്ല...ഒരു പക്ഷെ ചെക്ക് ഇന്‍ / ചെക്ക്‌ ഔട്ട്‌ ടൈമിനു വളരെ പ്രാധാന്യം നല്‍കുന്ന ഓഫീസിലേക്ക് എത്തിപ്പെടാനുള്ള വ്യഗ്രതയുമാവാം എന്നെ നോക്കാതെ  വളരെ വേഗം എനിക്ക് മുന്നിലൂടെയായി അവളുടെ താമസ സ്ഥലത്ത് നിന്നും അപ്രത്യക്ഷമായിരുന്നത്...എപ്പോഴും.
[അതെ, അത് തന്നെയാകും കാരണം....അല്ലാതെ എന്നെ അങ്ങനെ ഒഴിവാക്കാന്‍ പറ്റുമോ ?]

എനിക്ക് അല്പം ഉയരം കുറവാണെങ്കിലും അത് വശങ്ങളിലോട്ടു വീതികൂട്ടി 97കിലോയില്‍ കൂട്ടാതെയും കുറയ്ക്കതെയും അഡ്ജസ്റ്റ് ചെയ്ത്  കാലം കുറെയായി അത് അങ്ങനെ തന്നെ കൊണ്ട് പോകുന്നു...നല്ല വെളുത്തിട്ടാണ്...എന്നും ഭംഗിയായി ക്ലീന്‍ ഷേവ്  ചെയ്തതിനു ശേഷം മാത്രമേ പുറത്തേക്കു പോലും ഇറങ്ങാറുള്ളൂ ...ബ്യൂട്ടി പാര്‍ലറുകളെ  ബാക്കിയുള്ളവര്‍ക്ക് മുന്നില്‍ നിശിതമായി വിമര്‍ശിക്കാറുണ്ടെങ്കിലും എല്ലാ ആഴ്ച്ചകളിലും  സൂപ്പര്‍മാര്‍ക്കറ്റ്‌ലെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പുതുതായി  ഇറങ്ങുന്നത്  വായിച്ചു പഠിക്കുക ഒരു ശീലം ആണ്...ഒരു നെടു വീര്‍പ്പ് ഇട്ടു സ്വയം ആശ്വസിച്ചു .

കത്തിയ പെട്രോളിന്‍റെ ഗന്ധവും അല്പം പുകയും പുറത്തേക്കു വമിച്ചുകൊണ്ട്  അവളുടെ കാര്‍ പാഞ്ഞു പോയി...ഞാന്‍ എന്‍റെ ഓഫീസിന്‍റെ പടവുകള്‍ കയറിത്തുടങ്ങി ...മനസ്സില്‍ അവളെ കുറിച്ചായായിരുന്നു ചിന്ത.
അവള്‍ എവിടെയായിരിക്കും വര്‍ക്ക്‌ ചെയ്യുന്നത് . ?
എങ്ങോട്ടേക്കായിരിയ്ക്കും  പോകുന്നത് ?
ആ കുഞ്ഞിനെ എവിടെ കൊണ്ട് പോകും?
ഡേ കെയര്‍ലേക്ക് ആകുമോ ? 
അവളുടെ ഭര്‍ത്താവു എവിടെയായിരിക്കും, എന്ത് കൊണ്ട് അയാള്‍ കുഞ്ഞിനെ കൊണ്ടാക്കുന്നില്ല  ?
എത്ര കുട്ടികള്‍ ഉണ്ടാകും ശാലിനിയ്ക്ക്  ? [ങേ, പേര് എവിടുന്നു വന്നു....അറിയാതെ മനസ്സിലേക്ക് ഓടി വന്ന പേരാണ്...ആരും പേര്‍ ഇല്ലാതെ ഉണ്ടാകില്ലല്ലോ, കിടക്കട്ടെ... സ്വയം പറഞ്ഞു]
എപ്പോഴായിരിക്കാം അവള്‍ തിരിച്ചു വരിക?
ചോദ്യശരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടേ ഇരുന്നു..ഉത്തരം കിട്ടില്ലല്ലോ.

തൊട്ടടുത്ത നിമിഷം എന്നിലെ വിമര്‍ശകന്‍ തല പൊക്കി...
അല്ല..അവള്‍ എന്തിനാ ഈ കൈ കുഞ്ഞിനേയും കളഞ്ഞിട്ടു ജോലിക്ക് പോകുന്നത്...?
അതിന്‍റെ ആവശ്യം വല്ലതും ഉണ്ടോ...? വളരുന്ന പ്രായത്തില്‍ അമ്മയുടെ ചൂടും സ്നേഹവും അറിഞ്ഞു വളരേണ്ട സമയത്ത് കുഞ്ഞിനെ എവിടെയെങ്കിലും  ആക്കി പോയാല്‍ മതിയോ ?

പാവമല്ലേ ആ പിഞ്ചു കുഞ്ഞു ! അല്ല...അവളോട്‌ ചോദിച്ചേ പറ്റു... അടുത്ത ദിവസം ചോദിച്ചറിഞ്ഞേ ഉള്ളു കാര്യം.

അസലാമു അലൈക്കും ! കേഫ് അല്‍ ഹാല്‍ ? [ചിന്തകള്‍ മുറിഞ്ഞു പോയി] ഓഫീസ് വാതുക്കലില്‍  ആരെയോ കാത്തു നിന്ന അറബി എന്നോടായി പറഞ്ഞു.

വ..അലൈക്കും സലാം..സയിന്‍... ..   ....അല്‍ ഹംദു ലില്ലാഹ് ...!
ഞാന്‍ തിരിച്ചു പറഞ്ഞു കൂടെ ഒരു ചിരി സമ്മാനിച്ച്‌ ഹസ്തദാനം നല്‍കി ഞാന്‍ എന്‍റെ കാബിനിലേക്ക്‌ നടന്നു നീങ്ങി...

ലാപ്ടോപ്പിലെ ഓണ്‍ ബട്ടണില്‍ വിരല്‍ അമര്‍ത്തി...മേശ പുറത്തുണ്ടായിരുന്ന പേപ്പറുകള്‍ അടുക്കി പെറുക്കി വച്ചു, കൈകള്‍ കൂട്ടി കെട്ടി ഞാന്‍ സ്ക്രീനില്‍ നോക്കി ഇരുന്നു...എന്തോ പതിവില്ലാത്ത താമസം അനുഭവപെട്ടു - ലാപ്ടോപ്പ് ഓണ്‍ ആയി വരാന്‍.

മുറിഞ്ഞ ചിന്തകള്‍ പിന്നെയും ഓടിയെത്തി...പാതി ഉറക്കത്തിലെ ആ പിഞ്ചു കുഞ്ഞിന്‍റെരൂപം, ( മുഖം കണ്ടിട്ടില്ലെങ്കിലും ) തെളിഞ്ഞു നില്‍ക്കുന്നു. എല്ലാ അമ്മമാരും അങ്ങനെയല്ലല്ലോ.എത്രയോപ്പേര്‍ തന്‍റെ പിഞ്ചോമനയ്ക്കു  കൂട്ടായി ജോലിയും കളഞ്ഞു നില്‍ക്കുന്നു. അവരും നമ്മുടെ നാട്ടില്‍ നിന്നുള്ളവര്‍ തന്നെ അല്ലെ ? അറിവിന്‍റെ ആദ്യാക്ഷരങ്ങളും  സ്നേഹതലോടലുകളുടെയും ആദ്യ സ്പര്‍ശനങ്ങളും അമ്മയില്‍ നിന്ന് തന്നെയല്ലേ  വരേണ്ടത്.

അമ്മക്ക് സമം ആകുമോ പോറ്റമ്മ...?



അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധത്തെയും വാത്സല്യത്തെയും ചിത്രങ്ങളില്‍ വര്‍ണ്ണിച്ച രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ കണ്ടും, നീലാംബരി രാഗത്തില്‍ ഇരയിമ്മന്‍ തമ്പി ചിട്ടപ്പെടുത്തിയ "ഓമന തിങ്കള്‍ കിടാവോ.." എന്ന താരാട്ട് പാട്ട് കേട്ടും വളര്‍ന്നു വന്ന ഒരു തലമുറയിലെ കണ്ണികള്‍ ആണ് നാം...മറക്കുവാനാകുമോ ?... പാടില്ല. 

പാശ്ചാത്യ സംസ്ക്കാരത്തിന്നു അടിമപെട്ട് കടംമെടുത്ത ' ഡേ കെയര്‍ ' രീതിയില്‍ വളര്‍ന്നു വന്നാല്‍ മതിയോ ആ പിഞ്ചോമന ? എനിക്ക് വല്ലാത്ത ഒരു അമര്‍ഷം തോന്നി.

അറിയാതെ തന്നെ മനസ്സ് അപ്പോഴേക്കും വേറിട്ട്‌ ചിന്തിച്ചു തുടങ്ങി...എന്ത് കൊണ്ട് ജീവിക്കാന്‍ വേണ്ടിയുള്ള ശാലിനിയുടെ  ഓട്ട പ്രദക്ഷിണമായി കൂടാ...? അതും ഒരു കാരണം ആവരുതോ..? ആവാം...ആ അമ്മയും കുഞ്ഞും മാത്രമായി ഒരു കുടുംബം ആയിരിക്കില്ലലോ അവള്‍ക്...അവളെ ആശ്രയിച്ചു എത്രയോ ജീവിതങ്ങള്‍ ഉണ്ടാകാം. എന്തെങ്കില്ലും സ്വരുക്കൂട്ടി വയ്ക്കുവാന്‍ അവളും അവളുടെ നാഥനും എന്നും മനസ്സില്ലാമനസ്സോടെ ചെയുന്നതും ആയി കൂടെ...? പ്രാരാഭ്ധങ്ങളുടെയും ഉത്തരവാധിത്വങ്ങളുടെയും നടുവില്‍ അകപ്പെട്ട  അനേക ലക്ഷം പ്രവാസികളില്‍ ഒരുവള്‍ മാത്രമായിരിക്കില്ലേ അവളും...അവള്‍ക്കും  ഉണ്ടാകില്ലേ ആശകളും...മോഹങ്ങളും !

പച്ച പുതച്ചു നില്‍ക്കുന്ന സ്വന്തം നാടും വീടും വിട്ടു മണല്‍ക്കാറ്റും ചൂടും അതിശൈത്യവും ഏല്‍ക്കാന്‍ മനസ്സിനെയും ശരീരത്തെയും പാകപെടുത്തി സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കാന്‍ പറന്നിറങ്ങിയ പ്രാവാസി സമൂഹത്തില്‍ ഒരുവന്‍ അല്ലെ ഞാനും...മരുഭൂമിയിലേക്ക് മനസ്സിനെ പറിച്ചു നട്ട ഞാനും പലതും കേള്‍ക്കുന്നില്ല..കാണുന്നില്ല...അഭിനന്ദിചില്ലെങ്കിലും കുറ്റപ്പെടുത്താതെ  എങ്കില്ലുമിരുന്നു കൂടെ...? ചിന്തകള്‍ പെടുന്നനെ കുറ്റബോധത്തില്‍ നിറഞ്ഞു.

പ്രാരാഭ്ധച്ചുഴിയില്‍ പെട്ട് ഉഴലുന്ന അനേകം പ്രവാസി സമൂഹത്തില്‍ കേവലം ഒരു മര്‍ത്ത്യനായി ഞാനും ബാക്കി...നില്‍ക്കുന്നു...അവളോട്‌ ഒപ്പം.

കാലം മാറുന്നതിനോടൊപ്പം ചരിത്രവും വിസ്മ്രിതിയില്‍ ആകട്ടെ...!

ശാലിനീ  !! നിന്നെ ഇനി കാണാതെ ഇരിക്കട്ടെ...വേദനിക്കുന്ന മനസ്സുമായി സ്വന്തം കൈകുഞ്ഞിനെ മറ്റൊരാളില്‍ ഏല്പിച്ചു പോകുന്ന വേദന ഞാന്‍ മനസ്സിലാക്കുന്നു...

1 comment:

Unknown said...

ഞാനടക്കം പലര്‍ക്കും തോന്നിയിട്ടുള്ള സങ്കടവും സഹതാപവും നിറഞ്ഞ വികാരം, അത് ഈ ലേഖനത്തിലൂടെ പ്രകടിപ്പിക്കാന്‍ താങ്കളും ഒരവസരം കണ്ടെത്തിയതില്‍ അനുമോദിയ്ക്കുന്നു.
ഭാവുകങ്ങള്‍.....

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...