22 Apr 2017

ക്യു...എങ്ങും എവിടെയും !!

​​​​ബിവറേജസിലെ ക്യു മാറിയപ്പോഴേക്കും ദേ അടുത്ത ഉഗ്രൻ ക്യു. 

ഈ ക്യുവിന് അങ്ങനെ പ്രതേകിച്ചു അഹങ്കാരമൊന്നുമില്ല...സ്ത്രീകൾ, കൈകുഞ്ഞുങ്ങൾ, പുരുഷന്മാർ, വയോധികർ അങ്ങനെ ആർക്കും നിൽക്കാം. നിന്നല്ലേ പറ്റു. എല്ലാവരും.അവരവരുടെ ഊഴത്തിനായി കാത്തു നിൽക്കുന്നു. ഒച്ചപ്പാടോ ബഹളങ്ങളോ ഒന്നുമില്ല. ശാന്തമായ രംഗം.

സിസ്റ്റർ സിസിലി, രേവതി ആർ, ബേബി ഓഫ് ദേവി, കൌണ്ടർ നമ്പർ 5. ശാന്തമായ അന്തരീക്ഷത്തിൽ ഇടയ്ക്കു ഒരു അനൗൺസ്‌മെൻറ്.

(രംഗം : പാസ്പോര്ട്ട് ഓഫീസോ, മറ്റു സർക്കാർ കാര്യാലയമോ അല്ല...തലസ്ഥാന നഗരിയിലെ ആശുപത്രികളിലൊന്നിലെ, സ്വകാര്യ ആശുപത്രികളിൽ ഒന്നിലെ ഓ.പി ടിക്കറ്റ് എടുക്കാനുള്ള ക്യു, സീനാണ്)

ജോസ് ഡി, രമ്യ കൃഷ്ണൻ, ഷൈൻ യൂസഫ്, കൌണ്ടർ നമ്പർ  7
(വയ്യെങ്കിൽ എന്ത്... രമ്യ കൃഷ്ണന് വേണ്ടി കഷ്ട്ടപെട്ടു കണ്ണുകൾ പരതി...ഇല്ല സിനിമ നടി അല്ല...അല്ലേലും അവർ ഇവിടെ തിരോന്തോരത്ത് വന്നു ചികിത്സ എടുക്കുമോ..ചിന്തിക്കാൻ സമയം കിട്ടിയില്ല)

'ഏതു ഡോക്ടറെ ആണ് കാണേണ്ടത്' ?
'ജോസ് എന്ന് തന്നെ ആണോ പേര്' ? കൌണ്ടറിലെ ചോദ്യം.
ന്യായമായ ചോദ്യം. താടിരോമങ്ങൾ പടർന്നു പന്തലിച്ചത് കാരണം അവർക്ക് സംശയം തോന്നിയിട്ടുണ്ടാവാം. 
'വല്ല സന്യാസി മറ്റോ ആണോ'...? ഫയലും എടുത്തു പൈസയും കൊടുത്തു ഡോക്ടറെ കാണാൻ നടന്നു.

ഓ.പി ടിക്കറ്റ് എടുത്തു ഒന്നാം നിലയും വല്ലവിധത്തിലും കയറിപറ്റി (ഇതിലിപ്പോ എന്താണ് ഇത്ര കാര്യം എന്നാവും ചിന്ത...അല്ലെ.? കാലും നടുവും കലശലായ വേദനയും വച്ച് ചവിട്ടുപടി കയറി നോക്ക്...മനസിലാകും) ഡോക്ടറെ കാണാമെന്നു വച്ചാൽ അവിടെ പൂരത്തിനുള്ള തിരക്ക്. എവിടെങ്കിലും ഒന്ന് ഒതുങ്ങി കൂടി ഇരിക്കാമെന്നു വച്ചാൽ അതും പറ്റില്ല. ഇരിക്കാൻ കസേര വേണ്ടേ. ഭിത്തിയും ചാരി കുറെ നേരം നിന്ന് ഒടുക്കം ഒരു കസേര കിട്ടി. അരിച്ചാക്ക് എടുത്തിട്ട പോലെ കസേരയിൽ ഇരിക്കുന്ന ഞാൻ, ഇന്ന് സ്വന്തം മൂട് രണ്ടു അടി പൊക്കത്തിൽ നിന്ന് താഴെ ഇറക്കാൻ ലേശം പാട് പെടേണ്ടി വന്നു. ചമ്മൽ ഒട്ടുമേ ഇല്ല...സമത്വം അവിടം ഉള്ളതു പോലെ തോന്നി. എല്ലാവരും തുല്യർ.

ഒടുവിൽ ഡോക്ടറെ കാണാൻ അവസരം കിട്ടിയപ്പോൾ ഡോക്ടർക്ക് ഫോൺ നിലത്തു വയ്ക്കാൻ വയ്യാത്തവിധം കോളുകൾ. അതും പനിയെ കുറിച്ചുള്ള ചർച്ചകൾ. ഇടയ്ക്കു ആർക്കോ 'വെരിറ്റിൻ' 3 വീതം കഴിക്കാൻ പറയുന്നത് കേട്ട്. 
പ്ലിങ് !! ആഹാ നമ്മ ആൾ താൻ.  ആരാണാവോ അത്.
ശ്ശൊ !! എനിക്കും ഒരു ഫിസിഷ്യനെ അറിയുമായിരുന്നേൽ കഷ്ട്ടപെട്ടു വരേണ്ടല്ലോ. ഫോണിൽ കൂടി ചോദിച്ചു അറിഞ്ഞാൽ പോരെ. 

'ആ...എന്താ പറ്റിയെ'...ഡോക്റ്ററുടെ സൗമ്യമായ ചോദ്യം ചിന്തകളിൽ നിന്നും എന്നെ ഉണർത്തി. കാര്യം പറഞ്ഞു. ഡോക്ടർ നല്ലൊരു ചിരി തന്നിട്ട് പറഞ്ഞു 
'ഇപ്പോഴത്തെ പനി അല്ലെ...അതാ'...!

---------------------------------------------------------------------------------------------------------------------------------------------

ഇവിടെ "പനി" ആണ് വില്ലൻ. അതും പലതരം പനികൾ. പരീക്ഷ പേപ്പറിലെ പോലെ ചോയ്സ് ഒന്നുമില്ല. 'അടിച്ചു' കിട്ടിയതുമായി വന്നു ഡോക്ടറെ കണ്ടു ബോധിച്ചു കുറിപ്പടിയുമായി തിരികെ ഇഴഞ്ഞോ തുഴഞ്ഞോ പോയേ പറ്റു. (ശരിക്കും പറഞ്ഞാൽ റെയിൽവേ പോർട്ടർമാരുടെ സേവനം ഇവിടെ വേണ്ടി വരും.)

---------------------------------------------------------------------------------------------------------------------------------------------

പണ്ടൊക്കെ പനി എന്ന് പറഞ്ഞാൽ എന്ത് നിസാരം. സ്കൂളിൽ പോകേണ്ട. അതാണ് ഏറെ സന്തോഷം. അന്നൊക്കെ ഫോൺ ഇല്ലാത്തതു കൊണ്ട് ആരും അന്വേഷിക്കാറില്ല. പിറ്റേ ദിവസം സ്വന്തം കൈപ്പടയിൽ ഒരു ലീവ് ലെറ്റർ ക്ലാസ്സ് അദ്ധ്യാപകനെ ഏൽപ്പിക്കുമ്പോൾ അറിയാതെ ഇടതു കൈ ചന്തിക്ക് പുറത്തു ഒരു കവചമായി വച്ചിട്ടുണ്ടാകും. ബാക്ക് ബെഞ്ചർ ആയതു കൊണ്ട് 'പനി കത്ത്', ക്ലാസ്സ് അദ്ധ്യാപകന് ഒരു 'പണി കത്തായി' കൊടുത്തതാണോ എന്ന് അദ്ദേഹം ചിന്തിക്കുണ്ടാവുമോ എന്ന് ഓർത്തിട്ട്, ചൂരൽ കഷായത്തിൽ നിന്നും രക്ഷ നേടാനായിരുന്നു ചന്തിക്ക് ഒരു 'കൈ കവച സഹായം'. 
കാലത്തിനോപ്പം പ്രായവും, പലതും മാറി. ഫോണിന്റെ തള്ളിക്കയറ്റം മൂലം സ്വസ്ഥമായി ഒരിടത്ത് അടങ്ങി ഇരിക്കുവാനോ കിടക്കുവാനോ പോലും വയ്യ. ഓഫ് ആക്കിയാൽ അതിനു വേറെ അർത്ഥങ്ങൾ...ആവൂ. 

ഇന്നലെ വന്ന ഫോൺ കോളുകളിൽ പലരും ആദ്യമേ ചോദിച്ചത്: 
'എന്തേയ് ശബ്ദം ഇങ്ങനെ'...? (പാത്രം മോറുന്ന ശബ്ദം പോലെ തോന്നിയിട്ടുണ്ടാവും)... 
'ഉറക്കമാണോ'...? അടുത്ത ചോദ്യം 
'വയ്യേ'... ?

'ഇല്ല വയ്യാ...പനി ആണ്. കിടക്കുവാ'...!!

'യ്യോ'...! ഡെങ്കി വല്ലോം ആണോ ... ? (മറുതലക്കലെ ചോദ്യം ആത്മാർത്ഥമായ അന്വേഷണമാണോ...അതോ ആക്കിയതാണോ എന്ന് അറിയാൻ വയ്യ...)
കാരണം ചിന്തിക്കാനും വയ്യ...മേലും വയ്യ...മൊത്തത്തിൽ വയ്യ. 

ഇന്നാണ് നോം ശിരസ്സ് ഒന്ന് നേരെ ഉയർത്തിയത്....എഞ്ചിൻ മൊത്തത്തിൽ റെഡിയായിട്ടില്ല...ആൻ്റിബൈയോട്ടിക്കിന് കൂട്ടായി ഒരു വൈറ്റമിനും പിന്നെ സദ്യക്ക് അച്ചാർ നിർബന്ധം എന്ന പോലെ എല്ലാ പനിക്കും പാരസെറ്റമോൾ. ഇവിടിപ്പോ എന്തിനാ ഡോക്ടർ വൈറ്റമിൻ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, വയർ കേടാകും. 
ഒരു കണക്കിന് വൈറ്റമിൻ എഴുതിയത് നന്നായി. അല്ലേൽ കിടപ്പിന് പകരം ഫുൾ ടൈം ഇരിപ്പായാനേ...കമോഡിൽ.

ജില്ല തിരുവനന്തപുരവും ആനുകാലിക വിഷയങ്ങൾ വരൾച്ചയും, രൂക്ഷമായ ജലക്ഷാമവും പോരാത്തത്തിന് പനിയും. മൊത്തത്തിൽ കോമ്പിനേഷൻ ശരിയാകില്ല. ആൻ്റിബൈയോട്ടിക്കിന് ഒപ്പം നിർബന്ധമായും വൈറ്റമിനും കഴിക്കുക..
അല്ലേൽ കുളമാകും.

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...