6 May 2013

കിളി വാതിൽ



പണ്ടുമുതലേ കഥകളിൽ കൂടിയും പഠന പുസ്തകങ്ങളിൽ കൂടിയും ഞാൻ കേട്ട് തഴമ്പിച്ച രാജകൊട്ടാരങ്ങളിലെ 'കിളിവാതിൽ' പ്രയോഗം നേരിൽ കാണാനായത് അല്പം മുതിർന്നിട്ടായിരുന്നു...ഭാര്യയും മകനും ഒപ്പവും അല്ലാതെയും സുഹൃത്തുക്കളുമായും ഒന്നിലധികം തവണ സന്ദർശിക്കാനിടയായ പത്മനാഭപുരം കൊട്ടാരം...തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലെ വെള്ളി മലയുടെ താഴ്വരയിൽ തക്കലയെന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സ്വന്തം കൊട്ടാരം. ഇന്നും പ്രതാപം വിളിച്ചോതി തലയെടുപ്പോടെ നില്ക്കുന്ന തിരുവിതാംകൂറിന്റെ സ്വന്തം ഐശ്വര്യം.

കൊട്ടാരം 'ചുറ്റുവട്ടവും' 'ചരിത്രവും' പറഞ്ഞു മനസ്സിലാക്കിത്തരാൻ സർക്കാർ വക 'ഗൈഡ്'. തമിഴ് കലർന്ന മലയാളത്തിൽ പല തവണ കേൾക്കുകയും ചരിത്രത്തിലെ അന്തർജ്ജന തമ്പുരാട്ടികൾക്കും, തോഴിമാർക്കും, തരുണിമണികൾക്കും പുറത്തേക്കു പ്രവേശനം നിഷിദ്ധമായത് കാരണം പ്രമാദമായ 'കിളിവാതിൽ' ദർശനം ഗൈഡ്ന്റെ വാമൊഴിയിൽ കൂടി ഞാൻ നന്നായി കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ട്.

അത് ചരിത്രം...

പക്ഷെ പത്തിരുപത്തഞ്ചു കൊല്ലങ്ങൾക്ക് മുൻപ് ഞാൻ ഇടയ്ക്കൊക്കെ കണ്ടിരുന്ന 'കിളിവാതിൽ' ആണ് ശരിക്കുള്ള കിളിവാതിൽ. തൂക്കണം കുരുവി കാറ്റിൽ തൂങ്ങിയാടുന്ന കിളിക്കൂടിലെ സ്വന്തം കുഞ്ഞുങ്ങളെ പോറ്റുന്ന ആ പ്രക്രിയ മറ്റൊരു രീതിയിൽ വിനിയോഗിക്കപ്പെട്ടവന്റെ ബുദ്ധി പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ്. ഇന്നും ആ കീഴ്വഴക്കം അതേപടി  തുടർന്ന് പോകുന്നുണ്ടെന്ന് വിശ്വസിക്കുന്നു...

ഇത് നാട്ടുനടപ്പ്...

അടുത്ത കാലത്തായി സർക്കാർ ഏറ്റെടുത്തു നടത്തി തുടങ്ങിയ 'Beverages Corporation'നു മുൻപ് ഒരു കാലഘട്ടമുണ്ടായിരുന്നു...തൈര് കലം കമഴ്ത്തി വച്ച പോലെയുള്ള കുടവയറിന് മുകളിൽ വെള്ള ജുബ്ബയും താഴെ കസവുകരയൻ മുണ്ടും മടക്കികുത്തി മുഖത്തിന്‌ ഇരുവശവും നീട്ടി ചുരുട്ടി പിരിച്ച മീശയുമായി കഴുത്തിൽ ഒരു വടംപോലുള്ള സ്വർണ്ണ മാലയും ഇല്ലാത്ത ഗംഭീര്യവും മുഖത്ത് വരുത്തി പരസ്യവസ്തു പോലെ, 'വിദേശ മദ്യങ്ങൾ' എന്ന് എഴുതി സ്ഥാപിച്ച സ്വന്തം സ്ഥാപനത്തിന് മുന്നിൽ നില ഉറപ്പിച്ചു സപ്ലൈ നടത്തി നടന്ന  പാവം കുറച്ചു മുതലാളിമാർ...(സ്ഥലവും വ്യക്തികളും ഭാവനയിൽ നിന്നും ആയിക്കോട്ടെ)

പൊതു അവധി ദിവസങ്ങളിൽ നിർബന്ധമായും സ്ഥാപനം അടച്ചു ഇടേണ്ടി വരുന്ന ദിവസങ്ങളിൽ പാവം പരസ്യ വസ്തുക്കൾ പ്രത്യക്ഷപ്പെടാറില്ല...പകരം, അടഞ്ഞു കിടക്കുന്ന മടക്ക്‌ തടി പാളികളിൽ ഒന്നിൽ 5 അടി പൊക്കത്തിനു മുകളിൽ 6 ഇഞ്ച് ചതുരത്തിൽ ഒരു 'കിളിവാതിൽ' തുറക്കും - ഇടയ്ക്കിടയ്ക്ക്.
കൊട്ടാരം ഗൈഡ്ന്റെ വാമൊഴിയിൽ ഞാൻ കണ്ടിരുന്ന തമ്പുരാട്ടികൾക്ക് പകരം ഈ "കിളിവാതിലിൽ" ചുവന്ന് തുടുത്ത രണ്ടു കണ്ണുകളായിരുന്നു ഞാൻ അന്ന് കണ്ടത് എന്ന് തോന്നുന്നു. പിന്നെ അതിനുള്ളിൽ നിന്നും ആവശ്യാനുസരണം വരുന്ന ഒരു കൈയും ഓരോ 'കുപ്പി' പൊതികളും. ആവശ്യക്കാർ ഏറെ...സപ്ലൈ സ്റ്റോക്ക്‌ ഉള്ളടത്തോളം കാലം.

അവധി ദിവസങ്ങളാണെങ്കിലും കാലിയായി കിടക്കുന്ന നിരത്തുകളിൽ ചുറ്റി തിരിയുന്ന ആടുമാടുകൾ മിക്കപോഴും ഉണ്ടാകാറുണ്ട്. തുടരെ തുടരെ ഉള്ള സൈക്കിൾ മണിയടികൾ എങ്ങും കേൾക്കാനും ഉണ്ടാകും. സൈക്കിൾ ആയിരുന്നല്ലോ അന്നത്തെ മെയിൻ വാഹനം. ഈ 'കിളിവാതിൽ' തുറന്നു പ്രവർത്തിച്ചിരുന്ന ദിവസങ്ങളിൽ മിക്കപ്പോഴും രസകരമായ കാഴ്ചകൾ കാണാമായിരുന്നു. അത്തരം സംഭവങ്ങളിൽ ചിലത്.

രാവിലെ തുടങ്ങുന്ന കിളിവാതിൽ സപ്ലൈയ്ക്ക് കൂട്ടായി ഇത്തിരി മാറി ഒരു ഒഴിഞ്ഞ കോണിൽ ഫ്രീയായി 'വാട്ടർ മിക്സ്‌ സപ്ലൈ' തുടങ്ങും. ഒരു സൈക്കിളിലെത്തുന്ന നന്നേ മെലിഞ്ഞ ഒരു 'കുടിയൻ'. സൈക്കിൾ നല്ല ഭംഗിയിൽ അലങ്കരിച്ചു വച്ചിട്ടുണ്ടാക്കും. മുൻ വീലിനു മുകളിൽ രണ്ടു പ്ലാസ്റ്റിക്‌ താമര, കാരിയറിനു മുകളിൽ ഒരു വീഞ്ഞ പെട്ടി. വലതു വശത്ത് കാരിയറിനോട് ചേർന്ന് പ്ലാസ്റ്റിക്കിൽ വരിഞ്ഞെടുത്ത ഒരു മറ്റൊരു ചെറു പെട്ടി.  ഈ ആളുടെ പക്കൽ കുറെ കുപ്പികളിൽ വെള്ളവും രണ്ടു മൂന്ന് ഗ്ലാസും ഏതെങ്കിലും അച്ചാറും സാമഗ്രമികളും ഉണ്ടാകും. പൊതിയുമായി മടങ്ങുന്ന ആരെങ്കിലും 'അർജെന്റായി' ചാർജ് ആവാൻ ഈ കുടിയനുമായി അല്പം രസം പങ്കിട്ട ശേഷം ബാക്കി സോമരസവുമായി സ്ഥലം കാലിയാക്കും. ഇത് ഒരു ഉച്ചവരെ തുടരും (ഇത്രെയും നേരം ഞാൻ  എന്ത് ചെയുകയായിരുന്നു എന്നുള്ള ചോദ്യം വേണ്ട-കഥയിൽ ചോദ്യം പാടില്ല-അന്ന് നിക്കർ പ്രായമാണ് എനിക്ക്)
"വാട്ടർ മിക്സെർ" നല്ല ഫോമിലായിട്ടുണ്ടാകും അപ്പോഴേക്കും...പിന്നെ പതുക്കെ അടച്ചു കിടക്കുന്ന തൊട്ടടുത്ത പീടികയുടെ മുന്നിലത്തെ തിണ്ണയിൽ 'അടിച്ചു' കിടപ്പാകും...

കിളിവാതിൽ പ്രവർത്തിച്ചു കൊണ്ടേയിരുന്നു...അന്നേ ദിവസം മറ്റൊരു കുടിയൻ കുടിച്ചത് പോരാഞ്ഞിട്ട് പിന്നെയും കുപ്പി വാങ്ങി പോകുംവഴി തൊട്ടപ്പുറത്തെ മാടകടയിലെ പഴകുലയിലെ  ഒരു പൂവൻപഴം എടുത്തു പഴം വിഴുങ്ങിയിട്ട് (ഫിറ്റു കൂട്ടാനാവണം-അന്ന് അറിയിലല്ലോ) പഴത്തൊലി കിടപ്പിലായ കുടിയനിൽ "ചൂടി". (എവിടെ ചൂടിയെന്ന് പറയുന്നില്ല...)

നേരത്തെ പറഞ്ഞ പോലെ അലഞ്ഞു നടന്ന ആടുമാടുകളിൽ ഒരു ആട് പഴത്തൊലി കണ്ടു - ശേഷം ഭാഗം സെൻസർ ചെയുന്നു...കഥയിൽ പറയുന്നില്ല.

മറ്റൊരു അവസരത്തിൽ നന്നായി മിനുങ്ങിയ ഒരു കുടിയൻ (ഒരു പഴമൊഴി കൂടി വേണം എങ്കിൽ മാത്രമേ പൂർണമാകുള്ളൂ  - അല്ലെങ്കിലേ ദുർബല കൂടെ ഗർഭിണിയും) ഇതേ പോലെ കിളിവാതിൽ സപ്ലൈയ്ക്ക് വേണ്ടി വേച്ച് വേച്ച് നടന്നു കയറി കുപ്പി പൊതി വാങ്ങിയ ശേഷം അല്പം വിശ്രമത്തിനായി ചാരി നിന്നത് ഒരു പോസ്റ്റിലായിരുന്നു. എങ്ങനയോ കാൽ വഴുതി തൊട്ടു താഴെയുണ്ടായിരുന്ന 'ഓട' യിൽ (കാണയിൽ) പതിച്ചു. കോണ്‍ക്രീറ്റ് സ്ലാബ് ഒരു പക്ഷെ ജീർണിച്ചതു കൊണ്ടാകാം അതും പൊട്ടി പൊളിഞ്ഞു പോയി ആ വീഴ്ചയിൽ...

ഇന്ന് അത് ഓർക്കുമ്പോൾ കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ എണ്ണ തോണിയിൽ മരുന്നിനു ഇട്ടു വച്ചിരിക്കുന്നത് പോലെ തോന്നുന്നു...അന്നത്തെ ആ കാഴ്ച....കൈകൾ അയച്ചിട്ട് കാലുകൾ സ്ലാബിനു പുറത്തും തല ഓടയിൽ അകത്തു എന്തിലോ താങ്ങിയും ആ കിടപ്പ് ഒരു കിടപ്പ് തന്നെയായിരുന്നു...

കാലം മുന്നോട്ടു പോകുമ്പോഴും കുടിയന്മാർ പലമുഖം, ബഹുവർണ്ണങ്ങളിൽ
അവിടവിടെ കിടക്കുന്നത് കാണാം... മദ്യപിക്കുമെങ്കില്ലും 'കുടിയൻ' എന്ന നാമം ഇതേവരെ സ്വീകരിച്ചിട്ടില്ല ഞാൻ.

ഒരു കാര്യം കൂടി എനിക്ക് ഓര്മ്മ വരുന്നു .എന്റെ വളരെ അടുത്ത സുഹൃത്ത്‌ കുറച്ചു കാലം മുൻപ് 'ബാല പാഠങ്ങൾ' ബീയറിൽ തുടങ്ങിയ കാലത്ത് ഒരിക്കൽ ഒറ്റയിരിപ്പിനു മൂന്ന് കുപ്പി അകത്താക്കിയ ശേഷം നില ഉറപ്പിക്കാനാകാതെ തല ഭിത്തിയിൽ കുത്തി നിർത്തി, ഘടികാരത്തിന്റെ പെണ്ടുലം പോലെ തൂങ്ങിയാടിയത് എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഒരു പക്ഷെ നിങ്ങൾക്ക് ഒന്നും തോന്നില്ലായിരിക്കാം...എന്നാൽ ആ നില്പ്പ് ഒരു നില്പ്പ് തന്നെയായിരുന്നു.

ഈ ഒരു ക്ലിപ്പ് കൂടി നമുക്ക് കേൾക്കാം ................


 PS : മദ്യം സേവിക്കാം...പക്ഷെ ഊള ആവരുത്. സുഹൃത്തുക്കളുമായി രസം പങ്കിടാം...നാട്ടുകാർക്ക് പണി ആവരുത്...പരിഹാസ കഥാപാത്രമാകരുത്...

1 comment:

Unknown said...

താൻ ഭാവന വരാനുള്ള യന്ത്രം വല്ലതും വാങ്ങിയോ?
ഈയിടെയായി നല്ല ഭാവന.
എന്തായാലും നല്ല എഴുത്ത്.
തുടരട്ടെ.
ഭാവുകങ്ങൾ....

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...