15 Apr 2013


ടക് ടക് - മെട്രോ 

അനേക ലക്ഷം ജനങ്ങളുടെ ഉല്ലാസ യാത്രയ്ക്കും ദൈനംദിനം തോറുമുള്ള ജീവിത യാത്രക്കും സഹായ ഹസ്തം നീട്ടി തിരക്കേറിയ നഗരത്തെ പല രീതികളിൽ ബന്ധിപ്പിക്കുന്ന ഒരു വിസ്മയ കണ്ണി...വളർച്ചയുടെ പാതയിൽ ടെക്നോളോജിയുടെ അവസാനവാക്കിന് മുന്നോടി. ദുബൈയുടെ നാഡി ഞരമ്പുകളിൽ ഒന്ന്...ഞൊടിയിടയിൽ ഭൂമിക്ക് അടിയിലൂടെയും മുകളിലൂടെയും വിജയകരമായി പടുത്തുയർത്തിയ ഒരു വിസ്മയ ലോകം 'മെട്രോ'

'മെട്രോ' - ഒരുപക്ഷെ ഈ വാക്ക് പലതവണ കേട്ടത് കൊണ്ടാവും, ഒരു സ്വപ്ന ലോകത്തിലകപ്പെട്ട  ഒരു കഥാപാത്രമായി ഞാനും അല്പനേരം 'അവളുടെ' മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവൾ എന്നെ കണ്ടിരുന്നില്ല. എന്റെ ഇഷ്ടമുഖം, എന്റെ പ്രിയ കൂട്ടുകാരിയെ നോക്കി നിന്നുപോയി എന്ന് പറയുന്നതാവാം കൂടുതൽ ഉചിതം...അവളെ ഞാൻ നന്നായി കണ്ടു.

പതിവിനു വിപരീതമായി വെള്ളിയാഴ്ചയായിരുന്നിട്ടും തിരക്ക് അധികം അനുഭവപ്പെട്ടിരുന്നില്ല അന്നേ ദിവസം. കരാമയിലെ 'മെട്രോ'യുടെ വൃത്താകൃതിയിലുള്ള സ്റ്റീൽ നിർമ്മിതമായ വാതിലും ഫ്രേമുകളും ഗ്ലാസ് പാളികളും അസ്തമയ സൂര്യന്റെ വെയിലേറ്റ് നല്ലത് പോലെ പ്രതിഫലിക്കുന്നു. 

പത്തടിയോളം വീതിയിലുള്ള ഓട്ടോമാറ്റിക് ഗ്ലാസ്‌ ഡോറിന് തൊട്ടു മുൻപ്, കുറച്ചു വലത്തോട്ട്  മാറി 'അവൾ' ആരെയോ കാത്ത് നില്ക്കുന്നു. കൈകൾ പരസ്പരം കൂടി കെട്ടി നെഞ്ചോടു ചേർത്ത് നില്ക്കുന്ന അവളുടെ മുഖം വെയിലിൽ നല്ലത് പോലെ തിളങ്ങുന്നുണ്ടായിരുന്നു. അല്പം ക്ഷീണിച്ച ആ മുഖം പക്ഷെ, അസ്തമയ സൂര്യൻ 'തേജസ്' അവളിലിലെപ്പിചുവോ എന്ന് ഞാൻ സംശയിച്ചുപോയി. സ്വർണ്ണ നിറമുള്ള അവളുടെ തലമുടി കാറ്റത്ത്‌ അലസമായി പാറി പറക്കുന്നു. എന്നെ കീഴ്മേൽ മറിച്ച 'എന്തോ മറന്ന' പാതി അടഞ്ഞ ആ കണ്ണുകൾ നന്നായി തിളങ്ങുന്നു. ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്ന ഇളംനീല ടോപ്‌,അങ്ങിങ്ങായി കുറെ പ്രിന്റെഡ്‌ ഡിസൈനും, ഒരു ബ്ലാക്ക്‌ മിഡിയും - മുട്ടോളം വരെ, നീളൻ വള്ളികളിൽ വലത്തേ തോളിൽ നിന്നും താഴെ കാറ്റിനൊപ്പം തൂങ്ങിയാടുന്ന ബ്ലാക്ക്‌ വാനിറ്റി ബാഗ്. ഹാഫ് ബ്ലാക്ക്‌ ഷൂവിനു മുകളിൽ പകുതി നഗ്നമായ പാദങ്ങൾ പുറത്തു കാണാമായിരുന്നു. എന്റെ കൂട്ടുകാരിയെ ഈ 'സായം സന്ധ്യ' കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു. 

എന്നെ ആയിരിക്കുമോ 'അവൾ' പ്രതീക്ഷയോടെ കാത്തു നില്ക്കുന്നത്....? 
മനസ്സിൽ തിരമാലകളുടെ വേലിയേറ്റം. 'ടക്, ടക്... 'ഹൃദയത്തിന്റെ താളമിടിപ്പ് എന്റെ കാതുകളിൽ മുഴങ്ങി...മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു....അങ്ങനെയായിരുന്നെങ്കിലോ... ഇല്ല സ്വപ്നം എപ്പോഴും യാഥാർത്ഥ്യം ആകണമെന്നില്ലലോ... ! ഒരിക്കലും എന്നെ കാത്ത് നില്ക്കുകയായിരിക്കില്ലെന്ന് അറിയാമെങ്കിലും മനസ്സിലെ ആഗ്രഹങ്ങളും വികാരങ്ങളും കടിഞ്ഞാണിടാൻ എനിക്കാവുന്നില്ല. കടിഞ്ഞാണിടാൻ എനിക്കായാലും, ഞാനിടില്ല... അഴിച്ചു വിട്ട മനസ്സ് പാറി പറക്കട്ടെ... 

ടാ, നീ എന്തോ ആലോചിച്ച് കൊണ്ടിരിക്കുവാ...? വണ്ടി എടുക്കടാ - കരമ മെട്രോയുടെ മുന്നിൽ ഒരു ചെറിയ ട്രാഫിക്‌ ബ്ലോക്കിൽ അകപ്പെട്ടു പോയ ഞാൻ, പെട്ടന്നുള്ള സുഹൃത്തിന്റെ വിളിയും ശാസനയും സ്വപ്നത്തിൽ നിന്നും എന്നെ ഉണർത്തി. ഞാൻ കാർ മുന്നോട്ട് എടുത്തു. റിയർ വ്യൂ മിററിലൂടെയും സൈഡ് വ്യൂ മിററിലൂടെയും ഞാൻ പിന്നെയും നോക്കി....ഇല്ല 'അവൾ' അവിടെ ഇല്ല...പിന്നെയും ഒരാവർത്തി കൂടി പിന്നിൽ നോക്കി ഉറപ്പിച്ചു...ഇല്ല 'അവൾ' അവിടെ ഇല്ല...

ടക്, ടക്... ഹൃദയത്തിന്റെ താളമിടിപ്പ് മുഴക്കം കൂടിയോ...എനിക്ക് സംശയമായി... 


തുലച്ചു...നീ എവിടെ നോക്കിയാണ് ടാ വണ്ടി എടുക്കുന്നെ...

അവന്റെ മൂട്ടിൽ കൊണ്ടിടിച്ചപ്പോ സമാധാനം ആയാലോ... ?

തൊട്ടു മുന്നിലെത്തെ സ്വർണ്ണ നിറത്തിൽ വെയിലേറ്റു തിളങ്ങി നീങ്ങിയ ലാൻഡ് ക്രൂയിസറിന്റെ പിറകിൽ ഞാൻ നൽകിയ ചുബനമായിരുന്നു ടക്, ടക്...ആയി പരിണമിച്ചത്‌....,...വേഗത കുറവായത് കൊണ്ടും മുന്നിലത്തെ വണ്ടിയ്ക്കു വലിപ്പമുള്ളത് കൊണ്ടും തകരാർ രണ്ടു വണ്ടിക്കും സംഭവിച്ചില്ല...പരസ്പരം കൈകൊടുത്തു പിരിഞ്ഞു.


അവൾക്കായി വച്ചിരുന്ന ചുംബനം മറ്റൊരാൾക്ക് നല്കേണ്ടി വന്ന വിഷമം ബാക്കിയായി...

തിരക്കിനിടയിലെ അല്പ നിമിഷിങ്ങളിൽ അവളെ ആവാഹിച്ചു എന്റെ മുന്നിലെത്തിച്ചതിനെ കുറിച്ച് ഓർത്തു പിന്നെയും ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു...എത്ര നേരം 'അവൾ' അവിടെ ഉണ്ടായിരുന്നു എന്നും എനിക്കറിയില്ല. പക്ഷെ ഞാൻ അവളെ കണ്ടു...നന്നായി കണ്ടു.

മുന്നോട്ടു പോകുമ്പോഴും കാറിൽ എന്തൊക്കെയോ അവർ സംസാരിക്കുണ്ടായിരുന്നു...ഒന്നും ഞാൻ കേട്ടിരുന്നില്ല ഒരു ചെറു പുഞ്ചിരി എന്റെ ചുണ്ടുകളിൽ അനുഭവപ്പെട്ടു...സൈഡ് വ്യൂ മിററിലൂടെയും പിന്നെയും ഞാൻ നോക്കി...കരാമ സ്റ്റേഷനിലെ മെട്രോയിൽ 'അവൾ' നില്ക്കുന്നുണ്ടോ...?
ഇല്ല, അവൾ ഇല്ല...പക്ഷെ എന്റെ മനസ്സിലുണ്ട്...കാർ മുന്നോട്ട് പാഞ്ഞു പോയി...
എന്റെ മനസ്സിൽ പിന്നെയും അവളുടെ മുഖം - മുൻപ് എപ്പോഴോ നക്ഷ്ടപ്പെട്ടു പോയ ആ സുന്ദര മുഖം... 

ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ മറ്റൊരു മെട്രോ പാഞ്ഞു പോകുന്നത് പതിഞ്ഞ സ്വരത്തിൽ കേൾക്കാമായിരുന്നു - ടക്..ടക്. 




No comments:

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...