16 Oct 2014

ഭൂമിയിലെ മാലാഖമാർ...

ശ്രീദേവിയുടെ കൂടെയുള്ളവർ ആരെങ്കില്ലും ഉണ്ടോ...?
(അത് ഒരു കല്യാണ സദ്യയ്ക്കിടയിൽ ഉള്ള വിളിച്ച് ചോദിക്കലായിരുന്നില്ല)

വെള്ളനിറത്തിലുള്ള അലുംനിയം ഗ്ലാസ്സ് ഡോറിന്റെ ഒരു ഭാഗം ഇടത്തേ കാല് കൊണ്ട് പിന്നിലേക്ക്‌ ചവിട്ടി പിടിച്ചു കൈകളിൽ തൂവെള്ള ടർക്കി റ്റവല്ലിൽ ഒരു പിഞ്ചു കുഞ്ഞിനെ മാറോട് ചേർത്തടക്കി പിടിച്ചു കൊണ്ട് ഒരു സ്ത്രീ രൂപം. ആ സ്ത്രീ രൂപത്തിനു മേലാസകലം പച്ച നിറമായിരുന്നു. അതൊരു മാലാഖയായിരുന്നുവോ..പച്ച പുതച്ച മാലാഖ.നേഴ്സ് എന്നതിന്നെക്കാൾ മാലാഖ എന്ന് പറയുന്നതായിരിക്കും ഉചിതം. കാരണം ആ മുഖത്ത് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു. വീണ്ടും അവളിൽ നിന്നും ആ ചോദ്യം ഉയർന്നു. "ശ്രീദേവിയുടെ...". 

ഇത്തവണ ആ ചോദ്യം മുഴുവനാക്കും മുൻപ് തന്നെ ചടപടെന്ന് ആ മാലാഖയ്ക്ക് ചുറ്റും ഒരു പറ്റം ആളുകൾ ഓടി കൂടി.

അല്പം മുൻപ് വരെ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞും പരസ്പരം ക്ഷേമം അന്വേഷിച്ചും അങ്ങിങ്ങായി കൂടി നിന്നവരായിരുന്നു അവർ. ചിലർ കാത്തിരുന്നു മുഷിഞ്ഞ്‌ ഉറങ്ങി തുടങ്ങിയിരുന്നു. ആ മാലാഖ വാതിൽ തുറക്കുന്നതിന് മുൻപ് നകുലൻ സമയം നോക്കിയപ്പോൾ 01:20. രാത്രിയുടെ നിശബ്ദതയെ ആ കൂടി നിന്നവരുടെ അനക്കവും സംസാരവും ഇടയ്ക്കിടെ തൊട്ടുണർത്തിയിരുന്നു.

"പെണ്‍കുഞ്ഞാണ്", 
"സമയം 01:05" - മാലാഖയുടെ വാക്കുകൾ അന്ത:രീക്ഷത്തിൽ മാറ്റൊലി കൊള്ളുന്നപോലെ നകുലന് തോന്നി. കാരണം മറ്റൊന്നും കേൾക്കാമായിരുന്നില്ല അവിടെ അപ്പോൾ.

അപ്പോഴേക്കും ആ കൂട്ടത്തിൽ പ്രായം കൂടിയ ഒരു സ്ത്രീ ആ "തൂവെള്ള പൊതിക്കെട്ട്" രണ്ട് കൈകൾ നീട്ടി ഏറ്റുവാങ്ങിയിരുന്നു. ഓടി കൂടിയവർ ഫോണിൽ വിശേഷം അറിയിക്കുവാനായി അവിടെ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു.

"ഹലോ, ബാബുവല്ലേ....ശ്രീദേവി പ്രസവിച്ചു...പെണ്‍കുഞ്ഞാണ്"
(പെണ്‍കുഞ്ഞാണ് എന്ന് ഊന്നി പറഞ്ഞ പോലെ തോന്നി നകുലന്)

മറുതലക്കൽ പറഞ്ഞതിന്റെ ആദ്യാക്ഷരങ്ങൾ നകുലന്റെ ചെവികൾ മൂകസാക്ഷിയായി.

"മൂ***....ശ്ശേ"

(അവൻ ആശാരിക്ക്‌ എന്തോ പണിയാൻ ഏൽപ്പിച്ചിട്ട്, പണിഞ്ഞതിൽ എവിടെയോ പിശക് സംഭവിച്ചത് ചൂണ്ടി കാട്ടിയത് പോലെ തോന്നി നകുലന്, അങ്ങേ തലയ്ക്കലുള്ളുവൻ ഇങ്ങേ തലയ്ക്കുള്ളവനോട് ഫോണിൽ പറയുന്നത് കേട്ടപ്പോൾ...നകുലന് അവനോടുള്ള അമർഷം പതഞ്ഞു പൊങ്ങി...എങ്കില്ലും പ്രതികരിച്ചില്ല)

"ഹല്ലോ...മോളെ...ദേവി പ്രസവിച്ചു. പെണ്‍ കുഞ്ഞാണ്. സുഖമായിരിക്കുന്നു. മറ്റൊരു സ്ത്രീ ആരെയോ വിളിച്ചറിയിച്ചു."

പ്രായമായ ഒരാൾ തിരികെ വന്നു നകുലന്റെ അടുത്ത് ഒഴിഞ്ഞു കിടന്ന കസേരയിലിരുന്നു. മുകളിലേക്ക് നോക്കി നെടുവീർപ്പിടുന്നു. മുകളിൽ ഫാൻ പഴയത് പോലെ തന്നെ വളരെ വേഗം കറങ്ങികൊണ്ടിരുന്നു. ആ ആളുടെ കണ്ണുകൾ ഇമ വെട്ടാതെ തുറന്നിരിക്കുന്നു. ആ ആൾ ഒരു പക്ഷെ ശ്രീദേവിയുടെ അച്ചനായിരിക്കാം അമ്മാവനായിരിക്കാം. ഒരു പുരുഷായുസ് കൊണ്ട് യാതനകൾ സഹിച്ചു മകളെ ഇറക്കി വിട്ടതിന്റെ വേദനകളിൽ വീണ്ടും ഞെരി പിരി കൊള്ളുന്നുണ്ടായിരിക്കാം. പെട്ടന്ന് എന്തോ ഓർത്തപ്പോലെ അദ്ദേഹം രണ്ട് കൈകൾ കൊണ്ട് മുഖം തടവി അവിടന്നു എഴുന്നേറ്റു..."തൂവെള്ള പൊതി" ലക്ഷ്യമാക്കി നടന്നു. 

"അമ്മേ ! സമയം കേട്ടല്ലോ...01:05. ശ്രീദേവിയെ കുറച്ചു കഴിഞ്ഞു ഐ.സി.യു. വിലോട്ടു മാറ്റും". ആ മാലാഖ അവിടെ തന്നെ ഉണ്ടായിരുന്നു അപ്പോഴും. 

"ശരി മോളെ". ശ്രീദേവിയുടെ അമ്മ മാലാഖയോട് പറഞ്ഞു.(അതെ...അത് ശ്രീദേവിയുടെ അമ്മ തന്നെ. നകുലന് ഉറപ്പുണ്ടായിരുന്നു)

ഒന്നും അറിയാതെ ആ അമ്മയുടെ കൈകളിൽ അപ്പോഴും ശാന്തമായി ഉറങ്ങികിടക്കുകയായിരുന്നു ആ പിഞ്ച് കുഞ്ഞ്. സ്വപ്നത്തിൽ ശരിക്കുള്ള മാലാഖയെ കണ്ടത് കൊണ്ടാവാം ഇടയ്ക്കൊരു ഒരു മന്ദസ്മിതം ആ പിഞ്ചു മുഖത്ത് മിന്നിമറഞ്ഞു. വാതുക്കലിൽ നിന്ന ആ മാലാഖയും ഒപ്പം അകത്തേക്ക് മറഞ്ഞു.

കണ്ണുകൾ തുറന്ന് അമ്മയെ നോക്കി ആ പിഞ്ചു കുഞ്ഞ് അവ്യക്തമായി എന്തോ പറയുന്നത്‌ പോലെ.

'അയ്യോടാ...തക്കുടു...എന്താടാ മോളു..." ആ അമ്മ വികാര പരവശയായി. വീണ്ടും മാറോട് ചേർത്ത് പിടിച്ച് ഓമനിച്ചു കൊണ്ട് നിന്നു. 

അമ്മ എന്നും അമ്മ തന്നെ. ഒരു അമ്മയ്ക്ക് മാത്രമേ പരാതികൾ കൂടാതെ സ്നേഹിക്കാനാകു. വാത്സല്യം നൽകാൻ കഴിയു. അതാണ്‌ സ്നേഹം. സ്നേഹമാണ് അമ്മ.

OPERATION THEATRE യെന്ന് എഴുതി തൂക്കിയിട്ടിരിക്കുന്ന ബോർഡ്‌ന്റെ താഴെ നിന്ന ആ അമ്മയെയുടെയും കുഞ്ഞിന്റെയും രൂപം അവ്യക്തമായോ എന്ന് നകുലൻ സംശയിച്ചു. 

ഇല്ല...അത് അവ്യകത്മായത് അല്ല. നകുലന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു...


14 Oct 2014

മന:സമാധാനം കടം കൊടുക്കുമോ ?

ഒരു അല്പം മന:സമാധാനം കടം കൊടുക്കാൻ ഉണ്ടോ ! 

ഇതായിരുന്നു എന്റെ ചോദ്യം. ഇന്നലെ എന്റെ കുറച്ച് സുഹൃത്തുക്കളോട് ചോദിച്ച ചോദ്യം. അവരിൽ ഒരുവൾ, 'അല്പം ബാക്കി ഉണ്ട്'...തരാമെന്ന് പറഞ്ഞു. ബാക്കിയുള്ളവരിലൊരുവൻ പറഞ്ഞു. 'നിനക്ക് അല്ലല്ലോ. വേറെ ആർക്കോ വേണ്ടി ചോദിച്ചത് അല്ലേ? അതുകൊണ്ട് തരില്ല'.

സംഭവം ഇങ്ങനെ അയച്ചു കൊടുക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ !
ഒരു പക്ഷെ അയച്ചു കൊടുക്കുന്ന ഒരു കാലഘട്ടം വിദൂരമായിരിക്കില്ല...അല്ലെ ! ശാസ്ത്രലോകം വളരുകയല്ലേ...ഒരു നൂതന മാർഗ്ഗം കണ്ടെത്തുമായിരിക്കും.
ഹോ ! എന്തായിരിക്കും ആ ഒരു അവസ്ഥ. ഇപ്പോൾ സംഭവിക്കുന്ന പോലെ. അളിയാ, "ഒരു ലച്ചം" ഒന്ന് ട്രാൻസ്ഫർ ചെയ്തേക്ക്‌. അടുത്ത ആഴ്ച റോള് ചെയ്യാം. 

അങ്ങ് ഫ്ലോറിഡയിലുള്ള സുഹൃത്തിനോട്‌ വിളിച്ചു പറയാമല്ലോ...അളിയാ, ഒരു "വണ്‍ വീക്ക്‌ പീസ്‌" വേണം...നെക്സ്റ്റ് വീക്കിൽ റിട്ടേണ്‍ ചെയ്യാം. സംഭവം യാഥാർത്ഥ്യമാകുമെങ്കിൽ !!!
ചിന്തിച്ചു...ചിന്തിച്ചു തന്നെ ഫ്യൂസ് അടിച്ചു പോകും.


ഒന്ന് ഗൂഗ്ലിയപ്പോൾ കിട്ടിയതാണ്.

The thief of the past and the thief of the future, rob us of the joy of the peace of the present moment അജ്ഞാതൻ.

ഒന്ന് ഇരുത്തി ചിന്തിച്ചാൽ സത്യമാണ്. പക്ഷെ ഇരിക്കണം. അതാണ്‌ വേണ്ടത്. ഫ്രീ ആയി ഇരിക്കണം. ഫ്രീ ആകാനുള്ള കഴിവ് വേണം. അതിനുള്ള വഴി ആലോചിച്ചു കൊണ്ടേ"ഇരുന്നു".
അങ്ങനെ ബുദ്ധദേവനെ കുറിച്ച് ചിന്തിച്ചു. 

"Peace comes from within. Do not seek it without" Gautama Buddha

വായിച്ചിട്ട് ബോധിച്ചു...പക്ഷെ അന്വേഷിക്കാതെ എങ്ങനെ നേടും. പിന്നെയും ചിന്തിച്ചു പുകച്ചു. മുടികൾ മത്സരിച്ച് പൊഴിഞ്ഞു വീഴുന്നു...വീണ്ടും വീണ്ടും ഓടി. ഒരു ഭ്രാന്തനെ പോലെ ആരും സഞ്ചരിക്കാത്ത വഴികളിൽ കൂടി ഞാൻ സഞ്ചരിക്കും. (മോഹൻലാലിന് അത് പറയാം) അത് ഞാൻ പറഞ്ഞിട്ട് ഓടിയാൽ ഒന്നുകിൽ പട്ടി പിറകെ ഓടി വരും, അല്ലെങ്കിൽ സ്ഥലകാല ബോധം നക്ഷ്ടപ്പെട്ടവൻ എന്ന് ലേബൽ അടിച്ചു കിട്ടും. (നിലവിൽ ഭാര്യയുടെ അവകാശവാദമാണ്) അതോർത്തപ്പോൾ എനിക്ക് തന്നെ ചിരി പൊട്ടി.

'A smile is the beginning of peace' Mother Teresa  

ചിരി എനിക്ക് ഒരു കുറവാണ്. ഞാൻ ചിരിക്കാറില്ല എന്നാണ് പൊതുവെ ജനസംസാരം. ചിരിച്ചു തുടങ്ങാം. ഇനി വെളുക്കെ ചിരിച്ചാൽ....!!
"അവനു വട്ടായി എന്ന് തോന്നുന്നു" - എന്നാകും ജനസംസാരം.

അല്ലാ ഡോക്ടർ...ശരിക്കും എനിക്ക് കുഴപ്പം ഉണ്ടോ ?



"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...