10 Apr 2020

മിഡിൽ ഈസ്റ്റ്

ഇന്ന് ദുഃഖവെള്ളിയാഴ്ച....ഏപ്രിൽ 10.

ഇന്നത്തെ ദിവസം ഓർക്കുന്നതിന് ഒരു പ്രത്യേകത കൂടിയുണ്ട്. പതിനൊന്ന് വർഷങ്ങൾക്കു മുൻപ്, അതായത് 2008 ഏപ്രിൽ പത്താം തീയതി, ആദ്യമായി (എൻ്റെ കുടുംബത്തിൽ നിന്നും രണ്ടാമതും) ഞാൻ പ്രവാസിയാകാൻ വേണ്ടി പൊന്ന് വിളയിക്കുന്ന മണ്ണിലേക്ക് വിമാനം കയറി പറന്ന ദിവസം...അന്ന് അങ്ങനെ വലിയ സ്വപ്‌നങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്ന് വേണമെങ്കിൽ പറയാം....പക്ഷെ ഒരു ലക്ഷ്യബോധം ഉണ്ടായിരുന്നു...."ലോൺ അടയ്ക്കൽ".

എന്നാലും പുറംലോകം ആദ്യമായി കാണുവാനുള്ള ആക്രാന്തത്തിൽ മുൻ പിൻ നോക്കാതെ നാട്ടിൽ നിന്നും പറന്നു. ആ സ്വപ്ന പറക്കൽ യാഥാർഥ്യമാകുവാൻ കാരണം തന്നെ, എൻ്റെ സുഹൃത്ത് കൂടിയായ അനീസ് മൊയ്‌ദീൻ അജ്മാനിൽ നിന്നും വിസ അയച്ചു തന്നത് കൊണ്ട് മാത്രമായിരുന്നു. അതു പോലെ, ഒരു മുറി ഫ്‌ളാറ്റിൽ കുടുംബസമേതം താമസിച്ചിരുന്ന ഷാനവാസ് മൊയ്‌ദു എന്നോട് വിളിച്ചു പറഞ്ഞു....

"നീ കൂടുതൽ ഒന്നും ചിന്തിക്കേണ്ട.....ഇങ്ങു കയറി പോരെ....തൽക്കാലം ഇവിടുള്ള സോഫയിൽ നീ വന്നു കിടക്ക്....ബാക്കി പിന്നെയല്ലേ നോക്കേണ്ടത്...." ഒന്ന് ചുരുണ്ട് കൂടി കിടക്കാൻ ഒരു പട്ടിയ്ക്കുള്ള സ്ഥലം മതിയായിരുന്നത് കൊണ്ടും സഹപാഠിയുമായിരുന്ന അവൻ എനിക്ക് പകർന്ന ധൈര്യത്തിൻ്റെ  ബലത്തിലും അവൻ പറഞ്ഞ പോലെ....ബാക്കിയുള്ളത് പിന്നെ....എന്നുള്ള വിശ്വാസവും മുറുക്കെ പിടിച്ചു, തുണിമണി, മറ്റു കിടിപിടികൾ പെട്ടിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ആദ്യമായി വിദേശത്തേക്ക് പറന്ന ദിവസമാണ് ഇന്ന്.

ആ പറക്കൽ മറക്കാൻ പറ്റുമെന്ന് കരുതുന്നില്ല....വിമാനത്തിൽ ഒട്ടുമേ തിരക്കില്ലാത്തത് കൊണ്ട്  മൂന്ന് പേർ ഇരിക്കേണ്ട സീറ്റിൽ നടുവിലെ സീറ്റിലിരുന്നു കൈകൾ രണ്ടും ഇരുവശത്തെ ഹാൻഡ് റെസ്റ്റിൽ വച്ച് വിമാനം പൊങ്ങുന്നതിനോടപ്പം ഞാനും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചത് എന്തിനായിരുന്നുവെന്ന് അന്നുമിന്നും അറിയില്ല.....

"വെപ്രാളമാണോ അതോ ഭയമോ...?"
"ആവോ....ഇന്നും അതെ അവസ്ഥ...!"

നിറ കണ്ണുകളോടും ശ്വാസം മുട്ടിയുള്ള ഇരിക്കലും 'ടേക്ക് ഓഫ്' നിടയിൽ ഒരു 'ഫുൾ കൊന്ത' പഠിക്കലും എല്ലാം....ആയി ആകാശത്തിൻ്റെ ഉയരങ്ങളിലേക്ക് അങ്ങനെ പറന്ന് പറന്ന് കൊണ്ടേ ഇരുന്നു. നീണ്ട മൂന്നേ മുക്കാൽ മണിക്കൂറിന് ശേഷം ഷാർജയിൽ ലാൻഡ് ചെയ്തു.

ആറു കൊല്ലങ്ങൾക്ക് ശേഷം അൽ ഐനിൽ നിന്നും.....പലതും കെട്ടി പെറുക്കിയുള്ള തിരിച്ച്‌ വരവിൽ, പക്ഷെ വിലയേറിയെ എന്തോ ഒന്ന് അവിടെവിടെയോ മറന്ന് വച്ച് വന്നത് പോലെയായിരുന്നു.....വന്നത് പോലെ തിരിച്ചു വീണ്ടും പറന്ന് പോകണം എന്നൊക്കെ ഏതാണ്ട് കുറച്ചു വർഷങ്ങൾ മുൻപ് വരെയും കലശലായ ആഗ്രഹം ഉണ്ടായിരുന്നു..... നടപ്പില്ല എന്ന് തോന്നിയപ്പോൾ ആ ചിന്ത പതിയെ മാഞ്ഞു പോയി.

എല്ലാ കൊല്ലവും ഈ ഏപ്രിൽ 10 ന് ഒരു പിടച്ചിലും ആകാശത്തേക്ക് നോക്കി ഇരിക്കലും പതിവായിരുന്നു. എന്ത് കൊണ്ടോ ഈ കൊല്ലം നിർവികാരിതയോട് മാത്രമേ ജനൽ വഴി ആകാശത്തേക്ക് നോക്കി നിൽക്കുവാൻ കഴിയുന്നുള്ളൂ. മറ്റുള്ള മിക്ക രാജ്യങ്ങളിൽ എന്ന പോലെ പെട്ടന്നുള്ള മഹാമാരിയുടെ പിടിയിലകപ്പെട്ട് ആ ചെറിയ രാജ്യം - മിഡിൽ ഈസ്റ് - എല്ലാ പാവപ്പെട്ടവൻ്റെയും സ്വർണം വിളയിക്കുന്ന സ്വപ്ന മരുഭൂമിയെ ഇന്ന് ഭീതിയോടെയാണ് ഓർക്കുന്നത്. ആ കൂട്ടത്തിൽ ഞാനും....കൂട്ടിലകപ്പെട്ട കിളികൾ പോലെ ഭയചികതരായി....എത്രെയോ പ്രവാസികൾ....!തിരിച്ചു സ്വന്തം നാട്ടിലേക്ക് പറന്നിറങ്ങാൻ കൊതിക്കുണ്ടാവും....! കുടുംബം നോക്കാൻ പോയിട്ടുള്ള പലരും പട്ടിണിയും താമസിക്കാൻ ഇടവുമില്ലാതെയും ശമ്പളം പോലും കിട്ടാതെയും നാട് വിട്ട് മറ്റൊരു ദേശത്ത് നരകിക്കുന്നത് ദയനീയമാണ്.

ഇന്ന്, ഒരു സുഹൃത്ത് റാസ്-അൽ-ഖൈമയിൽ നിന്നും വിളിച്ചു സംസാരിച്ചിരുന്നു.... സാഹചര്യം ദിനംതോറും വഷളായി കൊണ്ടിരിക്കുകയാണെന്നും ഏതാണ്ട് ഒട്ടു മിക്കവാറും പ്രവാസികളും നാടണയുവാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു കേട്ടപ്പോൾ, നീണ്ട ആറ് വർഷം അജ്‌മാൻ, അൽ ഐൻ, അബുദാബി മുതലായ നഗരങ്ങളിൽ ഞാൻ പണിയെടുത്ത നാളുകളും സാമ്പത്തിക മാന്ദ്യം മൂലം, നാല് തവണയോളം ജോലി മാറി തെക്കും വടക്കുമായി എന്തിനോ  വേണ്ടി ഓടിയത് ഓർത്തു പോയി. പലരുടെയും തല വര മാറ്റിയിട്ടുള്ള ആ നാട്ടിൽ നിന്നും ഇന്ന് എല്ലാവരും എങ്ങനെയെങ്കിലും നാടെത്തി കിട്ടിയാൽ മതിയെന്ന ഒറ്റ ചിന്ത മാത്രമേയുളളൂ എന്നറിഞ്ഞപ്പോൾ "ഭഗനീയ ജീവിതം" നിമിഷ നേരം കൊണ്ട് സ്വപ്ന ഭൂമിയിൽ ഒരു മരീചികയായി മാറുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നു.

ഗൾഫിലുള്ള എൻ്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നന്മകൾ നേരുന്നു.....ഈ മഹാമാരിഎത്രെയും പെട്ടന്ന് വിട്ട് മാറട്ടെ....

ഈ കാലവും മാറും....മാറി അല്ലെ പറ്റൂ....!!
തെളിഞ്ഞ കിടക്കുന്ന ആകാശത്തിൽ അങ്ങിങ്ങു തെന്നി നടക്കുന്ന വെളുത്ത മേഘ പാളികൾ  അല്ലാതെ ഒരു വിമാനവും ഈ രണ്ടാഴ്ച കാലം കണ്ടിട്ടില്ല.

വരും....!! ഇനിയും ആ പഴേയ നാളുകൾ.....തിക്കും തിരക്കുമായി ഒന്നിനും സമയം തികയാത്ത ആ നല്ല നാളുകൾ ഇനിയും വരും....എല്ലാ മാലോകർക്കും.

മാഞ്ഞു പോയ ആ പഴയെ ആഗ്രഹവും വീണ്ടും തെളിഞ്ഞു വരുമായിരിക്കും....വരാതിരിക്കില്ല. ഇനിയും പറന്നിറങ്ങണം ആ സ്വപ്ന നാട്ടിൽ.....
മിഡിൽ ഈസ്റ്റ് - ഒരു യാത്ര ഇനിയും ബാക്കി.

No comments:

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...