7 Sept 2014

എന്റെ ഓണക്കാലം എത്ര സുന്ദരമായിരുന്നു


കുണ്ടും കുഴിയും എണ്ണി ആന വണ്ടിയിൽ വന്നിറങ്ങിയപ്പോഴേക്കും ഒടുക്കത്തെ ചൂടായിരുന്നു. മേൽ മുണ്ട് കൊണ്ട് നെറ്റി തടത്തിലെ വിയർപ്പ് ഒപ്പിയെടുത്തു. ഉച്ചയ്ക്ക് ഓണം ഉണ്ണാൻ ആന വണ്ടിയേൽ തൂങ്ങി പിടിച്ചു അനന്തപുരിയിൽ എത്തിയതായിരുന്നു...പക്ഷെ വണ്ടികളുടെ കൂട്ട മത്സരവും ഉന്തും തള്ളും റോഡിലെ കുഴികളും ആഗമനം ആകെ വലച്ചു...സമയം അപ്പോൾ 2 മണി.
അസഹനീയമായ ചൂട് കാരണം സൂര്യഭഗവാനെ ഒന്ന് നോക്കിയതേ ഉള്ളൂ. സൂര്യ ഭഗവാൻ ഉൾവലിഞ്ഞു...ദേ ചന്നം പിന്നം മഴ...ഉരുണ്ട് കൂടിയ കാർമേഘങ്ങൾ അന്തരീക്ഷം ആകേ ഇരുട്ടിലാക്കി...പരക്കെ ഇരുട്ട് വിതറി മഴ തകർത്ത് പെയ്യുന്നു...ചാടി ഓടി അടുത്തുള്ള ആന വണ്ടി സ്റ്റേഷനിൽ അഭയം തേടി. തിക്കും തിരക്കിനുമിടയിൽ പതിവില്ലാത്ത ഒരു ആളെ കണ്ടപ്പോൾ ഒരു ബാലൻ അവന്റെ അമ്മയോട് ചോദിച്ച്.
'ആണ്ടെ, അമ്മേ..ഇതാരാ ഒരു തടിയൻ...' ? 
അമ്മ തിരിഞ്ഞു നോക്കിയിട്ട് പിറു പിറുത്തു...' ഓ ! ആണ്ടിൽ ഒരിക്കൽ കയറി വരും...ഒരു പണിയുമില്ല അങ്ങേർക്കു...ഒരു പ്രയോജനവുമില്ല...ആരാണ്ടോ വിളിച്ച പോലെയാണ് ഇയാളുടെ വരവ്...ഒന്ന് നീങ്ങി നിക്ക് ഊവ...മുട്ടുമല്ലോ...'
ആ അമ്മയുടെ ശകാരം കേട്ടപ്പോൾ മഴയായിട്ട് പോലും പിന്നെയുമുണ്ടായ നെറ്റിയിലെ വിയർപ്പ്‌ കണങ്ങൾ മേൽ മുണ്ടിന്റെ കീഴറ്റം കൊണ്ട് ഒപ്പിയെടുത്തു...ഉരുണ്ടു കൂടിയ വിശപ്പ്‌ നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതെയായി...കണ്ണും തള്ളി വയറും തടവി നിന്ന അദേഹത്തെ അതുവഴിയെ വന്ന വേറെ ഒന്ന് രണ്ട് കോളേജ് കുമാരികുമാരന്മാർ അടുത്ത് കൂടി കളിയാക്കി...
Hey..! Who are you fat man...? What brings you to our Gods own Country...You Country Fellow...!!
വിക്കി വിക്കി തിരികേ അദേഹം അവരോട് പറഞ്ഞു.
"I am Maveli... I come from പാതാളം...നമ്മളെ അറിയില്ല എന്നുണ്ടോ...? കേട്ടിട്ടില്ലേ...ഓണത്തിൽ എന്റെ പ്രജകളെ കാണാൻ നോം പതിവായി വരുന്നു..."
ഒന്ന് പോടാപ്പാ...അവന്റെ കോ**** പ്രജകൾ. നീ ആരാണ്ട...തുണി പോലുമില്ല...അവനാണ് പ്രജകൾ....ഒരു മേൽ മുണ്ടും...ഒരു കീരിടവും...ഒരു കുടവണ്ടിയും...അതിന്റെ താഴെ ഒരു മുക്കാൽ ഭാഗത്ത്‌ ഒരു മുണ്ടും...എവിടുന്ന് കിട്ടി ഒരു ഉണക്ക കുട...?
സ്ഥലം പന്തിയല്ലെന്ന് മനസ്സിലായ മാവേലി തലവഴിയെ മേൽ മുണ്ട് മറച്ച് കൊണ്ട് നടക്കുവാൻ ശ്രമിച്ചു. പ്ലക്ക് ! വർഷങ്ങളായി ഉപയോഗിച്ചിരുന്ന ചെരുപ്പ് പെടുന്നനെ എവിടുന്നോ കുത്തിയൊലിച്ചു വന്ന വെള്ള പൊക്കത്തിൽ ഒലിച്ചു പോകുന്നത് നോക്കി നില്ക്കുവാനേ അദേഹത്തിന് കഴിഞ്ഞുള്ളൂ. മുട്ടറ്റം വെള്ളം പൊങ്ങി...അതിനിടയ്ക്ക് കീരിടത്തിൽ കൂടി വെള്ളം ചട പടേന്ന്‌ സ്റ്റേഷനിലെ പൊളിഞ്ഞ മേൽകൂരയിൽ നിന്നും ചോർന്ന് ഒലിച്ചു വീണു തുടങ്ങി.
"ഊര് ടാ അവന്റെ മുണ്ടും കോണകവും...ഒരു മ്യാവേലി..." കോളേജ് കുമാരന്മാരിൽ ഒരുവൻ അലറിയടുത്തു.
ഞെട്ടി പോയി നമ്മുടെ മാവേലി തമ്പുരാൻ...പോയത് പോയി... മാനം എങ്കിലും ഉണ്ടല്ലോ...മനസ്സിൽ പറഞ്ഞ മാവേലി ചോർച്ചയിൽ നിന്നും രക്ഷ നേടാൻ ഓല കുട വിരിക്കാൻ ശ്രമം തുടങ്ങിയത് ഉപേക്ഷിച്ചു...കുട കക്ഷത്തിലൊതുക്കി ഇടം ശടെന്നു കാലിയാക്കി.
(പാവം മാവേലി...അദേഹം വിചാരിക്കുണ്ടാവും...അദേഹത്തെയും മറന്നുവല്ലോ ഇന്നത്തെ ജനം...)
അപ്പോൾ ഉച്ചഭാഷിണി വഴി ഒരു അറിയിപ്പ് കേൾക്കുണ്ടായിരുന്നു..."അവിചാരിതമായി ഉണ്ടായ വെള്ളപൊക്കം മൂലം കിഴക്കേ കോട്ടയിൽ നിന്നും വെള്ളമിറങ്ങുന്നത് വരെ വണ്ടികൾ ഉണ്ടായിരിക്കുന്നത് അല്ല"
പിന്നിൽ നിന്നും മറ്റൊന്ന് കൂടി കേൾക്കാമായിരുന്നു...
നാളത്തെ കേരള...നാളത്തെ കേരള...നിങ്ങളിൽ ആരായിരിക്കും ലക്ഷാതിപതി എന്ന് ആരറിഞ്ഞു...മാവേലി തമ്പുരാൻ നിങ്ങളെ തേടി വരും...
---------------------------------------------------------------------------------------------------------------------------------------------------
പ്രജകളെ കാണുവാൻ ആണ്ടിൽ ഒരിക്കൽ ജനമധ്യത്തിൽ ഇറങ്ങിയ മാവേലിയെ ശര വേഗത്തിൽ തിരിച്ചയച്ചത് ആരും ആരും അറിഞ്ഞിരുന്നില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല...ഓണം പേരിനൊരു ചടങ്ങാകുന്നത് പോലെ...തോന്നുന്നു.

രസകരവും സുന്ദരവും....വർണ്ണങ്ങളാൽ അലങ്കരിതമായിരുന്നതും നിഷ്കളങ്കവും നന്മകളും നിറഞ്ഞ ഓണക്കാലം ഓർമ്മകളിൽ മാത്രമാകുന്നതു പോലെ...തോന്നൽ മാത്രമായിരിക്കുമോ ...? 

No comments:

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...