6 Dec 2015

വിമൂകത

സാറേ...സാറേ....എന്നെ ഒന്ന് തുറന്ന് വിടുമോ...? 
സാറേ... സാറേ...ഒന്ന് ...തുറന്ന് ....വിടാമോ എന്നെ...?

ദയനീയമായ ആ യാചന എവിടൊക്കെയോ കൊളുത്തി വലിക്കുന്നു. വിഷാദം വിതുമ്പുന്ന യാചനയിൽ, സ്വാതന്ത്ര്യമാണോ ആ താടി വളർന്ന ചെറുപ്പക്കാരൻ ആഗ്രഹിക്കുന്നതെന്ന് സംശയിച്ചു പോയി.  ജനാല അഴികളിൽ കൂടി പുറത്തേക്ക് രണ്ടു കൈകളും കൂപ്പി പിടിച്ച് വീണ്ടും...വീണ്ടും യാചിക്കുന്നത് പോലെ. തൊട്ടടുത്ത ജനാലയിൽ ഒരു വൃദ്ധൻ ദയനീയമായി ഞങ്ങളെ നോക്കി നിന്നു. അദ്ദേഹം ഒന്ന് മിണ്ടിയില്ല.

അവർക്ക് പിന്നിലായി  ഒന്ന് രണ്ടു ആളുകൾ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ആ നീണ്ട കെട്ടിടത്തിൽ ചിട്ടയായി ഇരുവശത്തുമായിയിട്ടിരുന്ന ഇരുമ്പ് കട്ടിലുകളിൽ മിക്കവയും ആരൊക്കെയോ ഇരിക്കുന്നു. ആ കെട്ടിടത്തിന് മുകളിൽ ഒരു ബോർഡിൽ "മുക്തി" എന്ന് അല്പം വലുതായി എഴുതിയിരുന്നു. എന്ത് കൊണ്ടോ എനിക്ക് അവിടെ നില്ക്കുവാൻ കഴിഞ്ഞില്ല. ആ യാചന കേട്ട് ഇടത്തോട്ട് തിരിഞ്ഞു നോക്കി ഞാൻ നടന്ന് കൊണ്ടേയിരുന്നു. 

(ജോലിയുടെ ഭാഗമായി ഇന്നലെ (12-06-2015) ഒരു മാനസികാരോഗ്യകേന്ദ്രത്തിനുള്ളിൽ സന്ദർശിക്കാനിടയായി. വെള്ളിത്തിരയിൽ കണ്ടിട്ടുള്ളതല്ലാതെ ആ മതിൽ ചുവരുകൾക്കുള്ളിൽ എന്താണന്ന് ഒരിക്കലും നേരിൽ അറിഞ്ഞിരുന്നില്ല. പല യാത്രാ വേളകളിലും വഴിത്താരകളിൽ , ചൂണ്ടു പലകളിലെ ഇടതു വശത്തോ വലതു വശത്തോ പലപ്പോഴും യാദൃശ്ചികമായി, "മാനസികാരോഗ്യകേന്ദ്രം" എന്ന് എഴുതിയ ബോർഡ് കണ്ടിട്ട് മാത്രമേയുള്ളൂ.)

മുക്തി, സായുജ്യം അങ്ങനെ പല ബ്ലോക്കുകളായി പലതരം അന്തേവാസികൾ. എല്ലാവരും പൂർണ്ണമായും ഒറ്റപ്പെട്ടവർ. കേരളത്തിന്റെ വടക്ക് നിന്നും തെക്ക് നിന്നും പലതരം കാരണങ്ങൾ കൊണ്ട് ഒടുവിൽ ഈ വന്മതിലുകൾക്കുള്ളിൽ അകപ്പെട്ടവർ. ആ മതിൽക്കെട്ടിനുള്ളിലേക്കുള്ള  വരവ് ചിലപ്പോൾ ഒരു വണ്‍ വേ റ്റിക്കെറ്റ് എന്ന് തോന്നി പോകും. ഞങ്ങളുടെ കൂടെ വന്നിരുന്ന ഡോക്ടർ ഒന്ന് രണ്ടു സംഭവങ്ങൾ പറഞ്ഞു തന്നു. ഇരുപ്പത്തിയേഴു വർഷങ്ങൾക്കു മുൻപ് അഡ്മിറ്റ് ചെയ്യപ്പെട്ട 'ഒരാൾ' രോഗം പൂർണ്ണമായും ഭേദപ്പെട്ടിട്ടും സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. ഒടുവിൽ വീണ്ടും പഴയ കട്ടിലിൽ അഭയം തേടേണ്ടി വന്നു. അങ്ങനെ പലരും നാട്ടിൽ നിന്നും വീട്ടിൽ നിന്നും ദേശത്തിൽ നിന്ന് പോലും ഒഴിവക്കപ്പെട്ടവർ. അവരിൽ ചിലർ നല്ല കലാകാരന്മാരാണ്.
നടന്നു പോകുന്നതിനിടയിൽ ഏതോ ഒരു ബ്ലോക്കിന്റെ ചുമരിൽ, ഇരുമ്പ് വാതിലുകൾക്ക് ഇരു വശത്തുമായി, ആരോ  ചിത്രങ്ങൾ വരച്ചിരിക്കുന്നത് കണ്ടു. ചിത്രത്തിലെ കഥകളിയുടെ വേഷവും രൂപവും, സ്ത്രീയുടെയും, പുരുഷന്റെയും മുഖവും ശ്രദ്ധിക്കപ്പെടുന്നവയാണ്. കളർ ചോക്കുകളും, ഇഷ്ടികയുടെ കഷണങ്ങളും കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ഒരിക്കൽ സഞ്ചരിച്ചിരുന്ന പാതയിൽ കണ്ടു മറന്നു പോയ പലതരം കാഴ്ചകളുടെ പ്രതിഫലനമാകാം ആ ചുവർ ചിത്രങ്ങൾ.

അങ്ങിങ്ങ് തണൽ മരങ്ങളുടെ ചുവട്ടിലെല്ലാം വെളുത്ത കുപ്പായമണിഞ്ഞു പലരും ഇരിക്കുന്നുണ്ടായിരുന്നു. അതൊരു കാത്തിരിപ്പല്ല.... ആരും വരാനില്ല. ആരെയും പ്രതീക്ഷിച്ചുള്ള ഇരിപ്പുമല്ല. അവരുടെ കണ്ണുകളിൽ ദയനീയ ഭാവം മാത്രം. ചിലർ അങ്ങോട്ടേക്ക് പതുക്കെ നടന്ന് വന്നുകൊണ്ടിരുന്നു...കാലുകളുടെ ബലക്കുറവ് കൊണ്ടായിരിക്കില്ല അവർ പതിയെ നടന്നിരുന്നത്. ഒരുപക്ഷെ, തങ്ങൾ വയ്ക്കുന്ന കാൽച്ചുവടുകൾ ഇടറാതെയിരിക്കുവാൻ ശ്രദ്ധയോടെ നടന്ന് വരുന്നതുമാകാം. അവർ ആരും കാഴ്ച വസ്തുക്കൾ അല്ല. അവരും മനുഷ്യർ. ഇടയ്ക്കു എപ്പോഴോ എന്തുകൊണ്ടോ മനസ്സിന്റെ താളപിഴകൾ മൂലം ഒറ്റപ്പെട്ടുപോയവർ.മുറിഞ്ഞ് പോയ കണ്ണികൾ വീണ്ടും വിളക്കി ചേർക്കുവാനാകുമോ എന്നറിയില്ല. ഉദയവും അസ്തമയവും അവർ അറിയുന്നുണ്ടാവാം...ദിനചര്യകൾ മുറപോലെ നടുക്കുന്നുമുണ്ടാവാം. എങ്കിലും ഇന്ന് എന്ത് ദിവസമെന്നോ ഏതു മാസമെന്നൊ ഏതു വർഷമെന്നൊ അറിയുന്നുണ്ടാവുമോ...എന്തോ എനിക്കറിയില്ല. ചിലപ്പോൾ ഞാൻ അല്പം കടന്നു ചിന്തിക്കുന്നത് കൊണ്ടാവാം ഈ തോന്നൽ.
ഹൃദയം ഉള്ളവർ ആരായാലും ഒന്ന് പിടഞ്ഞു പോകും....

------------------------------------------------------------------------------------------------------------------------------------------

ബോലെറോയുടെ (ഡിപ്പാർട്മെന്റ് വക ജീപ്പ്) മുരൾച്ച കേട്ട പലരും 'ആരെയോ' പ്രതീക്ഷിച്ച പോലെ...അവരുടെ കണ്ണുകളിൽ ഒരുപക്ഷെ പ്രതീക്ഷയുടെ തിളക്കം മിന്നി മറഞ്ഞിരിക്കാം....
ആരെങ്കിലും ഒന്ന് വന്നിരിന്നുവെങ്കിൽ !!! വരുമോ...ആരെങ്കിലും...എന്നെങ്കിലും...ഒരിക്കലെങ്കിലും...!! 
ഉള്ളിന്റെ ഉള്ളിൽ ആരോക്കെയോ വിലപിക്കുന്നത് പോലെ കേൾക്കുന്നു.

അത് കാണുവാനും കേൾക്കാനുമുള്ള കരുത്ത്, ഇല്ലാത്തത് കൊണ്ട് ജീപ്പിലിരുന്ന്, ഞാൻ ആ ടാറിട്ട റോഡിൽ വീണു കിടന്ന പാഴ്വൃഷത്തിന്റെ ഇലകൾ വെറുതെ എണ്ണിയെടുക്കുവാൻ ഒന്ന് ശ്രമിച്ചു നോക്കി. ജീപ്പ് പതിയെ ആ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങി...മനസ്സില്ലാമനസ്സോടെ വീണ്ടും പിന്നിലേക്ക്‌ ഒന്ന് നോക്കി. 

MENTAL HEALTH CENTRE,TRIVANDRUM

ജീപ്പിന്റെ വേഗത കുടി. വന്മതിലിന്റെ പിന്നിൽ ആ യാചന വീണ്ടും കേൾക്കുന്നത് പോലെ.

(അഹങ്കാരം, വിദ്വേഷം, പക എന്നിങ്ങനെയുള്ള ചില വാക്കുകൾ നാം അറിയാതെ തന്നെ, ഒരുപക്ഷെ പൂർണ്ണമായും മറന്നു പോയേക്കാം...!!! മനസ്സിന്റെ അചഞ്ചലമാകുന്ന തിരശീലയുടെ മറുപുറം മറന്നു പോകുന്ന ചില വേളകൾ. അതൊരു തുടക്കമാണോ, യാത്രയുടെ അവസാനമാണോ എന്നൊനും വ്യകതമല്ല, അല്ല അറിയില്ല എന്ന് പറയുന്നതാണ് ഉചിതം. തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ നിന്നും ഇടയ്ക്ക് ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കാം നമുക്ക്...)



1 comment:

അന്നമ്മ said...

നല്ല ചിന്തകൾ.ജോസേ നല്ലൊരു എഴുത്തുകാരനെ വായിച്ചെടുത്തു

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...