18 May 2016

​​വീണ്ടും നീല ബട്ടൺ

"കണ്ടോ മോനെ...എന്റെ മക്കൾക്ക്‌ എന്നോടുള്ള സ്നേഹം...."
'ഞാൻ അറിയുന്നു...അമ്മൂമ്മേ'. നിശബ്ദമായ ഒരു സംഭാഷണ ശകലമായിരുന്നു അത്.

പ്രായമേറെ കടന്ന ആ വയോധ്യകയെ ഒരു പഴയെ ചാരു കസേരയിൽ പൊക്കിയെടുത്തു കൊണ്ട് വന്നിരുന്ന ആ നാല് ചെറുപ്പക്കാരും, നല്ല സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. ആ വയോധ്യക ഒന്നും മിണ്ടാതെ എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. തിരക്കൊഴിഞ്ഞ സമയത്തായിരുന്നു അവർ ആ അമ്മൂമയെ ബൂത്തിലേക്ക് കൊണ്ടുവന്നത്. എഴുന്നേറ്റു നില്ക്കുവാൻ ആവതില്ലാതിരുന്ന ആ പാവത്തിനെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പുറത്തല്ല കൊണ്ടുവന്നത് എന്ന് വ്യക്തം.

ഒരു പരിഭവമില്ലാതെ മോണ ക്കാട്ടി ചിരിക്കുന്ന മുത്തശ്ശിയുടെ കണ്ണുകൾ കുഴിഞ്ഞിരുന്നു. ആ കണ്ണുകളിൽ കൂടിയായിരുന്നു എന്നോട് സംസാരിച്ചത്. ഒരുപക്ഷെ പൂർണ്ണമായും അവഗണിക്കപ്പെട്ടിരുന്ന അവരെ ആ ഒരു ദിവസത്തേക്കെങ്കിലും ആവശ്യം വന്നതിന്റെ ഒരു സന്തോഷം ആ കണ്ണുകളിൽ കൂടി വായിച്ചെടുക്കമായിരുന്നു.

"കണ്ടോ മോനെ...എന്റെ മക്കൾക്ക്‌ എന്നോടുള്ള സ്നേഹം...."

'ഞാൻ അറിയുന്നു..

'ഇന്ന് എനിക്ക് പുറം ലോകം കാണുവാൻ കഴിഞ്ഞിരിക്കുന്നു...എത്ര നാളുകളായി കഷായകുപ്പികളും ഞാനുമായി ഒരു ആളൊഴിഞ്ഞ മുറിയിൽ...' (തൈലം പുരട്ടിയിരുക്കുന്നതിന്റെ മണം അറിയുന്നുണ്ടായിരുന്നു. ഉടുത്തിരുന്ന ആ ഒറ്റ മുണ്ടില്ലും  മാറത്ത് ഇട്ടിരുന്ന തോർത്തില്ലും മുഷിഞ്ഞ നിറത്തിലുള്ള ചട്ടയിലും അവിടവിടെയായി കഷായം തട്ടി മറിഞ്ഞ് ഉണങ്ങിയതിന്റെ പാടുകൾ കാണാം)

'ഞാൻ വോട്ട് ചെയ്യട്ടോ മോനെ...' ആ ചോദ്യം ശരിക്കും കണ്ണുകളിൽ കൂടി ഞാൻ മനസ്സിലാക്കി.

"ബീപ്പ്" ശബ്ദം ആ പാവം കേട്ടിട്ടുണ്ടാവുമോ എന്നറിയില്ല. നടപടി ക്രമങ്ങൾ കഴിഞ്ഞ് വോട്ട് രേഖപ്പെടുത്തി തിരികെ ആ കസേര ഉയർത്തപ്പെട്ടപ്പോൾ എന്നോട് യാത്ര പറയുവാൻ ശ്രമിച്ചിട്ടുണ്ടാവാം. വന്നപ്പോൾ ഉള്ള സാവകാശം അപ്പോൾ ആ സാധുവിന് കിട്ടിയിരുന്നില്ല. തിടുക്കത്തിൽ ഒരേ താളത്തിൽ ആ എട്ടു കാലുകൾ നടന്നു നീങ്ങി. 

'സാറേ ഇനിയും ഉണ്ട് കേട്ടോ വോട്ട് ചെയ്യുവാൻ ഇതേപോലെ ആളുകൾ' ആരോ പറഞ്ഞപോലെ തോന്നിയെങ്കിലും വിശപ്പിന്റെ വിളി കേൾക്കാമായിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല...കൈയ്യിൽ കെട്ടിയിരുന്ന നീല സ്ട്രാപുള്ള വാച്ചിൽ അപ്പോൾ സമയം 1:45 ആയി. രാവിലെ 4:45ന് തേർഡ് പോളിംഗ് ഓഫീസർ ശിവകുമാറുമായി, നെടുമങ്ങാട് കരുപൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ കുറച്ചു ദൂരെയുള്ള ചെറിയ ഒരു ഹോട്ടലിൽ പോയി ചൂട് പുട്ടും രണ്ട് പപ്പടവും മൂന്ന് രസകതളിയും കഴിച്ചതാണ്.
 
(അന്നേദിവസം അതിരാവിലെ കഴിക്കാൻ 'ആപ്പീസർമാർ' വരും എന്നുള്ള ഉറച്ച വിശ്വാസം ആ ഹോട്ടൽ ഉടമയ്ക്ക് ഉണ്ടായിരുന്നു. കാരണം, ആ പ്രദേശത്ത് വേറെ എങ്ങും ഊട്ടുപുര ഇല്ല. തെരഞ്ഞെടുപ്പ് ദിനം ആയതു കൊണ്ട് അതിരാവിലെ തന്നെ കട തുറന്നിരുന്നു. നന്നേ ദൂരെ നിന്ന് നടന്നു അടുത്തപ്പോഴേ പുട്ടിന്റെ പ്രാരംഭ നടപടികൾക്കുള്ള വാസന അറിയാമായിരുന്നു. എന്നാലും 4:45 ന് "ഒരു ഐറ്റത്തിനെ" പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 

'10 മിനിട്ട് കൂടിയെടുക്കും സാറേ...' അയാൾ പറഞ്ഞു.
'ആയിക്കോട്ടെ....ഒരു വിത്തൌട്ട് ചായ എടുത്തോള്ളൂ'

ആ ചെറിയ ഹോട്ടലിൽ രണ്ടു ബെഞ്ചും അപ്പുറത്തും ഇപ്പുറത്തുമായി അഞ്ചോ ആറോ പ്ലാസ്റ്റിക്‌ സ്ടൂളുകളും ഒരു പഴഞ്ചൻ  മേശയും കിടക്കുന്നു. ആ മേശയാണ് ക്യാഷ് കൌണ്ടർ. തൊട്ടടുത്തായി ചില്ല് അലുമാരയിൽ പലഹാരങ്ങളും നിറച്ചിരിക്കുന്നു. മോതകം, ഉണ്ടൻ പൊരി, പരിപ്പുവട, പിന്നെ പേര് അറിയാത്ത എന്തോ ഒരു പലഹാരം. അത് രണ്ട് തട്ടുകളിലായി ശരിക്കും കുത്തി നിറച്ചു വച്ചിരിക്കുന്നു. ചിലപ്പോൾ അത് ആ കടയിലെ സ്പെഷ്യലായിരിക്കാം. അത് ഒന്ന് കഴിക്കണമെന്നുണ്ടായിരുന്നു. മഞ്ഞ നിറത്തിലെ പലഹാരം കഴിക്കാൻ തോന്നാതത്തിനു കാരണം മധുരം പൂശി വച്ചിരുന്നു. അതിരാവിലെ മധുരം ഒരു സുഖമില്ല. അതുകൊണ്ട് വേണ്ടാന്നു വച്ച്... ഞങ്ങളെ കൂടാതെ നാലഞ്ചു ആളുകളും അവിടെയുണ്ടായിരുന്നു. അവരും ചായ കുടിച്ചു കൊണ്ടിരുന്നു. 

'ആർക്കാ വിത്തൌട്ട്'...അടുക്കള വാതിലിൽ കൂടി ചായ് നിറച്ച ഗ്ലാസും പിടിച്ചു കുനിഞ്ഞിറങ്ങിയ ആറടി ഭീമൻ, ആ ചായക്കടയിൽ ഒട്ടും ചേരുന്നതായി തോന്നിയില്ല.അയഞ്ഞ ഒരു ചാര നിറത്തിലുള ഷർട്ടും ഒരു ലുങ്കിയുമായിരുന്നു വേഷം. ലുങ്കി അയാൾക്ക് എങ്ങും എത്തിയിരുന്നില്ല. ചായ എനിക്ക് തന്നിട്ട് വീണ്ടും അയാൾ ആ അഞ്ചര അടി പൊക്കമുള്ള വാതിലിൽ കൂടി കുനിഞ്ഞ് വളഞൊടിഞ്ഞു അകത്തേക്ക് കയറി പോയി. അടുത്ത ചായ അടിക്കാൻ.

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ അയാളെ കുറിച്ചോർത്ത്.
'ഒരു ദിവസം എത്രയോ തവണ ആ വാതിലിൽ കൂടി അയാൾ കുനിഞ്ഞു നിവർന്നു ഇറങ്ങുന്നുണ്ടാവും...അയാൾക്ക് അതൊരു ബുദ്ധിമൂട്ടായി തോന്നില്ലേ'.

ചിന്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ആവി പറക്കുന്ന പുട്ട് എന്റെ മുന്നിൽ നിരന്നു. അപ്പോൾ മനസ്സിലായി. ഒരു നേരത്തേക്കെങ്കിലും, ആഹാരത്തിന് വേണ്ടിയുള്ള ജീവിതചര്യ...അതാകാം അയാളെ ആ വാതിലിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും ഒരു മടിയും കൂടാതെ കടക്കുവാൻ പ്രേരിപ്പിക്കുന്നത്.

പുട്ട് കഴിച്ചു കൊണ്ടിരിക്കുമ്പോൾ, പുറത്ത് ഒരാൾ ചാറ്റൽ മഴ പെയ്യുന്നത് ആസ്വദിച്ച് ചായ കുടിക്കുന്നത് കണ്ടപ്പോൾ ഒരു കൊക്ക് നിൽക്കുന്നത് പോലെ തോന്നി...അര മുക്കാൽ മണിക്കൂർ മുൻപ് ആ മഴ പെയ്തിരുന്നെങ്കിൽ എന്റെ ഓപ്പൺ എയർ കുളി മഴക്കുളി ആയിരുന്നാനേ. 
ജസ്റ്റ്‌ മിസ്സഡ്. !! അടുപ്പിച്ച് തിരഞ്ഞെടുപ്പ് വന്നത് കൊണ്ട് 'ഇപ്പോൾ ഓപ്പൺ എയർ കുളികളും, തോർത്ത്‌ മാത്രം ഉടുത്തുള്ള ഉലാത്തൽ ഒന്നും ഒരു വിഷയമേ അല്ല. 

"ലൈസൻസ്ഡ് ടൂ ബി സെമി നേക്കട്" ആയിട്ടാണ് എനിക്ക് ഓരോ  തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും തോന്നാർ...അടച്ചുറപ്പുള്ള കുളിപുരകളിൽ നിന്ന് കുളിക്കാൻ വെട്ടമോ വല്ലതും വേണ്ടേ..? )
-------------------------------------------------------------------------------------------------------------------------------------
'സാറേ ചോറ് ഉണ്നെണ്ടേ'!! രണ്ടാം പോളിംഗ് ഓഫീസർ ചോദിച്ചത് കേട്ടപ്പോഴാണ് ചിന്തയിൽ നിന്ന് ഉണർന്നത്. എനിക്ക് ഒരു പാർസൽ കൊണ്ട് വാരമെന്ന് പറഞ്ഞു, ഒന്നാം പോളിംഗ് ഓഫീസർ കഴിക്കാൻ പോയി. അതിന്റെ ഇടയിൽ പലരും വന്നു വോട്ട് ചെയ്തിട്ട് പോയി. 

സമയം വളരെ പതുക്കെ ഇഴഞ്ഞു നീങ്ങി....ഒരുതരം ആർട്ട് ഫിലിം പോല. പലതരം ആളുകൾ വന്നു പോകുന്നു. ചിലർ പ്രസന്നവദതരായി കാണപ്പെട്ടു. ചിലർ എന്ത് പിണ്ണാക്കിന് വേണ്ടിയാണ് ഈ വോട്ടെടുപ്പ് എന്ന വികാരത്തോടെ...പക്ഷെ വന്നവർ എല്ലാവർക്കും ഒരു കാര്യത്തിൽ ഒരേ ചിന്തയായിരുന്നു.... "ബീപ്പ്"ശബ്ദവും നീല ബട്ടൺ അമർത്തിയുള്ള വോട്ട് രേഖപ്പെടുത്തലും...ശരിയായിട്ട് ആയിരിക്കുമോ വോട്ട് വീണത്‌...എന്നുള്ള ചിന്ത. കാരണം ബട്ടൺ അമർത്തിയതിനു ശേഷവും ബാലറ്റിനെ നോക്കി നിൽക്കുന്നുണ്ടാവും. 
-------------------------------------------------------------------------------------------------------------------------------------

6 മണിക്ക് വോട്ട് പെട്ടിയിലെ 'ക്ലോസ് ബട്ടൺ'  അമർത്തുമ്പോൾ  പതിവിലും അധികമായി ഒരു മണിക്കൂർ സമയം നീട്ടിയത് മൂലം ഉദ്യോഗസ്ഥര് എല്ലാവരും കുഴഞ്ഞിരുന്നു തലേന്ന് രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടിയായിരുന്നില്ലേ. തെക്ക് വടക്ക് ഓട്ടവും പെട്ടിയും മെഷീനും കൈപറ്റലും ഒക്കെയായി...ആകെ കുഴഞ്ഞിരിക്കുന്നു. രാത്രിയിലത്തെ ഉറക്കം കുറച്ചു നേരമായിരുന്നുവെങ്കിലും വലിയ കുഴപ്പം കൂടാതെ കടന്നു പോയി. കൊതുക് കടിയിൽ നിന്നും രക്ഷ നേടാനായി കൈയിലും മുഖത്തും കാലില്ലും പുരട്ടിയ 'ഒടോമസ്' തൊട്ടു പോലും നോക്കിയില്ല കൊതുകൾ. പക്ഷെ ചില തന്ത്രപ്രധാനമായ ഏരിയകൾ കൊതുകൾ തൊട്ട് വണങ്ങി മുദ്ര പതിപ്പിച്ചിരുന്നു. അതിന്റെ അസ്കിത വോടിംഗ് തിരക്കിനിടയിൽ പാടെ മറന്നു പോയിരുന്നു.

വോട്ടിംഗ് കഴിഞ്ഞു രണ്ടു മണിക്കൂർ പേപ്പർ വർക്കും കഴിഞ്ഞ് ബസ്സിൽ തളർന്നിരിക്കുമ്പോൾ മിക്ക ഉദ്യഗസ്ഥരും പിറു പിറുക്കുന്നത് അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു .

സ്വയം മനസ്സിൽ പറഞ്ഞു...നാളത്തെ പത്രത്തിൽ വാർത്തകൾ കൊണ്ട് നിറയും....
മഴയത്തും കനത്ത പോളിംഗ്.
ഇനി വോട്ടിംഗ് യന്ത്രം കനത്ത സുരക്ഷയിൽ...അങ്ങനെ അങ്ങനെ.

പക്ഷെ ഞങ്ങളുടെ ബസ്സിൽ മരുന്നിന് പോലും ഒരു പോലീസ് ഉണ്ടായിരുന്നില്ല...ഞങ്ങളുടെ "പെട്ടികൾക്ക്" എന്ത് ഉറപ്പാണ്. എത്തേണ്ടേയിടത്ത് എത്തുമെന്ന്...?

അറിയില്ല...ഒരുപക്ഷെ എല്ലാം ഒരു വിശ്വാസം.

(നീണ്ട 36 മണിക്കൂറോളം പണിയെടുത്ത്...ഞെക്കി പിഴിഞ്ഞ് ചാറ് പോയ കുറെ ഉദ്യോഗസ്ഥർ, ബസ്സിലിരിക്കുമ്പോൾ അവരുടെ മനസ്സിൽ അടുത്ത ഒരു ടെൻഷൻ. ഇനി കളക്ഷൻ സെന്ററിൽ സാധനങ്ങൾ തിരികെ ഏൽപ്പിക്കേണ്ട രംഗം കൂടി ബാക്കി...പക്ഷെ ശരിക്കും എല്ലാവരും ഞെട്ടി പോയി.
കൃത്യമായി കവറുകൾ അടുക്കിവചിട്ടുള്ളവർക്ക് കേവലം 10 മിനിട്ടിനുള്ളിൽ എല്ലാം തിരികെ ഏൽപ്പിക്കുവാൻ സാധിച്ചു. അത് അനുമോദിക്കേണ്ടതും എടുത്തു പറയേണ്ടതും തന്നെ. ഈ താമസ സൗകര്യവും മറ്റും കൂടി ഒന്ന് നേരാംവണ്ണം ആക്കിയാൽ ആർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒരു ടെൻഷൻ ആയി തോന്നുവാനിടയില്ല. അല്ലെങ്കിൽ രണ്ടു ദിവസമായി രണ്ടു ബാച്ചുകൾ 'ഷിഫ്റ്റ്‌' അടിസ്ഥാനത്തിൽ ഡ്യൂട്ടി ആകാമായിരുന്നു....ആവോ...!)

ആരെങ്കിലും ഒന്ന് ഈ ഡ്യൂട്ടി ഷിഫ്റ്റ്‌ ഏർപ്പാട് ഒന്ന് ആലോചിക്കാമായിരുന്നു...ഓ !!
ഇനി അടുത്ത തിരഞ്ഞെടുപ്പിന് ചിന്തിച്ചാൽ പോരെ...?




No comments:

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...