22 Sept 2014

പഴമൊഴികളുടെ നാട്ടിൽ

നല്ല പരിചയമുള്ള കുടവണ്ടി...എങ്ങോ കണ്ട് മറന്ന പോലെ...! 
പെൻഷൻ പണം വാങ്ങാൻ ട്രെഷറിയിലേക്കുള്ള വഴി മദ്ധ്യേ ചുറ്റിതിരിയുന്ന ആളെ കണ്ട് നകുലൻ നില്പായി...( നില്പനടിയുടെ കാലചക്രം അവസാന വിനാഴിക കടക്കുന്നതിനു മുൻപുള്ള "നില്പനടിക്ക്" വേണ്ടി പണം എണ്ണിയെടുക്കുവാനായി ട്രെഷറിയിലേക്കുള്ള നടത്തമായിരുന്നു നകുലൻ)

പക്ഷെ, ആ കുടവണ്ടി യുടെ തലവഴി ഏതോ പരസ്യകമ്പനിയുടെ ഫ്ലെക്സിന്റെ കീറ കഷണം കൊണ്ട് മറച്ചിരിക്കുന്നത് കാരണം ആളെ മനസിലാകുന്നില്ല. ഒരു കാലിൽ മാത്രം  ചക്രവർത്തി-ചെരുപ്പ് അണിഞ്ഞ് നടക്കുന്നത് തെല്ല് അതിശയം തന്നെ. പാളകരയൻ ഡബിൾ മുണ്ട് മീൻ വല പോലെ തുളകൾ വീണു കിടക്കുന്നു...തോൾ വഴി താഴേക്കിട്ടിരിക്കുന്ന നേരിയത് കണ്ടിട്ട് ഏതോ ഉൾനാടൻ ചായക്കടയുടെ തേയില സഞ്ചിയെ ഓർമ്മിപ്പിക്കുന്നു.ധൃതിയിൽ നടന്നു നീങ്ങുന്ന ആളെ കണ്ടിട്ട് പെട്ടെന്ന് പിടികിട്ടിയിലെങ്കില്ലും ഒടുക്കം ആളെ ഏതാണ്ട് പിടികിട്ടിയ പോലെ. അടിമുടി വീക്ഷിച്ചപ്പോൾ മനസ്സിലായി.

യ്യോ...ഇത് നമ്മടെ മാവേലി അല്ലെ...ഇദ്ദേഹത്തിന് ഇതെന്തു പറ്റി...പ്രതാപത്തിൽ കഴിഞ്ഞ തിരുമേനിയുടെ 'തിരു' 'മേനി' ആകെ പിഴിഞ്ഞെടുത്ത പോലുണ്ടല്ലോ...ഇദ്ദേഹം ഇതേ വരെ ഇവിടുന്ന് തിരികെ പോയില്ലേ ? നകുലന്റെ മനസ്സിലേക്ക് ചോദ്യ ശരങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടേയിരുന്നു.

വളരെ വിനീതനായി ചോദിച്ച് : മാവേലി തമ്പ്രാൻ ഇതാദ്യമായിട്ടാണല്ലോ ഓണം കഴിഞ്ഞിട്ടും സ്വന്തം നാട്ടിൽ ? 

ചോദ്യം കേട്ട് മാവേലിയുടെ നടത്തത്തിന് പെട്ടന്ന് വേഗത കൂടി. നകുലൻ കൈ കൊട്ടി വിളിച്ചു..

തിരുമേനി ഒന്ന് നില്ക്കൂ...പ്ലീസ്. പോകരുതേ...ഒന്ന് പറഞ്ഞിട്ട് പോകൂ. ഒന്ന് നിക്കൂന്നെ. നകുലൻ പിന്നാലെ കൂടി.

എന്തടാ കോപ്പേ...നിനക്ക് എന്താടാ വേണ്ടത്. നീ ഒന്നും എന്നെ ജീവിക്കാൻ സമ്മതിക്കില്ലേ...? കള്ള പ****, തെ*****, നാ****** **നേ ?

നകുലന് മൂന്ന് ലാർജ് അടിച്ച എഫെക്റ്റായി പോയി,മാവേലിയുടെ നാവിൽ നിന്നും വീണത്‌ കേട്ടപ്പോൾ. 

അല്ലാ...തമ്പ്രാൻ, അങ്ങ് ഇങ്ങനെ ഒന്നും പറയാൻ പാടില്ല. അങ്ങയുടെ ഭരണ കാലം ആവോളം കേട്ടറിഞ്ഞ് പഠിച്ചു വളർന്നവരാണ് ഞങ്ങൾ. അങ്ങിൽ നിന്നും ഇങ്ങനെ ഒന്നും....നകുലന്റെ വാക്കുകൾ ഇടറി.

പിന്നെ കുന്തമാണ്...എടൊ...എന്റെ സ്വന്തം ദേശത്ത്, സ്വന്തമെന്ന് വിശ്വസിച്ച എന്റെ പ്രജകളെ കാണാൻ വന്ന എന്നെ പറയണം. നിലത്തിറങ്ങിയ അന്ന് എന്നെ തലസ്ഥാനത്തെ തെ***ൾ എല്ലാം കൂടി ചവിട്ടിയില്ല എന്നേ ഉള്ളൂ. എന്റെ ഓടിച്ച് വിട്ടു. വെള്ളപാച്ചിലിൽ കൂടി ഒലിച്ചു പോയ ചെരുപ്പ് എടുക്കാൻ കുനിഞ്ഞ എന്റെ "*****" (ബീപ്)അടിച്ചോണ്ട് പോയി. 

അത് കേട്ടപ്പോൾ നകുലൻ സ്വയം പറഞ്ഞത്... ശ്ശൊ ! "മണി" പന്ത്രണ്ട് ആയി...ട്രെഷറി നേരത്തെ പൂട്ടുമോ ആവോ ?

മാവേലിക്ക് കലി കയറി. കണ്ടില്ലേ...താൻ പോലും തന്റെ കാര്യമാണ് ഉടനെ ചിന്തിച്ചത്. നോം വെറുതെ മിണ്ടാൻ നിന്നൂവല്ലോ...!

സോറി മാവേലി...അങ്ങ് പറയൂ... ആരാണ് അങ്ങേയെ ഈ കോലത്തിലാക്കിയത് ?

ഒന്ന് പോടാപ്പാ...എന്റെ അവസ്ഥ കണ്ടിട്ട് നാളെ കഥയാക്കി നിനക്ക് ജീവിക്കാനല്ലേ ഈ വേവലാതി... ? മാവേലി പിറുപിറുത്തു കൊണ്ട് മുന്നോട്ട് നടന്നു.

നകുലന് വിഷമമായി. അടുത്ത് കണ്ട സർവ്വേ കല്ലിൽ അല്പം നേരമിരുന്നു. അപ്പോഴേക്കും മാവേലി തിരികേ നടന്നു വരുന്നത് കണ്ടു നകുലൻ എഴുന്നേറ്റു നിന്നു. മാവേലി ഇടത്തും വലത്തും എന്തോ പരതിയുള്ള വരവ്‌ പോലെ തോന്നി. 
തിരുമനസ്സേ അടിയന് വളരെ വിഷമമുണ്ട്. 'എന്റെ വാക്കുകൾ അങ്ങേ ചൊടിപ്പിച്ചെങ്കിൽ മാപ്പാക്കണം.'

നകുലന്റെ മാനസാന്തരം കണ്ട് മാവേലിയുടെ മനസ്സലിഞ്ഞു. (അല്ലേലും പണ്ടേ അങ്ങനെ തന്നെയല്ലേ...?)

അങ്ങ് എന്താണ് തിരയുന്നത്. എന്തെങ്കിലും നക്ഷ്ടപ്പെട്ടോ...വിലപിടിപ്പുള്ള എന്തെങ്കിലും ആണോ

നകുലാ...നോം ആകെ അസ്വസ്ഥനാണ്....വന്നിട്ട് ശ്ശി...ആയിരിക്കണ്. തനിക്കറിയുവോ...നോം സ്വപ്നത്തിൽ പോലും ഇങ്ങനെ നിരീച്ചില്ല. വന്ന അന്ന് മുതല്ക്കേ പലതരം 'പണികൾ' കിട്ടി. വഴിയെ പോകുന്ന എല്ലാരും കുതിര കയറിയും തെറി വിളിച്ചുമാണ് നമ്മളെ എതിരേറ്റത്...ഒടുക്കം ഈ നാട്ടുകാരിൽ ഒരുവനായി നാമും...വിഷമം സഹിക്ക വയ്യാതെ, അനന്തപുരിയിൽ നിന്നും രാത്രി ആരും കാണാതെ യാത്ര തിരിച്ച നോം ഒന്ന് അലറി വിളിക്കും മുൻപേ ഒരു പറ്റം തെരുവ് നായ്ക്കൾ കടിച്ചു കുടഞ്ഞു...അതാണ്‌ ഉടു മുണ്ട് മീൻ വല പോലെ.... എങ്ങനെയൊക്കേയോ കൊച്ചിയിലേക്ക് എത്തി"പ്പെട്ടു" പോയി.

തിരികെ പോകാനായി പാതാളത്തിലേക്കുള്ള 'വഴി' അന്വേഷിക്കലാണ് അന്ന് മുതൽക്ക്‌ ഇന്ന് വരെ.

നോം വന്ന വഴി തെ****കൾ "കള്ളടിച്ച്" പൂസായി അടച്ച് കളഞ്ഞു. സമീപകാലത്ത് ഉണ്ടായ ഒരു വിളമ്പരമാണ് നമ്മുടെ യാത്ര മുടക്കിയത്. 'മധ്യത്തിന്റെ' അവസാന ദിനത്തിന് തൊട്ട് മുന്നിലത്തെ ദിനം 'ഫുള്ളും, ഹാഫും, പൈന്റും...എല്ലാം നിസാര വിലയ്ക്ക് വിറ്റ് തീർത്തപ്പോൾ നമ്മുടെ പ്രജകൾ നന്നായി ആനന്ദ ലഹരിയിൽ അഴിഞ്ഞാടി...ദേശ സ്നേഹം ഉൾവിളിയായി. പൊതു നിരത്തിലെ കുഴികൾ അടച്ച കൂട്ടത്തിൽ നമ്മുടെ "റൂട്ടും" അടച്ചു ടാറിട്ട്...

നോം പാതിവഴിയെ....പെരുവഴിയിൽ.

ഹോ...സംഗതി എനിക്കിഷ്ടപ്പെട്ടു...അങ്ങ് ഇവിടുള്ള കാലം വീണ്ടും നമ്മുടെ കൊച്ചു കേരളം ഒന്ന് നേരെയാക്കു...കേട്ട് പതിഞ്ഞ ആ വരികൾ വീണ്ടും യാഥാർഥ്യമാകട്ടെ...നകുലൻ മാവേലിയോട് പറഞ്ഞു.

"മാവേലി നാടു വാണീടും കാലം, മാനുഷർ എല്ലാം ഒന്നും പോലെ...
കള്ളോമില്ല ചതിവുമില്ല...എള്ളോളമില്ല പൊളിവചനം..." 

(അന്നും "കള്ളി"ല്ല...ഇനി അങ്ങോട്ടും "കള്ളി"ല്ല...)

പക്ഷെ നകുലന് നില്പനടിയുടെ സമയപരിമിധി മൂലം ട്രെഷറിയിലേക്കു നടന്ന് നീങ്ങി. പാവം മാവേലി...വീണ്ടും തനിച്ചായി.



- നകുലൻ 

2 comments:

ajith said...

കുഴികള്‍ അടയ്ക്കുന്നതില്‍ ഇങ്ങനെയും ചില ദോഷങ്ങളുണ്ടാവും അല്ലേ. എന്തായാലും മാവേലി ഇപ്പോ പാതാളത്തിലെത്തീട്ടുണ്ടാവും. എവെടേങ്കിലും ഒരു കുഴി കാണാണ്ടിരിക്ക്വോ കേരളത്തിലെ റോഡുകളില്‍!

jos said...

മറ്റൊരു ഓണക്കാലത്തിനായി
വീണ്ടും നമ്മുടെ മാവേലി വന്നു ചേരട്ടെ...!

"cocktail journey"

  ഒരു "cocktail journey" ആൾ ഇറങ്ങണം....!! ഉച്ചത്തിൽ ആരോ വിളിച്ച് കൂവുന്നത് കേട്ട അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉറക്ക...